ആധുനിക ഇന്ത്യയിലെ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി,
ഭാവിയിലെയും…

ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിലേക്കു നയിച്ച പ്രത്യയശാസ്ത്രപരവും ചരിത്രപരവുമായ ഗതിവിഗതികൾ രേഖപ്പെടുത്തുകയാണ് ആർ. അജയൻ. സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം.

ന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളും മാർക്സ്, എംഗൽസ്, ലെനിൻ തുടങ്ങിയവരുടെ ശാസ്ത്രീയ സോഷ്യലിസ്റ്റ് ആശയങ്ങളും ശക്തമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നത് അനിഷേധ്യമായ ഒരു ചരിത്രവസ്തുതയാണ്. കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ പ്രമുഖരായിരുന്ന ലാലാ ലജ്പത് റായ്, ബാലഗംഗാധരതിലകൻ, ജവഹർലാൽ നെഹ്‌റു, രവീന്ദ്രനാഥടാഗോർ, സുഭാഷ്ചന്ദ്രബോസ്, പെരിയാർ ഇ.വി. രാമസ്വാമി നായയ്ക്കർ എന്നിവരും സോഷ്യലിസ്റ്റ് ആശയങ്ങളാൽ പ്രചോദിതരായിരുന്നു. എന്നാൽ ഇവരാരും തന്നെ ശാസ്ത്രീയ സോഷ്യലിസ്റ്റ് ആശയങ്ങൾ സാക്ഷാത്കരിക്കാൻ അനിവാര്യമായ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപവൽക്കരിക്കുന്നതിലോ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പങ്കുചേർന്ന് പ്രവർത്തിക്കുന്നതിലോ താല്പരരായിരുന്നില്ല.

1925- ലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാൺപൂരിൽ സ്ഥാപിതമാകുന്നത്. എന്നാൽ ഇതിനു മുമ്പുതന്നെ പല കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളും വിദേശത്തും ഇന്ത്യയ്ക്കകത്തും ഒത്തു ചേർന്നിട്ടു ണ്ടായിരുന്നു. 1917- ൽ നടന്ന മഹത്തായ റഷ്യൻ വിപ്ലവം, അതിനുമുമ്പ് തന്നെ മാക്സിന്റെയും എംഗൽസിന്റെയും നേതൃത്വത്തിൽ സ്ഥാപിതമായ സാർവദേശീയ തൊഴിലാളിപ്രസ്ഥാനം, ലെനിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം ലോക കോൺഗ്രസ് (കൊമിന്റേൺ) - ഇവയെല്ലാം ആദ്യകാല ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് പ്രചോദനമായി.

പൂർണ്ണ സ്വരാജ് എന്ന ആവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ഉന്നയിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു.

ഗ്രൂപ്പുകളിൽ ഒന്നിലംഗമായിരുന്ന എം.എൻ. റോയ് ലെനിനുമായി ബന്ധപ്പെടുകയും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിൽ അംഗമാവുകയും ചെയ്തു. കോമിന്റോണിന്റെ നേതൃനിരയിലെത്തിയ എം എൻ റോയ് ലെനിന്റെ അഭ്യർത്ഥനപ്രകാരം, ലെനിൻ തയ്യാറാക്കിയ സാർവദേശീയ കമ്മ്യൂണിസ്റ്റ് പരിപാടിക്ക് (പിൽക്കാലത്ത് കൊളോണിയൽ തീസിസ് എന്നറിയപ്പെട്ടത്) വിമർശനരേഖ തയ്യാറാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ ബൂർഷ്വാസിയുടെ സ്വഭാവത്തെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ ബൂർഷ്വാസിയോട് നിലനിർത്തേണ്ട നിലപാടിനെയും സംബന്ധിച്ച് ഇരുവരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. എങ്കിലും റോയിയുടെ നിർദ്ദേശങ്ങളിൽ ചില മർമ്മപ്രധാനവിഷയങ്ങൾ സ്വീകരിച്ചുകൊണ്ടാണ് കൊളോണിയൽ തീസീസ് തയ്യാറാക്കപ്പെട്ടത്. എന്നാൽ പിന്നീട് പല കാരണങ്ങളാൽ റോയ് കമ്മ്യൂണിസ്റ്റ് ഇന്റർ നാഷണലിൽ നിന്നും പുറത്താകുകയും കമ്മ്യൂണിസ്റ്റാശയം തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി (1934 ) മുന്നോട്ടുവച്ചത് എം. എൻ. റോയിയാണ്.

കൊളോണിയലിസ്റ്റ് വിരുദ്ധ സമരത്തിൽ കമ്മ്യൂണിസ്റ്റുകൾ പങ്കുകൊള്ളുകയും അതിന്റെ നേതൃത്വം ബൂർഷ്വാ ദേശീയ പ്രസ്ഥാനത്തിനാണെങ്കിൽ പോലും കമ്മ്യൂണിസ്റ്റുകൾ അതിനെ പിന്തുണയ്ക്കണമെന്നും ലെനിൻ ലോകത്താകമാനമുള്ള കമ്മ്യൂണിസ്റ്റുകാരോട് ആഹ്വാനം ചെയ്തു.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനുമുമ്പുള്ള സംസ്ഥാന കൗൺസിൽ
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനുമുമ്പുള്ള സംസ്ഥാന കൗൺസിൽ

