ഭീതിയും നിരാശയുമുണ്ട്,
സ്വയംവിമർശനം ദൂരെയാകുമ്പോൾ…

സാമൂഹ്യവിപ്ലവത്തിൻ്റെ മുന്നണിയിൽ നിൽക്കാൻ ഊർജ്ജവും കെല്പുള്ള നമ്മൾ വിദ്യാർത്ഥിസമൂഹം തന്നെ, അരാജകത്വത്തിൻ്റെയും അനീതിയുടെയും വക്താക്കളാകുന്നതിൽ വലിയ ശരികേടുണ്ടെന്ന് പുണ്യ സി.ആർ.

വിദ്യാഭ്യാസം ഒരു സമൂഹത്തിൻ്റെ ആത്മാവാണ്, അത് ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്നു’ എന്നു പറഞ്ഞത് അമേരിക്കൻ എഴുത്തുകാരനും തത്വചിന്തകനുമായ ഗിൽബർട്ട് കെ. ചെസ്റ്റർട്ടണാണ്. 'ഉന്നത' വിദ്യാഭ്യാസത്തിൻ്റെ അഥവാ വൈയക്തികവും സാമൂഹികവും വൈകാരികവും ബൗദ്ധികവും രാഷ്ട്രീയവുമായ വിദ്യാഭ്യാസത്തുടർച്ചയുടെ പ്രതീക്ഷാകേന്ദ്രങ്ങളാണ് കലാലയങ്ങൾ.

'ജീവിതത്തിലെ സുവർണ്ണകാലം’ എന്ന് തലമുറകളായി മനുഷ്യർ പറഞ്ഞ് പതം വന്ന കലാലയകാലഘട്ടം, പാഠപുസ്തകത്തിലൂന്നിയ കേവല അക്കാദമിക് ജീവിതമല്ല മനുഷ്യന് നൽകുന്നത്. വ്യക്തിവികാസത്തിലും മാനസിക പക്വതയാർജ്ജനത്തിലും രാഷ്ട്രീയ ബോധം വളർത്തലിലും കലാലയങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അപ്രകാരം, സമരങ്ങളുടെയും സമരസപ്പെടായ്മകളുടെയും ഐക്യപ്പെടലിൻ്റെയും ചേർത്തുനിർത്തലിൻ്റെയും രാഷ്ട്രീയവും ജീവിതവുമാണ് കലാലയകാലഘട്ടം സംവേദനം ചെയ്യുന്നത് / ചെയ്യേണ്ടത്. സാമൂഹികമാറ്റങ്ങളുടെ പൾസ് എളുപ്പം സ്വാംശീകരിക്കുകയും പ്രകടമാക്കുകയും ചെയ്യുന്നയിടങ്ങളാണ് കലാലയങ്ങൾ. യുവാക്കളവിടെ പ്രണയവും പഠനവും സാഹോദര്യവും സോഷ്യലിസവും ആഹ്വാനം ചെയ്യുന്നു. ആത്യന്തികമായി കലാലയരാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ടതും സഹവർത്തിത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രത്യയശാസ്ത്രമാണ്.

വിപ്ലവാത്മകമായ സമരങ്ങളാലും പ്രതീക്ഷാത്മകമായ പോരാട്ടങ്ങളാലും അടയാളപ്പെടുത്തപ്പെട്ട നിരവധി സംഭവപരമ്പരകൾ വിദ്യാർത്ഥിചരിത്രത്തിലുണ്ടായിട്ടുണ്ട്. തങ്ങളുടെ ന്യൂനപക്ഷ ഭാഷകളെ വിദ്യാലയങ്ങളിൽ നിന്ന് പുറത്താക്കാൻ വർണ്ണവെറിയരായ സർക്കാർ നടപ്പാക്കിയ നിയമത്തോടുള്ള പ്രതിഷേധമെന്നോണം 1976 ജൂൺ 16 ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബർഗ്‌സ് സൊവറ്റോ ടൗൺഷിപ്പിലെ ഓർലാൻ്റോ സ്റ്റേഡിയത്തിലേക്ക് വിദ്യാർത്ഥികൾ മഹാപ്രകടനം നടത്തുകയും അപ്രതീക്ഷിതമായി പോലീസ് നിറയൊഴിക്കുകയും ചെയ്തു. സമാധാനപരമായി പ്രതിഷേധറാലിയിൽ പങ്കെടുക്കാൻ വന്ന നൂറുകണക്കിന് കറുത്ത വർഗ്ഗക്കാരായ വിദ്യാർത്ഥികളാണ് അന്ന് ഇടനെഞ്ചിൽ ബുള്ളറ്റേറ്റ് വാങ്ങിയത്.

1976 ജൂണ്‍ 16 ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ് ബര്‍ഗ്സ് സൊവറ്റോ ടൗണ്‍ഷിപ്പിലെ ഓര്‍ലാന്റോ സ്റ്റേഡിയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം / peopledispatch.org

2019 ഡിസംബർ 15 ന് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ജാമിയ മിലിയയിൽ നടന്ന സംഭവവും സമാനമാണ്. ഇന്ത്യൻ ഭരണകൂടത്തിൻ്റെ മതവിഭജനങ്ങൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് വളഞ്ഞിട്ട് തല്ലിചതച്ചു. സംഘപരിവാർ ഭരണകൂടഭീകരതകൾക്കെതിരെ കൃത്യവും ശക്തവുമായ നിലപാടറിയിക്കുകയും പ്രതിപക്ഷമായി നിലകൊള്ളുകയും ചെയ്ത ജെവഹർലാൽ നഹ്റു യൂണിവേഴ്സിറ്റിയും ജാമിയ നഗറിലെ യൂണിവേഴ്സിറ്റിയുമടക്കമുള്ള നിരവധി കലാലയപരിസങ്ങളിലെ വിദ്യാർത്ഥികൾ മേൽപ്പറഞ്ഞ സംഭവപരമ്പരകളിൽ കണ്ണിചേരുന്നുണ്ട്. രാഷ്ട്രീയ സമ്പദ്ഘടനയിൽ നേരിട്ടിടപെടുന്ന വിഭാഗമല്ല വിദ്യാർത്ഥികൾ എന്നിരിക്കലും വിപുലമായ ജനകീയ മുന്നേറ്റത്തിനാവശ്യമായ ഭാവുകത്വരൂപപ്പെടൽ വിദ്യാർത്ഥി പ്രക്ഷോപങ്ങളാൽ സാധ്യമാവുന്നുണ്ട്. കേരളത്തിലെ കലാലയ രാഷ്ട്രീയ ചരിത്രവും ഇതിനു ഭിന്നമല്ല.

ജി.കെ ചെസ്റ്റര്‍ട്ടണ്‍

ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെ സർഗ്ഗാത്മകമായും ജനാധിപത്യപരമായും നേരിടാൻ വിദ്യാർത്ഥികൾ ചെറുതും വലുതുമായ സമരങ്ങളുടെ കെട്ടുപൊട്ടിച്ചു വിടുകതന്നെ ചെയ്തു പോരുന്നു. മനുഷ്യത്വത്തിൻ്റെയും മനുഷ്യത്വം കാത്തുവച്ചു കൊണ്ട് രക്തസാക്ഷിത്വം വഹിച്ച ധീരരുടേയും ഗന്ധമുണ്ട് കലാലയങ്ങളിൽ മുഴങ്ങി കേൾക്കുന്ന മുദ്രാവാക്യങ്ങൾക്ക്. അതേ ഗന്ധാവശേഷിപ്പ് പകർന്ന് കിട്ടിയതിനാലാകാം ബ്ലഡ് ബാങ്കുകളിലേക്ക് ജീവരക്തമായും വിശക്കുന്നവരിലേക്ക് പൊതിച്ചോറുകളായും വിദ്യാർത്ഥികൾ കടന്നുചെല്ലുന്നത്. കുറച്ച് വർഷങ്ങൾക്ക് മുന്നേ വരെ കാമ്പസ് പൊളിറ്റിക്സ് രംഗത്ത് സജീവമായുണ്ടായിരുന്ന വിദ്യാർത്ഥി എന്ന നിലയിൽ ഞാനും മേൽപ്പറഞ്ഞ കർമ്മങ്ങളുടെ ഭാഗമായിട്ടുണ്ട്. പറഞ്ഞു വന്നത് കലാലയജീവിതത്തിനും വിദ്യാർത്ഥി രാഷ്ട്രീയത്തിനുമുള്ള നിരവധിയായ സാധ്യതകളെ കുറിച്ചാണ്. അതിലൂടെയുണ്ടായിവരുന്ന പ്രത്യാശകളെ കുറിച്ചാണ്.

