​ശിക്ഷാ - ക്രിമിനൽ നിയമ ഭേദഗതി; മനുവാഴ്ചയിലേക്കൊരു കൗ​ശല എൻട്രി

രണ്ടാം മോദി സർക്കാർ അധികാരമേറ്റെടുത്തതോടെ തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കും രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഗതിവേഗം കൂടിയിരിക്കുകയാണ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വനിയമം, മുത്തലാഖ്, എൻ.ഐ.എ- യു.എ.പി.എ നിയമഭേദഗതികൾ കൊണ്ടുവന്നതും ഭരണഘടനയെതന്നെ ലക്ഷ്യംവെച്ചുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയഅജണ്ടയുടെ ഭാഗമാണെന്ന കാര്യം ജനാധിപത്യവാദികൾ തിരിച്ചറിയാതെപോകരുത്.

ശിക്ഷ - ക്രിമിനൽ തെളിവുനിയമങ്ങളെ അടിമുടി മാറ്റി നരേ​ന്ദ്രമോദി സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമ നിർമ്മാണം ഭരണഘടനക്കുനേരെ നീളുന്ന മനുസ്മൃതിയുടെ കരാള നീക്കമാണ്. ഭരണഘടനയുടെ ജനാധിപത്യ സ്വഭാവം പൂർണ്ണമായി ഇല്ലാതാക്കുന്ന സ്വേച്ഛാധിപത്യ നടപടിയാണിത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മണിപ്പുർ പ്രശ്‌നത്തിൽ പ്രതിഷേധമുയർത്തി പ്രതിപക്ഷം പുറത്തുപോയ സന്ദർഭത്തിലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലും ക്രിമിനൽ നടപടിചട്ടങ്ങളിലും തെളിവുനിയമത്തിലും ഭേദഗതി കൊണ്ടുവന്നത്.

ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ സംസ്‌കൃതവൽക്കരിക്കപ്പെട്ട ശബ്ദമുദ്രകളിലൂടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഭാരതവൽക്കരണത്തിന്റെയും സംസ്‌കൃതവൽക്കരണത്തിന്റെയും വഴികളിലൂടെ രാജ്യത്തെ മനുവാഴ്ചയിലേക്ക് കൊണ്ടുപോകുന്ന അത്യന്തം അപകടകരമായ നീക്കമാണിത്.

1860-ലെ ഇന്ത്യൻ ശിക്ഷാനിയമത്തെയും 1973-ലെ ഇന്ത്യൻ ക്രിമിനൽ നടപടി ചട്ടങ്ങളെയും 1872-ലെ തെളിവുനിയമവും പാടെ മാറ്റി കൂടുതൽ കടുത്ത പുതിയ നിയമങ്ങൾ കൊണ്ടുവരാനാണ് പോകുന്നത്. നിയമങ്ങളുടെ ഭാരതവൽക്കരണത്തെക്കുറിച്ച് വാചകമടിച്ചുകൊണ്ടാണ് അമിത്ഷാ പുതിയ ഭേദഗതി ബില്ലുകൾ കൊണ്ടുവന്നത്. ഹിന്ദുത്വവൽക്കരണവും ഭരണഘടനയുടെ നിരാകരണവുമാണ് ഇത്തരം നിയമഭേദഗതികൾക്ക് പ്രേരകം. കൊളോണിയൽ അടിമത്വത്തിന്റെ അവശിഷ്ടങ്ങളായി ഈ നിയമങ്ങളെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. സംസ്‌കൃതവൽക്കരിക്കപ്പെട്ട പദസംജ്ഞകളിലൂടെ ആധുനിക ജനാധിപത്യസമൂഹത്തെ വിഭാവനം ചെയ്യുന്ന കുറ്റത്തെയും ശിക്ഷയെയും തെളിവിനെയും സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുകയാണ്.

150 വർഷം പിന്നിട്ട നിയമങ്ങളെ സമ്പൂർണമായി പിൻവലിച്ച് ഭാരതവൽക്കരണത്തിന്റെ പേരിൽ പുതിയ നിയമങ്ങൾ കൊണ്ടുവരുന്ന അസാധാരണ നടപടി ഹിന്ദുത്വവൽക്കരണത്തിന്റെ അജണ്ടയിൽനിന്നുള്ളതാണ്. ഇത് തീർത്തും ഭരണഘടനാവിരുദ്ധമായ നീക്കമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഭരണഘടനാനുസൃതമായ എല്ലാ പാർലമെന്ററി നടപടിക്രമങ്ങളെയും കാറ്റിൽപ്പറത്തിയാണ് പുതിയ നിയമങ്ങളുടെ അവതരണമുണ്ടായത്.

