വയനാട്ടിൽനിന്ന് സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാകുകയാണ് ഒ.ആർ. കേളു. മാനന്തവാടി എം.എൽ.എ ആയ അദ്ദേഹം കെ. രാധാകൃഷ്ണൻ എം.പിയായതിനെ തുടർന്നാണ് മന്ത്രിയാകുന്നത്.
എന്നാൽ, വകുപ്പുവിഭജനത്തിൽ വലിയൊരു അട്ടിമറിയാണ് നടന്നത്. കെ. രാധാകൃഷ്ണന്റെ ചുമതലയിലുണ്ടായിരുന്ന വകുപ്പുകളിൽ പട്ടികജാതി- പട്ടികവർഗ ക്ഷേമ വകുപ്പു മാത്രമാണ് ഒ.ആർ. കേളുവിന് നൽകിയത്. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനുമായി വീതിച്ചുനൽകി. സുപ്രധാനമായ ഈ രണ്ടു വകുപ്പുകൾ ഒ.ആർ. കേളുവിൽനിന്ന് എന്തിന് എടുത്തുമാറ്റി എന്ന കാര്യം സർക്കാറും സി.പി.എമ്മും വിശദീകരിച്ചിട്ടില്ല. മാത്രമല്ല, കെ. രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായപ്പോൾ, ഒരു ദലിത് വിഭാഗക്കാരനെ ദേവസ്വം വകുപ്പ് ഏൽപ്പിച്ചത്, പിണറായി വിജയൻ സർക്കാറിന്റെ ഏറെ വിപ്ലവകരവും പുരോഗമനകരവുമായ നിലപാടായി സി.പി.എമ്മും ഇടതുപക്ഷത്തുള്ളവരും അവകാശപ്പെട്ടിരുന്നു.
പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ മന്ത്രിയായ തനിക്ക് ജാതിവിവേചനം നേരിട്ടത് കെ. രാധാകൃഷ്ണൻ തുറന്നുപറഞ്ഞപ്പോൾ, കെ. രാധാകൃഷ്ണന് അനുകൂലമായി കേരളം ഒന്നടങ്കം ശക്തമായി രംഗത്തുവന്നു.
ശബരിമല തീർഥാടനത്തിനുള്ള ക്രമീകരണം വിലയിരുത്താൻ സന്നിധാനത്തെത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ കൈ കൂപ്പാത്തതും തീർഥം വാങ്ങി ഒഴുക്കിക്കളഞ്ഞതും ചൂണ്ടിക്കാട്ടി ബി.ജെ.പിയും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. ദൈവത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും അവിശ്വാസിക്ക് ദേവസ്വം വകുപ്പ് കൊടുക്കണമായിരുന്നോ എന്നാണ് അന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചത്. ബി.ജെ.പിയും സംഘ്പരിവാറും സമാന വിമർശനമുന്നയിച്ചു.
ഈ സന്ദർഭങ്ങളിലെല്ലാം കെ. രാധാകൃഷ്ണന്റെ ദേവസ്വം മന്ത്രിസ്ഥാനത്തെ രാഷ്ട്രീയമായി പ്രതിരോധിച്ച സി.പി.എമ്മാണ് ഇപ്പോൾ, പാർട്ടിയിൽനിന്ന് പട്ടികവർഗക്കാരനായ ഒരു നേതാവ് മന്ത്രിസ്ഥാനത്തെത്തുമ്പോൾ, ആ ‘വിപ്ലവ’ത്തിൽനിന്ന്, പിൻവാങ്ങുന്നത്. ലോക്സഭാ ഇലക്ഷനിലെ ‘വലിയ തോതിലുള്ള’ തോൽവിയും പ്രബലരായ ചില സാമുദായിക വിഭാഗങ്ങളുടെ പുത്തൻ സഖ്യങ്ങളുമാണോ, വിശ്വാസ വികാരം അന്തർധാരയായ ഒരു വകുപ്പിനെ താരതമ്യേന ‘ഭദ്രമായ’ കൈകളിൽ ഏൽപ്പിച്ചതിനുപുറകിൽ പ്രവർത്തിച്ചത്?
ഒ.ആർ. കേളുവിന് ഈ വകുപ്പുകൾ നൽകാതിരിക്കാൻ, അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ല. അദ്ദേഹം പുതുമുഖമല്ലെന്നു മാത്രമല്ല, കെ. രാധാകൃഷ്ണനോളം പരിചയസമ്പത്തുള്ള എം.എൽ.എയാണ്. പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാനും കേരള വെറ്റിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയുടെ ബോർഡ് ഓഫ് മനേജ്‌മെന്റ് അംഗവുമാണ്.
1970 ആഗസ്റ്റ് രണ്ടിന് വയനാട്ടിൽ ജനിച്ച കേളു സി.പി.എം സംസ്ഥാന സമിതി അംഗമാകുന്ന ആദ്യ പട്ടികവർഗ നേതാവാണ്. പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡന്റാണ്. സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആദിവാസി ക്ഷേമ സമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
വയനാട് ജില്ലയിലും സംസ്ഥാനത്തും പട്ടികവർഗക്കാരെ പാർട്ടിയോട് അടുപ്പിച്ച് നിർത്താൻ നിരന്തരം ശ്രമങ്ങൾ നടത്തുന്ന നേതാവാണ് കേളു. സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രാദേശിക രാഷ്ട്രീയത്തിൽ ജനകീയ ഇടപെടലുകൾ നടത്തുന്ന ആദിവാസി നേതാവ് കൂടിയാണ് കേളു. പത്ത് വർഷത്തിലേറയായി ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ സജീവമാണ്.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽനിന്ന് 2000-ൽ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതോടെയാണ് കേളു തെരഞ്ഞെടുപ്പുരാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2005, 2010 വർഷങ്ങളിൽ തുടർച്ചയായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015-ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. 2016 ല്‍ മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് കേളു ആദ്യമായി എം.എല്‍.എ ആയത്. പിന്നീട് 2021-ലും തുടർച്ചയായി മാനന്തവാടിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.