എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടനയുടെ വളർച്ചക്ക് വളരെ പൊളിറ്റിക്കലായ ഒരു പാശ്ചാത്തലമുണ്ട്. കേരളത്തിലെ സ്‌കൂളുകളിൽനിന്നാണ് സംഘടന വളരുന്നത്. നാലിലും അഞ്ചിലും വച്ച് പഠിപ്പുനിർത്തേണ്ട സാഹചര്യത്തിൽനിന്ന്, കുട്ടികൾക്ക് പത്താം ക്ലാസുവരെ ക്ലാസിലിരുന്ന് പഠിക്കാൻ അവസരമുണ്ടായി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്ന വിഭാഗങ്ങളിലെ കുട്ടികളായിരുന്നു എസ്.എഫ്.ഐയുടെ മുന്നിലുണ്ടായിരുന്നത്.
അന്നുവരെ, കർഷക, കർഷക തൊഴിലാളി, ദളിത് കുടുംബങ്ങളിൽനിന്നുവന്ന കുട്ടികളെല്ലാം ഡ്രോപ്പൗട്ടുകളായിരുന്നു. ഒന്നാം ക്ലാസിൽ ചേരുന്നവരുടെ പകുതി പേർക്കുപോലും എട്ടാം ക്ലാസ് തികക്കാൻ കഴിയാറില്ല. പട്ടിണി കിടക്കുന്ന കുട്ടികളായിരുന്നു സ്‌കൂളിലുണ്ടായിരുന്നത്. എന്റെ അമ്മ അധ്യാപികയായിരുന്നു. പലപ്പോഴും അവർ ഒരു കുട്ടിയെ വീട്ടിൽ വിളിച്ചുകൊണ്ടുവരും, ഞങ്ങൾ പോലുമറിയില്ല, ഉച്ചഭക്ഷണം കൊണ്ടുവരാത്ത കുട്ടിയെയാണ് വിളിച്ചുകൊണ്ടുവരുന്നത് എന്ന്. ദിവസം രണ്ടും മൂന്നും പേർക്ക് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുപോയിരുന്ന അധ്യാപികമാരുണ്ട്. അവർക്ക് കഴിക്കാനെന്ന വ്യാജേന. തിരുവനന്തപുരത്തെ ഒരു സ്‌കൂളിൽ നല്ല തടിയുള്ള ഒരു ടീച്ചറുണ്ടായിരുന്നു. വലിയ പാത്രത്തിലാണ് അവർ ചോറ് കൊണ്ടുവരിക. കുട്ടികൾ അവരെ കളിയാക്കും, ഇത്രയും ചോറ് കഴിച്ചിട്ടാണ് തടിച്ചിരിക്കുന്നതെന്നു പറഞ്ഞ്. ആ ടീച്ചർ കൊണ്ടുവന്ന ചോറുണ്ടിട്ടാണ് രണ്ടുമൂന്നു കുട്ടികൾ പഠിച്ചിരുന്നത്.
1967ലെ സർക്കാർ ഫീസ് എടുത്തുകളഞ്ഞു. 70 ൽ സി. അച്യുതമേനോൻ സർക്കാർ, പരീക്ഷ ലിബറലാക്കി. ഒറ്റവാക്കിൽ പറഞ്ഞാൽ, കേരളത്തിൽ ഡ്രോപ്പൗട്ട് ഇല്ലാതായി. അതിനോടൊപ്പം, ഭൂപരിഷ്‌കരണത്തെതുടർന്ന്, കർഷക തൊഴിലാളി കുടുംബങ്ങൾക്ക് ഭൂമി കിട്ടിയപ്പോൾ അവരുടെ മക്കൾക്ക് പാടത്ത് പണിക്കുപോകേണ്ട ആവശ്യമില്ലാതായി. ആ കുട്ടികളെല്ലാം സ്‌കൂളുകളിലെത്തി. സ്‌കൂളിലാണെങ്കിൽ തോൽക്കാതെ പഠിക്കാവുന്ന ഒരു സാഹചര്യവുമുണ്ടായി.
അതുകൊണ്ടാണ് 1957 ലെ കമ്യൂണിസ്റ്റ് സർക്കാർ വന്നപ്പോൾ ഇല്ലാതിരുന്ന എസ്.എഫ്.ഐ എഴുപതിൽ ഉണ്ടായത്. കർഷകതൊഴിലാളികളുടെയും ദരിദ്രരുടെയും കുട്ടികൾ ക്ലാസിലിരുന്ന് പഠിക്കാൻ തുടങ്ങിയതിന്റെ പ്രൊഡക്റ്റാണ് എസ്.എഫ്.ഐ.
പിന്നാക്ക സംവരണവും ഭൂപരിഷ്കരണവുമാണ് എസ്.എഫ്.ഐയെ ശക്തിപ്പെടുത്തിയത്
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ, കുന്നംകുളം എം.ജെ.ഡി സ്‌കൂളിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ എസ്.എഫ്.ഐയായിരുന്നു ജയിച്ചിരുന്നത്, എട്ടുമുതൽ പത്തുവരെ ക്ലാസുകളിൽ കെ.എസ്.യുവും.
അതിനർഥം 5,6,7 ക്ലാസുകളിൽ എസ്.എഫ്.ഐക്കാരായ കുട്ടികളുടെ എണ്ണം കൂടിയെന്നാണ്. ഏഴാം ക്ലാസിലെ എസ്.എഫ്.ഐക്കാരനായിരുന്ന കുമാരനായിരുന്നു സ്‌കൂൾ ലീഡർ. ഞാൻ പത്താം ക്ലാസിൽ മൽസരിക്കുമ്പോൾ എസ്.എഫ്.ഐ സ്ഥാനാർഥിയാണ്. എസ്.എഫ്.ഐയുടെ ആദ്യ സ്ഥാനാർഥി ലിസ്റ്റിലുണ്ടായിരുന്ന ആളാണ് ഞാൻ, 1971 ജൂണിൽ. 1970, 71, 72 വർഷങ്ങളിൽ ഹൈസ്‌കൂളുകളിൽ എസ്.എഫ്.ഐ ജയിക്കാൻ തുടങ്ങി.