പൂർണ്ണ സ്വരാജ് അഥവാ
സമ്പൂർണ്ണ സ്വാതന്ത്ര്യം

പൂർണ്ണ സ്വരാജ് എന്ന ആവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ഉന്നയിച്ചത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. 1921-ൽ കോൺഗ്രസിന്റെ അഹ്‌മ്മദാബാദ് സമ്മേളനത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന എം.എൻ. റോയ്, അബനി മുഖർജി എന്നിവർ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും പൂർണമായ സ്വാതന്ത്ര്യം ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മാനിഫെസ്റ്റോ സമ്മേളന പ്രതിനിധികൾക്കിടയിൽ വിതരണം ചെയ്തു. മാത്രമല്ല ബ്രിട്ടീഷ് കൊളോണിയൽ ഭരണവും ആയുള്ള എല്ലാവിധ ചങ്ങാത്തവും അവസാനിപ്പിക്കാനും തൊഴിലാളി -കർഷക വർഗ്ഗപ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാനും കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായിട്ടാണ് പ്രമുഖ കോൺഗ്രസ് നേതാവും ഉറുദു കവിയും കമ്മ്യൂണിസ്റ്റുമായിരുന്ന മൗലാന ഹസ്രത്ത് മൊഹാനിയും സ്വാമി കുമാരാനന്ദനും സമ്പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചത്. എന്നാൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം പ്രതിനിധികളും ഈ പ്രമേയത്തെ എതിർത്തു. പ്രമേയം പരാജയപ്പെട്ടുവെങ്കിലും ഇന്ത്യയിലെ കൊളോണിയൽ വിരുദ്ധ സമരത്തിന് ശക്തി പകരാനും കമ്മ്യൂണിസ്റ്റുകളുടെ ശക്തമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനും ഇത് സഹായകമായി.

ഇതിനെ തുടർന്ന് നിരവധി ഗൂഢാലോചന കേസുകൾ കൂടി കമ്മ്യൂണിസ്റ്റുകൾക്കും ബ്രിട്ടീഷ് വിരുദ്ധ കലാപകാരികൾക്കുമെതിരെ ബ്രിട്ടീഷ് ഭരണാധികാരികൾ ചുമത്തുകയും പലരെയും ജയിലിൽ അടയ്ക്കുകയും ചില പ്രമുഖ നേതാക്കളെ തൂക്കിക്കൊല്ലുകയും ചെയ്തു. 1922 ഡിസംബറിലെ ഗയാ കോൺഗ്രസ് സമ്മേളനത്തിൽ പൂർണ്ണ സ്വാത ന്ത്ര്യപ്രമേയം വീണ്ടും അവതരിപ്പിച്ചു. ശിങ്കാരവേലുച്ചെട്ടിയാർ, എസ്.എ. ഡാങ്കേ എന്നിവ രായിരുന്നു ഇതിന്റെ പ്രണേതാക്കൾ. 1927- ൽ ഭഗത് സിംഗ് സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന ആവശ്യം ഉയർത്തിയെങ്കിലും ഗാന്ധിജി അതിനോട് വിയോജിച്ചു. എന്നാൽ, 1929- ലെ ലാഹോർ സമ്മേളനത്തിൽ കോൺഗ്രസിന് സമ്പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം അംഗീകരിക്കേണ്ടിവന്നു.

സത്യപാൽഡാംഗ് 1980- കളുടെ ഒടുവിൽ തിരുവനന്തപുരത്ത് ഒരു സൃഹൃത് സമ്മേളനത്തിൽ. തിരുനല്ലൂർ കരുണാകരൻ, കെ.വി സുരേന്ദ്രനാഥ് എന്നിവർ സമീപം.
സത്യപാൽഡാംഗ് 1980- കളുടെ ഒടുവിൽ തിരുവനന്തപുരത്ത് ഒരു സൃഹൃത് സമ്മേളനത്തിൽ. തിരുനല്ലൂർ കരുണാകരൻ, കെ.വി സുരേന്ദ്രനാഥ് എന്നിവർ സമീപം.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അവിസ്മരണീയമായ വ്യക്തിത്വമായിരുന്നു ഭഗത് സിംഗ്. ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളുടെ കിരാതഭരണത്തിനും ഭീകരമായ നരഹത്യകൾക്കുമെതിരെ സായുധകലാപത്തിലൂടെ മാത്രമേ വിപ്ലവകാരികൾക്ക് ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കാൻ കഴിയൂവെന്ന് ദൃഢമായി വിശ്വസിച്ച ഭഗത് സിംഗിന് നിരവധി സഹയാത്രികരും അനുയായികളുമുണ്ടായിരുന്നു. ഭഗത് സിംഗിനോടൊപ്പം ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന സുഖദേവ്, രാജഗുരു തുടങ്ങിയവർ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന ഏടുകൾ തന്നെ സൃഷ്ടിച്ചു. ചന്ദ്രശേഖർ ആസാദ്, ശിവറാം, ഭഗവതി ചരൺ, അജോയ്ഘോഷ് തുടങ്ങിയവരും ഭഗത് സിംഗിന്റെ അടുത്ത സഖാക്കളായിരുന്നു. ഹി ന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ, ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി, നൗ ജവാൻ സഭ തുടങ്ങിയ സംഘടനകൾ ഭഗത് സിംഗിന്റെ നേതൃത്വത്തിൽ രൂപംകൊണ്ടതാണ്. ഭഗത് സിംഗിന്റെ ഉന്മൂലനാശയങ്ങളോട് കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി വിയോഗിക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ ദേശാഭിമാനബോധത്തിനെയും സോഷ്യലിസ്റ്റ് ആഭിമുഖ്യത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടി ആദരിക്കുന്നു. ഇതേ നിലപാട് തന്നെയാണ് സുഭാഷ്ചന്ദ്രബോസിനോടും പാർട്ടിക്കുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദവി അലങ്കരിച്ച സുഭാഷ് ചന്ദ്രബോസ് പിന്നീട് കോൺഗ്രസ് വിടുകയും ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ) രൂപീകരിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് ഫാഷിസ്റ്റുകളുമായി ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യുന്നതിനിടയിലാണ് മരിക്കുന്നത്.

കൊളോണിയലിസ്റ്റുകൾക്കെതിരായ വിപ്ലവതന്ത്രങ്ങൾ രൂപപ്പെടുത്തുമ്പോൾ കമ്മ്യൂണിസ്റ്റുകൾ അനുവർത്തിക്കുന്നത് തൊഴിലാളിവർഗ്ഗ -കർഷക ഐക്യനിരയിൽ അധിഷ്ഠിതമായ വിപ്ലവപ്രസ്ഥാനം വളർത്തിയെടുക്കുക എന്ന താണ്. നിലവിലുള്ള പാർലമെന്ററി ജനാധിപ ത്യ വ്യവസ്ഥയിൽ സർഗ്ഗാത്മകമായി ഇടപെടുകയും ജനാധിപത്യത്തിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭ്യമാവാനും, സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി ജനകീയ ആഭിമുഖ്യമുള്ളതും ജനാധിപത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുന്നതുമായ സർക്കാർ സ്ഥാപിക്കുക എന്നതാണ് നമ്മുടെ അടിയന്തര കടമ.

കോൺഗ്രസിൽ സോഷ്യലിസ്റ്റ് ചിന്താഗതിയും ഇടതുവീക്ഷണവും ഒരു പരിധിവരെ വികസിപ്പിക്കാൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണം സഹായിച്ചു. എസ്.എ. ഡാങ്കേ, എസ്.വി. ഘാട്ടേ, ഇ.എം.എസ്, എ.കെ.ജി തുടങ്ങി ഇരുപതോളം കമ്മ്യൂണിസ്റ്റ് നേതാക്കൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സജീവ അംഗങ്ങളായിരുന്നു.

എന്നാൽ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ പാർലമെന്ററി പ്രവർത്തനം കൊണ്ടുമാത്രം സാ ധ്യമാവില്ല. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങളെയും പാർലമെന്ററി പ്രവർത്തനത്തെയും സം യോജിപ്പിച്ചുകൊണ്ട് മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. എന്നാൽ വ്യക്തികളെ ഉന്മൂലനം ചെയ്യുന്ന വർ, സോഷ്യലിസ്റ്റുകളും മുതലാളിത്ത വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരായാൽ പോലും കമ്മ്യണിസ്റ്റുകാരുടെ വീക്ഷണത്തിൽ അവർ വിപ്ലവകാരികളല്ല. ഇത്തരത്തിലുള്ള ഇടതുപക്ഷ വ്യതിയാനത്തെ 'ഇടതുപക്ഷ കമ്മ്യൂണിസം; ഒരു ബാലാരിഷ്ടത' (Left communism; An infantile disorder) എന്ന ഗ്രന്ഥത്തിൽ വി.ഐ. ലെനിൻ ശക്തമായി വിമർശിക്കുന്നുണ്ട്.

തീവ്രഇടതുപക്ഷത്തിന്റെ സാഹസിക നിലപാടിന്റെ മറുപുറമാണ് കോൺഗ്രസ് അടക്കമുള്ള ബൂർഷ്വാ പാർട്ടികളുടേത്. ഗാന്ധിജിയായിരുന്നാലും നെഹ്‌റുവായിരുന്നാലും കോൺഗ്രസ്, ബ്രിട്ടീഷുകാരോട് അനുവർത്തിച്ച രാഷ്ട്രീയനയം, അനുരഞ്ജനത്തിന്റെയും വിലപേശലിന്റെയും നയമായിരുന്നു. ഗാന്ധിജി നേതൃത്വം കൊടുത്ത ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ സത്യഗ്രഹ സമരങ്ങളിൽ നിന്നും വളർന്ന് ജനകീയ പ്രക്ഷോഭങ്ങളായി ആളിപ്പടർന്നപ്പോഴൊക്കെ അവയെ നിരുപാധികം റദ്ദ് ചെയ്യുകയായിരുന്നു ഗാന്ധിജി. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആവട്ടെ ജനകീയ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുകയും വിജയമായാലും പരാജയമായാലും അവയുടെ അവസാനം വരെ നിലകൊള്ളുകയും ചെയ്തു.

ജയിലിൽ കിടക്കുന്ന കയ്യൂർ സമരസഖാക്കളെ കാണാൻ പി.സി. ജോഷിയും പി. കൃഷ്ണപിള്ളയും തേജസ്വിനി പുഴയിലൂടെ വഞ്ചിയിൽ എത്തുന്നു.
ജയിലിൽ കിടക്കുന്ന കയ്യൂർ സമരസഖാക്കളെ കാണാൻ പി.സി. ജോഷിയും പി. കൃഷ്ണപിള്ളയും തേജസ്വിനി പുഴയിലൂടെ വഞ്ചിയിൽ എത്തുന്നു.

ആദ്യകാല കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും കോൺഗ്രസിലെ ഇടതുവീക്ഷണമുള്ളവരും മറ്റു സ്വതന്ത്രരും ഉൾപ്പെട്ട കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (സി.എസ്.പി) 1934- ലാണ് പാറ്റ്‌നയിൽ രൂപീകൃതമാവുന്നത്. കോൺഗ്രസിൽ സോഷ്യലിസ്റ്റ് ചിന്താഗതിയും ഇടതുവീക്ഷണവും ഒരു പരിധിവരെ വികസിപ്പിക്കാൻ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണം സഹായിച്ചു. എസ്.എ. ഡാങ്കേ, എസ്.വി. ഘാട്ടേ, ഇ.എം.എസ്, എ.കെ.ജി തുടങ്ങി ഇരുപതോളം കമ്മ്യൂണിസ്റ്റ് നേതാക്കൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സജീവ അംഗങ്ങളായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ള, കെ.എ. കേരളീയൻ, കെ. കേളപ്പൻ, സർദാർ ചന്ദ്രോത്ത്, ഇ.എം.എസ്, മൊയാരത്ത് ശങ്കരൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ 1934- ൽ കോഴിക്കോട് വച്ചാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്.

