സി.പി.ഐ-എമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായ ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ ഒന്നിന് തുടങ്ങും. കേരളത്തിൽ 38,426 ബ്രാഞ്ചുകളാണുള്ളത്. ഒക്ടോബറിൽ 2,444 ലോക്കൽ കമ്മറ്റി സമ്മേളനങ്ങൾ നടക്കും. പാർട്ടിയെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന പരമപ്രധാനമായ ഘടകങ്ങളാണ് ബ്രാഞ്ചുകളും ലോക്കൽ കമ്മറ്റികളും. പാർട്ടിയുടെ അടിസ്ഥാനഘടകം എന്ന നിലയ്ക്കാണ് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത്. ബഹുജനങ്ങളുമായി പാർട്ടിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ഘടകമെന്ന നിലയ്ക്ക് പാർട്ടിയുടെ ജനസ്വാധീനത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും ന്യൂക്ലിയസ്സായി വർത്തിക്കുന്നത് ബ്രാഞ്ചുകളാണ്.
സമൂഹത്തെ വരുതിയിലാക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ മതനിരപേക്ഷ ജനാധിപത്യബോധത്തെ ശക്തിപ്പെടുത്തുന്നതിന് സഹായകരമായ സമീപനങ്ങൾ വികസിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ബൃഹത്തായൊരു ജനാധിപത്യ രാഷ്ട്രീയ പ്രക്രിയ എന്ന നിലയിൽ കൂടിയാണ് സി.പി.ഐ (എം) പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സമ്മേളനങ്ങൾ ഇന്ന് പ്രധാനവും പ്രസക്തവുമാകുന്നത്.
ഓരോ പ്രദേശത്തിന്റെയും സാമൂഹ്യവും വർഗപരവുമായ സ്ഥിതിവിശേഷത്തിനനുസരിച്ച് കേഡർമാരെ റിക്രൂട്ട് ചെയ്തുകൊണ്ടാണ് സി.പി.ഐ (എം) ബ്രാഞ്ചുകൾ രൂപംകൊള്ളുന്നത്. പരമാവധി 15 അംഗങ്ങൾ അടങ്ങുന്ന ബ്രാഞ്ചുകൾ വർഗബഹുജനസംഘടനകളിലൂടെയാണ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതും പാർട്ടിക്കുചുറ്റും ബഹുജനങ്ങളെയാകെ അണിനിരത്തുന്നതും. ഓരോ പാർട്ടി ഘടകവും വർഗബഹുജനസംഘടനകളാൽ പൊതിയപ്പെട്ടതായിരിക്കണമെന്നതാണ് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാതത്വത്തിന്റെ അടിസ്ഥാനം. അനുഭാവി ഗ്രൂപ്പുകളും അനുഭാവി ജനറൽ ബോഡികളും രൂപീകരിച്ചും വിളിച്ചുചേർത്തുമാണ് പാർട്ടി അതിന്റെ ആശയങ്ങളും നിലപാടുകളും ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ഇക്കാര്യങ്ങളിലെല്ലാം കഴിഞ്ഞ 23-ാം പാർട്ടി കോൺഗ്രസിനുശേഷം എത്രത്തോളം പുരോഗതിയുണ്ടായിട്ടുണ്ടെന്നും മാറിയ സാഹചര്യങ്ങളെ അഭിസംബോധന ചെയ്ത് പ്രവർത്തിക്കാൻ പാർട്ടി ഘടകത്തിന് കഴിയുന്നുണ്ടോ എന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ പ്രധാനമായും പരിശോധിക്കപ്പെടുക. പാർട്ടി സ്വീകരിച്ച അടവുലൈനിന്റെ പ്രയോഗാനുഭവങ്ങളും അതിന്റെ ബലദൗർബല്യങ്ങളുമെല്ലാം വിമർശനാത്മകമായിതന്നെ ചർച്ച ചെയ്യപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ സൈദ്ധാന്തിക പ്രക്രിയ കൂടിയാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സമ്മേളനങ്ങൾ.
