ഇടതുപക്ഷത്തെ രക്ഷിക്കാൻ ഇതാ, ആൻറണി അവതാരം

കോൺഗ്രസ് രക്ഷപ്പെടണമെന്ന ആഗ്രഹം ഏതെങ്കിലും കാലത്ത് എ.കെ. ആന്റണിക്കുണ്ടായിരുന്നോ എന്നത് വിലയിരുത്താൻ ഏറ്റവും യോഗ്യർ ആ പാർട്ടിയിലെയും ഗ്രൂപ്പിലെയും സഹപ്രവർത്തകരാണ്. ആദർശധീരനെന്ന പ്രതിച്ഛായ നിലനിർത്തുക എന്നതിനപ്പുറത്ത് മറ്റെന്തെങ്കിലും എ.കെ.യുടെ മുഖ്യ പരിഗണനയായിരുന്നോ എന്ന് പറയേണ്ടതും എ ഗ്രുപ്പുകാരാണ്.

തുടർഭരണം അനുവദിക്കാതെ, സി.പി.എമ്മിനേയും ഇടതുപക്ഷത്തെയും രക്ഷിക്കാൻ ജനം തയ്യാറാകണമെന്ന ആഹ്വാനവുമായി മുതിർന്ന കോൺഗ്രസ്​ മുതിർന്ന നേതാവ് എ.കെ. ആന്റണി ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ആകാവുന്നത്ര മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ച്, കഴിയാവുന്നത്ര ആളുകളിലേക്ക് തന്റെ സന്ദേശമെത്തിക്കാൻ തിടുക്കപ്പെടുകയും ചെയ്യുന്നു അദ്ദേഹം.

ആന്റണിയുടെ അഭിപ്രായംഏറ്റെടുത്ത് കെ. പി. സി. സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ഈ രണ്ടുപേരുടെയും രാഷ്ട്രീയം പ്രധാനമായും വർത്തിക്കുന്നത്, തികഞ്ഞ സി.പി.എം വിരുദ്ധതയിലാണ്. ബി. ജെ. പിയെയും തീവ്ര ഹിന്ദുത്വ അജണ്ടകളെയും എതിർക്കാൻ ഉപയോഗിക്കുന്നതിലും എത്രയോ ഇരട്ടി ഊർജം ഇവർ സി.പി.എമ്മിനേയും ഇടതുപക്ഷത്തെയും ആക്രമിക്കാൻ ചെലവിടുന്നുണ്ട് എന്നതിന് സമീപകാല പ്രസ്താവനകൾ മാത്രം പരിശോധിച്ചാൽ മതി. കേരളത്തിൽ മുഖ്യ എതിരാളി ഇടതുപക്ഷമാകയാൽ അതിൽ അത്ഭുതമൊട്ടുമില്ല. പക്ഷേ, ദേശീയതലത്തിൽ വലിയ എതിരാളിയായി സംഘപരിവാരം നിൽക്കുകയും അതിന്റെ രാഷ്ട്രീയരൂപം കോൺഗ്രസ് മുക്ത ഭാരത്തിന് ശ്രമിക്കുകയും കേരളത്തിലെ കോൺഗ്രസിന്റെ ആൾക്കൂട്ടത്തിൽ ചെറുതല്ലാത്ത പങ്കിനെ സ്വന്തം പാളയത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ പാകത്തിലുള്ള രാഷ്ട്രീയം വ്യവഹരിക്കേണ്ടത് ഇവരടക്കമുള്ള നേതാക്കളുടെ ഉത്തരവാദിത്തമല്ലേ എന്ന ചോദ്യം പ്രസക്തമാണ്.

