കമൽറാം സജീവ്: കിസാൻ ലോങ് മാർച്ച് പോലെ രാജ്യത്തെ വലിയ കാർഷിക മുന്നേറ്റങ്ങളെ സംഘടിപ്പിച്ചിട്ടുള്ള താങ്കളുടെ പ്രവർത്തനപരിചയം, ഇന്ത്യയിലെ കർഷകർക്ക് ഗുണകരമാവുന്ന നയങ്ങൾ രൂപപ്പെടുത്തുന്നതിനുവേണ്ടി പാർട്ടി എങ്ങനെയായിരിക്കും ഉപയോഗപ്പെടുത്തുക?
വിജൂ കൃഷ്ണൻ: പാർട്ടി കൂട്ടായി ചെയ്യുന്ന കാര്യങ്ങളിൽ എന്നെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി നടപ്പിലാക്കുകയാണ് ഞാൻ ചെയ്യുന്നത്. തീർച്ചയായും വരും നാളുകളിൽ തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തെ വലിയ വിഭാഗം ജനങ്ങളാണ് പാർട്ടിയോട് അടുത്തിരിക്കുന്നത്. അവരെ കൂടുതൽ ചേർത്തുനിർത്തി പാർട്ടിയുടെ ശക്തമായ സമരപരിപാടികളിൽ കൂടുതൽ സജീവമായി ഉൾപ്പെടുത്തേണ്ടതുണ്ട്. അതിൻെറ അടിസ്ഥാനത്തിൽ ഞങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്, പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയിൽ. അതാണ് ഞങ്ങളുടെ ആദ്യലക്ഷ്യങ്ങളിൽ ഒന്ന്. അതിന് വേണ്ടി പരമാവധി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കും.
സി.പി.ഐ- എമ്മിൽ ഓൾ ഇന്ത്യ കിസാൻ സഭയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തി കർഷകരുടെ താൽപര്യങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനായി താങ്കൾ ഏതുതരത്തിലുള്ള ഇടപെടലുകളായിരിക്കും നടത്തുക?
ഏറെക്കാലമായി ഇവിടുത്തെ കർഷകസമരങ്ങൾക്ക് മുന്നിൽ നിൽക്കുന്ന സ്വതന്ത്ര സംഘടനയാണ് ഓൾ ഇന്ത്യ കിസാൻ സഭ. ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംഘടനയ്ക്ക് വലിയ വളർച്ചയുണ്ടാവുകയും 1 കോടി 50 ലക്ഷത്തോളം അംഗസംഖ്യയിൽ എത്തുകയും ചെയ്തിട്ടുണ്ട് (5 വർഷങ്ങൾക്കിടയിൽ ഏകദേശം 40 ലക്ഷത്തിൻ്റെ വർധന). സംയുക്ത കിസാൻ മോർച്ചയുടെ (SKM) ബാനറിൽ പ്രാദേശിക വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് കർഷകരെ അണിനിരത്തി നിരവധി ശക്തമായ പ്രക്ഷോഭങ്ങളാണ് നടക്കാൻ പോവുന്നത്. തൊഴിലാളി സംഘടനകളുടെ ഐക്യവും കൂടുതൽ ശക്തിപ്പെടുത്തും. മെയ് 20ന് രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒരു പൊതുപണിമുടക്കിനും കർഷകരും കർഷക തൊഴിലാളികളും ചേർന്ന് ഒരു ഗ്രാമീണ ഭാരത് ഹർത്താലും ആഹ്വാനം ചെയ്തിട്ടുണ്ട്. ജൂൺ 26-ന് ഞങ്ങൾ ഒത്തുചേർന്ന് സ്വകാര്യവൽക്കരണത്തിനെതിരെ വൈദ്യുതി മേഖലയിൽ മറ്റൊരു പണിമുടക്ക് നടത്താനും പദ്ധതിയിടുന്നുണ്ട്.

സി.പി.ഐ- എം നേതൃത്വത്തിൽ നിലവിൽ വന്ന മാറ്റങ്ങൾ പരിഗണിച്ച്, രാജ്യത്തെ കാർഷികമേഖലയിലെ പ്രശ്നങ്ങൾ മനസ്സിലാക്കുവാനും അത് ഉയർത്തിപ്പിടിച്ച് കൂടുതൽ ഇടപെടൽ നടത്തുവാനും താങ്കൾ എന്ത് റോളാണ് വഹിക്കാൻ പോവുന്നത്?
