ഭരണകൂടത്തിന്റെ ഡിജിറ്റൽ അധിനിവേശവും
‘BK 16’ പ്രതി​രോധവും

ഔപചാരിക ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഹിന്ദുത്വ ഫാഷിസം വളർന്നതും അധികാരത്തിലെത്തിയതും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലത്രയും മതവിദ്വേഷജനകമായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഭരണഘടനയെയും സാമൂഹികജീവിതത്തിൽ നിശ്ചയമായും പാലിക്കേണ്ട എല്ലാ സിവിൽ മര്യാദകളെയും ലംഘിക്കുകയാണ്- ദാമോദർ പ്രസാദ് എഴുതുന്നു.

രേന്ദ്ര മോദി സർക്കാറിന്റെ രണ്ടു കാലാവധിയിലേക്കും നീണ്ടുകിടക്കുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ ദൃഷ്ടാന്തമെന്ന് വിമർശകർ ഉന്നയിക്കുന്ന ഭീമ കൊറേഗാവ് കേസും യു.എ.പി.എ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള അറസ്റ്റുകളും തടവും അന്താരാഷ്ട്രതലത്തിൽ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചതാണ്. മാത്രമല്ല, അത് ജനാധിപത്യാവകാശത്തോടുള്ള സർക്കാരിന്റെ പ്രതിലോമ സമീപനത്തിന്റെയും വിമത ശബ്ദങ്ങളോടുള്ള അസഹിഷ്ണുതയുടെയും അടയാളമായും പൗരജീവിതത്തിൽ ഭീതി പരത്താനുള്ള ഉദ്യമവുമായി കുപ്രസിദ്ധമായി തീരുകയും ചെയ്തു.

‘ബി കെ-16’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരിൽ ആറാം പ്രതിയായ നാഗ്പുർ സർവകലാശായിലെ ഇംഗ്ലീഷ് പ്രഫസർ ഷോമ സെനിന് ആറു വർഷത്തെ ജയിൽ വാസത്തിനുശേഷം ഉന്നത നീതിപീഠം 2024 ഏപ്രിൽ അഞ്ചിന് ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ച് ജസ്റ്റിസുമാരായ അനിരുദ്ധ ബോസും എ.ജെ. മസീഹും ഉത്തരവിൽ പറയുന്നത്, നാഷണൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസി (എൻ ഐ എ) യു.എ.പി.എ നിയമത്തിനനുസൃതമായി സമർപ്പിച്ച തെളിവുകൾ വിശ്വാസയോഗ്യമല്ല എന്നാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി നിയമപരമായും ജനാധിപത്യരീതികൾ അവലംബിച്ചും പോരാടുന്ന ആക്ടിവിസ്റ്റുകളെയാണ് തെരഞ്ഞുപിടിച്ച് ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർത്തത്.

2018 ജൂൺ ആറിനാണ് ഷോമ സെന്നിനെ അവരുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പതിനാറ് പേരെയാണ് ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്തത്. 2018 -ൽ ഒമ്പതു പേരെ പുനെ പോലീസ് അറസ്റ്റു ചെയ്തു. 2020 -ൽ എൻ ഐ എ അന്വേഷണം ഏറ്റെടുത്തശേഷം ഏഴ് പേരെയും അറസ്റ്റ് ചെയ്തു. പ്രമുഖ അഭിഭാഷകരും ആക്ടിവിസ്റ്റുകളും അക്കാദമിക് വിദഗ്ധരുമാണ് അറസ്റ്റിലായവർ. നിരോധിത കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുടെ അംഗങ്ങളാണെന്നും മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നവരാണ് ഇവരെന്നുമുള്ള കുറ്റാരോപണത്തിന്മേലാണ് ആദ്യം അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢപരിപാടിയിൽ പങ്കാളികളായെന്ന കുറ്റവും ആരോപിക്കപ്പെട്ടു. ഇതിനായി അവരുടെ ലാപ്ടോപ്പുകളിൽ നിന്ന് തെളിവ് ലഭിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കപ്പെട്ടവരിൽ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ സ്വാമി, 84-ാം വയസ്സിൽ, കസ്റ്റഡിയിലിരിക്കെ മരിച്ചു. മറ്റു പ്രതികളിൽ കവിയും വിപ്ലവകാരിയുമായ പി. വരവരറാവുവിന് ജാമ്യം അനുവദിച്ചു. തെളിവുകളുടെ അഭാവത്തിൽ സുധ ഭരധ്വാജിനും, ആനന്ദ് തെൽതുംബ്ദെക്കും വെർണൻ ഗോൺസാൽവാസിനും അരുൺ ഫെരേരക്കും ജാമ്യം അനുവദിച്ചു. പ്രതി ചേർക്കപ്പെട്ട മഹേഷ് റൗതിന് ബോംബെ ഹൈകോടതി 2023 സെപ്റ്റംബറിൽ ജാമ്യം അനുവദിച്ചു. ആക്ടിവിസ്റ്റും ഇ പി ഡബ്ല്യു പത്രാധിപസമിതി അംഗവുമായിരുന്ന ഗൗതം നവലാഖ്യ്ക്ക് സുപ്രീംകോടതി 2023 ഡിസംബറിൽ ജാമ്യം അനുവദിച്ചെങ്കിലും മുൻ ഉത്തരവനുസരിച്ച് വീട്ടറസ്റ്റ് തുടരുകയാണ്. ജാമ്യം ലഭിച്ചവരെല്ലാം നിയമനടപടികളുട ഭാഗമായി പോലീസ് നീരിക്ഷണത്തിലാണ്.

ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരിൽ ആറാം പ്രതിയായ ഷോമ സെനിന് ആറു വർഷത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം അനുവദിച്ചു.

ആക്ടിവിസ്റ്റുകളായ റോണാ വിൽ‌സൺ, സുധീർ ധാവ്ളെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിംഗ്, ദൽഹി സർവകലാശാല ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഹനി ബാബു, സാംസ്കാരിക പ്രവർത്തകരായ സാഗർ ഗോർകെ, രമേശ് ഗെയ്‌ച്ചോർ, ജ്യോതി ജഗ്താപ് എന്നിവരാണ് ജാമ്യം ലഭിക്കാതെ ജയിലിൽ തുടരുന്നവർ. ഹനി ബാബുവിന്റെ ജാമ്യ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. ബോംബെ ഹൈക്കോടതിയിലെ കേസിലെ തുടർ നടപടികളുമായി മുന്നോട്ടുപോകാൻ കഴിഞ്ഞദിവസം ജാമ്യാപേക്ഷ പിൻവലിച്ചു.
ഹനി ബാബുവിനെതിരായ പ്രധാന ആരോപണങ്ങൾ ഇവയാണ്: മാവോയിസ്റ്റ് എന്നാരോപിക്കപ്പെട്ട് തടവിലാക്കപ്പെട്ടിരുന്ന ജി.എൻ. സായിബാബയുടെ പ്രതിരോധത്തിന് സമിതി രൂപീകരിച്ചു, റോണാ വിൽസൺ പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട് എഴുതിയ കത്ത് ഹനി ബാബുവിന്റെ ലാപ്ടോപ്പിൽ നിന്ന് ലഭിച്ചു. ബോംബെ ഹൈക്കോടതി ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അടിസ്ഥാന വർഗ്ഗത്തിന്റെ അവകാശങ്ങൾക്കായി നിയമപരമായും ജനാധിപത്യരീതികൾ അവലംബിച്ചും പോരാടുന്ന ആക്ടിവിസ്റ്റുകളെയാണ് തെരഞ്ഞുപിടിച്ച് ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർത്തത്. ഏറെ പ്രസിദ്ധി നേടിയ ‘പാതാൾ ലോക്’ എന്ന വെബ്സീരീസിലെ കഥാതന്തുവിലെ പോലെ പരസ്പരം യാതൊരു ബന്ധവുമില്ലാത്തവരെ കൂട്ടിച്ചേർത്ത് ഒരു പോലീസ് കഥ മെനഞ്ഞതാണ് ഭീമ കൊറേഗാവ് കേസിലെ പ്രതിചേർക്കലുകളെന്ന് പുറത്തുവന്ന വസ്തുതകൾ വ്യക്തമാക്കുന്നു.
നരവംശ ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയുമായ അൽപ ഷാ രചിച്ച The Incarceration: Bhima Koregoan and the search for Democracy in India എന്ന അന്വേഷണാത്മക പുസ്തകം കെട്ടിച്ചമയ്ക്കപ്പെട്ട ബി കെ -16 കേസിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നു.

