മലയാളികൾ ഈ എഴുത്തുകാരോടും അതിനെ പരിപാലിക്കുന്ന രാഷ്ട്രീയക്കാരോടും വിയോജിക്കുകതന്നെ വേണം

''നമ്മുടെ മോശം രാഷ്ട്രീയക്കാരെപ്പോലെത്തന്നെയാണ് ഈ കാര്യങ്ങൾ ചർച്ചയ്ക്ക് വരുമ്പോൾ നമ്മുടെ മികച്ച എഴുത്തുകാരും. ഇപ്പോൾ മുഖ്യമന്ത്രിയ്ക്ക് എതിരെ നിങ്ങൾ ഒന്നും മിണ്ടാൻ പാടില്ല എന്ന് കത്തുകൾ എഴുതുന്നതും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ഈ മികച്ച എഴുത്തുകാരാണ്.''

ലോകത്ത് വ്യാപകമായി പടരുന്ന ഒരു മഹാമാരിയെ അപകടരമായ രോഗം എന്ന് വിലയിരുത്തിക്കൊണ്ട് ഓരോ രാജ്യങ്ങളിലെയും സാമൂഹ്യവ്യവസ്ഥിതിയും അതാതുകളുടെ പ്രാപ്തിയും വിശ്വാസവും കൊണ്ട് നേരിടുന്ന ഒരു ഘട്ടം എങ്ങനെയാണ് ഒരേസമയം അധികാരത്തിന്റെ തന്നെ ആഖ്യാനവും ആവുന്നത് എന്നും നമ്മൾ കാണുകയാണ് - കൊവിഡ് 19നു ശേഷമുള്ള മനുഷ്യസമൂഹം എങ്ങനെയായിരിക്കും എന്ന ചർച്ചകൾക്കും ഒപ്പം. അതിൽ സിസെക്ക് മുതൽ പിണറായി വിജയൻ വരെ വരുന്നു. ഒരിക്കൽ, നിസാർ അഹമദ് നിരീക്ഷിച്ചപോലെ, കേരളത്തിൽ എല്ലാ പുതിയ വിചാരപദ്ധതികളും ആദ്യം സാഹിത്യപരമായി അവതരിക്കുന്നു എന്നതിനാൽ, ഈ വിചാര പൊറുതിയിൽ എഴുത്തുകാരും പങ്കുചേരുന്നു. എന്നെപ്പോലെ.
വിപ്ലവങ്ങളെ വേർപിരിയ്ക്കുമ്പോൾ ലെനിനിസ്റ്റുകൾ മധ്യവർഗ്ഗ ബുദ്ധിജീവികളെ കളിയാക്കുന്നപോലെ ഓരോ മനുഷ്യരും ഈ ലോക്‌ഡൗൺ കാലത്ത് 'കസേര വിപ്ലവകാരികൾ' ആയിരിക്കുന്നു. സത്യം പറഞ്ഞാൽ ഇന്ന് അത് നിന്ദിക്കാൻ ഉപയോഗിക്കുന്ന വാചകമല്ല. എങ്ങനെയാണ് ഈ രോഗം തങ്ങളെ സന്ദർശിക്കുക എന്ന ഭീതിയ്ക്ക് ഒപ്പം എങ്ങനെയാണ് ഈ വ്യവസ്ഥിതി തങ്ങളെ രക്ഷിക്കുക എന്ന ആശങ്കയും നമ്മുടെ ഓരോരുത്തരുടെയും ദിവസങ്ങളുടെ ഭാഗമാവുന്നു. ഞാൻ താമസിക്കുന്ന കുവൈത്തും ഞാൻ മടങ്ങി ചെല്ലുന്ന കേരളവും കൊണ്ട് എനിക്ക് ഇത് ഇരട്ടി ആലോചനയുമാണ്. നടക്കാനിരിക്കുന്ന വിപ്ലവമല്ല, നിലനിൽക്കുന്ന ലോകമാണ് യാഥാർഥ്യം എന്ന് അതെന്നെയും കുടുക്കിയിട്ടിരിക്കുന്നു.
കേരളത്തിലും ഇന്ന് ഈ ചർച്ചകൾ സജീവമാണ്, സമൂഹമാധ്യമങ്ങളിൽ മുമ്പത്തേക്കാൾ തങ്ങളുടെ സർഗാത്മകത പരീക്ഷിക്കുന്ന മലയാളികൾ സന്തോഷം നൽകുന്ന കാഴ്ച്ചയുമാണ്. പക്ഷെ, മഹാമാരിയൊ ലോക്ഡൗൺ കാലമോ പുതിയതായി എന്തെങ്കിലും പറയാനോ കണ്ടെത്താനോ നമ്മെ അനുവദിക്കുന്നില്ല എന്നതാണ് വാസ്തവം. എന്നല്ല, കഴിഞ്ഞ ആറു ദശകങ്ങളും കവിഞ്ഞ് നിലനിൽക്കുന്ന ഒരു ഭരണനിർവഹണരീതിയുടെ പക്ഷങ്ങൾ പിടിച്ചുകൊണ്ടുമാത്രം, വഴി മാറാതെ, അത് തുടരുന്നു, പതിവുപോലെതന്നെ. അത് ദാരുണമാണ്. സങ്കടകരമെങ്കിലുമാണ്.

