സി.പി.ഐയുടെ ജയിച്ച തന്ത്രവും സി.പി.എമ്മിന്റെ തോറ്റ തന്ത്രവും

കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പൊതുസമീപനം കൈക്കൊള്ളാനായില്ല. ഫാഷിസ്റ്റ് വിരുദ്ധമുന്നണിയുടെ അച്ചുതണ്ട് ഇടതുപാര്‍ട്ടികളുടെ ഐക്യമാണെന്ന അവരുടെ പറച്ചില്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ജനങ്ങള്‍ വിലയിരുത്താന്‍ ഇത് കാരണമാക്കി.

ലോകസഭ പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കേ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പും അതിന്റെ ഫലവും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വാഭാവികമായും കോണ്‍ഗ്രസിന്റെ വിജയം മതേതരവാദികളിലും പുരോഗമനവാദികളിലും ഏറെ ആഹ്‌ളാദം സൃഷ്ടിച്ചിട്ടുണ്ട്. ഫാഷിസ്റ്റ് വിരുദ്ധരായ എഴുത്തുകാരിലും മനുഷ്യാവകാശ പ്രവര്‍ത്തകരിലും ആക്ടിവിസ്റ്റുകളിലും അത് പ്രതീക്ഷയും സ്വപ്നം കാണാനുള്ള കഴിവും നിലനിര്‍ത്തുന്ന ഒന്നായി മാറിത്തീര്‍ന്നിട്ടുണ്ട്.

ഫലം വന്ന ദിവസം രാത്രി സന്തോഷത്താല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് എഴുത്തുകാരി അരുന്ധതി റോയി സാക്ഷ്യപ്പെടുത്തിയത്. അറിയപ്പെടുന്നവരും അല്ലാത്തവരുമായ എത്രയോ ഇന്ത്യാക്കാര്‍ക്ക് അതേ അനുഭവം ഉണ്ടായിട്ടുണ്ടാകും. അപരസ്‌നേഹത്തോടേയും സൗഹാര്‍ദത്തോടെയും ക്ഷണികജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന മനുഷ്യര്‍ക്ക് ഇത്തരം ചെറിയൊരു ആശ്വാസം പോലും വില പിടിപ്പുള്ളതാണ്. അതിനാല്‍ ആ നിമിഷങ്ങള്‍ അവര്‍ എന്നും ഓര്‍മിക്കും, അതിനു കാരണക്കാരായവരെ ചേര്‍ത്തു പിടിക്കും.

കർണാടക ഫലം വന്ന ദിവസം രാത്രി സന്തോഷത്താല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് അരുന്ധതി റോയി സാക്ഷ്യപ്പെടുത്തിയത്.
കർണാടക ഫലം വന്ന ദിവസം രാത്രി സന്തോഷത്താല്‍ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് അരുന്ധതി റോയി സാക്ഷ്യപ്പെടുത്തിയത്.

