▮
ബ്രിട്ടീഷ് കോളനിഭരണത്തിൻ കീഴിൽ ഇന്ത്യക്കാർക്ക് സർക്കാർ സർവീസുകളിലുള്ള പ്രാതിനിധ്യമടക്കമുള്ള അവകാശങ്ങൾക്കായി വിദ്യാസമ്പന്നരായ ഉയർജാതിക്കാർ ആരംഭിച്ച കൂട്ടായ്കളിൽ നിന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉദ്ഭവം. ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലുള്ള നേതാക്കന്മാരുമായി റിട്ട. ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ എ.ഒ. ഹ്യൂം നടത്തിയ ആലോചനകൾക്കൊടുവിൽ 1885 -ൽ നടന്ന എഴുപത്തി രണ്ടോളം പ്രതിനിധികളുടെ സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുക്കുന്നത്.
ആദ്യകാല പ്രാദേശിക അസോസിയേഷനുകളിൽ, പ്രത്യേകിച്ച് 1884 -ൽ സ്ഥാപിതമായ മദ്രാസ് മഹാജന സഭ ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ സംഘടന ബ്രിട്ടീഷ് ഗവൺമെന്റിനോട് ഭരണപരമായ പരിഷ്കാരങ്ങളും ഇന്ത്യക്കാർക്ക് പ്രതിനിധ്യവും ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സമർപ്പിച്ചു. കോൺഗ്രസ് രൂപീകരണ സമ്മേളനത്തിൽ മദ്രാസ് മഹാസഭയുടെ സഹ സ്ഥാപകൻ ജി. സുബ്രഹ്മണ്യ അയ്യരാണ് ആദ്യ പ്രമേയം അവതരിപ്പിച്ചത്. ലെജിസ്‌റ്റേറ്റീവ് കൗൺസിലുകളിൽ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു പ്രമേയം. കോൺഗ്രസ് രൂപീകരണത്തിന് തൊട്ടുമുമ്പ് 1884-ൽ മദ്രാസിൽ ഇന്ത്യൻ സംഘടനകളുടെ ആദ്യ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേർത്തത് സഭയുടെ ആതിഥേയത്വത്തിലായിരുന്നു.

1887 ഡിസംബറിൽ മദ്രാസിൽ (ചെന്നൈ) നടന്ന കോൺഗ്രസിന്റെ മൂന്നാം സമ്മേളനം, ദേശീയ പ്രസ്ഥാനത്തിൽ ഈ പ്രദേശത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്നതായിരുന്നു. തുടർന്നുള്ള ദശകങ്ങളിൽ, തമിഴ്നാട്ടിലെ കോൺഗ്രസ്, വിദ്യാസമ്പന്നരായ മധ്യവർഗക്കാരെയും അഭിഭാഷകരെയും പത്രപ്രവർത്തകരെയും അണിനിരത്തുകയും ഭരണഘടനാ പരിഷ്കാരങ്ങൾ, പൌരാവകാശങ്ങൾ, സർക്കാരിൽ കൂടുതൽ ഇന്ത്യൻ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ മുൻനിര പങ്ക് വഹിക്കുകയും ചെയ്തു. കൊളോണിയൽ കാലഘട്ടത്തിന്റെ അവസാനത്തിൽ തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ ദേശീയ തലത്തിൽ പ്രാമുഖ്യം നേടി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തമിഴ്‌നാട്ടിലെ വളർച്ചയും തളർച്ചയും തിരഞ്ഞെടുപ്പുകളിലെ ജയപരാജയങ്ങളും മുന്നണിബന്ധങ്ങളും വിശകലനം ചെയ്യുകയാണ്.
പെരിയാറിന്റെ വരവും
നീതി കക്ഷിയുടെ വെല്ലുവിളികളും
1916 -ൽ തന്നെ മദ്രാസ് പ്രവിശ്യയിൽ ജസ്റ്റിസ് പാർട്ടി (നീതി കക്ഷി) നിലവിൽ വന്നിരുന്നു. ഡോ. സി. നടേശ മുതലിയാർ, ടി എം നായർ, പി. ത്യാഗരായ ചെട്ടി എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പാർട്ടി, കോൺഗ്രസ് നേതൃത്വത്തെയും ആശയങ്ങളെയും ചോദ്യം ചെയ്തു. കോൺഗ്രസ് നേതൃത്വത്തിലെ ബ്രാഹ്മണാധിപത്യത്തെയും ബ്രാഹ്മണേതര നേതാക്കളോടുള്ള അവഗണനയും നീതി കക്ഷി പ്രധാന ആയുധമാക്കി. നീതി കക്ഷിയുടെ വളർച്ച കോൺഗ്രസിന്റെ നില തെറ്റിക്കും വിധമായിരുന്നു. മദ്രാസ് ലജിസ്‌ലേറ്റീവ് കൗൺസിലിലേക്ക് നീതി കക്ഷി മത്സരിച്ചു ജയിച്ചപ്പോൾ 1937 വരെ തിരഞ്ഞെടുപ്പുകളിൽ നിന്നു കോൺഗ്രസ് വിട്ടുനിന്നു.

1919 -ൽ പെരിയാർ രാമസ്വാമി നായ്ക്കർ, കോൺഗ്രസിൽ ചേർന്ന് പ്രവർത്തിച്ചത് ഗാന്ധിജിയുടെ ആശയസമരങ്ങളിൽ ആകൃഷ്ടനായിട്ടായിരുന്നു. 1922 -ൽ മദ്രാസ് പ്രവിശ്യ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിനെതിരായ ബ്രാഹ്മണ ആധിപത്യം എന്ന ആരോപണത്തിന് പെരിയാറിന്റെ സ്ഥാനലബ്ധി ഒരു മറുപടിയായി. എന്നാൽ ദേശീയ നേതൃത്വത്തിന്റെയും ബ്രാഹ്മണ അംഗങ്ങളുടെയും സ്വാധീനം മൂലം അവർണ്ണ സമുദായങ്ങൾ പാർട്ടിയിൽ രണ്ടാംകിടക്കാരായി മാറുന്നു എന്ന് പെരിയാർ മനസ്സിലാക്കി. കോൺഗ്രസിലിരുന്നു കൊണ്ടുതന്നെ ഇത്തരം നയങ്ങളെ വിമർശിക്കാനും പെരിയാർ മടിച്ചില്ല. സ്വാഭിമാനപ്രസ്ഥാനങ്ങളോടു രാജഗോപാലാചാരിയെ പോലുള്ള നേതാക്കൾ കാണിക്കുന്ന അസഹിഷ്ണുത പെരിയാറിനെ വിമനസ്കനാക്കി.
TNCC അധ്യക്ഷൻ ദലിത് വിഭാഗത്തിൽ നിന്നുള്ള സെൽവപെരുന്തകൈ ആണ്. സംഘടനാ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന നേതൃത്വം നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെങ്കിലും ഗ്രൂപ്പ് വഴക്കുകൾ വിഘാതമായി നിൽക്കുന്നു.