ഉദാഹരണത്തിന്, കൊവിഡ്-19ന്റെ സാമൂഹ്യ വ്യാപനം തടയുന്നതിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ എടുത്ത ആദ്യത്തെ ശ്രമങ്ങളെ ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ മേന്മകൊണ്ടാണ് സർക്കാരിന്റെ ആശ്രിതബുദ്ധികൾ താരതമ്യം ചെയ്തതെങ്കിൽ, അതേ ആശ്രിതത്വത്തിന്റെ ബുദ്ധിജീവികൾ കേരളത്തിലും ക്യൂബയിലും ഈ മഹാമാരി തടയാൻ കഴിഞ്ഞു എന്നുവരെ ആ വാദത്തെ നീട്ടി എടുക്കുന്നു. പക്ഷെ ഇപ്പോഴും പിടി കൊടുക്കാതെ ഈ വൈറസ് ശരീരങ്ങളുടെ സ്പർശത്തിലൂടെയും ശ്വാസത്തിലൂടെയും ഭൂഖണ്ഡങ്ങൾ താണ്ടുന്നു. അതിന്റെ യുദ്ധത്തിൽ മനുഷ്യരെ പരാജയപ്പെടുത്തുന്നു. രാജ്യങ്ങളെ അപ്രസക്തമാക്കുന്ന വിധം അതിർത്തികൾ മായ്ക്കുന്നു.
o9

അല്ലെങ്കിലും ഒരു ദുരന്തമല്ല ഏതെങ്കിലും ഒരു ഭരണനിർവഹണത്തെ നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത്, അതൊരു മുഹൂർത്തം തന്നെ ആവുമ്പോഴും. കാരണം, ആ സർക്കാർ അപ്പോഴും നമ്മുടെ ''തിരഞ്ഞെടുപ്പിൽ'' (choice) തന്നെ പ്രവർത്തിക്കുകയാണ്. മറിച്ച്, ദിനേനയുള്ള നമ്മുടെ ജീവിതത്തെ മുമ്പും പിമ്പും മെച്ചപ്പെടുത്താൻ അത് എന്തെങ്കിലും ചെയ്‌തോ എന്നാണ് ഈ ഘട്ടവും പരീക്ഷിക്കുന്നത്. അതായത്, നിലനിൽക്കുന്ന സംവിധാനത്തിൽ നമ്മുടെ ജീവിതം സുരക്ഷിതമായിരുന്നുവോ എന്നാണ് പരിശോധിക്കപ്പെടുന്നത്. അങ്ങനെ നമ്മുടെ ''തിരഞ്ഞെടുപ്പി''നെ ഈ ഭരണം സാർത്ഥകമാക്കുന്നുണ്ടോ എന്ന് നമ്മൾ കാണുകയാണ്.

വാസ്തവത്തിൽ, നമ്മളാരും തർക്കിച്ചിട്ടില്ല, കേരളത്തിൽ പിണറായി സർക്കാർ ഈ ദിവസങ്ങളിൽ പ്രഖ്യാപിച്ച എല്ലാ മുൻകരുതലുകളും സാമ്പത്തികവും ഭക്ഷ്യസാധനങ്ങളുടെ വിതരണവും സ്വാഗതാർഹംതന്നെയായിരുന്നു. അത്, വളരെ ദൂരെ നിന്നും നോക്കുമ്പോൾ എനിക്ക്, ആ പ്രഖ്യാപനങ്ങൾ ഒരു വെൽഫയർ സമൂഹത്തിന്റെ ഓർമ്മപോലും കൊണ്ടുവന്നിരുന്നു. ഇപ്പോഴും മലയാളത്തിലെ പത്തു കവികളെങ്കിലും കമ്മ്യൂണിസം എന്ന മധുര മനോജ്ഞ സമൂഹത്തെ സ്വപനം കാണുന്നുമുണ്ട്.
ഇനി നമ്മൾ ഈയൊരു അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഇന്ത്യ മുഴുവൻ ഈ ലോക്ഡൗൺ കാലത്ത് തീവണ്ടികളിലും മറ്റുമുള്ള ചരക്കുഗതാഗതം നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു എന്ന്? ഭരണത്തെ സ്വന്തം ആത്മരതിയുടെ കൂടി അടയാളമാക്കിയ നരേന്ദ്ര മോഡി ഒരു പാതിരാവിൽ അങ്ങനെ പ്രഖ്യാപിച്ചിരുന്നുവെങ്കിൽ? സത്യം, ആ സാധ്യത വമ്പിച്ചതായിരുന്നു. എങ്കിൽ, അങ്ങനെ കേരളത്തിലേക്കുള്ള ചരക്കുഗതാഗതം നിലച്ചിരുന്നുവെങ്കിൽ, കേരളം ചക്കകൊണ്ടുമാത്രം ഈ കാലത്ത് രക്ഷപ്പെടുമായിരുന്നോ? അല്ലെങ്കിൽ കേരളത്തെ പോറ്റാൻ പോന്ന അത്രയും പ്ലാവുകൾ ഇടതും വലതും മുന്നണികൾ നമ്മുടെ നാട്ടിൽ വെച്ചു പിടിപ്പിച്ചിരുന്നോ? ഇല്ല.

