Photos: Muhammed Fasil, Truecopy Webzine

സ്വന്തം രക്തസാക്ഷികളുടെ നിണമണിഞ്ഞ കുപ്പായമാണ്
സി.പി.എം എടുത്തണിയാൻ പോകുന്നത്

ഒരു ദേശീയ പാർട്ടിയിൽ നിന്ന് പ്രാദേശിക പാർട്ടിയിലേക്ക് സി.പി.എം മാറി എന്നതാണ്, എറണാകുളത്തുനടന്ന പാർട്ടി സംസ്​ഥാന സമ്മേളനം തെളിയിക്കുന്നത്​. കൃത്യമായ പറഞ്ഞാൽ, പരാജയപ്പെട്ട ഒരു ദേശീയപാർട്ടി വിജയിക്കുന്ന ഒരു പ്രാദേശിക പാർട്ടിയായി മാറി.

സി.പി.എം സംസ്ഥാന സമ്മേളനത്തിനുശേഷം, സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും പാർട്ടിയിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പല തലങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. കാതലായ മാറ്റം എന്നു പറയാവുന്നത്, ഒരു ദേശീയ പാർട്ടിയിൽ നിന്ന് പ്രാദേശിക പാർട്ടിയിലേക്ക് സി.പി.എം മാറി എന്നതാണ്. കൃത്യമായി പറഞ്ഞാൽ, പരാജയപ്പെട്ട ഒരു ദേശീയപാർട്ടി വിജയിക്കുന്ന ഒരു പ്രാദേശിക പാർട്ടിയായി മാറി.

സി.പി.ഐയും സി.പി.എമ്മും വ്യവസ്ഥാപിതമായ ദേശീയ പാർട്ടികളായിരുന്നു, അവ ഒരിക്കലും പ്രാദേശിക പാർട്ടികളായിരുന്നിട്ടില്ല. ദേശീയതലത്തിൽ 1962ലാണ് കമ്യൂണിസ്റ്റ് പാർട്ടി ഏറ്റവും ഗംഭീരമായ പ്രകടനം നടത്തിയത്; പത്തു ശതമാനത്തോളം വോട്ടാണ് അന്ന് കിട്ടിയത്. ഇപ്പോഴും പേരും കൊടിയും ചിഹ്‌നവും മാറാത്ത ഏക പാർട്ടി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയാണ്. അരിവാൾ ചുറ്റികയുള്ള കൊടിയും കമ്യൂണിസ്റ്റ് പാർട്ടി എന്ന പേരും അരിവാൾ നെൽക്കതിർ എന്ന ചിഹ്‌നവും.
സി.പി.ഐ ഒരു കാലത്ത് മഹാരാഷ്ട്രയിലും ബിഹാറിലും ശക്തമായ പാർട്ടിയായിരുന്നു. പിളർപ്പിനുശേഷം, സി.പി.ഐ ബീഹാറിലെ മേജർ പാർട്ടിയായി. ഡാങ്കെയുടെ നല്ല കാലത്ത് മഹാരാഷ്ട്രയിൽ പാർട്ടി ശക്തമായിരുന്നു. എന്നാൽ, ഇപ്പോൾ, സി.പി.ഐയിൽനിന്ന് വിട്ടുപോയ പാർട്ടികളെ ആശ്രയിച്ചുകഴിയുന്ന പാർട്ടിയായി അത് മാറി. അവരും റീജ്യനൽ സ്‌പെയ്‌സിലൂടെ നടന്നുപോകുകയാണ്.

സി.പി.എം; ലക്ഷണമൊത്ത പ്രാദേശിക പാർട്ടി

ദേശീയ പാർട്ടികൾ ചുരുങ്ങി പ്രാദേശിക പാർട്ടികളാകുന്ന ഒരു പ്രക്രിയയുടെ പാശ്ചാത്തലത്തിൽ നോക്കുമ്പോൾ സി.പി.എം എന്ന ദേശീയ പാർട്ടിയും ഒരു കേരള പാർട്ടിയായി അവശേഷിച്ചിരിക്കുകയാണ്. ആ ​പ്രസിപ്പിറ്റേഷന്റെ വിജയകരമായ മാതൃകയാണ്​ പിണറായി വിജയൻ നയിക്കുന്ന ഇന്നത്തെ സി.പി.എം.

ഇ.എം.എസ്, ദേശീയ രാഷ്ട്രീയം മാത്രമേ പറഞ്ഞിരുന്നുള്ളൂ. ദേശീയ രാഷ്ട്രീയം പറയുകയും പ്രാദേശിക രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്ത ഇ.എം.എസിൽ നിന്ന് പാർട്ടി ആദ്യം താഴേക്കിറങ്ങിവന്നത് വി.എസ്. അച്യുതാനന്ദനിലൂടെയാണ്. പാർട്ടിക്കുള്ളിലെ ആഭ്യന്തര രാഷ്​ട്രീയമായിരുന്നു വി.എസിന്റെ വിഷയം. ആദ്യം എം.വി. രാഘവൻ വിരോധം, പിന്നെ സി.ഐ.ടി.യു വിരോധം, പിന്നെ പിണറായി വിരോധം. പ്രാദേശിക പാർട്ടികളുടെ മുഖമുദ്രയാണ് ഫ്രാക്ഷനലിസം, ഫ്രാക്ഷനൽ ഫൈറ്റ് നടത്തി വിജയിച്ചിട്ട് എന്തോ അൽഭുതം ചെയ്തു എന്ന മട്ടിലാണവർ പെരുമാറുക. സി.പി.എമ്മിൽ റീജ്യനലിസം കൊണ്ടുവന്നത് വി.എസാണ്. അദ്ദേഹം യഥാർഥ റീജ്യനൽ ലീഡറാണ്. ഈ സ്‌പെയ്‌സിലേക്കുവന്ന പിണറായി, പിന്നീട് വി.എസുമായി തെറ്റി എന്നതും റീജ്യനലിസത്തിന്റെ നല്ലൊരു ഉദാഹരണമാണ്.

