‘‘Whatever guilt of the Left, the resulting attitude of theoretical and political flippancy is doing a lot of damage. While it would be incorrect to attribute the exploitation of horizontal frustrations by HIndutva in its entirety to the failure of the Left to build a unity of the suppressed people that is both solid and sensitive to the dispersed and multi-layered nature of hierarchies and domination in society, it is nevertheless necessary to realize that unless such a unity is honestly sought and successfully built, of the fight against HIndutva will not be complete, not only because the fight requires large numbers but also because insensitivity on this score will leave open an important area of frustration in society to be explored by the promise of order and stability that Hindutva so ably makes thereby creating a seemingly popular base for itself. The rest of its appeal is of straightforward fascist character that needs no new philosophical analysis’’.
(Understanding Fascism, writings on Caste, Class and the State, K. Balagopal, curated by V Geeta, Southside books, 2023)
▮
ഫ്രാൻസിസ് ഫുകുയാമ പ്രവചിച്ച ചരിത്രത്തിന്റെ അന്ത്യമെന്നത് ലിബറൽ ജനാധിപത്യം തന്നെ ഫാഷിസമായി പരിണമിക്കുമെന്ന ദുർഗതിയായാണ് ഭവിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ലിബറൽ മുതലാളിത്തമാണ് അന്തിമ രാഷ്ട്രീയ വ്യവസ്ഥയെന്നാണ് വിലയിരുത്തപ്പെട്ടത്. സമീപകാലത്ത് ഫുകുയാമ തന്റെ തീസിസിന് ഭേദഗതി വരുത്തിയിരുന്നു. ആദ്യ തവണ ട്രംപ് അധികാരത്തിൽ വന്നതോടെയായിരുന്നു ഇത്. ലിബറൽ ജനാധിപത്യം കഴിഞ്ഞ രണ്ടു ദശകങ്ങളിൽ വലിയ വെല്ലുവിളി നേരിടുകയാണ്, പലയിടത്തും അന്ത്യശ്വാസം വലിക്കുന്ന സ്ഥിതിയുമാണ്. ലിബറൽ ജനാധിപത്യത്തിന്റെ മൂലക്കല്ലായ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ സ്വയം അപനിഗൂഢവൽക്കരിക്കപ്പെടുന്ന (demystify) വിധത്തിൽ പണവും മസ്സിൽ പവറുമായുള്ള അഭേദ്യബന്ധം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. സിവിൽ സമൂഹത്തിനെക്കുറിച്ചുള്ള ആദർശാത്മകമായ ലിബറൽ കാഴ്ചപ്പാടും തകർന്നിരിക്കുന്നു.
ലിബറൽ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് പലവിധ മാനിപുലേഷനും വിധേയമാണെന്ന വസ്തുതയാണ് പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന കോർപറേറ്റ് സമ്പത്തിക പിന്തുണ, മാധ്യമങ്ങൾ വഴിയുള്ള ജനതയുടെ മാനസിക പ്രക്ഷാളനം, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾ ഉപയുക്തമാക്കുന്ന മസ്സിൽ പവർ, ഇതിനുപുറമെ തെരഞ്ഞെടുപ്പ് വിധിയുടെ പ്രതിനിധാനപരമായ സ്വഭാവത്തെ അട്ടിമറിക്കുന്ന, പണവും അധികാരവും ഉപയോഗിച്ചുള്ള സർക്കാരുകളുടെ രൂപീകരണം. പ്രതിനിധാന ജനാധിപത്യം ഇത്രമേൽ വെല്ലുവിളികൾ നേരിട്ട കാലമില്ല. തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയ്ക്കാണ് ഭംഗം വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പുകളുടെ വിധിയെ സ്വാധീനിക്കുന്ന വിദേശ ഇടപെടലിക്കുറിച്ചാണ് യു എസ് തെരഞ്ഞെടുപ്പ് വേളയിൽ രണ്ടു പ്രധാന കക്ഷികളുടെ സ്ഥാനാർത്ഥികളും പരസ്പരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നത്.

സ്വച്ഛന്ദമായ സിവിൽ സമൂഹം എന്ന സങ്കൽപനവും തകർന്നു തരിപ്പണമായി. മാധ്യമങ്ങൾ ഉൾപ്പെടെ സിവിൽ സമൂഹത്തിന്റെ ഭാഗമായ സ്ഥാപനങ്ങൾ കോർപറേറ്റുകളും വലതുപക്ഷ ശക്തികളും കൈയേറിയിരിക്കുന്നു. സമൂഹ മാധ്യമങ്ങൾ വലതുപക്ഷ വിദ്വേഷ പ്രചാരണത്തിന്റെ ആലയങ്ങളായി മാറി. സ്വതന്ത്ര ഭാഷണം വലതുപക്ഷത്തിന്റെ ഉപകരണമായി. അവർക്ക് വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപാധിയായി അത് മാറി. വിമത ഭാഷണത്തെ നേരിടാൻ നിയമസംവിധാനത്തെയും അധികാരശക്തിയെയും ഒരേപോലെ ഉപയോഗിക്കാനുള്ള കരവിരുത് വലതുപക്ഷം നേടിക്കഴിഞ്ഞിരിക്കുന്നു. സിവിൽ സമൂഹം ചിതറിക്കപ്പെട്ടിരിക്കുന്നു. ബ്ലാക്ക് ലൈവ്‌സ് മാറ്റർ (BLM) പ്രസ്ഥാനത്തോടും ദലിത് സാമൂഹിക പ്രസ്ഥാനങ്ങളോടും പൊതുസമൂഹം സ്വീകരിച്ചിരിക്കുന്ന സമീപനം ഒന്നുകിൽ നിസ്സംഗത അല്ലെങ്കിൽ നിഷേധാത്മകതയാണ്.