നേരത്തെ പറഞ്ഞപോലെ, ഈ ലോക്ഡൗൺ കാലത്ത് നമ്മൾ ഓരോ മനുഷ്യരും കസേരബുദ്ധിജീവികളാവുന്നു. നമ്മുടെ പാർപ്പിടങ്ങളിലെ നിശ്ശൂന്യത കണ്ട് നെടുവീർപ്പിടാനെങ്കിലും.
കേരളം ഒരു ഉപഭോക്തൃ സമൂഹം മാത്രമായി മാറിയിരിക്കുന്നു എന്ന് കേരളത്തിലെ സുമനസുകളായ സാമ്പത്തിക ശാസ്ത്രകാരരും പൊതുബുദ്ധിജീവികളും എത്രയോ കാലമായി നമ്മെ ഓർമ്മിപ്പിക്കുന്നതാണ്. പക്ഷെ, നമ്മുടെ ഭരണപക്ഷങ്ങൾ ഇന്നുവരെ അത് ഗൗരവത്തിൽ എടുത്തിട്ടില്ല. ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയെ പറ്റിയോ അങ്ങനെ ഒന്ന് സുരക്ഷിതമാവുന്ന സർഗാത്മകമായ ഒരു രാഷ്ട്രീയ സമൂഹത്തെ പറ്റിയോ ഇപ്പോഴും നമ്മുക്ക് ചർച്ചയില്ല. മാത്രമല്ല, ഈ ദിശയിൽ, ഒരിക്കൽ നമ്മുക്കുണ്ടായിരുന്ന ആശയങ്ങളും സ്വപനങ്ങളും മുരടിച്ചുപോയ ഒരു സാമൂഹ്യ (ഭരണ) വിചാര രീതിയിലേക്ക് ഇപ്പോൾ കൂടുതൽ ക്വാറന്റൈൻ ചെയ്തിരിക്കുന്നു. ആ അർത്ഥത്തിൽ നമ്മൾ കൂടുതൽ കൂടുതൽ ആരോഗ്യമില്ലാത്ത ഒരു സമൂഹമായി മാറുന്നു. ഇടതുമുന്നണിയാണെങ്കിലും വലതുമുന്നണിയാണെങ്കിലും ഒരു ജനാധിപത്യസമൂഹത്തിന്റെ നൈസർഗികമായ അനുഭവങ്ങളിൽ നിന്നും നമ്മൾ ദൂരെയാണ് എന്ന്, ഈ മഹാമാരിക്ക് ഒപ്പം വരുന്ന ഓരോ 'വിവാദവും' ഓർമ്മിപ്പിക്കുയും ചെയ്യുന്നു.
അല്ലെങ്കിൽ, എന്നോ കൃഷി ഉപേക്ഷിച്ച, ആശ്രിത സമ്പദ്വ്യവസ്ഥയിലേക്ക് കൂപ്പ്കുത്തിയ, രാഷ്ട്രീയത്തിൽ ജനാധിപത്യത്തിന്റെ സാധ്യതകളെക്കാൾ സ്വേച്ഛാധിപത്യത്തിന്റെ വിവിധ പ്രത്യയശാസ്ത്രങ്ങൾ സദാ പ്രവർത്തിക്കുന്ന, നിഷ്ഠൂരമായ ജാതിവ്യവസ്ഥ മധുരതരമായി പരിപാലിക്കുന്ന ഒരു ചെറിയ വലിയ സമൂഹമാണ് കേരളം എന്ന് നമ്മൾ ഓരോ ദിവസവും രാവിലെ ഓർമ്മിക്കേണ്ടതാണ്. പക്ഷെ എന്തു ചെയ്യാം, നമ്മുടെ മോശം രാഷ്ട്രീയക്കാരെപ്പോലെത്തന്നെയാണ് ഈ കാര്യങ്ങൾ ചർച്ചയ്ക്ക് വരുമ്പോൾ നമ്മുടെ മികച്ച എഴുത്തുകാരും. ഇപ്പോൾ മുഖ്യമന്ത്രിയ്ക്ക് എതിരെ നിങ്ങൾ ഒന്നും മിണ്ടാൻ പാടില്ല എന്ന് കത്തുകൾ എഴുതുന്നതും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ഈ മികച്ച എഴുത്തുകാരാണ്. എത്ര മോശം മനുഷ്യരാണ് അവരെന്ന് തോന്നിപ്പിക്കുന്ന വിധം അവരുടെ രാഷ്ട്രീയ ശരീരങ്ങളിൽ ഉള്ള സ്വേച്ഛാധിപത്യത്തിന്റെ വൈറസുകൾ വെളിപ്പെടുന്ന സന്ദർഭങ്ങൾ എപ്പോഴും ഉണ്ടാവുന്നു. അത് രാഷ്ട്രീയ കൊലപാതകങ്ങളുടെ കാലത്തും മഹാമാരിയുടെ കാലത്തും അങ്ങനെയാവുന്നു. എന്തിനധികം, ഇന്ന് കാണുന്ന ഈ കേരളം പിണറായി വിജയൻ മഴു എറിഞ്ഞു ഉണ്ടാക്കിയതല്ല എന്ന ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിന്റെ വാചൊല്ല് എത്ര പെട്ടന്നാണ് ഒരു കൂട്ടം എഴുത്തുകാരെ അരസികരും ദേഷ്യക്കാരും പൊതു ഇടത്തെ തെമ്മാടികൾ പോലുമാക്കിയത്! അല്ലെങ്കിൽ, ഇത്രയും മികച്ച കാർട്ടൂണിസ്റ്റുകൾ ഉള്ള ഒരു സമൂഹമായിരുന്നിട്ടും ഈ അരസികരായ എഴുത്തുകാർ വേറെ ഏത് ഭാഷയിൽ നിലനിൽക്കും!
ഇതും, നമ്മുടെ വികൃതമായ രാഷ്ട്രീയ സങ്കൽപ്പത്തെ പേറുന്നു : ജനാധിപത്യത്തിൽ സ്വേച്ഛാധിപത്യങ്ങൾ എങ്ങനെ നടപ്പാക്കാം എന്ന് ഇവരും പരീക്ഷണം നടത്തുന്നു.

ഈ മഹാമാരിയെ ശാസ്ത്രസമൂഹം ഇന്ന് നേരിടുകതന്നെയാണ്. അഞ്ജാതമായ ഒന്നിന്റെ നിലനിൽപ്പ് ഊഹങ്ങളെയാണ് ഉണ്ടാക്കുക, അല്ലാതെ കെട്ടുകഥകൾ അല്ല, എന്ന് അവർ എപ്പോഴും മനസ്സിലാക്കുന്നു. ലോകം ഇതിനകം ഈ രോഗത്തിനു കുരുതി കൊടുത്ത മനുഷ്യരുടെ ഓർമ്മ നമ്മെ ഓരോ നിമിഷവും ദുഖിതരും ജീവിതത്തോട് കൂടുതൽ വിനയമുള്ളവരുമാക്കുന്നു. ഏകാകികളുടെ ആത്മപൂജയെക്കാൾ അത് സ്‌നേഹത്തിന്റെയും കരുണയുടെയും സാമൂഹ്യമായ നിലനിൽപ്പിന്റെ മൂല്യം തേടുന്നു. അതുകൊണ്ടുതന്നെയാണ് സ്വേച്ഛാധിപത്യത്തിന്റെ ഏത് ഉറവയും ഈ സമയത്ത് വിഷമയമാകുന്നത്. ഭരണ നിർവഹണത്തിലും ആലോചനകളിലും ജനാധിപത്യത്തിന്റെ സാധ്യതകൾ അല്ലെങ്കിൽ മനുഷ്യനോളം പഴക്കമുള്ള ഒന്നത്രെ. അതിനെ ഭയക്കുന്നത് ആരോഗ്യമുള്ള സമൂഹങ്ങൾക്ക് പറഞ്ഞിട്ടില്ല.
മലയാളികൾ ഈ എഴുത്തുകാരോടും അതിനെ പരിപാലിക്കുന്ന രാഷ്ട്രീയക്കാരോടും വിയോജിക്കുകതന്നെ വേണം. നമ്മുടെ ഓരോരുത്തരുടെയും ആയുസ്സിൽ ഈ ലോകം എങ്ങെനെയെല്ലാം ജീവിച്ചു, പെരുമാറി എന്ന്, അല്ലെങ്കിൽ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന മലയാളികൾക്ക് എങ്ങനെ മനസ്സിലാവും?


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments