കമൽറാം സജീവ്: ഇ.എം.എസിനുശേഷം സി.പി.ഐ- എമ്മിനെ നയിക്കുന്ന മലയാളി എന്ന നിലയിൽ കേരളത്തിൽ പാർട്ടിക്കുള്ള ശക്തി നിലനിർത്താനുള്ള താങ്കളുടെ ബാധ്യത വലുതാണ്. അതിനേക്കാൾ ഉത്തരവാദിത്തം നിറഞ്ഞതാണ്, വെസ്റ്റ് ബംഗാളിലും ത്രിപുരയിലും തകർന്നുപോയ പാർട്ടിസ്വാധീനം തിരിച്ചു പിടിക്കുക എന്നുള്ളത്. എന്താണ് പുതിയ ജനറൽ സെക്രട്ടറി എന്ന നിലയിൽ താങ്കളുടെ സമീപനം?
എം.എ. ബേബി: പരാമർശിക്കപ്പെടുന്ന മൂന്ന് സംസ്ഥാനങ്ങളിലും സി.പി.ഐ- എമ്മിന്റെ സ്വാധീനം വർദ്ധിപ്പിക്കുന്നതിനാവശ്യമായ രാഷ്ട്രീയവും സംഘടനപരവുമായ പ്രവർത്തന പദ്ധതികൾ കഴിഞ്ഞ സംസ്ഥാന സമ്മേളനങ്ങളിലും പാർട്ടി കോൺഗ്രസിലും ചർച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. അത് വീഴ്ച കൂടാതെ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുകയാണ് പി.ബിയുടെയും സി.സിയുടെയും ജനറൽ സെക്രട്ടറിയുടെയും ദൗത്യം. രൂപപ്പെട്ടു വരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് സൂക്ഷ്മമായി ഓരോ സന്ദർഭത്തിലും പ്രതികരിക്കാനും പാർട്ടിക്ക് കഴിയണം. ജനജീവിത പ്രശ്നങ്ങളെ മുൻനിർത്തിയുള്ള അവകാശ സമരങ്ങൾക്ക് നേതൃത്വം കൊടുത്തുകൊണ്ട് പുതിയ ജനവിഭാഗങ്ങളെ ആകർഷിക്കുവാനും പരിശ്രമിക്കും. വർഗ്ഗ- ബഹുജന സംഘടനകളുടെ സ്വതന്ത്രമായ പ്രവർത്തനം ഇതിനാവശ്യമാണ്. എല്ലാ തലങ്ങളിലുമുള്ള സഖാക്കൾ സാമാന്യ ജനതയുമായി ആഴത്തിലും നിരന്തരവും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് പ്രവർത്തന ശൈലി കൂടുതൽ ഫലപ്രദമായി ഏറ്റെടുത്ത് നടപ്പാക്കാൻ ശ്രമിക്കും.

വിവിധ വിഭാഗീയതകൾ നിലനിൽക്കുന്ന പാർട്ടി സംഘടനയെ അഖിലേന്ത്യാ തലത്തിൽ ശക്തിയുള്ള ഒരു പ്രസ്ഥാനമായി വീണ്ടും മാറ്റിയെടുക്കാൻ സമവായത്തിന്റെ വക്താവ് എന്നറിയപ്പെടുന്ന എം.എ. ബേബിയുടെ മുന്നിൽ എന്ത് പദ്ധതികളാണുള്ളത്? പ്രത്യേകിച്ച് കേരളത്തിൽ നിന്ന്.
കേരളത്തിൽ അനാരോഗ്യകരമായ വിഭാഗീയതയ്ക്ക് വലിയൊരു പരിധിവരെ അന്ത്യം കുറിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അപൂർവ്വം ചില പ്രദേശങ്ങളിൽ അവിടെയുള്ള ചില സംഘടനാ വിരുദ്ധ പ്രവണതകൾ ചികിത്സിച്ചു ഭേദപ്പെടുത്താൻ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ പുതിയ പ്രവർത്തന ശൈലി, സമരരീതി എന്നിവ വികസിപ്പിച്ചെടുക്കാൻ പാർട്ടിയും ബഹുജന സംഘടനകളും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് അനതിവിദൂരഭാവിയിൽ അനുകൂല ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിൽ ദീർഘമായ പ്രവർത്തന പാരമ്പര്യമുണ്ട് താങ്കൾക്ക്. ഈ മേഖലകളിൽ ആർ.എസ്.എസിന്റെ സ്വാധീനം തീവ്രമായി വളരുകയാണ്. ഈ മേഖലയിൽ ലെഫ്റ്റ് മൂവ്മെന്റിന്റെ എൻഗേജ്മെന്റ് കൂട്ടാൻ എന്തു തരത്തിലുള്ള ആശയങ്ങളാണ് താങ്കൾക്കുള്ളത്?

ഒരു നൂറ്റാണ്ടോളം കാലം ക്ഷമാപൂർവ്വം വർഗീയ ബോധവൽക്കരണത്തിലൂടെ ജനമനസ്സുകളിലേക്ക് ആസൂത്രിതമായി കടന്നുകയറുന്നതിൽ ആർ.എസ്.എസ് വലിയ തോതിൽ വിജയിച്ചിരിക്കുന്നു. ഇത് തടയാൻ വ്യക്തമായ പ്രത്യയശാസ്ത്രവീക്ഷണത്തോടെ തൃണമൂല തലത്തിൽ ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക എന്നതാണ് സമൂഹത്തിലെ മനുഷ്യർക്കിടയിൽ മതനിരപേക്ഷബോധം വികസിപ്പിച്ചെടുക്കുന്നതിന് സഹായമാകുക. ഈ പ്രവർത്തനത്തിൽ മതവിശ്വാസികളെ കൂടി, മതത്തിന്റെ ദുർവ്യാഖ്യാനം വഴി വർഗീയ ശത്രുത സമൂഹത്തിൽ വളർത്താൻ ശ്രമിക്കുന്ന രക്തദാഹികൾക്കെതിരെ, അണിനിരത്താൻ കഴിയണം. ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്നങ്ങളെ ആസ്പദമാക്കി ജാതിമതാതീതമായ ഉശിരൻ സമരപ്രസ്ഥാനം വളർത്തിയെടുക്കുന്നത് വർഗീയതയെ തോൽപ്പിക്കുവാൻ സഹായകമാകും. വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളിലെ സൂക്ഷ്മമായ ഇടപെടൽ ഈ പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനാവണം.
ബി.ജെ.പിയുടെ വളർച്ചയിൽ വലിയ വെല്ലുവിളികളാണ് സി.പി.ഐ- എം അഭിമുഖീകരിക്കുന്നത്. ബി.ജെ.പിയെ ദേശീയ തലത്തിൽ നേരിടാനുള്ള INDIA ബ്ലോക്കിൽ പാർട്ടിയുടെ റോൾ എന്തായിരിക്കും? പാർട്ടിയുടെ ഐഡിയോളജിക്കൽ ഐഡന്റിറ്റി നിലനിർത്തിക്കൊണ്ട് എന്ത് പൊസിഷനിംഗ് ആയിരിക്കും INDIA ബ്ലോക്കിൽ പാർട്ടി നടത്തുക?

ഫാഷിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോദി ഭരണത്തിനെതിരെ വിശാലമായ സമരനിര പാർലമെന്റിലും പുറത്തും വികസിപ്പിച്ചെടുക്കുന്നതിൽ ഇന്ത്യ ബ്ലോക്കിന് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ട്. അതേസമയം ഇന്ത്യൻ സമൂഹത്തിൽ വർഗീയ വിദ്വേഷത്തിന്റെ വിഷം കുത്തിവയ്ക്കുന്ന സംഘപരിവാറിനെതിരെ സ്വതന്ത്രമായ പ്രചാരണ പ്രവർത്തനങ്ങളും പാർട്ടി കെട്ടഴിച്ചുവിടും. ഇത് രണ്ടും പരസ്പര പൂരകങ്ങളാണ്. പാർട്ടിയുടെ സ്വതന്ത്രമായ പ്രത്യയശാസ്ത്രവീക്ഷണം മുറുകെ പിടിച്ചുകൊണ്ടുതന്നെ ഈ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയും.
അന്താരാഷ്ട്രതലത്തിൽ ഇതര കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ പാർട്ടികളുമായി ആശയതലത്തിൽ ബന്ധമുള്ള ആളാണ് താങ്കൾ. മാറുന്ന ജിയോ- പൊളിറ്റിക്കൽ ലാൻഡ് സ്കേപ്പിനെക്കുറിച്ചും ക്ലൈമറ്റ് ചേഞ്ചിനെക്കുറിച്ചും ഇടത് നിലപാടുകൾ ലോകത്തുതന്നെ പ്രസക്തമാണിപ്പോൾ. ഇത്തരം കാര്യങ്ങളിൽ സി.പി.ഐ-എം എന്ത് മുൻകൈയാണെടുക്കുക?