കർഷക - തൊഴിലാളി ഐക്യത്തിലൂന്നി പ്രവർത്തിക്കുന്ന വർക്കിങ് ക്ലാസ് പാർട്ടിയാണ് സിപിഎം. രാജ്യത്തെ ഏറ്റവും വലിയ ബഹുജനവിഭാഗമാണ് ഇവിടുത്തെ കർഷകർ. അവർ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത്. നിരവധി കർഷകരാണ് ഇക്കാലത്ത് പലവിധ പ്രതിസന്ധികൾ താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്നത്. അവരുടെ യഥാർത്ഥ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുകയെന്ന് സി.പി.ഐ- എം ഏറ്റവും ആദ്യം ഏറ്റെടുക്കാൻ പോവുന്ന പദ്ധതിയാണ്. പാർട്ടി പൂർണമായി അതിനുള്ള തയ്യാറെടുപ്പിലുമാണ്.
കർഷക - തൊഴിലാളി പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനായി ഇടത് - മതേതര - ജനാധിപത്യ പാർട്ടികളുടെ ഐക്യം ഉറപ്പാക്കുന്നതിന് സി.പി.ഐ- എം മുന്നിൽ നിന്ന് പ്രവർത്തിക്കും. തെരുവിലും പാർലമെൻറിനകത്തും ഒരുപോലെ വിഷയങ്ങൾ ചർച്ചയാക്കും.
ഇന്ത്യൻ കർഷകരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന കാർഷിക ഉത്പന്നങ്ങളുടെ തീരുവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ എങ്ങനെ നേരിടാനാണ് നിങ്ങൾ പദ്ധതിയിടുന്നത്?
അമേരിക്കയുടെ സാമ്രാജ്യത്വ ആജ്ഞകൾക്ക് മുന്നിൽ മുട്ടുമടക്കിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ മുന്നോട്ടുപോവുന്നത്. അമേരിക്കയുടെ തീരുവ ഉയർത്തലിനെതിരെ ഒരുവിധത്തിലുള്ള പ്രതികരണവും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഇന്ത്യയിലെ ഭരണവർഗം നിയോലിബറൽ നയമാണ് പിന്തുടരുന്നതെന്നത് ഒരു പുതിയ കാര്യമല്ല. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഭരണത്തിൽ രാജ്യത്തെ കർഷകരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇത് കാർഷിക, മത്സ്യബന്ധന, പാൽ ഉത്പന്നങ്ങളുടെ വില ഗണ്യമായി കുറയുന്നതിലേക്കും അതിലൂടെ വലിയ കാർഷിക സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴിലില്ലായ്മയിലേക്കുമൊക്കെയാണ് രാജ്യത്തെ നയിക്കാൻ പോവുന്നത്. കേന്ദ്ര സർക്കാരിൻെറ കർഷക - തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ യോജിച്ച പോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം പാർട്ടി കോൺഗ്രസ് പാസാക്കിയിട്ടുണ്ട്. രാജ്യത്ത് ബഹുജനങ്ങളെ സംഘടിപ്പിച്ച് കൊണ്ടുള്ള വമ്പിച്ച ഒരു സമരം അനിവാര്യമാണ്. എങ്കിൽ മാത്രമേ ജനവിരുദ്ധമായ ഈ നടപടികൾക്ക് തടയിടാൻ സാധിക്കുകയുള്ളൂ.

ആഗോളവൽക്കരണവും സ്വതന്ത്ര വ്യാപാര കരാറുകളും ഇന്ത്യൻ കാർഷിക മേഖലയിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്, ഈ വെല്ലുവിളികളോട് സി.പി.ഐ- എം എങ്ങനെയാണ് പ്രതികരിക്കാൻ പോവുന്നത്?
നവലിബറൽ നയങ്ങൾക്കെതിരെ തുറന്ന പോരാട്ടം ആരംഭിച്ച രാജ്യത്തെ ആദ്യത്തെ പാർട്ടി സി.പി.ഐ- എമ്മാണ്. ആഗോളവൽക്കരണവും സ്വതന്ത്ര വ്യാപാരക്കരാറും കർഷക താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഞങ്ങൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഞങ്ങൾ ഈ സത്യം തുറന്നുകാണിച്ച് കൊണ്ടാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. അസമത്വത്തിലൂന്നിയ സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരെ AIKS, AIAWU തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യത്ത് നിരവധി സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ച ഒരാഴ്ചയ്ക്കുള്ളിൽ യോഗം ചേരുകയും ഐക്യത്തോടെ വലിയൊരു സമരത്തിന് പദ്ധതിയിടുകയും ചെയ്യുന്നുണ്ട്.