മലയാളികള്‍ എന്നും ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാലും അവിടങ്ങളിലെ ഇടതുപാര്‍ട്ടികളുടെ നിലപാടും പ്രകടനവും ശ്രദ്ധയോടെ ഉറ്റുനോക്കാറുണ്ട്. വിശദമായി വിലയിരുത്താറുണ്ട്. കൂടിയിരുപ്പുകളില്‍ അവയുടെ അനന്തരഫലങ്ങളെക്കുറിച്ച് തര്‍ക്കിക്കാറുണ്ട്. അതുണ്ടാക്കാന്‍ പോകുന്ന പരിണാമങ്ങളെ സംബന്ധിച്ച് സംവാദങ്ങളിലേര്‍പ്പെടാറുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇടതുപാര്‍ട്ടികളുടെ ശക്തി വളരെ കുറവാണെങ്കില്‍ പോലും അത്തരം ചര്‍ച്ചകള്‍ സാധാരണമാണ്. ദശകങ്ങളായി അതുണ്ടായിരുന്നു. ഭാവിയിലും ഉണ്ടാകാതിരിക്കില്ല. പല കാരണങ്ങള്‍ അതിനുണ്ട്. കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ക്കും ആശയങ്ങള്‍ക്കുമുള്ള താരതമ്യേനയുള്ള വര്‍ധിച്ച സ്വാധീനം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. കേരളത്തിലെ അവസ്ഥ രാജ്യത്തെങ്ങും ഉണ്ടായിക്കാണാന്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്നവരാണ് മലയാളികളായ ഇടതനുഭാവികള്‍. ഇന്ത്യയ്ക്കു പുറത്തുള്ള മലയാളികളും മറ്റു സംസ്ഥാനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞടുപ്പുകളെക്കുറിച്ചുപോലും സജീവമായി ചര്‍ച്ച ചെയ്യാറുണ്ട്. സംഘപരിവാറിന് രാജ്യത്ത് ഭരണം ലഭിച്ചതില്‍ പിന്നെ അതവസാനിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഈ ഇടതു ജനസാമാന്യം. അതിനാര്‍ക്കാവും കഴിയുക എന്നു അവര്‍ ചര്‍ച്ച ചെയ്യുകയും വിലയിരുത്തല്‍ നടത്തുകയും ചെയ്യും. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ തെരഞ്ഞെടുപ്പില്‍ ഇടതു പരിവാര്‍ പരാജയപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവരും അതു സ്വപ്നം കാണുന്നവരുമാണ് അവര്‍.

കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പൊതുസമീപനം കൈക്കൊള്ളാനായില്ല. പലവിധമുള്ള കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് അവര്‍ മത്സരിച്ചത്.

കര്‍ണാടക നിയമസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു പൊതുസമീപനം കൈക്കൊള്ളാനായില്ല. പലവിധമുള്ള കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയാണ് അവര്‍ മത്സരിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫില്‍ നിലയുറപ്പിച്ച പാര്‍ട്ടികള്‍ക്ക് അയല്‍സംസ്ഥാനമായ കർണാടകയില്‍ ഒരുമിക്കാനായില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണ് ഇടതുപാര്‍ട്ടികള്‍ക്ക് ഇത്തരമൊരു പതനം സംഭവിച്ചത്. ഇടതുമുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സി.പി.എമ്മും സി.പി.ഐയും കര്‍ണാടകയില്‍ പല മണ്ഡലങ്ങളിലും പരസ്പരം മല്‍സരിച്ചു. ബി.ജെ.പിക്കെതിരായ വോട്ടുകള്‍ ഭിന്നിച്ചു പോകാതെ സമാഹരിക്കാന്‍ ഉത്തരവാദിത്തമുള്ള പാര്‍ട്ടികളാണ് രണ്ടും. എന്നാല്‍ ഇരുവരും രണ്ടു തന്ത്രങ്ങളാണ് സ്വീകരിച്ചത്. നാമമാത്രമെങ്കിലും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് ഇരുവരും മത്സരിച്ചത്. ആ മണ്ഡലങ്ങളിലെങ്കിലും ഇരുവര്‍ക്കും ഒരു ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഫാഷിസ്റ്റ് വിരുദ്ധമുന്നണിയുടെ അച്ചുതണ്ട് ഇടതുപാര്‍ട്ടികളുടെ ഐക്യമാണെന്ന അവരുടെ പറച്ചില്‍ ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് ജനങ്ങള്‍ വിലയിരുത്താന്‍ ഇത് കാരണമാക്കി.