ഒരു പുതിയ ലോക സാമ്പത്തിക ക്രമത്തിനുവേണ്ടി വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ മുമ്പ് നടന്നിട്ടുണ്ട്. എന്നാൽ സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിന്റെയും തകർച്ചയ്ക്കും ശിഥിലീകരണത്തിനും ശേഷം ഇത്തരം മുൻകൈകൾ പൊതുവേ വളരെ കുറവാണ്. എന്തായാലും സി.പി.ഐ-എമ്മിന്റെ സാധ്യത ഉപയോഗിച്ച് സാമ്പത്തിക അസമത്വം, കാലാവസ്ഥാ വ്യതിയാനം, ഭൗമരാഷ്ട്രീയം എന്നീ മേഖലകളിൽ സമാന ഹൃദയരുമായി സഹകരിച്ച് സി.പി.ഐ-എം പരമാവധി ഫലപ്രദമായി ഇടപെടും.
കേരളത്തിൽ ആശാ വർക്കർമാർ നടത്തിവരുന്ന സമരത്തെ രാഷ്ട്രീയപ്രേരിതം എന്ന നിലയിൽ അവഗണിക്കുകയാണ് സി.പി.ഐ-എം ചെയ്യുന്നത്. ഈ തൊഴിലാളികൾ അടിസ്ഥാനപരമായ അംഗീകാരവും മാന്യമായ കൂലിയും അവശ്യപ്പെടുമ്പോൾ തൊഴിലാളി വർഗത്തിന്റെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് പ്രഖ്യാപിക്കുന്ന പാർട്ടിയെടുക്കുന്ന ഈ സമീപനത്തെ താങ്കൾ എങ്ങനെയാണ് ന്യായീകരിക്കുക?

ആശാ പ്രവർത്തകരുടെ സമരത്തെ രാഷ്ട്രീയപ്രേരിതം എന്ന് അവഗണിച്ച് കളയാൻ സംസ്ഥാന ഗവൺമെന്റ് ശ്രമിച്ചിട്ടില്ല എന്നതാണ് എന്റെ അറിവ്. ഈ വിഷയത്തിൽ അധിക ഉത്തരവാദിത്വം കേന്ദ്ര ഗവൺമെന്റിനാണെന്നതും പൊതുവേ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആശാ പ്രവർത്തകരുടെ ദീർഘനാൾ നീണ്ടുനിന്ന സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കാൻ സാധിക്കേണ്ടതാണ് എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഗവൺമെന്റിന് ഇക്കാര്യത്തിലുള്ള താല്പര്യം മന്ത്രി വീണ ജോർജ് നടത്തിയ ചർച്ചകളിലും ഏറ്റവും ഒടുവിൽ തൊഴിൽമന്ത്രി വി. ശിവൻകുട്ടി നടത്തിയ ഇടപെടലുകളിലും വ്യക്തമായിട്ടുണ്ട്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതുപോലെ, സമരം അവസാനിപ്പിക്കാൻ ഗവൺമെന്റ് മുൻകൈ എടുത്താൽ മാത്രം പോരാ, സമരം ചെയ്യുന്നവരും ഉത്തരവാദിത്വ ബോധത്തോടെ നിലപാട് സ്വീകരിക്കേണ്ടതായിട്ടുണ്ട്.