2016- ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തു വന്നിട്ട് അധികം നാൾ കഴിഞ്ഞിരുന്നില്ല. ഇടതു മുന്നണിയുടെ ആധികാരിക വിജയത്തിന്റെ ആഘോഷത്തിന്റെ അലയൊലികൾ അടങ്ങിയിരുന്നില്ല. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഞാനെത്തുമ്പോൾ അദ്ദേഹത്തിന്റെ മകൻ വി.എ. അരുൺ കുമാർ ഒരു പകൽ മുഴുവൻ വാടക വീടിനായി തലസ്ഥാനനഗരിയിൽ അലഞ്ഞ് അച്ഛന്റെ അടുത്തേക്ക് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ‘‘മെയിൻ റോഡിനരികിലുള്ള ഒരു വീടാണ് ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതാകുമ്പോൾ അച്ഛനെ കാണാൻ വരുന്നവർക്ക് ഒരു പ്രയാസമുണ്ടാകില്ലല്ലോ’’, അരുൺ എന്നോട് പറഞ്ഞു.
അതിനു രണ്ടുനാൾ മുന്നേയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, 90 വയസ്സ് കഴിഞ്ഞ വി.എസ്. അച്യുതാനന്ദനെ ‘കേരളത്തിന്റെ ഫിദൽ കാസ്ട്രോ’ എന്നു വിളിച്ചത്. വി.എസിന് കിട്ടാവുന്നതിൽ വെച്ചേറ്റവും വലിയ അംഗീകാരമാകുമായിരുന്നു അത്. പക്ഷെ, വി.എസിനെ നെഞ്ചേറ്റിയവർക്ക് അതവരുടെ മോഹങ്ങളെ തല്ലിക്കെടുത്തുന്ന ഒന്നായിരുന്നു. ഇടതു മുന്നണിയുടെ ഉജ്വലവിജയത്തിനുശേഷം വി.എസ് പ്രതിപക്ഷ നേതാവിന്റെ കന്റോൺമെന്റ് ഹൗസ് വിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുമെന്ന് സ്വപ്നം കണ്ടിരുന്നവരാണവർ.
പക്ഷെ, യെച്ചൂരി നിയുക്ത മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് പാർട്ടിയിലെ വി.എസിന്റെ എതിരാളിയെന്ന് പേരുകേട്ട പിണറായി വിജയനെയായിരുന്നു. ‘ഇന്ന് ക്യൂബയിൽ കാസ്ട്രോ എന്ന പോലെ വി.എസ് തുടർന്നും പാർട്ടിക്ക് മാർഗനിർദേശവും ഉത്തേജനവും നൽകും’ - തെരഞ്ഞെടുപ്പുഫലം വന്നശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.
വി.എസ് മൗനമായിരുന്നു.

കന്റോൺമെന്റ് ഹൗസിൽ അന്ന് ഞാൻ കാണുമ്പോൾ വി.എസിനെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ആൾക്കൂട്ടം പൊതിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹം ടീ-ഷർട്ടണിഞ്ഞ് സായാഹ്ന നടത്തത്തിനിറങ്ങാൻ ഒരുങ്ങുകയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രീയരംഗത്ത് നിറഞ്ഞുനിന്ന ഒരു വ്യക്തിത്വം അണിഞ്ഞ വസ്ത്രത്തെക്കുറിച്ചു സൂചിപ്പിക്കുന്നത് കടന്നകൈയായി തോന്നിയേക്കാം.
