സംഘ്​പരിവാറിനെ തിരിച്ചറിയുന്നതിൽ പിഴച്ചുപോയ ഇടതുപക്ഷം

സംഘപരിവാര്‍ കേവലം മണ്ടന്മാരുടെ സംഘടനയാണെന്ന പൊതുബോധത്തില്‍ ഇടതുപക്ഷവും ചേര്‍ന്നുപോയതാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഒരു കാരണം. ഈ ഒരു ആഖ്യാനം ഉപയോഗിച്ച്​ പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുതന്നെയാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പല നിയമങ്ങളും പ്രാബല്യത്തില്‍കൊണ്ടുവന്നതും, അപകടകരമായ നയങ്ങള്‍ പ്രഖ്യാപിച്ചതും.

രു പക്ഷെ ഇന്ത്യന്‍ ഇടതുചിന്തകരും, കമ്യൂണിസ്റ്റ് പാര്‍ട്ടികളും വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തതും, എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തിയേറുന്നതുമായ ഒരു പ്രായോഗിക ആശയമാണ് ഗ്രാംഷിയന്‍ ചിന്തകള്‍. ഗ്രാംഷിയുടെ ചിന്തകളെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും കാലാകാലങ്ങളായി അവഗണിച്ചതിന്റെ അനന്തര ഫലമാണ് ഇന്ന് ഇന്ത്യയില്‍ ശക്തിപ്പെടുന്ന ഫാഷിസം എന്ന് കണക്കാക്കാം.

ഗ്രാംഷി തന്റെ ജയില്‍വാസകാലത്ത് എഴുതിയ പ്രിസണ്‍ നോട്ട്ബുക് എന്ന പുസ്തകത്തില്‍ സാമ്രാജ്യത്വലോകത്ത് എങ്ങനെയാണ് മുതലാളിത്തവര്‍ഗം തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നത് എന്ന് വിശദമാക്കുന്നുണ്ട്. സാംസ്‌കാരിക മേല്‍ക്കോയ്മ അഥവാ 'Cultural Hegemony' എന്നാണ് ഗ്രാംഷി അതിനെ വിശേഷിപ്പിച്ചത്.

അന്റോണിയോ ഗ്രാംഷി

എന്താണ് സാംസ്‌കാരിക മേല്‍ക്കോയ്മ?

സമൂഹത്തിലെ പ്രബലവര്‍ഗം തങ്ങളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് അവരുടെ ആശയങ്ങളും ആചാരങ്ങളും സമൂഹത്തിലെ അടിസ്ഥാനവര്‍ഗ്ഗത്തിലേക്ക് വിവിധതരം സോഷ്യല്‍ ഇൻസ്​റ്റിറ്റ്യൂഷനുകളിലൂടെ പ്രചരിപ്പിക്കുന്നതും, അതിലൂടെ തങ്ങളുടെ ആശയങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പിച്ച് ഭരണവും അധികാരവും പിടിച്ചടക്കുന്നതിനെയും, അവ നിലനിര്‍ത്തുന്നതിനെയുമാണ് ഗ്രാംഷി 'Cultural Hegemony' അഥവാ സാംസ്‌കാരിക മേല്‍ക്കോയ്മ എന്ന് വിശേഷിപ്പിച്ചത്. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന മേല്‍ക്കോയ്മ അറിഞ്ഞോ അറിയാതെയോ ഒരു പരിധി വരെ അടിസ്ഥാന വര്‍ഗത്തിന്റെയും ജീവിതത്തിന്റെ ഭാഗമായി മാറുന്നു. അവര്‍ മറ്റൊരു ചിന്തയിലേക്ക് പോകുന്നതിനെ പോലും തടയാന്‍ ഉപരിവര്‍ഗ്ഗത്തിന് സാധിക്കുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ചുരുക്കം ചില ആശയങ്ങളെയോ ആചാര- വിശ്വാസ രീതികളെയോ അംഗീകരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ്​ പ്രബലവര്‍ഗം ഇത് നടപ്പാക്കുന്നത്. ഇതിന്റെ ഒരു ഉദാഹരണമായി കാണാവുന്നതാണ്, ആഗോളവത്കരണം.