എന്നാൽ, സംഘടനക്ക് കോളജുകളിലേക്ക് വ്യാപിക്കാനും ശക്തി പ്രാപിക്കാനും അഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നു. 1973- 74 കാലത്ത് മഹാരാജാസിൽ ഐസക്കും കൂട്ടരും, ബ്രണ്ണനിൽ എ.കെ. ബാലൻ, തിരുവനന്തപുരത്ത് തോമസ് അബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ കാമ്പസുകളിൽ എസ്.എഫ്.ഐ കരുത്തുകാട്ടിത്തുടങ്ങി. എഴുപതുകളുടെ മധ്യമായപ്പോഴേക്കും കോളേജുകളിലേക്ക് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്നിരുന്ന
വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ ഒഴുക്കുണ്ടായി. ഇതിനു കാരണം, പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയതാണ്. അച്യുതമേനോൻ സർക്കാറിന്റെ ഈ നടപടിയിലൂടെ എസ്.എഫ്.ഐക്കാണ് ഗുണമുണ്ടായത്. പിന്നാക്കവിഭാഗക്കാരായ കുട്ടികൾ കോളേജുകളിൽ ധാരാളമായി പഠിക്കാൻ തുടങ്ങി, സംവരണത്തിന്റെ ഭാഗമായി. അന്ന് ഇത്തരം വിഭാഗങ്ങളിലെ വിദ്യാർഥികളായിരുന്നു എസ്.എഫ്.ഐ നേതൃത്വത്തിൽ. പിന്നാക്കവിഭാഗങ്ങളുടെയും ദരിദ്ര കർഷകരുടെയും കർഷക തൊഴിലാളികളുടെയും കേരളത്തിലുണ്ടായ മുന്നേറ്റം കാമ്പസുകളിലുണ്ടാക്കിയ പ്രതിഫലനത്തിന്റെ പേരാണ് എസ്.എഫ്.ഐ.
പക്ഷെ, അന്ന് മാർക്സിസ്റ്റ് പാർട്ടി അധികാരത്തിനുപുറത്താണ്. 57 ലും 67 ലും കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വരുമ്പോൾ കാമ്പസുകളിൽ ഇടതുപക്ഷ സംഘടനകൾ ദുർബലമാണ്. എഴുപതുകൾ മുതൽ നീണ്ട പത്തുവർഷം സി.പി.എം അധികാരത്തിനുപുറത്തായിരുന്നു. ആ കാലത്താണ് എസ്.എഫ്.ഐ വളർന്നത്. സി.പി.എം പുറത്താണെങ്കിലും മിച്ചഭൂമി സമരം പോലുള്ള ബഹുജനസമരങ്ങൾ അക്കാലത്തായിരുന്നു. ഇക്കാലത്ത് ഇടത്തരക്കാരുടെ സംഘടനകളും ശക്തിപ്പെട്ടു. എൻ.ജി.ഒ യൂണിയൻ നടത്തിയ അനിശ്ചിതകാല പണിമുടക്ക് ഓർക്കുന്നു. എൻ.ജി.ഒ- അധ്യാപക സംഘടനകൾ ശക്തമായി. ഇത്തരക്കാരും പതുക്കെ ഇടതുപക്ഷത്തേക്ക് തിരിയാൻ തുടങ്ങിയ കാലമായിരുന്നു അത്.
1977 ജൂൺ മൂന്ന്; എസ്.എഫ്.ഐയുടെ രണ്ടാം ജന്മദിനം
ഓർമവെച്ച കാലം തൊട്ടേ ഞാൻ കെ.എസ്.എഫുകാരനാണ്. ഞാൻ ഓർക്കുന്ന തീക്ഷ്ണമായ കാര്യം 1975ലെ അടിയന്തരാവസ്ഥയാണ്. 74ൽ ബി.എസ്.സിക്ക് തൃശൂർ സെന്റ് തോമസ് കോളേജിൽ ചേർന്നു. പ്രീ ഡിഗ്രിക്കാലത്ത് എന്റെ എസ്.എഫ്.ഐ പ്രവർത്തനം കൂടിപ്പോയതുകൊണ്ട്, സംഘടന ദുർബലമായ കോളജിൽ എന്നെ ചേർത്തതാണ്. ഐ. ഷൺമുഖദാസിനെപ്പോലെ ഏതാനും പേർ മാത്രമാണ് അന്ന് കോളജിൽ എസ്.എഫ്.ഐക്കാരായി ഉണ്ടായിരുന്നത്.
അടിയന്തരാവസ്ഥ വന്നപ്പോൾ എസ്.എഫ്.ഐ വീണ്ടും ദുർബലമായി. ആ ദുർബലമായ സംഘടനയിലേക്ക് ഞാൻ കടന്നുചെല്ലുകയായിരുന്നു. ആ ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്. അടിയന്തരാവസ്ഥയെ എതിർക്കണം എന്ന ടീനേജുകാലത്തിന്റെ വല്ലാത്തൊരു ‘ജനാധിപത്യ വാഞ്ഛ ’ മനസ്സിലുണ്ടായി. എം.എൽ.എയായിരുന്ന ടി.കെ. കൃഷ്ണന്റെ ചേട്ടന്റെ മകൻ ടി.കെ. പ്രസാദിന്റെ ഹോസ്റ്റൽ മുറിയിലെത്തി ഞാൻ എസ്.എഫ്.ഐയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്തത്, അന്ന് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായിരുന്നു. ടി.കെ. ഷംസുദ്ദീനും ഒ.ആർ. അരവിന്ദാക്ഷനും ജില്ലാ നേതാക്കൾ.
അന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജയിലിലാണ്. കോടിയേരി ബാലകൃഷ്ണനെ വിട്ടയക്കുക എന്ന മെമ്മോറാണ്ടത്തിൽ ഏറ്റവും കൂടുതൽ ഒപ്പ് ശേഖരിക്കപ്പെട്ട കോളേജുകളിൽ ഒന്നായിരുന്നു സെൻറ് തോമസ്. കോളേജിലെ അന്നത്തെ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ കഴിഞ്ഞതാണ് അക്കാലത്തെ മറക്കാനാകാത്ത ഒരു കാര്യം. അടിയന്തരാവസ്ഥക്കെതിരെ പോസ്റ്ററുകൾ ഒട്ടിക്കുക, നോട്ടീസ് അച്ചടിച്ച് വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്യുക തുടങ്ങിയവയായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ. 19ാം വയസ്സിൽ അടിയന്തരാവസ്ഥക്കെതിരെ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഇന്നും വിലപ്പെട്ട ഒരു ഓർമ. അന്ന് സംസ്ഥാന പ്രസിഡൻറായിരുന്ന എം.എ. ബേബിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓടിനടന്നത്. സി.എച്ച്.
