മലയാള സിനിമാ മേഖലയെ വളർത്താനും സിനിമകളുടെ നിർമ്മാണവും പ്രമോഷനും സുഗമമാക്കാനും 1975-ലാണ് സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K.S.F.D.C) ആരംഭിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മലയാള സിനിമയിലെ മോശം പ്രവണതകളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ്, കെ.എസ്.എഫ്.ഡി.സിക്കെതിരെയും ഗൗരവകരമായ പരാതികൾ പുറത്തുവരുന്നത്. ചെയർമാൻ ഷാജി.എൻ കരുണിനെതിരെ (Shaji N Karun) ചില വനിതാ സംവിധായകർ സംസ്ഥാന സർക്കാരിന് പരാതി നൽകിയിട്ടുണ്ട്. വനിതാ സംവിധായകർക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ സർക്കാർ ഫണ്ടിൽ ആരംഭിച്ച പദ്ധതി അട്ടിമറിക്കുന്നുവെന്നതാണ് ഷാജി എൻ. കരുണിനെതിരായ പ്രധാന ആരോപണം. സിനിമ റിലീസ് ചെയ്യാൻ വൈകിപ്പിച്ചുവെന്നും സംവിധായകരെ മാനസികമായി സമ്മർദ്ദത്തിലാക്കിയെന്നും ഫ്യൂഡൽ മനോഭാവത്തോടെ പെരുമാറിയെന്നും പരാതികളുണ്ട്. നിള എന്ന ചിത്രത്തിന്റെ സംവിധായിക ഇന്ദു ലക്ഷ്മി, ഡിവോഴ്സ് എന്ന ചിത്രത്തിന്റെ സംവിധായിക മിനി ഐ.ജി തുടങ്ങിയവരാണ് ഷാജി എൻ. കരുണിനെതിരെ രംഗത്തെത്തിയിരുന്നത്.
ഈ പരാതികൾക്കുപുറമെ കെ.എസ്.എഫ്.ഡി.സിയിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് അവിടെ ജോലി ചെയ്തവരിൽ നിന്നു തന്നെ പരാതികളുയരുന്നുണ്ട്. തസ്തികയില്ലാതെ നിയമനം നടത്തി, പി.എസ്.സി നിയമനങ്ങളിൽ ക്രമക്കേടു നടത്തി തുടങ്ങിയവയാണ് ആരോപണങ്ങൾ. സർക്കാർ പണം ഉപയോഗിച്ച് നടക്കുന്ന സ്ഥാപനമായിട്ടും നിയമനങ്ങളിൽ ഇഷ്ടക്കാരെയും യൂണിയൻ നേതാക്കളെയും തിരുകിക്കയറ്റാൻ കെ.എസ്.എഫ്.ഡി.സിയുടെ തലപ്പത്തുള്ളവർ ശ്രമിക്കുന്നുവെന്നാണ് പരാതി.
റിക്രൂട്ട്മെന്റ് റൂളിലില്ലാത്ത പോസ്റ്റുകൾ പോലും സ്വന്തക്കാർക്ക് വേണ്ടി ഉണ്ടാക്കുകയും അതിൽ മാസാമാസം പണം നൽകുകയും ചെയ്യുന്നുണ്ട്. റിക്രൂട്ട്മെന്റ് റൂൾ പ്രകാരം കെ.എസ്.എഫ്.ഡി.സിയിൽ പബ്ലിക് റിലേഷൻ ഓഫീസർ തസ്തിക നിലവിലില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാണ്. എന്നാൽ കെ.എസ്.എഫ്.ഡി.സി അവിടെയുള്ള സിനി അസിസ്റ്റന്റും, സി.ഐ.ടി.യു നേതാവുമായ ഉദ്യോഗസ്ഥന് പബ്ലിക് റിലേഷൻ കോർഡിനേറ്റർ ചുമതല നൽകുകയും 5000 രൂപ മാസ അലവൻസായി നൽകുകയും ചെയ്യുന്നുണ്ട്. കെ.എസ്.എഫ്.ഡി.സി ഭരണസമിതിയുടെ തീരുമാന പ്രകാരം മാസം 5000 രൂപ അലവൻസ് നൽകുന്നുണ്ടെന്നും വിവരാവകാശ മറുപടിയിലുണ്ട്. അലവൻസ് നൽകുന്നതിന് സർക്കാർ അനുമതിയില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാണ്. സിനി അസിസ്റ്റന്റ് ജോലിയുടെ ശമ്പളത്തിനു പുറമെയാണ് അലവൻസ്.