അർബൻ നക്സലുകൾ എന്ന വ്യാജ ആഖ്യാനം ആദ്യമേ സൃഷ്ടിച്ച് ആ ചരടിൽ പ്രതി ചേർക്കപ്പെട്ടവരെ കോർത്തിണക്കാൻ ശ്രമിച്ചിരിക്കുകയാണ്. 2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം ഹിന്ദുത്വ സമഗ്രാധികാരത്തിനെതിരെ ഉയരുന്ന വിമത ശബ്ദങ്ങളെയും കോർപറേറ്റുകളുടെ വിഭവ കൊള്ളയ്‌ക്കെതിരെ പൊരുതുന്ന ആദിവാസികളുമായി ഐക്യപ്പെടുന്നവരെയും ലക്‌ഷ്യം വെച്ചുകൊണ്ടുള്ള പ്രയോഗമാണ് അർബൻ നക്സൽ എന്നത്.

അൽപാ ഷായുടെ വസ്തുതപഠനവും വിശകലനവും ഇന്ത്യയിൽ കഴിഞ്ഞ പത്തുവർഷമായി ജനാധിപത്യത്തിനു സംഭവിക്കുന്ന ശോഷണത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടിയാകുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യ എന്ന രാജ്യത്ത് ഏറ്റവും ഹീനമായ രീതിയിലാണ് ജനാധിപത്യാവകാശങ്ങൾ ആക്രമിക്കപ്പെടുന്നത്. ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും ആദ്യത്തെ ക്ഷതമായി ഭീമ കൊറേഗാവ് കേസും അറസ്റ്റുകളും ഭാവിചരിത്രം വിലയിരുത്തും. അൽപാ ഷായുടെ വസ്തുതപഠനവും വിശകലനവും ഇന്ത്യയിൽ കഴിഞ്ഞ പത്തുവർഷമായി ജനാധിപത്യത്തിനു സംഭവിക്കുന്ന ശോഷണത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ചുള്ള അന്വേഷണം കൂടിയാകുന്നു.

ഭീമ കൊറേഗാവ് - എൽഗാർ പരിഷത്ത്

ഭീമ കൊറേഗാവ് (ബി.കെ) കേസിനിടയാക്കിയ സംഭവം നടക്കുന്നത് 2018 ജനുവരി ഒന്നിനാണ്. ഭീമ നദീതീരത്ത് കൊറേഗാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിജയസ്തംഭത്തിനടുത്ത് ദലിത് ജനത എല്ലാ വർഷവും രക്തസാക്ഷി ദിനാചരണം നടത്താറുണ്ട്. 1888 -ൽ പേഷ്വ ഭരണത്തിനെതിരെ പോരാടി മരിച്ച പൂർവികരുടെ ഓർമയ്ക്കായാണ് ഈ ചടങ്ങ് നടത്തുന്നത്. ഉന്നത ജാത്യാധിപത്യത്തിനെതിരെ കീഴോർ സമൂഹം നടത്തിയ പ്രഖ്യാതമായ പോരാട്ടമായാണ് മഹാരാഷ്ട്രയിലെ ദലിത് സമൂഹം ഭീമ കൊറേഗാവിൽ നടന്ന പേഷ്വാ രാജ്യഭരണത്തിനെതിരെയുള്ള യുദ്ധത്തെ കാണുന്നത്. പേഷ്വ ഭരണത്തിനെതിരെ ബ്രിട്ടീഷ് സർക്കാരിനൊപ്പം ചേർന്ന് യുദ്ധം നടത്തിയതിൽ ദലിത് ജനത അഭിമാനം കൊള്ളുന്നു. മഹർ വിഭാഗത്തിൽപ്പെട്ടവരാണ് ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നത്. ഈ പോരാട്ടത്തെ തുടർന്നാണ് പേഷ്വാ ഭരണം തകർച്ചയിലേക്ക് നീങ്ങിയത് എന്നാണ് ചരിത്രവസ്തുത. പോരാട്ടത്തിൽ വിജയിച്ചശേഷം അവിടെ നാട്ടിയ സ്തൂപത്തിന് 1892 -ലാണ് രാഷ്ട്രീയമായ പുതിയൊരർഥം കിട്ടിയത്.

1927 ജനുവരി ഒന്നിന് ഈ സ്തൂപത്തിനു സമീപം കൂടിയ മഹർ ജനതയെ ഡോ. അംബേദ്‌കർ അഭിസംബോധന ചെയ്തിരുന്നു. എല്ലാ വർഷവും സമാനമായ ഒത്തുചേരൽ നടത്താൻ ഡോ. അംബേദ്‌കർ ആഹ്വാനം ചെയ്തു.

2018 - ലെ അനുസ്മരണ പരിപാടിക്ക് ദലിത് വിഭാഗങ്ങളിൽനിന്ന് ആറു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അനുസ്മരണ പരിപാടി അലങ്കോലമാക്കപ്പെട്ടു. കലാപത്തിന് തിരികൊളുത്തിയത് കാവിക്കൊടി വീശി മോട്ടോർ ബൈക്കുകളിലെത്തിയ ആൾക്കൂട്ടമാണ്. ആൾക്കൂട്ടം "സാംബജി ബിഡേ വിജയിക്കട്ടെ" എന്നാക്രോശിച്ചിരുന്നു.

1927 ജനുവരി ഒന്നിന് ഭീമ നദീതീരത്ത് കൊറേഗാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിജയസ്തംഭത്തിനടുത്ത് കൂടിയ മഹർ ജനതയെ ഡോ. അംബേദ്‌കർ അഭിസംബോധന ചെയ്തിരുന്നു. എല്ലാ വർഷവും സമാനമായ ഒത്തുചേരൽ നടത്താൻ ഡോ. അംബേദ്‌കർ ആഹ്വാനം ചെയ്തു.

ദലിത് സമ്മേളനത്തിനെതിരെ നടന്ന ആസൂത്രിത കലാപശ്രമങ്ങൾക്കെതിരെ പ്രകാശ് അംബേദ്കറുടെ സംഘടന മഹാരാഷ്ട്രയിൽ വഴി തടയലിന് ആഹ്വാനം നൽകിയിരുന്നു.

കലാപത്തിന് അണിയറനീക്കം നടത്തിയത് മറാഠ മുന്നാക്ക ജാതി നേതാക്കളായ രണ്ടുപേരാണെന്ന് ആദ്യത്തെ പോലീസ് നടപടി വ്യക്തമാക്കുന്നു- മിലിന്ദ് എക്ബോതെയും സാംബാജി ബിഡേയും. ആരാധകർ സാംബാജിയെ ഗുരുജി എന്നാണ് ബഹുമാനപൂർവം വിളിച്ചിരുന്നത്. മിലിന്ദ് ഏക്ബോതെ കാവി രാഷ്ട്രീയപ്രവർത്തകനാണ്. മുമ്പും കലാപ കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയുമാണ്. ഗോ സംരക്ഷണ തീവ്രവാദി ഗ്രൂപ്പുകളുടെ നേതൃത്വ സ്ഥാനം ഇയാൾക്കാണ്. മിലിന്ദ് എക്ബോതെയും സാംബാജിയും ആദ്യം പ്രതികളായ കേസിന്റെ സ്വഭാവം പുനെ പോലീസ് പെട്ടെന്ന് മാറ്റിയെഴുതുകയായിരുന്നു. മാവോയിസ്റ്റുകളായി പ്രധാന ആസൂത്രകർ. കഥയുടെ പുനരെഴുതപ്പെട്ട ഉള്ളടക്കമനുസരിച്ച് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള യുദ്ധവും പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുമായി കേസിന്റെ കേന്ദ്രബിന്ദു.

ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ ആദിവാസി- ദലിത് അവകാശ സംരക്ഷണത്തിനും മനുഷ്യാവകാശ പോരാട്ടങ്ങളിലും ഐക്യപ്പെട്ടു പ്രവർത്തിച്ചവരെയാണ് ഈ കേസിൽ ഓരോ ഘട്ടങ്ങളിലുമായി അറസ്റ്റു ചെയ്യുന്നത്. ഇവരെയെല്ലാം ബന്ധപ്പെടുത്തി ഒരു കേസ് നിർമിക്കുകയായിരുന്നു.

2018 ഏപ്രിലിൽ ജെ.എൻ.യുവിൽ ഡോക്ടറൽ വിദ്യാർത്ഥിയായിരുന്ന റോണാ വിൽസനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. 2017 ഡിസംബറിൽ നടന്ന എലഗർ പരിഷത്താണ് കലാപത്തിന് പദ്ധതിയിട്ടതെന്നാണ് പുതിയ കേസ്. ഇത് സംബന്ധിച്ച സാക്ഷിമൊഴികളെ അടിസ്ഥാനമാക്കിയാണ് എഫ് ഐ ആർ തയ്യാറാക്കിയത്. മാവോയിസ്റ്റുകളാണ് എലഗർ പരിഷത്തിന്റെ ചരടുവലി നടത്തിയതെന്നാണ് കുറ്റരോപണം. റോണാ വിത്സന്റെ അറസ്റ്റിന് ഏഴു മാസങ്ങൾക്കുശേഷം സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗത്, ഷോമ സെൻ എന്നിവരെയും അറസ്റ്റു ചെയ്തു. അർബൻ നക്സലിസമാണ് ആരോപിക്കപ്പെട്ട കുറ്റം.