നിയുക്ത മുഖ്യമന്ത്രിയായി പാർട്ടി ജനറൽ സെക്രട്ടറിയാൽ പ്രഖ്യാപിക്കപ്പെട്ടശേഷം പിണറായി വിജയൻ വി.എസിനെ കണ്ട് ആശംസ തേടാൻ എത്തിയപ്പോഴും വി.എസ് ടീ ഷർട്ടായിരുന്നു ധരിച്ചത്. "വി.എസിനറിയാം പിണറായി വിജയൻ തന്നെ സന്ദർശിക്കുന്നതിന്റെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളിൽ ഒന്നാം പേജിൽ തന്നെ വരുമെന്ന്. തന്റെ പാർട്ടി കരുതുന്നപോലെ താനൊരു വയസ്സനായിട്ടില്ലെന്ന് കാണിക്കാൻ അദ്ദേഹം അന്ന് മനഃപൂർവം ടീ ഷർട്ട് ധരിച്ചതാകാം. വി.എസിന് വയസ്സ് 92- ഉം പിണറായി വിജയന് 72- ഉം ആണ്. എന്നാലും അന്നത്തെ ഫോട്ടോയിൽ പിണറായിയേക്കാൾ ചെറുപ്പം തോന്നിച്ചത് വി.എസിനെയായിരുന്നു’’- വി.എസിന്റെ ഒരു സപ്പോർട്ടർ എന്നോട് തമാശയായി പറഞ്ഞത് ഞാൻ ഓർത്തു.
"രാഷ്ട്രീയത്തിൽ അവർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ, വി.എസ് നടക്കുമ്പോൾ അദ്ദേഹത്തിന്റെ കാലടികൾ ഏറെ സ്നേഹത്തോടെയും കരുതലോടെയും പിണറായി നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’’, വി.എസിന്റെ കൂടെ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ അടുത്ത സഹായി എന്നോട് പറഞ്ഞു.
140 സീറ്റിൽ 91 സീറ്റും നേടി ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിച്ച പടക്കുതിര (War Horse) എന്ന് വി.എസിനെ വിശേഷിപ്പിച്ചെങ്കിലും വി.എസിനുപകരം പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുമ്പോൾ യെച്ചൂരി കാരണമായി പറഞ്ഞത്, വി.എസിന്റെ പ്രായവും ആരോഗ്യവുമായിരുന്നു (വീട്ടിൽ മിക്കവാറും കള്ളിമുണ്ടും ബനിയനുമുടുത്ത് കാണപ്പെടുമായിരുന്ന വി.എസിനെ പിന്നീടങ്ങോട്ട് പല വർണങ്ങളിലെ ടീ- ഷർട്ടണിഞ്ഞു തന്നെയാണ് കാണപ്പെട്ടത്).
വർഷങ്ങൾകൊണ്ട് വി.എസ്- പിണറായി ദ്വന്ദ്വം കേരളത്തിൽ രണ്ട് രാഷ്ട്രീയധാരകളെ പ്രതിനിധീകരിക്കുന്നതായി അവതരിപ്പിക്കപ്പെട്ടു. അല്ലെങ്കിൽ നന്നേ ചുരുങ്ങിയത് ഇടതുപക്ഷത്തിനകത്തെ രണ്ട് തരത്തിലുള്ള രാഷ്ട്രീയ നേതൃശൈലികളായെങ്കിലും അവർ കാണപ്പെട്ടു. നേതൃത്വത്തെ സംബന്ധിച്ച അത്തരം ചർച്ചകൾ ഇടതുപക്ഷത്തെ സംബന്ധിച്ച് അത്ര നിസാരവുമായിരുന്നില്ല. പ്രത്യേകിച്ച് ബംഗാളിലെ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കുശേഷം ഉയർന്നു വന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ വലിയ പ്രതിസന്ധി ഘട്ടത്തിൽ.