Photo: CPIM Karnataka
Photo: CPIM Karnataka

സി.പി.ഐ ഏഴ് സീറ്റിലും സി.പി.എം നാലു സീറ്റിലുമാണ് സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയത്. സി.പി.ഐ അതോടൊപ്പം, സി.പി.എമ്മിന്​ ഏറ്റവും സ്വാധീനമുള്ള മണ്ഡലമായ ബാഗേപ്പള്ളിയില്‍ അവര്‍ക്ക് പിന്തുണ കൊടുത്തു, തിരിച്ച് ഒരിടത്തും പിന്തുണ ലഭിക്കാഞ്ഞിട്ടും. സി.പി.എം സ്ഥാനാര്‍ത്ഥി മുമ്പ് വിജയിച്ച മണ്ഡലമാണ് ബാഗേപ്പള്ളി. ഇതു കൂടാതെ മാണ്ഡ്യയിലെ മെല്‍ക്കോട്ട് മണ്ഡലത്തില്‍ മതേതര പാര്‍ട്ടിയായ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് സി. പി.ഐ പിന്തുണ കൊടുത്തു. അവശേഷിക്കുന്ന 215 സീറ്റുകളിലും ഏറ്റവും വലിയ ബി.ജെ.പി ഇതര പാര്‍ട്ടിയായ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ കൊടുക്കുകയാണ് സി.പി.ഐ ചെയ്തത്. തങ്ങളുടെ പരിമിത സ്വാധീനത്തെക്കുറിച്ച് വസ്തുനിഷ്ഠധാരണ വച്ചു പുലര്‍ത്തുന്ന ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് ഇന്ന് ഇന്ത്യയിലെ ഒരു നിയമസഭ തെരഞ്ഞെടുപ്പില്‍ എടുക്കാവുന്ന ഏറ്റവും ഉചിതമായ നിലപാടും തന്ത്രവുമാണ് കര്‍ണാടകയില്‍ സി.പി.ഐ സ്വീകരിച്ചത് എന്നു കാണാം.

ജനാധിപത്യ പൊതുധാരയോടൊപ്പം നില്‍ക്കാന്‍ സി.പി.എമ്മിന്​ കഴിഞ്ഞില്ല. നാലു സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ബാക്കിയിടങ്ങളില്‍ ജെ.ഡി-എസിന് പിന്തുണ കൊടുക്കുകയുമാണ് സി.പി.എം ചെയ്തത്.

രാഷ്ട്രീയ പാര്‍ട്ടികള്‍പ്പുറം ജനാധിപത്യം നിലനിന്നു കാണണം എന്നാഗ്രഹിക്കുന്ന കര്‍ണാടകയിലെ അനേകം സന്നദ്ധസംഘടനകള്‍, വ്യക്തികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരും ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാനായി കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. മതേതരപക്ഷത്ത് വോട്ടുകള്‍ ഭിന്നിക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കുന്നതിന്​ അവര്‍ സ്വതന്ത്രരുള്‍പ്പെടെ പല സ്ഥാനാര്‍ത്ഥികളെക്കൊണ്ടും പത്രിക പിന്‍വലിപ്പിച്ചു. ‘എദ്ദേളു കര്‍ണാടക’ (Wake Up Karnataka) എന്ന കൂട്ടായ്മ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയിലാണ് ജനാധിപത്യവാദികളുടെ ഇത്തരം കൂട്ടായ്മകള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത്. കോണ്‍ഗ്രസിന്റെ പരിമിതികള്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് അവരൊക്കെയും ഹിന്ദുത്വ ശക്തികളെ ചെറുത്തു തോല്‍പ്പിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഇത്തരം ശ്രമം നടത്തിയത്. അധികാര വടംവലി കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ടെന്നും മൃദു ഹിന്ദുത്വത്തിലേക്ക് അത് പലപ്പോഴും വഴുതുമെന്നും ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കാനിടയുണ്ടെന്നും അറിഞ്ഞു കൊണ്ടു തന്നെ ചെയ്ത ഫാഷിസ്റ്റ് വിരുദ്ധ പക്ഷം ചേരലായിരുന്നു അത്.