സ്വാർത്ഥമധ്യവർഗം സിവിൽ സമൂഹത്തെ കൈയടക്കിവെച്ചിരിക്കുന്നു. അവസരവാദപരമായ നിലപാടുകൾ പെറ്റിബൂർഷ്വാസിയുടെ ലോകൈക യാഥാർഥ്യമാണ്. ആശാ വർക്കർമാരുടെ സമരത്തോടുള്ള സംഘടിത മധ്യവർഗ ജീവനക്കാരുടെ സമീപനം ഇതുതന്നെയാണ് തുറന്നുകാണിക്കുന്നത്. സ്വന്തം നിലനിൽപ് അപകടത്തിലാകുമ്പോൾ മാത്രം പൊതുസമൂഹം എന്ന സങ്കൽപനത്തെ പുൽകുന്ന മധ്യവർഗം പ്രളയസമയത്തും കോവിഡ് പടർന്നിരുന്ന വേളയിലും പ്രദർശിപ്പിച്ച സാമൂഹിക ഐക്യദാർഢ്യം ആവശ്യം കഴിഞ്ഞതോടെ ഉപേക്ഷിക്കുന്ന യാഥാർഥ്യമാണ് കണ്ടത്.
ഇന്ത്യൻ യാഥാർഥ്യത്തെ മനസ്സിലാക്കാനും പഠിക്കാനും വളരെ പിറകിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ.
ആക്രമണത്തിന്റെ സംസ്കാരം സമൂഹത്തിൽ വ്യാപകമാവുകയാണ്. ജനാധിപത്യ ഘടനകൾ ദുർബലമായിരിക്കുന്നു. പ്രതികരിക്കുന്നവർ ഒറ്റപ്പെടുന്ന സ്ഥിതിവിശേഷമാണ്. നിശ്ശബ്ദമായിരിക്കുക ഏറ്റവും എളുപ്പമാർഗമായി. സാമൂഹിക അടിച്ചമർത്തലും വംശീയതയും സാധാരണീകരിക്കപ്പെട്ടിരിക്കുന്നു. വലതുപക്ഷവൽക്കരണം സാമൂഹികമായ ഐക്യങ്ങളെ ദുർബലപ്പെടുത്തുകയും സമുദായങ്ങൾ തമ്മിലുള്ള ഗാഢബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുകയും ചെയ്തിരിക്കുന്നു. ഇതിനൊക്കെ മുന്നോടിയായി സെക്യുലർ ക്ഷേമരാഷ്ട്രം എന്ന രാഷ്ട്രീയവ്യവസ്ഥ എപ്പോഴേ അപ്രത്യക്ഷമായി. അസമത്വം പെരുകുകയും സമ്പന്നർ കൂടുതൽ സമ്പന്നരാവുകയും ദരിദ്രർ കൂടുതൽ ദരിദ്രരാവുകയും ചെയ്തിരിക്കുന്നു.
നവലിബറൽ ജീവിതവ്യവസ്ഥ സൃഷ്ടിച്ച സാമൂഹിക ആഘാതം തീർത്തും നിരാലംബരായ ജനവിഭാഗങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. കഷ്ടിച്ചും ക്ലേശിച്ചും അതീജീവിക്കുന്ന ജനവിഭാഗം. സാധാരണഗതിയിൽ അദൃശ്യവൽക്കരിക്കപ്പെട്ട ഈ ജനസമൂഹത്തെയാണ് ആശാ വർക്കർ സമരം ദൃശ്യപ്പെടുത്തിയത്. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്ക്കരണം യഥാർത്ഥത്തിൽ കീഴാള സമൂഹത്തിനു ഗുണകരമായിരുന്നില്ലെന്നും ഭൂമിയുടെ അഭാവം അവരെ കൂടുതൽ അന്യവൽക്കരിച്ചുവെന്നതുമായ യാഥാർഥ്യമാണ് ആദിവാസി ഭൂസമരവും ചെങ്ങറ ഭൂസമരവും കേരളത്തിന്റെ മുമ്പാകെ കൊണ്ടുവന്നത്. കേരളത്തിലെ ദൈനംദിന ദാരിദ്ര്യവും നിരാലംബതയുമാണ് ആശാ വർക്കർ സമരം കേരളത്തെ ബോധ്യപ്പെടുത്തിയത്. നിരാലംബരുടെ അതിജീവനസമരത്തിനെതിരെ കരിയർ താല്പര്യങ്ങൾ മുൻനിർത്തി മുഖം തിരിച്ചിരിക്കുന്ന പഴയ സിവിൽ സമൂഹ ബുദ്ധിജീവികൾ തങ്ങളുടെ യഥാർത്ഥ അന്തസാരമായ പെറ്റി ബൂർഷ്വാ മനഃസ്ഥിതി എന്താണെന്നു പ്രകടമാക്കിയിരിക്കുന്നു.

