2014-ൽ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനുമുന്നിൽ നടന്ന നിൽപ്പുസമരത്തിൽ നിന്ന് / Photo: Shafeeq Thamarassery

തെരെഞ്ഞെടുപ്പ് രാഷ്ട്രീയം ആശയപരമായി നിശ്ചലമാകുമ്പോൾ

ഇന്ന് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയോ നേതാവോ സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടി ചർച്ചകളിൽ ഇടപെടുവാൻ തയ്യാറല്ല എന്ന യാഥാർഥ്യം എന്ന് തിരിച്ചറിയുന്നുവോ അപ്പോൾ ആരംഭിക്കുന്ന ഭയവും അസ്ഥിരതയുമാണ് ഇനി സാമൂഹിക മാറ്റത്തിലേക്ക് നമ്മെ നയിക്കുക

"അയ്യപ്പന് ശരണം വിളിച്ച്​ കോന്നിയിൽ തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന മോദിയും അസമിലെ സിൽക്കൂരിയിൽ ബരാം ബാബ ക്ഷേത്രത്തിൽ ദർശനം നടത്തി തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച കനയ്യ കുമാറും തമ്മിൽ എന്താണ് വ്യത്യാസം?'

മുഖ്യധാരാ ഇടതുപക്ഷത്തോട് അനുഭാവമുള്ള ഒരു സുഹൃത്തിനോട് അടുത്തിടെ ഇങ്ങനെ ചോദിക്കുകയുണ്ടായി. "പ്രായോഗിക രാഷ്ട്രീയത്തിൽ അധികാരം നേടിയെടുക്കാൻ ചിലപ്പോൾ വിശ്വാസവും പ്രചാരണ ആയുധമാവും' എന്ന് സഖാവ് പറഞ്ഞു. കുറച്ചുനേരത്തെ മൗനത്തിനുശേഷം പിന്നീടങ്ങോട്ട് സഖാവിനും സംശയമായി. എന്താണ് ഇടതുപക്ഷം ചെയ്യുന്നത്? ഇപ്പൊൾ ഇടതും വലതും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? കേരളത്തിൽ "വിപ്ലവം' എന്നുകേട്ടാൽ രക്തം തിളയ്ക്കു​ന്ന, "മൂലധനം' കഷ്ടപ്പെട്ട് വായിക്കുവാൻ ശ്രമിച്ച, ചെ ഗുവേരയുടെ ചിത്രങ്ങൾ വരച്ചും, മൊബൈൽ ഫോണിന്റെ വാൾപേപ്പറായും കൊണ്ട് നടക്കുന്ന മുഖ്യധാരാ ഇടതുപക്ഷ ധാരയുടെ അണിയാണ് എന്റെ സുഹൃത്ത്.

മൂന്ന് മുന്നണികളും വിശ്വാസസംരക്ഷണം എന്നത് തങ്ങളുടെ രാഷ്ട്രീയ അധികാരം നേടുന്നതിനുള്ള ഉപാധിയായി ഇന്ന് കാണുന്നു. എത്ര വേഗത്തിലാണ് ഹിന്ദുത്വ ശക്തികളുടെ ആശയപരമായ ചട്ടക്കൂടിലേക്ക് മറ്റെല്ലാ പാർട്ടികളും വന്നു ചേർന്നത്​ എന്നതും ശ്രദ്ധിക്കുക

ഇടതുപക്ഷമെന്നാൽ വളരെ പുരോഗമനപരമായ എന്തോ ഒന്നാണ് എന്ന വിശ്വാസം ആഴത്തിൽ ഉറപ്പിച്ച അത്തരം ധാരാളം യുവാക്കളെ കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും യൂണിവേഴ്സിറ്റികളിൽ കാണാം. ഇന്ത്യയിൽ വളർന്നു വരുന്ന വർഗീയ ശക്തികൾക്കെതിരെ നിൽക്കാൻ എന്തുകൊണ്ടും കെൽപ്പുള്ളത്​കേരളത്തിൽ അധികാരം നിലനിർത്തുന്ന മുഖ്യധാരാ ഇടതുപക്ഷമാണ് എന്ന വിശ്വാസം നിലനിർത്തുന്ന യുവാക്കൾ. ആ വിശ്വാസം നിലനിർത്തുക എന്ന ബാധ്യതയാണ് "തുടർഭരണം' കൊണ്ട് ഉദ്ദേശിക്കുന്നതും പ്രചരിപ്പിക്കപ്പെടുന്നതും. എന്നാൽ എത്രത്തോളും ഈ ഇടതുപക്ഷ പ്രതിരോധം ശക്തമാണ് എന്ന് ചിന്തിക്കുമ്പോൾ പ്രശ്നങ്ങൾ ഗുരുതരമാകും. "ശബരിമല' പോലെയുള്ള വിഷയങ്ങൾ വരുമ്പോൾ ഒഴിഞ്ഞുമാറിയും, മുന്നണിയിലെ നേതാക്കൾ പല നിലപാടുകൾ എടുക്കുന്ന സാഹചര്യവും എല്ലാം വ്യക്തമാക്കുന്നത് മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പ്രതിരോധം ശക്തമല്ല എന്നതാണ്. ഈ "ഒഴിഞ്ഞു മാറൽ നയം' മുന്നിൽ കണ്ടുകൊണ്ടു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ശബരിമലയെ ഉദാഹരിക്കുന്നു) യോഗി ആദിത്യനാഥുമെല്ലാം (ലൗ ജിഹാദിനെ ഉദാഹരിക്കുന്നു) വീണ്ടും വീണ്ടും വർഗീയ വിഷയങ്ങളിലേക്ക് തെരഞ്ഞെടുപ്പിനെ കൊണ്ടെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോൾ നടക്കുന്ന തെരെഞ്ഞെടുപ്പിൽ ക്ഷേത്രങ്ങളും, മതവും, ജാതിയും അതിതീവ്രമായ പ്രചരണായുധങ്ങളായി മാറുന്നുണ്ട്.

അസമിലെ സോനായി മണ്ഡലത്തിലെ എ.ഐ.യു.ഡി.എഫ് സ്ഥാനാർഥി കരീമുദ്ദീൻ ബാർഭുയ്യക്കു വേണ്ടി പ്രചാരണത്തിനെത്തിയ കനയ്യ കുമാർ ബരാം ബാബ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു

മൂന്നുമുന്നണികളും വിശ്വാസസംരക്ഷണം എന്നത് തങ്ങളുടെ രാഷ്ട്രീയാധികാരം നേടുന്നതിനുള്ള ഒരു ഉപാധിയായി ഇന്ന് കാണുന്നു. എല്ലാ രാഷ്ട്രീയപാർട്ടികളും ഇന്ന് വിശ്വാസികളുടെ കൂടെയാണ്. എത്ര വേഗത്തിലാണ് ഹിന്ദുത്വ ശക്തികളുടെ ആശയപരമായ ചട്ടക്കൂടിലേക്ക് മറ്റെല്ലാ പാർട്ടികളും വന്നു ചേർന്നത്​എന്നതും ശ്രദ്ധിക്കുക. എത്ര പുരോഗമനവാദം മുഴക്കിയാലും ആശയപരമായി നമ്മുടെ സമൂഹം പിന്നോട്ട് നടക്കുന്നു എന്നത് യാഥാർഥ്യമാണ്. നേതാക്കൾ "ഇന്ന് ഒരു മതനിരപേക്ഷ ജനത ഉണ്ടോ?' എന്ന സംശയത്തിൽ അകപ്പെട്ടു പോയതാണോ എന്നു തോന്നും ചില പ്രചാരണ മുദ്രാവാക്യങ്ങൾ കേട്ടാൽ. അതുകൊണ്ട് തന്നെ ഇടതുപക്ഷം ഭരണത്തുടർച്ച നിലനിർത്തുമോ എന്നതല്ല, മറിച്ച് എങ്ങനെ വർഗീയത ആശയപരമായി സമൂഹത്തിൽ ശക്തമാകുന്നു എന്നതാണ് ഇന്നത്തെ പ്രധാന ചോദ്യം. മതവും ജാതിയും ഒരു വശത്ത് തെരഞ്ഞെടുപ്പുകളിൽ പ്രധാനമാകുന്ന പോലെ തന്നെയാണ് പാർട്ടികൾ മുന്നോട്ട് വെക്കുന്ന "ക്ഷേമപദ്ധതികളും' പ്രധാനമാകുന്നത്. പെൻഷനുകളും മറ്റു ക്ഷേമ നടപടികൾക്കുള്ള ചെലവും പാർട്ടികൾ ഉയർത്തുമ്പോൾ അതിനുള്ള വരുമാനസ്രോതസ്‌ എന്തായിരിക്കും എന്നതിനെ കുറിച്ച് വ്യക്തമായ ചർച്ച നടക്കുന്നില്ല. ഇനിയും കടം വാങ്ങി തന്നെയായിരിക്കും ഈ വാഗ്‌ദാനങ്ങൾ നടപ്പിലാക്കുവാൻ പോകുന്നത് എന്ന് അനുമാനിക്കാൻ മാത്രമേ അതുകൊണ്ട് സാധിക്കൂ. കടം വാങ്ങി ക്ഷേമപദ്ധതികൾ നടത്തുമ്പോൾ, അതും ഉല്പാദനത്തേക്കാൾ ഉപഭോഗത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ക്ഷേമപദ്ധതികൾ അപകടമാണ് എന്ന് സാമ്പത്തികശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്. കേരളം ഇപ്പോൾ എത്തി നിൽക്കുന്ന കടബാധ്യതകൾ കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കുമ്പോൾ വ്യക്തമാകുന്ന ചിത്രം ക്ഷേമത്തിന്റെതല്ല മറിച്ച് കടങ്ങളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയുമാണ്. മൂലധനനിക്ഷേപത്തേക്കാൾ കൂടുതൽ ഉപഭോഗത്തിന് പ്രധാന്യം കൊടുക്കുന്നതോടെ കടങ്ങൾ അത്രെയും വരും തലമുറകളിലേക്ക് കൈമാറപ്പെടുകയാണ്. ഇങ്ങനെ കൈമാറ്റപ്പെടുന്ന കടങ്ങൾ വീട്ടി തീർക്കുന്നതിന് യുവാക്കളുടെ തൊഴിൽ വർദ്ധനവിന് പ്രത്യേക ശ്രദ്ധ നൽക്കേണ്ടതുണ്ട്. എന്നാൽ അത്തരമൊരു ശ്രദ്ധ ഒരു മുന്നണിയും കേരളത്തിൽ മുന്നോട്ട് വെക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

കടം വാങ്ങി ക്ഷേമപദ്ധതികൾ നടത്തുമ്പോൾ, അതും ഉല്പാദനത്തേക്കാൾ ഉപഭോഗത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ക്ഷേമപദ്ധതികൾ അപകടമാണ് എന്ന് സാമ്പത്തികശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ട്

കേരളത്തിലെ തൊഴില്ലായ്മ നിരക്ക് 36 % ആണ് എന്ന് കാണുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു. സാമ്പത്തികവിദഗ്ധനായ പുലപ്രെ ബാലകൃഷ്‌ണൻ അടുത്തിടെ ഇത്തരത്തിൽ പല നിരീക്ഷണങ്ങളും മുന്നോട്ട് വെച്ചിരുന്നു. ക്ഷേമ പദ്ധതികൾ വളരെ പ്രധാനമാണ് എന്ന ആശയത്തിൽ നിന്ന് തന്നെയാണ് വി ഫോർ കൊച്ചിയും, ട്വന്റി- ട്വന്റി പോലെയുള്ള മുന്നേറ്റങ്ങൾ ശക്തമാകുന്നത്. കേന്ദ്രതലത്തിൽ കോർപറേറ്റുകളുടെ സഹായത്തോടെ ബി.ജെ.പി ഭരിക്കുമ്പോൾ, അതിന്റെ പ്രാദേശികമായ രൂപമാണ് ട്വന്റി- ട്വന്റി പോലെയുള്ള മുന്നേറ്റങ്ങൾ. ക്ഷേമപദ്ധതികൾ നടപ്പാക്കുകയും അതിന്റെ പേരിൽ വോട്ട് നേടുകയും ചെയ്യുന്ന മുന്നേറ്റം രാഷ്ട്രീയാധികാരത്തെ പ്രാദേശിക മുതലാളിത്തം എങ്ങനെ വരുതിയിലാക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. പാർട്ടികൾ മുതലാളിമാരുടെ കൈയിൽ നിന്ന്​ പണം പറ്റുന്നത് ഒഴിവാക്കിയില്ലെങ്കിൽ മുതലാളിമാർ നേരിട്ട് തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന സ്ഥിതിവിശേഷം ജനാധിപത്യത്തെ മോശമാക്കും എന്നതിൽ സംശയമില്ല. രാഷ്ട്രീയ പാർട്ടികൾ ഇത്തരം നോൺ-പൊളിറ്റിക്കൽ ഗ്രൂപ്പ്സിന്റെ വളർച്ചയ്ക്ക് കേരളത്തിൽ അവസരം നൽകിയത് ദൗർഭാഗ്യകരമാണ്. അത്തരം മുന്നേറ്റങ്ങൾ ഉയർന്നു വരുമ്പോൾ ക്ഷേമപദ്ധതികളുടെ പേരിൽ ഇല്ലാതാകുന്നത് ജനങ്ങളുടെ അവകാശങ്ങളും അഭിപ്രായസ്വാതന്ത്ര്യവുമാകാം.

ഇപ്പോൾ കേരളത്തിൽ ഒരു ബദൽ രാഷ്ട്രീയത്തിന് വേണ്ടിയുള്ള പിടച്ചിൽ നടക്കുന്നുണ്ട്. അക്കാദമികവും, സാംസ്കാരികവുമായ മേഖലകളിൽ ഇതിന്റെ ആദ്യ ലക്ഷണങ്ങൾ ദൃശ്യമാകുന്നുമുണ്ട്. രാഷ്ട്രീയ പാർട്ടികൾ എന്നാൽ ഇത്തരം പിടച്ചിലുകളെ കുറിച്ച് ഒന്നും തന്നെ ബോധവാന്മാരല്ല

ഇത്തരത്തിൽ ക്ഷേമപദ്ധതികളും (കടത്തിൽ മുങ്ങിയ), വിശ്വാസ- ആചാര സംരക്ഷണവും ചേർന്ന് നിലനിൽക്കുന്ന ഒരു നിശ്ചല രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നാം എത്തി നിൽക്കുന്നത്. എല്ലാ മുന്നണികളും ഇന്ന് ഏതാണ്ട് ഒരു പോലെയാണ്. കൊടിയുടെ നിറത്തിലെ വ്യത്യാസം, പ്രായോഗിക രാഷ്ട്രീയത്തിലേക്ക് വരുമ്പോൾ അറിയാതെ പോകുന്ന നേതാക്കളും മുന്നണികളും, "ഇടതുപക്ഷം' വർഗീയതയ്ക്ക് എതിരെ നല്ലൊരു പ്രതിരോധമാണ് എന്ന് സ്വപ്നം കാണുന്ന യുവാക്കളും ഇന്ന് കേരള രാഷ്ട്രീയത്തിന്റെ അടയാളമാണ്. ഇനി ഈ മൂന്ന് മുന്നണികളും മാറ്റമില്ലാതെ തന്നെ പരസ്പരം സാമ്യതകൾ നിലനിർത്തി അധികാരം നേടിയെടുക്കുവാൻ ശ്രമിക്കും എന്നതിൽ യാതൊരു തർക്കവുമില്ല. ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും അതുകൊണ്ട് തന്നെ ആശയപരമായി ഒരു നിശ്ചലാവസ്ഥയിൽ എത്തി നിൽക്കുന്നു. മുഖ്യധാരാ മാധ്യമ ചർച്ചകളിൽ ഇടം പിടിക്കാത്ത സമൂഹങ്ങൾ ഉയർത്തുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെയും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. "സ്വന്തമായി ഭൂമി' ലഭിക്കുക എന്ന അവകാശത്തെ ഫ്ളാറ്റുകളിലേക്ക് ചുരുക്കി നിർത്തുന്ന ഭരണകൂടത്തെ അവർ എങ്ങനെ പിന്താങ്ങും? "കിറ്റ്' കിട്ടിയില്ലേ’ എന്ന ചോദ്യത്തിന് ഫ്യൂഡൽ അധികാരത്തിന്റെ ധ്വനിയല്ലാതെ മറ്റെന്താണ് പ്രകടമാക്കുന്നത്. ചെല്ലാനം, ഫോർട്ട് കൊച്ചി മേഖലകളിൽ മത്സ്യ തൊഴിലാളികൾ അവകാശപ്പെടുന്ന വിഭവങ്ങളുടെ മേലുള്ള അധികാരത്തെ എന്തുകൊണ്ട് ഇത്രയും നാൾ മാറി മാറി ഭരിച്ച സർക്കാരുകൾ കാണാതെ പോകുന്നു. തീരദേശമേഖല നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളോ, പശ്ചിമഘട്ട വനമേഖല നേരിടുന്ന പ്രശ്നങ്ങളോ, ആദിവാസികളുടെ ഭൂപ്രശ്നമോ ഒന്നും നമ്മുടെ ചർച്ചാ വിഷയമല്ല. അതുകൊണ്ട് തന്നെയാണ് കേരള രാഷ്ട്രീയം വളരെ വേഗം അതിന്റെ ആശയപരമായ നിശ്ചലസ്ഥിതിയിൽ എത്തി നിൽക്കുന്നു എന്ന് ഞാൻ കണ്ടെത്തുന്നത്.

"ശരണം വിളികൾ കേൾക്കുന്ന ഒരു തെരെഞ്ഞെടുപ്പ് പ്രചാരണം ഇന്ത്യൻ ജനാധിപത്യത്തിന് ചേർന്നതാണോ?' ഈ ചോദ്യം ചോദിച്ചാലും "പ്രായോഗികതയെ' മുന്നിൽ നിർത്തി അണികൾ കാര്യം വിശദീകരിച്ചേക്കാം, പക്ഷെ അപ്പോഴും ഒരു ജനത എന്ന നിലയിൽ നാം പിന്നോട്ട് പോകുകയാണ്.

ഇപ്പോൾ കേരളത്തിൽ ഒരു ബദൽ രാഷ്ട്രീയത്തിന് വേണ്ടിയുള്ള പിടച്ചിൽ നടക്കുന്നുണ്ട്. അക്കാദമികവും, സാംസ്കാരികവുമായ മേഖലകളിൽ ഇതിന്റെ ആദ്യ ലക്ഷണങ്ങൾ ദൃശ്യമാകുന്നുമുണ്ട്. രാഷ്ട്രീയ പാർട്ടികൾ എന്നാൽ ഇത്തരം പിടച്ചിലുകളെ കുറിച്ച് ഒന്നും തന്നെ ബോധവാന്മാരല്ല, ബി.ജെ.പി പയറ്റി തെളിഞ്ഞ അടവുകൾ കുറഞ്ഞ തോതിൽ ഉയോഗിക്കുക, വിഭവങ്ങൾ അത്രയും കമ്പനികൾക്ക്‌ തീറെഴുതി നല്കുക, കടം വാങ്ങി ക്ഷേമ പദ്ധതികൾ നടപ്പാക്കുക എന്ന രീതിശാസ്ത്രം പിന്തുടരുകയാണ് അവർ. അങ്ങനെ വരുമ്പോൾ മുന്നണികൾ നിശ്ചലാവസ്ഥയിൽ എത്തും. അപ്പോൾ പുതിയ രാഷ്ട്രീയ ഇടപെടലുകളാണ് പ്രധാനം. രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത് രാഷ്ട്രീയ ഇടപെടലുകളിലൂടെ സാമൂഹിക മാറ്റത്തിന് വഴിവെക്കുക എന്നതാണ് അല്ലാതെ വീണ്ടും വീണ്ടും മതത്തെ ഉയർത്തി കാട്ടുന്നതിലൂടെ അല്ല. "ശരണം വിളികൾ കേൾക്കുന്ന ഒരു തെരെഞ്ഞെടുപ്പ് പ്രചാരണം ഇന്ത്യൻ ജനാധിപത്യത്തിന് ചേർന്നതാണോ?' ഈ ചോദ്യം ചോദിച്ചാലും "പ്രായോഗികതയെ' മുന്നിൽ നിർത്തി അണികൾ കാര്യം വിശദീകരിച്ചേക്കാം, പക്ഷെ അപ്പോഴും ഒരു ജനത എന്ന നിലയിൽ നാം പിന്നോട്ട് പോകുകയാണ്. ഈ പിന്നോട്ട് നടത്തത്തെ നാം ഭയപ്പെടണം. തീർച്ചയായും ഈ ഭയത്തിൽ നിന്ന് മാത്രമേ പുതിയ ഏജൻസികൾ ഉയരുകയുള്ളു.

ലേഖനത്തിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞ പോലെയുള്ള സഖാക്കൾ ഈ ഭയത്തെ ഇന്നേ തിരിച്ചറിയണം. ഭരണത്തുടർച്ചയേക്കാൾ ഇടർച്ചയാണ് ഇപ്പോൾ ആവശ്യം എന്ന് തിരിച്ചറിയുകയും വേണം. കൂടുതൽ ചർച്ചകളാണ് നമുക്ക് ആവശ്യം, അല്ലാതെ മത്സരമല്ല. ഇന്ന് മുഖ്യധാരയിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയോ നേതാവോ സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടി ചർച്ചകളിൽ ഇടപെടുവാൻ തയ്യാറല്ല എന്ന യാഥാർഥ്യം എന്ന് തിരിച്ചറിയുന്നുവോ അപ്പോൾ ആരംഭിക്കുന്ന ഭയവും അസ്ഥിരതയുമാണ് ഇനി സാമൂഹിക മാറ്റത്തിലേക്ക് നമ്മെ നയിക്കുക. ഇപ്പോൾ നാം അനുഭവിക്കുന്ന അസ്ഥിരതയും ഭയവുമാണ് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ആശയങ്ങളുടെ കൊടുക്കൽ വാങ്ങലുകൾക്ക് വഴി വെക്കുക. ▮

Comments