ഇരു പാർട്ടികളും തമ്മിലുള്ള വിയോജിപ്പ് രൂക്ഷമായ കാലത്താണ് ബ്രിട്ടീഷ് സർക്കാരിന്റെ സഹായത്തോടെ അധഃകൃത ജനതയുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള തുടർ നടപടികൾ നീതി കക്ഷി ത്വരിതപ്പെടുത്തുന്നത്. കോൺഗ്രസ് പ്രസിഡന്റായിരുന്നുകൊണ്ട് ബ്രാഹ്മണർ അല്ലാത്തവർക്കും സർക്കാർ ജോലികളിൽ ഇടം നൽകണമെന്നാവശ്യപ്പെട്ട് പെരിയാർ നടത്തിയ നീക്കങ്ങളെ കോൺഗ്രസിലെ മേൽജാതി നേതൃത്വം ശക്തമായി എതിർത്തു.
1925 - ലെ സമ്മേളനത്തിൽ സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതിക പ്രതിനിധ്യത്തിനായി പെരിയാർ പ്രമേയം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മുതിർന്ന നേതാക്കളുടെ എതിർപ്പിൽ ഈ നീക്കം പരാജയപ്പെട്ടു. 1925 നവംബറിൽ പെരിയാർ കോൺഗ്രസ് വിട്ടു. അത് കോൺഗ്രസ് അത്ര കാര്യമായി എടുത്തില്ലെങ്കിലും പിൽക്കാലത്ത് ദ്രാവിഡ കക്ഷികളുടെ ഉദയത്തിനും പാർട്ടിയുടെ തകർച്ചയ്ക്കും ഇത് കാരണമാകുമെന്ന് കോൺഗ്രസ് നേതൃത്വം അക്കാലത്ത് കരുതിയില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പി. വരദരാജുലു തിരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യലബ്ധി വരെ നീതി കക്ഷിയുടെ ഭരണത്തിലായിരുന്നു മലബാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളടങ്ങിയ മദ്രാസ് പ്രവിശ്യ. സ്വാഭിമാന ആശയങ്ങളുമായി സ്വാതന്ത്ര്യപൂർവവർഷങ്ങളിൽ സജീവമായിരുന്ന പെരിയാർ നീതി കക്ഷിയെ പിന്തുണച്ചും കോൺഗ്രസിനെ എതിർത്തും രാഷ്ട്രീയ പ്രവർത്തനം തുടർന്നു. സ്വാതന്ത്ര്യാനന്തരം നീതി കക്ഷിയുടെ പതനമാരംഭിച്ചുവെങ്കിലും ദ്രാവിഡ പ്രസ്ഥാനങ്ങളിലൂടെ അതിന്റെ പാരമ്പര്യം തുടർന്നു. ഈ ഘട്ടത്തിൽ പെരിയാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നകന്ന് സാമൂഹിക പരിഷ്കരണ ശ്രമങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 1944 -ൽ ദ്രാവിഡ കഴകം രൂപീകരിച്ചു.
കോൺഗ്രസ് രാഷ്ട്രീയവും
ഉൾപ്പോരുകളും
1931-ൽ മദ്രാസ് പ്രവിശ്യാ കോൺഗ്രസ് പ്രസിഡന്റായി രാജഗോപാലാചാരി തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന മറ്റൊരു നേതാവായ സത്യമൂർത്തിയെ ഉപാധ്യക്ഷനാക്കാമെന്ന ധാരണയിലായിരുന്നു ഐകകണ്ഠേനയുള്ള ഈ തീരുമാനം. എന്നാൽ പരസ്പര ധാരണയ്ക്ക് വിരുദ്ധമായി രാജാജി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സർദാർ വേദരത്നത്തെ നാമനിർദ്ദേശം ചെയ്തു. ഇതിൽ അസന്തുഷ്ടനായ സത്യമൂർത്തി അണ്ണാമലൈ പിള്ളയെ ആ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു.
മത്സരാന്തരീക്ഷം ഉടലെടുത്തതോടെ സത്യമൂർത്തിയെ ഉപാധ്യക്ഷനാക്കാൻ രാജാജി സമ്മതിച്ചു. തമിഴ്‍നാട് കോൺഗ്രസിന്റെ ചരിത്രത്തിലുടനീളമുള്ള പടലപ്പിണക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും ഇവിടം തൊട്ടു തുടങ്ങുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരമായ സത്യമൂർത്തി ഭവനിൽ കാലുകുത്താൻ മടിയുള്ള നേതാക്കന്മാർ ഇപ്പോഴും കോൺഗ്രസിലുണ്ടെന്നു പറഞ്ഞാൽ ഇതിന്റെ വ്യാപ്തി മനസ്സിലാക്കാമല്ലോ.
സത്യമൂർത്തിയുടെ രാഷ്ട്രീയ പിൻഗാമി എന്ന നിലയിലാണ് കാമരാജിന്റെ വരവ്. 1936 -ലെ തമിഴ്‌നാട് കോൺഗ്രസ് കമ്മറ്റി തിരഞ്ഞെടുപ്പിൽ സത്യമൂർത്തിയെ അധ്യക്ഷനാക്കുന്നതിൽ രാജാജി സമ്മതം മൂളി. എന്നാൽ അതിനുപിന്നിൽ അദ്ദേഹത്തിന് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. 1937 -ലെ ആദ്യത്തെ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു അത്. ഈ യോഗത്തിലാണ് കാമരാജിനെ സെക്രട്ടറി സ്ഥാനത്തേക്ക് സത്യമൂർത്തി നിർദ്ദേശിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്രാസ് യൂണിവേഴ്സിറ്റി മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സത്യമൂർത്തി തീരുമാനമെടുത്തപ്പോൾ ആ മണ്ഡലം തനിക്കു വിട്ടുതരണമെന്ന് രാജാജി ആവശ്യപ്പെട്ടു. ഇതു സമ്മതിച്ച സത്യമൂർത്തി മറ്റൊരു മണ്ഡലം തിരഞ്ഞെടുത്തപ്പോൾ രാജാജി ആ ശ്രമവും തടഞ്ഞു. കൗൺസിൽ അംഗമാക്കി മന്ത്രിപദവി നൽകാമെന്ന രാജാജിയുടെ ഉറപ്പും പാഴായി. ടി.എസ്. എസ്. രാജനെ കൗൺസിൽ അംഗമാക്കിയതയോടെ സത്യമൂർത്തിക്കും രാജാജിക്കും തമ്മിലുള്ള ശീതസമരം മൂർച്ഛിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയെ പങ്കെടുപ്പിക്കാനുള്ള ബ്രിട്ടീഷ് പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എല്ലാ പ്രവിശ്യകളിലുമുള്ള മന്ത്രിമാർ രാജിവെക്കണമെന്ന കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായി 1939 -ൽ രാജാജി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു.

