രാഷ്ട്രീയരംഗം ചൂടുപിടിച്ചുവരുന്ന ഈ സമയത്താണ് നാടകീയമായി ഒരു ദിവസം ബോഫോഴ്സ് ഇടപാട് സംബന്ധിച്ച കൂടുതൽ തെളിവുകൾ ഉണ്ണികൃഷ്ണൻ പാർലമെന്റിൽ ഉന്നയിച്ചത്. ആ സംഭവം ഉണ്ണികൃഷ്ണന്റെ വാക്കുകളിൽ:
“ബോഫോഴ്സ് വിവാദം കത്തിനിൽക്കുന്ന സമയത്ത് ഞാൻ സ്വീഡൻ സന്ദർശിക്കാനിടയായി. ബോഫോഴ്സ് ഇടപാട് പുറത്തുകൊണ്ടുവന്ന ദി ഹിന്ദുവിന്റെ ജനീവയിലെ കറസ്പോണ്ടന്റ് ചിത്രാസുബ്രഹ്‌മണ്യത്തെ ജനീവ സന്ദർശിച്ചപ്പോൾ കാണാനിടയായി. അവർ നേരത്തേ ഡൽഹിയിലുള്ളപ്പോൾ മുതൽ പരിചയമുണ്ട്. ഈ വാർത്ത ഹിന്ദുവിൽ വന്നപ്പോൾ ആദ്യം ആരും ഗൗരവമായി എടുത്തിരുന്നില്ല. നേരത്തേ ഡൽഹിയിൽ സ്വീഡന്റെ നയതന്ത്രപ്രതിനിധിയായി ജോലി ചെയ്ത പഴയ സുഹൃത്തിനെ അവിടെവെച്ചു കണ്ടു. അദ്ദേഹമാണ് ബോഫോഴ്സ് തോക്കിടപാട് സംബന്ധിച്ച് സുപ്രധാനമായ പുതിയ വിവരങ്ങൾ നൽകിയത്. ഞാൻ താമസിച്ച ഹോട്ടൽമുറിയിൽ എത്തിയ ഇദ്ദേഹം ഏറെ നേരം സംസാരിച്ചു. സംസാരത്തിനിടയിൽ അദ്ദേഹം രാജീവ് ഗാന്ധിയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. യുവനേതാവായ രാജീവിന് പരിചയക്കുറവുണ്ടെങ്കിലും നല്ല രീതിയിൽ പോവുന്നുണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു.
രാജീവിനെക്കുറിച്ച് താനും ധരിച്ചത് അങ്ങനെയാണെങ്കിലും ബോഫോഴ്സ് ഇടപാടുകൾ സംശയം ജനിപ്പിക്കുന്നതാണെ് എന്ന് അദ്ദേഹം പറഞ്ഞു. ഇടപാട് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ അദ്ദേഹം അടുത്ത ദിവസം വീണ്ടും കാണാമെന്ന് പറഞ്ഞാണ് രാത്രി പിരിഞ്ഞത്. അടുത്ത ദിവസം വീണ്ടും കണ്ടുമുട്ടിയപ്പോൾ അദ്ദേഹം സുപ്രധാനമായ ചില വിവരങ്ങൾ എനിക്കു കൈമാറി. ഇത് വെളിപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ റാം ജെഠ്മലാനി ബോഫോഴ്സ് ഇടപാട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടി സ്വീഡനിൽ പോയിരുന്നെങ്കിലും പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇന്ത്യയിലേക്കു മടങ്ങിയശേഷം സ്വീഡനിൽനിന്നു ലഭിച്ച പുതിയ വിവരങ്ങൾ രാഷ്ട്രതാത്പര്യം മാനിച്ച് പാർലമെന്റിൽ അവതരിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ സുഹൃത്തായ കെ.സി. പന്ത് ആയിരുന്നു അന്ന് പ്രതിരോധമന്ത്രി. സുപ്രധാനമായ പുതിയ വിവരങ്ങൾ ഞാൻ പാർലമെന്റിൽ ഉന്നയിച്ചത് രാജീവിനെ ഞെട്ടിച്ചു. ഈ വിവരങ്ങൾ എവിടുന്നു കിട്ടിയെന്ന് കോൺഗ്രസ്സിലെ പല സുഹൃത്തുക്കളും പാർലമെന്റിന് പുറത്തുവെച്ച് കണ്ടപ്പോൾ രഹസ്യമായി ചോദിച്ചു. ക്വത്റോക്കിക്കു നേരേ വിരൽചൂണ്ടുന്ന രേഖകളാണ് അന്ന് പാർലമെന്റിലൂടെ ഞാൻ പുറത്തുവിട്ടത്. സോണിയാഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഇറ്റലിക്കാരനായ വ്യവസായിയും ഇടപാടുകാരനുമാണ് ക്വത്റോക്കി. ഈ ആരോപണം ഉന്നയിക്കുന്നതിനും വർഷങ്ങൾക്കു മുമ്പ് ക്വത്റോക്കി ഉൾപ്പെട്ട, രാസവളക്കമ്പനികൾക്കുവേണ്ടി നടന്ന ചില ഇടപാടിലെ ക്രമക്കേടുകൾ ഞാൻ പാർലമെന്റിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്നിരുന്നു. ആരാണ് ഈ ക്വത്റോക്കി എന്ന് പലരും അന്ന് എന്നോട് ചോദിച്ചിരുന്നു. ഭാവിയിൽ വലിയ കുഴപ്പത്തിനു വഴിവെക്കുന്ന ബന്ധമായി ഇത് മാറുമെന്ന് അന്നേ ഇന്ദിരാഗാന്ധി ഭയപ്പെട്ടിരുന്നു.”
ലോക്സഭ ഇളകിമറിഞ്ഞ സംഭവമായിരുന്നു അന്നത്തെ ഉണ്ണികൃഷ്ണന്റെ സഭയിലെ പ്രകടനം. മണിക്കൂറുകൾ നീണ്ട പ്രസംഗത്തിനിടയിൽ പല ഘട്ടങ്ങളിലും കോൺഗ്രസ് അംഗങ്ങൾ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഉണ്ണികൃഷ്ണനിലെ പാർലമെന്റേറിയനെ രാജ്യം കണ്ട സന്ദർഭം കൂടിയായിരുന്നു ഇത്. മുമ്പൊരു പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന രാജീവ് ഗാന്ധിയുടെ പ്രതിച്ഛായയ്ക്കേറ്റ കനത്ത പ്രഹരമായി മാറി ഈ സംഭവം. രാജീവ് ഗാന്ധിയും ഉണ്ണികൃഷ്ണനും തമ്മിൽ വ്യക്തിപരമായി അകലാൻ ഇതു കാരണമായി. വിവാദം ശമിപ്പിക്കാൻ ബോഫോഴ്സ് കോഴ ഇടപാട് അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി.)യെ നിയമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കോൺഗ്രസ് നേതാവായ പാർലമെന്റ് അംഗം ബി. ശങ്കരാനന്ദിന്റെ നേതൃത്വത്തിൽ ജെ.പി.സിയെ നിയോഗിക്കുന്ന പ്രമേയം പാർലമെന്റിൽ അന്നത്തെ പ്രതിരോധമന്ത്രി കെ.സി. പന്ത് ആണ് അവതരിപ്പിച്ചത്. 50 സിറ്റിങ്ങുകൾ നടത്തി 1988 ഏപ്രിൽ 26ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പുകാരണം ആ റിപ്പോർട്ട് അംഗീകരിച്ചില്ല.

“ബോഫോഴ്സ് ആരോപണം ഉന്നയിച്ചശേഷവും മുമ്പത്തേപോലെ തന്നെ സൗഹൃദം രാജീവ് പുറത്തേക്കു കാണിച്ചിരുന്നു. എങ്കിലും അദ്ദേഹം അത് വ്യക്തിപരമായി എടുത്തിരുന്നു എന്നത് സത്യമാണ്. അക്കാലത്ത് പാർലമെന്റിൽ ഏറ്റവും ഇഫക്ടീവായി രാജീവിനെ നേരിട്ടത് ഞാനാണെന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പാർലമെന്റിലെ സെൻട്രൽഹാളിലും മറ്റും വെച്ചു കാണുമ്പോൾ സൗഹൃദം കാണിക്കാൻ അപ്പോഴും രാജീവ് ശ്രദ്ധിച്ചിരുന്നു,” ഉണ്ണികൃഷ്ണൻ പറയുന്നു.