കാർഷിക വിഷയങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്ന തരത്തിൽ ദേശീയനയം രൂപീകരിക്കുന്നതിന് മറ്റ് രാഷ്ട്രീയപാർട്ടികളുമായും കർഷകസംഘടനകളുമായും ഐക്യം സ്ഥാപിക്കുന്നതിനായി എന്ത് പദ്ധതിയാണ് നിങ്ങൾ തയ്യാറാക്കാൻ പോവുന്നത്?
കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വിഷയാധിഷ്ടിതമായി ഐക്യം സ്ഥാപിച്ചുകൊണ്ടു തന്നെയാണ് ഞങ്ങൾ മുന്നോട്ട് പോവുന്നത്. ജനവിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരെ ഭൂമി അധികാർ ആന്ദോളൻ രൂപം കൊണ്ടതും അങ്ങനെ നടത്തിയ ബഹുജന പ്രക്ഷോഭത്തിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിന് ഓർഡിനൻസ് പിൻവലിക്കേണ്ടി വന്നതും നമ്മൾ കണ്ടതാണ്. 2017 ജൂണിൽ മധ്യപ്രദേശിലെ മന്ദ്‌സൗർ വെടിവയ്പ്പിൽ 6 കർഷകർ കൊല്ലപ്പെട്ട (ഇപ്പോഴത്തെ കൃഷിമന്ത്രി ശിവരാജ് ചൗഹാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ) സംഭവത്തിന് ശേഷം അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതി വമ്പിച്ച ഐക്യ പോരാട്ടങ്ങൾക്കാണ് നേതൃത്വം നൽകിയത്.
ഭൂമിയുടെ അവകാശം ചിലരിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന രീതി അവസാനിപ്പിച്ച് കർഷകർക്ക് അവർക്ക് അവകാശപ്പെട്ട ഭൂമി വിതരണം ചെയ്യുന്ന ഭൂപരിഷ്കരണനയം പൂർണമായി നടപ്പിലാവണം
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ പിന്നീട് രാജ്യം കണ്ടത് ഐതിഹാസികമായ കർഷകസമരമാണ്. 380 ദിവസം നീണ്ട സമരപോരാട്ടത്തിനും അടിച്ചമർത്തലുകൾക്കും, 736 കർഷകരുടെ രക്തസാക്ഷിത്വത്തിനും ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കാർഷികനയം പിൻവലിക്കേണ്ടി വന്നു. മോദി സർക്കാരിന് ലഭിച്ച കനത്ത തിരിച്ചടിയായിരുന്നു ഇത്. കർഷക സംഘടനകൾ പിന്നീട് ട്രേഡ് യൂണിയനുകളുമായി യോജിച്ച് സമരങ്ങൾക്ക് നേതൃത്വം നൽകുകയും അങ്ങനെ കർഷക തൊഴിലാളി - തൊഴിലാളി ഐക്യം രാജ്യത്താകെ രൂപപ്പെടുകയും ചെയ്തു. ഇവിടുത്തെ കർഷകരുടെയും തൊഴിലാളിവർഗത്തിൻെറയും വിഷയങ്ങൾ രാഷ്ട്രീയപാർട്ടികൾക്ക് ഒരിക്കലും അവഗണിക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കർഷക - തൊഴിലാളി പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനായി ഇടത് - മതേതര - ജനാധിപത്യ പാർട്ടികളുടെ ഐക്യം ഉറപ്പാക്കുന്നതിന് സി.പി.ഐ- എം മുന്നിൽ നിന്ന് പ്രവർത്തിക്കും. തെരുവിലും പാർലമെൻറിനകത്തും ഒരുപോലെ വിഷയങ്ങൾ ചർച്ചയാക്കും.

ഇന്ത്യയിലെ ചെറുകിട കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് വേണ്ടി എന്ത് പ്രത്യേക നയമാണ് നിർദ്ദേശിക്കുന്നത്?
