തമിഴ്നാട്ടിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ് യുടെ ടി.വി.കെയ്ക്ക് സർക്കാറുണ്ടാക്കാനുള്ള സാധ്യത ഗവർണറുടെ കടുത്ത നിലപാടു മൂലം അനിശ്ചിതത്വത്തിലായതോടെ എ.ഐ.എ.ഡി.എം.കെ രംഗത്ത്. പാരമ്പര്യവൈരികളായ ഡി.എം.കെയുടെ പുറത്തുനിന്നുള്ള പിന്തുണയിൽ സർക്കാറുണ്ടാക്കാനാകുമോ എന്ന കൂടിയാലോചനയിലാണ് AIADMK.
അതിനിടെ, കോൺഗ്രസ് പിന്തുണയോടെ വിജയ് സർക്കാറുണ്ടാക്കുന്നത് തടയാൻ ബി.ജെ.പി കേന്ദ്രനേതൃത്വവും പുതിയ ഓപ്പറേഷനുമായി രംഗത്തുണ്ട്.
ഡി.എം.കെ പുറത്തുനിന്ന് പിന്തുണച്ചാൽ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി സർക്കാർ രൂപീകരണത്തിനാണ് AIADMK നീക്കം. ഇതിനായി ഡി.എം.കെ നേതാക്കളുമായി AIADMK കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, DMK ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
234 അംഗ സഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റാണ്. കോൺഗ്രസ് പിന്തുണയോടെ വിജയ് പക്ഷത്ത് 113 പേരാകും. രണ്ടു സീറ്റ് വീതമുള്ള ഡി.എം.കെ മുന്നണിയിലെ സി.പി.എം, സി.പി.ഐ, പി.എം.കെ എന്നീ പാർട്ടികളുമായി ടി.വി.കെ ചർച്ച തുടരുകയാണ്. ഈ ആറ് എം.എൽ.എമാരുടെ പിന്തുണ കൂടി കിട്ടിയാൽ ടി.വി.കെയ്ക്ക് 119 ആകും, കേവല ഭൂരിപക്ഷത്തിൽനിന്ന് ഒരെണ്ണം കൂടുതൽ. എന്നാൽ, ഇടതുപാർട്ടികൾ ഇതുവരെ അനുകൂല തീരുമാനം അറിയിച്ചിട്ടില്ല.
നാല് എം.എല്‍.എമാരുള്ള അന്‍പുമണി രാമദാസിന്റെ പി.എം.കെ, രണ്ട് എം.എല്‍.എമാരുള്ള തൊല്‍ തിരുമാവളവന്റെ വി.സി.കെ, ഒരു എം.എല്‍.എയുള്ള ടി.വി. ദിനകരന്റെ എ.എം.എം.കെ എന്നിവര്‍ ബുധനാഴ്ച രാവിലെ വരെ ടി.വി.കെയുമായി അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പൊടുന്നനെ പിന്മാറിയതും വിജയ് യുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായി.
ഇതിനിടെയാണ് AIADMK നീക്കം.