പി.എസ്.സി നിയമനങ്ങളിൽ വെള്ളം ചേർക്കാനും കെ.എസ്.എഫ്.ഡി.സി ശ്രമിക്കുന്നതായി പരാതിയുണ്ട്. കാറ്റഗറി നമ്പർ 200/2020 ആയി കെ.എസ്.എഫ്.ഡി.സി വിജ്ഞാപനമിറക്കിയ പ്രൊഡക്ഷൻ അസിസന്റ് തസ്തികയിലേക്കുള്ള നിയമനത്തിനെക്കുറിച്ചാണ് പരാതി. 2020 നവംബർ 16-നായിരുന്നു പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം നടന്നത്. നേരിട്ടുള്ള നിയമനമായിരുന്നു. മൂന്നുപേർ ഫൈനൽ ഇൻറർവ്യൂവിൽ വന്നിട്ടും റാങ്ക് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ അത് രണ്ടായി ചുരുങ്ങി. തന്റെ പേര് ലിസ്റ്റിൽ കാണാതായതിനെ തുടർന്ന് അതുല്യ.പി എന്ന ഉദ്യോഗാർഥി വിവരാവകാശം ഉപയോഗിച്ച് നേടിയ രേഖകളിലാണ് ക്രമക്കേടുകൾ പുറത്തുവന്നത്.
റിക്രൂട്ട്മെന്റ് റൂളിലില്ലാത്ത പോസ്റ്റുകൾ പോലും സ്വന്തക്കാർക്ക് വേണ്ടി ഉണ്ടാക്കുകയും അതിൽ മാസാമാസം പണം നൽകുകയും ചെയ്യുന്നുണ്ട്. അലവൻസ് നൽകുന്നതിന് സർക്കാർ അനുമതിയില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമാണ്.
കെ.എസ്.എഫ്.ഡി.സിയിൽ പ്രോജക്ട് അസിസ്റ്റന്റായി (എഞ്ചിനീയർ) ജോലി ചെയ്തുവരുമ്പോഴാണ് പി.എസ്.സി വിജ്ഞാപന പ്രകാരമുള്ള പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക്, ഈ ജോലി ലഭിച്ച വ്യക്തി അപേക്ഷിക്കുന്നത്. 29.11.2019 മുതൽ കരാറടിസ്ഥാനത്തിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷനിൽ അപേക്ഷിക്കുമ്പോൾ 2016-ൽ കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.ടെക് കഴിഞ്ഞ ശേഷം ബി.ആർ.സി എഞ്ചിനീയറിങ് സൊലൂഷ്യൻ എന്ന സ്ഥാപനത്തിൽ സൈറ്റ് സൂപ്പർവൈസർ ആയി 11.07.2016 മുതൽ 21.07.2017 വരെ ജോലി ചെയ്തതായും അതിന് ശേഷം 24.07.2017 മുതൽ 31.08.2019 വരെ sheltech builders & realtors എന്ന സ്ഥാപനത്തിൽ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തതായുമാണ് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. കെ.എസ്.എഫ്.ഡി.സി വിവരാവകാശ പ്രകാരം നൽകിയ മറുപടിയിലാണ് 2016-ന് ശേഷം രണ്ട് സ്ഥാപനങ്ങളിൽ ജോലി ചെയ്തതായുള്ള തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഉള്ളത്.
എന്നാൽ പ്രൊഡക്ഷൻ തസ്തികയിലേക്ക് അപേക്ഷിച്ചപ്പോൾ ഇദ്ദേഹം vibeszone movies, എറണാകുളം എന്ന സ്ഥാപനത്തിൽ നിന്നുള്ള പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായാണ് വിവരാവകാശ പ്രകാരം പി.എസ്.സി നൽകിയ മറുപടിയിലുള്ളത്. 01.10.2022-ന് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ 06.10.2022-ന് നൽകിയ മറുപടിയിലാണ് ഈ ഉദ്യോഗാർഥി ബി.ടെക് ബിരുദവും vibeszone movies, എറണാകുളം എന്ന സ്ഥാപനത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ്/എഡിറ്റർ തസ്തികയിൽ മൂന്ന് വർഷവും ആറ് മാസവും 25 ദിവസവും ജോലിയെടുത്തതായും കാണുന്നത്. ഇദ്ദഹം സമർപ്പിച്ച രേഖകൾ കെ.എസ്.എഫ്.ഡി.സി യുടെ അഞ്ചംഗ സമിതി പരിശോധിച്ചതാണെന്നും വിവരാവകാശരേഖയിലുണ്ട്.
2024-ൽ വീണ്ടുമൊരു വിവരാവകാശ രേഖ സമർപ്പിച്ചപ്പോഴാണ് ഇന്റർവ്യൂ സമയത്ത് സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റുകൾ പോലും മാറിയെന്ന് വ്യക്തമായത്.
2024-ൽ വീണ്ടുമൊരു വിവരാവകാശ രേഖ സമർപ്പിച്ചപ്പോഴാണ് ഇന്റർവ്യൂ സമയത്ത് സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റുകൾ പോലും മാറിയെന്ന് വ്യക്തമായത്. പ്രോജക്ട് എഞ്ചിനീയറായിരുന്ന ഉദ്യോഗാർഥി പി.എസ്.സി വഴി കെ.എസ്.എഫ്.ഡി.സി-യിലെ പ്രൊഡക്ഷൻ അസിസ്റ്റന്റായി സ്ഥിരം നിയമനം നേടിയതായാണ് പറയുന്നത്. ഇദ്ദേഹത്തിന് പ്രൊഡക്ഷൻ അസിസ്റ്റന്റായി 3 വർഷത്തെ പ്രവർത്തി പരിചയമുള്ളതായും വിവരാവകാശ പ്രകാരം 2024-ൽ കെ.എസ്.എഫ്.ഡി.സി നൽകിയ മറുപടിയിൽ പറയുന്നു. 2022-ൽ കെ.എസ്.എഫ്.ഡി.സി vibeszone movies, എറണാകുളം എന്ന സ്ഥാപനത്തിൽ നിന്നുള്ള പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി പറയുകയും 2024 ആവുമ്പോഴേക്ക് അത് മാറുകയും ചെയ്തുവെന്നാണ് പരാതി.
പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് പി.എസ്.സി വഴി നടത്തിയ നിയമനത്തിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥി തന്നെ സംശയം പ്രകടിപ്പിക്കുകയും വിവരാവകാശം ഉപയോഗിച്ച് നിയമനം നടത്തിയതിന്റെ കൂടുതൽ വിവരങ്ങൾ നേടുകയും ചെയ്തതോടെ കെ.എസ്.എഫ്.ഡി.സി ഡോക്യുമെന്ററി പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റിലേക്ക് കരാറടിസ്ഥാനത്തിൽ നാല് അസിസ്റ്റന്റുമാരെ നിയമിച്ചു. പി.എസ്.സി വഴി പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച് നിയമനത്തിൽ സംശയം പ്രകടിപ്പിച്ച ഉദ്യോഗാർഥിയെ രണ്ടാം റാങ്ക് നൽകി താൽക്കാലികാടിസ്ഥാനത്തിൽ ഈ നിയമനത്തിൽ ഉൾപ്പെടുത്തി. ജോലി ആവശ്യം ആയതുകൊണ്ട് താൻ ജോലിയിൽ പ്രവേശിച്ചതായും എന്നാൽ ജോലിയിൽ വരുന്നതിന് മുമ്പ് തന്നെ കെ.എസ്.എഫ്.ഡി.സി നടത്തിയ പി.എസ്.സി നിയമനത്തിൽ സംശയം പ്രകടിപ്പിച്ച് വിവരാവകാശം കൊടുത്ത വ്യക്തിയെന്ന നിലയിൽ ആദ്യം മുതൽ തന്നെ ശത്രുവായാണ് അവർ കണ്ടിരുന്നതെന്നും അതുല്യ.പി ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു. നിലവിൽ സ്ഥിരനിയമം നേടിയ ആൾ സമർപ്പിച്ച പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അതുല്യ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
