ഡോ. ബി. ആർ. അംബേദ്കർ

ഹിംസക്കെതിരെ ‘ഭീമിന്റെ വഴി’

ഒരു ഹിംസയും വ്യക്തി പ്രശ്‌നമല്ല. അത് സമൂഹത്തിലെ അധികാര അസമത്വത്തിൽനിന്നുണ്ടാവുന്നതാണ്. അതിനെ രാഷ്ട്രീയമായും നൈതികമായും നേരിടേണ്ടതാണ്. സമൂഹത്തിലുള്ള ദൈനംദിന ഹിംസയെ അഭിമുഖീകരിക്കാനുള്ള ഏക വഴി അംബേദ്കർ അഥവാ ‘ഭീമിന്റെ വഴി' ആണെന്ന വാദം മുന്നോട്ടുവക്കുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളുടെ വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് മലയാളികൾ കേരള സമൂഹത്തിലുള്ള ഹിംസയെ കുറിച്ച ചർച്ച ചെയ്യാറ്​. എന്നാൽ ഈ ചർച്ചകളിലെല്ലാം, കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ അപലപിക്കുമ്പോൾ പോലും, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയോ ആഫ്രിക്കൻ രാജ്യങ്ങളെയോ അപേക്ഷിച്ചുനോക്കിയാൽ കേരളത്തിൽ ഹിംസയേയില്ല എന്നും, ഈ അക്രമങ്ങൾ അസാധാരണ സംഭവങ്ങൾ മാത്രമാണെന്നും ഒക്കെയുള്ള പതിവുവാദങ്ങൾ ഉപയോഗിച്ച് നമ്മൾ നമ്മളെ തന്നെ സമാധാനിപ്പിക്കാറുണ്ട്.

ഇന്ന് ഹിംസയെ അഭിമുഖീകരിക്കാൻ നമ്മുടെ സമൂഹത്തിൽ നിലവിലുള്ള നിയമവ്യവസ്ഥകളല്ലാതെ, വിശാലമായ രാഷ്ട്രീയ- ധാർമിക അടിസ്ഥാനങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് യാഥാർഥ്യം.

എന്നാൽ, ഹിംസയെ കുറിച്ച്​ ആഴത്തിൽ ഗവേഷണം ചെയ്യുന്നവരെല്ലാവരും ഇന്ന് സൂചിപ്പിക്കുന്നത് ആധൂനിക ലോകത്തിൽ ഹിംസ പ്രത്യക്ഷപ്പെടുന്ന വേദികളിലും രൂപങ്ങളിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതാണ്. അതായത് ഇന്ന് ഹിംസ പ്രകടമാവുന്നത് ചരിത്രത്തിലെ മുൻകാലഘട്ടങ്ങളിലെ പോലെ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിലൂടെയോ വലിയ കലാപങ്ങളിലൂടെയോ ആയിരിക്കണമെന്നില്ല; മറിച്ച് നമ്മുടെ നിത്യജീവിത രീതിക്രമങ്ങളിലും വ്യവസ്ഥകളിലുമൊക്കെ ഇഴുകിച്ചേർന്നിരിക്കുന്ന ‘ദൈനംദിന ഹിംസ' ആയിരിക്കുമെന്നാണ് വാദം. അതിനാൽ തന്നെ കേരള സമൂഹത്തിലുള്ള ഹിംസയെ കാണുവാൻ തെരുവുകളിൽ നടക്കുന്ന കലാപങ്ങളിൽ മാത്രമല്ല, നമ്മുടെ വ്യക്തിബന്ധങ്ങളിലും വീടുകളിലും അയൽപക്കങ്ങളിലും വിദ്യാലയങ്ങളിലും സമ്പദ്ഘടനയിലും, ജാതി- മത വ്യവസ്ഥകളിലും, പാർട്ടി രാഷ്ട്രീയത്തിലും, ഭരണകൂട- നീതിന്യായ സ്ഥാപനങ്ങളിലും ആഗോളവത്കരണ പ്രക്രിയലിലുമൊക്കെയുള്ള ദൈനംദിന പ്രവർത്തനങ്ങളിലും നോക്കിയാൽ കാണും.