കണാരന്റെ മകൻ സി.കെ. ശശിയായിരുന്നു ആക്ടിംഗ് സെക്രട്ടറി. അന്ന്, അമ്മയുടെ ചേച്ചിയുടെ മകന് കക്കയം ക്യാമ്പിൽ വരെ പോകേണ്ടിവരുന്നുണ്ട്. അതുപോലത്തെ നിരവധി സംഭവങ്ങൾ വീട്ടിനകത്തും പുറത്തും ഉണ്ടാകുന്നുണ്ട്. ഭീതിജനകമായ അന്തരീക്ഷമായിരുന്നു. നിർഭയം പ്രവർത്തിക്കാൻ എസ്.എഫ്.ഐയിലൂടെ അവസരമുണ്ടായി.
എസ്.എഫ്.ഐ അന്ന് സജീവമായി പ്രവർത്തിച്ചു. രാജനെ കൊലപ്പെടുത്തിയ സംഭവം അടിയന്തരാവസ്ഥ കഴിഞ്ഞ് എസ്.എഫ്.ഐ ഏറ്റെടുത്തു, രാജൻ എസ്.എഫ്.ഐ ആയിരുന്നില്ല; എന്നിട്ടും. 1977 ജൂൺ മൂന്ന്, അതാണ് ശരിക്കും പറഞ്ഞാൽ എസ്.എഫ്.ഐയുടെ രണ്ടാം ജന്മദിനം- രാജൻ ദിനം. രാജൻ കൊല്ലപ്പെട്ട ദിവസമായിരുന്നില്ല ജൂൺ മൂന്ന്, സ്‌കൂൾ തുറന്ന് മൂന്നാം ദിവസം എന്നേയുള്ളൂ. അന്ന് പതിനായിരക്കണക്കിന് വിദ്യാർഥികൾ കേരളത്തിന്റെ തെരുവുകളിലേക്ക് ഒഴുകിയെത്തി, രാജന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്. അന്നത്തെ ഒഴുക്കിന്റെ തുടർച്ചയാണ് ഇന്നുമുള്ളത്. (ഇപ്പോൾ ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാറാണ് എസ്.എഫ്.ഐക്കാരായ അലനെയും താഹയെയും അറസ്റ്റുചെയ്തത് എന്നുകൂടി പറയട്ടെ.)
വിയറ്റ്‌നാം യുദ്ധം
എന്നെ എസ്.എഫ്.ഐയിലേക്ക് ആകർഷിച്ച പ്രധാന കാരണങ്ങളിലൊന്ന് വിയറ്റ്‌നാം യുദ്ധമാണ്. എഴുപതുകളിലെ പ്രധാന ആഗോള സംഭവം അതാണ്. 1972-74 കാലത്ത് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലാണ് പ്രീ ഡിഗ്രിക്ക് പഠിച്ചിരുന്നത്. വിയറ്റ്‌നാം ദിനാചരണം പ്രധാന പരിപാടിയായിരുന്നു അന്ന്. ഇന്ത്യാനേഷ്യക്കപ്പുറമുണ്ടൊരു ധീരവിയറ്റ്‌നാം, ഓർത്തോളൂ -അന്നത്തെ മുദ്രാവാക്യങ്ങളാണ്. ഇന്തോനേഷ്യയിലെ വലതുപക്ഷ മുന്നേറ്റവും വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വിജയവും കാമ്പസുകളെ പിടിച്ചുകുലുക്കി. ഇന്നത്തെപ്പോലെ അന്ന് സ്വീകാര്യനായിരുന്നില്ല ചെ ഗുവേര, ചെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പ്രതീകമായിരുന്നു. അതുകൊണ്ടുതന്നെ ചെ ഗുവേരയെ സി.പി.എം അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും, അങ്ങനെയൊരു പ്രമേയം പാർട്ടിക്ക് ഉണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.
അന്ന് ചെ ഗുവേരയോട് ഇഷ്ടം എന്നു പറഞ്ഞാൽ നമ്മൾ നക്‌സലൈറ്റാകും. നക്‌സലൈറ്റ് വിദ്യാർഥി പ്രസ്ഥാനം ഒരു ഷാഡോ പോലെ അവിടെയുണ്ട്. എസ്.എഫ്.ഐയുടെ അക്കാലത്തെ നേതാവായിരുന്നില്ല ചെ ഗുവേര. രഹസ്യമായി വിദ്യാർഥികൾക്ക് ചെയോട് ആരാധനയുണ്ടായിരുന്നുവെങ്കിലും അക്കാലത്ത് പാർട്ടി ചെയെയും മാവോയെയും അകറ്റിനിർത്തുകായണ് ചെയ്തത്. എന്റെ വിവരക്കേടുകൊണ്ടാകാം, 1976 സപ്തംബറിൽ മാവോ മരിച്ചപ്പോൾ, ഞാൻ സെന്റ് തോമസിൽ മാവോദിനം ആചരിക്കുന്നുണ്ട്. അത് പാർട്ടിക്കകത്ത് അനുവദനീയമായ കാര്യമായിരുന്നില്ല. അന്ന് അടിയന്തരാവസ്ഥ കൂടിയാണ് എന്നോർക്കണം. 1977ൽ, ഇതേ നക്‌സലൈറ്റ് വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന രാജന്റെ മരണം എസ്.എഫ.ഐ ഏറ്റെടുത്തു എന്നും ഓർക്കാവുന്നതാണ്.
