ദൂരം കുറയുന്നു, ബി.ജെ.പി മുക്ത ഇന്ത്യയിലേക്ക്

ര്‍ണാടകയില്‍ തൂക്കുസഭയായിരിക്കും വരിക എന്ന് സര്‍വേ ഫലങ്ങള്‍ പുറത്തുവന്നയുടന്‍ ബംഗളൂരുവില്‍ ബി.എസ്. യെദ്യൂരപ്പയുടെ വീട്ടില്‍ ബി.ജെ.പി നേതാക്കള്‍ ഒരു യോഗം ചേര്‍ന്നു. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്താല്‍ ഭരണം പിടിച്ചെടുക്കാനുള്ള 'പ്ലാന്‍ ബി' ആയിരുന്നു ആ യോഗത്തിന്റെ അജണ്ട. കഴിഞ്ഞ തവണ നടപ്പാക്കിയ 'ഓപ്പറേഷന്‍ താമര'യുടെ അനുഭവം കൂടി മനസ്സിലോര്‍ത്ത് കര്‍ണാടക റവന്യൂമന്ത്രി ആര്‍. അശോക, ഒട്ടും മടിയില്ലാതെ ആ പ്ലാനിനെക്കുറിച്ച് മാധ്യമങ്ങളോട് പറയുകയും ചെയ്തു: 'ഞങ്ങളുടെ പ്ലാന്‍ ബി വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് തിരക്കില്ല. ഈ പ്ലാനിനെക്കുറിച്ചുള്ള അവസാന തീരുമാനം പ്രധാനമന്ത്രിയും അമിത് ഷായുമാണ് എടുക്കുക.'

ഒരു സംസ്ഥാനത്തെ ജനവിധിയെ, ജനാധിപത്യവിരുദ്ധമായി ഹൈജാക്ക് ചെയ്യാനുള്ള തന്ത്രത്തെക്കുറിച്ചാണ് ഈ മന്ത്രി പറഞ്ഞത്, അതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ, പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും. കേന്ദ്ര- സംസ്ഥാന ബി.ജെ.പി നേതൃത്വങ്ങളുടെ 'ഡബ്ള്‍ എഞ്ചിന്‍' ഇന്നുരാവിലെ വരെ സുസജ്ജമായിരുന്നു. കേവലഭൂരിപക്ഷത്തിനുവേണ്ടിയുള്ള 113 എന്ന മാജിക് നമ്പര്‍ തികയ്ക്കാനുള്ള, മുമ്പേ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങള്‍ നിഷ്പ്രയാസം ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ആ പാര്‍ട്ടി എഞ്ചിന്‍.

എന്നാല്‍, ഇന്നു രാവിലെ 9.40ന് കോണ്‍ഗ്രസിന്റെ ലീഡ് 115 സീറ്റായി, ബി.ജെ.പിയുടേത് 78-ഉം. അതോടെ 'ബി.ജെ.പി ശൂന്യ' കര്‍ണാടക പ്രത്യക്ഷമായി. ഒരു തെരഞ്ഞെടുപ്പില്‍ 'കോണ്‍ഗ്രസ് തരംഗം' എന്ന ടൈറ്റില്‍ കാര്‍ഡ് എത്രയോ കാലത്തിനുശേഷമാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് ഭരിക്കാം എന്ന് ഉറപ്പായി. സീറ്റുകളുടെ എണ്ണം മാത്രമല്ല, വോട്ടുവിഹിതത്തിലും നല്ല മുന്നേറ്റം നടത്താനായി പാര്‍ട്ടിക്ക്. സംസ്ഥാനത്തെ എല്ലാ മേഖലകളിലും സ്വാധീനമുള്ള ആധികാരികമായ ജയം.

കോണ്‍ഗ്രസിന്റെ ഈ വിജയത്തിന് രണ്ട് സവിശേഷതകളുണ്ട്. ഒന്ന്, അത് ഭരണവിരുദ്ധവികാരം എന്ന നെഗറ്റീവ് വോട്ടിംഗിന്റെ മാത്രം ഫലമല്ല. ബി.ജെ.പിയുടെ കൊടുംവര്‍ഗീയ കാമ്പയിനുമുന്നിലേക്ക് ജനകീയമായ ഇഷ്യൂകളെ കോണ്‍ഗ്രസിന് കൊണ്ടുവരാനായി. സാമൂഹിക നീതി, പ്രാതിനിധ്യ രാഷ്ട്രീയം, വിദ്വേഷ രാഷ്ട്രീയത്തിനെതിരായ നിലപാട് എന്നീ കാര്യങ്ങളില്‍ കോണ്‍ഗ്രസ് വ്യക്തമായ നിലപാടെടുത്തു. രണ്ട്, പാര്‍ട്ടി എന്ന നിലയ്ക്ക് അടിസ്ഥാന വിഭാഗങ്ങളെ ഏകോപിപ്പിച്ചും അവരെ പ്രതിനിധാനം ചെയ്തും കൃത്യമായ പൊളിറ്റിക്കല്‍ വോട്ടിംഗിനുള്ള ഒരു മാനേജുമെന്റ്, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കാന്‍ കോണ്‍ഗ്രസിനായി. ബി.ജെ.പിക്കെതിരെ, പൊളിറ്റിക്കല്‍ വോട്ടിംഗിലൂടെ സാധ്യമാക്കിയ ഈ വിജയം ജനാധിപത്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള കാമ്പയിന്‍ അജണ്ടയായിരുന്നു കര്‍ണാടകയില്‍ ബി.ജെ.പി പരീക്ഷിച്ചത്. ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് തീവ്ര ദേശീയതയിലൂന്നിയ ഹിന്ദുത്വ കാമ്പയിന്‍ തിരിച്ചടിയാകും എന്ന ബോധ്യത്തില്‍, സാമൂഹിക സുരക്ഷാ പദ്ധതികള്‍, സാമുദായിക വിഭജനത്തിലൂടെയുള്ള വോട്ട് ധ്രുവീകരണം, വര്‍ഗീയ പ്രീണനം എന്നീ പതിവ് സമവാക്യങ്ങളാണ് ബി.ജെ.പി പ്രയോഗിച്ചത്. അതാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്. ഫെഡറലിസത്തെ നിഷേധിച്ച് കേന്ദ്ര ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തെ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന മോദിയുടെ കുപ്രസിദ്ധമായ 'ഡബ്ള്‍ എഞ്ചിന്‍' പ്രയോഗത്തിന് ഒരു സംസ്ഥാനം നല്‍കിയ ഏറ്റവും ശക്തമായ തിരിച്ചടി കൂടിയാണിത്. സംസ്ഥാനതല വികസന- ആസൂത്രണ നയങ്ങളെ അട്ടിമറിച്ചും സമ്മര്‍ദത്തിലാക്കിയും, പദ്ധതികളുടെയും വിഭവങ്ങളുടെയും അനീതി നിറഞ്ഞ പങ്കുവെപ്പിലൂടെയും അധികാരമുറപ്പിക്കാനുള്ള ഭീഷണിപ്രയോഗമാണ് വാസ്തവത്തില്‍ 'ഡബ്ള്‍ എഞ്ചിന്‍' എന്ന ആശയം. ഇതാണ് കര്‍ണാടകയിലെ ജനം തള്ളിക്കളഞ്ഞത്.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തില്‍ കോണ്‍ഗ്രിസിന് ഈ വിജയം ജീവശ്വാസം തിരിച്ചുകൊടുക്കുന്നതാണ്. 2018-ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുവിജയങ്ങള്‍ക്കുശേഷം കോണ്‍ഗ്രസിന് ഒരു പ്രധാന സംസ്ഥാനത്തും ജയിക്കാനായിട്ടില്ല. ഈ വര്‍ഷം ത്രിപുരയിലും മേഘാലയയിലും നാഗാലാന്റിലും പാര്‍ട്ടി തോറ്റു. ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് ജയിക്കാനായത്, അതും 12-ഓളം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കുശേഷം. അധികാരമുണ്ടായിരുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം നഷ്ടമായി എന്നതുമാത്രമല്ല, ബി.ജെ.പിയെ അസ്വസ്ഥമാക്കുന്നത്. കര്‍ണാടകയില്‍ നരേന്ദ്രമോദിയായിരുന്നു 'സ്റ്റാര്‍ കാമ്പയ്നര്‍'. ബംഗളൂരുവില്‍ നടത്തിയ 26 കിലോമീറ്റര്‍ നീണ്ട റോഡ് ഷോയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ബി.ജെ.പിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. എന്നാല്‍, 'മോദി മോദി' എന്നാര്‍ത്തുവിളിച്ച ആള്‍ക്കൂട്ടം വോട്ടാകുമെന്ന പ്രതീക്ഷ ഫലം വന്നപ്പോള്‍ ശൂന്യമായി. ബംഗളൂരു മേഖലയില്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ മുന്നേറ്റം തടയാനായി.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് കര്‍ണാടയുടെ ഫലം എന്ത് സംഭാവനയാണ് നല്‍കുക എന്ന ആലോചന പ്രതീക്ഷയോടൊപ്പം അല്‍പം കൗതുകം കൂടി നിറഞ്ഞതാണ്. ബി.ജെ.പി മുക്ത സംസ്ഥാനങ്ങളിലേക്ക് കര്‍ണാടക കൂടി വന്നിരിക്കുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, ഇപ്പോള്‍ കര്‍ണാടക... കോണ്‍ഗ്രസിന് നാല് സംസ്ഥാനങ്ങളില്‍ ഭരണമായി. ബീഹാര്‍, പശ്ചിമബംഗാള്‍, തമിഴ്നാട്, കേരളം, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ക്കണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്നു. ദേശീയ പ്രതിപക്ഷസഖ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് ഈ കോമ്പിനേഷന്‍ കൗതുകകരം കൂടിയാകുന്നത്. കാരണം, ഈ സംസ്ഥാനങ്ങളില്‍, പ്രധാനമന്ത്രിക്കുപ്പായം തുന്നി കാത്തിരിക്കുന്ന നാല് മുഖ്യമന്ത്രിമാരെങ്കിലുമുണ്ട്. ജെ.ഡി-എസിനെപ്പോലെ, ഒരു നിര്‍ണായക തെരഞ്ഞെടുപ്പില്‍ സ്വന്തം കാര്യം മാത്രം നോക്കി നടത്തുന്ന പ്രാദേശിക പാര്‍ട്ടികളുണ്ട്. ശരത്പവാറിനെപ്പോലെ, അധികാരത്തിനുവേണ്ടി എന്ത് അട്ടമറിയും നടത്താന്‍ കെല്‍പ്പുള്ള കിംഗ് മേക്കര്‍മാരുണ്ട്. ഈ കടമ്പകള്‍ കടന്നുവേണം, ബി.ജെ.പിക്കൊരു ബദലിനെക്കുറിച്ച് ആലോചിക്കാന്‍. കര്‍ണാടയിലെ ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിക്കെതിരെ ഒരു യോജിച്ച സഖ്യനിരയുണ്ടാക്കാന്‍ ഇടതുപക്ഷം അടക്കമുള്ള പാര്‍ട്ടികള്‍ക്കായില്ല എന്നുകൂടി ഓര്‍ക്കാം.