നമ്മൾ എന്തിനെയാണ് ഹിംസയായി കണക്കാക്കുന്നത് എന്നതിന്റെ വിശകലനം ചില ‘അസാധാരണമായ' സംഭവങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതുകൊണ്ട് കേരള സമൂഹത്തിൽ ഹിംസയെ ഒരു സാമൂഹിക നൈതിക പ്രശ്‌നമായി ഒരിക്കലും ചർച്ച ചെയ്യാറില്ല. അദൃശ്യമായും, ചെറിയ തോതിലും ദൈനംദിന പ്രക്രിയകളിലും ചുരുളഴിയുന്ന ഹിംസയെ നമ്മൾ ‘കുറ്റകൃത്യം', ‘കൊലപാതകം' എന്നൊക്കെയുള്ള പൊലീസ് ഭാഷ്യത്തിൽ ഒതുക്കും. അതായത് നീതിവിഷയകമായ ഒരു പ്രശ്‌നത്തെ നമ്മൾ പൊലീസ്- കോടതി കേസുകളായി മാത്രം ചുരുക്കും. ഇന്ന് ഹിംസയെ അഭിമുഖീകരിക്കാൻ നമ്മുടെ സമൂഹത്തിൽ നിലവിലുള്ള നിയമവ്യവസ്ഥകളല്ലാതെ, വിശാലമായ രാഷ്ട്രീയ- ധാർമിക അടിസ്ഥാനങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് യാഥാർഥ്യം. വലിയ കലാപങ്ങൾ ആസൂത്രണം ചെയ്യുന്ന വ്യക്തികളെ പിന്നീട് തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതും ഈ ഒരു ധാർമിക പാപ്പരത്തം കാരണമാണ്.

ഹിംസയെ കുറിച്ച്​ ആഴത്തിൽ ഗവേഷണം ചെയ്യുന്നവരെല്ലാവരും സൂചിപ്പിക്കുന്നത് ആധൂനിക ലോകത്തിൽ ഹിംസ പ്രത്യക്ഷപ്പെടുന്ന വേദികളിലും രൂപങ്ങളിലും വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നതാണ്.

ഹിംസയെ ആധാരമാക്കിയുള്ള സാമൂഹിക- സാമ്പത്തിക വ്യവസ്ഥകളിലാണ് നമ്മൾ എല്ലാവരും സ്ഥിതി ചെയ്യുന്നത്- ജാതി, പുരുഷമേധാവിത്വം, മുതലാളിത്തം, ഭൂരിപക്ഷ രാഷ്ട്രീയം എന്നീ എല്ലാ വ്യവസ്ഥകളും മനുഷ്യരെ പല ശ്രേണികളിൽ പ്രതിഷ്ഠിക്കുന്നവയാണ്. ഒരു വ്യക്തിക്ക് എത്ര അധികാരമുണ്ടെന്നും, വിഭവങ്ങൾക്കുമേൽ എത്ര നിയന്ത്രണമുണ്ടെന്നും ഒക്കെ ഈ ശ്രേണിയിൽ അവർ മുകളിലോ താഴെയോ എന്നതിനെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. ഒരു സാമൂഹിക വ്യവസ്ഥയിൽ അതിനാൽ തന്നെ കുറച്ചു പേർക്ക് മറ്റുള്ളവരെ അപേക്ഷിച്ച്​ കൂടുതൽ സാമ്പത്തിക- സാമൂഹിക അധികാരം ഉണ്ടാകുമെന്നത് യാഥാർഥ്യമാണ്. ഈ വ്യവസ്ഥ അങ്ങനെ തന്നെ നിലനിർത്തുവാൻ പ്രബലായവർ മറ്റുള്ളവർക്കുമേൽ ഹിംസ ഉപയോഗിക്കും. അവരിൽ ഭയം സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശ്യം. പ്രതികരിക്കുന്നവരെ ഹിംസിക്കുന്നതും ഈ വ്യവസ്ഥകളെ അതേപോലെ നിലനിർത്താനാണ്​. ഈ ഹിംസ എപ്പോഴും അസാധാരണമായ തോതിലുള്ള ശാരീരിക ഹിംസയുടെ രൂപമെടുക്കണം എന്നില്ല. അധികാര ശ്രേണികളിൽ കീഴാളന്മാരായി നിയോഗിക്കപ്പെട്ട മനുഷ്യരും സമുദായങ്ങളും എന്ത് കഴിക്കണം, എന്തുടുക്കണം, ആരെ വിവാഹം കഴിക്കണം, എവിടെ ഇരിക്കണം, എന്ത് ജോലി ചെയ്യണം, എവിടെ താമസിക്കണം എന്നൊക്കെയുള്ള വളരെ ‘സാധാരണം' എന്ന് നമ്മൾ കരുതുന്ന വിഷയങ്ങളിലൂടെയാണ് ഈ ഹിംസ നടപ്പിലാക്കുന്നത്.