രാജ്യത്ത് ഇന്ധനവില ദിവസേന ഉയർത്തിക്കൊണ്ടിരുന്നു, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരുന്നതിന് തൊട്ടുമുമ്പുവരെ. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ച് പെട്രോളും ഡീസലുമടക്കമുള്ള ഇന്ധനങ്ങളുടെ വില നിർണയിക്കാനുള്ള അധികാരം സംസ്‌കരണ - വിതരണ കമ്പനികൾക്ക് കൈമാറാൻ തീരുമാനമെടുത്തതിന്റെ ഉത്തരവാദിത്തം ആന്റണിയും മുല്ലപ്പള്ളിയുമടക്കമുള്ള (യു.പി.എ. സർക്കാറിൽ മന്ത്രിമാരായിരുന്നുവല്ലോ ഇരുവരും) വർക്കുള്ളതിനാൽ വില കൂടുമ്പോൾ എതിർപ്പ് രേഖപ്പെടുത്താനുള്ള ധാർമിക അവകാശം ഇക്കൂട്ടർക്കില്ല. എങ്കിലും എക്സൈസ് തീരുവ ഉയർത്തിവെച്ച് ഖജനാവിലേക്ക് മുതൽക്കൂട്ടി ജനത്തെ വലയ്ക്കാതിരിക്കണമെന്ന് നരേന്ദ്ര മോദി - അമിത് ഷാമാരോട് പറഞ്ഞ്, കഷ്ടപ്പെടുന്നവരുടെ പക്ഷത്തുണ്ട് ഞങ്ങളെന്ന പ്രതീതി ജനിപ്പിക്കാൻ പോലും ഇവർ തയ്യാറായില്ല. ഇന്ധന വില വർധനയോ അതുവഴിയുണ്ടാകുന്ന വിലക്കയറ്റമോ ആന്റണിയുടെയോ മുല്ലപ്പള്ളിയുടെയോ പരിഗണനാ വിഷയം പോലുമായിട്ടില്ല.

അതിർത്തിയിൽ നിന്ന്​ സേനയെ പിൻവലിക്കാൻ ചൈനയുമായി ധാരണയിലെത്തിയപ്പോൾ രാജ്യത്തിന്റെ മണ്ണ് എതിരാളിക്ക് കൈമാറുകയാണ് നരേന്ദ്ര മോദി സർക്കാർ ചെയ്തത് എന്ന്, മുൻ പ്രതിരോധ മന്ത്രി എന്ന നിലയ്ക്ക്, തീർത്തും ദുർബലമായ ഒരു പ്രസ്താവന മാത്രമാണ് എ. കെ. ആന്റണി അടുത്തിടെ നടത്തിയത്. കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് തുടക്കമിടുകയും കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കുകയും ചെയ്ത കർഷകരുടെ സമരം നൂറ് ദിവസം പിന്നിട്ടിട്ടും അവരെ രാജ്യദ്രോഹികളായി മുദ്രകുത്തി സമരത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടും ഡൽഹിയിലെ മലയാളി പത്രക്കാരെ വിളിച്ചുകൂട്ടി പേരിനൊരു പ്രതിഷേധം പ്രകടിപ്പിക്കാൻ ആന്റണി തയ്യാറായില്ല.

എൺപത് പിന്നിട്ടതിനാൽ കോവിഡ് കാലത്ത് വാർത്താസമ്മേളനം വിളിച്ച് സ്വന്തം ജീവന്​ ഭീഷണിയയുർത്തേണ്ടെന്ന് തീരുമാനിച്ചതാകാം അദ്ദേഹം. തെറ്റുപറയാനാകില്ല. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ സൈബർ വിദഗ്ധരിലൊരാളായ മകനോട്, സ്വന്തം പേരിലൊരു കുറിപ്പ് സമൂഹ മാധ്യമങ്ങളിലിടാനെങ്കിലും ഏർപ്പാട് ചെയ്യാമായിരുന്നു. അതുമുണ്ടായില്ല. മോദി സർക്കാറിന്റെ ജനവിരുദ്ധമെന്ന് കോൺഗ്രസ് തന്നെ പറയുന്ന നയങ്ങളുടെ കാര്യത്തിൽ ജനത്തോട് രണ്ട് വാക്ക് പറയാതിരിക്കാൻ വലിയ ജാഗ്രത കാണിച്ച ആന്റണിയാണ് കേരളത്തിൽ വന്ന് ഓടിനടന്ന് അഭിമുഖങ്ങൾ നൽകി, ഇടതുപക്ഷത്തെ, പ്രത്യേകിച്ച് സി.പി.എമ്മിനെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലനാകുന്നത്.