DMK യുടെ 59 പേരും AIADMK -യുടെ 47 പേരും ചേർന്നാലും 106 പേരേ ആകുന്നുള്ളൂ, കേവല ഭൂരിപക്ഷത്തിന് 12 പേരെ കൂടി വേണ്ടിവരും. അതുകൊണ്ടാണ് DMK ഈ നീക്കത്തിന് പച്ചക്കൊടി കാണിക്കാത്തത്. മാത്രമല്ല, വിജയ്‌യെ സര്‍ക്കാറുണ്ടാക്കാന്‍ അനുവദിക്കണമെന്ന് എം.കെ. സ്റ്റാലിന്‍ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

113 പേരുടെ പിന്തുണയുമായി എത്തിയ വിജയ് യോട്, ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ എം.എൽ.എമാരുടെ കണക്ക് ഗവർണർ ആവശ്യപ്പെട്ടത്, AIADMK നീക്കത്തിന് സാവകാശം നൽകാനാണെന്ന സൂചനയുമുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർക്ക് ബോധ്യപ്പെടുന്ന പക്ഷം, അവകാശവാദവുമായി എത്തുന്ന മുന്നണിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം എന്ന ‘കീഴ് വഴക്കം’ ഗവർണർ പിന്തുടർന്നാൽ, അത് വിജയ് യുടെ സാധ്യതകളെ തകിടം മറിക്കും.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയും സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകുകയും ചെയ്യുന്ന എന്നതാണ് കീഴ് വഴക്കം. എന്നാൽ, ക്ഷണിക്കുന്നതിനുമുമ്പ് തനിക്ക് വിജയ് യുടെ ഭൂരിപക്ഷം ബോധ്യപ്പെടണം എന്ന കടുത്ത നിലപാടിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭൂരിപക്ഷമുണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ സർക്കാറുണ്ടാക്കാൻ ഒരു പാർട്ടിയെ ക്ഷണിക്കേണ്ടതുള്ളൂ എന്നാണ് ചില ഭരണഘടനാവിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ഗവർണറുടെ തീരുമാനം ഇക്കാര്യത്തിൽ നിർണായകമാണ്.
ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം മുതലെടുത്ത് ബി.ജെ.പി അട്ടിമറിനീക്കം നടത്തുന്നത് തടയാനാണ്, രാഹുൽഗാന്ധി, വിജയ് ക്ക് ഉടൻ പിന്തുണ നൽകിയത്. വർഗീയപാർട്ടികളുമായി സഹകരിക്കാൻ പാടില്ല എന്ന ഉപാധിയോടെയാണ് അഞ്ച് കോൺഗ്രസ് അംഗങ്ങൾ വിജയ് ക്ക് പിന്തുണ നൽകുന്നത്.
അതിനിടെ, കോൺഗ്രസ് പിന്തുണയോടെ വിജയ് സർക്കാറുണ്ടാക്കുന്നത് തടയാൻ ബി.ജെ.പി കേന്ദ്രനേതൃത്വം AIADMK-യിൽ സമ്മർദ്ദം ചെലുത്തുന്നതായി സൂചനയുണ്ട്. സർക്കാറുണ്ടാക്കാൻ വിജയ് ക്ക് AIADMK പിന്തുണ നൽകണമെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ഇതേതുടർന്നാണ്, AIADMK-യിലെ 15 എം.എൽ.എമാർ വിജയ് ക്ക് പിന്തുണ നൽകണമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ട് ആവശ്യപ്പെട്ടത്. AIADMK നേതൃത്വം തങ്ങളുടെ ആവശ്യം നിരസിക്കുന്ന പക്ഷം പാർട്ടിയെ പിളർത്തി വിജയ് യെ അനുകൂലിക്കുന്ന എം.എൽ.എമാരെ പുറത്തുകൊണ്ടുവരാനും ബി.ജെ.പി ശ്രമിക്കുമെന്ന ആശങ്ക AIADMK നേതൃത്വത്തിനുണ്ട്. ഇത് മുന്നിൽക്കണ്ട് 15 എം.എൽ.എമാരെ ബുധനാഴ്ച രാത്രി പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറിയിരിക്കുകയാണ്.

തമിഴ്നാട്ടിലെ സീറ്റ് നില:
ടി.വി.കെ: 108
(വിജയ് രണ്ടു സീറ്റിൽ ജയിച്ചതിനാൽ ഒരെണ്ണം കുറയും, അപ്പോൾ യഥാർഥ എണ്ണം 107 ആകും)
കോൺഗ്രസ് പിന്തുണ: 5
ആകെ: 113
ഡി.എം.കെ മുന്നണി: 68
ഡി.എം.കെ: 59
മുസ്ലിം ലീഗ്: 2
സി.പി.ഐ: 2
സി.പി.എം: 2
വി.സി.കെ: 2
ഡി.എം.ഡി.കെ: 1
എ.ഐ.എ.ഡി.എം.കെ സഖ്യം: 53
അണ്ണാ ഡി.എം.കെ: 47
പി.എം.കെ: 4
ബി.ജെ.പി: 1
എ.എം.എം.കെ: 1