തനിക്കെതിരെയുള്ള രാജാജിയുടെ നീക്കങ്ങൾക്ക്, 1940 -ൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് കാമരാജിന്റെ പേര് നിർദ്ദേശിച്ചു കൊണ്ടാണ് സത്യമൂർത്തി തിരിച്ചടി നൽകിയത്. കോവൈ സി.പി. സുബ്ബയ്യയെ രാജാജിയും നിർദേശിച്ചു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ കാമരാജ് ജയിച്ചു. എല്ലാവരെയും അമ്പരപ്പിക്കുന്ന മറ്റൊരു നിർദ്ദേശം വെയ്ക്കാനും സത്യമൂർത്തി മറന്നില്ല. ജനറൽ സെക്രട്ടറിയായി സ്വന്തം പേര് നിർദ്ദേശിച്ച് രാജാജിഅനുകൂലികളെ അദ്ദേഹം ഞെട്ടിച്ചു. പാർട്ടിക്കുള്ളിൽ രാജാജിയുടെ നേതൃത്വത്തിൽ നടക്കുന്ന നീക്കങ്ങൾ തടയാൻ കമ്മിറ്റിയിൽ തന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് സത്യമൂർത്തി കരുതി. 1943 -ൽ മരിക്കുവോളം അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
ഇക്കാലത്ത്, രാഷ്ട്രീയ - സാമ്പത്തിക കാര്യങ്ങളിൽ കോൺഗ്രസ് നിലപാടിന് വിരുദ്ധമായ നയപരിപാടികൾക്കായി സമ്മർദ്ദം ചെലുത്തിയതിന്റെ പേരിൽ രാജാജിയുമായുള്ള ഗാന്ധിയുടെ ബന്ധം ഉലഞ്ഞു. രാജഗോപാലാചാരിയുടെ പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേല്പിച്ചു. തന്റെ നിലപാടുകൾ അംഗീകരിച്ചില്ലെങ്കിൽ മദ്രാസ് പ്രവിശ്യ ഇന്ത്യയിൽ നിന്ന് വിട്ടുപോവുമെന്നു പോലും രാജാജിയുടെ ഒരു ഘട്ടത്തിൽ ഭീഷണി മുഴക്കി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമടക്കമുള്ള പാർട്ടി പരിപാടികളോട് അദ്ദേഹം നിസ്സഹകരിച്ചു. ബ്രിട്ടീഷുകാരോട് സമരസപ്പെട്ടുവേണം ഇന്ത്യക്കാർ അവകാശങ്ങൾ നേടിയെടുക്കാൻ എന്ന പക്ഷക്കാരനായിരുന്നു രാജാജി. കാമരാജിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി അറിയാതെ അഖിലേന്ത്യാ നേതൃത്വവുമായി അടുപ്പം സ്ഥാപിക്കാനും രാജാജി ശ്രമിച്ചു. ഈ കാലത്ത് ടി. പ്രകാശം ആയിരുന്നു തമിഴ്‌നാട് കോൺഗ്രസ് പ്രസിഡന്റ്. 1946 -ൽ കാമരാജ് പ്രസിഡന്റായി. ഈ കാലത്ത് ടി. പ്രകാശം മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു.
ഇതിനിടെ 1946-ൽ, സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ ഗാന്ധിയെ ചെന്നൈയിൽ 12 ദിവസത്തെ സന്ദർശനത്തിനായി രാജാജി എത്തിച്ചത് പാർട്ടിയിൽ വലിയ വിവാദമായി. ഗാന്ധിയെ ചെന്നൈ സെൻട്രലിൽ എത്തിച്ചാൽ ആ വിവരം വേഗത്തിൽ പരസ്യമാകും എന്നതിനാൽ അമ്പത്തൂരിൽ ഇറക്കാനായിരുന്നു ശ്രമം. രാജാജിയുടെ പദ്ധതിയറിഞ്ഞ കാമരാജ് അമ്പത്തൂരിൽ എത്തി ഗാന്ധിയെ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ യോഗങ്ങളിലെലെല്ലാം പങ്കെടുക്കുകയും ചെയ്തു. രാജാജിയുമായുള്ള തർക്കത്തെ കുറിച്ച് കാമരാജിനോട് ഒരു വാക്ക് പോലും മിണ്ടാതിരുന്ന ഗാന്ധി, മടങ്ങിയശേഷം ഹരിജനിൽ എഴുതിയ കുറിപ്പിൽ സംസ്ഥാന നേതാക്കളുമായി ബന്ധപ്പെടുന്നതിന് രാജാജി തടസ്സം നിന്നെന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു 'ക്ലിക്ക്' പ്രവർത്തിക്കുന്നുണ്ടെന്നും അത് തന്നെ വേദനിപ്പിക്കുന്നുവെന്നും സൂചിപ്പിച്ചു.

കുറിപ്പിലെ 'ക്ലിക്ക്' എന്ന പ്രയോഗം കാമരാജിനെ പ്രകോപിപ്പിക്കുകയും ആ വാക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലിമെന്ററി ബോർഡ് പദവി രാജിവെയ്ക്കുകയും ചെയ്തു. പാർട്ടിയുമായി അകന്നുനിൽക്കുന്ന രാജാജിയെ പുനഃപ്രവേശിപ്പിക്കാനാണ് ഗാന്ധിയുടെ നീക്കമെന്നും ആരോപണം തിരുത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിൽ പലയിടങ്ങളിലും പ്രകടനങ്ങൾ നടന്നെങ്കിലും ഗാന്ധി വഴങ്ങിയില്ല.
നെഹ്രുവിന്റെ നേതൃത്വത്തിലുള്ള താൽക്കാലിക ദേശീയ സർക്കാരിൽ മന്ത്രിയാകാനും 47 - ൽ ബംഗാൾ ഗവർണ്ണരാകാനും പിന്നീട് ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറലാകാനും ദേശീയ നേതൃത്വവുമായുള്ള അടുപ്പം രാജാജിയെ സഹായിച്ചു. 1946- ൽ വീണ്ടും കോൺഗ്രസിലെത്തിയ രാജാജി 1952- ൽ വീണ്ടും മദ്രാസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ആകെയുള്ള 375 ൽ 152 സീറ്റു മാത്രം ലഭിച്ച കോൺഗ്രസിന് കേവല ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടി മറ്റു കക്ഷികളുടെ സഹായത്തോടെ അധികാരത്തിലെത്തുന്നത് തടയിടാനാണ് രാജാജിയെ ദേശീയനേതൃത്വം കളത്തിലിറക്കിയത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിദ്യാഭ്യാസ രംഗത്ത് രാജാജി കൊണ്ടുവന്ന പരിഷ്‌കാരം വ്യാപക എതിർപ്പ് ക്ഷണിച്ചുവരുത്തി. മൂന്നു മണിക്കൂർ വിദ്യാഭ്യാസവും മറ്റു സമയങ്ങളിൽ പാരമ്പര്യതൊഴിൽ പരിശീലനവും ഉൾപ്പെട്ട 'കുല കൽവി തിട്ടം' എന്ന പദ്ധതിയെ ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി DMK ഉൾപ്പെടെയുള്ള കക്ഷികൾ നഖശിഖാന്തം എതിർത്തു. 1954 -ലെ രാജാജിയുടെ രാജിയിലേക്കു ഇത് നയിച്ചു. തുടർന്നു മുഖ്യമന്ത്രിയായി ചുമതലയേറ്റ കാമരാജ് ഈ പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചു. 56 -മുതൽ പാർട്ടിയിൽ നിന്നു നിരന്തരമായി അകന്നുനിന്ന രാജാജി കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് നയങ്ങൾക്കെതിരെ പോരാടാനാണ് തുടർന്നു ശ്രമിച്ചത്.

1957 -ലെ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. കാമരാജ് വീണ്ടും മുഖ്യമന്ത്രിയായി. രാജാജിയുടെ പാർട്ടിയായ കോൺഗ്രസ് റിഫോം കമ്മിറ്റി 16 സീറ്റുൃ നേടി രണ്ടാം സ്ഥാനത്തെത്തി. ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതിനാൽ സ്വതന്ത്ര കക്ഷിയായി മത്സരിച്ച ഡി എം കെ 15 സീറ്റുകളോടെ മൂന്നാമതായി.