അധികാരത്തിന്റെയും, അധ്വാനത്തിന്റെയും, വിഭവങ്ങളുടെയും വിതരണത്തിലുള്ള അസമത്വങ്ങളാണ് മലയാളി കുടുംബങ്ങളിൽ സമാധാനത്തിന്റെ അടിത്തറയായി നിൽക്കുന്നത് എന്നുറച്ചു വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ആളുകൾ.

മാധ്യമ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അസാധരണ സംഭവങ്ങളിൽ നിന്ന്​വ്യത്യസ്തമായി, നമ്മുടെയൊക്കെ ദൈനംദിന ജീവിത ക്രമീകരണങ്ങൾ എങ്ങനെയൊക്കെയാണ് ഹിംസയുടെ അരങ്ങ് ആവുന്നതെന്ന് സൂചിപ്പിക്കുന്ന ചില ഉദാഹരണങ്ങൾ നൽകുകയും, പിന്നീട് സമൂഹത്തിലുള്ള ദൈനംദിന ഹിംസയെ അഭിമുഖീകരിക്കാനുള്ള ഏക വഴി അംബേദ്കർ അഥവാ ‘ഭീമിന്റെ വഴി' ആണെന്നും വാദിക്കുവാനാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

കുടുംബങ്ങൾക്കുള്ളിലെ ഹിംസ

ഇന്നും കേരള സമൂഹത്തിൽ കുടുംബങ്ങൾ എന്നാൽ സമാധാനവും സ്‌നേഹവും മാത്രം അടങ്ങുന്ന ഒരു ഇടമായിട്ടാണ് കാണുന്നത്. മലയാളി കുടുംബങ്ങളിൽ സ്‌ത്രൈണതയുടെയും ആണത്തത്തിന്റെയും വ്യവസ്ഥാപിത സങ്കൽപ്പങ്ങൾ വളരെ ആഴത്തിലാണ് വേരുപിടിച്ചിരിക്കുന്നത്. ഈ സങ്കൽപ്പങ്ങൾ പുരുഷമേധാവിത്വ വ്യവസ്ഥകളുടെ നിർമിതിയായതിനാൽതന്നെ ഇത് ആണുങ്ങളുടെ മേലാളത്തം സംരക്ഷിക്കുന്ന ഒന്നാണ്. അധികാരത്തിന്റെയും, അധ്വാനത്തിന്റെയും, വിഭവങ്ങളുടെയും വിതരണത്തിലുള്ള അസമത്വങ്ങളാണ് മലയാളി കുടുംബങ്ങളിൽ സമാധാനത്തിന്റെ അടിത്തറയായി നിൽക്കുന്നത് എന്നുറച്ചു വിശ്വസിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ആളുകൾ. ഈ അസമത്വങ്ങളിലൂടെയാണ് ഹിംസ ഏറ്റവും അദൃശ്യമായി പ്രവർത്തിക്കുന്നത്. എന്നാൽ ഈ അസമത്വങ്ങൾക്കെതിരെ ഒരൽപം പോലും ശബ്ദം ഉയർത്തുകയോ, വ്യവസ്ഥാപിത സ്‌ത്രൈണതാ സങ്കല്പങ്ങളിൽനിന്ന്​ വ്യതിചലിക്കുകയോ ചെയ്യുന്ന സ്ത്രീകൾക്ക് കുടുംബത്തിൽ നേരിടേണ്ടി വരുന്ന ഹിംസയുടെ തോതും തീവ്രതയും വളരെ വലുതാണ്.

