കൊട്ടിക്കലാശത്തിലെത്തുകയാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ. എൽഡിഎഫും യുഡിഎഫും ഒരേ പോലെ പേടിക്കുന്ന "ബോംബ്' ഇതിനിടയിൽ അവസാന നിമിഷം പൊട്ടിക്കൂടെന്നുമില്ല .എങ്കിൽ തെരഞ്ഞെടുപ്പ് സർവേകൾ എല്ലാം കീഴ്‌മേൽ മറിയാം. എങ്കിലും കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ നേരിട്ടും വടക്കൻ കേരളത്തിൽ സുഹൃത്തുക്കൾ വഴിയും നടത്തിയ അന്വേഷണം വിരൽ ചൂണ്ടുന്നത് പിണറായി വിജയന് ഒരൂഴം കൂടെ ലഭിക്കുന്നു എന്നാണ്.
കാമ്പയിന്റെ ഊന്നൽ മുഴുവൻ സർവ സൈന്യാധിപനിലാണ്, പാർടിയിലും മുന്നണിയിലുമല്ല, പ്രത്യയശാസ്ത്രത്തിലും രാഷ്ടീയത്തിലുമല്ല എന്നത് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. ഇനിയുമെങ്ങനെ എത്രത്തോളം വലതാവാം എന്ന പ്രതിസന്ധിയിലാണ് എൻഡിഎഫും യുഡിഎഫും. ഇരുവരും അവരവർക്കു കഴിയുംവിധം വലത്തോട്ട് വലത്തോട്ട് തങ്ങളെത്തന്നെ തള്ളി നീക്കുകയായിരുന്നു ഈ ദിവസങ്ങളിൽ. എന്തിന് വേറൊരു വലതുപക്ഷ പാർടി എന്ന് വോട്ടർമാരുടെ നെറ്റി ചുളിപ്പിക്കും മട്ടിലായിരുന്നു ഇരു മുന്നണികളുടേയും ഓരോ നീക്കങ്ങളും. ഒടുവിൽ കിറ്റും അയ്യപ്പനും പരസ്പരാഭിമുഖമായി നിൽക്കുന്നതാണ് തെളിഞ്ഞു കിട്ടുന്ന തെരഞ്ഞെടുപ്പ് ദൃശ്യം.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിധിയായിരുന്നില്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിധി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം അങ്ങനെത്തന്നെ ആവർത്തിക്കണമെന്നുമില്ല നിയമസഭാ തെരഞ്ഞെടുപ്പിൽ. ഇതിന്നിടയിൽ കേരളം ആര് ഭരിക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്ന ബിജെപിയുടെ അവകാശവാദം ഒരു പൊങ്ങച്ച പ്രഖ്യാപനമാവാനിടയില്ലെന്ന് നമുക്ക് ബോധ്യമാവാൻ പോകുകയാണ്. അവരുടെ പതിനഞ്ച് ശതമാനം വോട്ട് ഇത്തവണ ഇരുപതാകുമെന്നുറപ്പ്. മിക്ക മണ്ഡലങ്ങളിലും എൽഡിഎഫ് - യുഡി എഫ് മുന്നണികൾ ഏതാണ്ട് ഒപ്പാപ്പം നിൽക്കുമ്പോൾ ഈ വോട്ടുകളിൽ കുറച്ചെങ്കിലും മറിക്കപ്പെടുന്നത് സ്വാഭാവികമായും സംഭവിക്കാവുന്നത. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലുമത് സംഭവിച്ചിട്ടുണ്ട്, ഇത്തവണയുമതാവർത്തിക്കപ്പെടാം.