കേരളത്തിൽ വി.എസ്- പിണറായി എന്നത് സിനിമാ രംഗത്ത് മമ്മൂട്ടി- മോഹൻലാൽ എന്ന പോലെയുള്ള ദ്വന്ദ്വവൈരുദ്ധ്യം (ബൈനറി ഓപോസിഷൻ) ആയാണ് അവതരിപ്പിക്കപ്പെട്ടത്. ഒരേ മേഖലയിൽ നിന്ന് മലയാളത്തിൽ പൊതുസമ്മതി നേടിയ പ്രശസ്തരിൽ പരസ്പര മൽസരം (പ്രൊഫഷണൽ റൈവൽറി) കണ്ടെത്തുക എന്നത് മലയാളികളുടെ പൊതുധാരണയുടെ (പബ്ളിക് ഡിസ്കോർസ്) ഭാഗമാണ് പലപ്പോഴും. എഴുത്തിന്റെ ലോകത്ത് എം.ടിയെയും ടി. പത്മനാഭനെയും കുറിച്ച് പറയുന്നതു പോലെ, സംഗീതലോകത്ത് യേശുദാസിനെയും ജയചന്ദ്രനെയും കുറിച്ച് പറയുന്നതുപോലെ, അത്തരം സംഭാഷണങ്ങൾ മലയാളികൾക്കിടയിൽ അസാധാരണമല്ല. അരനൂറ്റാണ്ടോളം മലയാള സിനിമയെ അടക്കിവാണിട്ടും ആരാധകർ മമ്മൂട്ടിയോട് ഇപ്പോഴും അവശേഷിപ്പിക്കുന്ന ഒരു ചോദ്യം "മോഹൻലാലുമായിട്ട് എങ്ങനെയാ?" എന്നതായിരിക്കും. മോഹൻലാലിനോട് തിരിച്ച് മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും.
വി.എസിന്റെ കൂടെ മുമ്പ് പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ അടുത്ത സഹായി എന്നോട് പറഞ്ഞത്, വി.എസും പിണറായിയും രണ്ട് പ്രത്യേക ജനുസ്സിൽ പെടുന്നവരാണെന്നാണ്. "രാഷ്ട്രീയത്തിൽ അവർക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ, വി.എസ് നടക്കുമ്പോൾ അദ്ദേഹത്തിന്റെ കാലടികൾ ഏറെ സ്നേഹത്തോടെയും കരുതലോടെയും പിണറായി നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്’’, അദ്ദേഹം എന്നോട് പറഞ്ഞു.
വി.എസിന്റെ പ്രചാരണ സമ്മേളനങ്ങൾ അദ്ദേഹം തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽ പോലും അദ്ദേഹം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.
വി.എസിനെ പിന്തുണക്കുന്നവർ പറഞ്ഞത്, പിണറായിയെ പാർട്ടി മുഖ്യമന്ത്രിയായി നിർദേശിച്ച ശേഷം വി.എസ് നടത്തിയ പ്രസ്താവനകളിൽ അദ്ദേഹത്തിന്റെ നിരാശ നിഴലിച്ചുനിന്നിരുന്നു എന്നാണ്.
"നിങ്ങൾ എന്നിൽ എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ? ഞാൻ ക്ഷീണിതനായതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ?" എന്ന് അതിനുശേഷം അദ്ദേഹത്തെ സന്ദർശിച്ച ഒരു കൂട്ടം വിദ്യാർത്ഥികളോട് വി.എസ് ചോദിച്ചതായി വാർത്ത വന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് 13 ജില്ലകളിൽ 13 ദിവസം കൊണ്ട് 200 കിലോമീറ്റർ താണ്ടി 60 റാലികളെയാണ് വി.എസ് അഭിസംബോധന ചെയ്തത്. "എനിക്കൊരു കുഴപ്പവുമില്ല. ഞാൻ പൂർണ ആരോഗ്യവാനാണ്," എന്നാണ് വി.എസ് വിദ്യാർത്ഥികളോട് പറഞ്ഞത്.
മെയ് 21- ന് വി.എസ് ഒരു പ്രഖ്യാപനം നടത്തി: ‘മുഖ്യമന്ത്രി അല്ലെങ്കിലും കേരളത്തിലെ ജനങ്ങളുടെ കാവലാളായി താനുണ്ടാകും’.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാറിനെ നിരീക്ഷിക്കാനും തിരുത്താനും താൻ ഇവിടെയുണ്ടാകും എന്ന വി.എസിന്റെ പരസ്യപ്രഖ്യാപനമായാണ് പലരും അതിനെ വിലയിരുത്തിയത്.

