ചങ്ങനാശ്ശേരി പറയും; ജോസാണോ ജോസഫാണോ ഒറിജിനൽ?

1980 മുതൽ 2016 വരെ ഒമ്പതുതെരഞ്ഞെടുപ്പുകളിൽ ചങ്ങനാശ്ശേരി നിയമസഭയിലേക്ക് അയച്ചത് തോമസിനെയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനം മണ്ഡലത്തിലുടനീളമുണ്ട്. അത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം

Election Desk

കേരള കോൺഗ്രസി (എം) ന്റെ പിളർപ്പിനുശേഷം ജോസ്- ജോസഫ് വിഭാഗങ്ങൾ തമ്മിൽ നേർക്കുനേർ നടത്തുന്ന അഭിമാനപ്പോരാട്ടമാണ് ചങ്ങനാശ്ശേരിയിലേത്. ജോസഫ് ഗ്രൂപ്പിലെ വി.ജെ. ലാലിയും ജോസ് വിഭാഗത്തിലെ ജോബ് മൈക്കിളുമാണ് യു.ഡി.എഫ്- എൽ.ഡി.എഫ് സ്ഥാനാർഥികൾ.

2016ൽ മാണി ഗ്രൂപ്പിലെ സി.എഫ്. തോമസ് 1849 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി ജനാധിപത്യ കേരള കോൺഗ്രസിലെ കെ.സി. ജോസഫിനെ തോൽപ്പിച്ചത്. 2011ൽ സി.എഫ്. തോമസ് 2554 വോട്ടിനാണ് സി.പി.എമ്മിലെ ബി. ഇക്ബാലിനെ തോൽപ്പിച്ചത്.

1980 മുതൽ 2016 വരെ ഒമ്പതുതെരഞ്ഞെടുപ്പുകളിൽ ചങ്ങനാശ്ശേരി നിയമസഭയിലേക്ക് അയച്ചത് തോമസിനെയായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനം മണ്ഡലത്തിലുടനീളമുണ്ട്. അത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. എന്നാൽ, ചങ്ങനാശ്ശേരിയിലെ വിജയത്തിന്റെ കാരണം കേരള കോൺഗ്രസ്- എമ്മിനുകിട്ടുന്ന വോട്ടുകളാണെന്നാണ് അവരുടെ അവകാശവാദം.

എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും ഘടകകക്ഷികളുടെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ജോസഫ്- ജോസ് മത്സരത്തിന് ചങ്ങനാശ്ശേരിയിൽ കളമൊരുങ്ങിയത്.

എൽ.ഡി.എഫിന്റെ സീറ്റുവിഭജനചർച്ചയെ വരെ ചങ്ങനാശ്ശേരി ഒരു ഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയിരുന്നു. ജോസ് കെ. മാണിക്ക് കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കുന്നതിന് പകരമായി ചങ്ങനാശ്ശേരി വേണമെന്ന് സി.പി.ഐ വാശിപിടിച്ചുനിന്നു. എന്നാൽ, അത് നടക്കില്ലെന്ന് സി.പി.എമ്മും നിലപാടെടുത്തു. ഒടുവിൽ, സി.പി.ഐക്ക് വഴങ്ങേണ്ടിവന്നു, ചങ്ങനാശ്ശേരി ജോസിന്റെ കൈയിലുമായി.

സി.എഫ്. തോമസിന്റെ മരണവും ജോസ് കെ. മാണി മുന്നണി വിട്ടതും കണക്കിലെടുത്ത് സീറ്റ് തിരിച്ചെടുക്കാമെന്ന് കോൺഗ്രസിന് കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാൽ, വിട്ടുകൊടുക്കില്ലെന്ന ജോസഫിന്റെ വാശി ജയിച്ചു. പുതുതായി ലഭിച്ച ട്രാക്ടർ ഓടിക്കുന്ന കർഷകനാണ് ജോസഫ് ഗ്രൂപ്പിന്റെ ചിഹ്‌നം.

കോൺഗ്രസിലും പ്രശ്‌നങ്ങളുണ്ടായി. ചങ്ങനാശ്ശേരി ജോസഫ് വിഭാഗത്തിന് നൽകിയാൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഡി.സി.സി അംഗവും കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസിഡന്റായ അഖിലേന്ത്യ റേഷൻ ഡീലേഴ്‌സ് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ ബേബിച്ചൻ മുക്കാടൻ മുന്നറിയിപ്പുനൽകിയിരുന്നു. ചങ്ങനാശ്ശേരി കോൺഗ്രസിന് നൽകിയാൽ റെബലായി മത്സരിക്കുമെന്ന് കേരള കോൺഗ്രസ് ജോസഫ് ഉന്നതാധികാര സമിതി അംഗം സാജൻ ഫ്രാൻസിസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ബേബിച്ചന്റെ തിരിച്ചടി. പിന്നീട് അദ്ദേഹം കോൺഗ്രസ് വിടുകയും ഇന്ത്യൻ ക്രിസ്ത്യൻ സെക്യുലർ പാർട്ടി സ്ഥാനാർഥി എന്ന നിലക്ക് പത്രിക നൽകുകയും ചെയ്തു. എന്നാൽ, ഇത് തള്ളി. അതേസമയം, സ്വതന്ത്രനായി നൽകിയ പത്രിക സ്വീകരിച്ചിട്ടുണ്ട്.

2016- നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില.

സഭയും സഭയുടേതായ പയറ്റ് നടത്തുന്നുണ്ട്. സമുദായത്തോട് ആലോചിക്കാതെ സ്ഥാനാർഥികളെ തീരുമാനിക്കരുതെന്ന് ചങ്ങനാശ്ശേരി അതിരൂപത ആജ്ഞാപിച്ചിട്ടുണ്ട്. സഭക്ക് സ്വീകാര്യനായ ആൾ വേണം, സഭാവിരുദ്ധൻ പാടില്ല എന്നൊക്കെയാണ് മുന്നറിയിപ്പുകൾ.

1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എം. കല്യാണകൃഷ്ണൻ നായരാണ് ജയിച്ചത്. 1960ൽ കോൺഗ്രസിലെ എൻ. ഭാസ്‌കരൻ നായർ. 1967ൽ സി.പി.ഐയിലെ കെ.ജി.എൻ. നമ്പൂതിരിപ്പാട്. 1970 മുതൽ ചങ്ങനാശ്ശേരി കേരള കോൺഗ്രസിന്​ സ്വന്തമായി. 1970ലും 77ലും കെ.ജെ. ചാക്കോ. 1980 മുതൽ സി.എഫ്. തോമസ്.


Comments