എസ്.എഫ്.ഐ എന്ന പൊതുസംഘടന
1980 ഡിസംബറിൽ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ വച്ചാണ് ഞാൻ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായത്. അന്ന് എസ്.എഫ്.ഐ സി.പി.എമ്മിന്റെ വിദ്യാർഥി സംഘടനയാണെങ്കിലും ഒരു പൊതു വിദ്യാർഥി സംഘടന എന്ന ഐഡന്റിറ്റിയുണ്ടായിരുന്നു. 1980ൽ ഇടതുപക്ഷ സർക്കാർ വന്നപ്പോഴാണ് ഒരു ചോദ്യം ഉയർന്നത്: സംഘടനയുടെ കമ്മിറ്റ്‌മെന്റ് വിദ്യാർഥികളോടാണോ സർക്കാറിനോടാണോ? കമ്മിറ്റ്‌മെന്റ് വിദ്യാർഥികളോടാണ് എന്നായിരുന്നു പാലക്കാട് സമ്മേളനത്തിലെ തീർപ്പ്.
തോമസ് ഐസക്ക് ഒരു വിദ്യാഭ്യാസ പ്രമേയം അവതരിപ്പിക്കുന്നുണ്ട്. വിവിധ വിഭാഗം വിദ്യാർഥികളുടെ 150ഓളം ഡിമാന്റുകൾ ആ പ്രമേയം സർക്കാറിനുമുന്നിൽ ഉന്നയിച്ചു. വിദ്യാർഥികളോടുള്ള കമ്മിറ്റ്‌മെന്റിന്റെ ഭാഗമായി സംഘടന സർക്കാറിനോട് ചില ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ സർക്കാർ അതിന് അനുകൂലമായ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്ന് വിദ്യാഭ്യാസ മന്ത്രി ബേബിജോണാണ്, രാത്രി ഒരു മണിവരെയാണ് വിദ്യാർഥികളുമായി ചർച്ച. മുമ്പത്തെ കോൺഗ്രസ് സർക്കാറുകളോടെന്നപോലെ തന്നെ ഇടതുപക്ഷ സർക്കാറിനോടും ഡിമാന്റുകൾ ഉന്നയിക്കുക, നേടിയെടുക്കുക- അതിലൊന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല.
1982-83 കാലത്ത് മറാഠി നാടകകൃത്തായ ദേശ്പാണ്‌ഡെയാണ് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നത്. ഇർഫാൻ ഹബീബാണ് ഡി.വൈ.എഫ്.ഐ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്, 1984ൽ. അക്കാലത്ത് എനിക്കൊരു അനുഭവമുണ്ടായി. ഞാൻ ദേശാഭിമാനിയിൽ ഒരറിയിപ്പുകൊടുത്തു; എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഒരു പ്രത്യേക യോഗത്തിൽ ഇ.എം.എസ് പങ്കെടുക്കുന്നു എന്ന്. ഇ.എം.എസ് യോഗത്തിനുവന്നു. എങ്കിലും, എന്നെക്കൊണ്ട് മൂന്നു തവണ പറയിച്ചു, ‘യോഗത്തിൽ ഇ.എം.എസ് പങ്കെടുക്കുന്നു' എന്ന് ദേശാഭിമാനിയിൽ കൊടുത്ത അറിയിപ്പ് എന്തുകൊണ്ട് തെറ്റാണെന്ന്. അദ്ദേഹം പാർട്ടി സെക്രട്ടറിയാണല്ലോ എന്നൊക്കെ ഞാൻ തപ്പിത്തപ്പി പറഞ്ഞു. ‘ഞാൻ പങ്കെടുക്കണമെങ്കിൽ തന്നെ മുൻ മുഖ്യമന്ത്രി എന്ന നിലക്കേ പാടുള്ളൂ, പാർട്ടി സെക്രട്ടറിയെന്ന നിലയ്ക്കല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്, യോഗം നടന്നത് എ.കെ.ജി സെന്ററിലാണെങ്കിലും.
എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും പൊതുവേദികളാക്കുക എന്നതായിരുന്നു അന്നത്തെ കോൺസെപ്റ്റ്. അതായത്, സ്വാതന്ത്ര്യ സമരക്കാലത്തുണ്ടായിരുന്ന വിദ്യാർഥി ഫെഡറേഷനിലേക്ക് തിരിച്ചുപോകുക, അതിൽ കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കും. പൊതുപ്രസ്ഥാനങ്ങളിലൂടെ പ്രവർത്തിച്ചുവരുന്നവരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുക. ഇ.എം.എസിന്റെ ഭാഷയിൽ പറഞ്ഞാൽ, പോഷക സംഘടന എന്നു പറയാൻ പാടില്ല. നിങ്ങളിൽനിന്ന് കമ്യൂണിസ്റ്റുകാരായ മെമ്പർമാരെ ഞങ്ങൾ തെരഞ്ഞെടുക്കും, അവർക്കാണ് പാർട്ടി സ്‌കൂളുകൾ പോലുള്ള പഠന പരിശീലനങ്ങൾ നടത്തുക. പാർട്ടിക്കാരല്ലാത്തവരും സംഘടനയിലുണ്ടാകണം. വിദ്യാർഥികളുടെ ആവശ്യങ്ങളുന്നയിച്ച് അവരെ ആകർഷിക്കുക. അതായിരിക്കണം തന്ത്രം. കുട്ടികൾ എസ്.എഫ്.ഐയിൽ നിൽക്കുന്നത്, അവരുടെ ആവശ്യം പറയുന്ന സംഘടന എന്ന നിലക്കായിരിക്കണം. അതായിരുന്നു അന്നത്തെ പ്രവർത്തന രീതി.
1980 നവംബറിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ, എസ്.എഫ്.ഐയിലെ ഇന്ത്യയിലെ നേതാക്കൾക്കായി ഒരു പാർട്ടി സ്‌കൂൾ നടത്തിയിരുന്നു, ഡൽഹി അശോക റോഡിലെ പാർട്ടി ഓഫീസിൽ. ഇ.എം.എസിനെ കൂടാതെ ബാസവ പുന്നയ്യ, സുർജിത് എന്നിവരുമുണ്ട്. അവർ മൂന്നുപേർക്കും ഒപ്പമിരുന്നായിരുന്നു ചർച്ചകൾ. അന്ന് ഒരു സംഭവമുണ്ടായി. മുഖ്യമന്ത്രി ഇ.കെ. നായനാർ ഡൽഹി കേരള ഹൗസിലെത്തിയപ്പോൾ പ്രതിഷേധവുമായി എ.ബി.വി.പിക്കാർ വളഞ്ഞു. ഇപ്പോഴത്തെ കേന്ദ്രമന്ത്രി മുരളീധരൻ അന്ന് എ.ബി.വി.പിക്കാരനാണ്, അദ്ദേഹത്തെ അറസ്റ്റുചെയ്തതിലായിരുന്നു പ്രതിഷേധം. കണ്ണൂരിൽ ഒരു സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. പാർട്ടി സ്‌കൂളിൽ ഞങ്ങൾ 150ഓളം പേരുണ്ട്. സുർജിത് ഓടിവന്ന് പറഞ്ഞു, നായനാരെ വളഞ്ഞുവച്ചിരിക്കുന്നു, ഉടൻ എത്തണം എന്ന്. ഞാൻ കിട്ടിയ ഒരു കമ്പും എടുത്ത് ഓടി, ഒപ്പം, മറ്റുള്ളവരും കിട്ടാവുന്ന വടിയുമൊക്കെയെടുത്ത് ഓടിയെത്തി, നായനാരെ രക്ഷപ്പെടുത്താൻ. അപ്പോഴേക്കും എ.ബി.വി.പിക്കാർ പോയിരുന്നു. ഡൽഹിയിൽ ഇങ്ങനെയൊരു ഉടൻ പ്രതികരണം അവർ പ്രതീക്ഷിച്ചുകാണില്ല.
എൺപതുകളിൽ റാഗിങ് അടിച്ചുനിർത്തിയത് എസ്.എഫ്.ഐയാണ്, കൗണ്ടർ അറ്റാക്ക്; റാഗ് ചെയ്യുന്നവരെ അടിക്കുക എന്നാണ് പച്ചമലയാളം. അതിന് ശക്തമായ നേതൃത്വം നൽകിയവരാണ് വി. ശിവൻകുട്ടിയും ഞാനുമൊക്കെ. റാഗിങ്ങുകാരെ കോടതിയിൽ കൊണ്ടുവന്നപ്പോൾ കോടതി വളപ്പിലിട്ടൊക്കെ അടി കൊടുത്തിട്ടുണ്ട്. കാമ്പസിൽ റാഗ് ചെയ്താൽ ഞങ്ങൾ നിങ്ങളെ തെരുവിൽ റാഗ് ചെയ്യുമെന്ന് പരസ്യമായി പറയുകയാണ്. വിദ്യാർഥികളുടെ ഭാഗത്തുനിന്ന് അത്തരം നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്.
എസ്.എഫ്.ഐ സി.പി.എം സംഘടനയാകുന്നു
വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്ന ഒരു പൊതുസംഘടന എന്നൊരു ഐഡന്റിറ്റിയിലേക്ക് സംഘടനക്ക് എത്രമാത്രം വിപുലപ്പെടാനായി? എസ്.എഫ്.ഐ ഇന്ത്യയിൽ എല്ലായിടത്തും ഉണ്ടായിരുന്നു. അന്നത്തെ മുദ്രാവാക്യം; മരുഭൂമികളുടെ രാജസ്ഥാനിൽ, ഗാന്ധി പിറന്നൊരു ഗുജറാത്തിൽ, ജയപ്രകാശിൻ ബിഹാറിൽ, വംഗനാട്ടിൽ, മലനാട്ടിൽ...വിശാല ഇന്ത്യൻ സങ്കൽപ്പത്തിലുള്ള മുദ്രാവാക്യം. എന്നാൽ, പാർട്ടിക്ക് പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങൾ നേരിട്ടു, കേരളത്തിൽ, രാജസ്ഥാനിൽ, ഒറീസയിൽ, ബീഹാറിൽ, ബംഗാളിൽ... എൺപതുകളുടെ മധ്യം മുതൽ പാർട്ടിക്കുള്ളിൽ ഒരു പാട് സംഘടനാപ്രശ്‌നങ്ങളുണ്ടായി. ഈ പ്രശ്‌നങ്ങൾ എസ്.എഫ്.ഐയെ തളർത്തിയില്ല, പക്ഷെ, സംഘടനയുടെ കാരക്റ്റർ മാറ്റിമറിച്ചു. എസ്.എഫ്.ഐ സി.പി.എം സംഘടനയായി.
എന്റെ ഒരു അനുഭവം പറയാം, 1986ൽ ദേശീയ വൈസ് പ്രസിഡന്റായിരിക്കുമ്പോൾ ഒരു നോട്ടീസ് പോലും തരാതെയാണ് എന്നെ പുറത്താക്കിയത്, എ.വി.ആറിനെ അനുകൂലിച്ചതുകൊണ്ട്. സീതാറാം യെച്ചൂരി ദേശീയ പ്രസിഡൻറായി, കേരളത്തിന് പുറത്തുള്ള ആദ്യ ദേശീയ പ്രസിഡന്റു കൂടിയായിരുന്നു യെച്ചൂരി (എന്റെ പേരാണ് ദേശീയ പ്രസിഡൻറുസ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടിരുന്നത്).
വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കണ കാലത്ത്, സ്വാശ്രയകോളേജ് വിഷയത്തിലൊക്കെ എസ്.എഫ്.ഐ പ്രചണ്ഡമായ സമരങ്ങൾ നടത്തി. ഞങ്ങളൊന്നും അന്നില്ല. ആ സമരങ്ങളൊക്കെ പാഴായിപ്പോയി. കഴിഞ്ഞ 25 കൊല്ലമായി എസ്.എഫ്.ഐയുടെ സമരം കൊണ്ട് മൗലികമായ നേട്ടങ്ങൾ വിദ്യാർഥി സമൂഹത്തിന് ഉണ്ടായോ എന്നു ചോദിച്ചാൽ, ഉത്തരം അവരാണ് പറയേണ്ടത്. സമരങ്ങളുണ്ടായി, എന്നാൽ, കാൽനൂറ്റാണ്ടുകൊണ്ട് എസ്.എഫ്.ഐ എന്തുനേടി എന്നല്ല, വിദ്യാർഥികൾ എന്തുനേടി എന്ന ചോദ്യത്തിന് ഉത്തരം, ദയനീയമായ പൂജ്യമാണ്.
എന്തുകൊണ്ട് സംയുക്ത വിദ്യാർഥി സമരങ്ങളില്ലാതായി?
പീന്നിടാണ് കാമ്പസ് അന്തരീക്ഷം കലുഷമാകുന്നത്. അന്നത്തെ കാലുഷ്യത്തിന് പ്രസക്തിയുണ്ടെന്ന് ഞാൻ പറയില്ലെങ്കിലും അന്ന് ഇരുസംഘടനകളും ശക്തമായിരുന്നു. കെ.എസ്.യുവിനും ഭയങ്കരമായ കായികശക്തിയുണ്ടായിരുന്നു കാമ്പസുകളിൽ. അതിനെ ചെറുക്കാനെന്ന മട്ടിലാണ് ഞങ്ങളും മുന്നോട്ടുപോയത്.
അന്ന് ഇതേപോലെ സംഘർഷമുണ്ടായിരുന്ന മേഖലയാണ് ചുമട്ടുതൊഴിലാളികൾ. വിദ്യാർഥികളും ചുമട്ടുതൊഴിലാളികളും ഒരുമിച്ചാണ് പ്രതിയോഗികളെ നേരിട്ടിരുന്നത്. ഉദാഹരണത്തിന് മഹാരാജാസിൽ പ്രശ്‌നമുണ്ടെങ്കിൽ ചുമട്ടുതൊഴിലാളികളെ വിളിക്കും. യൂണിവേഴ്‌സിറ്റി കോളജിൽ പ്രശ്‌നമുണ്ടായാൽ കണ്ണിമേറ മാർക്കറ്റിൽനിന്ന് തൊഴിലാളികളെ വിളിക്കും. അവർ ഒരു കടമ പോലെയാണ് ഓടിയെത്തുക. ഞങ്ങളെയും ഇതേപോലെ കടപ്പുറത്തുനിന്നൊക്കെ ആളുകൾ വന്ന് അടിക്കുകയും വെട്ടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അന്ന് തുല്യശക്തികളായിരുന്നു, വയലന്റുമായിരുന്നു, അതിൽ ആർക്കും പുണ്യവാളൻ ചമയാനാകില്ല.
പക്ഷെ, ഇപ്പോൾ തൊഴിലാളികളെ നോക്കൂ: ഒരേ ഷെഢിൽ സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും ബി.എം.എസും. അവിടെ വൈഫൈ കണക്ഷനും മൊബൈൽ ഫോണുമുണ്ട്. എന്നാൽ, ഇത്രയും വിദ്യാഭ്യാസമുള്ള വിദ്യാർഥികളുടെ സംഘടനകൾക്ക് കാമ്പസിൽ ഒരുമിച്ചിരിക്കാൻ കഴിയുന്നില്ല. അത് ഈ അമ്പതാം വാർഷികത്തിൽ എസ്.എഫ്.ഐ തിരുത്തണം, എന്തിനാണ് സംഘർഷം? വിദ്യാർഥി സംഘടനാ രംഗത്ത് സംയുക്ത സമരങ്ങളില്ലാതായി. അതേസമയം, തൊഴിലാളി സംഘടനകൾ ഒന്നിച്ച് സമരം ചെയ്യുന്നു. പണ്ട്, ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും കൂടിയാണ് ക്യൂബയിലേക്കും സോവിയറ്റ് യൂണിയനിലേക്കും പോകുക. ഇപ്പോൾ യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയും എവിടെയെങ്കിലും കണ്ടുമുട്ടാറുണ്ടോ? വല്ല എയർപോർട്ടിലോ റെയിൽവേ സ്‌റ്റേഷനിലോ കണ്ടുമുട്ടിയാൽ ഹലോ എന്നു പറഞ്ഞ് പോകും. ഇതേ പാർട്ടികൾ നേതൃത്വം കൊടുക്കുന്ന തൊഴിലാളി സംഘടനകൾക്ക് യോജിപ്പിന്റെ മാർഗം കണ്ടെത്താമെങ്കിൽ എന്തുകൊണ്ട് വിദ്യാർഥി സംഘടനകൾക്ക് കണ്ടെത്തിക്കൂടാ? മുമ്പത്തെ സംഘർഷങ്ങളുടെ കഥകൾക്കുള്ളിൽ കുടുങ്ങിപ്പോകരുത് പുതിയ തലമുറ.
ഒരു കാര്യം പറയാം. ബി.ജെ.പിക്ക് കേരളത്തിലുണ്ടായ വളർച്ച കാമ്പസുകളിലുണ്ടായിട്ടില്ല. അതിന് ഞാൻ എസ്.എഫ്.ഐയയും കെ.എസ്.യുവിനെയും എം.എസ്.എഫിനെയും അഭിനന്ദിക്കുന്നു. എൺപതുകളിൽ എസ്.എഫ്.ഐ കെ.എസ്.യുവിനെ തോൽപ്പിച്ചത് എം.എസ്.എഫും കെ.എസ്.സിയുമായി ചേർന്നുള്ള മുന്നണി കൊണ്ടാണ്. ആ മുന്നണിക്ക് നേതൃത്വം നൽകിയവരാണ് എ.കെ ബാലനും സുരേഷ് കുറുപ്പും പി.ശശിയും ഞാനും. നായനാർ സർക്കാർ പോയശേഷം, 82 മുതൽ എസ്.എഫ്.ഐ പിടിച്ചുനിന്നത് എം.എസ്.എഫിന്റെയും കെ.എസ്.സിയുടെയും സഹായത്തോടെയാണ്. അതിന് അന്ന് നേതൃത്വം കൊടുത്ത ഒരാളായിട്ടാണ് വിദ്യാർഥി രാഷ്ട്രീയത്തിൽ എന്റെ സ്ഥാനം. അന്ന് ആ സഖ്യമുണ്ടായിരുന്നില്ലെങ്കിൽ വിദ്യാർഥി സംഘടനാചരിത്രം മറ്റൊന്നാകുമായിരുന്നു.