ആദ്യ ഇം.എം.എസ് മന്ത്രിസഭാഗംങ്ങൾ

തുടർഭരണം ലഭിച്ചാൽ പാർട്ടികൾ നശിക്കുമെന്നാണ് സിദ്ധാന്തമെങ്കിൽ 2016ൽ, കോൺഗ്രസിനും യു. ഡി. എഫിനും വേണ്ടി എ. കെ. ആന്റണി പ്രചാരണം നടത്തിയത് എന്തിനാണാവോ? കേരളത്തിൽ വികസനമുണ്ടാകണമെങ്കിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു. ഡി. എഫ് വീണ്ടും അധികാരത്തിൽ വരണമെന്ന് വാതോരാതെ പ്രസംഗിച്ചത് (സംഗതി വിഫലമായെങ്കിലും) എന്തിനാണാവോ? അതല്ലെങ്കിലും കോൺഗ്രസ് രക്ഷപ്പെടണമെന്ന ആഗ്രഹം ഏതെങ്കിലും കാലത്ത് എ.കെ. ആന്റണിക്കുണ്ടായിരുന്നോ എന്നത് വിലയിരുത്താൻ ഏറ്റവും യോഗ്യർ ആ പാർട്ടിയിലെയും ഗ്രൂപ്പിലെയും സഹപ്രവർത്തകരാണ്. ആദർശധീരനെന്ന പ്രതിച്ഛായ നിലനിർത്തുക എന്നതിനപ്പുറത്ത് മറ്റെന്തെങ്കിലും എ.കെ.യുടെ മുഖ്യ പരിഗണനയായിരുന്നോ എന്ന് പറയേണ്ടതും കോൺഗ്രസുകാരും എ ഗ്രുപ്പുകാരുമാണ്.

തുടർ ഭരണമുണ്ടായാൽ ബംഗാളിലെപ്പോലെ സിപിഎമ്മിനെയും ഇടതുപക്ഷത്തിന്റെയും പ്രവർത്തകർ അഹങ്കാരികളാകും. പാർട്ടി ഭരിക്കുന്ന സ്ഥിതിവരും. അതങ്ങനെപോയാൽ ജനം വെറുക്കും. അതോടെ പാർട്ടിയും മുന്നണിയുമില്ലാതാകും. അങ്ങനെയൊരു ദുരന്തമുണ്ടാകാതിരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ആന്റണിക്ക്. ഏത് വിധേനയും യു. ഡി. എഫിനെ അധികാരത്തിലെത്തിച്ച് സി.പി.എമ്മിനെയും ഇടതുമുന്നണിയും തകരാതെ നോക്കാൻ ജനം സന്നദ്ധമാകണം. യു. ഡി. എഫിനെ അധികാരത്തിൽ തിരിച്ചെത്തിച്ചില്ലെങ്കിൽ കോൺഗ്രസിലുള്ളവരൊക്കെ ബി. ജെ. പിയിലേക്ക് പോകുമെന്നും ആ പാർട്ടി കേരളത്തിൽ കൂടി ഇല്ലാതാകുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിലാപം. രാഷ്ട്രീയ പ്രതിബദ്ധത കൊണ്ട്, രാജ്യം മതനിരപേക്ഷമായി നിലകൊള്ളണമെന്ന നിർബന്ധം കൊണ്ട് എന്ത് പരാജയം നേരിട്ടാലും കോൺഗ്രസിൽ തുടരുമെന്ന് പറയാനുള്ള ആർജവം ഇല്ലാതിരിക്കുന്നവരെ എന്തിന് വോട്ടുചെയ്ത് അധികാരത്തിലേറ്റണമെന്ന് വർഗീയതയെ എതിർക്കുന്നവരൊക്കെ ചിന്തിക്കാൻ ഈ പ്രസ്താവനകൾ കാരണമായി.

അധികാരം കിട്ടിയാൽപ്പോലും കോൺഗ്രസിൽ ഉറച്ചുനിൽക്കുമെന്ന് ഉറപ്പിക്കാനാകാത്തവരാണ് ഭൂരിഭാഗമെന്ന് കൃത്യമായി അറിയാവുന്ന എ. കെ. ആന്റണിക്ക് തൽക്കാലം പറയാനാകുക സി.പി.എമ്മിനെയും ഇടത് മുന്നണിയെയും രക്ഷിക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പറയുക മാത്രമാണ്. അതിൽ ആത്മരാർത്ഥയല്ല, കാപട്യമാണ് മുഴച്ചുനിൽക്കുന്നത്.

സി.പി.എമ്മും ഇടതുമുന്നണിയും ഹിന്ദുക്കളെ ഭിന്നിപ്പിച്ചു, ന്യൂനപക്ഷങ്ങളെ പര്സപരം പോരടിപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളും ആന്റണി ഉന്നയിക്കുന്നുണ്ട്. ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണ് ഹിന്ദുക്കളെ ഭിന്നിപ്പിച്ചതിന് തെളിവായി ആന്റണി ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിൽ സുപ്രീം കോടതി വിധി തന്നെ ഹിന്ദുക്കളെ ഭിന്നിപ്പിക്കുന്നതാണ്. അങ്ങനെ പറയാൻ ഈ ‘ആദർശ ധീരൻ’ തയ്യാറാകുമോ ആവോ. നായരിൽ താഴെയുള്ള സകല ജാതി വിഭാഗങ്ങളെയും അധിക്ഷേപിച്ച് കൂടി അരങ്ങേറിയ വിമോചന സമരത്തിന് നേതൃത്വം നൽകിയ പാർട്ടിയുടെ പിൻമുറക്കാരനാണ് ആന്റണി. കെ.ആർ. ഗൗരിയമ്മയെന്ന സർവാദരണീയായ നേതാവിനെ "ഗൗരിച്ചോത്തി' എന്ന് വിളിച്ചാക്ഷേപിച്ച സവർണമേധാവിത്വത്തെ സർവാത്മനാ പിന്തുണച്ച പാരമ്പര്യമുള്ളയാൾ.

അന്നുണ്ടാക്കിയ വെറുപ്പും വിദ്വേഷവും കേരളീയ സമൂഹത്തിലുണ്ടാക്കിയ ഭിന്നിപ്പിന് സമാനമാണ് സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെ ആചാര സംരക്ഷണമെന്ന പേരുപറഞ്ഞ് തെരുവിൽ നേരിടാൻ സംഘപരിവാരത്തിന്റെ തോളൊപ്പം നിന്ന് ശ്രമിച്ചപ്പോൾ ആന്റണിയുടെ പാർട്ടിയുണ്ടാക്കിയത്. അതേ ഭിന്നിപ്പിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ആന്റണിയുടെ അനുയായി വളരുകയും പിൽക്കാലം അദ്ദേഹത്തെ നിഷ്‌കാസനം ചെയ്ത് മുഖ്യമന്ത്രിക്കസേര പിടിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടി ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ ആദ്യദിനം മുതൽ ശ്രമിക്കുന്നത്. ഇപ്പോൾ ആദർശധീരന്റെ കീറിയ കുപ്പായമണിയുന്ന ആന്റണിയും.