ഭൂമിയുടെ അവകാശം ചിലരിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്ന രീതി അവസാനിപ്പിച്ച് കർഷകർക്ക് അവർക്ക് അവകാശപ്പെട്ട ഭൂമി വിതരണം ചെയ്യുന്ന ഭൂപരിഷ്കരണനയം പൂർണമായി നടപ്പിലാവണം. ഭൂപരിധി നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. കൃഷിക്ക് ആവശ്യമായ വിത്ത് , വളം, കീടനാശിനി എന്നിവയുടെ മുകളിൽ സർക്കാരിൻ്റെ നിയന്ത്രണം ശക്തിപ്പെടുത്തി വിലനിയന്ത്രണം ഏർപ്പെടുത്തണം, സബ്സിഡികൾ കൃത്യമായി നൽകൽ, കാർഷിക വായ്പകൾ പരമാവധി ഉറപ്പാക്കൽ, സംഭരണം ഉറപ്പാക്കി C2+50 (ഉത്പാദനച്ചെലവിനെക്കാൾ 50 ശതമാനം കൂടുതൽ) കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തുക, വിപണന സൗകര്യങ്ങളുടെ വിപുലീകരണം, ഫലപ്രദമായ വിള ഇൻഷുറൻസ് പദ്ധതി, കർഷകത്തൊഴിലാളികൾക്ക് സമഗ്രമായ സാമൂഹിക സുരക്ഷ, കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ എന്നിവയെല്ലാം രാജ്യത്ത് കൃത്യമായി നടപ്പിലാക്കണം. നവലിബറൽ നയങ്ങൾക്കും അസമത്വത്തിലൂന്നിയ സ്വതന്ത്ര വ്യാപാര കരാറുകളുകൾക്കും ബദലായി കൃഷി, ഗ്രാമവികസനം, ജലസേചനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ, സംഭരണ സംവിധാനം, ഗവേഷണം എന്നിവയിൽ പൊതുനിക്ഷേപം വർദ്ധിപ്പിക്കണം. കൃഷി പ്രായോഗികമായി കൂടുതൽ വിജയിപ്പിക്കുന്നതിൻെറ ഭാഗമായി ഉത്പാദനം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം തുടങ്ങിയവയിൽ സഹകരണ സ്ഥാപനങ്ങളുടെ ഇടപെടൽ കൂടുതൽ ശക്തമാക്കണം.
കാർഷികോത്പാദനം മെച്ചപ്പെടണമെന്നത് തർക്കമില്ലാത്ത വിഷയമാണ്, എന്നാൽ അത് അഗ്രി ബിസിനസ് ഇടപെടലുകളിലൂടെയോ ജൈവവൈവിധ്യത്തോട് വിട്ടുവീഴ്ച ചെയ്തുകൊണ്ടോ ആവരുത്.
സി.പി.ഐ- എമ്മിന്റെ കാർഷിക നയങ്ങൾ വിശാല ഇടതുപക്ഷ ഐക്യ ശ്രമങ്ങളുമായി യോജിച്ചുപോകുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് എന്ത് പദ്ധതികളാണുള്ളത്? പ്രത്യേകിച്ച് പാർട്ടി ഒരു പ്രബല ശക്തിയല്ലാത്ത സംസ്ഥാനങ്ങളിൽ.
പരസ്പര കൂടിയാലോചനകളിലൂടെയും ഐക്യത്തോടെയുള്ള പോരാട്ടങ്ങളിലൂടെയും രൂപപ്പെട്ടുവന്നതിനാൽ കാർഷിക നയങ്ങളെക്കുറിച്ചുള്ള സി.പി.ഐ- എം നിലപാടുകൾ പൊതുവിൽ എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും സ്വീകാര്യമാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ഇടതുപക്ഷ കർഷക - തൊഴിലാളി സംഘടനകൾ വർഷങ്ങളായി ഐക്യത്തോടെ പ്രവർത്തിക്കുകയും ഒന്നിച്ച് സമരപരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട്. പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും മുൻകാലത്തെ ശക്തികേന്ദ്രങ്ങളായ പശ്ചിമ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലും ഇടതുപക്ഷ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുകയും മറ്റ് മതേതര ജനാധിപത്യ വിഭാഗങ്ങളുമായി ചേർന്ന് വിശാല ഐക്യത്തിൻെറ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യും. നവലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിരോധം തീർക്കുന്നതിന് ഇടതുപക്ഷ ബദൽ മുന്നോട്ട് വെക്കുകയും അത് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ സാങ്കേതിക വിദ്യയുടെയും ആധുനിക സംവിധാനങ്ങളുടെയും പങ്കിനെ എങ്ങനെയാണ് നിങ്ങൾ കാണുന്നത്? ഇന്ത്യയിലെ കാർഷികരീതികൾക്ക് ഗുണകരമാവുന്ന തരത്തിൽ ഇവയെ ഏകോപിപ്പിക്കുന്നതിന് എന്ത് മാതൃകകളാണ് മുന്നോട്ട് വെക്കുന്നത്?