ദേശീയ രാഷ്ട്രീയത്തിൽ എന്തു പറയണം എന്ന കാര്യത്തിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയത്തിന് വ്യക്തതയില്ല. ഈ അർഥത്തിൽ നോക്കുമ്പോൾ, 23ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം അതീവ ദുർബലമാണ്

ഈ എറണാകുളം സമ്മേളനത്തോടെ സി.പി.എം ലക്ഷണമൊത്ത പ്രാദേശിക, പ്രായോഗിക, പാർലമെന്ററി രാഷ്ട്രീയ പാർട്ടിയായി മാറിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയം പറയാനുള്ള പ്രാപ്തി കുറയുമ്പോഴാണ് പ്രാദേശിക രാഷ്ട്രീയം പറയുക. കമ്യൂണിസ്റ്റ് പാർട്ടികളെക്കുറിച്ചുള്ള ഒരു പരാതിയായിരുന്നുവല്ലോ, ആഗോള രാഷ്ട്രീയം പറയുന്നു എന്നത്. എന്നാൽ, അത് പറയുന്നതിന് ഒരു ധൈര്യം വേണം. പണ്ട്, ഞങ്ങളുടെ നാട്ടിൽ ഒരു ലോക്കൽ സെക്രട്ടറിയുണ്ടായിരുന്നു. അദ്ദേഹം പ്രസംഗിക്കുമ്പോൾ റൊണാൾഡ് റീഗനെയാണ് വെല്ലുവിളിക്കുക. പ്രസംഗം കഴിഞ്ഞ് ചായക്കടയിലിരിക്കുമ്പോൾ, ഒരാൾ ചോദിച്ചു, സഖാവേ, റീഗനെ ഒന്ന് വെറുതെവിട്ടുകൂടേ?
അത് കാണിക്കുന്നത്, അവരുടെ കരുത്താണ്, ദൗർബല്യമല്ല. ലോക്കൽ നേതാക്കന്മാർ പോലും ആഗോള, ദേശീയ രാഷ്ട്രീയം പറഞ്ഞിരുന്ന പാർട്ടിയാണിതെന്നോർക്കണം. ആ വിഷയത്തിൽ അവരുടെ പാർട്ടി അവരെ പഠിപ്പിച്ച കാര്യങ്ങളാണ് അവർ പറഞ്ഞിരുന്നത്​.

എറണാകുളം സമ്മേളനത്തോടെ സി.പി.എം ലക്ഷണമൊത്ത പ്രാദേശിക, പ്രായോഗിക പാർലമെന്ററി രാഷ്ട്രീയ പാർട്ടിയായി മാറിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയം പറയാനുള്ള പ്രാപ്തി കുറയുമ്പോഴാണ് പ്രാദേശിക രാഷ്ട്രീയം പറയുക

ദേശീയ രാഷ്ട്രീയത്തിൽ എന്തു പറയണം എന്ന കാര്യത്തിൽ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയത്തിന് വ്യക്തതയില്ല. ഈ അർഥത്തിൽ നോക്കുമ്പോൾ, 23ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം അതീവ ദുർബലമാണ്; രണ്ടു തരത്തിൽ. ഒന്ന്, ഇപ്പോഴും സി.പി.എം ആർ.എസ്.എസിനെ അതിന്റെ പൊളിറ്റിക്കൽ പ്രോപ്പർ നെയിമിൽ ( Political Proper Name) വിശേഷിപ്പിക്കുന്നില്ല. എന്നാൽ, ആർ.എസ്.എസിനെ വിശേഷിപ്പിക്കാൻ സി.പി.എം ഉപയോഗിച്ചിട്ടുള്ള വാക്ക് എന്താണ്? ഫാസിസ്റ്റ് സംഘടന എന്നതിനുപകരം ഒരു നാമവിശേഷണം (adjective) കണ്ടുപിടിച്ചിരിക്കുകയാണ്- Fascistic.

രാഷ്ട്രീയ പ്രമേയത്തിലെ ഒന്നാം ഖണ്ഡികയിൽ, Fascistic RSS എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്, പിന്നെയൊരിടത്ത് full fledged authoritarianism എന്നും. അവിടം കൊണ്ട് തീർന്നു. ത്രിപുരയെക്കുറിച്ച് പറയുന്നിടത്തുമാത്രമാണ് പിന്നെ ഈ നാമവി​ശേഷണം പോലും ഉപയോഗിക്കുന്നത്.

പ്രമേയത്തിലെ 156ാം ഖണ്ഡികയിൽ, പശ്ചിമ ബംഗാളിലെ പാർട്ടിയുടെ തോൽവിയെ devastating എന്നാണ് വിശേഷിപ്പിക്കുന്നത്. തകർച്ചയെ സൂചിപ്പിക്കാൻ ഇതിലും വലിയൊരു വാക്കില്ല- സമ്പൂർണ തകർച്ച എന്നാണ് ഇതിനർഥം. തോൽവിയുടെ കാരണങ്ങളെക്കുറിച്ച് പാർട്ടിക്കകത്ത് വിമർശനം നടത്തിയെന്നും പാഠങ്ങൾ ഉൾക്കൊണ്ടുവെന്നും പറയുന്നുണ്ട്. അതായത്, എന്തുകൊണ്ടാണ് തോറ്റത് എന്ന് പാർട്ടിയിൽ പറഞ്ഞിട്ടുണ്ട്, നമ്മോട് പറയില്ല എന്നർഥം. അതാണ് ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയ ദൗർബല്യം. എന്തുകൊണ്ടാണ് devastating defeat ബംഗാളിലുണ്ടായി എന്ന് കേരള ഘടകത്തോട് പറഞ്ഞുവോ? കേരള പാർട്ടി അത് ചർച്ച ചെയ്തുവോ? ചർച്ച ചെയ്യാതിരിക്കുന്നത്, റീജ്യനൽ പാർട്ടിയുടെ ലക്ഷണമാണ്.