എങ്കിലും, കോണ്‍ഗ്രസിന് ലഭിക്കുന്ന മുന്‍തൂക്കം, ദേശീയ പ്രതിപക്ഷ രാഷ്ട്രീയത്തിന് വലിയൊരു വിലപേശല്‍ ശേഷി നല്‍കുമെന്ന് ഉറപ്പാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷപദവി, കോണ്‍ഗ്രസ് നേതൃത്വത്തിന് ജനാധിപത്യപരമായ ഒരു വികാസം നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ്, പ്രതിപക്ഷസഖ്യനേതൃത്വം പോലും ത്യജിക്കാനും പ്രാദേശിക പാര്‍ട്ടികളുടെ സ്പെയ്സ് അംഗീകരിക്കാനൂം പാര്‍ട്ടിക്കുകഴിഞ്ഞത്. കര്‍ണാടകയിലെ വിജയം ശക്തി പകരുന്നത്, തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ദേശീയ രാഷ്ട്രീയ ഇടപെടലുകള്‍ക്കുകൂടിയാണ് എന്നു പറയാം. അത്, ഉത്തരേന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും സമതുലിതമായ രാഷ്ട്രീയപ്രാതിനിധ്യം, ഈ ബദല്‍ സഖ്യത്തില്‍ ഉറപ്പുവരുത്തും. മമതാ ബാനര്‍ജിയെയും കെ. ചന്ദ്രശേഖര്‍ റാവുവിനെയും പോലുള്ളവരുടെ അധികാരസൂത്രങ്ങളെ നിര്‍വീര്യമാക്കാനും ചിലപ്പോള്‍ ഈ വിജയത്തിന് കഴിഞ്ഞേക്കാം.

ജനാധിപത്യത്തില്‍ സാധ്യതകള്‍ക്കും വലിയ ഇടങ്ങളുണ്ട്്. സാധ്യതകളെ വികസിപ്പിക്കാന്‍ ശേഷിയുള്ള പൊളിറ്റിക്കല്‍ എഞ്ചിനീയറിംഗിനാണ് ഇനി കോണ്‍ഗ്രസ് നേതൃത്വം നല്‍കേണ്ടത്.

Comments