അതൊരു സംസ്ഥാന തല രഹസ്യധാരണയുടെ ഫലമാകണമെന്നില്ല. ഉറപ്പായും ജയസാധ്യതയുണ്ടെന്നു തങ്ങൾ കരുതുന്ന നാലഞ്ച് മണ്ഡലങ്ങൾ ഒഴിച്ചുള്ളവയിൽ അനുഭാവി വോട്ടുകൾ മറിക്കപ്പെടാനുള്ള സാധ്യത എന്തിന് തള്ളിക്കളയണം?. വോട്ടർമാരിലെ ആ അഞ്ചിലൊരാളുടെ വിരലിലെ മഷി വിജയ - പരാജയങ്ങളിൽ നിർണായകമാകുമല്ലോ. അതുകൊണ്ടാണ് കേരളത്തിന്റെ രാഷ്ടീയ ഭാവി ഏപ്രിൽ ആറിന് ബി ജെ പി നിശ്ചയിക്കുമെന്ന് പ്രവചിക്കാൻ ധൈര്യപ്പെടുന്നത്.യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീംലീഗിന് ഉപമുഖ്യമന്ത്രി പദം ലഭിച്ചേക്കും, എൽഡിഎഫിന് രണ്ടാമൂഴം ലഭിക്കുന്നെങ്കിൽ മുസ്ലീം ലീഗിന് പ്രതിപക്ഷ നേതൃസ്ഥാനവും എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനടുത്ത ദിവസം ഞാൻ എഴുതിയിരുന്നു. ഏതായാലും മെയ് 2നു ശേഷം മുസ്ലീംലീഗിന്റെ റോൾ നിർണായകമാവും. ചുമ്മാതല്ല കുഞ്ഞാലിക്കുട്ടി ദില്ലിയിൽ നിന്ന് വേങ്ങരയിലേക്ക് തിരിച്ച് വിമാനം കയറിയെത്തിയിരിക്കുന്നത്. മുസ്ലിംലീഗിന് യുഡിഎഫിൽ തന്നെ നിൽക്കണമെന്നില്ല. വർധിച്ചു വരുന്ന ഫാസിസ്റ്റ് ഭീഷണിയും പ്രതിരോധിക്കാനുള്ള കോൺഗ്രസിന്റെ ശേഷിയില്ലായ്മയും ഇടതുപക്ഷത്തെ അവരുടെ സ്വാഭാവിക സഖ്യശക്തിയാക്കി മാറ്റുന്നു, സിപിഎം ഒന്നറിഞ്ഞ് ഇടംകണ്ണിട്ട് ക്ഷണിച്ചിരുന്നെങ്കിൽ പച്ചക്കൊടികൾ ഹോൾസെയിലായിത്തന്നെ എപ്പോഴേ എൽഡിഎഫിൽ എത്തുമായിരുന്നല്ലോ. ഇടതു പക്ഷത്തിന് സെക്യുലർ ഇമേജ് കൂടെ നിലനിർത്തേണ്ടതുള്ളതുകൊണ്ട് മാത്രമാണ് ആ കൈ തങ്ങളുപ്പാപ്പാന്റെ തറവാട്ടു കോലായയിലേക്ക് നീളാതിരുന്നത്.
അറക്കലെ ബീബി അരയല്ല, മുഴു സമ്മതത്തോടെ എപ്പഴേ മണിയറയൊരുക്കി കാത്തിരിക്കുകയാണ്. ഇനിയിപ്പോൾ മെയ് രണ്ടിനുശേഷമുള്ള രാഷ്ടീയ സമ്മർദ്ദങ്ങളിൽ അത് സംഭവിച്ചു കൂടെന്നില്ല. തെരഞ്ഞെടുപ്പിനു മുമ്പുള്ള മസിൽപിടുത്തം ഫലപ്രഖ്യാപനത്തിനു ശേഷവും തുടരണമെന്നില്ലല്ലോ. രാഷ്ടീയം പ്രഛന്നമായ യുദ്ധമാണെന്നു പറയാറുണ്ട്. ചോര വീഴുന്ന രാഷ്ടീയത്തെ നാം യുദ്ധമെന്നും ചോര വീഴ്ത്താത്ത യുദ്ധത്തെ രാഷ്ടീയമെന്നും വിളിക്കുന്നു. യുദ്ധത്തിലെന്ന പോലെ രാഷ്ട്രീയത്തിലുമെന്തുമാവാം. രണ്ടും സാധ്യതകളുടെ മാത്രം കലയും ശാസ്ത്രവും.
അതുകൊണ്ട് ഏപ്രിൽ ആറിനു കേരളത്തിന്റെ രാഷ്ട്രീയ വിധി ബിജെപി തീരുമാനിക്കുമെന്നു പറയുന്നതിന്റെ തുടർച്ചയായാണ് മെയ് രണ്ടിനു ശേഷമത് മുസ്ലീം ലീഗ് തീരുമാനിക്കുമെന്നു പറയുന്നത്. ഏപ്രിൽ ആറിന് ബിജെപിയുടെ കാവി ബൂട്ടുകൾക്കിടയിലുള്ള പന്ത് പിന്നീട് പാസ് ചെയ്യപ്പെടുന്നത് മുസ്ലീംലീഗിന്റെ പച്ച ബൂട്ടുകൾക്കിടയിലേക്കാണെന്ന് പ്രവചിക്കാൻ മുൻ വിധികളില്ലാത്ത വെറും രാഷ്ടീയ നിരീക്ഷകനായാൽ മാത്രം മതിയാകും ...