പാർട്ടി വി.എസിനായി പല പദവികളും പരിഗണിക്കുന്നതായി ആ സമയത്ത് വാർത്തയുണ്ടായിരുന്നു. ഗവൺമെന്റിന്റെ ഉപദേശകൻ എന്നതായിരുന്നു അതിൽ പ്രധാനമായി കേട്ടത്. പക്ഷെ, അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കുന്ന അടുത്ത സഹായി എന്നോട് പറഞ്ഞത്, അദ്ദേഹം അത്തരം വാഗ്ദാനങ്ങളോടൊന്നും പ്രതികരിച്ചില്ല എന്നാണ്. തിരഞ്ഞെടുപ്പ് ജയിച്ചിട്ടും അദ്ദേഹം പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നും ആ സഹായി എന്നോട് പറഞ്ഞു.
"ഞാൻ അവസാന ശ്വാസം വരെ പോരാടും" എന്നാണ് വി.എസ് പറഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ സഹായി എന്നോട് പറഞ്ഞത്. "ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ ഈ തിരഞ്ഞെടുപ്പിൽ എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടിയുടെ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ മൽസര രംഗത്തിറങ്ങിയത്" എന്നാണ് വി.എസ് അദ്ദേഹത്തോട് പറഞ്ഞത്.
പിണറായിയുടെ സത്യപ്രതിജ്ഞാചടങ്ങിൽ വി.എസ് യെച്ചൂരിക്ക് ഒരു നോട്ട് കൈമാറുന്നതായി മലയാള മനോരമയിൽ ഫോട്ടോ വന്നിരുന്നു. അതിൽ മൂന്ന് പദവികളുടെ സൂചന ഉണ്ടായിരുന്നു എന്നാണ് പത്രം പറഞ്ഞത്. കാബിനറ്റ് റാങ്കോടുകൂടിയുള്ള ഗവൺമെന്റിന്റെ ഉപദേശകൻ, എൽ.ഡി.എഫ് ചെയർമാൻ, പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നിവയായിരുന്നു അത്.
വി.എസ്സും പിണറായിയും സാധാരണ കുടുംബ പശ്ചാത്തലത്തിൽനിന്ന് വളർന്നുവന്നവരാണ്. വി.എസ് തയ്യൽക്കാരനായിട്ടാണ് ജീവിതം തുടങ്ങുന്നത്. പിണറായി ആകട്ടെ, പത്താം ക്ലാസ് കഴിഞ്ഞ് ഒരു വർഷം കൈത്തറിശാലയിൽ ജോലി ചെയ്ത്, കണ്ണൂർ പോലെയുള്ള ഒരു രാഷ്ട്രീയമേഖലയിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന നേതാവാണ്.
കേരളത്തിൽ പാർട്ടിക്കകത്തും പുറത്തും പലരും വിശ്വസിച്ചിരുന്നത്, വി.എസിന്റെ ഹൈ വോൾട്ടേജ് പ്രചാരണങ്ങളാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ജയത്തിന് പ്രധാന ചാലക ശക്തിയായതെന്നാണ്. പ്രചാരണസമയത്ത് വി.എസ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാറിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. എൻ.ഡി.എ- ബി.ജെ.പി മുന്നണിയിലേക്കുള്ള എസ്.എൻ.ഡി.പി യുടെ ചായ് വ് കണ്ട് വെള്ളാപ്പള്ളി നടേശനെതിരെയും തന്റെ പ്രചാരണം തൊടുത്തു വിട്ടു.
ആ സമയത്ത് വി.എസ് ഫേസ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമ പ്രചാരണങ്ങളിലൂടെയും ആവേശം തീർത്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തുടങ്ങിയത്. ഉടനെ അതിന് വലിയ ഫോളോവേഴ്സുണ്ടായി. യു.ഡി.എഫിന്റെ ‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന മുദ്രാവാക്യത്തിനെതിരെ അദ്ദേഹം തൊടുത്തുവിട്ട ട്വീറ്റ് ഇങ്ങനെയായിരുന്നു: 'തടയണം ഈ കൊള്ളസംഘത്തെ, രക്ഷിക്കണം ഈ നാടിനെ’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തെ സംബന്ധിച്ച സോമാലിയ പരാമർശത്തിനു മറുപടിയായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: "കേരളം സോമാലിയയല്ല. പക്ഷെ ഉമ്മൻ ചാണ്ടിയും സംഘവും സോമാലിയൻ കൊള്ളക്കാരേക്കാൾ കഷ്ടമാണ്."

