ഫാഷിസ്റ്റ് അധികാരശക്തികളായ ആർ.എസ്.എസ് ബി.ജെ.പി സർക്കാരിനെതിരായി അനിവാര്യമായും ഉണ്ടാകേണ്ട പ്രതിപക്ഷ ഐക്യത്തെ മുൻനിർത്തിയാണ് ഇന്ത്യാ ബ്ലോക്ക് രൂപംകൊണ്ടതും ഇന്ത്യയിലെ 21 മതനിരപേക്ഷ പാർട്ടികൾ ഒന്നിച്ചതും. രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യ മതനിരപേക്ഷ സംവിധാനങ്ങൾക്കുമെതിരായി ഹിന്ദുത്വശക്തികൾ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനാവശ്യമായ വിശാലമായ ഐക്യമുന്നണിയാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നത്. പ്രതിപക്ഷ വോട്ടുകളുടെ ഭിന്നിപ്പാണ് മതനിരപേക്ഷ പാർട്ടികൾക്കും സാമൂഹ്യനീതി പ്രസ്ഥാനങ്ങൾക്കും സ്വാധീനമുള്ള പല സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അധികാരത്തിലെത്താൻ സഹായകരമായിട്ടുള്ളത്.
പ്രതിപക്ഷത്തെ അനൈക്യവും സ്വരചേർച്ചയില്ലായ്മയുമാണ് രാജ്യത്തിന്റെ മതനിരപേക്ഷ സാമൂഹ്യഘടനയെതന്നെ തകർക്കുന്ന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പുകളിൽ ജയിക്കാനും പല സംസ്ഥാനങ്ങളിലും അധികാരത്തിൽ തുടരാനും അവസരമാകുന്നത്. ഈ കാര്യം പ്രതിപക്ഷപാർടികളും അവർക്ക് നേതൃത്വം നൽകേണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസും അതീവഗൗരവത്തോടെ തന്നെ കാണേണ്ടതാണ്. ഈയൊരു ആലോചന ഇപ്പോൾ പ്രസക്തമായിരിക്കുന്നത് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന മേധാവിത്വബോധത്തിന്റെയും അനാവശ്യമായ പിടിവാശിയുടെയും പശ്ചാത്തലത്തിലാണ്.
അടുത്തവർഷം നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധിയെ നിർണ്ണയിക്കുന്നതിൽ പ്രധാനമാണ് എന്ന കാര്യം കോൺഗ്രസ് നേതൃത്വം വേണ്ടത്ര ഗൗരവത്തോടെയും രാഷ്ട്രീയമായ ഉത്തരവാദിത്വബോധത്തോടെയും കാണുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. പലയിടത്തും നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കൂട്ടായ്മകൾക്ക് യഥാസമയം സീറ്റ് ധാരണ ഉണ്ടാക്കാൻ കഴിയാത്തതും അവസാനഘട്ടം വരെ സൗഹൃദ മത്സരം തുടരുന്നതും ബി.ജെ.പിക്ക് കാര്യങ്ങളെ എളുപ്പമാക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ പാർടികൾക്ക് വലിയ സ്വാധീനമുള്ള ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലും നേരത്തെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ പ്രതിപക്ഷ ഐക്യമില്ലായ്മയാണ് ബി.ജെ.പിക്ക് പലപ്പോഴും സഹായകരമായത്.
പ്രതിപക്ഷത്തെ നയിക്കാൻ ബാധ്യസ്ഥമായ കോൺഗ്രസ് പാർട്ടിക്ക് പലപ്പോഴും നിലവിലുള്ള യാഥാർത്ഥ്യത്തെ മനസ്സിലാക്കിക്കൊണ്ടുള്ള പക്വമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നുള്ളതാണ് ഖേദകരമായ വസ്തുത. ഡൽഹിയിലും ഹരിയാനയിലും കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട് ബി.ജെ.പി ജയിച്ചാലും ആം ആദ്മി പാർട്ടിയെ അധികാരത്തിൽ വരാൻ അനുവദിക്കരുത് എന്ന അങ്ങേയറ്റം അപകടകരമായ നിലപാടായിരുന്നു. ഇപ്പോൾ യു.പിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ അതിരുവിട്ട അവകാശവാദങ്ങളും വാശിയും കാണിക്കുന്ന കോൺഗ്രസ് നേതൃത്വം ബി.ജെ.പിക്ക് എതിരായി ഉണ്ടാവേണ്ട മതനിരപേക്ഷ കക്ഷികളുടെയും സാമൂഹ്യനീതി പ്രസ്ഥാനങ്ങളുടെയും ഐക്യത്തെ കയ്യൊഴിയുകയാണെന്നുവേണം കാണാൻ.

യു.പി ഉൾപ്പെടെ കോൺഗ്രസിനെ നയിക്കുന്ന പല നേതാക്കളും ഇപ്പോഴും ഹിന്ദുത്വം മുന്നോട്ടുവെക്കുന്ന മുൻവിധികളോടുകൂടിയ മുസ്ലീം വിരുദ്ധവും പിന്നാക്ക ദലിത് വിരുദ്ധവുമായ പൊതുബോധം പങ്കുവെക്കുന്നവരാണ്. സ്വാതന്ത്ര്യസമരകാലത്തെ ദ്വിരാഷ്ട്രവാദവും അധികാരക്കൈമാറ്റത്തോടൊപ്പം നടന്ന ഇന്ത്യാ വിഭജനവും അതിനെതുടർന്നുണ്ടായ നിർഭാഗ്യകരമായ നരഹത്യകളും ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ദേശീയതയ്ക്കും അഗാധമായ മുറിവുകളാണുണ്ടാക്കിയത്. മതരാഷ്ട്രവാദത്തെ അതിശക്തമായി എതിർത്ത ജവഹർലാൽ നെഹ്റുവിനെ പോലും നിരാകരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയം കോൺഗ്രസിലെ പല നേതാക്കളെയും സ്വാധീനിച്ചിരുന്നു. 2014-ൽ ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷവും മുമ്പും യു.പിയിലെ പ്രമുഖരായ കോൺഗ്രസ് നേതാക്കളെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ പോകുന്നില്ല.
കോൺഗ്രസ് നേതൃത്വം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പി സമാജ്വാദി പാർടിയുമായി ഉണ്ടാക്കിയ മാന്യമായ ധാരണയും സാമൂഹ്യപ്രസ്ഥാനങ്ങളെ കൂടെനിർത്താൻ നടത്തിയ ഇടപെടലുകളും നല്ല ഫലം ചെയ്തിരുന്നുവെന്ന് വിസ്മരിച്ചുകളയരുത്. മുഖ്യ പ്രതിപക്ഷപാർട്ടികളുടെ ഐക്യവും ന്യൂനപക്ഷ പിന്നാക്ക ദലിത് ഏകോപനവുമെല്ലാം ബി.ജെ.പിക്ക് ശക്തമായ പ്രഹരമേൽപ്പിക്കാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.പിയിൽ കഴിഞ്ഞു. 80 ലോക്സഭാ സീറ്റുകളിൽ 43 സീറ്റുകളിലും ഇന്ത്യാ ബ്ലോക്ക് വിജയിച്ചു. സമാജ്വാദി പാർട്ടിക്ക് 37-ഉം കോൺഗ്രസിന് ആറ് സീറ്റുകളും നേടാൻ കഴിഞ്ഞു. എന്നാൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ സമാജ്വാദി പാർട്ടിയുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല.
യു.പി പോലുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന സ്വാധീനവും വളരെ പ്രധാനമാണ്. യു.പിയിലെ തെരഞ്ഞെടുപ്പ് വിജയം സംഘപരിവാർ ഭരണത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള അത്യന്തം പ്രധാനമായ രാഷ്ട്രീയ നീക്കമായിരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ചിന്തിക്കുന്നില്ല. വേണ്ടത്ര രാഷ്ട്രീയപക്വതയോടെ ഇടപെടലുകൾ നടത്താൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നുമില്ല. യു.പിയിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് 181 സീറ്റ് വേണമെന്നാണ് സമാജ്വാദി പാർട്ടിയോട് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ ജനസ്വാധീനത്തെ സംബന്ധിച്ച അവരുടെ മിഥ്യാധാരണകളിൽ നിന്നാണ് ഇത്തരം വിലപേശലുകൾക്ക് നേതാക്കന്മാർ മുതിരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 399 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് കിട്ടിയത് 2.33% വോട്ടുകൾ മാത്രമാണ്. രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. എന്നാൽ കോൺഗ്രസും എസ്.പിയും മാന്യമായ ധാരണയിൽ മത്സരിച്ച 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്കിന് 43.2% വോട്ടാണ് ലഭിച്ചത്. ഇതിൽ നിന്നുതന്നെ കോൺഗ്രസിന്റെ വോട്ടുവിഹിതം എത്രയാണെന്നും എത്ര ദുർബലമാണ് കോൺഗ്രസ് എന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇടക്കാലത്ത് നടന്ന യു.പിയിലെ എം.എൽ.സി തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും കോൺഗ്രസിന് ലഭിച്ചിട്ടില്ല. 11 ൽ 6 സീറ്റ് ബി.ജെ.പിക്കും 5 സീറ്റ് സമാജ്വാദി പാർടിക്കുമാണ് കിട്ടിയത്. സ്വന്തം ജനസ്വാധീനത്തെയും സംഘടനാപരമായ ദൗർബല്യത്തെയും മനസ്സിലാക്കാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർടിയോട് 181 സീറ്റുകൾ ആവശ്യപ്പെടുന്നതും വാശിപിടിക്കുന്നതും ഫലത്തിൽ പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുന്ന നീക്കമാണ്. അത് തീർച്ചയായിട്ടും യോഗി ആദിത്യനാഥിന് സഹായകരമായ നിലപാടാണെന്ന് കോൺഗ്രസ് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്.

2025-ലെ ബീഹാർ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്തിട്ടുള്ള ഒട്ടുമിക്ക നിരീക്ഷകരും കോൺഗ്രസിന്റെ നിലപാടാണ് മഹാസഖ്യത്തിന് തിരിച്ചടിയായതെന്ന് വിലയിരുത്തിയിട്ടുണ്ട്. ബീഹാറിൽ ജെ.ഡി.യു-ബി.ജെ.പി ഭരണത്തിനെതിരായ ജനവികാരത്തെ ഏകോപിപ്പിക്കാൻ കോൺഗ്രസിന്റെ യാഥാർത്ഥ്യബോധമില്ലാത്ത ഇടപെടലുകളും അവകാശവാദവും പ്രധാനപ്പെട്ട പങ്കുവഹിച്ചു. ആർ.ജെ.ഡിയോടും ഇടതുപക്ഷപാർട്ടികളോടും കോൺഗ്രസ് എടുത്ത നിലപാടാണ് മഹാസഖ്യത്തെ ദുർബലമാക്കിയതും തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതും. ബീഹാറിൽ സ്വന്തം ശേഷിക്കപ്പുറത്ത് സീറ്റുകൾ ആവശ്യപ്പെടുകയും മഹാസഖ്യത്തിലെ ഘടകകക്ഷികൾക്ക് നീക്കിവെച്ചിരുന്ന സീറ്റുകളിൽപോലും കോൺഗ്രസ് മത്സരിക്കുകയും ചെയ്തു. ഘടകകക്ഷികളുമായി നിരന്തരം കലഹിച്ച കോൺഗ്രസ് തങ്ങൾക്ക് അനുവദിച്ച സീറ്റുകളിൽ ശക്തമായ മത്സരംപോലും കാഴ്ചവെക്കാൻ ശ്രമിച്ചതുമില്ല.
ഈയൊരു ശൈഥില്യത്തെയും കോൺഗ്രസിന്റെ മേധാവിത്വബോധത്തെയും ഉപയോഗപ്പെടുത്തിയാണ് എൻ.ഡി.എ ബീഹാറിൽ ഭരണം നിലനിർത്തിയത്. മഹാരാഷ്ട്ര നിയസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് ഇതേ രീതിയായിരുന്നു. യഥാർത്ഥത്തിൽ ഡൽഹിയിലും ഹരിയാനയിലും ഇന്ത്യ ബ്ലോക്കിനെ തകർക്കുന്ന തരത്തിൽ ഒറ്റയ്ക്കു മത്സരിച്ച കോൺഗ്രസ് ബി.ജെ.പിക്ക് അധികാരത്തിൽ വരാൻ സുവർണാവസരം സൃഷ്ടിച്ചുകൊടുക്കുകയായിരുന്നു. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വം വേണ്ടത്ര ഗൗരവത്തിൽ കാണുന്നുണ്ടോയെന്ന് സംശയമാണ്. യു.പിയിൽ വീണ്ടും ബി.ജെ.പി അധികാരത്തിൽ വന്നാൽ രാജ്യസഭയിൽ ബി.ജെ.പിക്ക് ഒറ്റക്കക്ഷിയെന്ന നിലയിൽ തന്നെ കേവലഭൂരിപക്ഷം നേടാൻ കഴിയും.

ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കാൻ അവസരം കാത്തിരിക്കുന്ന ബി.ജെ.പിക്ക് രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുക്കുന്ന വിവേകരഹിതമായ നീക്കമാണ് കോൺഗ്രസ് നേതൃത്വം യു.പി തെരഞ്ഞെടുപ്പിൽ അതിരുകവിഞ്ഞ അവകാശവാദമുന്നയിച്ച് പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുകവഴി ചെയ്യുന്നെതന്ന് അവരോർക്കണം. ഇവിടെ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറന്തള്ളാനുള്ള യാഥാർത്ഥ്യബോധത്തോടെയുള്ള നിലപാടുകൾ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യാബ്ലോക്കിനെ നയിക്കുന്ന മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ കോൺഗ്രസ് സ്വീകരിക്കേണ്ടതുണ്ട്. അതായത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ സഹായകരമായ യാഥാർത്ഥ്യബോധത്തോടെയുള്ള നിലപാടാണ് കോൺഗ്രസ് യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ടത്. അത് ഇന്ത്യയിൽ ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്തുന്നതിന് വേണ്ടിയുള്ള നിർണ്ണായകമായ ആവശ്യവും അനിവാര്യതയുമാണെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്.