എന്നാല്‍ ഈ ജനാധിപത്യ പൊതുധാരയോടൊപ്പം നില്‍ക്കാന്‍ സി.പി.എമ്മിന്​ കഴിഞ്ഞില്ല. നാലു സീറ്റുകളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും ബാക്കിയിടങ്ങളില്‍ ജെ.ഡി-എസിന് പിന്തുണ കൊടുക്കുകയുമാണ് സി.പി.എം ചെയ്തത്. ബി.ജെ.പിയോടൊപ്പം തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി ഭരിക്കാനുള്ള സാഹചര്യം നിലനിര്‍ത്തിക്കൊണ്ടായിരുന്നു ജെ.ഡി.എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മുമ്പോട്ടുപോയത്. തങ്ങള്‍ ആരുടെ കൂടെ പോകും എന്നു തീരുമാനമെടുത്തിട്ടില്ല എന്നാണ് മെയ് 13- ന് വോട്ടെണ്ണുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പു പോലും അവരുടെ നേതാവ് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞത്. അത്തരമൊരു വലതുപക്ഷ നിലപാട് നിലനിര്‍ത്തി രാഷ്ട്രീയം കളിക്കുന്ന ഒരു പാര്‍ട്ടിക്കാണ് സി.പി.എം എന്ന ഇടതുപാര്‍ട്ടി പിന്തുണ കൊടുത്തത്. പരിഹാസ്യമായി വിലയിരുത്തപ്പെടാവുന്ന ഒരു നിലപാട്. മതേതരത്വവും ജനാധിപത്യവും പേരിനെങ്കിലും ഉള്ള പാര്‍ട്ടി ഇന്ന് ആദ്യം പ്രഖ്യാപിക്കേണ്ട ഒരു കാര്യം മറ്റാരുമായി സഖ്യമുണ്ടാക്കിയാലും സംഘപരിവാറുമായി സഖ്യമുണ്ടാക്കി ഭരണത്തിലേറില്ല എന്നതാണ്. അതു പ്രഖ്യാപിച്ചില്ലെന്നു മാത്രമല്ല ബി.ജെ.പി കൂട്ടുഭരണത്തിനുള്ള സാധ്യത തുറന്നിടുകയാണ് ജെ. ഡി- എസ് ചെയ്തത്.

ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്ന ആത്മഹത്യാപരമായ നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഫലം വന്നപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാവുകയും ചെയ്തു. വിജയപ്രതീക്ഷ ഉണ്ടായിരുന്ന ബാഗേപ്പള്ളിയില്‍ ജെ.ഡി- എസ് പിന്തുണ ഉണ്ടായിരുന്നിട്ടും വോട്ടു കുറഞ്ഞു.

ഏറ്റവും നിര്‍ണായകമായ ഒരു പൊതു തെരഞ്ഞെടുപ്പിന് ഒരു കൊല്ലം അവശേഷിക്കേ, ബി.ജെ.പിഭരണം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തിലെ തെരഞ്ഞെടുപ്പിലാണ് ജെ.ഡി- എസ് ഇത്തരം നിലപാട് സ്വീകരിച്ചത്. ആ പാര്‍ട്ടിക്ക് പിന്തുണ കൊടുത്തത് സി.പി.എം എന്ന പാര്‍ട്ടിയുടെ ഫാഷിസ്റ്റ് വിരുദ്ധ നിലപാടിന്റെ വിശ്വാസ്യത തകര്‍ക്കുന്ന സമീപനമായി മാറുകയാണുണ്ടായത്. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ മെച്ചപ്പെട്ട ബദല്‍ ഒന്നും ജെ. ഡി-എസിനില്ല എന്നതും വ്യക്തമാണ്. ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നും സ്വയം വിട്ടുനില്‍ക്കുന്ന ആത്മഹത്യാപരമായ നിലപാടാണ് ഇതുവഴി സി.പി.എം സ്വീകരിച്ചത്. ഫലം വന്നപ്പോള്‍ പാര്‍ട്ടിക്ക് നഷ്ടം ഉണ്ടാവുകയും ചെയ്തു. വിജയപ്രതീക്ഷ ഉണ്ടായിരുന്ന ബാഗേപ്പള്ളിയില്‍ ജെ.ഡി- എസ് പിന്തുണ ഉണ്ടായിരുന്നിട്ടും വോട്ടു കുറഞ്ഞു.

കുമാരസ്വാമി
കുമാരസ്വാമി

ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തിന്റെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടി എന്ന പദവി കോണ്‍ഗ്രസില്‍ നിന്നു മാറി ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നു എന്നാണ് പാര്‍ട്ടി ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി അടുത്തിടെ പ്രസ്താവിച്ചത്. അത്തരമൊരു അവസരത്തിലാണ് സി.പി.എം കര്‍ണ്ണാടകയില്‍ അതിന് വിരുദ്ധമായ ഒരു തന്ത്രം സ്വീകരിച്ചത്. സി.പി.ഐ സ്വീകരിച്ച താരതമ്യേന പുരോഗമന നിലപാട് മുന്നിലിരിക്കുമ്പോഴാണ് സഹോദര പാര്‍ട്ടിയായ സി.പി.എം ഇത്തരമൊരു നിലപാടിലേക്ക് പോയത് എന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസ് വിരോധത്തിന്റേതായ ഒരു എലമെൻറ്​ സി.പി.എം എന്ന പാര്‍ട്ടിയില്‍ ഇപ്പോഴും ശക്തമായി തുടരുന്നു എന്നു വ്യക്തമാക്കുന്നതാണ് ഇത്. കോണ്‍ഗ്രസിനെ ദല്ലാള്‍ സ്വഭാവമുള്ള ബൂര്‍ഷ്വാ വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയകക്ഷിയായി കണ്ട് നിശിത വിമര്‍ശനങ്ങള്‍ നടത്താറുള്ള ഇന്ത്യയിലെ എം. എല്‍ പാര്‍ട്ടികള്‍ പോലും സംഘപരിവാറിന്റെ തോല്‍വി ഉറപ്പുവരുത്താനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യണം എന്ന തന്ത്രപരമായ നിലപാടാണ് അടുത്തകാലത്തായി സ്വീകരിച്ചുവരുന്നത്.

ഒരു സാഹചര്യത്തിലും ബി.ജെ.പിയുമായി സഹകരിക്കുകയോ അവരൊപ്പം ഭരണം പങ്കിടുകയോ ചെയ്യില്ല എന്ന് ജനസമക്ഷം പ്രഖ്യാപിക്കുന്ന പാര്‍ട്ടികളുമായി മാത്രമേ ഇന്നു ഇടതുപക്ഷത്തിന് കൂട്ടുകൂടാനാവൂ. അവിടെയാണ് ഇടതുപക്ഷത്തിന് ഇപ്പോള്‍ നാം എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടിവരുന്നത്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിലെ തെറ്റ് 2024- ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ആവര്‍ത്തിക്കുകയില്ലെന്നു പ്രതീക്ഷിക്കാം. ഇടതുപാര്‍ട്ടികള്‍ഇന്ത്യലെമ്പാടും പരസ്പരം മത്സരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് വിശ്വസിക്കാം. കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ഒരുപോലെ എതിരായ മൂന്നാം മുന്നണി എന്നത് ഒരു കാലത്ത് ഇടതുപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ത്തമായ പരിസരത്തില്‍ നിന്ന്​ അത്​ അപ്രത്യക്ഷമായതാണ്. അത്തരം പരീക്ഷണങ്ങള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ മന്ത്രിസഭയ്ക്ക് സി.പി. ഐയും സി.പി.എമ്മും പിന്തുണ കൊടുത്തത്. ഇന്ന് അത്തരമൊരു മൂന്നാം മുന്നണി രൂപീകരിച്ചാല്‍ അതിന്റെ പ്രയോഗഗുണം ലഭിക്കുന്നത് സംഘപരിവാറിനായിരിക്കും. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് ബദല്‍നയങ്ങളുള്ള ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഇടതുപക്ഷത്തിന് പുറത്ത് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സാഹചര്യത്തിലും ബി.ജെ.പിയുമായി സഹകരിക്കുകയോ അവരൊപ്പം ഭരണം പങ്കിടുകയോ ചെയ്യില്ല എന്ന് ജനസമക്ഷം പ്രഖ്യാപിക്കുന്ന പാര്‍ട്ടികളുമായി മാത്രമേ ഇന്നു ഇടതുപക്ഷത്തിന് കൂട്ടുകൂടാനാവൂ. ജനസ്വാധീനമുള്ള അത്തരം പാര്‍ട്ടികള്‍ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. അവിടെയാണ് ഇടതുപക്ഷത്തിന് ഇപ്പോള്‍ നാം എന്തു ചെയ്യണം എന്ന ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടിവരുന്നത്. അവിടെ നിസ്സംഗത പുലര്‍ത്തുന്നത് ഒളിച്ചോട്ടമായിരിക്കും. ഫാഷിസ്റ്റ് വിരുദ്ധമുന്നണിയുടെ സ്വഭാവവും ഘടനയും സംബന്ധിച്ച് ഇടതുപക്ഷത്തിന് രാഷ്ട്രീയാനുഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള സുചിന്തിതമായ നിലപാട് ആവശ്യമുണ്ട്.