ന്യൂ മിലേനിയം രാഷ്ട്രീയമാണ് വേണ്ടത്
എസ്.എഫ്.ഐ ഉണ്ടായത് 1970 ഡിസംബർ 30നാണ്. 50 വർഷം കഴിഞ്ഞപ്പോൾ 21 വയസ്സുള്ള എസ്.എഫ്.ഐക്കാരി മേയറായി. 50 വർഷം മുമ്പ് ഇത് ആലോചിക്കാൻ പറ്റുമോ? 2000ൽ ജനിച്ച കുട്ടിയാണ് മേയറായിരിക്കുന്നത്. ഇത് ന്യൂ മിലേനിയം സ്റ്റുഡന്റ്‌സിന്റെയും ന്യൂ മിലേനിയം പൊളിറ്റിക്‌സിന്റെയും കാലമാണ്. എസ്.എഫ്.ഐ മനസ്സിലാക്കേണ്ടത്, ഈ കാലത്ത് നവ ചിന്തകളാണുണ്ടാകേണ്ടത്. കായികാക്രമണങ്ങൾക്കും എക്ട്രിമിസത്തിനും സ്ഥാനമില്ല. ചെ ഗുവേര വിപ്ലവത്തിന്റെ ഐക്കൺ തന്നെയാണ്, പക്ഷെ, ജനാധിപത്യ പരീക്ഷണങ്ങളുടേതല്ല. അതുകൊണ്ടാണ് റോസ ലക്സംബർഗ് എന്ന് ഞങ്ങൾ പറയുന്നത്.
ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്തിട്ടുള്ള ലോക കമ്യൂണിസ്റ്റുകാരെ പരിഗണിച്ചാൽ, അതിൽ ഇന്ത്യൻ കമ്യൂണിസ്റ്റുകാർക്ക് വലിയ പ്രാധാന്യമുണ്ട്, പ്രത്യേകിച്ച് കേരളത്തിലുള്ളവർക്ക്. പക്ഷെ, ആ ജനാധിപത്യ പ്രക്രിയയുടെ ഉള്ളടക്കം (Content) മെച്ചപ്പെടുകയാണോ എന്ന് പുതിയ തലമുറ ചിന്തിക്കണം. ഇന്നത്തെ ചിന്തകളിൽ കൂടുതൽ ജനാധിപത്യം ആവശ്യപ്പെടുന്നുണ്ട്. ഇവിടെയാണ് കാമ്പസുകളിലെ സംവാദങ്ങളിലും ജീവിതങ്ങളിലും (തെരഞ്ഞെടുപ്പുകളിലല്ല) ജനാധിപത്യം കുറയുന്നുവോ എന്ന തോന്നലുണ്ടാകുന്നത്. ലവ് ജിഹാദിനെതിരെയെന്ന പേരിൽ വലതുപക്ഷം നിയമങ്ങളുമായി വരുമ്പോൾ വിദ്യാർഥി സംഘടനകളുടെ ഭാഗത്തുനിന്ന് എതിർ മുദ്രാവാക്യം ഉയരാത്തത് എന്തുകൊണ്ടാണ്? പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങൾ ഇത്തരം പ്രചാരണങ്ങൾക്കുമുന്നിൽ പകച്ചുനിൽക്കുകയാണോ എന്ന് സംശയിക്കുന്നു.
റാഗിങ്ങും കോപ്പിയടിയും തടയാനും മയക്കുമരുന്നിനെ കാമ്പസിനുപുറത്താക്കാനും ഇന്ന് സംഘടനകൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? കുട്ടികളുടെ ഡിമാന്റിലല്ല ഇപ്പോൾ സംഘടന ഊന്നുന്നത്. ചില സമീപകാല ഉദാഹരണങ്ങൾ പറയാം. ഡംഗിപ്പനി വന്ന് കുട്ടികൾ മരിച്ചു, വായ്പയെടുത്ത് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചു, ഏത് വിദ്യാർഥി സംഘടനയാണ് ഇക്കാര്യങ്ങളിൽ ബോധവാന്മാരായിട്ടുള്ളത്? ലോണുകൾ, കൂടുതൽ ലോൺ സ്‌കോളർഷിപ്പുകൾ സർക്കാറിൽനിന്ന് നേടിയെടുക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല. യോജിച്ചുനിന്നാൽ ഇത്തരം പല ആവശ്യങ്ങളും നേടിയെടുക്കാനാകും. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്ത് വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ മുന്നോട്ടുവെക്കാൻ ഏത് വിദ്യാർഥി സംഘടനക്കാണ് കഴിഞ്ഞത്? ഡസൻ കണക്കിന് കുട്ടികളാണ് ഈ സമയത്ത് കേരളത്തിൽ ആത്മഹത്യ ചെയ്തത്. ഏതെങ്കിലും സംഘടന ഇക്കാര്യം കൈകാര്യം ചെയ്തുവോ? പകർച്ചപ്പനി ബാധിച്ച് വിദ്യാർഥികൾ മരിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടോ? എസ്.എഫ്.ഐ ശക്തമായ കാമ്പസുകളിൽ പോലും റാഗിങ് ഇല്ലാതാക്കാൻ അവർക്ക് കഴിയുന്നില്ല, അല്ലെങ്കിൽ അവരും ഇത്തരം ദുഷ്പ്രവണതകളുടെ ഭാഗമാകുന്നു.
വിദ്യാർഥികളോട് ബാങ്കുകളെ ആശ്രയിക്കാനാണ് തൊണ്ണുറുകളിൽ പറഞ്ഞത്, അതൊരു പരാജയമായിരുന്നു. മാർക്കുള്ള കുട്ടികൾക്ക് സ്‌കോളർഷിപ്പ് കൊടുക്കണം. മികച്ച ഉന്നത വിദ്യാ്യ അഡ്മിഷൻ കിട്ടിയാൽ ആ കുട്ടിക്ക് കേരള സർക്കാർ സ്‌കോളർഷിപ്പ് കൊടുക്കണം. ജോലി കിട്ടിയശേഷം തിരിച്ചുകൊടുത്താൽ മതി. മഹാരാജാസിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിക്ക് ലോകത്തെവിടെയും പഠിക്കാൻ സ്‌കോളർഷിപ്പ് കൊടുക്കൂ. എ പ്ലസ് കിട്ടിയ പതിനായിരം കുട്ടികൾ കേരളത്തിലുണ്ടെങ്കിൽ അവർക്കുമാത്രമായി സ്‌കോളർഷിപ്പ് പരീക്ഷ വെക്കൂ. അതിൽ, 20 ശതമാനം കുട്ടികൾക്ക് സ്‌കോളർഷിപ്പ് കൊടുക്കൂ. ആ കുട്ടികളെ സർക്കാർ ദത്തെടുക്കൂ. ഇതെല്ലാം ആ കുട്ടികളെ സഹായിക്കാൻ വേണ്ടി മാത്രമല്ല, അതൊരു സോഷ്യൽ ഇൻസെന്റീവാണ്.