കാമരാജ് സർക്കാരിന്റെ പല തീരുമാനങ്ങളും വലിയ എതിർപ്പുകൾക്കിടയാക്കി. സംസ്ഥാന സ്വയംഭരണം സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ ചോദ്യം ചെയ്യപ്പെട്ടു. കാമരാജിന്റെ ഭരണകാലം പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്തിന്റെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹമെടുത്ത നിലപാടുകൾ പരക്കെ വിമർശിക്കപ്പെട്ടു. മദ്രാസ് പ്രവിശ്യയെ തമിഴ്‌നാട് എന്ന് പുനർനാമകരണം ചെയ്യാനുള്ള ആവശ്യങ്ങൾക്കെതിരെ കാമരാജ് എടുത്ത കടുത്ത നിലപാട് ആ പാർട്ടിയുടെ അസ്ഥിവാരം മാന്താനുള്ള ഒരു കാരണമായി എന്നു പറയാം.
ഡി എം കെയിൽ വിഭജനമുണ്ടാക്കാൻ എം ജി ആറിന് സംഘടനാ കോൺഗ്രസ് സഹായം നൽകി എന്ന ആക്ഷേപമുണ്ട്. ഈ നീക്കം തങ്ങൾക്കു തന്നെ വിനയായി തീരുമെന്ന് കോൺഗ്രസ് ചിന്തിച്ചില്ല.
തമിഴ്നാടെന്ന പുനർനാമകരണം, മദ്യ നിർമാർജ്ജനം അടക്കമുള്ള 12 വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഗാന്ധിയനായ ശങ്കരാലിംഗനാർ കോൺഗ്രസ്സിന് നൽകിയ നിവേദനങ്ങൾ നേതൃത്വം ചെവികൊണ്ടില്ല. അതിനെ തുടർന്ന് 1956 ജൂലൈ 27 നു സൂരക്കാരായി ഗ്രാമത്തിൽ പന്തൽ കെട്ടി ശങ്കർലിംഗനാർ ആരംഭിച്ച ഉപവാസ സമരത്തോട് കോൺഗ്രസ് നേതൃത്വത്തിന്റെ സമീപനം അലംഭാവപൂർണ്ണമായിരുന്നു.
77 ദിവസം നീണ്ട നിരാഹാര സമരം ശങ്കരാലിംഗനാരുടെ ജീവത്യാഗത്തിലാണ് കലാശിച്ചത്. കോൺഗ്രസിൽ വിശ്വാസം നഷ്ടമായെന്ന് കാട്ടി തന്റെ മൃതദേഹം പാർട്ടിക്ക് കൈമാറരുതെന്നു അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം കൂടുതൽ ജനശ്രദ്ധ ആകർഷിക്കാൻ വിരുത് നഗർ പട്ടണത്തിലെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിനു സമീപത്തേക്ക് സമരവേദി മാറ്റിയത് സി പി എം നേതാക്കളുടെ നിർദ്ദേശത്താലായിരുന്നു. കോൺഗ്രസ്സുകാർ ഈ സമരത്തെ പരാജയപ്പെടുത്താൻ നടത്തിയ നീക്കങ്ങളും പരക്കെ വിമർശിക്കപ്പെട്ടു. നിരാഹാര പന്തലിനു സമീപം ഭക്ഷണവസ്തുക്കളുടെ ഉച്ചിഷ്ടം വലിച്ചെറിഞ്ഞ് സമരത്തെ അപമാനിക്കാനും അവർ ശ്രമിച്ചു.

ശങ്കരാലിംഗനാരുടെ ആവശ്യങ്ങളിൽ മിക്കവയും യൂണിയൻ സർക്കാർ നടപടിയെടുക്കേണ്ട കാര്യങ്ങളാണെന്ന് പറഞ്ഞ് കയ്യൊഴിയാനായിരുന്നു കാമരാജ് ശ്രമിച്ചത്. ഒക്ടോബർ 10 -ന് ആരോഗ്യ നില വഷളായതിനെ തുടർന്ന് ശങ്കരാലിംഗനാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു, മൂന്നു ദിവസങ്ങൾക്കുള്ളിൽ മരിച്ചു. സമരത്തോടൊപ്പം അടിയുറച്ചു നിന്ന കമ്മ്യൂണിസ്റ്റുകാർക്കാണ് ശങ്കരാലിംഗനർ മൃതദേഹ സംസ്കാരത്തിനായുള്ള അവകാശം നൽകിയിരുന്നത്.
കോൺഗ്രസ് നയങ്ങൾക്കെതിരെ വ്യാപക വിമർശനം ഉയർന്നെങ്കിലും താരതമ്യേന ദുർബലമായ പ്രതിപക്ഷനിരയ്ക്ക് കാമരാജ് എന്ന നേതൃബിംബത്തെ വീഴ്ത്താനായില്ല. 1960 -കളുടെ ആദ്യപകുതിയിൽ ദേശീയ തലത്തിൽ കോൺഗ്രസ് സ്വാധീനം ദുർബലപ്പെടുന്നതായി മനസ്സിലാക്കിയ നേതൃത്വത്തിന് മുന്നിൽ കാമരാജ് സമർപ്പിച്ച പദ്ധതി, നെഹ്രു അടക്കമുള്ള നേതാക്കളെ ആകർഷിച്ചു. കാമരാജ് പ്ലാൻ എന്നാണിത് അറിയപ്പെട്ടത്. ഭരണനേതൃത്വത്തിലെ മുതിർന്ന നേതാക്കൾ പാർലിമെന്ററി രംഗത്തുനിന്ന് മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകണമെന്നായിരുന്നു ഇതിന്റെ ഉള്ളടക്കം. ഇതനുസരിച്ചു കോൺഗ്രസിന്റെ സംസ്ഥാന മുഖ്യമന്ത്രിമാർ രാജിവെച്ചു. പാർട്ടി പ്രവർത്തനങ്ങൾക്കു നിയോഗിക്കപ്പെട്ടു. 1963 ഒക്ടോബർ രണ്ടിന് കാമരാജും രാജിവെച്ചു, പകരം ഭക്തവത്സലം മുഖ്യമന്ത്രിയായി.
ഡി എം കെയുടെ ഉദയവും
കാമരാജിന്റെ പതനവും
ഈ കാലഘട്ടത്തിൽ ദ്രാവിഡ സംഘടനകളിലും വലിയ പരിവർത്തനം നടന്നു. പെരിയാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 1949 -ൽ അണ്ണാദുരൈ DMK രൂപീകരിച്ചു. എന്നാൽ ജനപിന്തുണ ആർജ്ജിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ കാത്തിരിക്കാനായിരുന്നു പാർട്ടിതീരുമാനം. 1952 -ലെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിന്ന ഡി എം കെ, ശങ്കരലിംഗനാറിന്റെ മരണശേഷം 57 -ലെ തിരഞ്ഞെടുപ്പിൽ 15 സീറ്റ് നേടി. 1962 -ൽ 50 സീറ്റ് നേടി. ഡി എം കെയുടെ വളർച്ച കോൺഗ്രസിനെതിരെ പുതിയൊരു ശാക്തിക ചേരിയുടെ വിളംബരമായി. ഡി എം കെയുടെ തമിഴ് ദേശീയ ആശയങ്ങൾക്ക് നേർവിപരീതമായ നിലപാടിലായിരുന്നു കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ.