ബംഗാളിലെ തകർച്ചയോടെ, മുഖ്യധാരാ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നുതന്നെ സി.പി.എം അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഒരു മെയിൻസ്ട്രീം ലെഫ്റ്റ് ഇന്ത്യൻ രാഷ്ട്രീയത്തിലില്ല. / Photo: CPIM Kerla, fb page

ഈ രണ്ട് സംസ്ഥാനങ്ങളിലെയും തകർച്ച രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞ് ഒഴിവാകുകയാണ് ചെയ്യുന്നത്. രണ്ടു സംസ്ഥാനങ്ങളിൽ ഇത്ര വലിയ തകർച്ചയുണ്ടാകുകയും അത് ഈ സമ്മേളനത്തിന്റെ വിഷയമല്ല എന്നും പറയുന്നതിലൂടെ, ഇതൊരു റീജ്യനൽ പാർട്ടിയായി മാറി എന്നാണ് സ്വയം വ്യക്തമാക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസുമായി ബന്ധപ്പെട്ടിട്ടുപോലും ഇനി കാര്യമില്ല. 25 കൊല്ലം മുമ്പ് കുളിച്ച കുളത്തിലല്ലലോ നാം ഇപ്പോൾ കുളിക്കുന്നത്.
​കോൺഗ്രസുമായി കൂടുക എന്ന യെച്ചൂരിയൻ നയം ബംഗാളിൽ നടപ്പാക്കിയപ്പോൾ ‘സീറോ' ആണ് കിട്ടിയത്. ബംഗാളിലെ തകർച്ചയോടെ, മുഖ്യധാരാ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്നുതന്നെ സി.പി.എം അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഒരു മെയിൻസ്ട്രീം ലെഫ്റ്റ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നില്ല.

ചെങ്ങറ സമരത്തെക്കുറിച്ച് സി.പി.എം സമ്മേളനത്തിൽ പ്രമേയമുണ്ടായോ? കാലാവധി കഴിഞ്ഞ തോട്ടം ഒരു വികസന അജണ്ടയാവേണ്ടതല്ലേ? അവിടെ വിമാനത്താവളം ഉണ്ടാക്കാം എന്ന അജണ്ട മാത്രമല്ലേയുള്ളൂ?

ഒരു പ്രച്​ഛന്ന യു.ഡി.എഫ്​

ഇത്തരം യാഥാർഥ്യങ്ങൾ എറണാകുളം സമ്മേളനം കാണാതെ പോകുകയാണ്. അതിനുപകരം, 25 വർഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ചാണ് പറയുന്നത്. അതും, കേരളത്തിന്റെ പൊളിറ്റിക്‌സിനെക്കുറിച്ചല്ല, വികസനത്തെക്കുറിച്ചാണ് പറയുന്നത്. ആ വികസനം എന്നത്, 30 വർഷമായി എന്തിനെതിരെയാണോ ഇവർ നിരന്തരമായി സമരം ചെയ്യുകയും രക്തസാക്ഷികളാകുകയും ചെയ്തത്, അതിനെല്ലാം എതിരായ ഒന്നുകൂടിയാണ്. സ്വന്തം രക്തസാക്ഷികളുടെ നിണമണിഞ്ഞ കുപ്പായമാണ് സി.പി.എം എടുത്തണിയാൻ പോകുന്നത്.
എന്തിനുവേണ്ടി? പിടിച്ചുനിൽക്കാൻ പറ്റുമോ എന്ന് നോക്കുകയാണ്. അവരുടെ മുന്നിൽ ഒരൊറ്റ ലക്ഷ്യമേയുള്ളൂ- യു.ഡി.എഫിനെ തോൽപ്പിക്കുക, അതിന് യു.ഡി.എഫാകുക, പ്രച്ഛന്ന യു.ഡി.എഫായി മാറുക, അല്ലെങ്കിൽ ഒരു ചുവന്ന യു.ഡി.എഫായി മാറുക. അതാണ്, എറണാകുളം സമ്മേളനത്തിന്റെ ഫലശ്രുതി.
സി.പി.എം സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖ പുതിയ കാര്യമാണോ? അല്ല. ഇത് ഇവിടെ മുമ്പ് എഴുതിയും പറഞ്ഞതുമായ വിഷയമാണ്. വിദഗ്ധരുടെ സഹായത്തോടെ, ഉമ്മൻചാണ്ടിയുടെ കാലത്ത്​, ആസൂത്രണ ബോർഡ് എഴുതിയുണ്ടാക്കിയ Kerala Perspective Plan- 2030 എന്ന പരിപ്രേക്ഷ്യം നമുക്കുമുന്നിലുണ്ട്. അതിനെ പരമപുച്ഛത്തോടെയും പരിഹാസത്തോടെയും കണ്ടവരല്ലേ ഡോ. ടി.എം. തോമസ് ഐസക് അടക്കമുള്ളവർ.