എലഗർ പരിഷത്തിൽ നടന്നതെന്താണെന്നു അൽപ ഷാ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മഹാരാഷ്ട്ര ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സാവന്താണ് ഇതിന്റെ പ്രധാന സംഘാടകൻ. മഹാരാഷ്ട്ര ഹൈകോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് കോസ്‌ലെ പാട്ടീലും സംഘടകരിലൊരാളാണ്. എലഗർ പരിഷത് നടന്ന ദിവസം അസുഖബാധിതനായതിനാൽ ജസ്റ്റിസ് സാവന്ത് പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. മഹാരാഷ്ട്രയിലെ ദലിത് സംഘടനകളാണ് എൽഗാർ പരിഷത്തിൽ പങ്കെടുത്തത്. അതിക്രമിച്ചുകയറുന്ന ഹിന്ദുത്വ വലതുപക്ഷത്തെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യവും ഈ പരിപാടി മുന്നോട്ടുവെച്ചിരുന്നു. ജിഗ്നേഷ് മേവാനിയും രാധിക വെമുലയും പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കബീർ കലാമഞ്ച് പരിപാടികൾ നടത്തിയിരുന്നു.

2018 - ൽ ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കുന്നതിന് ഒരു മാസം മുമ്പേ, ജൂലൈയിൽ ജാർഖണ്ഡ് സർക്കാർ 19 പേർക്കൊപ്പം സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു.

ദലിത് വിഭാഗത്തിൽ നിന്നുള്ള രമേശ് ഗെയ്‌ച്ചോർ, സാഗർ ഗോർഖേ എന്നിവർ ജ്യോതി ജഗതാപ് കബീർ കലാ മഞ്ചിൽ പ്രവർത്തിച്ചവരാണ്. അവരെയും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തു. പരസ്പരബന്ധമില്ലാത്ത എലഗർ പരിഷത് പരിപാടിയും ഭീമ കൊറേഗാവ് അനുസ്മരണവും ചേർത്താണ് കേസ് തയ്യാറാക്കിയത്. തുടർന്ന് ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയവരെയും മാധ്യമങ്ങളിൽ ലേഖനം എഴുതിയവരെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു.

2018 - ൽ ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർക്കുന്നതിന് ഒരു മാസം മുമ്പേ, ജൂലൈയിൽ ജാർഖണ്ഡ് സർക്കാർ 19 പേർക്കൊപ്പം സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. പെസ (PESA) നിയമമനുസരിച്ച് ആദിവാസികൾ സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനെ പിന്തുണച്ചതിനാണ് സ്റ്റാൻ സ്വാമിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. ഏതാണ്ട് ഒരു മാസം പിന്നിട്ട് ആഗസ്റ്റിലാണ് സ്റ്റാൻ സ്വാമി താമസിക്കുന്ന ബാഗെയ്ച്ചയെ പോലീസ് വളയുന്നത്. മൊബൈൽ ഫോണും ഏതാനും സി ഡി കളും പോലീസ് അവിടെ നിന്നുമെടുത്തു. സ്റ്റാൻ സ്വാമി അപ്പോൾ തന്നെ മനുഷ്യാവകാശ കേസുകൾ വാദിക്കുന്ന മിഹിർ ദേശായിയെ ബന്ധപ്പെട്ടതായി മിഹിർ ദേശായി അൽപ ഷായോട് പറയുന്നുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് ഏതാനും പോലീസുകാർ തന്നെത്തേടിയെത്തിയിരിക്കുകയാണെന്നും അവർ ഭീമ കൊറേഗാവ് കേസിനെ പറ്റി അന്വേഷിക്കുകയാണെന്നും സ്റ്റാൻ സാമി മിഹിർ ദേശായിയോട് പറയുന്നു. എന്താണ് ഭീമ കൊറേഗാവ് എന്നന്വേഷിക്കാനാണ് മിഹിർ ദേശായിയെ സ്റ്റാൻ സ്വാമി വിളിക്കുന്നത്. സ്റ്റാൻ സ്വാമിക്ക് ഭീമ കൊറേഗാവ് എന്താണെന്നറിയില്ല എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ത്യയുടെ വ്യത്യസ്ത പ്രദേശങ്ങളിൽ ആദിവാസി- ദലിത് അവകാശ സംരക്ഷണത്തിനും മനുഷ്യാവകാശ പോരാട്ടങ്ങളിലും ഐക്യപ്പെട്ടു പ്രവർത്തിച്ചവരെയാണ് ഈ കേസിൽ ഓരോ ഘട്ടങ്ങളിലുമായി അറസ്റ്റു ചെയ്യുന്നത്. ഇവരെയെല്ലാം ബന്ധപ്പെടുത്തി ഒരു കേസ് നിർമിക്കുകയായിരുന്നു.

എന്തുകൊണ്ട് ബി കെ -16?

അൽപ ഷാ പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്ന ഒരു തലം, എന്തുകൊണ്ടാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ആദിവാസി ജനവിഭാഗത്തിന്റെ ഉന്നമനത്തിനും അവകാശ നിഷേധങ്ങൾക്കുമെതിരെ പോരാടുന്നവരെ ഒരേ കേസിൽ പ്രതിയാക്കി എന്നതാണ്. ഇവർ തമ്മിലുള്ള പരസ്പരംബന്ധം അവ്യക്തമാണ്.

ആദിവാസി മേഖലയിലെ ധാതുവിഭവങ്ങൾ ഖനനം ചെയ്തെടുക്കാൻ കോർപറേറ്റുകൾക്ക് ആദിവാസികളെ അവിടെ നിന്ന് പിഴുതുമാറ്റേണ്ടതുണ്ട്. അതിനായി ഭരണകൂടത്തിന്റെ സർവശക്തിയും ഉപയോഗിക്കുന്നു. കോർപറേറ്റുകളുടെ വിഭവക്കൊള്ളയെ സഹായിക്കാനും ആദിവാസികളെ ഭയത്തിന്റെ മുൾമുനയിൽ നിർത്താനുമാണ് സർക്കാരുകൾ നിലകൊണ്ടത്. എന്നാൽ ആദിവാസികളുടെ പ്രതിരോധത്തെ നേരിടുക പ്രായോഗികമായി എളുപ്പമല്ല. മാവോയിസ്റ്റ് പിന്തുണ ആദിവാസികൾക്കുണ്ട്. മാവോയിസ്റ്റുകളുടെ മാത്രമല്ല മനുഷ്യാവകാശ സംഘടനകളും ആദിവാസികൾക്കുവേണ്ടി നിയമ പോരാട്ടം നടത്തുന്നു. ഇതിനെ തകർക്കാൻ ആദിവാസി മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവർക്കെതിരെയും സ്വാധീനമുള്ളവർക്കെതിരേയും വ്യാജ കേസ് ചമച്ച് അകത്തിടുക എന്ന പോംവഴിയിലേക്കാണ് അതാതിടങ്ങളിലെ സർക്കാറുകൾ എത്തിച്ചേർന്നത്.

സുധാ ഭരദ്വാജ് Photo : Screenshot, The print

ഒരേസമയം ഏറ്റുമുട്ടറ്റൽ കൊലപാതകങ്ങളിലൂടെ മാവോയിസ്റ്റുകളെ വധിക്കുകയും ഇതിന്റെ ഭാഗമായി ആദിവാസി മേഖലയിൽ ഭീതി പരത്തുകയും മനുഷ്യാവകാശ പ്രവർത്തകരെ ജയിലിലേക്ക് അയയ്ക്കുകയുമാണ് കോർപറേറ്റുകളുടെ താല്പര്യം സംരക്ഷിക്കാൻ അതാതിടങ്ങളിലെ സർക്കാറുകൾ സ്വീകരിച്ച ഉപായം.

സുധാ ഭരദ്വാജ്, സ്റ്റാൻ സ്വാമി, മഹേഷ് റൗത് എന്നിവർ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത തലങ്ങളിൽ ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. സുധ ഭരദ്വാജിന്റെ രാഷ്ട്രീയ പ്രവർത്തന ചരിത്രംഅൽപ ഷാ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ആദിവാസി മേഖലയിൽ ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ സജീവമാകുകയായിരുന്നു സുധ. ശങ്കർ ഗുഹ നിയോഗിയുടെ ഛത്തിസ്ഗഢ് മുക്തി മോർച്ചയുടെ പ്രവർത്തകയായാണ് സുധ ട്രേഡ് യൂനിയൻ രംഗത്തേക്ക് വരുന്നത്. കാൺപൂർ ഐ ഐ റ്റിയിൽ വിദ്യാർത്ഥിയായിരിക്കെയാണ് അവർ ശങ്കർ ഗുഹാ നിയോഗിയുടെ പ്രവർത്തനത്തിൽ ആകൃഷ്ടയായത്. ഖനി മാഫിയ ശങ്കർ നിയോഗിയെ വധിച്ചതിനെതുടർന്നുണ്ടായ അരക്ഷിതാവസ്ഥയിലും ഖനി തൊഴിലാളികൾക്കൊപ്പം അവർ ഉറച്ചുനിന്നു. പിന്നീട് അഭിഭാഷകയായി. തൊഴിലാളികളുടെ കേസുകളാണ് അവർ ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും ശക്തരായ കുത്തകളുടെ മനുഷ്യാവകാശ ലംഘനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യുക വഴി ഭരണകൂടവുമായുള്ള അവരുടെ രഹസ്യബാന്ധം തുറന്നുകാണിക്കപ്പെട്ടു. ഇത് സർക്കാരിനും കോർപറേറ്റുകൾക്കും കനത്ത ക്ഷീണമായി. അതോടെ പണവും അധികാരശക്തിയുമുള്ള ശത്രുനിര സുധയോട് കണക്കു തീർക്കാൻ തയ്യാറായി കഴിഞ്ഞിരുന്നു.

ഛത്തീസ്ഗഡിലെ ഖനന മേഖലയിലെ ട്രേഡ് യൂണിയൻ- മനുഷ്യാവകാശ പ്രവർത്തനങ്ങളും പിന്നീട് അഭിഭാഷക എന്ന നിലയിൽ നടത്തിയ നിയമപോരാട്ടങ്ങളും ഭരണകൂടത്തിനും കോർപ്പറേറ്റുകൾക്കും കനത്ത നഷ്ടം വരുത്തിയതാണ് സുധയ്ക്കെതിരെ തിരിയാൻ അവരെ പ്രേരിപ്പിച്ചത്.

ആദിവാസി മേഖലയിലെ ധാതുവിഭവങ്ങൾ ഖനനം ചെയ്തെടുക്കാൻ കോർപറേറ്റുകൾക്ക് ആദിവാസികളെ അവിടെ നിന്ന് പിഴുതുമാറ്റേണ്ടതുണ്ട്. അതിനായി ഭരണകൂടത്തിന്റെ സർവശക്തിയും ഉപയോഗിക്കുന്നു.

ജാർഖണ്ഡിൽ ആദിവാസികളെ ശാക്തീകരിക്കാൻ സ്റ്റാൻ സ്വാമി നടത്തിയ പരിശ്രമങ്ങളാണ് ഈ ജെസ്യൂട്ട് പാതിരയെ അർബൻ നക്സൽ എന്നു മുദ്രയടിച്ച് കാരാഗൃഹത്തിലടക്കാൻ ഭരണകൂടത്തിന് പ്രേരകമായത്. അൽപ ഷാ എഴുതുന്നു: "സുധ ഭരദ്വാജിനെയും സ്റ്റാൻ സ്വാമിയെയും ലക്ഷ്യം വച്ചതിനുപുറകിലെ ലക്ഷ്യം ആദിവാസി ജനവിഭാഗങ്ങളെയും അവരുടെ വനാവകാശങ്ങളെയും സംരക്ഷിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളെയും മനുഷ്യാവകാശ പ്രവർത്തകരെയും നിശ്ശബ്ദമാക്കുകയായിരുന്നു. ഹിന്ദു വലതുപക്ഷത്തിനെതിരെ പോരാടുന്ന മറ്റൊരു ന്യുനപക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ദലിത് ന്യൂനപക്ഷത്തിന്റെ ജൈവബുദ്ധിജീവികളെയും മനുഷ്യാവകാശപ്രവർത്തകരെയും കേസിൽ പ്രതി ചേർത്തത്’’.

ഗഡ്‌ചിറോളി മാവോയിസ്റ്റ് വേട്ട നടക്കുന്ന സമയത്ത് വാർത്താ കുറിപ്പിലൂടെയെങ്കിലും അതിനെ ചോദ്യം ചെയ്യാനും പ്രതികരിക്കാനും വി.എസ്. അച്ചുദാനന്ദനുണ്ടായിരുന്നു കേരളത്തിൽ. ബസ്തറിലെ ആദിവാസി മേഖലയിൽ ഈയടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലുകളിൽ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ സമ്പൂർണ നിശ്ശബ്ദതയായിരുന്നു എവിടെയും.

ഗൗതം നവലാഖ ഭരണകൂടത്തിന്റെ ശത്രുവാകാൻ പ്രാഥമിക കാരണമായി അൽപ ഷാ പറയുന്നത് കശ്മീരിൽ ഇന്ത്യൻ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചു പ്രതികരിക്കുകയും എഴുതുകയും ചെയ്തു എന്നതാണ്. ഹിന്ദുത്വ ഭരണകാലത്ത് അംബേദ്‌കർ പ്രസ്ഥാനങ്ങൾക്ക് സൈദ്ധാന്തികതലത്തിൽ ആശയപരമായ ദിശാബോധം നൽകുന്ന പ്രവർത്തനങ്ങളിലാണ് ആനന്ദ് തെൽതുംബ്ദെ പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇ പി ഡബ്ള്യുവിൽ എഴുതിയിരുന്ന 'മാർജിൻ സ്പീക്ക്' എന്ന കോളത്തിലൂടെ വിമർശനാത്മക സാമൂഹ്യശാസ്ത്രത്തെ മർദിത ജനവിഭാഗത്തിന്റെ അവകാശപോരാട്ടങ്ങളുമായി ബന്ധപ്പെടുത്തി പ്രാക്സിസിലൂന്നിക്കൊണ്ടുള്ള പുതിയ സൈദ്ധാന്തിക മുന്നേറ്റങ്ങൾക്ക് വഴി തുറക്കുകയായിരുന്നു മാനേജ്‌മെന്റ് പ്രഫസർ കൂടിയായ ആനന്ദ്. തീർച്ചയായും ഭരണകൂടത്തിന്റെ നോട്ടപുള്ളിയായ ആനന്ദിനെതിരെ ഉന്നയിക്കപ്പെട്ട ഒരു കുറ്റാരോപണം വിചിത്രമായിരുന്നു. മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളി ആദിവാസി മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനത്തിനു നേതൃത്വം കൊടുത്തിരുന്നത് ആനന്ദിന്റെ സഹോദരൻ മിലിന്ദ് തെൽതുംബ്ദെയായിരുന്നു എന്നതായിരുന്നു ആ ആരോപണം. ഗഡ്‌ചിറോളിയിൽ നടന്ന മാവോയിസ്റ്റ് വേട്ടയിൽ മിലിന്ദ് കൊല്ലപ്പെട്ടു.

വി.എസ് അച്യുതാനന്ദൻ

ഗഡ്‌ചിറോളി മാവോയിസ്റ്റ് വേട്ടയെക്കുറിച്ച് അൽപ ഷാ പ്രതിപാദിക്കുന്നുണ്ട്. ഈയിടെ നടന്ന ഒരു സംഭവം കൂടി സൂചിപ്പിക്കട്ടെ. ഗഡ്‌ചിറോളി മാവോയിസ്റ്റ് വേട്ട നടക്കുന്ന സമയത്ത് വാർത്താ കുറിപ്പിലൂടെയെങ്കിലും അതിനെ ചോദ്യം ചെയ്യാനും പ്രതികരിക്കാനും വി.എസ്. അച്ചുദാനന്ദനുണ്ടായിരുന്നു കേരളത്തിൽ. ബസ്തറിലെ ആദിവാസി മേഖലയിൽ ഈയടുത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലുകളിൽ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ സമ്പൂർണ നിശ്ശബ്ദതയായിരുന്നു എവിടെയും. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബാഗേൽ പ്രതികരിച്ചതൊഴിച്ചാൽ ഒരു രാഷ്ട്രീയ പാർട്ടിയും പ്രതികരിക്കാൻ തയ്യാറായില്ല. പ്രാദേശിക പാർട്ടികളായി സങ്കോചിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വോട്ടുബാങ്കിനെ മുൻനിർത്തിയല്ലാതെ ദേശീയമോ അന്തർദേശീയമോ ആയ സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയുമില്ല. മാത്രവുമല്ല, അത്തരം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു പ്രതികരിക്കാൻ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്ക് കഴിയുകയുമില്ല. അതൊക്കെ പോട്ടെ, അറിയപ്പെടുന്ന സാംസ്കാരിക മഹാമനീഷികളായ ഇടതുപക്ഷ ഫാഷിസ്റ്റു വിരുദ്ധരും പ്രതികരിച്ചില്ല.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് ബി.കെ -16 ലേക്ക് അവസാനം കണ്ണിചേർക്കപ്പെട്ട വ്യക്തിയാണ് ദൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഹനി ബാബു. അൽപ ഷാ തന്റെ പുസ്തകത്തിൽ ഹനി ബാബുവിന്റെ അറസ്റ്റ് വിശദീകരിക്കുന്ന അധ്യായത്തിനു നൽകിയിരിക്കുന്ന തലവാചകം ‘ഇംഗ്ലീഷ് പ്രഫസർക്കെതിരെ അന്ധാളിപ്പിക്കുന്ന (curios) കേസ്’ എന്നാണ് (Curios case of a Delhi University Professor).

ഹനി ബാബു Photo : Delhi University

ഹനി ബാബുവിനെ എൽഗാർ പരിഷത്തും ഭീമ കൊറെഗാവുമായി ബന്ധപ്പെടുത്താൻ പ്രത്യക്ഷത്തിൽ ഒന്നുമുണ്ടായിരുന്നില്ല. ഹനി ബാബു ദലിത് പക്ഷ കാഴ്ചപ്പാടാണ് തന്റെ അക്കാദമിക മേഖലയായ ഭാഷാശാസ്ത്ര അന്വേഷണങ്ങളിൽ സ്വീകരിച്ചിരുന്നത്. സഹപ്രവർത്തകനായ ജി.എൻ. സായിബാബയുടെ ജയിൽമോചനത്തിനും അദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു. സായിബാബയുടെ അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലങ്ങിനെയും ബി.കെ. കേസിൽ പ്രതി ചേർത്തിരുന്നു എന്ന വസ്തുതയുമുണ്ട്. ഹനി ബാബുവിന്റെ അറസ്റ്റിനിടെ, അദ്ദേഹം ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും പോലീസ് കൊണ്ടുപോയി. ഹനി ബാബുവിന്റെ ലാപ്ടോപ്പിലേക്ക് തുരന്നുകയറി ‘തെളിവ്’ എന്ന നിലയിൽ ആവശ്യമുള്ളതെന്തോ, അത് സ്ഥാപിച്ചുവെന്ന ഗുരുതര വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. സർവൈലൻസ് ഭരണകൂടത്തിന്റെ ഗൂഢ പ്രവർത്തനങ്ങൾ ബി.കെ. കേസ് ഫ്രെയിം ചെയ്യുന്നതിൽ വ്യക്തമാണ്. സർവൈലൻസ് സ്റ്റേറ്റിന്റെ ഭീതിതമായ പ്രവർത്തനത്തെപ്പറ്റി ആശങകയുയർത്തുന്ന ഒട്ടേറെ വസ്തുതകൾ അൽപ ഷാ വെളിപ്പെടുത്തുന്നുണ്ട്.

സോഫ്റ്റ്‌വെയർ അധിനിവേശം

സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറിൽനിന്ന് ‘കണ്ടെടുക്കപ്പെട്ട' രേഖകൾ കമ്പ്യൂട്ടർ ഡ്രൈവിലേക്ക് സന്നിവേശിപ്പിച്ചതാണെന്ന് വിദേശ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നതിനുമുമ്പേ ഗാർഡിയനും വാഷിംഗ്‌ടൺ പോസ്റ്റും റോണാ വിത്സന്റെ ലാപ്ടോപും ചാര സോഫ്റ്റുവെയറുകളുടെ നിയന്ത്രണത്തിലായിരുന്നുവെന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹനി ബാബുവിനെതിരെ പ്രത്യേകിച്ചൊരു കുറ്റവും ചുമത്താനില്ലാതിരുന്നിട്ടും റോണാ വിത്സനെതിരെ തെളിവുണ്ടാക്കാനാണ് ഹനി ബാബുവിനെ കേസിൽ പ്രതി ചേർക്കുന്നത്. കുറ്റാരോപണത്തിനുള്ള കാരണമായി എൻ ഐ എ ഹനി ബാബുവിന്റെ ലാപ്ടോപ്പിൽ നിന്ന് 'കണ്ടെത്തിയ’ കത്തു തന്നെയാണ് തെളിവായി പരിഗണിക്കുന്നത്. ഹനി ബാബുവിന്റെ ലാപ്ടോപ്പിലും നുഴഞ്ഞുകയറി ‘തെളിവു’കൾ സ്ഥാപിച്ചിരുന്നു. അൽപ ഷായുടെ പുസ്തകത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് ചാര സോഫ്റ്റ്‌വെയർ ലാപ്ടോപ്പിലേക്ക് തിരുകിക്കയറ്റിയത് എങ്ങനെയെന്ന വിഗദ്ധരുടെ വിശദീകരണം. നമ്മെ ഒരേ സമയം ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന വിവരങ്ങളാണ് വിദഗ്ദ്ധർ പങ്കുവെയ്ക്കുന്നത്.

പണം കൊടുത്ത് ഹാക്കർ സംഘങ്ങളെ ഉപയോഗപ്പെടുത്തി ലാപ്ടോപ്പിലേക്ക് ‘തെളിവുകൾ’ തിരുകിക്കയറ്റുന്ന തികച്ചും ദുരൂഹമായ പ്രവർത്തനം പോലീസ് അറിവോടെ നടന്നിരുന്നുവെന്ന് അൽപ ഷാ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നു.

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയറായ 'പെഗാസസ്' കേന്ദ്ര സർക്കാർ വാങ്ങിയിരുന്നുവെന്നും ഇന്ത്യയിലെ പ്രധാന മാധ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും മൊബൈൽ ഫോണുകൾ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തി സർവൈലൻസിന് വിധേയമാക്കിയിരുന്നുവെന്നുമുള്ള വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് സുപ്രിം കോടതി നിർദേശത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചു. പെഗാസസ് സോഫ്റ്റ്‌വെയർ കേന്ദ്ര സർക്കാർ ഉപയോഗിച്ചതിനെ സംബന്ധിച്ച ദുരൂഹതകൾ ഇപ്പോഴും തുടരുന്നു.

സമാനമായ വിധം പണം കൊടുത്ത് ഹാക്കർ സംഘങ്ങളെ ഉപയോഗപ്പെടുത്തി ലാപ്ടോപ്പിലേക്ക് ‘തെളിവുകൾ’ തിരുകിക്കയറ്റുന്ന തികച്ചും ദുരൂഹമായ പ്രവർത്തനം പോലീസ് അറിവോടെ നടന്നിരുന്നുവെന്ന് അൽപ ഷാ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിവരിക്കുന്നു. ആഗോളതലത്തിൽ പണം വാങ്ങി സൈബർ ക്വട്ടേഷൻ സംഘങ്ങളെപോലെ (mercenary gang) പ്രവർത്തിക്കുന്ന ഹാക്കർ സംഘങ്ങളുടെ പ്രവർത്തനരീതിയെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്.

അൽപ ഷായുടെ പുസ്തകത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് ചാര സോഫ്റ്റ്‌വെയർ ലാപ്ടോപ്പിലേക്ക് തിരുകിക്കയറ്റിയത് എങ്ങനെയെന്ന വിഗദ്ധരുടെ വിശദീകരണം. നമ്മെ ഒരേ സമയം ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന വിവരങ്ങളാണ് വിദഗ്ദ്ധർ പങ്കുവെയ്ക്കുന്നത്.

പെഗാസസ്സ് ചാര സോഫ്ട്‍വെയറിന്റെ അധിനിവേശ സ്വഭാവത്തെക്കുറിച്ച് അൽപ ഷാ ഇപ്രകാരം രേഖപ്പെടുത്തുന്നു: "ഫോണിനെ പെഗാസസ് സെയ്‌വെയർ ബാധിച്ചാൽ കമ്പ്യൂട്ടർ ഹാക്കിംഗ് പോലെ, ആക്രമണകാരികൾക്ക് നുഴഞ്ഞുകയറി സംഭാഷണങ്ങൾ ​കേൾക്കാനും ടെക്‌സ്‌റ്റുകൾ വായിക്കാനും ഒരു വ്യക്തിയുടെ സ്ഥാനം ട്രാക്കുചെയ്യാനും അതിൽ നിന്ന് ഏത് ഡാറ്റയും ശേഖരിക്കാനും റെക്കോർഡറും ക്യാമറയും നിയന്ത്രിച്ച് ഫോൺ കേൾക്കാനും വീഡിയോ റെക്കോർഡിംഗ് ഉപകരണമായി ഉപയോഗിക്കാനും കഴിയും. ഒരിക്കലും ഒരു സന്ദേശത്തിലും ക്ലിക്ക് ചെയ്യാതെ തന്നെയും ഇൻകമിംഗ് കോൾ എടുക്കാതെയും ഫോണിലേക്കു നുഴഞ്ഞുകയറാൻ കഴിയും. ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ഒരിക്കലും അറിയാൻ കഴിയുകയുമില്ല’’.

റോണാ വിത്സന്റെ ലാപ്ടോപ്പ് ഹാക്ക് ചെയ്തവരും പുനെ പോലീസും തമ്മിലുള്ള സാങ്കേതിക കണക്ഷനെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് അൽപ ഷാ നൽകുന്നത്. ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ സൈബർ സുരക്ഷാ വിദഗ്ദരുടെ അന്വേഷണ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് അൽപ ഷാ കമ്പ്യൂട്ടർ നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ‘മോഡിഫൈസ് എലഫന്റ്’ എന്ന ഹാക്കർ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തിൽ: ".. വ്യക്തമല്ലാത്ത പല കാര്യങ്ങളും ഇപ്പോൾ എനിക്ക് മനസ്സിലായി.
1. റോണയുടെ അക്കൗണ്ട് അയാൾ മാത്രമല്ല, അതേ ഐ.പി വിലാസത്തിൽ നിന്ന് ആക്‌സസ് ചെയ്‌തത് ഹാക്കർ ഗ്രൂപ്പായ ‘മോഡിഫൈഡ് എലിഫൻ്റ്’ ആണെന്ന് തിരിച്ചറിഞ്ഞു.
2. 2018 ഏപ്രിലിൽ പൂനെ സിറ്റി പോലീസ് ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തശേഷം, അടുത്ത മാസം അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ്, മറ്റ് ഇരകളെ ഹാക്ക് ചെയ്യുന്നതിനായി റോണയുടെ ഇ മെയിൽ വിലാസത്തിൽ നിന്ന് ക്ഷുദ്രവെയറുകൾ (malware) സഹിതം പോയ ഫൈസിങ് (phising) ഇ-മെയിലുകളും അതിൽ നിന്ന് അയച്ചിരുന്നു. മോഡിഫൈഡ് എലെഫന്റ് എന്ന വാടയ്ക്കെടുത്ത ഹാക്കർ ഗ്രൂപ്പിന്റെ ഐ.പി യിൽ നിന്നാണ് ഇത് ഉത്ഭവിച്ചിട്ടുള്ളത്.
3. റോണയുടെ ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്ത സമയത്ത്, പൂനെ പോലീസ് അന്വേഷകൻ ശിവാജി പവാറിൻ്റെ ഇ മെയിൽ വിലാസവും ഫോൺ നമ്പറും റോണയുടെ ഇ മെയിൽ അക്കൗണ്ടിൻ്റെ റിക്കവറി (recovery) വിലാസമായി ചേർത്തുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. മോഡിഫൈഡ് എലെഫന്റ്റ് എന്ന വാടക ഹാക്കർ ഗ്രൂപ്പിന്റെ ഐ.പിയിൽ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്. റിക്കവറി മെയിൽ (recovery) ആരാണോ മാറ്റിയത് അയാൾ തന്നെയാണ് ഫൈസിങ് മെയിലുകളും അയച്ചിട്ടുള്ളത്. പൂനെ സിറ്റി പോലീസും ഹാക്കർ ഗ്രൂപ്പും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തിന്റെ സൂചനയാണിത്’’.

ഭീമ കൊറേഗാവ് കേസിൽ തടവുകാരെക്കുറിച്ചുള്ള അന്വേഷണം ഭരണകൂടങ്ങൾ നടത്തുന്ന വിപുലമായ സോഫ്റ്റ്‌വെയർ ചാരവൃത്തിയിലേക്കാണ് അവരെ നയിച്ചത്.

ഭരണകൂടം പൗരരുടെ സ്വകാര്യതയിലേക്ക് ഒളിനോക്കുക മാത്രമല്ല പൗരരുടെ ഡിജിറ്റൽ ജീവിതം ട്രാക്ക് ചെയ്തും വിവരങ്ങൾ പിടിച്ചെടുത്തും അനധികൃതമായി വിവരങ്ങൾ ഡിജിറ്റൽ ഉപകരണങ്ങളിൽ നിവേശിപ്പിച്ചും പൗരജീവിതത്തെ സമഗ്രമായി തന്നെ സൂക്ഷ്മ നീരിക്ഷണത്തിനു വിധേയമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന കാര്യം ആകുലപ്പെടുത്തുന്നതാണ്. അൽപ ഷാ ഇതിൽ രേഖപ്പെടുത്തന്നതു പോലെ, ഭീമ കൊറേഗാവ് കേസിൽ തടവുകാരെക്കുറിച്ചുള്ള അന്വേഷണം ഭരണകൂടങ്ങൾ നടത്തുന്ന വിപുലമായ സോഫ്റ്റ്‌വെയർ ചാരവൃത്തിയിലേക്കാണ് അവരെ നയിച്ചത്. ഇന്ത്യൻ ഭരണകൂടത്തിന് 'മോഡിഫൈഡ് എലെഫന്റ്' എന്ന വാടക ഹാക്കർ ഗ്രൂപ്പുമായുണ്ടായിരുന്ന ബന്ധം എന്തായിരുന്നുവെന്നോ എന്താണെന്നോ ഒരിക്കലും വെളിപ്പെടാൻ പോകുന്നില്ല. ഈ ബന്ധം പുതിയ തലങ്ങളിലേക്ക് രൂപാന്തരപ്പെട്ടിട്ടുണ്ടാകാം. എന്നാൽ പൗരർക്കെതിരെയുള്ള സൈബർ യുദ്ധത്തിന്റെ പുതിയ മേഖലയാണ് അന്വേഷണത്തിലൂടെ വെളിപ്പെടുന്നത്. അത്യന്തം അപകടകരമായ ദിശയിലിലേക്കാണ് സൈബർ സൂക്ഷ്മനീരിക്ഷണങ്ങൾ ചെന്നെത്തിനിൽക്കുന്നത്. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഗൂഢ ഹാക്കർ സംഘങ്ങൾ പണം വാങ്ങി ഭരണകൂടത്തിനുവേണ്ടി നടത്തുന്ന ചാര പ്രവർത്തനം സ്വതന്ത്രവും സ്വച്ഛന്ദവുമായ ഡിജിറ്റൽ സംവേദനത്തെ ആദ്യന്തം അപകടത്തിലാക്കിയിരിക്കുന്നു.

ഭരണകൂടം പൗരരുടെ സ്വകാര്യതയിലേക്ക് ഒളിനോക്കുക മാത്രമല്ല പൗരരുടെ ഡിജിറ്റൽ ജീവിതം സൂക്ഷ്മ നീരിക്ഷണത്തിനു വിധേയമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന കാര്യം ആകുലപ്പെടുത്തുന്നതാണ്.

ഡിജിറ്റൽ ഉപകരണങ്ങൾ ഭരണകൂടത്തിന്റെയോ അല്ലെങ്കിൽ മറ്റൊരു സൈബർ ഗൂഢ സംഘത്തിന്റെയോ നിയന്ത്രണത്തിലാകാമെന്നുള്ള വസ്തുത ഏറെ ആശങ്കയുളവാക്കുന്നതാണ്. ജനാധിപത്യത്തോടും മനുഷ്യാവകാശങ്ങളോടും തരിമ്പും അനുഭാവം പുലർത്താത്തതും മനുഷ്യാവകാശം തന്നെ ദേശദ്രോഹപ്രവത്തനമായി കാണുന്നതുമായ രാഷ്ട്രീയ സംവിധാനത്തിൽ ആരും തന്നെ സുരക്ഷിതരല്ലെന്ന വസ്തുതയാണ് ഇതിലൂടെ വെളിവാകുന്നത്. ബി കെ -16 കേസിന്റെ മുഖ്യകേന്ദ്രമെന്നു പറയുന്നത്, അൽപ ഷാ സൂചിപ്പിക്കുന്നതുപോലെ, ഭരണകൂടത്തിന്റെ ഡിജിറ്റൽ അധിനിവേശമാണ്.

പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢപദ്ധതി?

ഭീമ കൊറേഗാവ് കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യപ്പെട്ടവരെ പരസ്പരം ബന്ധിപ്പിക്കാനും അവർക്കെതിരെയുള്ള കുറ്റം കൂടുതൽ ബലപ്പെടുത്താനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള ഗൂഢപദ്ധതിയിൽ ഇവരെല്ലാം കണ്ണിചേർന്നിരുന്നുവെന്ന വാദം പുനെ പോലീസ് ഉയർത്തുന്നത്. പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിടുക എന്നത് രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതുപോലെ ഗുരുതരമായ കുറ്റകൃത്യമായിരിക്കേ, യു.എ.പി.എ ചുമത്തി എൻ ഐ എക്ക് എത്ര കാലം വേണമെങ്കിലും തടവിലിടാൻ സാധിക്കും. ഇങ്ങനെ കുറ്റമാരോപിക്കപ്പെട്ട് ജയിലിലായിക്കഴിഞ്ഞാൽ ജാമ്യം ലഭിക്കുക എളുപ്പമാകില്ല എന്നു മാത്രമല്ല നിയമനടപടി തന്നെ വലിയ ശിക്ഷയായി മാറും.

റിപ്പബ്ളിക് ചാനലിന്റെ അർണാബ് ഗോസ്വാമിയാണ് 'സൂപ്പർ എക്സ്ക്ലൂസീവ് വാർത്ത’ എന്ന നിലയിൽ പതിവുശൈലിയിൽ അലറിക്കൊണ്ട്, പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢപദ്ധതിയെപ്പറ്റി പുനെ പോലീസിന്റെ കണ്ടെത്തലുകളെ അതേപടി ആവർത്തിച്ച് ആഖ്യാന പരമ്പര സൃഷ്ടിച്ചത്. തൊട്ടുപിറകിൽ എല്ലാ 'ഗോധി മാധ്യമങ്ങളും' വള്ളിപുള്ളി വിസർഗം തെറ്റിക്കാതെ ‘വസ്തുനിഷ്ഠ തെളിവുകൾ’ കണ്ടെത്തിയെന്ന വാദമുന്നയിച്ച് അറസ്റ്റുകൾക്ക് സാധൂകരണം നൽകി. കമ്പ്യൂട്ടറിൽ നിന്നും ലാപ്ടോപ്പിലും നിന്നും 'കണ്ടെത്തപ്പെട്ട' വിവരങ്ങളെ ആസ്പദമാക്കിയാണ് ഈ കഥ മെനഞ്ഞത്.

അർബൻ നക്സൽ എന്ന പ്രയോഗം കഴിഞ്ഞ ദിവസങ്ങളിൽ ആം ആദ്മി പാർട്ടിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചാർത്തി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനശേഷം ബി ജെ പി അധികാരത്തിലേക്ക് വരികയാണെങ്കിൽ ആം ആദ്മി പ്രവർത്തകർ ഏതു രീതിയിലാണ് ലക്ഷ്യം വെയ്ക്കപ്പെടാൻ പോകുന്നത് എന്നതിന്റെ സൂചന കൂടിയാണിത്.

മാവോയിസ്റ്റ് നേതാവ് കോമ്രേഡ് പ്രകാശിനെ അഭിസംബോധന ചെയ്തെഴുതിയ കത്തിലെ രണ്ടാമത്തെ പാരഗ്രാഫിലാണ് പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി പരാമർശിക്കപ്പെടുന്നത്. നരേന്ദ്ര മോദിയുടെ ആദിവാസി വിരുദ്ധ സമീപനങ്ങൾ എതിർക്കപ്പെണ്ടതാണെന്നും മാവോയിസ്റ്റ് പാർട്ടിയെ മുച്ചൂടും നശിപ്പിക്കുന്ന, വിമത ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യുന്ന മോദി സർക്കാരിനെതിരെ തിരിച്ചടിക്കണമെന്നും ഇത് രാജീവ് ഗാന്ധിയുടേതുപോലെ ഒരു സംഭവം സൃഷ്ടിച്ചുവേണമെന്നുമാണ് കോമ്രേഡ് പ്രകാശനെഴുതിയ കത്തിൽ പരാമർശിക്കുന്നത്. ഇതിനായി നരേന്ദ്ര മോദിയുടെ റോഡ് ഷോ ലക്ഷ്യം വെയ്ക്കാനും കത്തിൽ ആഹ്വാനം ചെയ്യുന്നു. പ്രധാന ചോദ്യം ഈ കത്ത് കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നതാണ്. കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നുള്ള അഭിപ്രായം മുമ്പേ ഉയർന്നിട്ടുള്ളതാണ്. ഈ അഭിപ്രായം പറഞ്ഞതാകട്ടെ മാവോയിസ്റ്റുകളോ മാവോയിസ്റ്റ് അനുഭാവികളോ അർബൻ നക്സലുകൾ എന്ന് മുദ്രകുത്തപ്പെട്ടവരോ അല്ല. വിദഗ്ദ്ധരും അറിയപ്പെടുന്ന മാധ്യമ എഡിറ്റർമാരുമാണ് കത്ത് കൃത്രിമമായി നിർമിച്ചതാണെന്ന വാദമുയർത്തിയത്. (അർബൻ നക്സൽ എന്ന പ്രയോഗം കഴിഞ്ഞ ദിവസങ്ങളിൽ ആം ആദ്മി പാർട്ടിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചാർത്തി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിനശേഷം ബി ജെ പി അധികാരത്തിലേക്ക് വരികയാണെങ്കിൽ ആം ആദ്മി പ്രവർത്തകർ ഏതു രീതിയിലാണ് ലക്ഷ്യം വെയ്ക്കപ്പെടാൻ പോകുന്നത് എന്നതിന്റെ സൂചന കൂടിയാണിത്).

ഭീമ കൊറേഗാവ് കേസിൽ എല്ലാവരെയും കണ്ണിചേർക്കുന്ന ഒരേയൊരു കാര്യമേ പൊതുവായിട്ടുള്ളൂ. മോദി ഭരണത്തെ ഇവരെല്ലാവരും ഫാഷിസ്റ്റ് എന്നാണ് നാമകരണം ചെയ്തതത്, എല്ലാവരും ഫാഷിസ്റ്റ് വിരുദ്ധ നിലപാടുള്ളവരുമായിരുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ ഇതൊരു കുറ്റമല്ല.

അൽപ ഷാ പ്രധാനമായും രണ്ടു വിദഗ്ധരുടെ അഭിപ്രായമാണ് ഇതിൽ ഉദ്ധരിക്കുന്നത്.
പ്രതിരോധ വിദഗ്ദ്ധനായ അജയ് സാഹ്നിയുടെയും പ്രമുഖ പത്രപ്രവർത്തകനായ പ്രേംശങ്കർ ജായുടെയും. ഈ കത്ത് ജുഡീഷ്യൽ പരിശോധനയ്ക്ക് വിശദമായി വിധേയമാകേണ്ടതാണെന്നു സൂചിപ്പിച്ച് അജയ് സാഹ്നി പറയുന്നത്, മാവോയിസ്റ്റ് രചനാശൈലിയുടെ ഒരു തരിമ്പും ഈ കത്തിലെ ഭാഷക്കും ഉള്ളടക്കത്തിനുമില്ല എന്നാണ്. മാവോയിസ്റ്റുകൾ ഇന്ത്യൻ ഭരണകൂടത്തിനെതിരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മൻമോഹൻ സിംഗിന്റെ സർക്കാരായാലും നരേന്ദ്ര മോദിയുടെ സർക്കാരായാലും മാവോയിസ്റ്റുകളുടെ ശത്രുപക്ഷത്താണ്. എല്ലാ തെരഞ്ഞെടുപ്പുകളും ബഹിഷ്‌ക്കരിക്കാൻ തന്നെയാണ് മാവോയിസ്റ്റുകൾ ആവശ്യപ്പെടുന്നത്. മാവോയിസ്റ്റുകളെ വേരോടെ പിഴുതെറിയണമെന്ന നിലപാട് ആദ്യം സ്വീകരിക്കുന്നത് മൻമോഹൻ സിങ്ങ് സർക്കാരാണ്. പ്രേം ശങ്കർ ജായുടെ നീരിക്ഷണം സാമാന്യ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഗൂഢ പദ്ധതിക്ക് ഒരുങ്ങിയവർ എന്തിനാണ് ഗൂഢ പദ്ധതിയെ അനാവരണം ചെയ്യുന്ന നിർണായകമായ 'കോമ്രേഡ് പ്രകാശിനുള്ള സന്ദേശം' ദീർഘനാൾ ലാപ്ടോപ്പിൽ സൂക്ഷിച്ചുവെയ്ക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. തെളിവുകളില്ലാതെ എത്രയും പെട്ടെന്ന് നശിപ്പിക്കാനായിരിക്കും അവർ സ്വാഭാവികമായും ശ്രമിക്കുക. 16 പേരെയും കണ്ണിചേർക്കാൻ മാത്രമായി കൃത്രിമമായി നിർമിക്കപ്പെട്ടതാണെന്ന അഭിപ്രായം യുക്തിബദ്ധമാണ്. 'കോമ്രേഡ് പ്രകാശ്' എന്ന വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായില്ല എന്നതാണ് മറ്റൊരു വിരോധാഭാസം.

ഭീമ കൊറേഗാവ് കേസ് ഫ്രെയിം ചെയ്ത രീതിയും ഇതിനായി തെളിവ് ശേഖരിക്കാൻ അവലംബിച്ച ഉപായങ്ങളും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നു.