പാർട്ടിയുടെ, അംഗങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ധാരണകൾ ഉയർത്തുന്നതിനും പ്രക്ഷോഭസമരങ്ങളിൽ ബഹുജനങ്ങളെ പങ്കെടുപ്പിക്കുന്നതിലും ജനങ്ങളെ സേവിക്കുന്നതിന് സന്നദ്ധതയുള്ളവരായി പാർട്ടി അംഗങ്ങളെ വളർത്തിയെടുക്കുന്നതിനും എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്ന പരിശോധനയും അതിന് തടസ്സമായി നിൽക്കുന്ന പ്രവണതകളെയും ആശയങ്ങളെയും സംബന്ധിച്ച ആത്മവിമർശനപരമായ ചർച്ചകളാണ് സമ്മേളനങ്ങളിൽ നടക്കുക. വ്യക്തിജീവിതചര്യകളിൽ കമ്യൂണിസ്റ്റുകാർ നിർബന്ധമായും പുലർത്തിപ്പോരേണ്ട ലാളിത്യവും സത്യസന്ധതയും പാർട്ടി അംഗങ്ങൾക്ക് ഉണ്ടോയെന്നും സമൂഹത്തിലെ അനഭിലഷണീയമായ പ്രവണതകളെ ചെറുക്കാൻ അംഗങ്ങൾ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എത്രത്തോളം പ്രാപ്തരാണെന്നുമുള്ള പരിശോധനകളും ചർച്ചകളും സമ്മേളനങ്ങളിൽ നടക്കും. മറ്റ് ബൂർഷ്വാ പാർട്ടികൾക്കൊന്നും അവകാശപ്പെടാൻ കഴിയാത്ത ബൃഹത്തായ ഒരു ജനാധിപത്യ രാഷ്ട്രീയപ്രക്രിയ എന്ന നിലയിലാണ് കമ്യൂണിസ്റ്റ് പാർട്ടികളുടെ കോൺഗ്രസുകളും സമ്മേളനങ്ങളും ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.
സി.പി.ഐ (എം)-യുടെ 24-ാം പാർട്ടികോൺഗ്രസ് 2025 ഏപ്രിലിലാണ് തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്നത്. കോർപ്പറേറ്റ് മൂലധനശക്തികളും ഹിന്ദുത്വ മതരാഷ്ട്രീയവാദികളും ഉയർത്തുന്ന സങ്കീർണമായ വെല്ലുവിളികളുടെ സാഹചര്യത്തിലാണ് പാർട്ടി കോൺഗ്രസ് നടക്കുന്നത്. 2009-നുശേഷം പാർട്ടിക്കുണ്ടാകുന്ന തുടർച്ചയായ തിരിച്ചടികളുടെയും തീവ്രവലതുപക്ഷത്തിന്റെ വളർച്ചയുടെയും രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ അതിജീവിക്കാമെന്നാണ് 24-ാം പാർട്ടി കോൺഗ്രസിന്റെ പ്രധാനമായ പര്യാലോചനാവിഷയം. കഴിഞ്ഞ പാർട്ടി കോൺഗ്രസിനുശേഷമുള്ള സംഭവവികാസങ്ങളെ സമഗ്രമായി അവലോകനം ചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയം കേന്ദ്രകമ്മിറ്റി തയ്യാറാക്കി എല്ലാ ഘടകങ്ങൾക്കും ചർച്ചയ്ക്കായി നൽകും. അതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ അടവുകളും നയങ്ങളും സംഘടനാപരമായ തീരുമാനങ്ങളും പാർട്ടി കോൺഗ്രസ് ചർച്ചചെയ്ത് തീരുമാനമെടുക്കും.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം അമേരിക്കൻ സാമ്രാജ്യത്വം ഏകലോകക്രമം രൂപപ്പെടുത്താനുള്ള സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായ നീക്കങ്ങളാണ് ശക്തിപ്പെടുത്തിയത്. കടുത്ത കുടിയേറ്റ വിരുദ്ധതയും വംശീയതയും മൂന്നാം ലോക ദേശീയതക്കുമേലുള്ള അധിനിവേശനീക്കങ്ങളും തീവ്രമാക്കിയിരിക്കുന്നു. ഇത് ലോകമാകെ പ്രതിസന്ധികളും യുദ്ധങ്ങളും കടുത്ത വംശീയ വർഗീയ വിഭജനങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ നവലിബറൽനയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങളും ജനമുന്നേറ്റങ്ങളും ലോകമാകെ ഈയൊരു സാഹചര്യത്തിലും ശക്തിപ്പെട്ടുവരുന്നുണ്ട്. ജനകീയപോരാട്ടങ്ങൾ ദുർബലപ്പെടുത്താൻ മൂലധനശക്തികൾ മതവർഗീയരാഷ്ട്രീയെത്തയും, സ്വത്വവാദപരമായരാഷ്ട്രീയത്തിന്റെ എല്ലാവിധ പ്രതിലോമ ചിന്താധാരകളെയും പ്രോത്സാഹിപ്പിക്കുകയാണ്.
