‘നിർഭയരായി അഭിപ്രായം പറയാം’, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി അംഗങ്ങളോട് മാദ്ധ്യമങ്ങളിലൂടെ പറയുന്നു.
ഭയഗ്രസ്തമായ പൊതുമണ്ഡലം ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും. ഇത് ചരിത്രസത്യമാണ്. പക്ഷെ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ 'ഭയത്തിൽ നിന്ന് മുക്തി'എന്ന ആഹ്വാനം വീണ്ടും വീണ്ടും ഉയർത്തേണ്ടിവരുന്നത് എന്തുകൊണ്ട്?ആരൊക്കെയോ എന്തൊക്കെയോ ഭയക്കുന്നുണ്ട്.
ഇന്ന് 60 -നുമുകളിൽ പ്രായമുള്ളവർക്ക് 1977-ലെ തെരഞ്ഞെടുപ്പ് കാലം പരിചിതമാണ്. ജനതാ പാർട്ടിയുടെ പ്രചാരണം നയിച്ച് മൊറാർജി ദേശായി തിരുവനന്തപുരത്തും കൊച്ചിയിലും പ്രസംഗിച്ചു. അദ്ദേഹം അന്ന് നൽകിയ വാഗ്ദാനം ‘Freedom from fear' ആയിരുന്നു. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയുടെ നിഴലിൽ നടന്ന തെരഞ്ഞെടുപ്പിനുശേഷം മൊറാർജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ആൾ ഇന്ത്യാ റേഡിയോവിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം വീണ്ടും 'Freedom fear' നെ ക്കുറിച്ചു പറയുന്നതിനോടൊപ്പം, 'Citizens need not fear the mid-night knock' എന്നും എടുത്തു പറഞ്ഞു. 1975 ജൂൺ 25 ന് അർദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആദ്യം മുട്ടപ്പെട്ട കതകുകൾ ജയപ്രകാശ് നാരായണന്റെയും മൊറാർജി ദേശായിയുടെതും ആയിരുന്നു.
50 - വർഷങ്ങൾക്കുശേഷം ‘നിർഭയമായി സംസാരിക്കാം’ എന്ന് കേരളത്തിൽ ഒരു പ്രധാന കക്ഷിയുടെ നേതാവിന് സ്വന്തം കക്ഷിക്കാരോട് പറയേണ്ടിവരുന്നു. ഇത് എന്നെയും എന്നെപ്പോലെ പലരെയും ഭയപ്പെടുത്തുന്നു.
ആദ്യമായി ഇന്ത്യൻ പൗരർക്ക് ലഭിച്ച ഏറ്റവും വലിയ ഭയമുക്തി പ്രായപൂർത്തിവോട്ടവകാശത്തിലൂടെയും രഹസ്യബാലറ്റിലൂടെയും ആയിരുന്നു. തന്നെ ആലില പോലെ വിറപ്പിച്ച അതിശക്തരായ ഭരണാധികാരികളെ വലിച്ചു താഴെയിറക്കാൻ ഭരണഘടനാശിൽപികൾ ഇന്ത്യൻ പൗരർക്ക് ലഭ്യമാക്കിയ അവകാശം. ഇങ്ങനെ പറയുന്നത് തെറ്റാണ്. കാരണം. ജനങ്ങൾ അവർക്കുതന്നെ നൽകിയ അവകാശമാണിത്.

ഇവിടെ എന്താണ് ഭയം?
ആർക്കാണ് ഭയം?
ആരെയാണ് ഭയം?
കീഴുദ്യോഗസ്ഥൻ മേലുദ്യോഗസ്ഥനെ ഭയക്കുന്നു. ഉദോഗ്യസ്ഥർ രാഷ്ട്രീയ ഭരണാധികാരിയെ ഭയപ്പെടുന്നു. പലപ്പോഴും മന്ത്രിമാർ മന്ത്രിസഭാത്തലവനെ ഭയപ്പെടുന്നു. ഇതെല്ലാം നഷ്ടപ്പെടാൻ പലതും ഉള്ളതുകൊണ്ടാണ്. ഇതിന് പരിഹാരമുണ്ടോ? ഉണ്ട് ഉന്നതസ്ഥാനത്തെത്തുന്നവർക്ക് ജനാധിപത്യ ബോധമുണ്ടെങ്കിൽ സഭ്യമായ എതിർപ്പിനോട് (decent dissent) സഹിഷ്ണുത ഉണ്ടാകേണ്ടതാണ്. ഇത് നഷ്ടപ്പെടുമ്പോൾ ഭയം ഉത്പാദിപ്പിക്കപ്പെടുന്നു (fear Psychosis). ഭരണാധികാരി ഭയപ്പെടുത്തുന്ന ആളാ യാൾ സിൽബന്ധികൾ ഭയന്നുനിൽക്കും. അവിടെ തീരില്ല ഭയത്തിന്റെ ഉത്പാദനം. സിൽബഡികൾ അവരുടെ കീഴിൽ ബന്ധികളെ ഭയപ്പെടുത്തും. കീഴ് സിൽബന്ധികൾ അവർക്ക് മുന്നിലെത്തുന്നവരെ ഭയപ്പെടുത്തും. ഈ ഭയഉത്പാദനശൃംഖല ഒടുവിൽ വെറുപ്പ് എന്ന വികാരം രൂപപ്പെടുത്തുന്നു. ഇന്ന് ഭയമില്ലാതെ അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന സ്ഥലം പോളിംഗ് ബൂത്തിലെ മറവ് ചെയ്യപ്പെട്ട വോട്ടിംഗ് യന്ത്രം ഇരിക്കുന്ന മേഖലയാണ്. ഈ പരിമിതമായ സ്ഥലത്തിന്റെ നിക്ഷ്പക്ഷതയും ഇന്ന് സംശയനിഴലിലാണ്. ഇത് ഭയപ്പെടുത്തുന്ന ഒന്നാണ്. പശ്ചിമബംഗാളിൽ ഉയരുന്ന പരാതികൾ അവഗണിക്കപ്പെടേണ്ടവയല്ല.
മറ്റെല്ലാ സ്ഥലത്തും ഭയം നിർഭയമായി വിലസുന്നു. ഉപരിമധ്യവർഗ്ഗസമൂഹത്തിൽ ഭയം നിലവിൽക്കുന്നു. സർക്കാർ ഉദ്യോഗസ്ഥൻ യൂണിയനുകളെ ഭയക്കുന്നു. രാഷ്ട്രീയനേതൃത്വത്തെ ഭയക്കുന്നു. രാഷ്ട്രീയ നേതൃശൃഖലയിലുള്ളവർ മുകൾകണ്ണികളെ ഭയക്കുന്നു. കണ്ണിയിൽ നിന്നും ഇളകിത്തെറിക്കുമോ എന്ന ഭയം.

മറ്റു സ്ഥാപിത താത്പര്യങ്ങൾ ഇല്ലാത്തവർ തങ്ങൾ അഭിപ്രായം പറഞാൽ അപമാനിക്കപ്പെടുമെന്ന് ഭയക്കുന്നു. പക്ഷെ ഭയത്തിന് ഒരു വലിവ് പരിധിയുണ്ട് (limit to elastcity). പരിധി വിട്ടാൽ അത് പൊട്ടി പൊട്ടിത്തെറിയാകും. സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ ഇത് ഭീകരമായിരിക്കും. ഇറ്റലിയിൽ മുസ്സോളിനി, റുമേനിയയിൽ ചെഷസ്ക്യൂ എന്നിവ ചില ഉദാഹരണങ്ങൾ. ജനാധിപത്യത്തിൽ ഈ പൊട്ടിത്തെറി അധികാരനിഷ്കാസനത്തിൽ ഒതുങ്ങുന്നു. ഭയം വെറുപ്പായി മാറി പൊട്ടിത്തെറി സംഭവിച്ചുകഴിഞ്ഞാൽ നിർഭയത്വത്തിനുള്ള ആഹ്വാനം നാടൻഭാഷയിൽ പറഞ്ഞാൽ വണ്ടി പോയ ശേഷം കൈ കാണിക്കുന്നതിന് തുല്യമാകും. പക്ഷെ താമസിച്ചെങ്കിലും സംഭവിക്കുന്നത് സംഭവിക്കാതിരിക്കുന്നതിനെക്കാൾ നല്ലത് (Better late than never). ജനാധിപത്യത്തിൽ വണ്ടി പോകുകയല്ലല്ലോ. കറങ്ങി തിരിച്ചുവരും. അതിനിടെ ഭയം കളഞ്ഞാൽ നല്ലത്. പക്ഷെ വണ്ടിയിൽ വീണ്ടും കയറിയാൽ ഭയപ്പെടുത്തരുത്.