ഇതുപോലത്തെ ന്യൂ മിലേനിയം കൺസേൺസ് ഉണ്ട്. അന്താരാഷ്ട്ര കാമ്പസുകളുമായി ബന്ധപ്പെടണം. യൂണിവേഴ്‌സിറ്റി കോളജും മാർ ഇവാനിയോസും മഹാരാജാസും തമ്മിൽ സംസാരിച്ചാൽ പോരാ, ഈ കാമ്പസുകൾ ഹാർവാർഡും കേംബ്രിഡ്ജും ഓക്‌സ്‌ഫോർഡുമായൊക്കെ സംസാരിക്കണം. അതൊന്നും ഇപ്പോൾ വിദ്യാർഥി സംഘടനകൾ ഡിമാന്റായി ഉയർത്തുന്നില്ല.
ന്യൂ മിലേനിയം കാലത്ത് പുതുചിന്തകൾ ഉയരണം. ബെഡ് റൂമിനൊപ്പം, സിറ്റിംഗ് റൂമിനൊപ്പം, വിവാഹങ്ങൾക്കൊപ്പം, ക്ലാസ്‌റൂമുകളും കാമ്പസുകളും ഡെമോക്രാറ്റിക് ആകുകയാണ് വേണ്ടത്. ചിന്തകൾ ജനാധിപത്യപരമാകണം. അതാണ് എസ്.എഫ്.ഐയുടെ കൊടിയിൽ എഴുതിയിരിക്കുന്ന സ്വാതന്ത്ര്യം. അത് കാമ്പസിലും ആവശ്യമാണ്. വിദ്യാർഥി സംഘടനകൾ ഒരുമിച്ച് മുദ്രാവാക്യം മുഴക്കണം.
പണ്ട് ബസ് ചാർജ് കുറക്കാനും ഉച്ചഭക്ഷണത്തിനുമൊക്കെയാണ് സമരം നടന്നത്. ഇപ്പോഴും ഇതെല്ലാം പ്രധാന പ്രശ്‌നങ്ങൾ തന്നെയാണ്. അതോടൊപ്പം, പുതിയ പ്രശ്‌നങ്ങളെ കൂടി അഭിമുഖീകരിക്കേണ്ടതുണ്ട്. സവർണ സംവരണം വലിയ തിരിച്ചടിയാണ്, എവിടെ എസ്.എഫ്.ഐ? എഴുപതുകളിൽ സംവരണത്തിന്റെ വാതിൽ തുറന്നപ്പോഴാണ് എസ്.എഫ്.ഐ കയറിവന്നതെന്ന കാര്യം മറക്കരുത്. ഇതുപോലെ മുന്നോട്ടുപോയാൽ മുന്നാക്കക്കാരും പിന്നാക്കക്കാരും തമ്മിലുള്ള അന്തരം കേരളത്തിൽ വർധിക്കാനാണ് സാധ്യത.
എസ്.എഫ്.ഐയുടെ പതാകയിലുള്ളത് മനോഹര മുദ്രാവാക്യങ്ങളാണ്. സ്റ്റാലിനിസത്തെ തള്ളിക്കളയുകയാണ് വേണ്ടത് ന്യൂ മിലേനിയം കമ്യൂണിസ്റ്റ് പാർട്ടികൾ. എസ്.എഫ്.ഐ പുതിയ രീതിയിൽ ചിന്തിക്കണം. അതിന് അവർ സ്റ്റാലിനിൽനിന്ന് ഏറ്റവും ചുരുങ്ങിയത് റോസയിലേക്കെങ്കിലും നോക്കണം. സ്റ്റാലിനിസ്റ്റ് സ്വാതന്ത്ര്യവും സ്റ്റാലിനിസ്റ്റ് ജനാധിപത്യവും കേമമാണെന്ന് ഞങ്ങൾ വിചാരിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ പതനത്തോടെ മുഖ്യധാരാ ഇടതുപക്ഷം റീ തിങ്ക് ചെയ്തില്ല. അതിന്റെ ഫലമായി എന്തുസംഭവിച്ചു?
കേരളത്തിൽ മാത്രമേ എസ്.എഫ്.ഐ ഉള്ളൂ. 50ാം വാർഷികം ആഘോഷിക്കുന്ന കാലത്ത് കേരളത്തിലൊഴികെ എത്ര സ്ഥലത്ത് എസ്.എഫ്.ഐ ഉണ്ടെന്ന് സംഘടന ചിന്തിക്കണം. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യ മുഴുവൻ പടർന്നുപന്തലിച്ച എസ്.എഫ്.ഐ ഇപ്പോൾ ഉണ്ടോ? അതൊരു ചോദ്യമല്ലേ? കൊൽക്കത്തയിലെ വിപ്ലവത്തീ പിടിച്ച കാമ്പസുകൾ ഇന്നെവിടെ? ഇന്ത്യയിൽ പത്തിവിടർത്തിയാടുന്ന ഫാസിസത്തിനെതിരായി എന്തുകൊണ്ട്, രാഷ്ട്രീയ പാർട്ടികൾക്കിടയിലുള്ള ഐക്യത്തോടെ, ഇന്ത്യയിലെ ജനാധിപത്യ വിദ്യാർഥി സംഘടനകൾക്ക് ഒരുമിച്ച് നിൽക്കാൻ കഴിയുന്നില്ല? എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, എൻ.എസ്.യു- ഐ, എം.എസ്.എഫ്, മറ്റ് മതേതര ജനാധിപത്യ വിദാർഥി പ്രസ്ഥാനങ്ങൾക്ക് യോജിച്ചുനിൽക്കാൻ കഴിയണം. അങ്ങനെ പുതിയ തലമുറ ചിന്തിക്കുകയും വളരുകയും വേണം.