ഭാവുകത്വ പരിവർത്തനത്തിന് ചുക്കാൻ പിടിക്കാനാകുമെന്ന പ്രതീക്ഷ കലാലയങ്ങളിലധിഷ്ഠിതമാണെങ്കിലും മറുവശത്ത് , കൂടെ നടക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും നിർദാക്ഷിണ്യം കൊന്നുകളയുന്ന മനുഷ്യത്വരഹിതമായ കലാലയപരിസരങ്ങൾ തെളിഞ്ഞു വരുന്നതും കാണാം. ഒരേ ആശയസംഹിതയുടെ ഭാഗമായി നിൽക്കുമ്പോഴും പ്രകടമാകുന്ന ഈ ഐറണിയെ സംബോധന ചെയ്യാതെ കേരളത്തിലെ നിലവിലെ കലാലയ രാഷ്ട്രീയത്തെ തൊട്ടുപോകാനാവില്ല. വ്യത്യസ്തമായ സ്വഭാവസവിശേഷതകളുള്ള മനുഷ്യർ ചേർന്ന് രാഷ്ട്രീയപാർട്ടികൾ രൂപപ്പെടുത്തിയ കാലം തൊട്ടേ ഏറ്റക്കുറച്ചിലുകളോടെ ഈ ഐറണി നിലനിൽക്കുന്നുണ്ട് എന്നതും വിസ്മരിക്കാനാകില്ല.

സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സോഷ്യലിസത്തെയും പറ്റി പറയാൻ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികൾ സ്വയംതിരുത്തലുകൾക്ക് മുതിരേണ്ടതുണ്ട്.

പൂക്കോട് വെറ്ററിനറി സർവ്വകലാശാലാ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിനു പുറകിൽ മുഴങ്ങികേൾക്കുന്നതും അത്തരമൊരു ഐറണിയാണ്. വിദ്യാർത്ഥിപക്ഷമാണെന്ന് നിരന്തരമോർമിപ്പിക്കുകയും ആൻ്റി റാഗിങ് കാമ്പയിനുകൾ നടത്തിപ്പോരുകയും ചെയ്യുന്ന എസ്.എഫ്.ഐയാണ് ഇവിടെ പ്രതിപക്ഷത്ത്. കാലങ്ങളായി കേരളത്തിലെ മിക്ക കലാലയ യൂണിയനുകളുടെയും നേതൃസ്ഥാനത്തുള്ള എസ്.എഫ്.ഐക്ക് സമരഗാഥകളുടെയും സർഗാത്മകപോരാട്ടങ്ങളുടെയും ചരിത്രമുണ്ട്.