പിന്നെ ന്യൂനപക്ഷങ്ങളുടെ കാര്യം. അനർഹമായത് ന്യൂനപക്ഷങ്ങൾ സ്വന്തമാക്കിയതാണ് കേരളത്തിലെ പ്രധാന പ്രശ്നമെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പ്രസ്താവന നടത്തിയയാളാണ് എ.കെ. ആന്റണി. സംഘപരിവാരത്തിന്റെ അജണ്ടയെ സാധൂകരിക്കാൻ പാകത്തിലുള്ള പ്രസ്താവന ഇത്രയും പച്ചയ്ക്ക് മറ്റൊരാൾ പറഞ്ഞിട്ടുണ്ടാകില്ല. ഒളിഞ്ഞും തെളിഞ്ഞുമൊക്കെയുണ്ട്. അതാത് കാലത്ത് അധികാരത്തിലെത്താൻ ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഇടത് മുന്നണിയും ഐക്യമുന്നണിയും ഉറപ്പാക്കിയ കാഴ്ച നമ്മൾ കണ്ടിട്ടുമുണ്ട്. 2011ൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു. ഡി. എഫ് സർക്കാറുണ്ടാക്കിയപ്പോൾ താക്കോൽ സ്ഥാനത്തിന് വേണ്ടി എൻ. എസ്. എസ് ജനറൽ സെക്രട്ടറി മുറവിളി കൂട്ടിയത്, ആന്റണിയുടെ പഴയ പ്രസ്താവനയുടെ ബലത്തിൽ കൂടിയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ ധൈര്യപൂർവം ജനത്തോട് തുറന്നുപറയാൻ തയ്യാറാകാതിരുന്നപ്പോൾ, കോൺഗ്രസ് ചില സംഘടനകളുടെ അജണ്ടയ്ക്ക് വഴങ്ങിയെന്ന തോന്നൽ ഉണ്ടായെങ്കിൽ അതിന് ഉത്തരവാദി കോൺഗ്രസാണ്, അതിന്റെ ദേശീയ നേതൃത്വത്തിൽ ഇപ്പോഴുമരുളിമരുവന്ന എ. കെ. ആന്റണിയുമാണ്. അതിനെ ഉപയോഗിക്കാൻ സംഘപരിവാരം മടിക്കില്ലെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം കോൺഗ്രസിനില്ലാതെ പോയതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല.

പിണറായി വീണ്ടും മുഖ്യമന്ത്രിയായാൽ കേരളത്തിന് സർവനാശമെന്നൊക്കെ പറയുന്നത്, മിതമായ ഭാഷയിൽ പറഞ്ഞാൽ അൽപത്തമാണ്. ആന്റണിയുടെ പാർട്ടിയുടെ തന്നെ മുതിർന്ന നേതാവ്, കെ. സുധാകരൻ ആവർത്തിച്ച് ആക്ഷേപിക്കുന്ന "ചെത്തുകാരന്റെ മകൻ' മുഖ്യമന്ത്രിയായി തുടർന്നാൽ സർവനാശമെന്ന് പറയാതെ പറയുകയാണ് എ.കെ. ആന്റണി.

"ഗൗരിച്ചോത്തി' എന്നു വിളിച്ചവരുടെ പിൻമുറക്കാരൻ എൺപത് വയസ്സ് പിന്നിട്ടിട്ടും മനസ്സിലെങ്കിലും വിളിക്കുന്നത് "പിണറായിച്ചോൻ' എന്നാകണം. ജാതിയിൽ താണവൻ അധികാരത്തിലിരുന്നതുകൊണ്ടാണ് പ്രളയങ്ങളും മഹാമാരിയുമൊക്കെയുണ്ടായതെന്ന് ആന്റണി കരുതുന്നുണ്ടോ? അവൻ ഇനിയും തുടർന്നാൽ സർവനാശമെന്നാണോ ആന്റണി ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കിൽ ആചാര സംരക്ഷകരുടെ ഗുരുസ്വാമി സ്ഥാനം ഈ ആദർശധീരനു തന്നെ.

Comments