ജന്മിത്വ - നാടുവാഴിത്ത - കൊളോണിയൽ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലെയെന്നല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ തന്നെ രക്ത ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട അധ്യായമാണ് പുന്നപ്ര-വയലാർ സമരം.

പുന്നപ്ര വയലാര്‍

ജന്മിത്വ - നാടുവാഴിത്ത - കൊളോണിയൽ വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലെയെന്നല്ല ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ തന്നെ രക്ത ലിപികളാൽ എഴുതിച്ചേർക്കപ്പെട്ട അധ്യായമാണ് പുന്നപ്ര-വയലാർ സമരം. 1946- ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് ഈ പ്രക്ഷോഭം നടന്നത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ -ചേർത്തല താലൂക്കുകളിൽ ജന്മി മാർക്കെതിരെ കുടിയാന്മാരായ കർഷകരും കർഷക തൊഴിലാളികളും നടത്തിയ രക്തരൂക്ഷിതമായ സമരമായിരുന്നു ഇത്. തിരുവിതാംകൂറിനെ ഒരു പ്രത്യേക രാജ്യമാക്കിമാറ്റാനുള്ള രാജഭരണ തീരുമാനത്തിനെതിരായ രാഷ്ട്രീയ പ്രക്ഷോഭം കൂടിയായിരുന്നു ഇത്. ഇന്ത്യയിൽനിന്ന് വേറിട്ട്, 'അമേരിക്കൻ മോഡലി'ൽ തിരുവിതാംകൂറിനെ മാറ്റാൻ ദിവാൻ സി.പി. രാമസ്വാമിഅയ്യർ തീരുമാനിച്ചത് വമ്പിച്ച ജനകീയ രോഷത്തിന് വഴിതെളിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും കൂടുതൽ ജനകീയാടിത്തറയുള്ള പ്രദേശമായിരുന്നു തിരുവിതാംകൂർ. 'രണ്ടാം ലോകമഹായുദ്ധകാലത്ത് 21, 000- ൽപരം കൃഷിക്കാരാണ് ദാരിദ്ര്യം മൂലം തിരുവിതാംകൂറിൽ മരണമടഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളികളും കർഷകരും ഒരുമിച്ച് അതിരൂക്ഷമായ സംഘട്ടനം തന്നെ നടന്നു. നൂറുകണക്കിന് പ്രക്ഷോഭകർ അതിദാരണമാംവിധം കൊല്ലപ്പെട്ടു. എന്നാൽ ജനകീയ ശക്തി ക്കുമുന്നിൽ ചെറുത്തു നിൽക്കാൻ കഴിയാതെ വന്ന സർ സി.പി തിരുവിതാംകൂറിനോട് വിട പറയുകയായിരുന്നു.

പുന്നപ്ര- വയലാർ സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ജേക്കബ് ഫിലിപ്പ്.
പുന്നപ്ര- വയലാർ സമരത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ജേക്കബ് ഫിലിപ്പ്.

ജന്മിത്വ സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങൾ

ബ്രിട്ടീഷ് ഭരണകാലത്ത് കാസർഗോഡ് ജില്ലയിലെ കയ്യൂരിൽ നടന്ന സംഭവമാണ് കയ്യൂർ സമരം എന്ന പേരിൽ അറിയപ്പെടുന്നത്. കയ്യൂരിലെ ജന്മിത്ത ദുർവാഴ്ചക്കെതിരെ 1941 മാർച്ച് 28ന് നടന്ന സമാധാനപരമായ ജനകീയജാഥ, ഒരു പോലീസുകാരന്റെ ഇടപെടൽ മൂലം അക്ര മാസക്തമാവുകയും പോലീസുകാരൻ പുഴയിൽ മുങ്ങിമരിക്കുകയും ചെയ്തതാണ് സംഭവം. ഈ സംഭവവുമായി ബന്ധപ്പെട്ട് 61 പേരെ വിചാരണചെയ്യുകയും മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചീരുക്കണ്ടൻ, പെടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബുബേക്കർ എന്നീ നാല് സഖാക്കളെ തൂക്കിക്കൊല്ലുകയും ചെയ്തു.

1946-ൽ ജന്മിവ്യവസ്ഥയ്ക്കെതിരെ നടന്ന ഉജ്ജ്വലമായ പ്രക്ഷോഭമായിരുന്നു കരിവള്ളൂർ സമരം. രണ്ടാം ലോക യുദ്ധത്തെ തുടർന്ന് രാജ്യമെങ്ങും പടർന്നുപിടിച്ച ഭക്ഷ്യക്ഷാമവും പട്ടിണിയും കോളറയും ആയിരക്കണക്കിന് ജനങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. എന്നാൽ ജന്മി വർഗ്ഗം കർഷകരിൽനിന്ന് കനത്ത പാട്ടം പിരിക്കുകയും ഭക്ഷ്യധാന്യങ്ങൾ പത്തായപ്പുരകളിൽ പൂഴ്ത്തിവെക്കുകയും ചെയ്തു. എന്നാൽ കർഷകസംഘം ഇതിനെതിരെ പോരാടാൻ തീരുമാനിക്കുകയും പോലീസും ജനങ്ങളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടക്കുകയും ചെയ്തു. 1946 ഡിസംബർ 20ന് നടന്ന വെടിവെപ്പിൽ കീനേരി കുഞ്ഞമ്പു, തിടിൽ കണ്ണൻ, എന്നീ കർഷകർ വധിക്കപ്പെട്ടു. നിരവധിപേരെ ജയിലിലാക്കുകയും വെടിവെക്കുകയും ചെയ്തു.

സംസ്ഥാന രൂപീകരണ കാര്യത്തിൽ തത്വാധിഷ്ഠിതമായ നിലപാടാണ് സി.പി.ഐയ്ക്കുണ്ടായിരുന്നത്. പൊതുഭാഷയുടെയും സംസ്കാരത്തിന്റെയും ഭൂപരസമീപനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം അവയെ പുനഃസംഘടിപ്പിക്കേണ്ടതെന്നതായിരുന്നു പാർട്ടി നിലപാട്.

രണ്ടാം ലോക യുദ്ധത്തിൽ ഇന്ത്യൻ നേതാക്കളുമായി ആലോചിക്കാതെ ഏകപക്ഷീയമായി ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് നടന്ന സമരപരമ്പരയാണ് മൊറാഴ സമരത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം. ചിറക്കൽ താലൂക്കി ലെ കീച്ചേരിയിൽ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 1940 സെപ്റ്റംബർ 5ന് പ്രതിഷേധ ജാഥകൾ നടന്നു. വൈകിട്ട് അഞ്ചാം പീടികയിൽ നടന്ന പൊതുയോഗത്തെ പോലീസ് സായുധമായി നേരിട്ടു. ജനങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ടു പോലീസുകാർ മരിച്ചു. ഇതിനെ തുടർന്ന് കെ.പി.ആർ. ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ശക്തമായ ജനകീയ പ്രതിഷേധവും ഗാന്ധിജിയുടെ ഇടപെടലും വധശിക്ഷ കഠിന തടവായി ചുരുക്കാൻ കാരണമായി.

ഈ സമരങ്ങൾക്കെല്ലാം പുറമേ തില്ലങ്കേങ്കരി, ഒഞ്ചിയം, മുനയൻകുന്ന് സമരങ്ങളും കേരളത്തിൽ നടന്ന പ്രസിദ്ധമായ ജന്മിത്വവിരുദ്ധ കർഷക പ്രക്ഷോഭങ്ങളായിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള.

തെലങ്കാന സമരം

ആന്ധ്രപ്രദേശിൽ നിസാം ഭരണകൂടത്തിനെതിരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തില്‍ 1946 മുതല്‍ 1951 വരെ നടന്ന സുപ്രസിദ്ധമായ സായുധസമരമാണ് തെലങ്കാന സമരം. ഹൈദരാബാദിലെ ജന്മിവർഗ്ഗത്തിനെതിരെ ഭൂമിയിലെ അവകാശത്തിന് വേണ്ടി കർഷകർ നടത്തിയ സമരമായിരുന്നു ഇത്. തെലങ്കാന പ്രദേശത്ത് സാമൂഹിക പ്രവർത്തകർ 1928- ൽ സ്ഥാപിച്ച ആന്ധ്ര മഹാസഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും യോജിച്ചുകൊണ്ടാണ് തെലങ്കാന സമരം നടത്തിയത്. തെലങ്കാന സമരത്തിൽ 4000-ത്തിൽപരം കർഷകർ മരണപ്പെട്ടുവെന്ന് കണക്കാക്കപ്പെടുന്നു. 50000- ത്തിൽ പരം ജനങ്ങളെ പോലീസ് ക്യാമ്പുകളിൽ കൊണ്ടുപോയി. ക്രൂരമർദ്ദനത്തിനിരയാക്കി.

ആന്ധ്രപ്രദേശിൽ നിസാം ഭരണകൂടത്തിനെതിരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തില്‍ 1946 മുതല്‍ 1951 വരെ നടന്ന സായുധസമരമാണ് തെലുങ്കാന സമരം.
ആന്ധ്രപ്രദേശിൽ നിസാം ഭരണകൂടത്തിനെതിരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തില്‍ 1946 മുതല്‍ 1951 വരെ നടന്ന സായുധസമരമാണ് തെലുങ്കാന സമരം.

1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും തെലുങ്കാന ഒരു സ്വതന്ത്രരാജ്യമായി നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ ഘട്ടത്തിൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കോൺഗ്രസ് സമരം തുടങ്ങി. ഈ അവസരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നെങ്കിലും പാർട്ടി, പ്രസ്തുത പ്രക്ഷോഭത്തിൽ കോൺഗ്രസിനൊപ്പം ചേർന്നു. ഇന്ത്യ സ്വതന്ത്രയായതിനെത്തുടർന്ന് തെലങ്കാന സമരം ഇനിയും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി 1951 ഒക്ടോബർ 21ന് തെലുങ്കാന സമരം പിൻവലിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

തെലങ്കാന സമരക്കാലം
തെലങ്കാന സമരക്കാലം

തേഭാഗ സമരം

1946-47 കാലഘട്ടത്തിൽ അവിഭക്ത ബംഗാളിൽ കർഷക തൊഴിലാളികളും ജന്മിവർഗ്ഗവും തമ്മിൽ നടന്ന പ്രക്ഷോഭമാണ് തേഭാഗാ സമരം. കുടിയാന്മാരിൽ നിന്ന് ജന്മിവർഗ്ഗം ഈടാക്കിയ രണ്ടിലൊന്ന് പാട്ടം, മൂന്നിലൊന്ന് (തേഭാഗ) ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം നടന്നത്. രണ്ടാം ലോക യുദ്ധകാലത്ത് 35 ലക്ഷത്തോളം ആളുകൾ ഭക്ഷ്യക്ഷാമം മൂലം മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു തേഭാഗ സമരത്തിന് നേതൃത്വം നൽകിയിരുന്നത്.

സി.പി.ഐയും ഭാഷാസംസ്ഥാനങ്ങളും

സംസ്ഥാന രൂപീകരണ കാര്യത്തിൽ തത്വാധിഷ്ഠിത നിലപാടാണ് സി.പി.ഐയ്ക്കുണ്ടായിരുന്നത്. പൊതുഭാഷയുടെയും സംസ്കാരത്തിന്റെയും ഭൂപരസമീപനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം അവയെ പുനഃസംഘടിപ്പിക്കേണ്ട തെന്നതായിരുന്നു പാർട്ടി നിലപാട്. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന സമരങ്ങളുടെ ഫലമായിട്ടാണ് ആന്ധ്രയും മഹാരാഷ്ട്രയും കേരളവും ഗുജറാത്തും കർണ്ണാടകയും നിലവിൽ വന്നത്. വിശാല ആന്ധ്രയ്ക്കുവേണ്ടിയുള്ള സമരത്തിൽ പോറ്റി ശ്രീരാമലുവും സംയുക്ത മഹാരാഷ്ട്രയ്ക്കുവേണ്ടിയുള്ള സമരത്തിൽ 108 സഖാക്കളും രക്തസാക്ഷികളായി.

മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നിവ ഉൾപ്പെടുന്ന മലയാളഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപീകരിക്കാൻ നടന്ന പ്രസ്ഥാനമാണ് ഐക്യകേരള പ്രസ്ഥാനം. കെ.പി.സി. സിയുടെ നേതൃത്വത്തിൽ 1921-ൽ ഒറ്റപ്പാലത്ത് നടന്ന ആദ്യത്തെ അഖില കേരള രാഷ്ട്രീയ സമ്മേളനം ഈ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അതിനുമുമ്പ് 1920-ൽ കോൺഗ്രസിന്റെ നാഗ്പുർ സമ്മേളനം ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. കെ.പി. കേശവമേനോൻ, കെ. കേളപ്പൻ, കേരളവർമ്മ രാജാവ് തുടങ്ങിയവർ ഈ പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകരായിരുന്നു. 1952 തൃശ്ശൂരിൽ ചേർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനത്തിൽ ഐക്യ കേരള പ്രസ്ഥാനത്തിനുവേണ്ടി പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 18,19 തീയതികളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ബോംബെയിൽ നടന്ന ഐക്യ കേരള കൺവെൻഷനിൽ 15000 ൽ അധികം മലയാളികൾ പങ്കെടുത്തിരുന്നു. നിരവധി പ്ര വർത്തനങ്ങളുടെയും ഫലമായി ക്രമേണ 1956 നവംബർ ഒന്നിന് ആധുനിക കേരള സംസ്ഥാനം രൂപം കൊള്ളുകയായിരുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി
ജനങ്ങൾക്കിടയിൽ

ബൂർഷ്വാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജനങ്ങളുടെ ജീവൻ പ്രശ്‌നങ്ങൾ, സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത തുടങ്ങിയ മർമ്മപ്രധാനമായ വിഷയങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണത്തോടെ 1930- കളിൽ ബഹുജന സംഘടനകൾ ഇന്ത്യയിലാകെ രൂപംകൊള്ളാൻ തുടങ്ങി. തൊഴിലാളി -കർഷക സംഘടനകൾ, മഹിളാ സംഘടനകൾ, യുവജന സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾ തുടങ്ങിയവയെല്ലാം അതിൽ പ്രധാനപ്പെട്ടവ യായിരുന്നു.

പുരോഗമന സാഹിത്യ പ്രസ്ഥാനം

ഫാഷിസ്റ്റ് തേർവാഴ്ചയ്ക്കും മനുഷ്യനെ അപമാനവീകരിക്കുന്ന മുതലാളിത്ത മൂല്യ സങ്കല്പങ്ങൾക്കും ഫ്യൂഡൽ ജീർണതയ്ക്കുമെതിരെ മാനുഷിക മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള കലാസാഹിത്യ പ്രസ്ഥാനത്തെയാണ് പുരോഗമന സാഹിത്യപ്രസ്ഥാനം എന്ന് വിളിക്കുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിഖ്യാത റഷ്യൻ നോവലിസ്റ്റായ മാക്സിം ഗോർഗിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് റിയലിസം എന്ന നൂതനമായ ഒരു സാഹിത്യപ്രസ്ഥാനം ആരംഭിച്ചതോടെയാണ് ലോകമെങ്ങും ഇത്തരം പ്രസ്ഥാനങ്ങൾ ആവിർഭവിക്കുന്നത്. 'വിശ്വസാഹിത്യകാരന്മാരെ, നിങ്ങളേതു ചേരിയിൽ' എന്ന ഗോർക്കിയുടെ ആഹ്വാനം ലോകമെങ്ങും രണോത്തുകമായ അനുരണനങ്ങൾ സൃഷ്ടിച്ചു. 1936-ൽ ലക്‌നൗവിലാണ് അഖിലേന്ത്യ പുരോഗമന സാഹിത്യസംഘടന രൂപം കൊണ്ടത്. ഹിന്ദി സാഹിത്യകാരനായിരുന്ന പ്രേംചന്ദായിരുന്നു അധ്യക്ഷൻ. ഈ സമ്മേളനത്തിന്റെ നിർദ്ദേശപ്രകാരം 1957 ഏപ്രിലിൽ തൃശ്ശൂരിൽ വച്ച് ജീവൽസാഹിത്യസംഘം സ്ഥാപിതമായി. കേശവദേവ്, തകഴി വി.ടി. ഭട്ടതിരിപ്പാട്, എം.ആർ. ബി, സഹോദരൻ അയ്യപ്പൻ, കേസരി ബാലകൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, കെ. ദാമോദരൻ, എം.പി. പോൾ, കുറ്റിപ്പുഴ കൃഷ്ണപിള്ള, ജോസഫ് മുണ്ടശ്ശേരി, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടശ്ശേരി, വയലാർ രാമവർമ്മ, തോപ്പിൽ ഭാസി തുടങ്ങിയ എണ്ണമറ്റ സാഹിത്യകാരന്മാരും കലാകാരരും കേരളത്തിന്റെ സാംസ്കാരിക മനസിന് പ്രബുദ്ധതയും പ്രചോദനവും നൽകിയവരാണ്.

തോപ്പിൽ ഭാസി
തോപ്പിൽ ഭാസി

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന എല്ലാ സമരങ്ങളിലും കമ്മ്യൂണിസ്റ്റുകാർ ഒരു പ്രസ്ഥാനം എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും അനിഷേധ്യമായ പങ്കുവഹിച്ചിട്ടുണ്ട്. 1942- ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ നിന്നു മാത്രമാണ് കമ്മ്യൂണിസ്റ്റുകാർ വിട്ടുനിന്നത്. ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ സഖ്യകക്ഷികളായ ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ ശക്തികളോടൊപ്പം ജർമ്മനി, ഇറ്റലി, ജപ്പാൻ ഫാഷിസ്റ്റ് ചേരികൾക്കെതിരെ അണിനിരന്നതോടെ യുദ്ധഗതി മൗലികമായും മാറുകയായിരുന്നു. ഫാഷിസ്റ്റ് ഭീകരതയിൽ നിന്ന് ലോകത്തെ രക്ഷിക്കുകയെന്ന സാർവദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് നയിച്ച ക്വിറ്റിന്ത്യ സമരത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുനിന്നത്. എന്നാൽ ഈ വിട്ടുനിൽക്കൽ ജനങ്ങൾക്കിടയിൽ വൈകാരികമായ ആഘാതമാണുണ്ടാക്കിയതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പിന്നീട് സ്വയം വിമർശനപരമായി ഉൾക്കൊണ്ടു.

റോയൽ ഇന്ത്യൻ നാവിക കലാപം

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ, പോലീസുകാർ, സാധാരണജനങ്ങൾ എന്നിവരെയെല്ലാം യോ ജിപ്പിച്ചു കൊണ്ട് 1946- ൽ നടത്തിയ കലാപമായിരുന്നു ഇത്. ഇരുപതിനായിരത്തിൽ പരം നാവികർ ഈ കലാപത്തിൽ പങ്കുചേർന്നു. ബോംബെ, കൽക്കത്ത, കറാച്ചി, കത്തിയവാർ, മദ്രാസ്, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം അതിശക്തമായ കലാപമായി ഇതാളിപ്പടർന്നു. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മുസ്ലിംലീഗും നാവികരെ ബ്രിട്ടീഷുകാർക്ക് കീ ഴടങ്ങാൻ പ്രേരിപ്പിക്കുകയും RIN കലാപത്തിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാത്രമാണ് കലാപത്തെ അവസാനംവരെ പിന്തുണച്ചത്. ഈ കലാപത്തോടെ സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴങ്ങുകയായിരുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ - 1957

1957- ൽ 114 നിയോജകമണ്ഡലങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് 60 സീറ്റുകൾ ലഭിക്കുകയും ഇ.എം.എസ് മുഖ്യമന്ത്രിയായി മന്ത്രിസഭ രൂപീകരിക്കപ്പെടുകയും ചെയ്തു. സി. അച്യുതമേനോൻ ധനമന്ത്രിയായും ടി.വി. തോമസ് ഗതാഗതമന്ത്രിയായും ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായും കെ.ആർ. ഗൗരിയമ്മ റവന്യൂമന്ത്രിയായും വി.ആർ. കൃഷ്ണയ്യർ നിയമമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു. 1957 ഏപ്രിൽ 5 നാണ് മന്ത്രിസഭ അധികാരമേറ്റത്. അധികാരമേറ്റ ഉടൻ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സുപ്രസിദ്ധമായ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നു. ഇതനുസരിച്ച് കുടിയൊഴിപ്പിക്കൽ നിർത്തലാക്കുകയും കുടിയാന്മാർക്ക് ഭൂമിയിൽ അവകാശം നൽകുകയും ചെയ്തു. ഇതോടൊപ്പം നിലവിൽ വന്ന വിദ്യാഭ്യാസ ബിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ കേരളീയ സമൂഹത്തിൽ സൃഷ്ടിച്ചു. പുരോഗമനപരമായ ഇത്തരം നടപടികൾ കേരളത്തിലെ ജന്മിവർഗ്ഗത്തെയും യാഥാസ്ഥിതിക മതവിഭാ ഗങ്ങളെയും പ്രകോപിപ്പിക്കുകയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ അവർ കുപ്രസിദ്ധമായ വിമോചനസമരം നടത്തുകയും ചെയ്തതിനെത്തുടർന്ന് 1959- ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു

1959-ൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടങ്കിലും 1969-ലും 1970-ലും മുഖ്യമന്ത്രി സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഇന്ത്യയിലാദ്യ മായി സമ്പൂർണ്ണമായ ഭൂപരിഷ്കരണം നടപ്പിലാക്കിയത്. കേരള മോഡൽ വികസനത്തിന്റെ ശില്പിയായി സി. അച്യുതമേനോൻ അറിയപ്പെട്ടു. എന്നാൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഉണങ്ങാത്ത മുറിവായി ഇന്നും അവശേഷിക്കുന്ന സംഭവമായിരുന്നു 1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായ പിളർപ്പ്. ഇന്ത്യൻ ഭരണവർഗത്തെ വിലയിരുത്തുന്നതിലും സാർവ്വദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിലയിരുത്തലും ഉണ്ടായ അഭിപ്രായ ഭിന്നത പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചത്. ഇന്ത്യൻ ജനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രതിരോധ്യ സ്ഥാനവും പിന്തുണയും സാരമായി കുറയാനിടയാക്കി. എങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലൂടെയും ഏകോപിതവും സംഘടിതവുമായ ബഹുജന പോരാട്ടങ്ങളിലൂടെയും ഒരു പരിധിവരെ ഈ ആഘാതം ലഘൂകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കഴിഞ്ഞു.