അൽപ ഷാ സൂചിപ്പിക്കുന്നതുപോലെ ‘രാജ്യതാൽപ്പര്യത്തിനും പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കും വേണ്ടി മഹാരാഷ്ട്ര പോലീസ് ഈ അന്താരാഷ്ട്ര ഭീകരശൃംഖലയെ വീരോചിതമായി തകർത്തുവെന്ന പൊതുധാരണ സൃഷ്ടിക്കുക മാത്രമായിരുന്നു ലക്ഷ്യം’. ഈ ലക്ഷ്യത്തിനായി 16 പേരുടെ വ്യക്തിജീവിതമാണ് ഭരണകൂടം തടവിലാക്കിയത്. ഇതിൽ തന്നെ 84 വയസ്സുള്ള സ്റ്റാൻ സ്വാമിയ്ക്ക് ജീവിതം തന്നെ ബലി നൽകേണ്ടി വന്നു. ഈ കേസിൽ എല്ലാവരെയും കണ്ണിചേർക്കുന്ന ഒരേയൊരു കാര്യമേ പൊതുവായിട്ടുള്ളൂ. മോദി ഭരണത്തെ ഇവരെല്ലാവരും ഫാഷിസ്റ്റ് എന്നാണ് നാമകരണം ചെയ്തതത്, എല്ലാവരും ഫാഷിസ്റ്റ് വിരുദ്ധ നിലപാടുള്ളവരുമായിരുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ ഇതൊരു കുറ്റമല്ല. മാത്രമല്ല, വിവേകശാലികളായ എത്രയോ ഇന്ത്യക്കാർ ഈ അഭിപ്രായം പങ്കുവെയ്ക്കുന്നുവരും ഇത് തുറന്നു തന്നെ പറയുന്നവരുമാണ്.

ബി കെ -16 അറസ്റ്റുകൾ ജനാധിപത്യത്തിന് ഭീഷണി

ഭീമ കൊറേഗാവ് കേസ് ഫ്രെയിം ചെയ്ത രീതിയും ഇതിനായി തെളിവ് ശേഖരിക്കാൻ അവലംബിച്ച ഉപായങ്ങളും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നു. കേരളത്തിലെ പൗരജീവിതം പിന്തുടരുന്ന ജനാധിപത്യ വിശ്വാസം നൽകുന്ന ചില സൗകര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിന്ദുത്വ ഫാഷിസത്തിനെതിരെ ശബ്ദമുയർത്താൻ കേരളത്തിൽ നിന്ന് സാധിക്കുന്നത്. എന്നാൽ കേരളം പോലുള്ള സാമൂഹിക ജീവിതവ്യവസ്ഥയല്ല മറ്റിടങ്ങളിൽ. അവിടെ വിമതശബ്ദമുയർത്തുന്നവർ നേരിടേണ്ടിവരുന്ന ഭീഷണി കടുത്തതാണ്. 16 പേരുടെ അറസ്റ്റ് സൂചിപ്പിക്കുന്ന ഒരു യാഥാർഥ്യം കൂടിയാണിത്.

വൈകിയാണെങ്കിലും കോടതികൾ കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്തവരെ- ജി.എൻ. സായിബാബയുടെ കാര്യത്തിലെന്ന പോലെ- വെറുതെ വിടുന്നുണ്ട്. ചിലർക്ക് ഉന്നത നീതിപീഠം തന്നെ ജാമ്യ നൽകുന്നുണ്ട്.

എന്തുകൊണ്ട് 16 പേരെ കൃത്യമായി ലക്ഷ്യംവെച്ചു എന്ന ചോദ്യമുയരുന്നു. അൽപ ഷായുടെ പുസ്തകത്തിലുടനീളം കാണുന്നതുപോലെ അനീതിക്കും അസമത്വത്തിനുമെതിരായ ജനകീയ മുന്നേറ്റങ്ങൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുമ്പോൾ അവർക്കൊപ്പം നിന്നവരാണ് ‘ബി.കെ 16’. ജനാധിപത്യാവകാശങ്ങളിലെ വിശ്വാസമാണ് അവരെ നയിച്ചത്. കക്ഷിരാഷ്രീയ പക്ഷപാത പരിഗണകൾ വച്ചോ ഭാവിലാവണങ്ങളെ ലക്ഷ്യമാക്കിയോ അല്ല അവർ ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി പോരാടിയത്. അവർ സ്ഥിരമായി തന്നെ സമഗ്രാധികാര രാഷ്ട്രീയത്തിനെതിരായിരുന്നു.

അസമത്വത്തിനും അനീതിക്കുമെതിരായ അടിസ്ഥാനതല ആക്ടിവിസത്തിലുള്ള ഇവരുടെ പങ്കാണ് ഈ പുസ്തകം പുറത്തുകൊണ്ടുവരുന്നത്. ഇന്ത്യയിലെ ജനാധിപത്യമെന്നത് കേവലം തെരഞ്ഞെടുപ്പുകളോ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഔപചാരിക നിലപാടുകളോ മാത്രമല്ല. അതിലുപരി, അനീതിക്കും അസമത്വത്തിനുമെതിരായി അടിത്തട്ടു മനുഷ്യരോടൊപ്പം നിൽക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം കൂടിയാണ്. കക്ഷിരാഷ്ട്രീയ താല്പര്യങ്ങളോ പ്രേരണയോ അല്ല ജനാധിപത്യത്തെക്കുറിച്ചുള്ള ദൃഢബോധ്യമാണ് ഇവരുടെ രാഷ്ട്രീയ നിലപാടുകളുടെ അന്തഃസത്ത. ബി.കെ -16 എന്ന ജനാധിപത്യ അവകാശ പ്രവർത്തകർ പല അർത്ഥത്തിലും ഇന്ത്യയിലെ ജനാധിപത്യമെന്ന ശക്തിദുർഗത്തിന്റെ സംരക്ഷകരാണ്.

16 പേരെ വിചാരണ കൂടാതെയും ജാമ്യാപേക്ഷ നിഷേധിച്ചും തടവറയിലിടുക വഴി ജനാധിപത്യ അവകാശ പ്രവർത്തകരിൽ ഒരു പ്രധാന വിഭാഗത്തെ നിശ്ശബ്ദരാക്കാനും അവർ പിന്തുണ നൽകിയിരുന്ന സാമൂഹിക പ്രസ്ഥാനങ്ങളെ ഭയപ്പെടുത്താനുമാണ് ഭരണകൂടം ഉദ്യമിച്ചത്. അൽപ ഷായുടെ പുസ്തകത്തിൽ വെളിപ്പെടുത്തിയതുപോലെ ബി.കെ അറസ്റ്റുകൾക്കായി പോലീസ് തെളിവുകൾ കെട്ടിച്ചമച്ചതാണ്. പ്രധാന പ്രതികൾക്കെതിരെ മൊഴി കൊടുക്കാൻ വിസമ്മതിച്ചവരെയും കേസിൽ പ്രതി ചേർത്തു.

ജി.എൻ സായിബാബ

എൻ ഐ എയുടെ സമ്മർദ്ദമനുസരിച്ച് മൊഴി നല്കാൻ വിസമ്മതിച്ചവരെ - ഹനി ബാബു, രമേഷ് ഗെയ്‌ചോർ, സാഗർ ഘോർകെ തുടങ്ങിയവരെ, പിന്നീട് ജയിലിലടയ്ക്കുകയും ചെയ്തു. പലപ്പോഴും കോടതികൾ പോലും ഭരണകൂടത്തിനനുകൂലമായി നിലകൊള്ളുന്നതിനാൽ നീതി ലഭിക്കാൻ വൈകുന്നു. വൈകിയാണെങ്കിലും കോടതികൾ കൃത്രിമ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർത്തവരെ- ജി.എൻ. സായിബാബയുടെ കാര്യത്തിലെന്ന പോലെ- വെറുതെ വിടുന്നുണ്ട്. ചിലർക്ക് ഉന്നത നീതിപീഠം തന്നെ ജാമ്യ നൽകുന്നുണ്ട്. ജനാധിപത്യം നേരിടുന്ന കടുത്ത പ്രതിസന്ധികൾക്കിടയിലും ഉന്നത നീതിപീഠത്തിന്റെ ഇടപെടലുകൾ പ്രതീക്ഷ നൽകുന്നതാണ്. ഇന്ത്യൻ ഫാഷിസത്തിനെതിരെ ചെറുത്തുനില്പുകൾ ഒരു തിരഞ്ഞെടുപ്പുകൊണ്ട് അവസാനിക്കില്ല.

ഔപചാരിക ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഹിന്ദുത്വ ഫാഷിസം വളർന്നതും അധികാരത്തിലെത്തിയതും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലത്രയും മതവിദ്വേഷജനകമായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഭരണഘടനയെയും സാമൂഹിക ജീവിതത്തിൽ നിശ്ചയമായും പാലിക്കേണ്ട എല്ലാ സിവിൽ മര്യാദകളെയും ലംഘിക്കുകയാണ്. അതേസമയം അടിത്തട്ടിലേക്കിറങ്ങി​ച്ചെല്ലുന്ന ജനാധിപത്യ അവകാശങ്ങളുടേതായ മാർഗങ്ങൾ അവലംബിച്ചുകൊണ്ടുള്ള ബൃഹത്തായ പ്രതിരോധത്തിനുള്ള സാധ്യതകൾ കൂടി തെളിഞ്ഞുവരുന്നു. ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം ആത്യന്തികമായി നീതിയുടെ രാഷ്ട്രീയത്തെ പുനഃസ്ഥാപിക്കുക തന്നെ ചെയ്യും.

Comments