അനുപമ

സ്വന്തം ശരീരത്തിന്മേലും ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾക്കുമേൽ സ്വയംഭരണാധികാരം അവകാശപ്പെടുന്ന സ്ത്രീകളെ കുടുംബങ്ങൾക്ക് പേടിയാണ്. കാരണം, സ്ത്രീകൾ ഈ ചൂഷണഘടനയിൽ നിന്ന് പുറത്തുകടക്കാൻ തീരുമാനിച്ചാൽ എല്ലാത്തരം സാമൂഹിക ഘടനകളും തകരും. ഇതിന് ഏറ്റവും ഉചിതമായ ഉദാഹരണമാണ് അനുപമയുടെ പോരാട്ടം. പ്രായപൂർത്തിയായ അനുപമ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത പങ്കാളിയെ (ഒരു ദലിത് പുരുഷൻ) അവരുടെ കുടുംബത്തിന് അംഗീകരിക്കാൻ കഴിയില്ല എന്ന ഏക കാരണത്താൽ ഗർഭിണിയായ അവരെ വീട്ടുതടങ്കലിലിടുകയും, അവരുടെ പിഞ്ചു കുഞ്ഞിനെ ബലമായി അനുപമയുടെ പിതാവ് തന്നെ തട്ടിക്കൊണ്ടു പോകുകയും, ആ വ്യക്തി ഒരു സി.പി.എം പ്രാദേശിക നേതാവാണെന്ന പദവി ഉപയോഗിച്ച്​ ഭരണകൂട സ്ഥാപനങ്ങളുടെ സഹായത്താൽ കുഞ്ഞിനെ ദത്തെടുക്കാൻ കൊടുക്കുകയും ചെയ്​ത സംഭവം കുടുംബങ്ങൾക്ക്​ സ്ത്രീകൾക്കുമേൽ നടത്താനാവുന്ന ഹിംസയുടെ തീവ്രത ഓർമപ്പെടുത്തുന്നു. ഇങ്ങനെയുള്ള ഗാർഹിക ഹിംസ നേരിടേണ്ടി വന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ വളരെ വലുതാണെന്ന് വർധിച്ചു വരുന്ന ഗാർഹീക പീഡന കേസുകളുടെ എണ്ണം നോക്കിയാൽ മനസിലാകും. എന്നാൽ പൊലീസിൽ കേസ് പോലും കൊടുക്കാൻ കഴിയാത്ത എത്രയെത്ര സ്ത്രീകളുണ്ടാകും എന്നതും ഒരു വിഷയമാണ്. സാമൂഹിക- സാമ്പത്തിക- വൈകാരിക വിഭവങ്ങൾക്കുമേൽ നിയന്ത്രണമില്ലാത്ത സ്ത്രീകൾക്ക് ഹിംസാത്മകമായ കുടുംബങ്ങളിൽ നിന്ന്​പുറത്തിറങ്ങാനുള്ള ഒരു വഴിയും (exit options) ഇല്ല എന്നിരിക്കെ, ഈ പീഡനങ്ങൾ സഹിക്കുക എന്നതുമാത്രമാണ് അവർക്കുമുന്നിൽ ആകെയുള്ള വഴി.

സ്വന്തം ശരീരത്തിന്മേലും ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങൾക്കുമേൽ സ്വയംഭരണാധികാരം അവകാശപ്പെടുന്ന സ്ത്രീകളെ കുടുംബങ്ങൾക്ക് പേടിയാണ്.

പലപ്പോഴും അനുപമയുടെ അനുഭവത്തിൽ കണ്ട പോലെ തന്നെ ഭരണകൂട സ്ഥാപനങ്ങളും സമൂഹവുമൊക്കെ കുടുംബത്തിന്റെ കൂടെയാണ് നിൽക്കാറ്​. സ്വന്തം മകളെ ഹിംസിക്കുന്നതിനെ അച്ഛന്റെ സ്‌നേഹം എന്നൊക്കെ പറഞ്ഞു ന്യായീകരിക്കുമ്പോൾ സമൂഹത്തിൽ ഹിംസക്ക് ലഭിക്കുന്ന അംഗീകാരമാണ് വ്യക്തമാകുന്നത്. ഈ ഹിംസ ഏറ്റവും തീവ്രമായ ഒരു തോതിൽ എത്തുമ്പോൾ, അതായത് കുടുംബങ്ങൾ അവരെ കൊല്ലുകയോ മറ്റോ ചെയ്താൽ മാത്രമാണ് ‘അസാധാരണ സംഭവങ്ങളായി' മാധ്യമങ്ങൾ ചർച്ച ചെയ്യുകയും പിന്നീട് പൊലീസ് അന്വേഷണങ്ങളുമൊക്കെ ഉണ്ടാകുക. കുടുംബങ്ങളിലെ ഹിംസയെ വ്യക്തിപരമായ പ്രശ്‌നമാണെന്ന് പറയുന്നതും പുരുഷമേധാവിത്വ വ്യവസ്ഥയെ അലട്ടാതിരിക്കാൻ വേണ്ടി മാത്രമാണ്. 1960 കളിലെ ഫെമിനിസ്റ്റ് സ്ലോഗൻ ‘പേർസണൽ ഈസ് പൊളിറ്റിക്കൽ' നമ്മൾ ഓർക്കേണ്ടത് ആവശ്യമാണ്. ഒരു ഹിംസയും വ്യക്തി പ്രശ്‌നമല്ല. അത് സമൂഹത്തിലെ അധികാര അസമത്വത്തിൽനിന്നുണ്ടാവുന്നതാണ്. അതിനെ രാഷ്ട്രീയമായും നൈതികമായും നേരിടേണ്ടതാണ്.

സമുദായങ്ങൾക്കിടയിലെ ഹിംസ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉണ്ടാവുന്ന പോലെ കേരളത്തിൽ വലിയ തോതിൽ മതപരമോ ജാതിപരമോ ആയ വലിയ കലാപങ്ങൾ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്. 1990കളിൽ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ ഹിന്ദു- മുസ്​ലിം കലാപങ്ങൾ ഉണ്ടായപ്പോഴും കേരളത്തിൽ അത്തരം കലാപങ്ങൾ ഉണ്ടാകാത്തതിന്റെ കാരണം, ഇവിടെ ഹിംസ വളരാതിരിക്കും വിധം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംഘടിത പൗരബോധത്തിൽ പങ്കുചേർന്ന് നിർമിക്കുന്ന ‘സ്ഥാപനവത്കൃത സമാധാന സംവിധാനങ്ങളാണ്' എന്ന് അശുതോഷ് വാർഷനെ ‘Ethnic Conflict and Civic Life: Hindus and Muslims in India' എന്ന പുസ്​തകത്തിൽ വിശദീകരിക്കുന്നു.

എന്നാൽ ഈ സ്ഥാപിത സമാധാന വ്യവസ്ഥകളെ പൊളിക്കും വിധമുള്ള പ്രഹരങ്ങളാണ് ഇന്നിവിടെ ഹിന്ദുത്വവാദികൾ ഏൽപ്പിക്കുന്നത്. ഹിന്ദുക്കളും മുസ്​ലിംകളും തമ്മിൽ ആയിരത്തോളം വർഷങ്ങളായി പങ്കെടുന്ന ദൈനംദിന സാമ്പത്തിക- സാമൂഹിക ബന്ധങ്ങളെയാണ് അവർ ഉന്നം വെച്ചിരിക്കുന്നത്. പ്രായപൂർത്തിയായ ഹിന്ദു സ്ത്രീകൾ മുസ്​ലിം പുരുഷന്മാരെ പങ്കാളികളായി തിരഞ്ഞെടുക്കുന്ന വളരെ മൗലികമായ വ്യക്തി സ്വാതന്ത്ര്യത്തെ ‘ലവ് ജിഹാദ്' എന്ന അപകടകരമായ ഒരു ആശയത്തിലേക്ക് പുനർവ്യാഖ്യാനിക്കുകയും ഇത് ഹിംസക്കുള്ള ആഹ്വാനമായി ഹിന്ദുത്വവാദികൾ കരുതുകയും ചെയ്യുന്നത് ഇന്ത്യയിലാദ്യമായി കേരളത്തിലാണെന്നുള്ളത് ഓർക്കണം. അതുപോലെ ഹലാൽ ഭക്ഷണം വിൽക്കുന്ന ഹോട്ടലുകൾക്കെതിരെ വിലകുറഞ്ഞ വെറുപ്പിന്റെ ഹിന്ദുത്വ തന്ത്രങ്ങൾ നടപ്പിലാക്കുന്നതും ഈ ഹിംസയുടെ ഭാഗമായിട്ടാണ്.
ഇങ്ങനെയൊക്കെയാണ് അശുതോഷ് വാർഷനെ പരാമർശിക്കുന്ന കേരളത്തിലെ ‘സ്ഥാപനവത്കൃത സമാധാന സംവിധാനങ്ങളെ' ഹിന്ദുത്വവാദികൾ നശിപ്പിക്കാൻ ശ്രമിക്കുന്നത്.

ഭൂമിക്കുവേണ്ടിയും, ഉപജീവത്തിനുവേണ്ടിയും, ആത്മാഭിമാനത്തിനു വേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ട ജനത പോരാട്ടങ്ങളെയാണ് ക്രമസമാധാന പ്രശ്‌നങ്ങളായി ഭരണകൂടവും വരേണ്യ മധ്യവർഗ കുടുംബങ്ങളും കാണുന്നത്.

ഭരണകൂടത്തിന്റെ സംഘടിത ഹിംസ

പൊലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങളും, പൊലീസ് കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങളുടെ വാർത്തകളും വരുമ്പോൾ മാത്രമാണ് ഭരണകൂട സ്ഥാപനങ്ങൾ നടത്തുന്ന ഹിംസ ദൃശ്യമാവുന്നത്. എന്നാൽ വേറെയും പല സങ്കീർണമായ രീതികളിൽ ഭരണകൂട സ്ഥാപനങ്ങൾ ഹിംസകർ ആവാറുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ മൂന്ന് വർഷങ്ങളായി കേരളം സാക്ഷ്യം വഹിച്ച പ്രളയങ്ങളുടെയും ഉരുൾപൊട്ടലകളുടെയും ആഘാതത്തിൽനിന്ന്​ ജീവിതങ്ങളും ഉപജീവനമാർഗങ്ങളും മുഴുവൻ നഷ്ടപ്പെട്ട ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള പിന്തുണ നൽകുന്നതിനു പകരം വൻകിട റെയിൽ- റോഡ്- പോർട്ട് പദ്ധതികൾക്കുവേണ്ടി അവരെ അവരുടെ ഭൂമിയിൽ നിന്ന്​ ഒഴിക്കാനുള്ള പദ്ധതികൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നത്.

വയനാട്ടിലെ കാപ്പിക്കളത്തിനുസമീപം വനത്തിൽ തണ്ടർബോൾട്ട്​ വെടിവെച്ചുകൊന്ന തമിഴ്​നാട്​ സ്വദേശിയായ മാവോയിസ്​റ്റ്​ പ്രവർത്തകൻ വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ കൊണ്ടുവന്നപ്പോൾ അമ്മ കണ്ണമ്മാൾ പൊട്ടിക്കരയുന്നു / Photo: Shafeeq Thamarassery

ദരിദ്രരായ ആദിവാസി, ദലിത്, മൽസ്യത്തൊഴിലാളികൾ പോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അദൃശ്യവത്കരിച്ചുകൊണ്ടുള്ള ഈ പദ്ധതികൾ നടപ്പിലാക്കുന്നത് ഹിംസയായി നമ്മുടെ സമൂഹം കാണില്ല. മറിച്ച് സ്വന്തം ഭൂമിക്കുവേണ്ടിയും, ഉപജീവത്തിനുവേണ്ടിയും, ആത്മാഭിമാനത്തിനു വേണ്ടിയും പാർശ്വവൽക്കരിക്കപ്പെട്ട ജനത നടത്തുന്ന മുത്തങ്ങയിലെയോ ചെങ്ങറയിലെയോ പോലുള്ള പോരാട്ടങ്ങളെയാണ് ക്രമസമാധാന പ്രശ്‌നങ്ങളായി ഭരണകൂടവും മുഖ്യധാരാ വരേണ്യ മധ്യവർഗ കുടുംബങ്ങളും കാണുന്നത്.

ഇനി എന്താണ്​ വഴി?

ഹിംസയെ കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും ഉയർന്നു വരുന്ന ഒരു ചോദ്യം ‘ഹിംസ ഇല്ലാത്ത സമൂഹം എന്നാൽ സംഘർഷങ്ങളൊന്നുമില്ലാത്ത ഒരു സമൂഹം ആണോ?' എന്നാണ്. ഹിംസ ഇല്ലാതാവുക എന്നാൽ വെള്ളരിപ്രാവുകൾ മാത്രം പറക്കുന്ന ഒരു ശാന്ത സുന്ദര ലോകം എന്നതല്ല. ഹിംസ ഇല്ലാതാവുക എന്നാൽ ജനാധിപത്യം വളരുക എന്നതാണ്. സംഘർഷങ്ങളില്ലാത്തൊരു ലോകം ഉണ്ടാകുകയില്ല. വ്യക്തികൾ തമ്മിലും, സമുദായങ്ങൾ തമ്മിലും, രാഷ്ട്രങ്ങൾ തമ്മിലും ഒക്കെ ഇനിയും സംഘർഷങ്ങളുണ്ടാകും. എന്നാൽ അപ്പോൾ സ്വീകരിക്കുന്ന വഴിയാണ് പ്രധാനം.

ഇന്ന് നമ്മൾ ജീവിക്കുന്ന ലോകത്തിൽ പീഡകൻ- പീഡിതൻ എന്ന വിഭാഗങ്ങളിലേക്ക് ഒരു വ്യക്തിയെയോ, സമൂഹത്തെയോ ഒന്നും വൃത്തിയായി അടുക്കിവെക്കാൻ സാധിക്കില്ല. നമ്മളെല്ലാവരും സാഹചര്യമനുസരിച്ച്​പ്രവർത്തിക്കുന്നവരാണ്. ഒരു സാഹചര്യത്തിൽ, മറ്റൊരാളെ പീഡിപ്പിക്കുന്നയാൾ മറ്റൊരു സാഹചര്യത്തിൽ പീഡിപ്പിക്കപ്പെടുന്നയാളായി മാറാം. ഉദാഹരണത്തിന്​, തുച്ഛമായ ശമ്പളത്തിന് യാതൊരു തൊഴിൽ നിയമങ്ങളും പാലിക്കാത്ത വൻകിട കമ്പനികൾക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു വ്യക്തി യഥാർത്ഥത്തിൽ മുതലാളിത്ത ഹിംസയുടെ ഇരയാണ്. എന്നാൽ ഇതേ വ്യക്തി സ്വന്തം വീട്ടിലുള്ളവരെ മാനസികമായോ ശാരീരികമായോ പീഡിപ്പിച്ചാൽ അയാൾ പീഡകനായി മാറുന്നു. അതിനാൽ, ഹിംസിക്കുന്നവരെ അക്രമാസക്തരായ വ്യക്തിത്വങ്ങളായി കാണുന്നതിനുപകരം ഇത് നമ്മുടെ സമൂഹത്തിന്റെ അടിവേരുകളിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്ന ഒരു ധാർമിക- രാഷ്ട്രീയ പ്രശ്‌നമായി വേണം കാണാൻ എന്ന് തോന്നുന്നു. ഇവിടെയാണ് ‘ഭീമിന്റെ വഴി' പ്രസക്തമാവുന്നത്.

എത്ര വലിയ സംഘർഷങ്ങളുണ്ടായാലും, അംബേദ്കർ തന്റെ ‘The Buddha and his Dhamma' എന്ന കൃതിയിൽ മൈത്രി എന്നൊരു ആശയത്തെ കുറിച്ച്​ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിർവചനത്തിൽ മൈത്രി എന്ന ആശയം സൗഹാർദ്ദം, സാഹോദര്യം എന്നിവ പോലെ, അമിത ഉപയോഗത്താൽ ആഴത്തിലുള്ള അർത്ഥം നഷ്​ടമായ വാക്കുകളെ പോലെയുള്ള ഒന്നല്ല. അംബേദ്കറിന്റെ മൈത്രി എന്നാൽ, നമ്മൾ ശത്രുക്കൾ ഉൾപ്പടെയുള്ള സർവ്വചരാചരങ്ങളോടും കാണിക്കുന്ന ബഹുമാനമാണ്. ഇതുതന്നെയാണ് ജനാധിപത്യത്തിന്റെ നൈതികതയും. ശത്രുക്കളോട്​ നമ്മൾ യോജിക്കേണ്ടതില്ല, അവരുടെ മുമ്പിൽ തോറ്റുകൊടുക്കേണ്ടതില്ല, അവരെ വിമർശിക്കാതെ പീഡനങ്ങൾ സഹിക്കേണ്ടതില്ല, ത്യാഗങ്ങൾ ചെയ്യുകയും വേണ്ട; മറിച്ച് ശത്രുക്കളോടുപോലും വിശ്വാസവും അനുകമ്പയും (adoration) ഉണ്ടാകണമെന്നാണ് അംബേദ്കർ നമ്മളോട് ആവശ്യപ്പെടുന്നത്.
ഈ വിശ്വാസവും അനുകമ്പയും മനുഷ്യരെ ശ്രേണികളായി വേർതിരിക്കുന്ന
ജാതി- മത വ്യവസ്ഥകളിൽനിന്ന്​ വരില്ല എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നതിനാൽ, അംബേദ്കർ നമ്മളോട് ഭരണഘടനാപരമായ ധാർമികതയിൽ വിശ്വാസമർപ്പിക്കാൻ നിർദ്ദേശിക്കുന്നു.

ശത്രുക്കളോടുപോലും മൈത്രി കാണിക്കുകയും ഭരണഘടനാ സംവിധാനത്തിൽ വിശ്വസിക്കുകയും ചെയ്താൽ മാത്രമേ ഹിംസയെ സമൂഹത്തിന്റെ ഹൃദയഭാഗത്തിൽനിന്ന്​ അരികിലേക്ക് മാറ്റാൻ സാധിക്കൂ.
​ഇതാണ് ഭീമിന്റെ വഴി.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അനാമിക അജയ്

തിരുവനന്തപുരം സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റഡീസിൽ ഗവേഷക.

Comments