വി.എസിന്റെ പ്രചാരണ സമ്മേളനങ്ങൾ അദ്ദേഹം തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറെന്ന് വീണ്ടും വീണ്ടും തെളിയിച്ചു. പിണറായി വിജയന്റെ ധർമടം മണ്ഡലത്തിൽ പോലും അദ്ദേഹം വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു. അതിനു മുന്നത്തെ 2011-ലെ തിരഞ്ഞെടുപ്പിൽ വി.എസിന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ കേവലം നാല് സീറ്റുകൾക്കാണ് പരാജയപ്പെട്ടത്. 2016- ൽ പിണറായി വിജയനെ നേരത്തേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിച്ചിരുന്നെങ്കിൽ എൽ.ഡി.എഫിന് ഇത്ര വലിയ വിജയം ഒരു പക്ഷെ ലഭിക്കുമായിരുന്നില്ല എന്നാണ് പല പിണറായി വിരുദ്ധരും വിശ്വസിച്ചിരുന്നത്. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ "എൽ.ഡി.എഫ് വരും, എല്ലാം ശരിയാകും" എന്ന ഇടതു മുദ്രാവാക്യത്തെ പരിഹസിച്ചത്, "എൽ.ഡി.എഫ് വന്നാൽ ആദ്യം ശരിയാക്കുക വി.എസിനെയായിരിക്കും" എന്ന് പറഞ്ഞായിരുന്നു.
വലതുപക്ഷത്തേക്ക് ചായുന്നതിൽനിന്ന് ഇടതുപക്ഷത്തെ തടയുന്ന കൻമതിലാണ് വി.എസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ആഗോളവൽക്കരണാനന്തരലോകത്ത് ഇടതുപക്ഷത്തിന് ഒരു വഴികാണിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നു എന്നായിരുന്നു പലരുടെയും വിശ്വാസം.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) രൂപം കൊണ്ട ശേഷം കേരളത്തിലാണ് 1957-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ലോകത്തിൽ തന്നെ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ രൂപം കൊള്ളുന്നത്. 1964- ൽ സി.പി.ഐ വിഘടിച്ച് സി.പി.ഐ (എം) രൂപം കൊണ്ടു. അന്ന് സി.പി.ഐ വിട്ട് സി.പി.എം രൂപീകരിച്ച 32 അംഗ നാഷണൽ കൗൺസിലിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ നേതാവായിരുന്നു വി.എസ്.
വി.എസ്സും പിണറായിയും സാധാരണ കുടുംബ പശ്ചാത്തലത്തിൽനിന്ന് വളർന്നുവന്നവരാണ്. വി.എസ് തയ്യൽക്കാരനായിട്ടാണ് ജീവിതം തുടങ്ങുന്നത്. പിണറായി ആകട്ടെ, പത്താം ക്ലാസ് കഴിഞ്ഞ് ഒരു വർഷം കൈത്തറിശാലയിൽ ജോലി ചെയ്ത്, കണ്ണൂർ പോലെയുള്ള ഒരു രാഷ്ട്രീയമേഖലയിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന നേതാവാണ്. വി.എസ് തന്റെ ജന്മദേശമായ ആലപ്പുഴ ജില്ലയിലെ തൊഴിലാളി സംഘടനകളുടെയും കർഷകരുടെയും ഇടയിൽ പ്രവർത്തിച്ചാണ് പൊതുപ്രവർത്തനം തുടങ്ങുന്നത്. തിരുവിതാംകൂർ രാജ ഭരണത്തിനെതിരെ 1946-ൽ നടന്ന പുന്നപ്ര- വയലാർ സമരങ്ങളുടെ മുൻപന്തിയിൽ വി.എസ് ഉണ്ടായിരുന്നു.

രണ്ടുപേരും രാഷ്ട്രീയത്തിലെ തങ്ങളുടെ ഉറച്ച നിലപാടുകൾക്ക് പേരുകേട്ടവരാണ്. വി.എസ് പ്രത്യശാസ്ത്രത്തിലൂന്നിയ പാരമ്പര്യവാദിയായാണ് അറിയപ്പെട്ടത്. പിണറായി ആകട്ടെ പ്രയോഗികതയിലൂന്നിയ സംഘടകനായും അറിയപ്പെട്ടു. വി.എസ് തന്റെ സമരങ്ങളെ പലപ്പോഴും കോടതികളിലേക്ക് വരെ എത്തിച്ചു. 20 വർഷം മുമ്പ് ആർ. ബാലകൃഷ്ണ പിള്ള വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ നടന്ന അഴിമതിക്ക് അദ്ദേഹത്തിന് വി.എസ് കാരാഗൃഹം നേടിക്കൊടുത്തു.
അതേ മൂർച്ച തന്നെയാണ് പിണറായിക്കും. പാരമ്പര്യമായി സി.പി.എമ്മിന് വോട്ട് ചെയ്യുന്നവരാണ് കാന്തപുരം വിഭാഗം മുസ്ലിംകൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. പക്ഷെ തിരുകേശ വിവാദ സമയത്ത് മുടിയെല്ലാം ബോഡി വേസ്റ്റ് ആണെന്ന് തുറന്നടിക്കാൻ പിണറായിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
വി.എസ്സിന്റെയും പിണറായിയുടെയും ദ്വന്ദ വൈരുധ്യങ്ങളുടെ മൂർത്തഭാവം കണ്ടത് സി.പി.എം റിബെൽ ആയിരുന്ന ടി.പി ചന്ദ്രശേഖരന്റെ വധത്തിനുശേഷം, രണ്ടു പേരും പ്രതികരിച്ച രീതികളിലായിരുന്നു. സി.പി.എം വിട്ട് റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (ആർ.എം.പി.) എന്ന സംഘടനാ രൂപീകരിച്ച ചന്ദ്രശേഖരൻ 51 വെട്ടേറ്റാണ് കൊല്ലപ്പെട്ടത്. പിണറായി അപ്പോഴും ‘കുലം കുത്തി എപ്പോഴും കുലം കുത്തി തന്നെ ആയിരിക്കും’ എന്നാണ് പ്രതികരിച്ചത്. വി.എസ് ആകട്ടെ ചന്ദ്രശേഖരനെ ‘ധീരനായ കമ്മ്യൂണിസ്റ്റ്’ എന്നാണ് വിളിച്ചത്.

2007- ലെ വി.എസ് സർക്കാരിന്റെ പ്രസിദ്ധമായ മൂന്നാർ ഓപറേഷനിൽ നിരവധി കൈയേറ്റ ഭൂമികളാണ് ഒഴിപ്പിച്ചത്. പിണറായി, സർക്കാർ നടപടിക്കെതിരെയാണെന്ന് വാർത്തകൾ പ്രചരിച്ചു. അതെ തുടർന്നുണ്ടായ തർക്കങ്ങളിൽ രണ്ടു നേതാക്കളെയും പാർട്ടിയുടെ പോളിറ്റ്ബ്യൂറോ സസ്‌പെൻഡ് ചെയ്തു. പിന്നീട് രണ്ടു പേരെയും തിരിച്ചെടുത്തു. 2019-ൽ വി.എസിനെ വീണ്ടും സസ്‌പെൻഡ് ചെയ്തു. അദ്ദേഹം പിന്നീട് ആ സസ്പെൻഷനിൽ തുടർന്നു.
ഇതിന്റെയെല്ലാം ഫലമായി വി.എസ് പൊതു മധ്യത്തിൽ പരിസ്ഥിതിപക്ഷ ജനകീയ മുഖമായി മാറി. പിണറായിയാകട്ടെ വികസന പക്ഷത്തു നിൽക്കുന്ന കാർക്കശ്യക്കാരനും തന്റേടിയുമായി കാണപ്പെട്ടു. ആ നിലക്ക് പിണറായിയും പിണറായിയുടേതായ ജനപിന്തുണ ആർജിച്ചെടുത്തു.
പിണറായി മുഖ്യമന്ത്രിയായെങ്കിലും അദ്ദേഹത്തിന്റെ തലക്കുമുകളിൽ ലാവ്‌ലിൻ കേസ് തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. ആ വർഷം ജൂൺ 9 ന് ഹൈക്കോടതിയിൽ അടുത്ത വാദം കേൾക്കാനിരിക്കുകയായിരുന്നു. കനേഡിയൻ കമ്പനിയായ എസ് എൻ സി ലാവ്‌ലിന് 1995-ൽ നൽകിയ ജലവൈദ്യുതപദ്ധതി കരാറിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ഉൾപ്പെടെ നിരവധി മന്ത്രിമാർ ഇന്ത്യൻ ഖജനാവിന് നൂറുകണക്കിന് കോടി രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് കേസ്. വി.എസ് പലപ്പോഴും ഈ കേസ് ഉയർത്തിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്തെഴുതുകയും പിണറായിക്കെതിരെ പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു.
2007- ലെ വി.എസ് സർക്കാരിന്റെ പ്രസിദ്ധമായ മൂന്നാർ ഓപറേഷനിൽ നിരവധി കൈയേറ്റ ഭൂമികളാണ് ഒഴിപ്പിച്ചത്. പിണറായി, സർക്കാർ നടപടിക്കെതിരെയാണെന്ന് വാർത്തകൾ പ്രചരിച്ചു.
ആ സമയത്ത് സി.പി.എം പോളിറ്റ് ബ്യൂറോ വി.എസിന് സംസ്ഥാന സർക്കാരിൽ കാബിനറ്റ് റാങ്കോടെയുള്ള ഒരു സ്ഥാനം നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വി.എസും പിണറായിയും ഒത്തുതീർപ്പിലെത്തിയില്ല എന്നും വാർത്തകളുണ്ടായിരുന്നു. വി.എസിനു കൂടുതൽ പിന്തുണ പാർട്ടിക്കുപുറത്തുനിന്ന് ലഭിച്ചപ്പോൾ പിണറായിക്ക് പാർട്ടിക്കകത്തുനിന്ന് ശക്തമായ പിന്തുണ ലഭിച്ചു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമല്ലെന്ന വാദം തള്ളിയ മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വി.എസ്. പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയതായി റിപ്പോർട്ടുകൾ വന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള പുതിയ സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച്, ‘സി.പി.എം സർക്കാർ ഒരു ജനവിരുദ്ധ പദ്ധതിയും നടപ്പിലാക്കില്ല’ എന്ന് വി.എസ്. പ്രസ്താവിച്ചു.

അന്ന് വി.എസിനെ പിന്തുണയ്ക്കുന്ന പലരും പറഞ്ഞത്, കോർപ്പറേറ്റ് നിക്ഷേപങ്ങൾക്കായുള്ള എൽ ഡി എഫ് സർക്കാരിന്റെ തുറന്ന ആഹ്വാനത്തിലും സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി പിണറായി വിജയൻ ദേശീയ പത്രങ്ങളിൽ നൽകിയ മുഴുവൻ പേജ് പരസ്യങ്ങളിലും ഒന്നും വി.എസ് അത്ര സന്തുഷ്ടനായിരിക്കില്ല എന്നാണ്. പിണറായിയും വി.എസും തമ്മിലുള്ള ഉൾപ്പോര് തുടരും, പാർട്ടി ആത്യന്തികമായി ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് കാലം മാത്രമേ പറയൂ എന്നും അവർ പറഞ്ഞു.
വലതുപക്ഷത്തേക്ക് ചായുന്നതിൽനിന്ന് ഇടതുപക്ഷത്തെ തടയുന്ന കൻമതിലാണ് വി.എസ് എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ആഗോളവൽക്കരണാനന്തരലോകത്ത് ഇടതുപക്ഷത്തിന് ഒരു വഴികാണിക്കാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടുണ്ടായിരുന്നു എന്നാണ് അവർ കരുതിപ്പോന്നത്. പാർട്ടി പുതിയ കാലഘട്ടത്തിൽ നേരിട്ട പ്രത്യയശാസ്ത്ര പ്രതിസന്ധി പരിഹരിക്കാനുള്ള ശരിയായ മാർഗമായിരുന്നു വി.എസിന്റെ രാഷ്ട്രീയവും സമരവും കടുംപിടുത്തങ്ങളും എന്നും അവർ വിശ്വസിച്ചു. 92 വയസ്സുള്ളപ്പോൾ വി.എസ് മുഖ്യമന്ത്രിയാകുമെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വി.എസിനുതന്നെ മുഖ്യമന്ത്രി സ്ഥാനം വീണ്ടും ലഭിക്കണമെന്ന് ആത്മാർത്ഥമായ ആഗ്രഹം ഉണ്ടായിരുന്നോ എന്നത് സംശയമായിരുന്നു എന്നും അവർ പറഞ്ഞു. എന്നിരുന്നാലും, വി.എസ് കേന്ദ്ര സ്ഥാനത്ത് ഇല്ലാതെ, പാർട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും ശൈലിയെയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയാണ് അവർ പങ്കുവെച്ചത്. അത് സാധാരണ വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റില്ലേ എന്നും അവർ സംശയം ഉന്നയിച്ചു.
പക്ഷെ വി.എസ് തീർത്ത വിടവ് കേരളത്തിൽ അതു പോലെ നിലനിൽക്കുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഒരു പ്രതിപക്ഷ നേതാവിന്റെ ശൗര്യവുമായി നിന്നു വി.എസ്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം സി.പി.എം രാഷ്ട്രീയത്തെ കുറിച്ചും പിണറായി- വി.എസ് ദ്വന്ദത്തെ കുറിച്ചും പഠിക്കാൻ തിരുവനന്തപുരം സന്ദർശിച്ച് ഒരു ദേശീയ മാധ്യമത്തിനുവേണ്ടി ഞാൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ മലയാള വിവർത്തനമാണ് മുകളിൽ എഴുതിയതത്രയും.
ഇന്ന് വി.എസിന്റെ വിയോഗ വേളയിൽ ഇത് വീണ്ടും വായിക്കുമ്പോൾ വി.എസ്സിന്റെ ഓർമകളോടൊപ്പം പുതിയ രാഷ്ട്രീയവും തെളിഞ്ഞുവരുന്നു. വി.എസ്- പിണറായി ദ്വന്ദത്തിൽ ഇന്ന് പിണറായി മാത്രമാണുള്ളത്. വി.എസിന്റെ സംസ്കാര ചടങ്ങിൽ ദുഃഖം തളംകെട്ടിയ മുഖവുമായി മൂകനായിരിക്കുന്ന പിണറായിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലെ റീലുകളിൽ കണ്ടു. ശൈലിയിൽ വ്യത്യാസങ്ങളുള്ളപ്പോഴും, വി.എസ് എന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് അതികായന്റെ കാലടികൾ കരുതലോടെയും സ്നേഹത്തോടെയും വീക്ഷിച്ചു എന്ന് വി.എസിന്റെ സഹായി പറഞ്ഞ പിണറായിയെ ആ മുഖത്തു കണ്ടു. ബംഗാളിലും ത്രിപുരയിലും പാർട്ടി തകർന്നടിഞ്ഞിട്ടും കേരളത്തിൽ പാർട്ടിയെ ഒരു വന്മതിലായി പിണറായി സംരക്ഷിച്ചുനിർത്തി എന്നുമാത്രമല്ല, ചരിത്രപരമായ തുടർഭരണവും അദ്ദേഹം സാധ്യമാക്കി.

പക്ഷെ വി.എസ് തീർത്ത വിടവ് കേരളത്തിൽ അതു പോലെ നിലനിൽക്കുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഒരു പ്രതിപക്ഷ നേതാവിന്റെ ശൗര്യവുമായി നിന്നു വി.എസ്. സമര കാഹളങ്ങളുടെ നേതാവ്. അദ്ദേഹത്തിന്റെ വിടവാങ്ങൽ മലനാടിന്റെ നികത്താനാകാത്ത മഹാനഷ്ടം.
