ചിറ്റൂർ ഇളകിക്കഴിഞ്ഞു; ഇളക്കം വോട്ടുഷെയറാകുമോ?

കാൽനൂറ്റാണ്ട് ചിറ്റൂർ എം.എൽ.എയായിരുന്ന കെ. അച്യുതന്റെ മകൻ സുമേഷ് അച്യുതന്റെ സ്ഥാനാർഥിത്വം യു.ഡി.എഫ് പ്രവർത്തകരിൽ പുതിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അത് എൽ.ഡി.എഫ് സ്ഥാനാർഥി കെ. കൃഷ്ണൻകുട്ടിയുടെ വിജയപ്രതീക്ഷക്ക് തിരിച്ചടി നൽകാൻ തക്ക ശക്തവുമാണ്. എന്നാൽ, ഈ ആവേശത്തിന്റെ വോട്ടുഷെയർ എത്രയായിരിക്കും എന്നത് ഇപ്പോൾ പ്രവചനാതീതവുമാണ്.

Election Desk

1957 മുതലുള്ള 14 തെരഞ്ഞെടുപ്പുകളിൽ എട്ടുതവണ ഇടതുപക്ഷവും ആറു തവണ കോൺഗ്രസ്- യു.ഡി.എഫ് മുന്നണിയും ജയിച്ച മണ്ഡലം.

കോൺഗ്രസിലെ കെ. അച്യുതനും ജനതാദളിലെ കെ. കൃഷ്​ണൻകുട്ടിയും തമ്മിലായിരുന്നു ഇക്കാലമേറെയും കടുത്ത മത്സരം. 1980, 1982, 1991 വർഷങ്ങളിൽ കൃഷ്​ണൻകുട്ടിയും 1996 മുതൽ 2011 വരെ തുടർച്ചയായി നാലുതവണ അച്യുതനുമായിരുന്നു ജയം. 2016ൽ കൃഷ്ണൻകുട്ടി 7285 വോട്ടിന്റെ ഭൂരിപക്ഷത്തിന് അച്യുതനെ തോൽപ്പിച്ചു.

ഇത്തവണയും ജനതാദൾ- എസ്. സ്ഥാനാർഥിയായി കൃഷ്ണൻകുട്ടിയുണ്ട്. പഴയ എതിരാളിയുടെ മകനാണ് യു.ഡി.എഫ് സ്ഥാനാർഥി; അച്യുതന്റെ മകൻ സുമേഷ് അച്യുതൻ. ചിറ്റൂർ അങ്ങനെ രാഷ്ട്രീയത്തിലെ സവിശേഷമായ ഒരു തുടർച്ചക്ക് വേദിയാകുകയാണ്.

വികസനമാണ് രണ്ടുപേരുടെയും പ്രധാന പ്രചാരണായുധം. രണ്ടു പതിറ്റാണ്ടുകൊണ്ട് തന്റെ അച്ഛൻ ചിറ്റൂരിൽ കൊണ്ടുവന്ന വികസനത്തിലാണ് ഡി.സി.സി വൈസ് പ്രസിഡന്റുകൂടിയായ സുമേഷിന്റെ ഊന്നൽ. മന്ത്രിയെന്ന നിലയ്ക്ക് തനിക്ക് ചെയ്യാൻ കഴിഞ്ഞ കാര്യങ്ങളാണ് കൃഷ്ണൻകുട്ടിയുടെ വിഷയം.

2016-ൽ കൃഷ്ണൻകുട്ടിയോട് തോറ്റതിനെതുടർന്ന് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ് അച്യുതൻ. പ്രവർത്തകർ നൽകുന്ന ആത്മവിശ്വാസം വലുതാണെന്നും മണ്ഡലം തിരിച്ചുപിടിയ്ക്കാമെന്ന ആത്മവിശ്വാസത്തിലാണെന്നും സുമേഷ് പറയുന്നു. കെ.പി.സി.സി ഒ.ബി.സി വിഭാഗം ചെയർമാനായ സുമേഷിന്റെ സാന്നിധ്യം യു.ഡി.എഫ് പ്രവർത്തകരിൽ പുതിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. അത് എൽ.ഡി.എഫ് സ്ഥാനാർഥി കെ. കൃഷ്ണൻകുട്ടിയുടെ വിജയപ്രതീക്ഷക്ക് തിരിച്ചടി നൽകാൻ തക്ക ശക്തവുമാണ്. എന്നാൽ, ഈ ആവേശത്തിന്റെ വോട്ടുഷെയർ എത്രയായിരിക്കും എന്നത് ഇപ്പോൾ പ്രവചനാതീതവുമാണ്.

1957ൽ മണ്ഡലം രൂപീകരിച്ചതുമുതൽ പതിനാലു തിരഞ്ഞെടുപ്പുകളിൽ ആറുതവണ യുഡിഎഫും എട്ടുതവണ ഇടതും വിജയിച്ച മണ്ഡലം.
1957ൽ സി.പി.ഐയുടെ പി. ബാലചന്ദ്രമേനോൻ, കോൺഗ്രസിലെ കെ. ഈച്ചരൻ എന്നിവരും 1960ൽ സി.പി.ഐക്കാരായ പി. ബാലചന്ദ്രമേനോനും നാരായണൻ തണ്ടാനുമായിരുന്നു ഈ ദ്വയാംഗ മണ്ഡലത്തിൽനിന്ന് ജയിച്ചത്. 1967ലും 1970ലും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ കെ.എ. ശിവരാമ ഭാരതി ജയിച്ചു. 1977ൽ പി. ശങ്കറിലൂടെ സി.പി.ഐ തിരിച്ചുപിടിച്ചു.

2016 - നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനില

1980, 1982 വർഷങ്ങളിൽ കൃഷ്ണൻകുട്ടിക്കായിരുന്നു ജയം. 1987ൽ കോൺഗ്രസിന്റെ കെ.എ. ചന്ദ്രനും 1991ൽ കെ. കൃഷ്ണൻകുട്ടിയും എം.എൽ.എമാരായി. ചിറ്റൂർ തത്തമംഗലം നഗരസഭ അധ്യക്ഷനായിരിക്കേ 1996ലായിരുന്നു അച്യുതന്റെ ആദ്യ നിയമസഭാ അങ്കം. 1996 മുതൽ 2011 വരെ അച്യുതന്റെ കാലം. 2016ൽ സോഷ്യലിസ്റ്റ് ജനതാദളിൽ നിന്ന് മാറിയ കൃഷ്ണൻകുട്ടി ജെഡി-എസിൽ ചേർന്ന് അച്യുതനെ തോൽപ്പിച്ചു.

പാലക്കാട് ജില്ലയിലെ ചിറ്റൂർ- തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം.
എരുത്തേമ്പതി, പട്ടഞ്ചേരി പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിന് നേടാനായത്.

യു.ഡി.എഫ് കോട്ടയായ ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ എൽ.ഡി.എഫ് മികച്ച ജയം നേടി. കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ പഞ്ചായത്തുകളും എൽ.ഡി.എഫിനാണ്.
പാലക്കാട് നഗരസഭാംഗം വി. നടേശനാണ് ബി.ജെ.പി സ്ഥാനാർഥി.


Comments