പാർലമെന്റിലും പുറത്തും വലിയ കോലാഹലം തീർത്ത ഈ സംഭവവികാസം വി.പി. സിങ്ങിന് ആത്മവിശ്വാസം പകർന്നു. കോൺഗ്രസ്സിൽ നിന്ന് രാജിവെച്ച് വീട്ടിൽ ഏകാന്തമായി കഴിഞ്ഞുകൂടിയ അദ്ദേഹം പതുക്കെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അലഹാബാദിൽ അമിതാഭ് ബച്ചൻ രാജിവെച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വി.പി. സിങ് മത്സരിക്കണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവെച്ചു. ആദ്യം അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. പല തവണ നടത്തിയ കൂടിക്കാഴ്ചകൾക്കൊടുവിലാണ് സിങ് അതിന് സമ്മതിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കമലാപതി ത്രിപാഠിയെപ്പോലുള്ള മുതിർന്ന നേതാക്കൾ സജീവമായി രംഗത്തുള്ളപ്പോഴാണ് താരതമ്യേന ജൂനിയറായ വി.പി. സിങ്ങിനെ ഇന്ദിരാഗാന്ധി നാൽപ്പത്തിയൊമ്പതാം വയസ്സിൽ യു.പി. മുഖ്യമന്ത്രിയാക്കുന്നത്. ഇന്ദിരാഗാന്ധി കാണിച്ച ഈ പ്രത്യേക താത്പര്യം സിങ് അന്നൊക്കെ പലപ്പോഴും സംഭാഷണങ്ങളിൽ സുഹൃത്തുക്കളോട് പങ്കുവെക്കാറുണ്ട്. നെഹ്രു കുടുംബത്തോട് അത്രമേൽ കടപ്പാട് മനസ്സിൽ സൂക്ഷിച്ചിരുന്ന വി.പി. സിങ്ങിന് ഇന്ദിരയുടെ മകനെതിരേ പരസ്യനിലപാടെടുക്കാനുണ്ടായ വൈമനസ്യം സ്വാഭാവികമായിരുന്നു. പക്ഷേ, രാജ്യം അത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഒടുവിൽ മനസ്സില്ലാമനസ്സോടെ അദ്ദേഹം മത്സരിക്കാൻ സമ്മതംമൂളി. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകൻ സുനിൽ ശാസ്ത്രിയെയാണ് അന്ന് കോൺഗ്രസ് വി.പി. സിങ്ങിനെ നേരിടാൻ രംഗത്തിറക്കിയത്. ഫലം വപ്പോൾ വൻഭൂരിപക്ഷത്തിനാണ് രാജാസാഹിബ് എന്ന് അറിയപ്പെട്ടിരുന്ന സിങ്ങിനെ അലഹാബാദ് വീണ്ടും തിരഞ്ഞെടുത്തത്. ഈ വിജയം കോൺഗ്രസ്സിനെതിരായ രാഷ്ട്രീയപോരാട്ടത്തിന് രാജ്യവ്യാപകമായി വലിയ പ്രചോദനം നൽകി.
ലോക്സഭയിൽ ഈ കാലയളവിൽ വളരെ കുറച്ചുപേർ മാത്രമേ പ്രതിപക്ഷനിരയിൽ കോൺഗ്രസ്സിനെ നേരിടാൻ ഉണ്ടായിരുന്നുള്ളൂ. മധുദന്തവതെ, ഇന്ദ്രജിത് ഗുപ്ത, കെ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയ ഏതാനും അംഗങ്ങൾ മാത്രമാണ് ഫലപ്രദമായി സർക്കാരിനെ നേരിട്ടത്. ഇതേസമയത്ത് കെ.പി. ഉണ്ണികൃഷ്ണനെ പ്രതിപക്ഷനിരയിൽനി് അടർത്തിയെടുക്കാനും ശ്രമം നടിരുന്നു. കോൺഗ്രസ്സിലെ വിശ്വസ്തരായ സുഹൃത്തുക്കളാണ് ഇതിന് ചരടുവലിച്ചത്.

ആ സംഭവങ്ങൾ ഉണ്ണികൃഷ്ണൻ വിവരിക്കുന്നു:
“പാർലമെന്റിൽ കോൺഗ്രസ്സിന് നല്ല അംഗബലമുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ ആക്രമണം തടയാൻ ഇവർക്ക് പലപ്പോഴും കഴിഞ്ഞില്ല എന്ന തോന്നൽ രാജീവിന് ഉണ്ടായിരുന്നു. സർക്കാരിനെ ഏറ്റവും ശക്തമായി നേരിട്ടത് ഞാനാണെ് രാജീവിന് അറിയാമായിരുന്നു. പലപ്പോഴും എന്റെ നീക്കങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കി. എന്നെ കോൺഗ്രസ്സിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇത്തരം തലവേദന ഒഴിവാക്കാമെന്ന് അദ്ദേഹം കരുതിയതായി തോുന്നുന്നു. ഇതായിരിക്കാം എന്നെ കോൺഗ്രസ്സിലെത്തിക്കാൻ ചില ശ്രമങ്ങൾ നടന്നത്. 1987 - 90 കാലഘട്ടത്തിൽ നിരവധി തവണ രാജീവ് ഈ വിഷയം എന്നോട് സംസാരിച്ചിട്ടുണ്ട്. അന്നത്തെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ആർ.എൽ. ഭാട്ട്യയയാണ് എന്റെ മനസ്സറിയാൻ ആദ്യം സംസാരിച്ചത്. പിന്നീട് പാർലമെന്റിൽ കാണുമ്പോഴെല്ലാം രാജീവ് നല്ലരീതിയിൽ സൗഹൃദം പങ്കിടാറുണ്ട്. അക്കാലത്ത് രാത്രി വൈകി പതിനൊന്നുമണിക്കുശേഷം രാജീവ് ഗാന്ധിയുടെ സെക്രട്ടറി വിൻസന്റ് ജോർജ് ഫോണിൽ വിളിച്ച് രാജീവിന് സംസാരിക്കണമെന്നു പറഞ്ഞ് കണക്ട് ചെയ്യും. ഈ രീതിയിൽ വളരെയേറെ അടുത്തു. പിന്നീട് മൂന്നോ നാലോ തവണ വാഹനം അയച്ച് രാത്രി വൈകിയ വേളകളിൽ രാജീവ് എന്നെ വിളിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിയിലെ ഓഫീസ് മുറിയിൽ 45 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ ഇത്തരം കൂടിക്കാഴ്ചകൾ നീണ്ടു. ബോഫോഴ്സ് വിഷയമൊന്നും നേരിട്ട് സംസാരത്തിൽ വന്നിട്ടില്ലെങ്കിലും മറ്റു പല കാര്യങ്ങളും സംസാരിച്ച് ചായകുടിച്ചശേഷമാണ് രാത്രി പിരിഞ്ഞത്. ഇന്ദിരയുമായി അകലാനുള്ള സാഹചര്യം ഈ കൂടിക്കാഴ്ചകളിൽ ഞാൻ രാജീവിനോട് വിശദീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ, സഞ്ജയ് ഗാന്ധിയുടെ ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ വിവരിച്ചപ്പോൾ അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും അദ്ദേഹം ശ്രമിച്ചിരുന്നു. മാർഗരറ്റ് ആൽവ ഉൾപ്പെടെയുള്ള ചില പ്രമുഖ കോൺഗ്രസ് നേതാക്കൾ എന്നെ തിരിച്ച് കോൺഗ്രസ്സിൽ കൊണ്ടുവരുന്നത് നന്നാവുമെന്ന് രാജീവിനെ ധരിപ്പിച്ചതായി പിന്നീട് മനസ്സിലാക്കാൻ സാധിച്ചു. രാജീവുമായുള്ള അടുപ്പം വളർന്നപ്പോൾ കോൺഗ്രസ്സിലേക്കു മടങ്ങുന്ന കാര്യം അന്ന് ഞാൻ ആലോചിച്ചിരുന്നു. ഒരുപക്ഷേ രാജീവ് കുറച്ചുകൂടി ജീവിച്ചിരുന്നെങ്കെിൽ ഞാൻ നേരത്തേ കോൺഗ്രസ്സിലേക്ക് മടങ്ങുമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു യുദ്ധമുഖത്തുനിന്ന് പിൻമാറുന്നത് ശരിയല്ലെന്നതുകൊണ്ട് അന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ കൂറുമാറുന്നത് ചിന്തിക്കാൻപോലും എനിക്കു സാധിച്ചില്ല.”
ബോഫോഴ്സ് വളർന്നുവന്ന് ഉഗ്രശേഷിയുള്ള ബോംബായി മാറിയെന്ന് താമസിയാതെ കോൺഗ്രസ് തിരിച്ചറിഞ്ഞു.
ജനങ്ങളും മാദ്ധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്ത ബോഫോഴ്സ് വിഷയം ലൈവായി നില നിർത്താൻ തന്നെ പ്രതിപക്ഷം തീരുമാനിച്ചു. അങ്ങനെയാണ് ഈ വിഷയത്തിൽ രാജീവ് ഗാന്ധി മന്ത്രിസഭയ്ക്കെതിരെ അവിശ്വാസപ്രമേയത്തിന് പാർലമെന്റിൽ നോട്ടീസ് നൽകിയത്. കോൺഗ്രസ് (എസ്) ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണനും തെലുങ്കുദേശത്തിലെ സി. മാധവ റെഡ്ഡിയുമാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. മാധവ റെഡ്ഡിയാണ് ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചത്. രണ്ടു ദിവസം നീണ്ട അവിശ്വാസപ്രമേയചർച്ചയിൽ മണിക്കൂറുകളോളം ദീർഘമായി സംസാരിച്ചത് ഉണ്ണികൃഷ്ണനാണ്. പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഉണ്ണികൃഷ്ണനും തമ്മിൽ നേരിട്ടുള്ള വാക്പോരിലേക്ക് നീണ്ട അന്നത്തെ അവിശ്വാസ ചർച്ച പാർലമെന്റ് ചരിത്രത്തിലെ ഉജ്ജ്വലപോരാട്ടങ്ങളിലൊന്നാണ്. ചില എണ്ണക്കമ്പനികളുമായി നടന്ന ഇടപാടിൽ ക്വത്റോക്കിയുടെ പങ്ക് വ്യക്തമാക്കണമെന്ന് ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചത്. തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണമെന്നും ഇല്ലെങ്കിൽ ആരോപണം പിൻവലിക്കണമെന്നും രാജീവ് ഗാന്ധി അന്ന് ആവശ്യപ്പെട്ടു. രണ്ടുദിവസം നീണ്ട അവിശ്വാസപ്രമേയം ഒടുവിൽ ശബ്ദവോട്ടോടെ സഭ തള്ളി. വോട്ടെടുപ്പ് വേണമെന്ന് നിർബ്ബന്ധം പിടിക്കാൻപോലും സാധിക്കാത്തവിധം അംഗസംഖ്യയിൽ ദുർബ്ബലമായിരുന്നു അന്നത്തെ പ്രതിപക്ഷം. എങ്കിലും സർക്കാരിനെ മുൾമുനയിൽ നിർത്താനും ആരോപണങ്ങൾ ഒന്നൊന്നായി സഭാതലത്തിൽ ഗൗരവപൂർവ്വം ഉന്നയിക്കാനും അവിശ്വാസപ്രമേയചർച്ച പ്രതിപക്ഷം പ്രയോജനപ്പെടുത്തി.

ബോഫോഴ്സ് വിഷയം പാർലമെന്റിൽ വന്നപ്പോഴാണ് ഉണ്ണികൃഷ്ണന്റെ ഏറ്റവും മികച്ച പ്രകടനം 1984-89 കാലത്തെ ലോകസഭ കണ്ടതെന്ന് സുരേഷ് കുറുപ്പ് ഓർക്കുന്നു:
“ബോഫോഴ്സ് ഇടപാടിൽ ക്വത്റോക്കിക്കുള്ള ബന്ധം സ്ഥാപിച്ചുകൊണ്ട് അന്ന് നടത്തിയ കടന്നാക്രമണം കോൺഗ്രസ്സിനെ മുൾമുനയിൽ നിർത്തി. ക്വത്റോക്കി വിഷയം പാർലമെന്റിൽ ഉന്നയിച്ചതുകൊണ്ടാവാം പിന്നീട് ഉണ്ണിയേട്ടൻ കോൺഗ്രസ്സിൽ ചേർന്നപ്പോൾ അദ്ദേഹത്തെ നെഹ്രുകുടുംബം തീർത്തും മാറ്റിനിർത്താൻ കാരണമായിട്ടുണ്ടാവുക. ഒരു പോസ്റ്റ് കാർഡ് വലിപ്പത്തിലുള്ള പേപ്പറിൽ കുറിപ്പുകൾ തയ്യാറാക്കിയാണ് സഭയിൽ വരിക. ആധികാരികമായി വിഷയം അവതരിപ്പിച്ച് സംസാരിക്കുന്നതിനിടെ ഇടയ്ക്ക് ഈ കാർഡിലേക്ക് നോക്കും. രൂക്ഷമായി വിമർശിക്കുമ്പോഴും പാർലമെന്ററി മാന്യതയും സഭ്യതയും ഒരിക്കലും വെടിയില്ല. സത്യത്തിൽ ഞാൻ അംഗമായ ആ സഭയിലെ ഏറ്റവും മികച്ച പാർലമെന്റേറിയന്മാർ കെ.പി. ഉണ്ണികൃഷ്ണനും ബനാത്ത് വാലയുമാണ്,” എന്ന് സുരേഷ് കുറുപ്പ് അനുസ്മരിക്കുന്നു.