ഭരണഘടന അനുച്ഛേദം 348 അനുസരിച്ച് പാർലമെന്റിൽ ബിൽ അവതരിപ്പിക്കുന്നത് ഇംഗ്ലീഷിലായിരിക്കണമെന്ന നിബന്ധന തള്ളിക്കളഞ്ഞാണ് ഹിന്ദിയിൽ ബിൽ കൊണ്ടുവന്നത്. വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ വസ്തുത, പുതിയ നിയമനിർമ്മാണങ്ങൾക്കുള്ള ബില്ലുകൾ തയ്യാറാക്കിക്കൊണ്ടുവരേണ്ടത് നിയമനീതിവകുപ്പാണ്. എന്നാൽ ആഭ്യന്തരവകുപ്പിൽ നിന്നാണ് പുതിയ നിയമങ്ങളുടെ രൂപകൽപന നടന്നിട്ടുള്ളത്. ജനാധിപത്യത്തിന്റെ എല്ലാ നടപടിക്രമങ്ങളെയും ലംഘിക്കുന്ന സ്വേച്ഛാധികാര പ്രവണതയാണ് പുതിയ നിയമ അവതരണത്തിലൂടെ വെളിവായിരിക്കുന്നത്.

ഭാരതീയ ന്യായസംഹിത എന്ന പുതിയ ശിക്ഷാനിയമത്തിൽ 356 വകുപ്പുണ്ട്. ഇതിൽ 175 എണ്ണം ഭേദഗതികളോടെ നിലവിലുള്ള ശിക്ഷാനിയമത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്. 22 എണ്ണം പൂർണമായി ഒഴിവാക്കി, 8 പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു. ക്രിമിനൽ നടപടിക്രമത്തെ ഭാരതീയ നാഗരിക സുരക്ഷാസംഹിത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. ഇതിലാവട്ടെ 533 വകുപ്പിൽ 150 എണ്ണവും നിലവിലുള്ള ക്രിമിനൽ നടപടി നിയമത്തിലുള്ളതുതന്നെ. 22 എണ്ണം റദ്ദാക്കുകയും 9 പുതിയ വകുപ്പ് ചേർക്കുകയും ചെയ്തു. ഇന്ത്യൻ തെളിവുനിയമത്തിന് ഭാരതീയ സാക്ഷ്യബിൽ എന്നാണ് പേര്. ഇതിൽ 170 വകുപ്പുണ്ട്. പഴയ തെളിവുനിയമത്തിൽ നിന്ന് 23 വകുപ്പുകളെ ഭേദഗതികളോടെ സ്വീകരിച്ചിട്ടുണ്ട്. 5 എണ്ണം റദ്ദാക്കുകയും ഒരു വകുപ്പ് പുതുതായി കൂട്ടിച്ചേർക്കുകയും ചെയ്തു.

ദേശദ്രോഹ നിയമം, അതായത് 124 എ, ഒഴിവാക്കിയെന്ന അവകാശവാദമാണ് അമിത്ഷാ നടത്തുന്നത്. എന്നാൽ പേര് മാറ്റിയാണ് 150 വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്. വിയോജിക്കാനും പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം തടയുന്ന സെക്ഷൻ 150, രാജ്യദ്രോഹം എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും അർത്ഥത്തിലും പ്രയോഗത്തിലും അത് തന്നെയാണ്. 124 എ വകുപ്പിൽ വിദ്വേഷവും അവമതിപ്പും ഉണ്ടാക്കുന്ന രീതിയിലുള്ള പ്രകടനങ്ങളെയും പ്രസംഗങ്ങളെയും രാജ്യദ്രോഹമായിട്ടാണ് വ്യവസ്ഥ ചെയ്തത്. പുതിയ നിയമത്തിൽ വാക്കുകൾക്ക് മാറ്റം വന്നു. വിദ്വേഷത്തിനും അവമതിപ്പിനും പകരം വിഭാഗീയത, ആയുധമുപയോഗിച്ചുള്ള കലാപം, നിലവിലുള്ള വ്യവസ്ഥ മാറ്റാനുള്ള ഏതൊരു പ്രയോഗവും, ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമവും, അത്തരം വികാരങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിങ്ങനെ വിപുലപ്പെടുത്തിയെന്നുമാത്രം.
കൂടാതെ, എഴുതിയതും പറഞ്ഞതും ഏതെങ്കിലും രീതിയിലുള്ള പ്രതിനിധാനവും എന്നതിന്റെ കൂടെ ഇലക്ട്രോണിക് മാർഗങ്ങൾ, സാമ്പത്തിക മാർഗങ്ങൾ എന്നിവ കൂട്ടിച്ചേർത്തു. ഇതിൽ ശ്രദ്ധിക്കേണ്ടത് വികാരങ്ങളെ പ്രോത്സാഹിപ്പിക്കൽ, നിലവിലെ വ്യവസ്ഥ അട്ടിമറിക്കൽ തുടങ്ങിയ വളരെ അവ്യക്തമായ പ്രയോഗങ്ങൾ ഏതൊരു പ്രതിഷേധത്തെയും സമരത്തെയും പോലും സെക്ഷൻ 150 ഉപയോഗിക്കാവുന്ന കുറ്റമായി പരിഗണിക്കും.

തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ടക്കാവശ്യമായ രീതിയിൽ ഭരണഘടനയെതന്നെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് സംഘപരിവാർ കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. 1998-ലെ വാജ്‌പേയ്‌ സർക്കാർ ഭരണഘടന പൊളിച്ചെഴുതാനും തങ്ങളുടെ മതരാഷ്ട്ര അജണ്ട നടപ്പാക്കാനുമായി ഭരണഘടനാ കമ്മീഷനെതന്നെ നിയമിച്ചു. ഭരണഘടന പൊളിച്ചെഴുതാനുള്ള വാജ്‌പേയ് സർക്കാരിന്റെ നീക്കങ്ങളെ ശാസിച്ച് അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണൻ നടത്തിയ ഇടപെടലുകൾ ഇന്ത്യയുടെ സമകാലീന ചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ്.

വാജ്‌പേയ്, കെ.ആർ. നാരായണൻ

2000-ലെ റിപ്പബ്ലിക് ദിനത്തിന്റെ സുവർണജൂബിലി സന്ദേശത്തിലാണ് കെ.ആർ. നാരായണൻ ഭരണഘടന പൊളിച്ചെഴുതാനുള്ള സംഘപരിവാർ നീക്കത്തെ ശാസിച്ചത്. ഭരണഘടനയോടൊപ്പം നിലവിൽവന്ന പരിമിതമായ ജനാധിപത്യാവകാശങ്ങളെയും ദുർബല ജനവിഭാഗങ്ങൾക്കനുകൂലമായ സാമൂഹ്യനീതി തത്വങ്ങളെയും എടുത്തുകളയാനുള്ള ഏതു നീക്കവും അപകടകരമാണെന്ന് അദ്ദേഹം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തെ പ്രസിഡൻഷ്യൽ സമ്പ്രദായത്തിലേക്ക് പരിവർത്തനപ്പെടുത്താനുള്ള സംഘപരിവാർ അജണ്ടയെ താക്കീത് ചെയ്തുകൊണ്ട് കെ.ആർ. നാരായണൻ പറഞ്ഞത്; ഭരണസ്ഥിരതയല്ല ജനങ്ങളോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തമാണ് പ്രധാനമെന്നാണ്. രാജ്യത്തിന്റെ വൈവിധ്യവും സാമൂഹ്യവികസനരംഗത്തെ പ്രശ്‌നങ്ങളും അഭിസംബോധന ചെയ്യാനാവശ്യമായ സമീപനമാണിന്ന് ആവശ്യം. അല്ലാതെ രാജ്യത്തിന്റെ ബഹുസ്വരതയെയും ഭരണഘടനയുടെ ഫെഡറലിസത്തെയും തൃണവൽഗണിക്കുന്ന പ്രസിഡൻഷ്യൽ ഭരണസംവിധാനമല്ല. അത് ഏകാധിപത്യത്തിലേക്ക് വഴിവെക്കുമെന്നും രാജ്യത്തെ ശിഥിലീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

വാജ്‌പേയിക്ക് നടപ്പിലാക്കാൻ കഴിയാതെപോയ ഭരണഘടനയുടെ പൊളിച്ചെഴുത്തിനാണ് മോദിയും അമിത്ഷായും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഏകരാജ്യ സിദ്ധാന്തവും ഏകനിയമ സിദ്ധാന്തവുമൊക്കെ തട്ടിവിട്ട് അവർ സ്വേച്ഛാധികാരത്തിലേക്ക് രാജ്യത്തെ നയിക്കാനും ഭരണഘടനയെ പൊളിച്ചെഴുതാനുമുള്ള കുത്സിതശ്രമങ്ങളിലാണ്.

