കേരളത്തില്‍ ഒഴിവുവരുന്ന രണ്ട് സീറ്റുകളില്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് എമ്മും മത്സരിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനാണ് മുന്നണി യോഗത്തിന് ശേഷം തീരുമാനം അറിയിച്ചത്.
രാജ്യസഭാസീറ്റില്‍ ഘടകകക്ഷികള്‍ക്കുവേണ്ടി സീറ്റ് വിട്ടുകൊടുക്കുന്ന രീതി സി.പി.എം. സാധാരണ സ്വീകരിക്കാറില്ല. 2000-ത്തില്‍ ആര്‍.എസ്.പി.ക്ക് രാജ്യസഭാസീറ്റ് നല്‍കിയതാണ് ഇതിലൊരുമാറ്റമുണ്ടായത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ എടുക്കുന്ന തീരുമാനമാണിതെന്നായിരുന്നു ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവുള്ള മൂന്ന് സീറ്റില്‍ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതില്‍ ഒന്നിലാണ് കേരള കോണ്‍ഗ്രസ് എം മത്സരിക്കുക. ജോസ് കെ മാണിയാണ് കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക.
സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ഉറച്ചു നിന്നതോടെയാണ് സിപിഎം മല്‍സരിക്കേണ്ട എന്ന് തീരുമാനിച്ച് വിട്ടുവീഴ്ചയ്ക്ക് തയാറായത്. ആര്‍.ജെ.ഡിയും സമാന ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും ആവശ്യം അംഗീകരിച്ചില്ല. സിപിഐ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും ബിനോയ് വിശ്വത്തിനാണ് സാധ്യത.
രാജ്യസഭയിലും ലോക്സഭയിലും ഓരോ അംഗങ്ങളുള്ള പാര്‍ട്ടിയായാണ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്ക് വന്നത്. ഇതുരണ്ടും ഇല്ലാതാകുന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പ്രശ്‌നമുണ്ടാക്കുന്നതാണെന്നായിരുന്നു ജോസ് കെ മാണി സിപിഎം നേതൃത്വത്തെ അറിയിച്ചത്. ഇത് സിപിഎം അംഗീകരിക്കുകയായിരുന്നു.
അഞ്ച് അംഗങ്ങളുണ്ടെങ്കിലേ രാജ്യസഭയില്‍ ഒരുകക്ഷിക്ക് 'ബ്ലോക്ക്' ആയി നില്‍ക്കാനുള്ള പരിഗണന ലഭിക്കൂ. കേരളത്തിലെ രാജ്യസഭാസീറ്റിലൊന്ന് ഉപേക്ഷിച്ചാല്‍ രാജ്യസഭയില്‍ ഈ പരിഗണന സി.പി.എമ്മിന് നഷ്ടമാകും.