ഇന്ത്യയിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഗ്രാംഷിയെ വേണ്ടത്ര വായിക്കാതെ വിട്ടുപോയപ്പോള്‍, ഗ്രാംഷി പറഞ്ഞ മേല്‍ക്കോയ്മ നടപ്പാക്കിയ ഒരു സംഘമാണ്​ സംഘപരിവാര്‍.

സാംസ്‌കാരിക മേല്‍ക്കോയ്മ എങ്ങനെ നടപ്പാക്കുന്നു?

തങ്ങളുടെ ആശയം ഊട്ടിയുറപ്പിക്കുന്നതിന്​ ഉപരി വർഗം സമൂഹത്തിലെ പലവിധേനയുള്ള സോഷ്യല്‍ ഇൻസ്​റ്റിറ്റ്യൂഷനുകളെ വരുതിയിലേക്ക് എത്തിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും കലാകേന്ദ്രങ്ങളും ഒക്കെയാണ് ഇവിടെ സോഷ്യല്‍ ഇൻസ്​റ്റിറ്റ്യൂഷനുകൾ എന്ന ഗണത്തില്‍പ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ തന്നെയാവും പിന്നീട് മേല്‍പ്പറഞ്ഞ വര്‍ഗത്തിന്റെ വളര്‍ച്ചയ്ക്കുള്ള എല്ലാ സഹായവും ചെയ്യുന്നത്. ഈ സ്ഥാപനങ്ങളെ ആകെ നിയന്ത്രണത്തിലാക്കുന്നതോടെ അവിടെ നിലനില്‍ക്കുന്ന സമൂഹത്തെ തന്നെയും തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ ഉപരിവര്‍ഗത്തിന് ശേഷി കൈവരും. തുടര്‍ന്ന് ഭരണം കയ്യേറുന്നതിനും അത് നിലനിര്‍ത്തുന്നതിനും ഈ സ്ഥാപനങ്ങള്‍ വഴി സ്ഥാപിതമാകുന്ന മേല്‍ക്കോയ്മ അവരെ സഹായിക്കും. ഉദാഹരണമായി പറയാവുന്ന ഒന്നാണ് ഇന്ത്യയില്‍ കോണ്‍ഗ്രസും പിന്നീട് ബി.ജെ.പിയും ഹൈന്ദവ ആചാരങ്ങളെയും ഹൈന്ദവ സ്ഥാപനങ്ങളെയും ഉപയോഗിച്ച്​ ഭരണം കയ്യാളുന്നതും അതുവഴി അവരുടെ വരേണ്യ, സാമ്പത്തിക താല്പര്യങ്ങള്‍ നിലനിര്‍ത്തുന്നതും.

കള്‍ച്ചറല്‍ ഹെജിമണി സ്ഥാപിക്കാതെ പ്രബല വര്‍ഗ്ഗത്തിന് ജനാധിപത്യത്തില്‍ നിലനില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് നിരന്തരം അടിസ്ഥാന വര്‍ഗ്ഗത്തെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമിക്കും. ഇന്ത്യന്‍ സമ്പദ്​ വ്യവസ്ഥ ഏറ്റവും മോശം അവസ്ഥയില്‍ പോകുമ്പോഴും, ഭരണം കൈവിടാതെ നില്‍ക്കാന്‍ ബി.ജെ.പിക്ക് സാധിക്കുന്നത് ഹെജിമണി ഉപയോഗിച്ച് തന്നെയാണ്. മാധ്യമങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗിച്ചും, മതവും ഭാരതീയ സംസ്‌കാരവും ദേശീയതയും പറഞ്ഞ്​ ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന്​ വഴിതിരിച്ചുവിട്ട് തങ്ങളുടെ വോട്ട് ബാങ്കാക്കി മാറ്റുന്നതിലൂടെയാണ് ഈ മേല്‍ക്കോയ്മ നടപ്പാക്കുന്നത്. എങ്ങനെ ഒരു മേല്‍ക്കോയ്മ സ്ഥാപിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല വര്‍ത്തമാനകാല ഉദാഹരണമാണിത്.