ഡോ.ടി.എം. തോമസ് ഐസക്ക്. ഉമ്മൻചാണ്ടിയുടെ കാലത്ത്​, ആസൂത്രണ ബോർഡ് എഴുതിയുണ്ടാക്കിയ പരിപ്രേക്ഷ്യ പ്ലാനിനെ പരമപുച്ഛത്തോടെയും പരിഹാസത്തോടെയുമാണ്​ തോമസ് ഐസക് അടക്കമുള്ളവർ സമീപിച്ചത്​.

പുതിയ ഇടതുപക്ഷം ലോകത്തുണ്ട്. അത് ഉയർത്തുന്ന മുദ്രാവാക്യങ്ങളുണ്ട്- പരിസ്ഥിതി വിഷയങ്ങൾ, സ്ത്രീകളുടെയും പാർശ്വവൽകൃതരുടെയും പ്രശ്‌നങ്ങൾ, ദലിതരുടെയും ആദിവാസികളുടെയും ഭൂപ്രശ്‌നം... ഈ വിഷയങ്ങളിൽ എന്ത് പ്രമേയമാണ് എറണാകുളം സമ്മേളനത്തിൽ പാസാക്കിയത്? കേരളത്തിലുണ്ടായിക്കഴിഞ്ഞ പാരിസ്ഥിതിക അഭയാർഥികളെക്കുറിച്ച് ഈ സമ്മേളനം എന്തെങ്കിലും പറഞ്ഞുവോ?

‘യു.ഡി.എഫിനെ തോൽപ്പിക്കാൻ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങൾ ചെയ്യുക’- അതാണ് സി.പി.എം ഇപ്പോൾ ചെയ്യുന്നത്. യു.ഡി.എഫ് നേരത്തെ പറഞ്ഞ കാര്യങ്ങൾ എൽ.ഡി.എഫ് ഇപ്പോൾ ചെയ്യാൻ പോകുന്നു എന്ന നിലയ്ക്ക് നയരേഖയുടെ ഉള്ളടക്കത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്

യു.ഡി.എഫും ഏറെ മാറി

എന്റെ നിരീക്ഷണത്തിൽനിന്ന് ചില കാര്യങ്ങൾ പറയാം. എത്രയോ ആളുകൾ കുട്ടനാട് വിട്ട് കിഴക്കോട്ട്​- ചങ്ങനാശ്ശേരിക്കും കറുകച്ചാലിലേക്കുമൊക്കെ- പോയിക്കൊണ്ടിരിക്കുകയാണ്. മൺറോതുരുത്തിൽ നിന്നും ചെല്ലാനത്തുനിന്നും ആളുകൾ പോയിക്കൊണ്ടിരിക്കുന്നു. വൈപ്പിൻ ദ്വീപിലെ നായരമ്പലത്ത് ഒരു സുഹൃത്തിന്റെ വീട്ടിൽ പോയപ്പോൾ, അവിടത്തെ വീടുകളുടെ മുറ്റത്ത് ആറിഞ്ച് വെള്ളം എന്നത് സ്ഥിരമായിക്കഴിഞ്ഞതായി അവിടുത്തെ അമ്മ പറഞ്ഞു. അവിടെ വന്ന പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പറഞ്ഞത്, ആളുകൾ അവിടെനിന്ന് ഒഴിഞ്ഞുപോകാനാഗ്രഹിക്കുന്നു എന്നാണ്. സാമ്പത്തികമായി താരതമ്യേന ഭദ്രമായ അവസ്ഥയുള്ളവർക്കാണ്​ വിട്ടുപോകാൻ സാധിക്കുക. 25 സെന്റുള്ളവർ അത് വിറ്റ് അഞ്ചുസെൻറ്​ കരപ്രദേശത്ത് വാങ്ങി മാറിപ്പോകുന്നു.

106 പേരാണ് വന്യജീവികളുമായുള്ള സംഘർഷത്തിന്റെ ഫലമായി കഴിഞ്ഞവർഷം കേരളത്തിൽ മരിച്ചത്. ഈ പ്രശ്‌നം മൂലവും വന്യജീവികളുമായുള്ള സംഘർഷം മൂലവും ആളുകൾ വനപ്രാന്തപ്രദേശങ്ങൾ വിട്ടുപോകുകയാണ്​. അവരും പുതിയ ഇടങ്ങൾ തേടുന്നു.

പരിസ്ഥിതി വിഷയങ്ങൾ, സ്ത്രീകളുടെയും പാർശ്വവൽകൃതരുടെയും പ്രശ്‌നങ്ങൾ, ദലിതരുടെയും ആദിവാസികളുടെയും ഭൂപ്രശ്‌നം... ഈ വിഷയങ്ങളിൽ എന്ത് പ്രമേയാണ് എറണാകുളം സമ്മേളനത്തിൽ പാസാക്കിയത്?

ചെങ്ങറ സമരത്തെക്കുറിച്ച് സി.പി.എം സമ്മേളനത്തിൽ പ്രമേയമുണ്ടായോ? കാലാവധി കഴിഞ്ഞ തോട്ടം ഒരു വികസന അജണ്ടയാവേണ്ടതല്ലേ? അവിടെ വിമാനത്താവളം ഉണ്ടാക്കാം എന്ന അജണ്ട മാത്രമല്ലേയുള്ളൂ?