രണ്ടാം മോദി സർക്കാർ അധികാരമേറ്റെടുത്തതോടെ തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങൾക്കും രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങളുടെ ഗതിവേഗം കൂടിയിരിക്കുകയാണ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വനിയമം, മുത്തലാഖ്, എൻ.ഐ.എ- യു.എ.പി.എ നിയമഭേദഗതികൾ കൊണ്ടുവന്നതും ഭരണഘടനയെതന്നെ ലക്ഷ്യംവെച്ചുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയഅജണ്ടയുടെ ഭാഗമാണെന്ന കാര്യം ജനാധിപത്യവാദികൾ തിരിച്ചറിയാതെപോകരുത്.

പരമാധികാരം, ഫെഡറലിസം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളെയാണ് ഭരണഘടന അടിസ്ഥാനവും ആദർശലക്ഷ്യങ്ങളുമായി വിഭാവനം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തമായ കൊളോണിയൽ അധീശത്വത്തിനെതിരെ ഒരു നൂറ്റാണ്ടിലേറെ നീണ്ട സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളെയും ഒരു ആധുനിക രാഷ്ട്രത്തിന് അനുയോജ്യമായ ആശയങ്ങളെയും ഉൾക്കൊണ്ടാണ് ഭരണഘടനാ നിർമ്മാണസഭ ഭരണഘടനയ്ക്ക് രൂപം നൽകിയത്. ചരിത്രത്തിന്റെ എല്ലാ വിധത്തിലുള്ള സങ്കുചിത ദുർവ്യാഖ്യാനങ്ങളെയും നിരാകരിച്ചാണ് ഇന്ത്യയുടെ പാരമ്പര്യത്തിൽ നിന്നും സംസ്‌കാരത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ദേശീയനേതൃത്വം ഭരണഘടനയുടെ സമത്വാധിഷ്ഠിത സാമൂഹ്യദർശനം രൂപപ്പെടുത്തിയത്.

ഭിന്നമതങ്ങളും ഭാഷകളും ജാതി-വംശ വിഭാഗങ്ങളും ബഹുസംസ്‌കാരങ്ങളും സഹവർത്തിച്ച് നിലകൊള്ളുന്ന ദേശീയതാസങ്കൽപമാണ് ഭരണഘടന മുന്നോട്ടുവെച്ചിരിക്കുന്നത്. അതായത് നനാത്വത്തിൽ ഏകത്വമെന്ന ജനാധിപത്യപരമായ ദേശീയതാ സങ്കൽപം. ഭരണഘടനാശിൽപികൾ ലോകചരിത്രഗതികളെയാകെ പഠിക്കുകയും വിവിധ രാജ്യങ്ങളിലെ ലിഖിതവും എഴുതപ്പെടാത്തതുമായ ഭരണഘടനകളെ പരിശോധിക്കുകയും ജനാധിപത്യത്തിന്റെ ഭിന്നരൂപങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകിയത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളിലൂന്നുകയും സാമൂഹ്യനീതി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ് ഭരണഘടന. ജാതിമതലിംഗ ഭേദങ്ങളില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന പ്രമാണമാണ് ഭരണഘടനയുടെ മൗലികദർശനം. എല്ലാവർക്കും സംഘടിക്കാനും ഇഷ്ടമുള്ള ആശയങ്ങളിൽ വിശ്വസിക്കാനും ആശയപ്രകാശനം നടത്താനുമുള്ള മൗലികാവകാശങ്ങൾ ഓരോ വ്യക്തിക്കും ഭരണഘടന ഉറപ്പുനൽകുന്നു.