ലിബറൽ ശക്തികൾ പിന്മടങ്ങിയ സ്ഥലങ്ങളിൽ ആദ്യം കയറി വന്നത് നവലിബറൽ ടെക്നോക്രസിയും അതിനെ തുടർന്ന് ജീവിതത്തിന്റെ സങ്കീർണതകളെ മുതലെടുത്തുകൊണ്ട് വംശീയ പ്രസ്ഥാനങ്ങളുമാണ്. ഇവ അധികാരത്തിൽ വരുകയും ചെയ്തിരിക്കുന്നു. ഇത് വംശീയ ഏകാധിപത്യമായി മാറിയിരിക്കുന്നു. ഇത്തരമൊരു ദൂഷിതസന്ധിയിൽ ജനാധിപത്യത്തിന്റെ അതിജീവനത്തിന് പ്രത്യാശയുടെ ചെറുകിരണമെങ്കിലും പ്രകാശിപ്പിക്കാൻ സാധിക്കുക വംശീയ വിദ്വേഷത്തിനും നിരാലംബവൽക്കരണത്തിനും (precariat) എതിരെ, നിസ്സഹായരും നിന്ദിതരും പീഡിതരുമായ ബഹുഭൂരിപക്ഷത്തിനുവേണ്ടി, സമത്വത്തെയും വംശീയവിരുദ്ധമായ സെക്യുലർ രാഷ്ട്രീയത്തെയും പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകത്തെ രാഷ്ട്രീയ സ്ഥിതിയെ അനുസ്മരിപ്പിക്കുന്നു വർത്തമാനകാലം. സാങ്കേതികവിദ്യയുടെയും മനുഷ്യർ ആർജിച്ച വിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിൽ തികച്ചും നൂതനും വ്യത്യസ്തവുമായ ലോകത്തിലാണ് മനുഷ്യർ പാർക്കുന്നതെങ്കിലും അധികാരവും സമ്പത്തും കയ്യാളുന്ന ന്യൂനാൽ ന്യൂനമായ വിഭാഗത്തിന്റെ പ്രഭുത്വവാഴ്ച്ചയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ചുങ്കം, സെസ് തുടങ്ങിയ നവമാടമ്പി ഭരണത്തിന്റെ പുത്തൻ ചൂഷണ വ്യവസ്ഥകളും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലേക്ക് സമൂഹത്തെ തിരിച്ചുകൊണ്ടുപോകുന്ന അവസ്ഥയാണ്.
നവലിബറലിസം നവ ഫാഷിസത്തിനു വഴിവെച്ചുവെന്ന വിമർശനം പ്രധാനമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ ഓരോരോ പുതു നിയമ നിർമാണങ്ങൾ വഴിയും ചട്ടങ്ങൾ രൂപ്പെടുത്തിയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
നവലിബറലിസം നവഫാഷിസത്തിനു വഴിവെച്ചുവെന്ന വിമർശനം പ്രധാനമാണ്. ഭരണഘടനാപരമായ അവകാശങ്ങൾ ഓരോരോ പുതു നിയമ നിർമാണങ്ങൾ വഴിയും ചട്ടങ്ങൾ രൂപ്പെടുത്തിയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തൊഴിൽ ശക്തിയുടെ വർദ്ധിതമായ ചൂഷണത്തിനാണ് കോവിഡ് ശേഷമുള്ള കാലഘട്ടം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ വ്യവസ്ഥകളുടെ നിയമാത്മകത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഭരണാധികാരത്തിന്റെ തന്നിഷ്ടങ്ങൾ നിയമസ്വഭാവമാർജ്ജിച്ചിരിക്കുന്നു. രാഷ്ട്രീയ വർഗം ഭരണവർഗമായി പരിണമിച്ചു, അഴിമതിയിൽ പങ്കുകാരായി. ജനങ്ങൾക്കുമേൽ ചുങ്കമേർപ്പെടുത്തി ഭരണവർഗം കൂടുതൽ ചൂഷണബദ്ധമായ വ്യവസ്ഥക്കാണ് അടിത്തറയിട്ടിരിക്കുന്നത്. രാജവാഴ്ച്ചക്കാലത്തെന്ന പോലെ ഭരണത്തിൽ തുടരാനുള്ള ഉപായങ്ങളിലായി കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഭരണവർഗത്തിന്റെ പൊതുതാല്പര്യം. പ്രതിഷേധങ്ങൾ കാര്യമായി ഉയരാതിരിക്കാൻ സാമൂഹികഘടനയിൽ അപ്രമാദിത്വമുള്ള മധ്യവർഗത്തിന് ചില്ലറ എന്തെങ്കിലും നൽകി തൃപ്തിപ്പെടുത്തി രാഷ്ട്രീയമായി അവരെ നിർവീര്യരാക്കിയിരിക്കുന്നു. രാഷ്ട്രീയമായ പ്രതിരോധങ്ങളെ ഏതുവിധേനയും ചെറുക്കാനായി വംശീയ വിദ്വേഷം രാഷ്ട്രീയോപാധിയായി ഉപയോഗിക്കപ്പെടുന്നു.