ഞാൻ അതിവേഗ റെയിൽപാതക്ക് എതിരല്ല, അത് യു.ഡി.എഫിലും പറഞ്ഞിട്ടുണ്ട്. പക്ഷെ, അത് ഒരിക്കലും തണ്ണീർത്തടങ്ങളിലൂടെ പോകാൻ പാടില്ല. അത്, കൊച്ചി മെട്രോ പോലെ എലിവേറ്റഡ് ആയേ പോകാൻ പാടുള്ളൂ. പാടത്തുകൂടി പോയാൽ പോലും എലിവേറ്റഡ് ആണെങ്കിൽ പാടം ഇല്ലാതാകില്ല. എന്നാൽ, സർക്കാർ ഇപ്പോൾ ചെയ്യുന്നത് വികസനം അടിച്ചേൽപ്പിക്കലാണ്. വികസന വെപ്രാളമാണിത്. ഇത്രയും കാലം കിടന്നുറങ്ങിയിട്ട് വെപ്രാളത്തിൽ ചാടിയെഴുന്നേറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കാര്യമില്ല. ഇതെല്ലാം വേറെയാളുകൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. യു.ഡി.എഫ് അല്ലേ മെട്രോ ചെയ്തത്? എം.ജി റോഡിലൂടെ മെട്രോക്ക് പോകാമെങ്കിൽ പാടത്തിലൂടെ പോകാനാണോ പ്രയാസം?

ആർ.എസ്​.എസിനെ ഫാസിസ്റ്റ് എന്ന് വിളിക്കാനുള്ള മനസ്സൊരുക്കം ഇപ്പോഴും സി.പി.എമ്മിനില്ല. അങ്ങനെ പറഞ്ഞാൽ വിശാല മുന്നണി വേണ്ടിവരും. ഫാസിസ്റ്റ് പ്രവണത ആരു കാണിച്ചാലും അതിനെ തോൽപ്പിക്കാൻ ആരുമായിട്ടും ചേരാം. അതാണ് കമ്യൂണിസ്റ്റുപാർട്ടിയുടെ അടിസ്ഥാന തത്വം.

‘യു.ഡി.എഫിനെ തോൽപ്പിക്കാൻ യു.ഡി.എഫ് പറഞ്ഞ കാര്യങ്ങൾ ചെയ്യുക’- അതാണ് സി.പി.എം ഇപ്പോൾ ചെയ്യുന്നത്. യു.ഡി.എഫ് നേരത്തെ പറഞ്ഞ കാര്യങ്ങൾ എൽ.ഡി.എഫ് ഇപ്പോൾ ചെയ്യാൻ പോകുന്നു എന്ന നിലയ്ക്ക് നയരേഖയുടെ ഉള്ളടക്കത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്, എന്നാൽ, അതിലെ കാപട്യത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. എന്നാൽ, പണ്ടു പറഞ്ഞിടത്തല്ല ഇപ്പോൾ യു.ഡി.എഫ് എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ യു.ഡി.എഫ് ലെയ്‌സൻ കമ്മിറ്റിയിൽ 32ാമത്തെ കൊല്ലമാണ് ​പ്രവർത്തിക്കുന്നത്. അതിന്റെ ട്രാൻസ്‌ഫോർമേഷൻ നിരന്തരം കണ്ടുകൊണ്ടിരിക്കുന്നയാളാണ്. മുമ്പ്, അതിരപ്പിള്ളിയിൽ അണക്കെട്ട് നിർമിക്കുന്ന വിഷയം ചർച്ചക്കു വരുമ്പോൾ, ഭ്രാന്താണോ ഈ പരിസ്ഥിതിക്കാർക്ക് എന്നാണ് ചില നേതാക്കൾ ചോദിച്ചിരുന്നത്. ഇന്നത്തെ യു.ഡി.എഫ് അതല്ല, മുന്നണി ഏറെ മാറിക്കഴിഞ്ഞു, പോസിറ്റീവായി. യു.ഡി.എഫ് അവിടെനിന്ന് മുന്നോട്ടുപോയി ‘എൻവയോൺമെൻറ്​ ഫ്രൻറ്​ലി’ ആയി. അതിരപ്പിള്ളി ചർച്ച ചെയ്ത് ഞങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ, എൽ.ഡി.എഫ് മുപ്പതുവർഷം മുമ്പുള്ള യു.ഡി.എഫിൽ എത്തിയിട്ടേയുള്ളൂ. വൈകിയോടുന്ന ഒരു വണ്ടി.

ആ ബദൽ രേഖ പിണറായി ഇപ്പോൾ നടപ്പാക്കുന്നു

എൽ.ഡി.എഫിന്റെ ഘടനയിൽ സംഭവിച്ച രാഷ്ട്രീയ പരിണാമത്തെക്കുറിച്ചുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. എൺപതിലെ എൽ.ഡി.എഫാണ് ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ കെട്ടിപ്പടുക്കാൻ ​ശ്രമിക്കുന്നത്​. അഖിലേന്ത്യ ലീഗിന്റെ സ്ഥാനത്ത് ഐ.എൻ.എല്ലും കെ.എം. മാണിയൂടെ കേരള കോൺഗ്രസിന്റെ സ്ഥാനത്ത് ജോസ്​ കെ.മാണിയുടെ പാർട്ടിയും.
ഒപ്പം, പഴയ ആന്റണി കോൺഗ്രസായിരുന്ന എൻ.സി.പിയും.
അതായത്, ബദൽ രേഖയിൽ പറഞ്ഞതിൽ പലതും ഇതിനകം നടപ്പാക്കിക്കഴിഞ്ഞു എന്നർഥം. എന്തിനാണ് ഈ മാറ്റം? ദേശീയതലത്തിൽ ഒരു മുന്നണിയുണ്ടാക്കാനല്ല, പ്രാദേശിക തലത്തിൽ പിടിച്ചുനിൽക്കാൻ മാത്രം. (ഞാൻ കരുതുന്നത്, സി.പി.എമ്മിന്റെ എറണാകുളം സമ്മേളനത്തിനുശേഷം ജോസ് കെ. മാണിയുടെ ഗ്രൂപ്പിന് എൽ.ഡി.എഫിൽ കൂടുതൽ കംഫർട്ടബ്​ളായ അവസ്ഥയുണ്ടായിട്ടുണ്ട് എന്നാണ്, കാരണം, അവർ പറഞ്ഞ വഴികളിലൂടെയാണല്ലോ സി.പി.എമ്മും എൽ.ഡി.എഫും ഇപ്പോൾ സഞ്ചരിക്കാൻ തുടങ്ങുന്നത്).

വി.എസ്. അച്യുതാനന്ദൻ. ദേശീയ രാഷ്ട്രീയം പറയുകയും പ്രാദേശിക രാഷ്ട്രീയം കൈകാര്യം ചെയ്യുകയും ചെയ്ത ഇ.എം.എസിൽ നിന്ന് പാർട്ടി ആദ്യം താഴേക്കിറങ്ങിവന്നത് വി.എസ്. അച്യുതാനന്ദനിലൂടെയാണ്.

ബദൽ രേഖക്ക് രണ്ട് ഉള്ളടക്കങ്ങളുണ്ടായിരുന്നു. ഒന്ന്, കറൻറ്​ പൊളിറ്റിക്‌സ്. അതാണ് എൺപതിലെ മുന്നണി വേണം എന്ന് എം.വി. രാഘവൻ വാദിച്ചത്. അത്, ഇപ്പോൾ പിണറായി വിജയൻ ഏറക്കുറെ അംഗീകരിച്ചിരിക്കുന്നു. അതോടൊപ്പം, അതിന് ‘ലോംഗ്​ ലാസ്​റ്റിംഗ്​’ ആയ ഒരു പൊളിറ്റിക്കൽ കണ്ടൻറു കൂടിയുണ്ട്. ന്യൂനപക്ഷ കക്ഷികളുടെ സാന്നിധ്യം കൊണ്ടാണ് ഭൂരിപക്ഷ വർഗീയത വളരുന്നത് എന്ന തിസീസിന്റെ ആൻറി തിസീസാണ് ബദൽരേഖ. അഖിലേന്ത്യ മുസ്‌ലിം ലീഗിനെ ഉൾപ്പെടുത്തിയതുകൊണ്ടാണ് ഹിന്ദു മുന്നണി വലുതായത് എന്നാണ് ഇ.എം.എസിന്റെ തിസീസ്. ഈ ഭാഗം പിണറായി വിജയൻ മിണ്ടുന്നില്ല, സി.പി.എമ്മും മിണ്ടുന്നില്ല. അതിനെക്കുറിച്ച് ഇപ്പോഴും അവർക്ക് ക്ലാരിറ്റിയില്ല. അതുകൊണ്ടാണ്​ അവർ, ആർ.എസ്​.എസിനെ ‘ഫാസിസ്റ്റിക്’ എന്നുമാത്രമായി എന്ന് വിശേഷിപ്പിക്കുന്നത്​.

തുടർഭരണം എന്നു കേട്ടാൽ പല സി.പി.എമ്മുകാർക്കും പേടിയാണ്, ബംഗാളിനെക്കുറിച്ചോർത്ത്. opportunist ആയവർക്ക് 25 വർഷം കൂടി ഭരിക്കാം എന്നു തോന്നുന്നുണ്ടാകും. പക്ഷെ, പാർട്ടിയെ സ്​നേഹിക്കുന്നവർക്ക്​ ​പേടിയാണ്​ കൂടുതൽ

23ാം പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തിൽ, ബംഗാളിലെ പാർട്ടി പ്രവർത്തകരുടെ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നുണ്ട്- 229 സഖാക്കളെ കൊന്നു, 1,30,000 പേർക്കെതിരെ കള്ളക്കേസെടുത്തു, ഒരു ലക്ഷത്തിലധികം പേരെ വീട്ടിൽനിന്ന്​ ഓടിച്ചു എന്നെല്ലാം. എന്നാൽ സി.പി.എമ്മിന്റെ വോട്ട് എവിടെപ്പോയി എന്നു പറയുന്നില്ല. ഇത്ര താഴ്ന്ന ശതമാനത്തിലേക്ക് വോട്ട് എങ്ങനെ എത്തി എന്നതിന് devastating എന്ന വാക്കുമാത്രമാണുള്ളത്. ത്രിപുരയിലും ബി.ജെ.പിയുടെ ‘ഫാസിസ്റ്റിക് അറ്റാക്കി'നെക്കുറിച്ചാണ് പറയുന്നത്. ആർ.എസ്​.എസിനെ ഫാസിസ്റ്റ് എന്ന് വിളിക്കാനുള്ള മനസ്സൊരുക്കം ഇപ്പോഴും സി.പി.എമ്മിനില്ല. അങ്ങനെ പറഞ്ഞാൽ വിശാല മുന്നണി വേണ്ടിവരും. ഫാസിസം എന്നു പറഞ്ഞാൽ, കമ്യൂണിസ്റ്റുകാരുടെ ഡിക്ഷണറിയിൽ, ആദ്യം വരുന്നത് ഫാസിസത്തിനെതിരായ ഐക്യമുന്നണിയാണ്. അതൊരു ടെംപ്ലേറ്റാണ്. ഫാസിസ്റ്റ് പ്രവണത ആരു കാണിച്ചാലും അതിനെ തോൽപ്പിക്കാൻ ആരുമായിട്ടും ചേരാം. അതാണ് കമ്യൂണിസ്റ്റുപാർട്ടിയുടെ അടിസ്ഥാന തത്വം.

25 വർഷത്തേക്കുള്ള നയരേഖ, ബംഗാൾ മോഡൽ തുടർഭരണത്തിന്റെ സൂചനയാണെന്ന തരത്തിലുള്ള ചർച്ചകളും ഉയർത്തിയിരുന്നു. തുടർഭരണം എന്നു കേട്ടാൽ പല സി.പി.എമ്മുകാർക്കും പേടിയാണ്, ബംഗാളിനെക്കുറിച്ചോർത്ത്. opportunist ആയവർക്ക് 25 വർഷം കൂടി ഭരിക്കാം എന്നു തോന്നുന്നുണ്ടാകും. പക്ഷെ, പാർട്ടിയെ സ്​നേഹിക്കുന്നവർക്ക്​ ​പേടിയാണ്​ കൂടുതൽ; ബംഗാളിൽ ഇന്ന് പാർട്ടിയേ ഇല്ല എന്നോർക്കണം.

തലമുറ മാറ്റം... എന്തിന്​?

തലമുറ മാറ്റം എന്ന പ്രതീതി സൃഷ്ടിക്കുന്നതിലൂടെയൊന്നും സി.പി.എമ്മിന് വേഗത്തിലോടാൻ കഴിയില്ല. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് പ്രായമല്ല, അഭിപ്രായമാണ് പ്രധാനം. അഖിലേന്ത്യ തലത്തിൽ ഏറ്റവും വിജയകരമായി തലമുറ മാറ്റം സാധ്യമാക്കിയ ഒരു പാർട്ടിയാണ് സി.പി.എം.
സുർജിത്തിനെയും ജ്യോതിബസുവിനെയും മാറ്റിയാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും വരുന്നത്. അവരാണ് ഇപ്പോൾ devastating എന്ന വാക്ക് പ്രയോഗിക്കുന്നത്.

കേരളത്തിലെ സി.പി.എം ഒരു കരിയറിസ്റ്റ് പാർട്ടിയായിക്കഴിഞ്ഞു. ഞാൻ 28ാം വയസ്സിൽ സി.പി.എം വിട്ടയാളാണ്. ‘ആ പാർട്ടിയിലുണ്ടായിരുന്നുവെങ്കിൽ എവിടെവരെ എത്താമായിരുന്നു' എന്ന് എന്നോട് ഇപ്പോഴും ചോദിക്കുന്നവരുണ്ട്. അത് കേരളത്തിന്റെ മധ്യവർഗ മനോഗതിയിൽനിന്നുണ്ടാകുന്ന ചോദ്യമാണ്. അവിടെ കരിയറാണല്ലോ പ്രധാനം. കരിയറിസ്റ്റുകളുടെ ഒരു കൂടാരമാണ് സി.പി.എം.

മുഹമ്മദ് റിയാസ്. സി.പി.എം സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലുമുണ്ടായ മാറ്റങ്ങൾ സംഘടനക്ക് നല്ലതായിരിക്കാം, അതിലെത്തിയവർക്ക്​ അതിലും നല്ലതായിരിക്കാം. എന്നാൽ, അതിൽ രാഷ്ട്രീയമില്ല.

ഇതൊരു കരിയർ അക്കാദമിയാണ്. ആ നിലക്ക് പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലുമുണ്ടായ മാറ്റങ്ങൾ സംഘടനക്ക് നല്ലതായിരിക്കാം, അതിലെത്തിയവർക്ക്​ അതിലും നല്ലതായിരിക്കാം. എന്നാൽ, അതിൽ രാഷ്ട്രീയമില്ല. സംസ്ഥാന സമ്മേളനത്തിനശേഷം, മുഹമ്മദ് റിയാസിനു ലഭിച്ച പരിഗണനയെക്കുറിച്ച് മാധ്യമങ്ങൾ എഴുതുന്നുണ്ടല്ലോ. ഇത്തരം കാമ്പയിനുകളോട് ഞാൻ പൊതുവിൽ യോജിക്കുന്നില്ല. എന്നാൽ, ഒരു കാര്യമുണ്ട്. റീജ്യനലിസത്തിന്റെ മറ്റൊരു ലക്ഷണം, അത് കുടുംബങ്ങളെ കൂടുതൽ ആശ്രയിക്കുന്നു എന്നതാണ്. ബി.ജെ.പി മാറിനടക്കുന്ന ഏക വഴിയും ഇതാണ്, ആ പാർട്ടി non familitarian ആണ്. ജനാധിപത്യ പാർട്ടികളെന്നു പറയുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണത്.

പുതിയ വർഗം: എന്താണ്​ യാഥാർഥ്യം?

കേരളത്തിൽ മധ്യവർഗ വൽക്കരണം നടന്നുവെന്നാണ്​ സി.പി.എം പറയുന്നത്. കേരളീയ സമൂഹത്തിൽ സംഭവിച്ച പുതിയ വർഗ ധ്രുവീകരണത്തെക്കുറിച്ച്​ ഇപ്പോൾ സി.പി.എം പറയുന്നുണ്ടല്ലോ. അഞ്ചുകൊല്ലം മുമ്പാണ് ഈ വിശകലനമെങ്കിൽ ഞാൻ കൂടി അംഗീകരിക്കുമായിരുന്നു. എന്താണ് കേരളത്തിലെ യഥാർഥ ചിത്രം? പുനർ ദാരിദ്ര്യവൽക്കരണമാണ്​ (Re Povertisation) നടന്നിട്ടുള്ളത്. ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെട്ടവർ വീണ്ടും ദാരിദ്ര്യത്തിലേക്ക്​ പതിച്ചിരിക്കുന്നു. എന്തുകൊണ്ട്? പാരിസ്ഥിതിക ദുരന്തം കൊണ്ടും കോവിഡ് കൊണ്ടും. കോവിഡ് പിടിപെട്ട് കേരളത്തിൽ ഒരു ലക്ഷത്തോളം പേരാണ് മരിച്ചത്, ഔദ്യോഗികമായി 66,000 പേർ എന്നാണെങ്കിലും. ഈ ഒരു ലക്ഷം കുടുംബങ്ങളിൽ എന്താണ് സംഭവിച്ചത് എന്ന് സർക്കാറോ സി.പി.എമ്മോ എൽ.ഡി.എഫോ ആസൂത്രണ ബോർഡോ അന്വേഷിച്ചുവോ? എന്താണ് കേരളത്തിലെ പോസ്റ്റ് കോവിഡ് അവസ്​ഥ. ഇതുമൂലമുണ്ടായ പുനർ ദാരിദ്ര്യവൽക്കരണത്തിന്റെ സ്ഥിതി എന്ന് അന്വേഷിച്ചുവോ?