കാർഷിക ഉത്പ്പന്നങ്ങളുടെ വർധനവിലും സുസ്ഥിരതയിലും മുന്നേറ്റമുണ്ടാക്കുന്നതിൽ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വലിയ പങ്കുണ്ട്. കാർഷികോത്പാദനം മെച്ചപ്പെടണമെന്നത് തർക്കമില്ലാത്ത വിഷയമാണ്, എന്നാൽ അത് അഗ്രി ബിസിനസ് ഇടപെടലുകളിലൂടെയോ ജൈവവൈവിധ്യത്തോട് വിട്ടുവീഴ്ച ചെയ്തുകൊണ്ടോ ആവരുത്. കർഷകരുടെ പ്രാദേശികമായതും കൂട്ടായ സാമൂഹിക അറിവുമെല്ലാം രൂപപ്പെടുന്നത് ഏറെക്കാലം കൊണ്ടാണ്. ആ അറിവിന് അർഹമായ പരിഗണന നൽകണം. ജലം കുറച്ച് ഉപയോഗിച്ച് കൊണ്ടുള്ള കൃഷി രീതികൾ, സംയോജിത കീട നിയന്ത്രണം പോലുള്ള സാങ്കേതിക വിദ്യകൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്തിനങ്ങൾ വികസിപ്പിക്കൽ, മണ്ണിലെ ലവണാംശം, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ള മുന്നറിയിപ്പുകൾ, പരിസ്ഥിതിക്ക് ഒത്തിണങ്ങുന്ന ശാസ്ത്രീയ കൃഷി രീതികളെക്കുറിച്ചുള്ള അറിവ് എന്നിവ കർഷകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെന്നുള്ളത് തീർച്ചയാണ്. ജൈവവൈവിധ്യം കർശനമായി സംരക്ഷിക്കുന്നതിനൊപ്പം വ്യാജ വിത്തുകളും വളങ്ങളും ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. മണ്ണിലെ പോഷകങ്ങൾ, ജലസംരക്ഷണം, വളങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം, ജൈവവസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം കാർഷികോത്പാദന വർധനവിൽ പ്രധാനമാണ്. വിളവെടുപ്പിനു ശേഷം നഷ്ടം ഒഴിവാക്കാൻ പൊതു സംഭരണ സൗകര്യങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തേണ്ടതും ആവശ്യകതയാണ്.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പലവിധ പാരിസ്ഥിതിക ആശങ്കകളുമുള്ള ഒരു കാലത്ത് എങ്ങനെയുള്ള സുസ്ഥിര കാർഷിക രീതികളെയാണ് നിങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നത്? ദേശീയ കാർഷിക നയവുമായി ഇതിനെ എങ്ങനെ സംയോജിപ്പിക്കാം?
ഇത് കഴിഞ്ഞ ഉത്തരത്തിൻെറ തുടർച്ചയാണ്. ഞങ്ങൾ കാർഷികമേഖലയിലെ അഗ്രി-ബിസിനസ് രീതികളെയും സ്വകാര്യ കുത്തകകളെയും സമ്പൂർണമായി എതിർക്കുന്നവരാണ്. ജനങ്ങളുടെ ആരോഗ്യത്തിൻെറയും ജൈവവൈവിധ്യത്തിൻെറയും പരിസ്ഥിതിയുടെയും കാര്യത്തിൽ ഒരുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയ്യാറല്ല. കാലാവസ്ഥയിലുണ്ടാവുന്ന അപ്രതീക്ഷിതമാറ്റവും കാലം തെറ്റിയുള്ള മഴയും വരൾച്ചയുമെല്ലാം കാർഷികമേഖലയിൽ വലിയ നഷ്ടങ്ങളുണ്ടാക്കുന്നുണ്ട്. കീടങ്ങളെ പ്രതിരോധിക്കുന്നതിൽ പരാജയം സംഭവിക്കുന്നതിനാൽ ഏകവിള കൃഷിയിൽ നിന്ന് വലിയ മാറ്റവും കാലം ആവശ്യപ്പെടുന്നുണ്ട്. മണ്ണിൻെറ ഈർപ്പം നിലനിർത്തലും മണ്ണിൻെറ പുനർനിർമ്മാണവും ഉത്പാദനക്ഷമതയ്ക്ക് നിർണായകമാണ്. സുസ്ഥിര പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് കൂടുതൽ ഇൻസെൻറീവുകൾ നൽകുകയും ചെയ്യേണ്ടതുണ്ട്.