ഈയൊരു സാർവദേശീയ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ വളർച്ചയെയും അപകടരമായ ഭീഷണികളെയും നാം നോക്കിക്കാണേണ്ടത്. 23-ാം പാർട്ടി കോൺഗ്രസ് നടന്ന കാലഘട്ടത്തിൽ ബി.ജെ.പി സ്വന്തം ഭൂരിപക്ഷത്തിൽ രാജ്യം ഭരിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. അതിന്റെ ബലത്തിലാണ് 370-ാം വകുപ്പ് എടുത്തുകളഞ്ഞതും പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതും. ഭരണഘടന മുന്നോട്ടുവെക്കുന്ന എല്ലാ മൂല്യങ്ങളെയും തകർത്ത് മുന്നോട്ടുപോകുന്ന സമീപനമായിരുന്നു നരേന്ദ്ര മോദി സർക്കാരിനുണ്ടായിരുന്നത്. മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളെ കേന്ദ്രസർക്കാർ നിരന്തരം കടന്നാക്രമിക്കുകയായിരുന്നു. കർഷകനിയമങ്ങൾ, സഹകരണനിയമങ്ങൾ, പുതിയ വിദ്യാഭ്യാസനിയമങ്ങൾ ഇതിലെല്ലാം സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന ശൈലിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.
ജി.എസ്.ടി, സംസ്ഥാനങ്ങളുടെ നികുതി ചുമത്താനുള്ള അവകാശങ്ങൾ ഇല്ലാതാക്കി വരുമാനശോഷണമുണ്ടാക്കി. എന്നാൽ കേന്ദ്ര സർക്കാരാകട്ടെ ഈയൊരു സാഹചര്യത്തിലും സംസ്ഥാനങ്ങൾക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണ് ചെയ്തത്. ജനങ്ങളുടെ ക്ഷേമവികസന പ്രവർത്തനങ്ങൾക്കുള്ള ബജറ്റ് വിഹിതം തുടർച്ചയായി വെട്ടിക്കുറച്ച മോഡി സർക്കാർ കോർപ്പറേറ്റുകൾക്ക് നികുതിയിളവുകൾ ഉൾപ്പെടെ ആനുകൂല്യങ്ങൾ വാരിക്കോരി കൊടുത്തു. ഇതെല്ലാം ജനങ്ങളിലുണ്ടാക്കിയ അസംതൃപ്തിയാണ് 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചതും പ്രതിപക്ഷ ഐക്യത്തെ സാധിതമാക്കിയതും.
മൂന്നാം മോദി സർക്കാർ പാർലമെന്റിൽ, അവരുടെ മതരാഷ്ട്ര അജണ്ടക്കനുസരിച്ച് നിയമഭേദഗതികൾ കൊണ്ടുവരാൻ സാധ്യമല്ലാത്ത സ്ഥിതിയിലാണ്. അതിനർത്ഥം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിൽ അവർ പിറകിലോട്ടുപോകുമെന്നല്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പിയും ആർ.എസ്.എസും നിയന്ത്രിക്കുന്ന സർക്കാർ, ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും പ്രതിപക്ഷ പാർട്ടികൾക്കുമെതിരെ കടുത്ത നീക്കങ്ങൾ തന്നെ നടത്തുമെന്നതാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.ഐ (എം)-യെയും മറ്റ് ഇടതുപക്ഷ പാർട്ടികളെയും സംബന്ധിച്ച് ബി.ജെ.പിയുടെ കോർപ്പറേറ്റ് ഹിന്ദുത്വനയങ്ങൾക്കെതിരായി പ്രചാരണ- പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്താൻ കഴിയുന്ന രീതിയിൽ മതനിരപേക്ഷശക്തികളുടെ ഏകോപനം ഉണ്ടാക്കേണ്ടതുണ്ട്.