1957-ലെ ഇ.എം.എസ് മന്ത്രിസഭ
1957-ലെ ഇ.എം.എസ് മന്ത്രിസഭ

ഉപസംഹാരം

രാജ്യത്തെ കോടിക്കണക്കിനാളുകൾ രണ്ട് നൂ റ്റാണ്ടുകൾകൊണ്ട് ത്യാഗോജ്ജ്വലമായ പോരാ ട്ടങ്ങളിലൂടെ നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ഇന്ത്യൻ ദേശീയ സമരത്തിലോ ദേശീയ പ്രസ്ഥാനത്തിലോ ലവലേശം പങ്കില്ലാത്ത RSS- സംഘപരിവാർ ശക്തികളാൽ നയിക്കപ്പെടുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടോളം നടപ്പാക്കിയ ഭരണനയപരിഷ്കാരങ്ങളും ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങളും അട്ടിമറികളും കലാപങ്ങളും ജനാധിപത്യ നിരോധനങ്ങളും ഇന്ത്യയെ സർവ്വാശ്ലേഷിയായ ദുരന്തത്തിലെത്തിച്ചിരിക്കുന്ന ഒരു സാഹചര്യത്തിലാണ് 2024- ലെ പൊതു തിരഞ്ഞെടുപ്പ് നടന്നത്. തങ്ങളുടെ ഭൂരിപക്ഷ വർഗ്ഗീയ ഏകീകരണത്തിലൂടെ നാനൂറു സീറ്റുകളോടെ അധികാരത്തിൽ തിരിച്ചുവരുമെന്ന് ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ചു നടന്ന നരേന്ദ്രമോദിക്കും അമിത്ഷാക്കും മറ്റു ബി.ജെ.പി നേതാക്കൾക്കും ഷോക്ക്  ട്രീറ്റ്മെന്റാണ് ഇന്ത്യൻ ജനത അവർക്ക് സമ്മാനിച്ചത്.

സി.പി.ഐയുടെ കഴിഞ്ഞ വിജയവാഡാ പാർട്ടി കോൺഗ്രസ്സ്, പ്രതിപക്ഷ കക്ഷികളുടെ രാഷ്ട്രീയ സഖ്യത്തിന്റെ അനിവാര്യതയെ പരാമർശിച്ചിരുന്നു. അത്തരമൊരു രാഷ്ട്രീയ സഖ്യം ഇന്ത്യ സംഖ്യം എന്ന പേരിൽ രൂപം കൊള്ളുകയും തിർഞ്ഞെടുപ്പിനെ കഴിയുന്നത്ര ഒത്തൊരുമിച്ച് നേരിടാനും തയ്യാ റായതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പിയ്ക്ക് ശക്തമായ തിരിച്ചടി നല്കാൻ കഴിഞ്ഞു. യഥാ ർത്ഥത്തിൽ ഇന്ത്യ എന്ന ആശയത്തെ വീണ്ടെ ടുക്കുകയായിരുന്നു, 2024- ലെ പൊതു തിരഞ്ഞെ ടുപ്പിലൂടെ ഇന്ത്യൻ ജനത. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റാശയങ്ങൾ മുന്നോട്ട് കൊണ്ടുപോ കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് യഥാ ർത്ഥത്തിൽ ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫലത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല എന്നുതന്നെയാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ബജറ്റിലൂടെയും മറ്റു പ്രഖ്യാപനങ്ങളിലൂടെയും ബോധ്യപ്പെടുക. ഇന്ത്യനേരിടുന്ന ഭീതിദമായ ഫാഷിസ്റ്റ് മതാധിഷ്ഠിത ഭരണം ഉയർത്തുന്ന വെല്ലുവിളികളിൽ നിന്നും രക്ഷനേടാനും ബി.ജെ.പിയുടെ ജനവിരുദ്ധ ജനാധിപത്യവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാനും ഒരേയൊരു വഴിയേ ജനാധിപത്യ ശക്തികളുടെ മുന്നിലുള്ളൂ. അത് ഇതിനകം ഇന്ത്യ സഖ്യം എന്ന പേരില്‍ രൂപപ്പെട്ടു കഴിഞ്ഞു.

ജനാധിപത്യശക്തികളുടെ ഐക്യത്തിന്റെ രാഷ്ട്രീയത്തെ കൂടുതൽ കൂടുതൽ ജനങ്ങളിലെത്തിക്കുക. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്നു കൊണ്ടുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുക എന്ന ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്.

പി. കൃഷ്ണപിള്ളയെക്കുറിച്ച് ‘നവയുഗ’ത്തിൽ വന്ന അനുസ്മരണക്കുറിപ്പ്.
പി. കൃഷ്ണപിള്ളയെക്കുറിച്ച് ‘നവയുഗ’ത്തിൽ വന്ന അനുസ്മരണക്കുറിപ്പ്.
‘ജനയുഗ’ത്തിന്റെ ഒരു പഴയ ​ഒന്നാം പേജ്
‘ജനയുഗ’ത്തിന്റെ ഒരു പഴയ ​ഒന്നാം പേജ്
കൃഷ്ണപിള്ളയുടെ യഥാർത്ഥ ഫോട്ടോ
കൃഷ്ണപിള്ളയുടെ യഥാർത്ഥ ഫോട്ടോ
ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയ വാർത്തയുമായി ഇറങ്ങിയ ‘ജനയുഗം’.
ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് വിദ്യാഭ്യാസ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയ വാർത്തയുമായി ഇറങ്ങിയ ‘ജനയുഗം’.
‘ജനയുഗം’ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരൻ.
‘ജനയുഗം’ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരൻ.

Comments