“വിവരാവകാശം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് എന്റെ പേര് ആദ്യം മുതൽ അവർ ഓർത്തു വെച്ചത്. അതേ കണ്ണിലാണ് അവർ എന്നെ കണ്ടുകൊണ്ടിരുന്നതും. പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഞാൻ മുഖ്യമന്ത്രിക്കും വിജിലൻസിലും രേഖാമൂലം പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കെ.എസ്.എഫ്.ഡി.സി.യിലെ ഇടത് യൂണിയൻ നേതാവ് ഈ നിയമനം ഒരു മന്ത്രിയുടെ റെക്കമെന്റേഷൻ വഴിയാണെന്ന് എന്നോട് പറഞ്ഞിരുന്നു. മന്ത്രിക്ക് ഇത് അറിയുമോ എന്ന് എനിക്കറിയില്ല. ഡയറക്ടർ മായയും ഷാജി എൻ. കരുണും ചുമതലയിൽ ഉള്ളപ്പോഴാണ് ഇതെല്ലാം നടക്കുന്നത്. മായ ഐ.എഫ്.എസ് ചുമതലയിൽ നിന്ന് മാറിയപ്പോൾ എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ ശ്രമിച്ചിരുന്നു. രണ്ടാം വർഷം എഗ്രിമെന്റ് പുതുക്കിയപ്പോൾ എന്റെയും രണ്ട് ട്രെയിനികളുടെയും ഹാജർ വൈകുന്നേരം വെട്ടി. കമ്പനി ഫിനാൻഷ്യൽ മാനേജരാണ് ഹാജർ വെട്ടിയത്. വൈകിട്ടത്തെ ഹാജർ പൊതുവെ അവിടെ എല്ലാവരും പിറ്റേന്ന് രാവിലെയാണ് ഇടാറുള്ളത്. വൈകീട്ട് ഒപ്പിടാൻ പോകുമ്പോഴും രാവിലെ ഇട്ടാൽ പോരെ എന്ന് ചോദിക്കുമായിരുന്നു. എന്റെ ഹാജർ വെട്ടിയതുകണ്ട് തെളിവിന് ഞാൻ ഹാജർ ബുക്കിന്റെ ഫോട്ടോ എടുത്തു. ഒ.ടി.ടി യുടെ നോഡൽ ഓഫീസറായിരുന്നു എൻെറ റിപ്പോർട്ടിങ് ഓഫീസർ. ഞാൻ നോഡൽ ഓഫീസറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അദ്ദേഹം എന്നോട് ഫോട്ടോ അയക്കാൻ പറഞ്ഞു, ഞാൻ അയച്ചു കൊടുത്തു. പിന്നീട് എനിക്ക് ഓഫീസ് രേഖ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു എന്നുപറഞ്ഞ് ഒരു മെമ്മോ ലഭിച്ചു. ഞാൻ അതിന്, പെൺകുട്ടികളുടെ ഹാജർ മാത്രം വെട്ടിയത് കണ്ട് തെളിവിനു വേണ്ടി ഫോട്ടോ എടുത്തതാണെന്ന് മറുപടിയും നൽകി. മറുപടി തൃപ്തികരമല്ല എന്നും എന്നെ പുറത്താക്കുമെന്നും അന്ന് പറഞ്ഞിരുന്നു. പിന്നീട് സിനിമ പ്രൊഡക്ഷൻ നടക്കാത്തതിനാൽ കരാർ നേരത്തെ അവസാനിപ്പിക്കണമെന്ന് പറഞ്ഞ് എനിക്ക് പേപ്പർ തന്നു. അങ്ങനെ ഒരു മാസത്തെ നോട്ടീസ് പിരീഡ് കഴിഞ്ഞ് എന്നെ ജോലിയിൽ നിന്ന് ഒഴിവാക്കി. ജനുവരി വരെ ആയിരുന്നു എന്റെ കരാർ. പ്രൊഡക്ഷൻ നടക്കുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും ഞാൻ അപ്പോൾ ജോലി ചെയ്തിരുന്നത് ഒ.ടി.ടി യിലാണ്. ഒ.ടി.ടി യുടെ തുടക്കം മുതൽ എല്ലാം ചെയ്തത് ഞാനാണ്. ഡോക്യുമെന്ററി അസിസ്റ്റന്റായ എനിക്ക് ഡോക്യുമെന്ററിയിൽ പണിയൊന്നുമില്ല എന്ന് പറഞ്ഞാണ് എന്നെ പറഞ്ഞു വിടുന്നത്. കരാർ അവസാനിപ്പിച്ച് പറഞ്ഞു വിട്ടതും പോരാഞ്ഞിട്ട് ഒരു മാസത്തെ ശമ്പളവും ഇതുവരെ തന്നിട്ടില്ല.” - അതുല്യ പി. പറഞ്ഞു.
