അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടത്തിൽ ആർ.എസ്.എസുമായി ചേർന്നിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്റെ പരാമർശത്തിനുപുറകിലെ വസ്തുത എന്താണ്?
‘‘അടിയന്തരാവസ്ഥ അർധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായൊക്കെ യോജിച്ചു’’- എം.വി. ഗോവിന്ദൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ പ്രസ്താവന ചർച്ചയായപ്പോൾ ഒരു വിശദീകരണവുമായി നിലമ്പൂരിലെ സി.പി.എം സ്ഥാനാർഥി എം. സ്വരാജ് രംഗത്തുവന്നു. അടിയന്തരാവസ്ഥക്കാലത്ത് ജനതാപാർട്ടിയുമായാണ് സി.പി.എം സഹകരിച്ചത് എന്നും ജനതാപാർട്ടിയിൽ ആർ.എസ്.എസ് സ്വാധീനമുണ്ടെന്ന വിമർശനമുണ്ടായപ്പോൾ ആർ.എസ്.എസ് വോട്ട് വേണ്ട എന്ന് പ്രഖ്യാപിച്ചിരുന്നതായും സ്വരാജ് പറഞ്ഞു.

Read: ജെ.പി, ജനസംഘിനെയും ആർ.എസ്.എസിനെയും
കൈപിടിച്ചുയർത്തിയ കാലം
എന്നാൽ, അടിയന്തരവസ്ഥയെ എതിർക്കുമ്പോഴും, അതിൽ ആരോടൊക്കെ ഏതളവിൽ സഹകരിക്കണമെന്ന കാര്യത്തിൽ സി പി ഐ- എമ്മിൽ ആശയക്കുഴപ്പമുണ്ടായിരുന്നതായി എൻ.കെ. ഭൂപേഷ് ട്രൂകോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിൽ വിശദമാക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത്, ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ എതിർക്കുന്നതിനുള്ള യോജിച്ച പോരാട്ടത്തിൽ, ജനസംഘുമായി രാഷ്ട്രീയമായ സഹകരണം വേണ്ട എന്ന പാർട്ടിതീരുമാനം ലംഘിക്കപ്പെട്ടതായി സി.പി.എം ജനറൽ സെക്രട്ടറി പി. സുന്ദരയ്യ ചൂണ്ടിക്കാട്ടിയിരുന്നതായി ഭൂപേഷ് എഴുതുന്നു.
ലേഖനത്തിൽനിന്ന്:
അടിയന്തരവസ്ഥയെ എതിർക്കുമ്പോഴും, അതിൽ ആരോടൊക്കെ ഏതളവിൽ സഹകരിക്കണമെന്ന കാര്യത്തിൽ സി പി ഐ- എമ്മിൽ സംശയമുണ്ടായി. ജനസംഘുമായി രാഷ്ട്രീയമായ സഹകരണം വേണ്ടെന്ന പാർട്ടിതീരുമാനം ലംഘിക്കപ്പെടുന്നുവെന്നും ജനസംഘുമായി സഹകരിക്കാൻ മുതിർന്ന നേതാക്കൾ തന്നെ മുൻകൈയെടുക്കുന്നുവെന്നുമുള്ള ആരോപണം ഉന്നയിച്ച് പാർട്ടി ജനറൽ സെക്രട്ടറി പി. സുന്ദരയ്യ സ്ഥാനം രാജിവെയ്ക്കുന്നതിലേക്ക് പോലും അതെത്തി.
ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും പൗരാവകാശങ്ങളെ അടിച്ചമർത്തുന്നതിനുമെതിരായ യോജിച്ച പോരാട്ടമെന്നതിന് അർത്ഥം, എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും രാഷ്ട്രീയ മുന്നണിയെന്നല്ല എന്ന സമീപനത്തിൽ പിന്നീട് പാർട്ടി വീഴ്ച വരുത്തിയെന്നതായിരുന്നു പി. സുന്ദരയ്യയുടെ ആക്ഷേപം. പൗരരാവകാശ സംഘടനകളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും പൗരപ്രമുഖരേയും യോജിപ്പിച്ചുള്ള പോരാട്ടമെന്നതിന് എല്ലാ പ്രതിപക്ഷ പാർട്ടികളുമായുള്ള യോജിച്ചുള്ള രാഷ്ട്രീയ മുന്നണിയെന്നല്ല അർത്ഥമെന്ന കാര്യം അന്ന് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും എന്നാൽ പിന്നീടുള്ള നിർദ്ദേശങ്ങളിൽ ഇത് ഉൾക്കൊളളിക്കാതെ ഇന്ദിരാഗാന്ധിയ്ക്കെതിരെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഉൾപ്പെടുത്തിയുള്ള രാഷ്ട്രീയമുന്നണിയെ പിന്തുണയ്ക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയെന്നുമായിരുന്നു പി. സുന്ദരയ്യയുടെ ആക്ഷേപം.
1975 മാർച്ച് 14- ന്റെ കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായ കാര്യങ്ങൾ നടപ്പിലാക്കപ്പെടുന്നുവെന്നും ഇതിന് പൊളിറ്റ് ബ്യൂറോ അംഗങ്ങളിൽ പലരുടെയും അനുവാദമുണ്ടായിരുന്നുവെന്നുമായിരുന്നു ജനറൽ സെക്രട്ടറിയുടെ ആക്ഷേപം. ഇന്ദിരാഗാന്ധിയ്ക്കെതിരെയുള്ളത് രാഷ്ട്രീയ മുന്നണിയല്ലെന്നും പൗരവാകാശ പോരാട്ടത്തിനായുള്ള കൂട്ടായ്മയിൽ പാർട്ടി അംഗങ്ങൾ പങ്കാളികളാകുക മാത്രമാണെന്ന ധാരണ വ്യക്തമായി തന്നെ വേണമെന്നും ജനസംഘം, കോൺഗ്രസ് (ഒ) പോലുള്ള വലതുപക്ഷവുമായുള്ള രാഷ്ട്രീയമുന്നണിയില്ല എന്നുമുള്ള പാർട്ടി തീരുമാനത്തിൽ വെള്ളം ചേർത്തുവെന്നുമായിരുന്നു സുന്ദരയ്യയുടെ ആക്ഷേപം. ഇക്കാര്യങ്ങൾ വിശദമമാക്കിയാണ് അദ്ദേഹം രാജിക്കത്ത് തയ്യാറാക്കിയത്. (പി. സുന്ദരയ്യ കേന്ദ്ര കമ്മിറ്റിയ്ക്ക് അയച്ച രാജിക്കത്ത് മാർക്‌സിസ്റ്റ് ഇന്റർനെറ്റ് ആർക്കൈവ്‌സിൽ ലഭ്യമാണ്).

വലതുപക്ഷം അടിയന്തരാവസ്ഥാ സാഹചര്യങ്ങളെ മുതലെടുക്കുമ്പോൾ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഭിന്നാഭിപ്രായമായിരുന്നു.
ഒരു ദേശീയ വിഷയത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ട് വ്യത്യസ്തമായ സമീപനങ്ങൾ എടുത്തത് അടിയന്തരവസ്ഥയുമായി ബന്ധപ്പെട്ട കാര്യത്തിലാവണം.
ഇന്ദിരാഗാന്ധിയ്‌ക്കെതിരായ നീക്കത്തെ കോൺഗ്രസിനെ പോലെ സി.പി.ഐയും വിലയിരുത്തിയത് നിയമസംവിധാനത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള നീക്കമായിട്ടാണ്. വലതുശക്തികൾജെ.പിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും അതിന്റെ മുന്നണി പടയാളികളായി ആർ എസ് എസും പ്രതിലോമശക്തികളും മാറിയെന്നും അധികാരം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഈ സഖ്യമെന്നും സി പി ഐ അടിയന്തരവസ്ഥ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെ വിലയിരുത്തി. എന്നാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം 1976- ൽ സി പി ഐ ജനറൽ സെക്രട്ടറിയായിരുന്ന രാജേശ്വരറാവു പുറത്തിറിക്കിയ പ്രസ്താവനയിൽ, അടിയന്തരവസ്ഥയുടെ മറവിൽ അധികാരികൾ നടത്തുന്ന അമിതാധികാര പ്രവണതയേയും അറസ്റ്റുകളെയും അപലപിച്ചു. അതേസമയം അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നുവെന്ന നിലപാടിൽ പാർട്ടിക്ക് സംശയമൊന്നും ഉണ്ടായതുമില്ല.
ലേഖനത്തിന്റെ പൂർണ രൂപം വായിക്കാം, കേൾക്കാം: ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 235
ജെ.പി, ജനസംഘിനെയും
ആർ.എസ്.എസിനെയും
കൈപിടിച്ചുയർത്തിയ കാലം