1965 ജനുവരി 26-ന് രാജ്യത്തിന്റെ ഔദ്യോഗിക ഭരണഭാഷയായി ഹിന്ദി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിൽ വൻ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പ്രക്ഷോഭങ്ങൾക്ക് ഡി എം കെ നേതൃത്വം നൽകി. പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ അരിയല്ലൂരിൽ ചിന്നസ്വാമി എന്ന ഡി എം കെ പ്രവർത്തകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇതേതുടർന്ന് തമിഴ്‌നാട്ടിലുടനീളം കലാപാന്തരീക്ഷം രൂപപ്പെട്ടു. വിദ്യാർത്ഥികളും സമരരംഗത്തിറങ്ങി. തമിഴ് വൈകാരികതയുടെ തീവ്രത രാജ്യം അറിഞ്ഞ നാളുകളായിരുന്നു അവ.
ക്രമസമാധാനനില താറുമാറായത്തോടെ ലാൽ ബഹാദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുണ്ടായിരുന്ന യൂണിയൻ സർക്കാർ പട്ടാളത്തെയിറക്കി. സി ആർ പി എഫ് അടക്കമുള്ള സേനകൾ സമരക്കാരെ അടിച്ചമർത്താനാരംഭിച്ചതോടെ കോൺഗ്രസ് സർക്കാരുകൾക്കെതിരെ ജനരോഷം വർധിച്ചു. കോൺഗ്രസിലെ ചെറിയൊരു വിഭാഗത്തിന് ഹിന്ദി വിരുദ്ധ സമരങ്ങളോട് അനുഭാവം ഉണ്ടായിരുന്നെങ്കിലും യൂണിയൻ സർക്കാരിന്റെ 'ഒരൊറ്റ ഇന്ത്യ' എന്ന കർക്കശ നിലപാടിന് മുന്നിൽ മുന്നിൽ അവർക്ക് വഴങ്ങേണ്ടിവന്നു. തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ ഫെബ്രുവരിയിൽ മാത്രം 20 -ഓളം വിദ്യർത്ഥികൾ കൊല്ലപ്പെട്ടു. അണ്ണാദുരൈയ്ക്കു തന്നെ പോരാട്ടം അവസാനിപ്പിക്കാൻ ആഹ്വനം ചെയ്യേണ്ടിവന്നു. എന്നാൽ വിദ്യാർത്ഥി സംഘടനകൾ സമരമുഖത്ത് ഉറച്ചുനിന്നു. പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഒടുവിൽ തലകുനിക്കേണ്ടി വന്ന യൂണിയൻ സർക്കാരിനു ത്രിഭാഷാ നയം സ്വീകരിക്കേണ്ടി വന്നു.
ഭക്തവത്സലത്തിന്റെ ഭരണനേതൃത്വവും ജനങ്ങളിൽ അതൃപ്തിയുണ്ടാക്കി. രൂക്ഷമായ ക്ഷാമം പോലുള്ള അടിയന്തര പ്രശ്നങ്ങളും കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് കളമൊരുക്കി. കാമരാജിന്റെ നേതുത്വത്തിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു ഡി എം കെയുടെ മുന്നേറ്റത്തെ തടയാനായില്ല -
"കാമരാജർ അണ്ണാച്ചി,
കടലൈ പരിപ്പ് വിലൈ എന്നാച്ച്?
ഭക്തവത്സലം അണ്ണാച്ചി
അരസിവിലൈ എന്നാച്ച്’’
തുടങ്ങിയ ഡി എം കെയുടെ മുദ്രാവാക്യങ്ങൾ ജനം ഏറ്റെടുത്തു. രൂപയ്ക്ക് മൂന്നുപിടി അരി പോലുള്ള വാഗ്ദാനങ്ങളും ഡി എം കെ നൽകി. ഇക്കാലത്താണ് വ്യക്തിപരായ ഒരു വാക്കേറ്റത്തെ തുടർന്ന് എം.ആർ. രാധ എം ജി ആറിനെതിരെ വെടിയുതിർത്ത സംഭവം ഉണ്ടായത്. എം. ആർ. രാധ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ അനുയായി ആയിരുന്നെങ്കിലും ഡി എം കെ നേതാവായ എം. ജി. ആർ എന്ന താരസ്വരൂപത്തിനേറ്റ മുറിവ് ഒരു സഹതാപഅലയുണ്ടാക്കാനിടയാക്കി.
കാമരാജിനുശേഷം അദ്ദേഹത്തെ പോലെ ജനകീയനായ ഒരു നേതാവിനെ കോൺഗ്രസിന് ലഭിച്ചില്ല. ഇരു ദ്രാവിഡ പാർട്ടികളും മാറിമാറി ഭരണം കയ്യാളാൻ തുടങ്ങിയതോടെ മറ്റൊരു കക്ഷിക്കും അങ്ങോട്ട് പ്രവേശനമുണ്ടായില്ല.
കോൺഗ്രസിനെതിരെ സ്വതന്ത്ര കക്ഷി, സി പി എം, എസ്. പി. ആദിത്യനാർ നയിക്കുന്ന തമിഴർ കക്ഷി, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, തമിഴ്‌നാട് ലേബർ പാർട്ടി, തമിഴ്‌നാട് റിപ്പബ്ലിക് കക്ഷി, ഇന്ത്യൻ യൂണിയൻ മുസ്ല്ലിം ലീഗ്, തമിഴരസ് കഴകം പോലുള്ള സംഘടനകളുടെ ഐക്യനിര ഡി എം കെ യുടെ നേതൃത്വത്തിൽ രൂപപ്പെട്ടു. ഇതെല്ലാം ചേർന്നതോടെ 1967 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 51 സീറ്റു കൊണ്ട് കോൺഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു.
കോൺഗ്രസിന്റെ പതനമാരംഭിക്കുന്നതു ഈ തിരഞ്ഞെടുപ്പോടെയാണ്. ആകെ 234 സീറ്റിൽ 179 എണ്ണം ഡി എം കെ മുന്നണി സ്വന്തമാക്കി. 137 ഇടങ്ങളിൽ ജയിച്ച ഡി എം കെ യ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷവും ലഭിച്ചു. കാമരാജ് അടക്കമുള്ള പല കോൺഗ്രസ് നേതാക്കളും പരാജയമറിഞ്ഞു. അണ്ണാദുരൈ മുഖ്യമന്ത്രിയായി. 1969 - ലാണ് മദ്രാസ് നിയമസഭ തമിഴ്നാട് ലെജിസ്ലേറ്റീവ് അസംബ്ലി എന്ന് പുനർനാമകരണം ചെയ്തത്. കോൺഗ്രസ് സംസ്ഥാന ഘടകം തമിഴ് നാട് കോൺഗ്രസ് കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
കോൺഗ്രസിലെ പിളർപ്പും
എ ഐ എ ഡി എം കെയുടെ വരവും
1969-ൽ കോൺഗ്രസ് ദേശീയ തലത്തിൽ പിളർന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കൊൺഗ്രസ് (ആർ) എന്നും കാമരാജർ, മൊറാർജി ദേശായി, നിജലിംഗപ്പ എന്നിവരുടെ നേതൃത്വത്തിൽ സംഘടനാ കോൺഗ്രസ് എന്നും പാർട്ടി രണ്ടായി. നവംബറിൽ സംഘടനാ കോൺഗ്രസിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയം പാർലിമെന്റിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ ഇന്ദിരയ്ക്കു പിന്തുണ നൽകാൻ ഡി എം കെ തയ്യാറായി. അണ്ണാദുരൈയുടെ മരണശേഷം എം. കരുണാനിധി ഡി എം കെ നേതൃത്വം ഏറ്റെടുത്ത കാലമായിരുന്നു അത്. കാലാവധിക്ക് ഒരു വർഷം ശേഷിക്കെ, പാർലിമെന്റ് പിരിച്ചുവിട്ട് ഇന്ദിരാഗാന്ധി ജനവിധി തേടാൻ തയ്യാറായി. കരുണാനിധിയും സമാനമായ തീരുമാനമെടുത്ത്, നിയമസഭ പിരിച്ചു വിട്ടു, തിരഞ്ഞെടുപ്പിനൊരുങ്ങി.