എന്നാൽ ഇത്തരത്തിലുള്ള രാഷ്ട്രീയ അധികാരവ്യവസ്ഥയെ അടിമുടി ഉലച്ചതായിരുന്നു പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭവും കാർഷിക രംഗത്തെ കോർപറേറ്റ് അനുകൂല പരിഷ്‌ക്കാരത്തെ എതിർക്കുന്ന കർഷക സമരവും. അധികാരത്തെ അതിന്റെ മുട്ടാൾ നയങ്ങളിൽ നിന്നും ഒരു പരിധിവരെയെങ്കിലും പിന്നോട്ടോടിപ്പിച്ചു എന്ന നിലയിൽ വിജയം വരിച്ച ജനകീയ പ്രക്ഷോഭങ്ങളാണ് ഇത് രണ്ടും. സമാനമായി, യു എസിലും യൂറോപ്പിലും ബ്ലാക്ക് ലൈവ്‌സ് മാറ്റർ (Black Lives Matter - BLM) പ്രക്ഷോഭവും അധികാരകേന്ദ്രങ്ങളെ ശരിക്കും വിറപ്പിക്കുക തന്നെ ചെയ്തു.

പ്രസ്തുത സമരമുഖത്ത് സജീവമായിരുന്നു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. സമരത്തിന്റെ ഭാഗമായിരുന്നുവെന്നതാണ് ശരി. ഇടതുപക്ഷ രാഷ്ട്രീയ സംഘടനകൾ ഒറ്റയ്ക്ക് നയിച്ച സമരമായിരുന്നില്ല. അതിനുള്ള സംഘടിതശക്തി അഖിലേന്ത്യാ തലത്തിൽ ഒരു ഇടതുപക്ഷ പാർട്ടിക്കുമില്ല. അവർ സമരത്തിന്റെയൊപ്പം അണിചേർന്നുവെന്നതാണ് വസ്തുത. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ദേശീയ പ്രതിപക്ഷ ശക്തികളുടെ കൂടെ അണിനിരന്നുകൊണ്ടു മാത്രമേ രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാൻ കഴിയൂ. കേരള സംസ്ഥാനത്തിന്റെ പരിമിതവൃത്തത്തിൽ ഭരണത്തിന്റെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാരിനെതിരെ സാമ്പത്തിക ഫെഡറലിസത്തിലൂന്നിയുള്ള സമരം മാത്രം നടത്തുന്നതുകൊണ്ടു രാഷ്ട്രീയ പ്രാധാന്യം നേടാൻ സാധിക്കുകയില്ല. സാമ്പത്തിക ഫെഡറലിസത്തെ തുരങ്കം വെയ്ക്കുന്ന കേന്ദ്രീകരണ പ്രവണത ഒറ്റപ്പെട്ടൊരു കാര്യമല്ല. തെരഞ്ഞെടുക്കപ്പെട്ട ഓട്ടോക്രസിയെന്നു നാമകരണം ചെയ്താലും നവ ഫാഷിസ്റ്റ് കോർപറേറ്റ് ഹിന്ദുത്വമെന്നു വിലയിരുത്തിയാലും അടിസ്ഥാന പ്രവണത അമിതാധികാര കേന്ദ്രീകരണമാണ്. അമിതാധികാര കേന്ദ്രീകരണം പ്രത്യശാസ്ത്രപരമായ കാഴ്ചപ്പാടോടെ നടപ്പാക്കപ്പെടുന്നതാണ്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന തികച്ചും സമഗ്രാധികാരപരമായ ഘടനയുടെ സംസ്ഥാപനമാണ് കേന്ദ്രീകരണ പ്രവണതയുടെ അടിയന്തര ലക്ഷ്യം.

പ്രതിപക്ഷ പാർട്ടികളുടെ ഏകീകരണത്തെ ദുർബലപ്പെടുത്താനും ബി ജെ പി ക്ക് കേന്ദ്രീകൃത ഘടനയിലൂടെ രാജ്യമൊട്ടാകെ അധികാരം സ്ഥാപിക്കാനുമുള്ള അവസരമാകും ഇത് എന്ന സാഹചര്യത്തിൽ, കൂട്ടായി ഇതിനെതിരെ പൊരുതുക എന്നതുമാത്രമാണ്, പ്രതിപക്ഷത്തിന്റെ ഭാഗമായി നിൽക്കുകയെന്നതു മാത്രമാണ്, ഇടതുപക്ഷ രാഷ്ട്രീയത്തിനും കരണീയം.
ടെക്നോ- ഫാഷിസ്റ്റിക് രാഷ്ട്രീയ അധികാരത്തെ വിലയിരുത്തുകയും അതിനെതിരെ നവീന രാഷ്ട്രീയ പ്രയോഗങ്ങളും സമരരൂപങ്ങളും രൂപപ്പെടുത്താൻ ജനകീയ പ്രക്ഷോഭങ്ങളെ വളർത്തിയെടുക്കുകയുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മുമ്പാകെയുള്ള മാർഗം. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഊന്നൽ, സ്വകാര്യ മൂലധനത്തെ കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികൾ, വികസന സംരഭങ്ങൾക്കായുള്ള കോർപറേറ്റ് ദയാവായ്‌പിനുള്ള യാചന, അടിസ്ഥാന ജനവിഭാഗത്തിന്റെ നിരാലംബവൽക്കരണത്തെ പരിഹരിക്കാതെ വൻകിട മൂലധനത്തിനോടുള്ള ആശ്രിതത്വം, അപകടകരമാകും വിധത്തിൽ പൊതുസമ്പത്തിലേക്ക് സ്വകാര്യ സംരഭങ്ങളെ കണ്ണിചേർക്കൽ തുടങ്ങിയ നവലിബറൽ പ്രയോഗങ്ങളുടെ തുടർച്ചകൾ ബദലാശയമായി അവതരിപ്പിക്കുന്നതുതന്നെ ലോകത്തിനുമുമ്പിൽ പരാജയമടഞ്ഞുനിൽക്കുന്ന സാമ്പത്തിക ഉദാരവാദത്തിന്റെ ഡോഗ്മയ്ക്ക് മാന്യത നൽകലാണ്. ഇതു യഥാർത്ഥത്തിൽ പ്രത്യശാസ്ത്രപരമായി വലതുപക്ഷത്തിനു അടിപ്പെടലാണ്.
സൈദ്ധാന്തികമായും ജനാധിപത്യപരവുമായ പുത്തൻ ആശയങ്ങൾ ഉൾക്കൊള്ളാൻ എന്നും മന്ദഗതിയിയാണ് മുഖ്യധാരാ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്.
സാമ്പത്തിക അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയ നവലിബറൽ ലോകവ്യവസ്ഥയെയാണ് ഡൊണാൾഡ് ട്രംപിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. യു.എസ് സാമ്രാജ്യത്വം എന്നും ആസ്ഥാന മൂലധനത്തെ സംരക്ഷിക്കുന്ന നയങ്ങളും നിലപാടുകളുമാണ് കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ കൂടുതൽ മിച്ചമൂല്യം ഉല്പാദിപ്പിക്കുന്നതിനും ലോക വിപണികളെ കീഴടക്കുന്നതിനും മൂന്നാം ലോകങ്ങളിലെ പ്രകൃതിവിഭവങ്ങൾ കൊള്ള ചെയ്യുന്നതിനും മൂലധനം പല രാജ്യങ്ങളിലേക്കും വിന്യസിക്കപ്പെട്ടിട്ടുണ്ട്. കൈമാറ്റത്തിന്റെ അടിസ്ഥാനം ഡോളറാകുന്നതോടെ നവലിബറൽ ക്രമം സവിശേഷമായി നിലനിർത്തുന്ന മൂലധനത്തിന്റെ തിരിച്ചുപറക്കൽ രാജ്യങ്ങളെ പൊടുന്നനവേ ആഴത്തിലുള്ള സമ്പത്തിക പ്രതിസന്ധിയുടെ കാണാക്കയങ്ങളിലേക്ക് തള്ളുന്നു. ശ്രീലങ്കൻ പ്രതിസന്ധി നമ്മുടെ മുമ്പിലുള്ളതാണ്. ഇതിനെതിരെ സാമ്പത്തിക ആസൂത്രണവും കുത്തക മുതലാളിത്തത്തിനെതിരെയുള്ള നിയന്ത്രണവും അസമത്വം നേരിടാനുള്ള നികുതി നിർദേശങ്ങളുമാണ് ബദൽ എന്ന നിലയിൽ കമ്മ്യൂണിസ്റ്റുകൾ, സോഷ്യൽ ഡെമോക്രറ്റുകൾ, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവർ മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരമൊരു ബദൽ സാമ്പത്തിക പ്രയോഗങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന രാഷ്ട്രീയ വിചാരങ്ങൾക്കു പകരമായി സ്വകാര്യ മൂലധനത്തെ കേന്ദ്രീകരിച്ചുള്ള വികസന കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെ വിപണനം ചെയ്യുന്നത് അറിവിന്റെ അഭാവം കൊണ്ടാകാൻ വഴിയില്ല. ഇന്ത്യയിൽ അവശേഷിക്കുന്ന ഇടതുപക്ഷ സർക്കാർ പിന്തുടരുന്ന ഈ നയസമീപനത്തെ എതിർക്കാനുള്ള ശേഷിക്കുറവും തിരുവായ്ക്ക് എതിർവായയില്ല എന്ന അവസ്ഥയുമാണ് വെളിപ്പെടുന്നത്.

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ത്യൻ ജനാധിപത്യത്തിന് പുതിയ ദിശാബോധം നൽകിയത് മനുഷ്യാവകാശ പ്രസ്ഥാനങ്ങളാണ്. ഉന്നത നീതിപീഠവും ഈ മുന്നേറ്റങ്ങൾക്ക് ശക്തിപകർന്നു. കെ. ബാലഗോപാലിനെ പോലുള്ള മനുഷ്യാവകാശപ്രവർത്തകരും കെ.ജി. കണ്ണബീരാനെ പോലുള്ള മനുഷ്യാവകാശ പോരാളികളായ അഭിഭാഷകരും ഭരണഘടന മുൻനിർത്തി നിരാലംബ ജനവിഭാഗങ്ങൾക്ക് വേണ്ടി നടത്തിയ അത്യുജ്ജ്വല പോരാട്ടങ്ങളാണ് വാസ്തവത്തിൽ ഇന്ത്യയിലെ നവസാമൂഹിക പ്രസ്ഥാനങ്ങൾക്ക് രാഷ്ട്രീയ വഴിത്തിരിവായത്. ടീസ്റ്റ സെതൽവാദ് നടത്തിയ ഹിന്ദുത്വ വർഗീയതയ്‌ക്കെതിരെ ഭരണഘടന അടിസ്ഥാനമാക്കിയുള്ള പോരാട്ടവും ഇതിന്റെ ഭാഗമാണ്.
പരിസ്ഥിതി രംഗത്തെ നർമദാ പ്രസ്ഥാനവും ആണവനിലയങ്ങൾക്കും ആണവ പ്ലാന്റുകൾക്കുമെതിരെയുള്ള പ്രക്ഷോഭവും തൊണ്ണൂറുകളുടെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ചു. മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾ ഈ മുന്നേറ്റങ്ങളുടെ പരിസരങ്ങളിൽ എവിടെയുമുണ്ടായിരുന്നില്ല എന്നതാണ് നഗ്ന യാഥാർഥ്യം. അംബേദ്‌കർ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതും ഈ കാലയളവിലാണ്. അംബേദ്‌കർ പഠനങ്ങളും ഭരണഘടനാ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകളും പൗരാവകാശ രാഷ്ട്രീയവും നവസാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഉയർന്നുവന്നത്. സി പി എം / സി പി ഐ രാഷ്ട്രീയ പാർട്ടികൾ ഈ ഘട്ടത്തിലൊന്നും അംബേദ്‌കർ രാഷ്ട്രീയത്തോടോ ഭരണഘടനയെ മുൻനിർത്തിയുള്ള രാഷ്ട്രീയത്തോടോ അനുഭവം പ്രകടിപ്പിച്ചിരുന്നില്ല. കൂടിവന്നാൽ, ഗ്രാംഷിയും അൽത്തൂസർ ഉൾപ്പെടെയുള്ള പാശ്ചാത്യ മാർക്സിസ്റ്റ് ചിന്തകരും സ്റ്റാലിനിസ്റ്റ് മാർക്സിസത്തിൽ നിന്ന് സൈദ്ധാന്തിക തലത്തിൽ പുതിയ വാതിലുകൾ തുറന്നുവെന്നു മാത്രം. അക്കാലത്തെ പാർട്ടി പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ശ്രദ്ധിച്ചാൽ മനസ്സിലാക്കുവന്നതാണ് ഇത്. സൈദ്ധാന്തികമായും ജനാധിപത്യപരവുമായ പുത്തൻ ആശയങ്ങൾ ഉൾക്കൊള്ളാൻ എന്നും മന്ദഗതിയിയാണ് മുഖ്യധാരാ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾക്ക്.

21-ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ഗാന്ധിയെയും അംബേദ്കറെയും ഭരണഘടനയെയും എന്തോ പുതിയ ഭൂഖണ്ഡം കണ്ടുപിടിച്ച തരത്തിലാണ് പാർട്ടി പ്രാസംഗികർ അവതരിപ്പിക്കുന്നത്. ആശയ അന്വേഷണങ്ങളിൽ വളരെ പിറകിലായ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മന്ദഗതി അനുസ്യൂതമായി തുടരുന്ന ധൈഷണിക മന്ദിപ്പിനു കാരണമാണ്. പാർട്ടി വേദികളെയും സാംസ്കാരിക ക്ലബുകളെയും ഉപയോഗപ്പെടുത്തി ആഞ്ജാനുവർത്തികളായ ആൾക്കൂട്ടത്തിന്റെ സബ്സ്ക്രൈബർ ബേസിലൂടെ തൊണ്ണൂറുകളിൽ നവസാമൂഹിക മുന്നേറ്റങ്ങൾ ചർച്ച ചെയ്ത ആശയങ്ങൾ പ്രത്യേക പരുവത്തിൽ ഈ വൈകിയ വേളയിൽ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നത് നേരാണ്.
സ്വത്വരാഷ്ട്രീയം മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങൾ ഇന്നും പ്രസക്തമാണ്. അപൂർണമായ പദ്ധതിയായി ഇന്നും അത് അവശേഷിക്കുന്നു. ജാതി സർവേയുടെ ആവശ്യം യഥാർത്ഥത്തിൽ ഇതിൽ നിന്ന് നാമ്പെടുത്തതാണ്.
ഇന്ത്യൻ യാഥാർഥ്യത്തെ മനസ്സിലാക്കാനും പഠിക്കാനും വളരെ പിറകിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. എൺപതുകളുടെ ഒടുവിൽ ഇന്ത്യൻ ജനാധിപത്യം കൂടുതൽ വികസ്വരമായതും ആഴങ്ങളിലേക്ക് പടർന്നതും സ്വത്വരാഷ്ട്രീയം പ്രബലമായതോടെയാണ്. എന്നാൽ, മണ്ഡൽ കമ്മീഷനു ശേഷമുള്ള ദലിത്- പിന്നാക്ക മുന്നേറ്റത്തോട് പറയത്തക്ക അനുഭാവമൊന്നും മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പ്രകടിപ്പിച്ചിട്ടില്ല.
ദലിത്- പിന്നാക്ക രാഷ്ട്രീയ മുന്നേറ്റം സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ ചെറുത്തുനില്പായിരുന്നു. രണ്ടു ദശകത്തിനുള്ളിൽ തന്നെ ഈ മുന്നേറ്റങ്ങൾ കുടുംബ -വ്യക്തിഗത പാർട്ടികളായി ചുരുങ്ങുകയും അഴിമതിയിലും മറ്റും ചെന്നുപെട്ട് വലതുപക്ഷത്തിനു കീഴടങ്ങുന്ന സ്ഥിതിപോലുമുണ്ടായി. സ്വത്വരാഷ്ട്രീയം തിരോഭവിച്ചത് ഈയൊരു അന്തരീക്ഷത്തിലാണ്. പക്ഷെ സ്വത്വരാഷ്ട്രീയം മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങൾ ഇന്നും പ്രസക്തമാണ്. അപൂർണമായ പദ്ധതിയായി ഇന്നും അത് അവശേഷിക്കുന്നു. ജാതി സർവേയുടെ ആവശ്യം യഥാർത്ഥത്തിൽ ഇതിൽ നിന്ന് നാമ്പെടുത്തതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഇപ്പോൾ താത്വികമായി ജാതി സർവേക്ക് അനുകൂലമാണ്. പ്രായോഗിക തലത്തിൽ കേരളത്തിൽ ഇത് നടപ്പാക്കാവുന്നതാണ്. അടിസ്ഥാന തൊഴിലാളി വിഭാഗങ്ങളിൽ കീഴാള സമൂഹങ്ങളിൽ നിന്നുമുള്ളവരാണ് ബഹുഭൂരിപക്ഷം എന്ന യാഥാർഥ്യം വസ്തുതപരമായി മനസ്സിലാക്കാനും പരിഹാരനടപടികൾ സ്വീകരിക്കാനും ഇത്തരമൊരു സർവേ ഉപകാരപ്രദമായിരിക്കും.

സ്വത്വവാദ രാഷ്ട്രീയാനന്തരതയ്‌ക്കുശേഷം (post-identity politics) ഉയർന്നുവന്ന വരേണ്യവർഗ്ഗങ്ങൾ തമ്മിലുള്ള സമവായത്തിന്റെ രാഷ്ട്രീയ നീക്കമാണ് നവലിബറലിസത്തിലേക്കുള്ള വഴിമാറൽ. ഹിന്ദുത്വ ഫാഷിസവും നവലിബറലിസവും ജനാധിപത്യത്തിന്റെ ആഴങ്ങളിലേക്കുള്ള വ്യാപനത്തെ എന്നെന്നേക്കുമായി തടയാനായുള്ള സവർണ്ണ വരേണ്യ വിഭാഗങ്ങളുടെ ഉപായ വിധികളായിരുന്നു. വർഗപരമായ ചൂഷണത്തൊപ്പം കീഴാള അധ്വാനശക്തിയെ കടുത്ത ചൂഷണത്തിന് വിധേയമാക്കുന്നതും ജനാധിപത്യപരമായ പ്രക്രിയയിൽ നിന്നും പുറംതള്ളുന്നതായിരുന്നു നവ ഫാഷിസവും നവ ലിബറലിസവും. വംശീയ വിദ്വേഷവും കുടിയേറ്റ തൊഴിലാളികളെ ആക്രമിക്കുന്ന സാമൂഹികാവസ്ഥയും നവലിബറൽവൽക്കരണത്തിന്റെയും നവ ഫാഷിസത്തിന്റെയും അനന്തരഫലമാണ്. വർധിച്ചുവരുന്ന അസമത്വവും കൊടിയ ചൂഷണവും കോർപറേറ്റ് കൊള്ളയും ഒരു സവിശേഷ പ്രശ്നമായി ഉന്നയിക്കാൻ നവ ക്ലാസിക്കൽ സാമ്പത്തിക വിജ്ഞാനം പകർന്നുതന്നവർ തന്നെ തുറന്നു പറയാൻ നിർബന്ധിതമായി. ജോസഫ് സ്റ്റൈഗ്ലിറ്റിസിനെ (Joseph Eugene Stiglitz) പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞരും തോമസ് പിക്കെറ്റിയെ പോലെ (Thomas Piketty) രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിൽ അവഗാഹമുള്ള ഡാറ്റാ ശാസ്ത്രജ്ഞരും ലോകത്തിനുമുമ്പാകെ തുറന്നുകാണിച്ചത് നവലിബറൽ ക്രമം സൃഷ്ടിച്ച സാമൂഹികമായ മർദ്ദിതാവസ്ഥകളെയാണ്.

ഇറ്റാലിയൻ മാർക്സിസ്റ്റായ പൽമിറോ തോഗലിയാത്തിയുടെ (Palmiro Michele Nicola Togliatti) ഫാഷിസത്തിന്റെ ആവിർഭാവത്തെക്കുറിച്ചുള്ള പഠനം ഫാഷിസത്തിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചു പഠിക്കുന്ന മാർക്സിസ്റ്റുകൾക്ക് ഉൾക്കാഴ്ച പകരുന്നതാണ്. തീവ്രദേശീയവാദവും വംശീയതയും സങ്കുചിതത്വ ദിശാബോധവും അതിനെ ആധാരമാക്കിയുള്ള അപരമത വിദ്വേഷവും കുത്തകമൂലധന ശക്തികളുമായി കൈകോർക്കുന്നത്തോടെയാണ് ഫാഷിസം എന്നത് രാഷ്ട്രീയ വ്യവസ്ഥയായി മാറുന്നത്. ഇന്ത്യയുടെ വർത്തമാന സാഹചര്യത്തെ വ്യക്തമായും മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും ഗ്രാംഷിയുടെ കൂടെ പ്രവർത്തിച്ചയാളുമായ തോഗലിയാത്തിയുടെ ഫാഷിസത്തെക്കുറിച്ചുള്ള രാഷ്ട്രീയ പഠനങ്ങൾ. മാർക്സിസ്റ്റുകളെ സംബന്ധിച്ച് ഫാഷിസം, നാസിസം, നവ ഫാഷിസം, സമഗ്രാധികാരം എന്നിവയെക്കുറിച്ചുള്ള വിശദപഠനങ്ങളുടെ വിപുല ശേഖരമുണ്ട്. ഫാഷിസത്തെക്കുറിച്ചു പഠിക്കാൻ തപ്പിത്തടയേണ്ട ആവശ്യമേയില്ല. വായിക്കാനുള്ള മനോഭാവവും പഠിക്കാനുള്ള ശേഷിയും മാത്രം മതി.

ഇടതുപക്ഷ രാഷ്ട്രീയത്തെ സംബന്ധിച്ച് ചരിത്രം അവസാനിക്കുന്നില്ല. എന്നാൽ ചരിത്രത്തിന്റെ ഓരോ ഘട്ടവും ഒരു വിച്ഛേദവും പുതിയൊരു ആരംഭവുമാണ്. ഏതു രാഷ്ട്രീയസന്ധിയും നിർണായക സന്ധിയാണ്. അത് ചരിത്രത്തിന്റെ അനുസ്യുതിയുമാണ് പുതിയൊരു ഘട്ടവുമാണ്. നിർണായക സന്ധിയെ അതിനിർണായക സന്ധിയാക്കി മാറ്റുക എന്നതാണ് മാർക്സിസ്റ്റുകൾക്ക് പ്രയോഗത്തിനു നിദാനമായ പ്രേരണകൾ. ഉപരിഘടനയിലെ സമരം സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കുകയെന്നതാണ് രാഷ്ട്രീയ പ്രയോഗം. ഉപരിഘടനയുടെ വിഭിന്നതലങ്ങളിൽ അരങ്ങേറുന്ന വർഗസമരമാണ് അതിനിർണായകഘട്ടത്തിലേക്കും വ്യവസ്ഥയുടെ പരിവർത്തനത്തിലേക്കുമെത്തിക്കുക. ബ്ലേഡിന്റെ മുനപോലെ കൂർത്തുമൂർത്തതാണ് ഓരോ സാഹചര്യവും. മുൻവിധികൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുക അസാധ്യം. ഓരോ മുഹൂർത്തവും നവീനമായൊരു സാഹചര്യമാണ്. പഠനങ്ങളുടെയും പ്രായോഗിക പ്രവർത്തനങ്ങളുടെയും അനുഭവങ്ങൾ പുതു മുഹൂർത്തങ്ങളെ അഭിമുഖീകരിക്കാൻ കരുത്തുപകരുമ്പോഴും വൈരുധ്യാത്മകദർശനം എപ്പോഴും നവീനമായൊന്നിനെ കാംക്ഷിക്കുകയും അതിൽ നിന്ന് നൂതനമായ പ്രയോഗങ്ങളുടെ ആവിഷ്ക്കാരം സാധ്യമാക്കുകയും ചെയ്യുന്നു.
അത്തരമൊരു സന്ദർഭത്തിൽ പ്രകടമാകേണ്ട രാഷ്ട്രീയ പ്രബുദ്ധത കമ്മ്യൂണിസ്റ്റുകൾ കാണിക്കുന്നുമില്ല എന്നുമാത്രമല്ല, അടിസ്ഥാന തൊഴിലാളി വിഭാഗമായ ആശാ സ്ത്രീ തൊഴിലാളികളെ പോലുള്ള നിരാലംബജനതയെ (precariat) പുച്ഛിക്കുന്നതിലും അവഹേളിക്കുന്നതിലും അവരുടെ സമരത്തെ ഏതുവിധേനയും പരാജയപ്പെടുത്തുക എന്ന ഏകമാന ലക്ഷ്യത്തിലും അഭിരമിക്കുന്ന വ്യവസ്ഥാപിത ഇടതുപക്ഷം നവലിബറൽ അധികാരാഭിരതിയിൽ വ്യാമുഗ്ദ്ധർ മാത്രമായിരിക്കുന്നു എന്നതാണ് ഖേദകരമായ യാഥാർഥ്യം.