എല്ലാ വിഷയങ്ങളെയും മതവൽക്കരിക്കുകയും വേർതിരിവുണ്ടാക്കുകയും ചെയ്യുന്ന ഭൂരിപക്ഷ വർഗീയതക്കും ന്യൂനപക്ഷ വർഗീയതക്കുമെതിരായി ശക്തമായ പ്രചാരണങ്ങൾ അഴിച്ചുവിടേണ്ടതുണ്ട്. ഇതിന് കഴിയുന്ന രീതിയിൽ ജനകീയപ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള ഇടപെടലുകൾ വികസിപ്പിക്കുകയെന്നത് വളരെ പ്രധാനമാണെന്നാണ് സി.പി.ഐ (എം) കാണുന്നത്. അതിനായി പാർട്ടിയുടെ സ്വതന്ത്രശക്തി വികസിപ്പിക്കാനാവശ്യമായ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങൾ ഈ പാർട്ടി കോൺഗ്രസ് കൈക്കൊള്ളേണ്ടതുണ്ട്. അങ്ങനെ ആഗോളവൽക്കരണനയത്തിനും മതരാഷ്ട്രവാദത്തിനുമെതിരെ ഉറച്ചനിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ ശക്തികളെ യോജിപ്പിച്ച് മുന്നോട്ടുപോകാൻ കഴിയണം.
ഇടതുപക്ഷത്തിന്റെ ശക്തമായ ഒരു പ്ലാറ്റ്‌ഫോമിൽ നിന്ന് ജനാധിപത്യശക്തികളുടെ കൂട്ടായ്മയും മതനിരപേക്ഷതക്കുവേണ്ടിയുള്ള പോരാട്ടങ്ങളും വളർത്തിയെടുക്കണം. ബി.ജെ.പിയെ ഒറ്റപ്പെടുത്തി മതനിരപേക്ഷമായ സർക്കാരിനെ അധികാരത്തിലെത്തിക്കുകയെന്ന ഉത്തരവാദിത്വമാണ് സി.പി.ഐ (എം)-യുടെ മുന്നിലുള്ള സുപ്രധാനമായ വർത്തമാന രാഷ്ട്രീയ കടമ. അതിനായി പാർലമെന്ററി-പാർലമെന്റേതരവുമായ സമരമാർഗങ്ങൾ വികസിപ്പിച്ചെടുക്കണം.
കേരളത്തിന്റെ സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ മുന്നോട്ടുവെച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബദൽനയങ്ങൾ ശക്തിപ്പെടുത്താനാവശ്യമായ ഭരണപരവും രാഷ്ട്രീയവുമായ ഇടപെടലുകൾ പ്രധാനമാണ്. കേന്ദ്രഗവൺമെന്റ് കേരളത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ഉപരോധത്തെ പ്രതിരോധിക്കാൻ കഴിയുന്ന ബഹുജനാവബോധവും യോജിച്ച പ്രക്ഷോഭങ്ങളും വളർത്തിയെടുക്കണം. കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് അനുകൂലവും ഫെഡറലിസത്തിനെതിരായതുമായ സാമ്പത്തികനയങ്ങളെയും കേരള വിരുദ്ധ സമീപനത്തെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ച് കേരളം നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും കാരണം ഇടതുപക്ഷമാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ പ്രചണ്ഡമായ വലതുപക്ഷ പ്രചാരവേലകളെ തുറന്നുകാണിക്കാൻ കഴിയുന്ന രീതിയിലുള്ള ബഹുജനസംവാദങ്ങളും നവമാധ്യമ ഇടപെടലുകളും ശക്തിപ്പെടുത്തേണ്ടതുണ്ട്. 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടികളും ബി.ജെ.പിക്ക് അവരുടെ വോട്ട് ഷെയറിലുണ്ടായ വർദ്ധനവും ഗുരുതരമായ വെല്ലുവിളിയായി കണ്ടുകൊണ്ടുള്ള ഇടപെടലുകൾക്കാണ് സി.പി.ഐ (എം) ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞത് ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്. യു.ഡി.എഫിന്റെ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചതാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാവുന്നതിന് ഇടയായത്. അതോടൊപ്പം, കേന്ദ്രസർക്കാർ ഇടപെട്ട് ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളെ ബി.ജെ.പിക്ക് അനുകൂലമാക്കിയതും അവരുടെ വിജയത്തിന് കാരണമായി. അതോടൊപ്പം കേരളീയ സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കുന്ന തരത്തിൽ ഹിന്ദുത്വബോധവും ജാതിബോധവും ശക്തിപ്പെട്ടിരിക്കുകയാണെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്.
