അസമിൽ ആധികാരിക വിജയത്തോടെ അധികാരം നിലനിർത്തി ബി.ജെ.പി. 2021-ലെ 75 സീറ്റുകളിൽ നിന്ന് 100-ലധികം സീറ്റുകൾ ഉയർത്തിയാണ് എൻ.ഡി.എ തുടർച്ചയായി മൂന്നാം തവണയും അസമിൽ അധികാരം പിടിക്കുന്നത്. പത്ത് വർഷമായി തുടർന്ന എൻ.ഡി.എ ഭരണത്തിനെതിരായ വികാരം വോട്ടാക്കി മാറ്റാൻ കോൺഗ്രസ് സഖ്യത്തിന് സാധിച്ചില്ല. കുടിയേറ്റ പ്രശ്നവും മറ്റും പ്രചാരണത്തിൽ ആയുധമാക്കി ബി.ജെ.പി നടത്തിയ ഹിന്ദുത്വ വർഗീയ പ്രചാരണങ്ങൾ അവരെ ഭരണ തുടർച്ചയിലേക്ക് നയിച്ചു. വോട്ടെടുപ്പിന് ശേഷം നടന്ന എക്സിറ്റ് പോളുകളെല്ലാം തന്നെ അസമിൽ ഭരണത്തുടർച്ചയാണ് പ്രവചിച്ചിരുന്നത്. ബിജെപി 82 സീറ്റ് മുതൽ 101 വരെ നേടി അധികാരം നിലനിർത്തുമെന്നാണ് പ്രവചനങ്ങൾ ഉണ്ടായത്. മറുഭാഗത്ത് പ്രതിപക്ഷ മുന്നണിക്ക് ദയനീയ തോൽവിയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 25 മുതൽ 40 വരെ സീറ്റുകൾ കോൺഗ്രസ് സഖ്യത്തിന് ലഭിച്ചേക്കാമെന്നാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കിയിരുന്നത്. ഏതാണ്ട് എക്സിറ്റ് പോളുകൾ അക്ഷരാർത്ഥത്തിൽ ശരിയായി മാറുകയാണ് ചെയ്തത്.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. 85.91 ശതമാനമാണ് ഔദ്യോഗിക കണക്കുകൾ. സംസ്ഥാനത്തിൻെറ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പോളിങ്ങാണിത്. ആകെ 126 സീറ്റുകളുള്ള അസമിൽ ബി.ജെ.പി, അസം ഗണപരിഷത്ത്, ബി.പി.എഫ് പാർട്ടികളാണ് എൻ.ഡി.എ മുന്നണിയുടെ ഭാഗമായുണ്ടായിരുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ള അസം സോൺമിലിറ്റോ മോർച്ചയിൽ കോൺഗ്രസ് (99), റെയ്ജർ ദൾ (13), അസം ജാതീയ പരിഷത്ത് (10) എന്നിങ്ങനെയാണ് മത്സരിച്ചത്. 2016 വരെ കോൺഗ്രസായിരുന്നു അസം ഭരിച്ചിരുന്നത്. 2016-ൽ എൻ.ഡി.എ അസം പിടിച്ചു. സർബാനന്ദ സോനോവാൾ ആയിരുന്നു മുഖ്യമന്ത്രി. 2021 ആവുമ്പോഴേക്ക് സംസ്ഥാനത്തെ കോൺഗ്രസ്സിൻെറ പ്രധാന മുഖമായിരുന്ന ഹിമന്ദ ബിശ്വ ശർമയെ ബി.ജെ.പി കൂടുമാറ്റി തങ്ങളുടെ പാളയത്തിലെത്തിച്ചു. 2021-ൽ എൻ.ഡി.എയ്ക്ക് തുടർഭരണം ലഭിച്ചപ്പോൾ ഹിമന്ത ബിശ്വ ശർമയായി മുഖ്യമന്ത്രി. ഈ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെയായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഹിമന്തയുടെ ഭരണത്തിന് ലഭിച്ച വലിയ ജനപിന്തുണയുടെ ആഹ്ലാദത്തിലാണ് ബി.ജെ.പി. മറുഭാഗത്ത് കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ നയിച്ചത് പി.സി.സി അധ്യക്ഷനും മുൻ എം.പിയുമായ ഗൗരവ് ഗൊഗോയ് ആയിരുന്നു.
82 സീറ്റുകളുമായി ബി.ജെ.പിയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഘടകകക്ഷിയായ അസം ഗണപരിഷത്ത് അടക്കം കൂടുതൽ സീറ്റുകൾ നേടിയതോടെ 102 സീറ്റുകളാണ് ആകെ എൻ.ഡി.എ മുന്നണി നേടിയത്. സംസ്ഥാനത്ത് തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺഗ്രസ് സഖ്യം വലിയ തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, ഗൗരവ് ഗൊഗോയ് തുടങ്ങിയ പ്രധാന കോൺഗ്രസ് നേതാക്കളെല്ലാം പരാജയപ്പെട്ടു. 19 സീറ്റുകളാണ് അസമിൽ കോൺഗ്രസിന് ആകെ നേടിയത്. സംഘടനാ സംവിധാനമാകെ തകർന്ന അസമിൽ ഇനി കോൺഗ്രസിന് തിരിച്ചുവരാൻ ഏറെ പണിപ്പെടേണ്ടി വരും.