ഡി എം കെ - ഇന്ദിര കോൺഗ്രസ് മുന്നണി രൂപീകരിക്കപ്പെട്ടു. സി. സുബ്രമണ്യനായിരുന്നു ഇന്ദിര കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം. നിയമസഭയിൽ മത്സരിക്കാതെയും ലോക്സഭയിൽ 9 സീറ്റുകൾ മാത്രം ആവശ്യപ്പെട്ടും ഇന്ദിര, ഡി എം കെയോടു കടപ്പാട് കാട്ടി. 1971 - ലെ ഈ തിരഞ്ഞെടുപ്പിൽ 184 നിയമസഭാ സീറ്റുകൾ ഡി എം കെ തൂത്തുവാരി. കാമരാജിന്റെ നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസ് മുന്നണിക്ക് 21 സീറ്റ് ലഭിച്ചു. കാമരാജ് മത്സരിച്ചില്ല. ലോക്സഭയിൽ മത്സരിച്ച 9 സീറ്റുകളും ഇന്ദിര കോൺഗ്രസ് നേടി. സംഘടനാ കോൺഗ്രസ് മത്സരിച്ച 39 -സീറ്റുകളിൽ ഒരെണ്ണം മാത്രമേ കൈപ്പിടിയിലൊതുക്കാനായുള്ളൂ.
ഈ ഘട്ടത്തിൽ കരുണാനിധിയുമായുള്ള അഭിപ്രായരൂക്ഷത ശക്തമായതിനെ തുടർന്ന് എം. ജി. രാമചന്ദ്രൻ ഡി എം കെയിൽ നിന്ന് പുറത്താക്കപ്പെടുന്നു. എം ജി ആർ പുതിയ പാർട്ടി -എ ഐ ഡി എം കെ - ആരംഭിക്കുന്നു. മുഖ്യപ്രതിപക്ഷം എന്ന നിലയിലുള്ള സ്ഥാനം പോലും കോൺഗ്രസിന് നഷ്ടപ്പെടാൻ പുതിയ പാർട്ടിയുടെ വരവ് നിമിത്തമായി.
ഡി എം കെയിൽ വിഭജനമുണ്ടാക്കാൻ എം ജി ആറിന് സംഘടനാ കോൺഗ്രസ് സഹായം നൽകി എന്ന ആക്ഷേപമുണ്ട്. ഈ നീക്കം തങ്ങൾക്കു തന്നെ വിനയായി തീരുമെന്ന് കോൺഗ്രസ് ചിന്തിച്ചില്ല. ഈ സാഹചര്യത്തിൽ ഇന്ദിരയുമായുള്ള പിണക്കം മാറി കോൺഗ്രസിലെ ഇരുവിഭാഗങ്ങളേയും ലയിപ്പിക്കാനുള്ള ശ്രമം കാമരാജ് ആരംഭിച്ചുവെങ്കിലും അദ്ദേഹത്തിന്റെ മരണശേഷമാണ് ആ ആഗ്രഹം സഫലമായത്. 1975 -ൽ മറീന ബീച്ചിൽ നടന്ന ലയനസമ്മേളനത്തെ ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത് 'കാമരാജരുടെ അന്ത്യഭിലാഷം സാധിതമായി’ എന്നായിരുന്നു.
1987 -ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് ഇന്ത്യൻ സമാധാന സേനയെ അയച്ചത് തമിഴ് ജനതക്കിടയിൽ അമർഷമുണ്ടാക്കി. ശ്രീലങ്കൻ സർക്കാരിന് ഇന്ത്യാ ഗവണ്മെന്റ് നൽകിയ പിന്തുണ തമിഴ്‌നാട്ടിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി.
എന്നാൽ, കാമരാജിനുശേഷം അദ്ദേഹത്തെ പോലെ നേതൃശേഷിയോ കാര്യപ്രാപ്തിയോ ഉള്ള ഒരു നേതാവിനെ കോൺഗ്രസിന് ലഭിച്ചില്ല. ഇരു ദ്രാവിഡ പാർട്ടികളും മാറിമാറി ഭരണം കയ്യാളാൻ തുടങ്ങിയതോടെ മറ്റൊരു കക്ഷിക്കും അങ്ങോട്ട് പ്രവേശനമുണ്ടായില്ല. കാമരാജിനെ തുടർന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പി സുബ്ബരായനായിരുന്നു.
അടിയന്തിരാവസ്ഥയ്ക്കുശേഷമുള്ള
തിരഞ്ഞെടുപ്പ് പ്രകടനങ്ങൾ
1976 -ൽ അടിയന്തരാവസ്ഥയെക്കെതിരെ ശക്തമായ നിലപാടെടുത്തതിനെ തുടർന്നു അഴിമതി അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി യൂണിയൻ സർക്കാർ ഡി എം കെ ഗവണ്മെന്റിനെ പുറത്താക്കി. 1977- ൽ നടന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനം ചതുഷ്കോണ മത്സരത്തിന് സാക്ഷ്യം വഹിച്ചു. എ ഡി എം കെ, ഡി എം കെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ജനതാ പാർട്ടി എന്നിവയുടെ നേതൃത്വത്തിലുള്ള മുന്നണികൾ ഏറ്റുമുട്ടിയപ്പോൾ 198 ഇടങ്ങളിൽ മത്സരിച്ച് 27 സീറ്റുകൾ നേടാനേ കോൺഗ്രസിന് കഴിഞ്ഞുള്ളൂ. എം ജി ആർ നേതൃത്വത്തിലുള്ള ആദ്യ എ ഐ എ ഡി എം കെ സർക്കാർ നിലവിൽ വന്നു. എന്നാൽ ആ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ, സി പി ഐ , മുസ്ലിം ലീഗ് സഖ്യത്തോടൊപ്പം ചേർന്നു മത്സരിച്ച കോൺഗ്രസിന് 14 സീറ്റുകൾ നേടാനായി. സഖ്യം 39 -ൽ 34 സീറ്റ് നേടി.

80 -കളിൽ ഡി എം കെയോടും എ ഐ എ ഡി എം കെയോടും സാഹചര്യത്തിനൊത്ത് മുന്നണി രൂപീകരിച്ച് കോൺഗ്രസ് മത്സരിച്ചു. 1980 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെട്ട ഡി എം കെ മുന്നണിയാണ് വിജയിച്ചതെങ്കിൽ, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എ ഐ എ ഡി എം കെ മുന്നണിയ്ക്ക് അനുകൂലമായിരുന്നു. 84 -ൽ എം ജി ആറിനോടൊപ്പം കൂട്ടുചേർന്നാണ് കോൺഗ്രസ് മത്സരിച്ചത്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വവും എം ജി ആറിന്റെ മോശമായ ആരോഗ്യനിലയും ഉണ്ടാക്കിയ സഹതാപതരംഗം മുന്നണിക്ക് വൻ വിജയം സമ്മാനിച്ചു. 1987 -ൽ എം ജി ആർ മരിച്ചപ്പോൾ ജാനകിപക്ഷത്തേക്കോ ജയലളിത പക്ഷത്തേക്കോ ചായാൻ ജി. കെ. മൂപ്പനാരുടെ നേതൃത്വത്തിലുള്ള സംസ്ഥാന കോൺഗ്രസ് തയ്യാറായില്ല. 1989 -ൽ നടന്ന തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച കോൺഗ്രസിന് 26 സീറ്റ് നേടാനായി.
വരുന്നു, മൂപ്പനാരുടെ
തമിഴ് മാനില കോൺഗ്രസ്
1987-ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് ഇന്ത്യൻ സമാധാന സേനയെ അയച്ചത് തമിഴ് ജനതക്കിടയിൽ അമർഷമുണ്ടാക്കി. ശ്രീലങ്കൻ സർക്കാരിന് ഇന്ത്യാ ഗവണ്മെന്റ് നൽകിയ പിന്തുണ തമിഴ്‌നാട്ടിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി. ഇതിനിടെ, ജാനകിപക്ഷം കീഴടങ്ങിയതോടെ ജയലളിതയുടെ നേതൃത്വത്തിൽ എ ഐ എ ഡി എം കെയിൽ ഇരുവിഭാഗങ്ങളും ഐക്യപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി. കോൺഗ്രസ് വീണ്ടും എ ഐ എ ഡി എം കെ യ്ക്കൊപ്പം ചേർന്നു. 1989- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം 39 -ൽ 38 മണ്ഡലങ്ങളും കൈവശമാക്കി. കോൺഗ്രസ് 27 ഇടങ്ങളിൽ വിജയിച്ചു.
1991- ൽ കോൺഗ്രസ് സ്ഥാനാർഥി മരഗതം ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശ്രീപെരുമ്പത്തൂരിലെത്തിയ രാജീവ് ഗാന്ധി എൽ ടി ടി ഇ യുടെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. രാജീവ് വധം ഉണ്ടാക്കിയ സഹതാപഅലയിൽ കോൺഗ്രസ് ഉൾപ്പെട്ട എ ഐ എ ഡി എം കെ മുന്നണി വിജയിച്ചു.
അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജയലളിതയുടെ പ്രതിച്ഛായ മങ്ങിയ 1996 -ലെ തിരഞ്ഞെടുപ്പിൽ, എ ഐ എ ഡി എം കെ സഖ്യത്തിൽ നിന്ന് വിട്ട് ഡി എം കെ മുന്നണിയിൽ ചേർന്നോ ഒറ്റയ്ക്കോ മത്സരിക്കണമെന്ന മൂപ്പനാരുടെ അധ്യക്ഷതയിലുള്ള സംസ്ഥാന ഘടകത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരസിംഹ റാവു തള്ളി. ഇതേത്തുടർന്നാണ് കോൺഗ്രസ് വിട്ട ജി. കെ. മൂപ്പനാർ തമിഴ് മാനില കോൺഗ്രസ് രൂപീകരിച്ച് ഡി എം കെയുമായി സഖ്യം ആരംഭിക്കുന്നത്. പി. ചിദംബരവും മൂപ്പനാരുടെ കൂടെ ചേർന്നു. ഈ തിരഞ്ഞെടുപ്പിൽ ഡി എം കെ സഖ്യം വൻ വിജയം നേടി. സഖ്യത്തിൽ പ്രധാനകക്ഷിയായ ടി എം സി ക്ക് 39 സീറ്റുകൾ ലഭിച്ചു. കുമാരി അനന്തന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സമ്പൂർണ്ണ പരാജയമായി. എ ഡി എം കെ നിർണ്ണായക വിജയം നേടിയ 98 - ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് അടിതെറ്റിവീണു.

2001 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ മുന്നണി ജയിച്ചു. 1999 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരംഭിച്ച ഡി എം കെ- ബി ജെ പി സഖ്യത്തിന്റേയും, ജി.കെ. മൂപ്പനാരുടെ മരണത്തെ തുടർന്ന് ടി എം സിയിലുണ്ടായ അനിശ്ചിതത്വത്തിന്റെയും പശ്ചാത്തലത്തിൽ, പി ചിദംബരത്തെയും ജി കെ മൂപ്പനാരുടെ മകൻ ജി കെ വാസനെയും ഉൾപ്പെടെയുള്ള നേതാക്കളെ കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കോൺഗ്രസ് നടത്തി. ഇതിന്റെ ഫലമായി 2002- ൽ ടി എം സി കോൺഗ്രിസിൽ ലയിച്ചു.
ഡി എം കെ മുന്നണിബന്ധവും
വിച്ഛേദവും
2004 -ലെ പൊതുതിരഞ്ഞെടുപ്പോടെ വലിയൊരു രാഷ്ട്രീയമാറ്റത്തിന് തമിഴ്നാട് വിധേയമായി. ഡി എം കെ, പി എം കെ, എം ഡി എം കെ എന്നീ കക്ഷികൾ എൻ ഡി എ ഉപേക്ഷിച്ച് കോൺഗ്രസുമായി സഖ്യമുണ്ടാക്കി. ജനാധിപത്യ പുരോഗമന മുന്നണി (DPA) എന്ന ഈ സഖ്യം 2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും മുഴുവൻ സീറ്റും നേടി. ഡി എം കെ മുന്നണിയുമായുള്ള കോൺഗ്രസ് ബന്ധം 2013 മാർച്ച് വരെ നീണ്ടു. 2006- ൽ കോൺഗ്രസ് പിന്തുണയോടെയാണ് ഡി എം കെയുടെ ന്യൂനപക്ഷ സർക്കാർ നിലനിന്നത്. 96 സീറ്റു മാത്രമുണ്ടായിരുന്ന ഡി എം കെയ്ക്ക് കേവല ഭൂരിപക്ഷത്തിനു (34 അംഗ) കോൺഗ്രസ് സാമാജികരുടെ പിന്തുണ ആവശ്യമായിരുന്നു. 2009- ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച 8 സീറ്റുകൾ ഉൾപ്പെടെ 27 മണ്ഡലങ്ങളിൽ സഖ്യം വിജയിച്ചു.
ദ്രാവിഡ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്ന തമിഴ്‍ ദേശീയ വാദത്തോടും ഹിന്ദി വിരുദ്ധ സമരങ്ങളോടും ശ്രീലങ്കൻ തമിഴ്‍ പ്രശ്നങ്ങളോടും ദേശീയതലത്തിൽ പാർട്ടി എടുത്ത നിലപാടുകളിൽനിന്നുകൊണ്ട് പ്രതിരോധിക്കേണ്ടിവന്നതിന്റെ മുറിപ്പാടുകളാണ് തമിഴ്നാട്ടിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് പ്രധാന തടസ്സമായത്
2011- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ മുന്നണിയോട്, സഖ്യം വലിയ തോൽവി ഏറ്റുവാങ്ങി. മത്സരിച്ച 63 സീറ്റിൽ 5 എണ്ണത്തിൽ മാത്രമേ കോൺഗ്രസിന് വിജയിക്കാനായുള്ളൂ. ശ്രീലങ്കയിൽ തമിഴ് വംശജർക്കുനേരെ നടക്കുന്ന അതിക്രമങ്ങളോടുള്ള കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് യു പി എ സഖ്യവുമായുള്ള ബന്ധം 2013 - ഓടെ ഡി എം കെ വിച്ഛേദിച്ചു. തമിഴ് വൈകാരികത നിലനിൽക്കുന്ന അന്തരീക്ഷത്തിൽ മറ്റു മുഖ്യ കക്ഷികളും കോൺഗ്രസിനോട് വിമുഖത കാണിച്ചു. ഈ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച 39 സീറ്റുകളിലും പരാജയപ്പെട്ട കോൺഗ്രസിന് പല മണ്ഡലങ്ങളിലും കെട്ടിവെച്ച കാശ് പോലും തിരിച്ചു കിട്ടിയില്ല. എ ഐ എ ഡി എം കെ -ബി ജെ പി സഖ്യം മുഴുവൻ സീറ്റും പിടിച്ചടക്കി.
വീണ്ടും മുന്നണി ബന്ധത്തിലേക്ക്
2016- ലെ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് ഡി എം കെ മുന്നണിയിൽ വീണ്ടും ഇടം കണ്ടെത്തി. എ ഐ എ ഡി എം കെ അധികാരം നിലനിർത്തി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 63 സീറ്റ് ആവശ്യപ്പെട്ടെങ്കിലും 41 സീറ്റ് മാത്രമേ ഡി എം കെ സഖ്യത്തിൽ അനുവദിക്കപ്പെട്ടുള്ളൂ. ഇതിൽ 8 സീറ്റിൽ വിജയിച്ചു.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളിൽ 38 എണ്ണവും നേടി സഖ്യം വൻ വിജയം നേടി. മത്സരിച്ച ഒമ്പതിൽ ഒന്നൊഴികെ എട്ടും കോൺഗ്രസിനോടൊപ്പം നിന്നു.

2021 -ൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി എം കെ സർക്കാർ ഭരണത്തിലേറി. ജയലളിതയുടെയും കരുണാനിധിയുടെയും മരണശേഷം നടന്ന ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പായിരുന്നു അത്. 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 18 എണ്ണം നേടി. ഈറോഡ് ഈസ്റ്റിൽ മത്സരിച്ച് ജയിച്ച ഇ.വി.കെ. എസ്. ഇളങ്കോവന്റെ മരണത്തിനുശേഷം മകൻ തിരുമകൻ ഈവേറാ അതെ മണ്ഡലത്തിൽ നിന്നു ജയിച്ചുവന്നെങ്കിലും താമസിയാതെ അദ്ദേഹവും മരിച്ചതിനാൽ കോൺഗ്രസ് അംഗസംഖ്യ 17 ആണ്.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഡി എം കെയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി കോൺഗ്രസ് തുടർന്നു. സഖ്യം തുടർച്ചയായ രണ്ടാം തവണയും തൂത്തുവാരി, 39 സീറ്റും നേടി, മത്സരിച്ച ഒമ്പതിലും കോൺഗ്രസ് ജയിച്ചു.
കോൺഗ്രസിന്റെ
പതനകാരണങ്ങൾ
ദ്രാവിഡ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്ന തമിഴ്‍ ദേശീയ വാദത്തോടും ഹിന്ദി വിരുദ്ധ സമരങ്ങളോടും ശ്രീലങ്കൻ തമിഴ്‍ പ്രശ്നങ്ങളോടും ദേശീയ തലത്തിൽ പാർട്ടി എടുത്ത നിലപാടുകളിൽനിന്നുകൊണ്ട് പ്രതിരോധിക്കേണ്ടി വന്നതിന്റെ മുറിപ്പാടുകളാണ് തമിഴ്നാട്ടിൽ കോൺഗ്രസിന്റെ വളർച്ചയ്ക്ക് പ്രധാന തടസ്സമായത്. അവയാകട്ടെ, തമിഴ്‍ ജനതയുടെ പൊതുവികാരങ്ങൾക്ക് പലപ്പോഴും ദഹിക്കാനാവാത്തതുമായിരുന്നു.
കാമരാജിനുശേഷം നേതൃശേഷിയുള്ള നേതാവിനെ വളർത്തികൊണ്ടുവരാനാവാത്തതും ദേശീയ നേതൃത്വത്തിന്റെ അനാവശ്യ ഇടപെടലുകളും സംസ്ഥാന നേതാക്കളുടെ ചേരിപ്പോരും അനുയായികൾ തമ്മിലുള്ള പരസ്യ ഏറ്റുമുട്ടലുകളും കോൺഗ്രസിന്റെ പ്രതിച്ഛായ നശിപ്പിച്ചു. പല കാലങ്ങളിലായി നേതാക്കൾ പാർട്ടിവിട്ടു പോകുകയും തിരിച്ചുവന്ന് ലയിക്കുകയും ചെയ്തതുപോലുള്ള അവസരവാദ നിലപാടുകൾ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മാറ്റ് കുറച്ചു. രാജാജി മുതൽ മുതിർന്ന നേതാക്കൾ ഉദാഹരണങ്ങളാണ്.
കാമരാജിന്റെ സംഘടനാ കോൺഗ്രസ്, വാഴപ്പാടി കെ. രാമമൂർത്തിയുടെ തമിഴക രാജീവ് കോൺഗ്രസ്, മൂപ്പനാരുടെ തമിഴ് മാനില കോൺഗ്രസ്, ശിവാജി ഗണേശന്റെ തമിഴക മുന്നേറ്റ മുന്നണി, ജി.കെ. വാസന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട, ഇപ്പോൾ ബി ജെ പി സഖ്യത്തിലുള്ള ടി എം സി തുടങ്ങിയവ ഇത്തരത്തിൽ വിട്ടുപോയതും തിരിച്ചുവന്നതുമായ വിമത സംഘടനകളാണ്. ഇതൊക്കെ കാലാകാലങ്ങളിൽ കോൺഗ്രസിന്റെ കരുത്ത് കുറയ്ക്കുന്നതിൽ ചെറു പങ്ക് വഹിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് സഖ്യം
ടി എൻ സി സി അധ്യക്ഷൻ ദലിത് വിഭാഗത്തിൽ നിന്നുള്ള സെൽവപെരുന്തകൈ ആണ്. സംഘടനാ പരിഷ്കരണം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന നേതൃത്വം നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെങ്കിലും ഗ്രൂപ്പ് വഴക്കുകൾ വിഘാതമായി നിൽക്കുന്നു. വിജയ് യുടെ തമിഴ് വെട്രി കഴകത്തിന്റെ സ്വാധീനശേഷി മനസ്സിലാക്കി, ഡി എം കെ വിട്ട്, ആ പാർട്ടിയുമായി സഖ്യം ചേരാൻ കോൺഗ്രസ് ആലോചിക്കുന്നതായി അഭിപ്രായങ്ങളും അഭ്യൂഹങ്ങളുമുണ്ടെങ്കിലും നിലവിലുള്ള മുന്നണിയിൽ ശക്തമായി തുടരുമെന്നാണ് ഔദ്യോഗിക ഭാഷ്യം.
മറ്റു രാഷ്ട്രീയ മാറ്റങ്ങൾ ഒന്നും സംഭവിക്കാത്ത പക്ഷം ഡി എം കെ നേതൃത്വത്തിലുള്ള മുന്നണിസംവിധാനത്തിൽ തന്നെ കോൺഗ്രസ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും.