ബി.ജെ.പിക്ക് ഇടതുപക്ഷത്തിന്റെ സ്വാധീനമേഖലകളിൽനിന്നും വോട്ടു ലഭിച്ചു. ഇത് ജാതിരാഷ്ട്രീയത്തിന്റെയും വളർന്നുവരുന്ന ഹിന്ദുത്വ പൊതുബോധത്തിന്റെയും ഫലമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ശക്തമായ ഇടപെടലുകൾ ഉണ്ടാവണമെന്നാണ് പാർട്ടി കരുതുന്നത്. ഭരണപരവും പാർട്ടിയുടെ സംഘടനാപരവുമായ ദൗർബല്യങ്ങളെന്ത് എന്ന് മനസ്സിലാക്കി അതൊക്കെ പരിഹരിച്ച് ജനങ്ങളുടെ ആവശ്യങ്ങൾക്കും ഇച്ഛക്കുമൊത്തുമുയരാൻ പാർട്ടിക്ക് കഴിയേണ്ടതുണ്ട്. ജാതീയമായി ഭിന്നിപ്പിച്ച് വർഗീയമായി യോജിപ്പിക്കുകയെന്ന സംഘപരിവാറിന്റെ രാഷ്ട്രീയതന്ത്രത്തെ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകൾ വിവിധ സാമൂഹ്യവിഭാഗങ്ങൾക്കിടയിൽ നടത്താൻ കഴിയണം.
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെയും ന്യൂനപക്ഷ വർഗീയശക്തികളുടെയും നീക്കങ്ങളെയും പദ്ധതികളെയും പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള ജാഗ്രത്തായ ഇടപെടലുകൾ ആവശ്യമാണ്. പൊതുഇടങ്ങളെയാകെ മതനിരപേക്ഷതയിൽ നിലനിർത്താനുള്ള മതത്തെയും രാഷ്ട്രീയത്തെയും വേർതിരിച്ചുകാണാനുമുള്ള ജനാധിപത്യ കാഴ്ചപ്പാടുകളെ ആഴത്തിലാക്കാനുള്ള സാംസ്‌കാരികരംഗത്തെ ഇടപെടലുകൾ വളരെ പ്രധാനമാണ്. ജാതി- ലിംഗ വിവേചനങ്ങളെയും വർഗീയ വിദ്വേഷ പ്രവണതകളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കാൻ കഴിയുന്ന നവോത്ഥാനത്തിന്റെ തുടർച്ച മുന്നോട്ടുകൊണ്ടുപോകാൻ കഴിയണം. ഇതിനെല്ലാം പാർട്ടിയെ പ്രാപ്തമാക്കുന്ന നയപരവും സംഘടനാപരവുമായ ആലോചനകളുടെയും ചർച്ചകളുടെയും തീരുമാനങ്ങളുടെയും ജനാധിപത്യ രാഷ്ട്രീയപ്രക്രിയയെന്ന നിലയ്ക്കാണ് പാർട്ടി കോൺഗ്രസും ബ്രാഞ്ച് തലം തൊട്ടുള്ള സമ്മേളനങ്ങളും പ്രധാനമാകുന്നത്.