Photo: CPIM Karnataka
Photo: CPIM Karnataka

രാഹുല്‍ഗാന്ധി അടുത്തകാലത്ത് എടുത്ത സമീപനങ്ങളും മോദി- അദാനി ബന്ധത്തെ തുറന്നുകാട്ടുന്നതില്‍ കാണിച്ച ആര്‍ജ്ജവവും ഇടതുപക്ഷത്തിന് കാണാതിരിക്കാനാവില്ല. എത്ര ദുര്‍ബലമാണെങ്കിലും കോണ്‍ഗ്രസ്സില്‍ അത്തരം നിലപാടുകള്‍ ഉയര്‍ന്നുവരുന്നു എന്നത് നിസ്സാരകാര്യമല്ല. അത്തരം വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസിൽ ഉയര്‍ത്തുന്നവരുമായി ഇടതുപക്ഷം ഐക്യപ്പെടേണ്ടതുണ്ട്. സംഘപരിവാര്‍ കോണ്‍ഗ്രസ്സ് വിമുക്തഭാരതം ലക്ഷ്യമിടുന്നതും ഇത്തരം പുരോഗമന ചലനങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള വേദികള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിഭിന്ന വര്‍ഗ്ഗങ്ങളുടേയും സാമൂഹ്യവിഭാഗങ്ങളുടേയും താത്പര്യങ്ങള്‍ ഏറ്റുമുട്ടുന്ന ജനാധിപത്യവേദി കൂടിയാണ് കോണ്‍ഗ്രസ്സ്. ഇന്നതില്‍ മുതലാളിത്ത ശക്തികള്‍ക്കാണ് മേധാവിത്തവും പ്രാമുഖ്യവും. എന്നാല്‍ പുരോഗമന ശക്തികള്‍ക്കും ചെറുതെങ്കിലും അവിടെ ഒരിടമുണ്ട്. കോണ്‍ഗ്രസ്സുമായി സമരവും വിമര്‍ശനവും കൈവിടാതുള്ള ഐക്യമാണ് അതിനാല്‍ ഇന്നത്തെ ഹിന്ദുത്വ ഫാഷിസ്റ്റ് മുന്നേറ്റത്തിന്റെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് സ്വീകരിക്കാന്‍ കഴിയുക. കർണാടകയിലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐ തിരിച്ചറിവിന്റേതായ അത്തരമൊരു നയമാണ് സ്വീകരിച്ചത്. എന്നാല്‍ സി.പി.എമ്മിന്​ അതിന് കഴിഞ്ഞില്ല.

പരമാവധി വിശാലമായ ഐക്യത്തിനുവേണ്ടി ശ്രമിക്കുക എന്നത് ഫാഷിസ്റ്റ് വിരുദ്ധതയുടെ മുന്നണിപ്പോരാളികളായ ഇടതുപക്ഷത്തിന്റെ, വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കടമയാണ്. ഇതിലുണ്ടാകുന്ന ചെറിയ പാളിച്ചകള്‍ക്കുപോലും വലിയ വില കൊടുക്കേണ്ടിവരും എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്.

പിളര്‍പ്പന്‍ ശക്തികള്‍ക്ക് ഫാഷിസത്തിന്റെ ഇരകളാകേണ്ടിവരുന്ന ജനവിഭാഗങ്ങളുടെ പിന്തുണ കിട്ടില്ല എന്ന വാസ്തവം ഇടതുപാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായി ഏറ്റവും ഫലപ്രദമായ മുന്നണി കെട്ടിപ്പെടുക്കാന്‍ കഴിയുന്നവര്‍ക്കേ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയള്ള ജനസാമാന്യത്തിന്റെ പിന്തുണ ലഭിക്കുകയുള്ളൂ. ഇടതു പാര്‍ട്ടികള്‍ ഈ അവസരം ഏറ്റവും ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയാണ് വേണ്ടത്. പരമാവധി വിശാലമായ ഐക്യത്തിനുവേണ്ടി ശ്രമിക്കുക എന്നത് ഫാഷിസ്റ്റ് വിരുദ്ധതയുടെ മുന്നണിപ്പോരാളികളായ ഇടതുപക്ഷത്തിന്റെ, വിശേഷിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കടമയാണ്. ഇതിലുണ്ടാകുന്ന ചെറിയ പാളിച്ചകള്‍ക്കുപോലും വലിയ വില കൊടുക്കേണ്ടിവരും എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇത്തരം ഐക്യമുന്നണികള്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ മുതലാളിത്ത പാര്‍ട്ടികളോടുള്ള അടിസ്ഥാനവിമര്‍ശം കയ്യൊഴിയേണ്ടതില്ല. ഐക്യവും സമരവും എന്ന സമീപനം ശരിയായി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് ശ്രമിക്കേണ്ടത്.

Photo: CPIM Karnataka
Photo: CPIM Karnataka

ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യം ഹിന്ദുത്വഫാഷിസത്തെ നേരിടുന്ന കാര്യത്തിലെങ്കിലും നിലവില്‍ വന്നാല്‍ അതു മതേതര ചേരിക്ക് വലിയ മുതല്‍ക്കൂട്ടാവും. അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞുവരുന്നു എന്നു തന്നെയാണ് കര്‍ണാടകയിലെ സി.പി.എമ്മിന്റെ വിഭാഗീയ നിലപാടുകള്‍ക്കിടയിലും വിലയിരുത്താനാവുക. തങ്ങളുടെ എതിര്‍പ്പിന്റെ കുന്തമുന സംഘപരിവാറിനെതിരെ തന്നെയാണ് ഉയര്‍ത്തേണ്ടത് എന്ന കാര്യത്തില്‍ വിവിധ ഇടതു പാര്‍ട്ടികള്‍ക്കിടയിലും ഗ്രൂപ്പുകള്‍ക്കിടയിലും ഇന്ന് അഭിപ്രായഭേദമില്ല. തന്ത്രത്തിന്റേയും അടവിന്റേയും കാര്യത്തില്‍ ചില വിയോജിപ്പുകള്‍ ഉണ്ടെന്നേയുള്ളൂ. ഇക്കാര്യത്തില്‍ ഏറ്റവും ഫലപ്രദമായ ഇടപെടലുകള്‍നടത്തി ഫാഷിസ്റ്റ് വിരുദ്ധമുന്നണി കെട്ടപ്പെടുക്കാന്‍ കഴിയുന്ന പാര്‍ട്ടിക്കായിരിക്കും ഇടതു ജനസാമാന്യത്തിടയില്‍ സ്വീകാര്യത ഏറ്റവും കൂടുതല്‍ ഉണ്ടാവുക. രാജ്യത്തെ ന്യനപക്ഷങ്ങളുടേയും അവര്‍ണ്ണരും കീഴാളരുമായ വിശാല ജനതയുടേയും പിന്തുണ അവര്‍ക്കാവും ലഭിക്കുക.

Comments