2019-ൽ സർക്കാർ ആവിഷ്കരിച്ച 'വനിതാ സംവിധായകരുടെ സിനിമ' എന്ന പദ്ധതി നടപ്പിലാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് കെ.എസ്.എഫ്.ഡി.സിയെയാണ്. നാല് സിനിമകൾ മാത്രമാണ് ഈ പദ്ധതിക്ക് കീഴിൽ പുറത്തിറങ്ങിയത്. സിനിമ പുറത്തിറക്കിയവരിൽ ഒരാൾ പോലും സമാധാനമായി തങ്ങളുടെ പ്രൊജക്ട് പൂർത്തിയാക്കിയിട്ടില്ല. അവരെ അപമാനിച്ചും പരിഹസിച്ചും കെ.എസ്.എഫ്.ഡി.സി ചെയർമാനടക്കം നടത്തിയ പ്രവർത്തനങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് സംസ്ഥാന സർക്കാർ ഇനിയെങ്കിലും അന്വേഷിക്കേണ്ടതുണ്ട്.
വനിതാ സംവിധായകരെ ഹരാസ് ചെയ്യുന്നതിന് പല മീറ്റിങ്ങുകളിലും സാക്ഷിയായിട്ടുണ്ടെന്നും അതുല്യ പറഞ്ഞു: “മിനി.ഐ.ജി-യെ മീറ്റിങ്ങിൽ വെച്ച് രൂക്ഷമായി വിമർശിക്കുന്ന രംഗം കണ്ടിട്ടാണ് ആദ്യത്തെ മീറ്റിങ്ങിൽ ഞാൻ കയറുന്നത്. ഇന്ദു ലക്ഷ്മി എപ്പോഴൊക്കെ അവിടെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അവരെയും ഹരാസ് ചെയ്തിട്ടുണ്ട്. അവിടെ ജോലി ചെയ്തിരുന്ന ഞാനുൾപ്പെടുന്ന ഗ്രൂപ്പിനെ സ്പെഷ്യൽ പ്രൊജക്ട് ഗ്രൂപ്പെന്ന് പറഞ്ഞാണ് ഡ്യൂട്ടി തന്നിരുന്നത്. അതിനെ ‘സ്പെഷ്യൽ പ്രോസ്റ്റിറ്റിയൂട്ട് ഗ്രൂപ്പ്’ എന്ന് സ്ത്രീവിരുദ്ധമായി വിളിച്ചവരുണ്ട്. ഇതേപ്പറ്റി ഫിലിം ഓഫീസറോട് സംസാരിച്ചിട്ടും, കത്തിലൂടെ എംഡിയോട് സൂചിപ്പിച്ചിട്ടും ഒരു അന്വേഷണം പോലും ഉണ്ടായില്ല. ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയിൽ ഇരിക്കുന്നവർ ഇതിലും വലിയ കമന്റുകൾ പറയുന്നവരാണെന്ന അനുഭവമുള്ളതുകൊണ്ട് ഒരു പരാതിയും അവിടെ വിലപ്പോവില്ല എന്നതാണ് സത്യം.”- അതുല്യ വ്യക്തമാക്കി.
പരാതികളിൽ വിശദീകരണം തേടാൻ ട്രൂ കോപ്പി തിങ്ക് കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി.എൻ.കരുണിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലേക്കു വിളിക്കാൻ പറയുകയായിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഓഫീസ് നമ്പറിൽ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല.