എസ്.എഫ്.ഐ കാമ്പസ്​ രാഷ്​ട്രീയത്തെ മാറ്റിയതെങ്ങനെ

ഭരണാധികാരിവർഗ്ഗം തന്നെ വിപ്ലവത്തിനു സഹായകമാണെന്ന നിലപാടു രൂപപ്പെടുമ്പോൾ സ്വാഭാവികമായി മാറിച്ചിന്തിക്കലുകളുണ്ടാവും. അത് ഏതുരൂപത്തിലാണ് സംഭവിക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു എസ്.എഫ്.ഐയുടെ രൂപീകരണം- എസ്​.എഫ്​.ഐയുടെ ​ആദ്യ സംസ്​ഥാന സെക്രട്ടറി കൂടിയായിരുന്ന,​ ദേശാഭിമാനി വാരിക പത്രാധിപർ സി.പി.അബൂബക്കർ എഴുതുന്നു

ലോകമെമ്പാടും കലാലയങ്ങളും വിദ്യാലയങ്ങളും വിയറ്റ്നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങൾ കൊണ്ട്​ മുഖരിതമായിരുന്നു. അമേരിക്കയിൽ വ്യാപക പ്രതിഷേധങ്ങൾ നടക്കുകയായിരുന്നു. കൊളംബിയ സർവകലാശാലയുടെ ഭരണസിരാകേന്ദ്രം വിദ്യാർത്ഥികൾ പിടിച്ചടക്കിയിരുന്നു. ചിക്കാഗോവിലും ഇതരനഗരങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. കടലുകൾക്കപ്പുറത്തുള്ള, നിസ്സഹായരായ ഒരു ജനതയുടെ സാമ്രാജ്യ വിരുദ്ധസമരങ്ങളെ ഇല്ലായ്മ ചെയ്യാനും ആ രാജ്യം പിടിച്ചടക്കാനുമുള്ള അമേരിക്കൻ ഭരണാധികാരികളുടെ ശ്രമത്തെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തത്.

പ്രസിഡണ്ട് ലിണ്ടൻ ബി. ജോൺസണും ശേഷം റിച്ചാർഡ് നിക്സണും വിദ്യാർത്ഥി പ്രക്ഷോഭം നേരിടാനാവനാതെ വലഞ്ഞു. അവസാനം 1973ൽ റിച്ചാർഡ് നിക്​സണ് വിയറ്റ്നാമിൽനിന്ന് സൈന്യത്തെ പിൻവലിക്കേണ്ടിവന്നു. പാശ്ചാത്യ രാജ്യങ്ങളിലുടനീളം വിദ്യാർഥികൾ മനുഷ്യത്വവും സാമ്രാജ്യ വിരോധവും വിളയാടുന്ന കാമ്പസുകൾക്കായി പൊരുതിക്കൊണ്ടിരുന്നു. മെക്സിക്കോ, ബെൽജിയം, സ്വിറ്റ്സർലന്റ്, ഫ്രാൻസ് എന്നിവിടങ്ങളിലെല്ലാം കാമ്പസുകൾ തിളച്ചു മറിഞ്ഞു.

1968 മെയിൽ ഫ്രാൻസിലുണ്ടായ വിദ്യാർത്ഥി കലാപത്തിനു സമാനമായ മറ്റൊന്നും വിദ്യാർത്ഥി ചരിത്രത്തിലില്ല. കാമ്പസിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയാരംഭിച്ച സമരം ക്രമത്തിൽ ഡി ഗാളിന്റെ സ്വേച്ഛാഭരണത്തിനെതിരായ സമരമായി. ആ സമരത്തിന്​ നേതൃത്വം നൽകിയത് ഡാനിയേൽ കോൺബെന്റിറ്റ് എന്നൊരു നേതാവായിരുന്നു. ഡാനീ ദ റെഡ് എന്നാണ് ഈ നേതാവ് അറിയപ്പെട്ടിരുന്നത്. ഈ ചുവപ്പൻ ഡാനിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സർവകലാശാലകളുടെ സാമാന്യമായ നിയമങ്ങളും മാമൂലുകളും അട്ടിമറിച്ചു. പകുതി ജർമൻകാരനും പകുതി ഫ്രഞ്ചുമായിരുന്നു ഡാനിയേൽ. തെരുവിൽ കുത്തിയിരുന്നും തെരുവുയുദ്ധം നടത്തിയും വൻകിടകമ്പനികളുടെ മുന്നിൽ ബാരിക്കേഡുകൾ തീർത്തും ഫ്രാൻസിൽ വിദ്യാർത്ഥികളൊരു വിപ്ലവം നടത്തുകയാണെന്ന തോന്നലുണ്ടായി.

ഈ വിദ്യാർത്ഥി കലാപം തൊഴിലിടങ്ങളിലേക്കു വ്യാപിച്ചു. ദശലക്ഷക്കണക്കിൽ പാരീസുകാർ വിദ്യാർത്ഥികൾക്കൊപ്പം ചേർന്നു. ലക്ഷക്കണക്കിനു തൊഴിലാളികൾ ഫാക്ടറികൾ വിട്ടിറങ്ങി. പക്ഷെ സമരം അടിച്ചമർത്തപ്പെട്ടു. വിപ്ലവത്തിനു തൊഴിലാളിവർഗ്ഗവും ഇടതുപക്ഷ, കമ്യൂണിസ്റ്റുരാഷ്ട്രീയവും അനിവാര്യമല്ലെന്ന തെറ്റായ പരിസരത്തിലായിരുന്നു ഈ വിദ്യാർത്ഥി കലാപത്തിന്റെ തുടക്കം. അതായിരുന്നു കോൺബെന്റിറ്റിന്റെ നിലപാട്.

ഫലത്തിൽ വിദ്യാർത്ഥികളും കവിതയും പാരീസ് തെരുവുകളെ കൈയടക്കിയിരുന്നു. തെരുവുകളിലാണ് ബഹുജനങ്ങളുടെ പാരവശ്യങ്ങളും പ്രശ്നങ്ങളും ആദ്യം പരസ്യമാവുക. അവരുടെ ശബ്ദം ചുവരെഴുത്തുകളിലൂടെ അനാവൃതമാവുന്നു. ഇതാണ് 1968ലും സംഭവിച്ചത്. പുരാതന റോമാ നഗരങ്ങളിൽ പോലും ഈ രീതിയുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സാഹസികമായ യുവതയുടെ സംഘർഷാത്മകമായ ആദർശങ്ങളും ആശയങ്ങളും അഭിലാഷങ്ങളും പ്രത്യക്ഷപ്പെടുന്നത് ചുവരുകളിലായിരുന്നു. കാര്യമായി ചർച്ചചെയ്യപ്പെടാത്ത ഒരു സൗന്ദര്യശാസ്ത്ര രീതിയാണിത്. പാരിസിലെ തെരുവുകളിൽ എഴുതപ്പെട്ടിരുന്ന കാവ്യശകലങ്ങളും മുദ്രാവാക്യങ്ങളും യുവതയുടെ വിപ്ലവാവേശത്തിന്റെ പ്രകാശനങ്ങളായിരുന്നു.

വിലക്കുകയെന്നത് വിലക്കപ്പെട്ടിരിക്കുന്നു
എന്തോചിലതു തടഞ്ഞുകൊണ്ടാണ്
സ്വാതന്ത്ര്യം തുടങ്ങുന്നത്.
മറ്റുചിലരുടെ സ്വാതന്ത്ര്യത്തിലുള്ള
ഇടപെടലാണ് സ്വാതന്ത്ര്യം
ഓടിക്കൊള്ളുക സഖാവേ,
ലോകം നിന്റെ പിന്നിലുണ്ട്

വിപ്ലവം ആദ്യം മനുഷ്യരിലാണ് തുടങ്ങുന്നത്, അത്​ സംഭവമായി മാറുന്നതിനു മുമ്പ്. മനുഷ്യമനസ്സിലാരംഭിക്കുന്ന വിപ്ലവമെന്ന ഒരു തരം മെറ്റോഫിസിക്സിലാണ് അന്നത്തെ വിദ്യാർത്ഥി കലാപം ആശ്രയം നേടിയിരുന്നത്.

ചുവരുകൾക്കു കാതുകളുണ്ട്
നിങ്ങളുടെ കാതുകൾക്ക് ചുവരുകളുണ്ട്
പ്രവർത്തനമാണ് ബോധം നിർമ്മിക്കുന്നത്

ഇങ്ങനെ നീണ്ടുപോവുന്ന കവിതകൾപാരീസിന്റെ ചുവരുകളിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു. അതൊരു വലിയകാലം തന്നെയായിരുന്നു. ആഗ്രഹവും നിർവ്വഹണവും തമ്മിലുള്ളഅന്തരമാവാം വിദ്യാർത്ഥി കലാപത്തെ തകർത്തുകളഞ്ഞത്.

സമരത്തിൽ പങ്കാളികളായിരുന്ന വിദ്യാർത്ഥികളുടെ കുപ്പായത്തിനുള്ളിൽ മാറിടത്തിൽ വിപ്ലവത്തിനുള്ളിലെവിപ്ലവം ( Revolution In The Revolution) എന്നഗ്രന്ഥമുണ്ടായിരുന്നു. ഫ്രഞ്ചുകാരനായ റെ ദെബ്രേയുടെ രചനയായിരുന്നു അത്. ചെ ഗുവേരയുടെ സഹപ്രവർത്തകനായും ക്യൂബയിലെ പ്രഫസറായും പ്രവർത്തിക്കുകയായിരുന്നു ദെബ്രേ. ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റു ഗറില്ലാ പോരാളികളുടെ പോരാട്ടത്തിന്റെ അടവുതന്ത്രങ്ങളുടെ തത്ത്വവും പ്രയോഗവും അഗ്രഥിക്കുകയായിരുന്നു ആ ഗ്രന്ഥം ചെയ്തത്. ഗറില്ലാസൈനികരുടെ കൈകളിൽ ആ പുസ്തകമുണ്ടായിരുന്നു. ഈ അറിവിലാണ് വിദ്യാർത്ഥികൾ ആ പുസ്‌തകം ഹൃദയത്തോട് അടുപ്പിച്ചു വെച്ചിരുന്നത്. ക്യൂബയിലാണ് ആ പുസ്തകം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. വിദ്യാർത്ഥികളുടെ ആവശ്യം നേടുകയെന്നതിൽനിന്ന്, ഭരണാധികാരം ഇല്ലായ്മചെയ്യുന്നതിലേക്കു വിദ്യാർത്ഥി നേതൃത്വത്തിനു മാത്രമായി ചെന്നെത്താൻ കഴിയുമെന്ന പ്രമാദത്തിലേക്കു സമരനേതൃത്വം കടന്നുചെന്നു.

ഡാനിയേൽ കോൺബെന്റിറ്റ്
ഡാനിയേൽ കോൺബെന്റിറ്റ്

സമരപരാജയത്തിന്റെ പശ്ചാത്തലത്തിൽ ഡാനിയേൽ കോൺബെന്റിറ്റ് ഒരുപുസ്തകം എഴുതി Obsolete Communism- The Leftwing Alternative. ഈ പുസ്തകത്തിലേക്കോ അതിന്റെ ഉള്ളടക്കത്തിലേക്കോ ഇവിടെ കടന്നു ചെല്ലുന്നില്ല. പരാജയപ്പെട്ട വിദ്യാർത്ഥി കലാപത്തിന്റെ ആ നേതാവ് ഇപ്പോൾ ഫ്രഞ്ചു സോഷ്യലിസ്റ്റു പാർട്ടിയിലെ സെൻട്രിസ്റ്റായ പ്രസിഡണ്ട് മൈക്രോണിന്റെ ഉപദേശകനും യൂറോപ്യൻ യൂണിയന്റെ ശക്തനായ വക്താവുമാണ്. വിപ്ലവസമരങ്ങൾക്കു കമ്യൂണിസം ഉപയുക്തമല്ലെന്നും കമ്യൂണിസ്റ്റു പ്രസ്ഥാനം തന്നെ ജീർണമായിപ്പോയെന്നുമാണ് ഡാനിയേലിന്റെ ഇപ്പോഴത്തെയും എപ്പോഴത്തെയും നിലപാട്. ഇതും റെ ദെബ്രേയുടെ നിലപാടുമായി കൂട്ടിയിണക്കേണ്ടതില്ല.

ഈ സംഭവങ്ങൾ ഇന്ത്യയിൽ അതേപടി അനുകരിക്കപ്പെട്ടില്ല. പക്ഷെ അതിന്റെ സ്വാധീനം കവിതയിലും സാഹിത്യത്തിൽ പൊതുവിലുമുണ്ടായിരുന്നു. ഇന്ത്യയിൽ ഇടതുപക്ഷമുഖമുള്ള ഒരു സംഘടന മാത്രമാണുണ്ടായിരുന്നത്. ഭരണകൂടത്തിന്റെ വർഗസ്വഭാവം വിലയിരുത്തുന്ന രീതിയിലുണ്ടായ അന്തരത്തെ പറ്റിയുള്ള വാദവിവാദങ്ങളിൽ ഇന്ത്യയിലാകമാനമുള്ള വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു. യുവതയുടെ സമരാവേശം തളച്ചിടപ്പെടുന്ന ഒരു സാഹചര്യമാണ് അന്നു നിലവിലുണ്ടായിരുന്നത്. ഭരണാധികാരിവർഗ്ഗം തന്നെ വിപ്ലവത്തിനു സഹായകമാണെന്ന നിലപാടു രൂപപ്പെടുമ്പോൾ സ്വാഭാവികമായി മാറിച്ചിന്തിക്കലുകളുണ്ടാവും. അത് ഏതുരൂപത്തിലാണ് സംഭവിക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു എസ്.എഫ്.ഐയുടെ രൂപീകരണം. 1970ഡിസംബർ 27, 28, 29, 30 ദിവസങ്ങളിലായിരുന്നു എസ്.എഫ്.ഐ യുടെ രൂപീകരണസമ്മേളനെം തിരുവനന്തപുരത്തു നടന്നത്.

എ.ഐ.എസ്.എഫിൽ അഫിലിയേറ്റുചെയ്തും അല്ലാതെയും സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സംഘടനകളുടെ അഫിലിയേഷനിലൂടെയാണ് പുതിയ സംഘടനയുണ്ടായത്. ഇതിനായി 1970 മാർച്ചിൽ തന്നെ ഒരു രൂപീകരണസമിതി സംഘടിപ്പിച്ചിരുന്നു. പശ്ചിമബംഗാളിലെ ബിമൻബസുവായിരുന്നു രൂപീകരണസമിതി കൺവീനർ. പ്രൊവിഷനൽ കമ്മിറ്റിയെന്നാണ് ഈ സമിതിയറിയപ്പെട്ടിരുന്നത്. ഒരു പതിനഞ്ചംഗസമിതിയായിരുന്നു അത്. ഒറീസ്സയിൽനിന്നും തമിഴ്നാട്ടിൽനിന്നും പഞ്ചാബിൽനിന്നും കേരളത്തിൽനിന്നുമെല്ലാം ഈ സമിതിയിൽ അംഗങ്ങളുണ്ടായിരുന്നു. സി. ഭാസ്‌കരനും സി. പി. അബൂബക്കറുമായിരുന്നു ഈ സമിതിയിൽ കേരളത്തെ പ്രതിനിധാനം ചെയ്തിരുന്നത്.

ജി. സുധാകരൻ
ജി. സുധാകരൻ

എസ്.എഫ്.ഐ രൂപീകരണത്തിനു പശ്ചാത്തലമായ സമാന്തരമായ രാഷ്ട്രീയസംഭവങ്ങൾ ഇവിടെ വിശദീകരിക്കുന്നില്ല. വിദ്യാർത്ഥികൾ രാഷ്ട്രീയജീവിതത്തിൽ സാരവത്തായി പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയിലൂന്നുന്ന സംഭവമായിരുന്നു എസ്.എഫ്.ഐ രൂപീകരണം. ഭരണാധികാരിവർഗ്ഗത്തിന്റെ തലോടലേറ്റുകൊണ്ട് സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവർത്തനമാഗ്രഹിക്കുന്ന ഒരുസംഘടനയ്ക്കും മുന്നോട്ടുപോകാനാവുമായിരുന്നില്ല.

ഈയൊരു പരിമിതിയെ മറികടന്ന സംഘടനയായിരുന്നു അന്നത്തെ കേരള വിദ്യാർത്ഥി ഫെഡറേഷൻ. മുഖ്യധാരാ മാധ്യമങ്ങളിൽന്നുള്ള നിരന്തരമായ വിമർശവും ഭരണകൂടത്തിന്റെ അടിച്ചമർത്തലും നേരിട്ടുകൊണ്ടാണ് കേരളത്തിൽ വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തിച്ചിരുന്നത്. അതോടൊപ്പം തീവ്രവാദപരമായ സമീപനം സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുമായി കേരളത്തിലെ വിദ്യാർത്ഥി ഫെഡറേഷനടക്കം അന്നത്തെ ഇന്ത്യയിലെ വിദ്യാർത്ഥിസംഘടനകൾ സംഘർഷത്തിലായിരുന്നു. ഇന്ത്യയിലെ ഏതുരംഗത്തെയും പരിവർത്തനത്തിനു ചൈനീസ് മാർഗ്ഗം പിന്തുടരണമെന്ന ധാരണയൊന്നും ശരിയായ ഇടതുപക്ഷ വീക്ഷണമമായിരുന്നില്ലെന്ന ബോധ്യത്തിലാണ് ഈ സംഘടനകൾപ്രവർത്തിച്ചുവന്നിരുന്നത്.

വലിയ ആക്രമണങ്ങളെ ഇവ നേരിട്ടുകൊണ്ടിരുന്നു. പശ്ചിമബംഗാളിലെ ഛത്രപരിഷത്ത് ആക്രമണങ്ങൾ, കേരളത്തിൽ കെ.എസ്.യു വിൽനിന്നുണ്ടാവുന്ന ആക്രമണങ്ങൾ, ചിലപ്രദേശങ്ങളിൽ പ്രാദേശിക പ്രസ്ഥാനങ്ങളിൽനന്നുണ്ടാവുന്ന അതിക്രമങ്ങൾ ഇവയെല്ലാം നേരിടുകയായിരുന്നു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ. അവയെ തകർക്കുന്നതിനു വലതുപക്ഷത്തുനിന്നും റിവിഷനിസ്റ്റുപക്ഷത്തുനിന്നും തീവ്രവാദപക്ഷത്തുനിന്നുമെല്ലാം ആശയപരവും ശാരീരികമായ ആക്രമണങ്ങളുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് സ്വാതന്ത്ര്യം സോഷ്യലിസം ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങളിലധിഷ്ഠിതമായ ഒരു വിദ്യാർത്ഥിപ്രസ്ഥാനത്തിനു പ്രസക്തിയുണ്ടാവുന്നത്. ഈ സ്വപ്നമാണ് 1970ൽ തിരുവനന്തപുരത്ത് സാക്ഷാത്കരിക്കപ്പെട്ടത്. കെ.എസ്.എഫ് തിരുവനന്തപുരം സമ്മേളനത്തോടെ ഇല്ലാതായി, എസ്.എഫ്.ഐ ആയിത്തീർന്നു. എന്നാൽ പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ അവർ പഴയപേരിൽ തന്നെയാണ് ദീർഘകാലം പ്രവർത്തനം തുടർന്നത്. അവരുടെ പഴയ പേര്​ പഞ്ചാബ് സ്റ്റുുഡന്റ്സ് യൂണിയൻ എന്നായിരുന്നു. അതിന്റെ ചുരുക്കമായ പി.എസ്.യു എന്നപേരു അവർപിന്നെയും ഉപയോഗിച്ചു. ബ്രാക്കറ്റിൽ എസ്.എഫ്.ഐ എന്നും അവർചേർത്തിരുന്നു.

എസ്.എഫ്.ഐയുടെ ആദ്യ ഓൾ ഇന്ത്യ പ്രസിഡന്റ് സി.ഭാസ്‌ക്കരൻ, ജനറൽ  സെക്രട്ടറി ഭിമൻ ബോസ്
എസ്.എഫ്.ഐയുടെ ആദ്യ ഓൾ ഇന്ത്യ പ്രസിഡന്റ് സി.ഭാസ്‌ക്കരൻ, ജനറൽ സെക്രട്ടറി ഭിമൻ ബോസ്

കെ.എസ്.എഫിന്റെ അസാനാളുകളെ പറ്റിയും ചില കാര്യങ്ങൾ പറയുന്നത് പ്രസക്തമായിരിക്കും. സംഘടനയുടെ അവസാനസമ്മേളനം തൃശ്ശൂർ റീജ്യണൽ തിയേറ്ററിലായിരുന്നു. പുതിയ സംഘടനയുടെ ഭാഗമാവാൻ സമ്മേളനം തീരുമാനിച്ചു. പക്ഷെ പുതിയ സംഘടന കെ.എസ്.എഫിന്റേതുപോലെ ചുവന്ന പതാക സ്വീകരിക്കണമെന്നായിരുന്നു സമ്മേളനത്തിന്റെ പൊതുഅഭിപ്രായം. എസ്.എഫ്.ഐ നിർദ്ദേശിച്ചിരുന്നത് ഇപ്പോഴത്തെ വെളുത്ത കൊടിയായിരുന്നു. വിദ്യാർത്ഥികൾ കൃഷിക്കാരെയോ തൊഴിലാളികളെയോ പോലെ ഒരു വർഗ്ഗമല്ലെന്നും താൽക്കാലികതയുള്ളൊരു ബഹുജന വിഭാഗമാണെന്നുമായിരുന്നു എസ്.എഫ്.ഐ കരുതിയിരുന്നത്. സംഘടനയുടെ ചരിത്രത്തിലുടനീളം നേരിടേണ്ടിവന്ന രക്തരൂഷിത അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കൊടിവേണമെന്നായിരുന്നു വാദം.

പ്രൊവിഷനൽ കമ്മിറ്റിയംഗങ്ങളായ ഭാസ്‌കരനും സി.പി. അബൂബക്കറുമൊഴികെ എല്ലാവരും ഈയഭിപ്രായക്കാരായിരുന്നു. അഖിലേന്ത്യാ സമ്മേളനത്തിനുവരുന്ന പ്രതിനിധികളെ ആകർഷിക്കാവുന്നതരത്തിൽ അവരെത്തിച്ചേരുന്നിടങ്ങളിലെല്ലാം ചുവന്ന കൊടി പാറുന്നുണ്ടായിരുന്നു. അഖിലേന്ത്യാ സമ്മേളനത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് അവസാനം കെ.എസ്. എഫ്.ഐ സമ്മേളനം എടുത്ത തീരുമാനം. അഖിലേന്ത്യാ സമ്മേളനം ശുഭ്രപതാക സ്വീകരിക്കുകയും അത് എല്ലാ സംസ്ഥാനങ്ങളിലെയും എസ്.എഫ്.ഐ പതാകയായി മാറുകയും ചെയ്തു. സമ്മേളനത്തിന്റെ അവസാനം ബിമൻബസു സെക്രട്ടറിയും സി. ഭാസ്‌കരൻ പ്രസിഡണ്ടുമായി പുതിയ സംഘടനയുടെ കമ്മിറ്റി രൂപീകൃതമായി. ഭാസ്‌കരനെ കൂടാതെ കേരളത്തിൽനിന്ന് ബാബുഭരദ്വാജ് ( ജോയിന്റ് സെക്രട്ടറി), ജി. സുധാകരൻ, സി.കെ.രവി, സി.പി. അബൂബക്കർ എന്നിവർ കേന്ദ്രനിർവ്വാഹകസമിതിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

1970 ഡിസംബർ 31 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തിൽ നിന്ന്
1970 ഡിസംബർ 31 ന് ഇറങ്ങിയ ദേശാഭിമാനി പത്രത്തിൽ നിന്ന്

പ്രമുഖ പത്രപ്രവർത്തകൻ എൻ. റാം എസ്.എഫ്.ഐയുടെ ആദ്യ വൈസ് പ്രസിഡൻറുമാരിൽ ഒരാളായിരുന്നു. ഇതിനെത്തുടർന്ന് കേരളത്തിലെ സംഘടനയിലും മാറ്റങ്ങളുണ്ടായി. ജി. സുധാകരൻ പ്രസിഡണ്ടും സി.പി. അബൂബക്കർ സെക്രട്ടറിയുമായി കേരള സംസ്ഥാന കമ്മിറ്റി പുനഃസ്സംഘടിപ്പിക്കപ്പെട്ടു. സി.പി. അബൂബക്കർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് 1971 ആഗസ്തിൽ സി.കെ. രവി സെക്രട്ടറിയായി. 1971 ഒക്ടോബറിൽ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ സി.കെ. രവി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി. ദേവദാസ് ‌പൊറ്റെക്കാടിനെ പോലുള്ളവർ സംസ്ഥാന നേതൃത്വത്തിലേക്കുവന്നു. തുടർന്ന് കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി തുടങ്ങിയവർ സംഘടനയുടെ അമരക്കാരായി. കേരളത്തിലെ കാമ്പസ് രാഷ്ട്രീയത്തെ പാടെ മാറ്റി മറിച്ച സംഭവമാണ് എസ്.എഫ്.ഐയുടെ രൂപീകരണം.



Summary: ഭരണാധികാരിവർഗ്ഗം തന്നെ വിപ്ലവത്തിനു സഹായകമാണെന്ന നിലപാടു രൂപപ്പെടുമ്പോൾ സ്വാഭാവികമായി മാറിച്ചിന്തിക്കലുകളുണ്ടാവും. അത് ഏതുരൂപത്തിലാണ് സംഭവിക്കുകയെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു എസ്.എഫ്.ഐയുടെ രൂപീകരണം- എസ്​.എഫ്​.ഐയുടെ ​ആദ്യ സംസ്​ഥാന സെക്രട്ടറി കൂടിയായിരുന്ന,​ ദേശാഭിമാനി വാരിക പത്രാധിപർ സി.പി.അബൂബക്കർ എഴുതുന്നു


Comments