എന്നാൽ ചരിത്രാവശേഷിപ്പുകളിലള്ളിപിടിച്ചുള്ള മുന്നോട്ട് പോക്ക് അസാധ്യമാണ്. എതിർക്കുന്നവരെ അടിയോടെ പിഴുതറിയുന്ന അക്രമ മനോഭാവം ഫാഷിസ്റ്റുകളുടേതാണ്. അത് നിലവിലെ സംഘപരിവാർ കേന്ദ്രഭരണ ഭീകരതകളിൽ നിന്ന് വ്യത്യസ്തവുമല്ല. ഒപ്പം പഠിക്കുന്ന വിദ്യാർത്ഥിയെ നഗ്നനാക്കി ആൾക്കൂട്ട വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത യൂണിയൻ പ്രവർത്തകരടക്കുള്ള വിദ്യാർത്ഥികൾ വെളിവാക്കുന്നത് മനുഷ്യത്വമില്ലാത്ത സാഡിസ്റ്റ് മനോനിലയാണ്. ശാരീരികവും മാനസികവുമായ പരമാവധി പീഡനങ്ങൾക്കൊടുവിൽ സിദ്ധാർത്ഥനെ ആത്മഹത്യയിലേക്ക് നയിച്ചത് കോളേജ് യൂണിയൻ - യൂണിറ്റ് ഭരണപക്ഷത്തുള്ള വിദ്യാർത്ഥിനേതാക്കൾ തന്നെയാണ്.

സിദ്ധാർത്ഥൻ്റെ മരണം ഒറ്റപ്പെട്ട സംഭവമല്ല. അധികാരത്തിൻ്റെ തക്കോൽ കൊണ്ടു നടക്കുന്നവർ പരസ്പരം കുത്തിയും കൊന്നും ന്യൂനപക്ഷം വരുന്ന മറ്റ് വിദ്യാർത്ഥികളെ ഭയത്തിൻ്റെ മുൾമുനയിൽ നിർത്തിയും 'ഭരണം' നടത്തുന്നതും അക്രമരാഷ്ട്രീയമഴിച്ചുവിടുന്നതും പുതിയ കാര്യമല്ല. കഴിഞ്ഞ കാലയളവുകളിൽ കേരളത്തിനകത്തും പുറത്തും നടന്ന നിരവധി സംഭവങ്ങൾ ഉദാഹരണങ്ങളുടെ ത്രാസിലുണ്ട്. സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സോഷ്യലിസത്തെയും പറ്റി പറയാൻ വിദ്യാർത്ഥി രാഷ്ട്രീയ പാർട്ടികൾ സ്വയംതിരുത്തലുകൾക്ക് മുതിരേണ്ടതുണ്ട്.

പൊതിച്ചോറു മുതൽ പൊളിറ്റിക്കൽ കറക്റ്റ്നസ് വരെ ചർച്ചയാകുന്ന കലാലയമരച്ചുവടുകളിൽ തിരുത്തപ്പെടലിൻ്റെ തണലുകൂടി വിരിഞ്ഞുവരേണ്ടതുണ്ട്. ഇനിയുമെത്തിപ്പെടാൻ സാധ്യമല്ലാത്ത മരീചികയെന്നോണം സ്വയംവിമർശനം ദൂരെയാകുന്നത് ഭീതിയും നിരാശയും സൃഷ്ടിക്കുന്നു. സാമൂഹ്യവിപ്ലവത്തിൻ്റെ മുന്നണിയിൽ നിൽക്കാൻ ഊർജ്ജവും കെല്പുള്ള നമ്മൾ വിദ്യാർത്ഥിസമൂഹം തന്നെ അരാജകത്വത്തിൻ്റെയും അനീതിയുടെയും വക്താക്കളാകുന്നതിൽ വലിയ ശരികേടുണ്ട്.


പുണ്യ സി.ആർ.

കഥാകൃത്ത്​. പാലക്കാട്​ വിക്​ടോറിയ കോളേജ്​ യൂണിയൻ ലോക്ക്​ഡൗൺ കാലത്ത്​ പുറത്തിറക്കിയ ‘മണ്ണ്​ മുല മനുഷ്യൻ’ എന്ന ഓൺലൈൻ മാഗസിന്റെ എഡിറ്റർ.

Comments