ഇന്നിപ്പോള്‍ ശക്തമായ സമരങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. എന്നാല്‍ അവയൊന്നും തിരഞ്ഞെടുപ്പില്‍ ബാധിക്കാത്ത വിധം സംഘപരിവാര്‍ ശക്തമായി. ഒരുപക്ഷെ രണ്ട് പതിറ്റാണ്ട് മുന്‍പേ ഇടതുപക്ഷം ഗ്രാംഷിയന്‍ ചിന്തകളെ കൂടുതല്‍ മനസിലാക്കിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു.

ആര്‍.എസ്.എസും സാംസ്‌കാരിക മേല്‍ക്കോയ്മയും

ഇന്ത്യയിലെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഗ്രാംഷിയെ വേണ്ടത്ര വായിക്കാതെ വിട്ടുപോയപ്പോള്‍, ഗ്രാംഷി പറഞ്ഞ മേല്‍ക്കോയ്മ നടപ്പാക്കിയ ഒരു സംഘമാണ്​ സംഘപരിവാര്‍. 1925-ല്‍ രൂപീകരണ സമയത്ത് ആർ.എസ്​.എസ്​ മുന്നോട്ടുവച്ച ലക്ഷ്യം, ഒരു നൂറ്റാണ്ടിനുള്ളില്‍ ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റുക എന്നതായിരുന്നു. സംഘപരിവാര്‍ രൂപീകരിച്ച്​ ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കുശേഷമാണ് രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങിയത്. അത്രയുംനാള്‍ അവര്‍ നടത്തിയത് തങ്ങളുടെ ആശയങ്ങളെ ഇന്ത്യന്‍ മനസ്സില്‍ പതിപ്പിക്കുക എന്നതുതന്നെയായിരുന്നു. ഭരണത്തില്‍ ഇല്ലാതിരുന്നിട്ടും അവര്‍ക്ക് അത് സാധിച്ചത് കോണ്‍ഗ്രസ് പോലെ, മൃദുഹിന്ദുത്വആശയം ഉള്‍കൊള്ളുന്ന പാര്‍ട്ടി ഭരണത്തിലുണ്ടായിരുന്നതുകൊണ്ടാണ്.

മനുസ്മൃതിയും വിചാരധാരയും പോലെയുള്ള പുസ്തകങ്ങളാണ് അന്ന് ആശയ പ്രചാരണത്തിന്​ സംഘപരിവാര്‍ ഉപയോഗിച്ചത്. ഹൈന്ദവ വിശ്വാസികളെ ഒരുപരിധി വരെ ഈ പറഞ്ഞ പുസ്തകങ്ങള്‍ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇന്നും ആര്‍ത്തവ കാലത്ത് സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതുമൊക്കെ. എന്നാല്‍, എഴുത്തുകള്‍ മാത്രം ഉപയോഗിച്ചുള്ള ആശയപ്രചാരണം മാത്രം പോരാ എന്ന തിരിച്ചറിവില്‍ നിന്നാണ്​, രാമായണവും മഹാഭാരതവും പോലെയുള്ള സീരിയലുകള്‍ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ വീടുകളില്‍ പ്രവേശിക്കുന്നത്.

രാമായണം സീരിയലിൽ നിന്ന്

മഹത്തായ രണ്ട് ഇതിഹാസങ്ങളെ എങ്ങനെ മത ധ്രുവീകരണത്തിനായി ഇന്ത്യയിലെ കോണ്‍ഗ്രസ്​ പാര്‍ട്ടി ഉപയോഗിച്ചു എന്നതിന്റെ ഫലം കൂടിയാണ്​, ഇന്നുകാണുന്ന ‘ഹിന്ദുത്വ രാജ്യ’ത്തിലേക്കുള്ള പരിണാമം. ശ്രീരാമനായി അഭിനയിച്ച അരുണ്‍ കോവില്‍ എന്ന നടനെ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പൊളിറ്റിക്കല്‍ ബ്രാന്‍ഡ് അംബാസഡറായി നിര്‍ത്തികൊണ്ടായിരുന്നു രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ്​ അന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടത്. നിശ്ചയമായും ഹൈന്ദവ വികാരം ഉയര്‍ത്തി രാമരാജ്യം എന്ന ആശയം അന്ന് കോണ്‍ഗ്രസ് പറയാതെ പറഞ്ഞു.

എന്നാല്‍, അതിന് ബദലായി ബി.ജെ.പി ആവട്ടെ അദ്വാനിയെ ശ്രീരാമപരിവേഷം നല്‍കി ഇന്ത്യന്‍ വോട്ടര്‍മാരുടെ മുന്നില്‍ പ്രതിഷ്​ഠിച്ചു. തുടര്‍ന്ന് രാമരഥയാത്ര നടത്തി രാമജന്മഭൂമി എന്ന ആശയം ഇന്ത്യന്‍ ഹൈന്ദവമനസുകളില്‍ നിര്‍മ്മിച്ചു. രാമായണത്തില്‍ കാണിക്കുന്ന അയോദ്ധ്യ ക്ഷേത്രം വീണ്ടും നിര്‍മ്മിക്കാനും, ബാബറി പള്ളി പൊളിക്കാനുമൊക്കെയുള്ള അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംഘപരിവാര്‍ ഇതെല്ലാം നടപ്പാക്കിയത്. അവിടം മുതല്‍ സംഘ പരിവാർ പൂര്‍ണമായ മേല്‍ക്കോയ്മക്ക്​ നീക്കം തുടങ്ങി. ഇന്ത്യന്‍ മതേതരത്വത്തെ പോലും ചോദ്യം ചെയ്​ത്​ ബി.ജെ.പി ഭരണത്തില്‍ വരുന്നതും ഇതിനുശേഷമാണ്.

പിന്നീട് രണ്ടര പതിറ്റാണ്ട്​, ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് തങ്ങളുടെ ഹിന്ദുത്വ സാംസ്‌കാരിക മേല്‍ക്കോയ്മ നിലനിര്‍ത്തുവാനും അത് കൂടുതല്‍ ശക്തിപ്പെടുത്തുവാനും ബി.ജെ.പിക്കും സംഘപരിവാറിനും സാധിച്ചു. അതിനായി മതപഠനശാലകള്‍ മുതല്‍ നവ മാധ്യമങ്ങള്‍ വരെ അവര്‍ ഉപയോഗിക്കുന്നു.

എന്തുകൊണ്ട് ഗ്രാംഷിയെ വീണ്ടെടുക്കണം?

ഗ്രാംഷിയെ കൂടുതല്‍ അറിയുന്നതിലൂടെ മാത്രമാണ് ഒരു ഇടതുപക്ഷ ബദല്‍ ഇന്ത്യയില്‍ സാധ്യമാവുകയുള്ളൂ. പ്രിസണ്‍ നോട്ട്ബുക്കില്‍ എങ്ങനെ ഈ മേല്‍ക്കോയ്മയെ ഇല്ലാതാക്കാം എന്ന് ഗ്രാംഷി പറയുന്നുണ്ട്. അതിന് ഉപയോഗിക്കുന്ന വാക്കാണ് കൗണ്ടര്‍ ഹെജിമോണി (Counter Hegemony). കൗണ്ടര്‍ ഹെജിമോണി കൊണ്ട് ഗ്രാംഷി ഉദ്ദേശിക്കുന്നത് ഒരു വിപ്ലവ പോരാട്ടം തന്നെയാണ്. നിലനില്‍ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ അനീതികള്‍ പൊതുസമൂഹത്തിനു മുന്നില്‍ വ്യക്തമായി ചൂണ്ടിക്കാണിച്ച്​ അതിനെതിരെ നിരന്തരസമരവും പോരാട്ടവും കക്ഷി രാഷ്ട്രീയത്തിനപ്പുറമായി നടത്തി ഉപരിവര്‍ഗ വിരുദ്ധ വികാരം പൊതുസമൂഹത്തില്‍ നിര്‍മ്മിക്കണം. അങ്ങനെ, പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന മേല്‍ക്കോയ്മ തുടച്ചുനീക്കിയാല്‍ മാത്രമേ ഉപരിവര്‍ഗ്ഗത്തെ താഴെയിറക്കാന്‍ സാധിക്കൂ. ഈ ഒരു വിഷയത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷം വളരെ വൈകിയാണ് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. ഇന്നിപ്പോള്‍ ശക്തമായ സമരങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്നുണ്ട്. എന്നാല്‍ അവയൊന്നും തിരഞ്ഞെടുപ്പില്‍ ബാധിക്കാത്ത വിധം സംഘപരിവാര്‍ ശക്തമായി. ഒരുപക്ഷെ രണ്ട് പതിറ്റാണ്ട് മുന്‍പേ ഇടതുപക്ഷം ഗ്രാംഷിയന്‍ ചിന്തകളെ കൂടുതല്‍ മനസിലാക്കിയിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു.

സംഘപരിവാറിനെയും ബി.ജെ.പിയെയും ‘ആകെ മൊത്തത്തില്‍ വിഡ്ഢികള്‍’ എന്ന കാഴ്ചപ്പാടോടെ മുന്നോട്ടുപോയതും ഗൗരവമായ പിഴവായിരുന്നു. ഇവിടെയും ഗ്രാംഷി പ്രസക്തമാവുകയാണ്. അടിസ്ഥാനപരമായി എല്ലാ മനുഷ്യരും ധൈഷണികര്‍ (Intellectuals) ആണെന്ന വാദമാണ് ഗ്രാംഷിപറയുന്നത്. ആ തരത്തില്‍ ഇന്ത്യന്‍ സമൂഹത്തെ മനസിലാക്കുവാനും സംഘപരിവാർ അജണ്ടകള്‍ തിരിച്ചറിയാനും ഇടതുപക്ഷത്തിന് സാധിച്ചില്ല. സംഘപരിവാര്‍ കേവലം മണ്ടന്മാരുടെ സംഘടനയാണെന്ന പൊതുബോധത്തില്‍ ഇടതുപക്ഷവും ചേര്‍ന്നുപോയതാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഒരു കാരണം. ഈ ഒരു ആഖ്യാനം ഉപയോഗിച്ച്​ പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുതന്നെയാണ് ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പല നിയമങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവന്നതും, അപകടകരമായ നയങ്ങള്‍ പ്രഖ്യാപിച്ചതും.

എന്നാല്‍, അടുത്ത കാലത്ത് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം കൃത്യമായി മനസിലാക്കുവാന്‍ ഇടതുപക്ഷം ശ്രമിച്ചിട്ടുണ്ട്. ഗ്രാംഷിയന്‍ ചിന്തകളോടെ മുന്നോട്ടുപോയാല്‍ സംഘ പരിവാരത്തിന്റെ ഫാഷിസത്തിനെതിരെ ശക്തമായ ബദല്‍ സ്ഥാപിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കും. പക്ഷെ, അതൊരു ചുരുങ്ങിയ കാലയളവില്‍ സാധിക്കുന്ന പ്രക്രിയയല്ല. എന്നിരുന്നാലും നിരന്തരമായ ഫാഷിസ്റ്റ് വിരുദ്ധ സമരങ്ങളിലൂടെയും ആശയപ്രചാരണത്തിലൂടെയും സാധ്യമാവുന്നതുമാണ്. ഗ്രാംഷിയെ വീണ്ടെടുക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അത് ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഉത്തരവാദിത്വം കൂടിയാണ്.

Comments