സമത്വാശയങ്ങളെയും മതനിരപേക്ഷമൂല്യങ്ങളെയും ജനാധിപത്യത്തെയും എന്നും എതിർത്തുപോന്ന മതരാഷ്ട്രവാദികൾ ഒരുകാലത്തും ഭരണഘടനയെ അംഗീകരിച്ചിരുന്നില്ല. ആർ.എസ്.എസുകാർ എന്നും ഭരണഘടനയെ ഹിന്ദുവിരുദ്ധ ഭരണഘടനയായിട്ടാണ് കണ്ടത്. തങ്ങളുടെ മതരാഷ്ട്ര അജണ്ടയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന ഭരണഘടനയെ പൊളിച്ചെഴുതുകയെന്നത് എക്കാലത്തെയും അവരുടെ അജണ്ടയായിരുന്നു. ബാബ്‌റി മസ്ജിദ് തകർത്തതിനുശേഷം ചേർന്ന വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്‌സമിതി (സന്യാസിസഭ) ഭരണഘടന മാറ്റിയെഴുതാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സ്വാമി മുക്താനന്ദസരസ്വതിയുടെ നേതൃത്വത്തിൽ നാലംഗസമിതിയെ നിയോഗിച്ചിരുന്നു. ആ സമിതി സംഘപരിവാറിന്റെ ഭരണഘടനാ വിമർശനത്തിന്റെ കരട്‌രേഖ തയ്യാറാക്കുകയും ചെയ്തിരുന്നു.
അതിലവർ നടത്തുന്ന ഭരണഘടനാവിമർശനം കൗതുകകരമാണ്; ''ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും സാഹോദര്യവും സമുദായ സൗഹാർദ്ദവും തകർക്കുന്നതിന് ഉത്തരവാദിയാര്? വിശപ്പും ദാരിദ്ര്യവും അഴിമതിയും മതനിഷേധവും വർദ്ധമാനമാകുന്നതിന് ഉത്തരവാദിയാര്? ഇന്നത്തെ ഇന്ത്യൻ ഭരണഘടന.''
എത്ര ബാലിശവും വസ്തുതകൾക്ക് നിരക്കാത്തതുമായ ഭരണഘടനാവിമർശനമാണ് ഇവർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയുടെ ഇന്നത്തെ ഭരണഘടനയ്ക്ക് പോരായ്മകൾ ഉണ്ടാകാം. അത് നമ്മുടെ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി പരിഹരിക്കാവുന്നതാണ്. നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന ചൂഷകവർഗബന്ധങ്ങളെ പൊളിച്ചെഴുതാനൊന്നും ഭരണഘടന അനുവദിക്കുന്നില്ലെങ്കിലും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ ഭരണഘടനയെന്നകാര്യത്തിൽ പുരോഗമനജനാധിപത്യവാദികൾക്ക് ഒട്ടും സംശയമില്ല.

വിശ്വഹിന്ദു പരിഷത്​ നേതാവ് അശോക് സിംഗാൾ, ഉമാഭാരതി. ക്യാമറയ്ക്ക് തൊട്ടുമുന്നിൽ രാജ്നാഥ് സിംഗ് ഇരിക്കുന്നതും കാണാം. / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ഭരണഘടനയുടെ സാമൂഹ്യനീതിയുടെയും മതേതരത്വത്തിന്റെയും തുല്യതയുടെയും മൂല്യങ്ങളെ തന്നെയാണ് ഹിന്ദുത്വവാദികൾ അങ്ങേയറ്റത്തെ നിഷേധബോധത്തോടെ എതിർത്തുകൊണ്ടിരിക്കുന്നത്. മധ്യകാലിക ബ്രാഹ്മണമൂല്യങ്ങളെ പുനരാനയിക്കാനാണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വർത്തമാന മനുഷ്യപ്രശ്‌നങ്ങൾക്കെല്ലാം ഭൂതകാലത്തിലേക്ക് തിരിച്ചുപോയി പരിഹാരമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ആർ.എസ്.എസിന്റേത്. മുക്താനന്ദയുടെ ഭരണഘടനാമാറ്റത്തിനുള്ള നിർദ്ദേശങ്ങൾ ഭരണഘടനയുടെ ജനവിരുദ്ധതയായി കാണുന്നത് സ്ത്രീകൾക്കും പിന്നാക്ക- ദലിത്- ന്യൂനപക്ഷ സമൂഹങ്ങൾക്കും ദരിദ്രർക്കും അനുകൂലമായ വ്യവസ്ഥകളെയാണ്. ഈ വ്യവസ്ഥകളെല്ലാം ഹിന്ദുവിരുദ്ധമാണെന്നാണ് അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഭരണഘടനയുടെ സാമൂഹ്യനീതിതത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് നിർദ്ദയം വാദിക്കുകയാണ് ഹിന്ദുത്വവാദികൾ. ദലിതർക്കും ആദിവാസികൾക്കും പിന്നാക്കവിഭാഗങ്ങൾക്കും സർക്കാർ സർവ്വീസിലോ മറ്റെവിടെയുമോ യാതൊരു സംവരണവും നൽകാൻ പാടില്ലെന്നാണ് സ്വാമി മുക്താനന്ദ സരസ്വതി നിർദ്ദേശിച്ചിരിക്കുന്നത്. സംവരണം വിഭജന- വിഘടനവികാരങ്ങളെ പോഷിപ്പിക്കുമെന്നാണല്ലോ ആചാര്യനായ ഗോൾവാൾക്കർ വിചാരധാരയിൽ എഴുതിവെച്ചിട്ടുള്ളത്.

ഗോൾവാൾക്കർ

വിശ്വഹിന്ദുപരിഷത്തിന്റെ സന്ത്‌സമിതി മുന്നോട്ടുവെച്ച ഭരണഘടനാ വിമർശനരേഖ ഇന്ത്യൻ പതാകയെയും ദേശീയഗാനത്തെയും തള്ളിക്കളയുകയാണ്. സംഘപരിവാറിന്റെ അപരമത വിദ്വേഷവും അസഹിഷ്ണുതയുമാണ് സ്വാമി മുക്താനന്ദ സരസ്വതിയുടെ രേഖയിലുടനീളമുള്ളത്.

രേഖ പറയുന്നത്; ''ദേശീയ പതാകയായി വിശേഷിപ്പിക്കുന്ന പതാകയിൽ ഒരു അശോകചക്രമുണ്ട്. അത് സാമ്രാജ്യത്വഗന്ധം നൽകാനേ ഉപകരിക്കുന്നുള്ളൂ.'' അശോക ചക്രവർത്തിയുടെയും ബുദ്ധദർശനത്തിന്റെയും പ്രതീകമായ അശോകചക്രം സ്‌നേഹവും സമത്വവും സാഹോദര്യവും മറ്റുമായ ബുദ്ധമൂല്യങ്ങളെയാണ് പ്രതീകവൽക്കരിച്ചിരിക്കുന്നത്. ബുദ്ധന്റെ പ്രജ്ഞയുടെയും കരുണയുടെയും ദർശനങ്ങളെ അസഹിഷ്ണുതയോടെ തള്ളിക്കളയുകയും പുച്ഛിക്കുകയുമാണ് സ്വാമി മുക്താനന്ദ സരസ്വതി.

1993 ജനുവരി 29-ന്റെ ഫ്രണ്ട്‌ലൈനിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ സ്വാമി മുക്താനന്ദ സരസ്വതി, മതകാര്യങ്ങളിൽ ഒരു ഇടപെടലും ഉണ്ടാകാൻ പാടില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, എല്ലാവർക്കും ബാധകമായ ഏകീകൃത സിവിൽകോഡ് കൊണ്ടുവരണമെന്നാണ് വാദിച്ചത്. മനുസ്മൃതി നിയമമാക്കണമെന്നും പ്രയോഗത്തിൽ കൊണ്ടുവരണമെന്നുമാണ് ഒരു മറയുമില്ലാതെ മുക്താനന്ദ പറയുന്നത്. മനുസ്മൃതി അടിസ്ഥാന പ്രമാണമായി അംഗീകരിക്കുന്ന ഹിന്ദുരാഷ്ട്രത്തെ ലക്ഷ്യംവെച്ചാണ് ആർ.എസ്.എസ് ദ്രുതഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുന്നത്.

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യം വെച്ച് പൗരത്വനിയമവും വിവാഹമോചന നിയമവും ഭേദഗതി ചെയ്തതും സംവരണം എടുത്തുകളയാനുള്ള നീക്കമാരംഭിച്ചിരിക്കുന്നതും ഹിന്ദുരാഷ്ട്ര അജണ്ടയുടെ ഭാഗമായിട്ടാണ്. ഇപ്പോഴവർ കേന്ദ്രഭരണത്തിന്റെ സൗകര്യമുപയോഗിച്ച് ഹിന്ദുരാഷ്ട്രഅജണ്ട നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്ന ഭരണഘടനയെതന്നെ ഇല്ലാതാക്കാനുള്ള കൗശല നീക്കങ്ങളിലാണ്.

Comments