സി.പി.എമ്മിനുള്ളത്​ ഇപ്പോഴും വർക്കിംഗ് ക്ലാസ് ബേസാണ്. ആ ക്ലാസിന് അവർ കൊടുത്തിട്ടുള്ളത് കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ സ്​കീമുകളാണ്​. തൊഴിലാളി വർഗത്തെ മാനേജു ചെയ്യുകയും മധ്യവർഗത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എന്നതും വിജയകരമായ ഒരു നല്ല പ്രാദേശിക പാർട്ടിയുടെ ലക്ഷണമാണ്​. ഇത് ശരിയോ തെറ്റോ എന്നതല്ല, അതാണ് അവർ ചെയ്യുന്നത് എന്നുമാത്രം. അവർ യഥാർഥ പാർശ്വവൽകൃതരെയും ദലിതരെയും അവഗണിച്ചിരിക്കുകയാണ്. 103ാം ഭരണഘടനാ ഭേദഗതിയെക്കുറിച്ച് രാഷ്ട്രീയപ്രമേയത്തിലോ സമ്മേളനത്തിലോ ചർച്ച ചെയ്യാത്തത് എന്തുകൊണ്ടാണ്? സി.പി.എമ്മിന്റെ സംവരണ നയം എന്താണ്? ഐ.എ.എസ് പരീക്ഷക്കുപോലും ഒ.ബി.സിയേക്കാൾ കുറഞ്ഞ മാർക്കിൽ ഈ ‘സോ കോൾഡ്’ മുന്നാക്കത്തിലെ പിന്നാക്കക്കാർ കയറി. അതെന്താ പാർട്ടി ചർച്ച ചെയ്യാത്തത്? കേരളത്തിൽ പല കോളേജുകളിലും പട്ടികജാതി വിദ്യാർഥികളേക്കാൾ കുറഞ്ഞ മാർക്കിനാണ് നായർ, സുറിയാനി ക്രിസ്ത്യൻ വിഭാഗക്കാർ പഠിക്കുന്നത്.

അടിസ്ഥാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാത്തിടത്തോളം സി.പി.എമ്മിന് അവരുടെ ക്ലാസ് ബേസിനെപ്പോലും പ്രതിനിധീകരിക്കാനുള്ള ത്രാണി ഭാവിയിൽ ഉണ്ടാകുമെന്ന്​ തോന്നുന്നില്ല.

എന്താണ് സി.പി.എമ്മിന്റെ ക്ലാസ് പൊസിഷൻ? അവർക്കിടയിൽ വർക്കിങ് ക്ലാസ് ഇല്ല എന്നതല്ല ഞാൻ ചൂണ്ടിക്കാണിക്കുന്നത്, അവർ വർക്കിങ് ക്ലാസിന്റെ പ്രശ്‌നം ചർച്ച ചെയ്യുന്നില്ല എന്നതാണ്. വിദ്യാഭ്യാസത്തിന്റെ കാര്യം എടുക്കാം. ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നുണ്ട്. സ്‌കൂൾ എന്നാൽ കെട്ടിടമാണ്. എന്നാൽ, വർക്കിങ് ക്ലാസ് വിദ്യാർഥികളുടെ പഠനനിലവാരത്തെക്കുറിച്ച് പരിശോധിക്കുന്നുണ്ടോ? Annual Status of Education Report (ASER) എന്താണ് പറയുന്നത്? കേരളത്തിലെ കുട്ടികളുടെ ഗണിത നിലവാരം മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളേക്കാൾ ഒട്ടും ഭേദമല്ല. ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാത്തിടത്തോളം സി.പി.എമ്മിന് അവരുടെ ക്ലാസ് ബേസിനെപ്പോലും പ്രതിനിധീകരിക്കാനുള്ള ത്രാണി ഭാവിയിൽ ഉണ്ടാകുമെന്ന്​ തോന്നുന്നില്ല.

സംസ്​ഥാന സമ്മേളനം കഴിഞ്ഞ്​ 23ാം പാർട്ടി കോൺഗ്രസും പിന്നിടുമ്പോൾ സി.പി.എമ്മിൽ അൽഭുതങ്ങളൊന്നും പ്രതീക്ഷിച്ചുകൂടെങ്കിലും മൗലികമായ ചർച്ചകൾ നടക്കുമെങ്കിൽ നല്ലതുതന്നെ. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


സി.പി. ജോൺ

സി.എം.പി. ജനറൽ സെക്രട്ടറി. മാർക്‌സിന്റെ മൂലധനം: ഒരു വിശദവായന, കോവിഡ് 19: മനുഷ്യനും രാഷ്ട്രീയവും, റോസ ലക്‌സംബർഗ്: ജീവിതം, ദർശനം, Spectrum of Polity- View of an Indian Politician എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments