താലിബാനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ ഹേറത്തിൽ നടന്ന പ്രതിഷേധമാർച്ച് / Photo: Rukhshana Media

അഫ്ഗാൻ സ്വതന്ത്രമായെന്ന് വാദിക്കുന്നവർ
മതമൗലികവാദത്തിന് ​സ്തുതി ഗീതമാലപിക്കുകയാണ്

അഫ്ഗാൻ സമൂഹം മധ്യകാലയുഗങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം അടിച്ചമർത്തലിന്നുപാധിയായ മതം, ഒരു ജ്ഞാനവ്യവസ്ഥയെന്നതിനപ്പുറം ബലപ്രയോഗത്തിലധിഷ്ഠിതമായ അനുഷ്ഠാനമായി മാറുന്നു.

ഭഗവദ്ഗീതയിൽ യുദ്ധത്തിൽ പങ്കെടുക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന നേട്ടങ്ങളെ വിവരിക്കുന്നത്, "യുദ്ധത്തിൽ മരിക്കുന്ന ശൂരന്മാർ സ്വർഗം പ്രാപിക്കും. ജയിക്കുന്നവർ രാജസുഖം പ്രാപിക്കും' എന്നാണ്​.
ലളിതമായ ഈ പ്രസ്താവനയിലല്ല ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ സൗധം നിലനിൽക്കുന്നത്, മറിച്ച് മാറ്റമില്ലാത്തതും ജന്മസിദ്ധവുമായ കടമകളിലാണ്. അതായത് യുദ്ധത്തിന്റെ ആത്യന്തിക ലക്ഷ്യം ചാതുർവർണ്യത്തിന്റെ സംരക്ഷണമാണ്. ഈ വ്യവഹാരമണ്ഡലത്തിൽ വിള്ളൽ വീഴ്​ത്തിയത്​വർണസങ്കരമാണ്.

ഗീത ചൂണ്ടിക്കാട്ടുന്നു; "അധർമത്തിന്റെ വ്യാപ്തി നിമിത്തം, ഗത്യന്തരമില്ലാതെ കുല സ്ത്രീകൾ സ്വയം ദുഷിക്കും. സ്ത്രീകൾ ദുഷിക്കുമ്പോൾ ജാതി കലർപ്പുള്ള സന്താനങ്ങളുണ്ടാകും'. ഇപ്രകാരം ചാതുർവർണ്യത്തിനുള്ളിൽ വികസിച്ച ജാതിയുടെ മുഖ്യസവിശേഷതയായ സഗോത്ര വിവാഹത്തെ പ്രശ്‌നവൽക്കരിച്ച് ഗീത പറയുന്നു; "വിജാതീയ സ്ത്രീപുരുഷ സംയോഗം നിമിത്തമുണ്ടാകുന്ന സങ്കര സന്താനങ്ങൾ, മാതാപിതാക്കൾക്ക് പിണ്ഡോദകമർപ്പിക്കാൻ അർഹരല്ലാത്തതിനാൽ കുലഹാനി വരുത്തിയവർക്കും കുലത്തിനും നരകപാതകം തന്നെ ഫലം. അതുമാത്രമല്ല, ഇവരുടെ സ്വർഗസ്ഥരായ പൂർവ്വ പിതാക്കളും പുത്ര പൗത്ര പരമ്പര ക്രമത്തിൽ പിണ്ഡോദകങ്ങൾ ലഭിക്കാതെ നരകത്തിൽ വീഴും. പിണ്ഡോദാർഹരായ സന്താനങ്ങൾ കുലത്തിലില്ലാത്തതു തന്നെയാണ് കാരണം.'

മാവോയിസ്റ്റുകളടക്കമുള്ള കമ്യൂണിസ്റ്റുകളുടെ സായുധ വിപ്ലവത്തെ എതിർക്കുന്നവർ താലിബാന്റെ "ആയുമേന്തിയ' വിമോചനസമരത്തെ വാഴ്​ത്തുന്നവരായി മാറിയിരിക്കുകയാണ്.

വേദകാലാന്തര സമൂഹത്തിലെ ഈ മതാനുഷ്ഠാനത്തിന് രാഷ്ട്രീയാടിത്തറ നൽകിയത് ഇപ്രകാരമാണ്: "ഈശ്വരനായ എന്റെ വചനമാണ് വേദം. എന്നിൽ ഭക്തിയുണ്ടെങ്കിൽ വേദം വിധിച്ചിരിക്കുന്ന വാക്യത്തിൽ വിശ്വാസമുണ്ടായിരിക്കണം. ക്ഷത്രിയന് യുദ്ധം വേദം വിധിച്ചിരിക്കുന്ന സ്വധർമമായതിനാൽ ഈശ്വരാർപ്പണബുദ്ധിയോടു കൂടെ യുദ്ധത്തിന്നൊരുങ്ങിക്കൊൾക. അങ്ങനെ ചെയ്താൽ ഗുരുക്കന്മാരേയും മറ്റും വധിക്കുന്നതു കൊണ്ടുള്ള പാപം നിന്നെ ബാധിക്കുകയില്ല!'
ഹിംസാത്മകമായ യുദ്ധത്തെ ഒരു മൂല്യവ്യവസ്ഥയായി പരിവർത്തനപ്പെടുത്തുമ്പോൾ, യുദ്ധം യുക്തിചിന്തയിലോ ശാസ്ത്രീയ വിചിന്തനത്തിലോ സ്ഥാനമില്ലാത്ത അനുഷ്ഠാനമായി മാറുന്നു. മാത്രമല്ല, അത് ക്ഷത്രിയന്റെ ജന്മസിദ്ധവും മാറ്റമില്ലാത്തതുമായ കടമയാകുന്നു. പിൽക്കാലത്ത്, ക്ഷത്രിയരെന്ന സാമൂഹ്യവിഭാഗത്തിന്റെ അപഭ്രംശത്തിലൂടെ രജപുത്രരടക്കം നിരവധി യുദ്ധഗോത്രങ്ങൾ (warrior tribes) രൂപം കൊണ്ടപ്പോൾ രാജ്യത്തെ രക്ഷിക്കാനുള്ള കടമ ഒരു ന്യൂനപക്ഷത്തിൽ നിക്ഷിപ്തമായി. അവർക്കു മേൽ ബ്രാഹ്‌മണർ / ബ്രാഹ്‌മണിസം ആജ്ഞയായി നിന്നതിനാൽ യുദ്ധം എന്നത് കേവലം ആചാരമായി മാറി.

മാർക്‌സിന്റെ ഭാഷയിൽ ഇന്ത്യ, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും മുമ്പ് പരസ്പരം പടവെട്ടുന്ന സ്വതന്ത്ര രാജ്യങ്ങളായി വേർപ്പെട്ടു കിടക്കുകയായിരുന്നു. ഓരോ പട്ടണവും, എന്തിന് ഓരോ ഗ്രാമം പോലും ഓരോ രാജ്യമായിരുന്നു / Photo: Wikimedia Commons
മാർക്‌സിന്റെ ഭാഷയിൽ ഇന്ത്യ, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും മുമ്പ് പരസ്പരം പടവെട്ടുന്ന സ്വതന്ത്ര രാജ്യങ്ങളായി വേർപ്പെട്ടു കിടക്കുകയായിരുന്നു. ഓരോ പട്ടണവും, എന്തിന് ഓരോ ഗ്രാമം പോലും ഓരോ രാജ്യമായിരുന്നു / Photo: Wikimedia Commons

മുകളിൽ കൊടുത്തിരിക്കുന്ന പരിവർത്തനത്തിന്റെ ഫലമായി മാർക്‌സിന്റെ ഭാഷയിൽ ‘ഇന്ത്യ, മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും മുമ്പ് പരസ്പരം പടവെട്ടുന്ന സ്വതന്ത്ര രാജ്യങ്ങളായി വേർപ്പെട്ടു കിടക്കുകയായിരുന്നു. ഓരോ പട്ടണവും, എന്തിന് ഓരോ ഗ്രാമം പോലും ഓരോ രാജ്യമായിരുന്നു'. ഈ ഭൂമികയിലാണ് ഹിന്ദുത്വം സുദീർഘകാലം സ്വയം പ്രവർത്തകമായൊരു പ്രത്യയശാസ്ത്ര വ്യവഹാര മണ്ഡലമായി നിലനിന്നത്. ഇതിൽ നിന്ന്​ ഭിന്നമല്ലാത്തൊരു രാഷ്ട്രീയ ദൗത്യമാണ് ഇസ്‌ലാമിന്നുള്ളത്.
മൗദൂദി എഴുതുന്നു: "നിങ്ങളെല്ലാം മനുഷ്യരാണ്. മനുഷ്യരോ സമന്മാരും. വംശം, ഗോത്രം, ദേശം, ഭാഷ, വർണം, രൂപം, വേഷം, സമ്പത്ത് എന്നിവയിലൊന്നും ഒരു മഹാത്മ്യവുമില്ല. ദൈവഭക്തി, സത്യസന്ധത, സൽക്കർമം, വിശുദ്ധ ജീവിതം- ഇവയാണ് മഹാത്മ്യത്തിന്റെ മാനദണ്ഡം. മരണാന്തരം നിങ്ങൾക്കെല്ലാം ദൈവസന്നിധിയിൽ ഹാജരാകേണ്ടതുണ്ട്. നീതിമാനായ ദൈവസന്നിധിയിൽ ഹാജരാകേണ്ടതുണ്ട്. നീതിമാനായ ദൈവത്തിന്റെ സന്നിധിയിൽ ശുപാർശയോ കൈക്കൂലിയോ നടക്കുകയില്ല. ആരുടേയും ഗോത്രമാഹാത്മ്യം ഗുണം ചെയ്യുകയുമില്ല. സത്യവിശ്വാസവും സൽക്കർമവും മാത്രമാണവിടെ പ്രയോജനപ്പെടുക. ആ അമൂല്യസമ്പത്ത് കൈവശമുള്ളവർ സ്വർഗം പൂകും. ഇല്ലാത്തവർ നരകത്തിലേക്കും.'
ഈ പരികൽപ്പനയുൾക്കൊള്ളുന്ന രാഷ്ട്രീയാന്തർഗതത്തെ എങ്ങനെയാണ് ഇഴപിരിച്ചെടുക്കേണ്ടത്?

ഇസ്‌ലാമിക രാജ്യങ്ങളിൽ മാത്രമല്ല, ഇസ്‌ലാമിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ പോലും വംശീയവും വിശ്വാസപരവും ആചാരപരവുമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുവെന്നുമാത്രമല്ല അതിക്രമങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്

ഇസ്‌ലാമിന്റെ വിശ്വാസപ്രമാണങ്ങളുടെ അവിഭാജ്യ ഘടകമാണ് രാഷ്ട്രീയം.
ഈ പരിപ്രേക്ഷ്യത്തിൽ ഒന്നാമത് മതവും രണ്ടാമത്തേത് രാഷ്ട്രവുമാണുള്ളത്. മതത്തിന് പരമാധികാരം ലഭിക്കുമ്പോൾ, അരൂപിയും അദൃശ്യനുമായ ദൈവത്തിന്റെ സ്ഥാനം പുരോഹിതനിൽ നിക്ഷിപ്തമാകുന്നു. ഇപ്രകാരം ദൈവികമാകുന്ന പൗരോഹിത്യമാകട്ടെ, ചരിത്രാനുഭവങ്ങളെയല്ല, മറിച്ച് ഖുറാനിലെ മാറ്റമില്ലാത്ത പ്രമാണങ്ങളെയാണ് ആധാരമാക്കുന്നത്. ഈ പ്രമാണവാദം ജനാധിപത്യവിരുദ്ധമാകുന്നത്, നിയമത്തിനും ഭരണകൂടത്തിനും മുന്നിൽ മനുഷ്യർ തുല്യരാണെന്ന സങ്കൽപനത്തിന്റെ നിഷേധമായി മാറുന്നത്, പൗരോഹിത്യം വ്യാഖ്യാനിക്കുന്ന പ്രമാണങ്ങളുടെ കൽപനകളിലൂടെയാണ്. ഇന്ത്യയിൽ നടന്ന ക്ഷേത്രപ്രവേശന സമരങ്ങളെ പരാമർശിക്കുമ്പോൾ, ദൈവത്തിനു മുമ്പിൽ എല്ലാവരും തുല്യരാണെന്ന അവകാശവാദത്തിന്റെ പൊള്ളത്തരം ഡോ. ബി.ആർ. അംബേദ്കർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദൈവത്തിന്റെ മുമ്പിലുള്ള സമത്വം ഇസ്‌ലാമിന് പ്രദേശപരമായ ഏകീകരണവും രാഷ്ട്രീയത്തിനു മേലുള്ള പരമാധികാരവും നൽകുന്നുണ്ട്. അതേസമയം, വിവിധ ജനവിഭാഗങ്ങളെ ഇസ്‌ലാം എന്ന പ്രത്യയശാസ്ത്രത്തിലൂടെ ഏകീകരിക്കാൻ കഴിഞ്ഞിട്ടില്ല. തന്മൂലം, ഇസ്‌ലാമിക രാജ്യങ്ങളിൽ മാത്രമല്ല, ഇസ്‌ലാമിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ പോലും വംശീയവും വിശ്വാസപരവും ആചാരപരവുമായ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുവെന്നുമാത്രമല്ല അതിക്രമങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. ഇത്തരം അതിക്രമങ്ങൾക്ക് ഏറെയും വിധേയരാകുന്നത് ന്യൂനപക്ഷ സാമൂഹ്യ വിഭാഗങ്ങളാണ്.

ഐ.എസിന്റെ അതിക്രമങ്ങൾക്ക് വിധേയയാകേണ്ടി വന്ന യസീദിയായ നാദിയാ മുറാദ് ബാഷി യു.എൻ. സുരക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു, "ഞാൻ മാത്രമല്ല, ഒരു ജനത മുഴുവൻ ദുരന്തങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഐ.എസ്. ഞങ്ങൾക്കു മുമ്പിൽ രണ്ടു ഉപാധികളാണ് വെച്ചത്. ഒന്നുകിൽ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കിൽ മരിക്കുക. മുസ്‌ലിമായി മാറിയാലും അവർ വെറുതെ വിടുന്നില്ല. അവരെയും കൊല്ലുകയും ബലാത്സഗത്തിനിരയാക്കുകയും ചെയ്യുന്നുണ്ട്. ഐ.എസിന്റെ കൈകളിലുള്ള ഞങ്ങളുടെ പ്രദേശങ്ങളിൽ നിന്ന്​ നൂറുകണക്കിന് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി, ആ പ്രദേശങ്ങൾ മോചിപ്പിക്കപ്പെട്ടാൽ തന്നെ വാസയോഗ്യമല്ല. അതിനെ മരുഭൂമികണക്കേ തകർത്തു തരിപ്പണമാക്കിയിരിക്കുകയാണ്. യസീദികൾ അവരുടെ സാംസ്‌കാരിക പരിസരങ്ങൾ ഉപേക്ഷിച്ച് യുറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുകയാണ്. യസീദി പെൺകുട്ടികളെയവർ മാംസവ്യാപാരത്തിന് ഉപയോഗിക്കുന്നു. 3400 സ്ത്രീകൾ ഇപ്പോഴും ഐ.എസിന്റെ പിടിയിലാണ്.''

നാദിയ മുറാദ് ബാഷി / Photo: Manuel Elías, UN
നാദിയ മുറാദ് ബാഷി / Photo: Manuel Elías, UN

ഇതോടൊപ്പം, ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങളെ ഒരു മതസമൂഹമായോ സമുദായമായോ ഏകീകരിക്കാൻ കഴിയാത്തതിനാലുള്ള പോരാട്ടങ്ങളാണ് മെച്ചപ്പെട്ട ആയുധങ്ങൾക്കും സൈനികമായ പരിശീലനത്തിനും വേണ്ടി സാമ്രാജ്യത്വ രാജ്യങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാക്കിയിരിക്കുന്നത്.

അതിജീവനത്തെക്കാൾ അധീശത്വത്തിനു വേണ്ടിയുള്ള പോരാട്ടമാണ് ഇറാഖിലെന്ന പോലെ അഫ്ഗാനിസ്ഥാനിലും സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ ആശ്രിതത്വം അനിവാര്യമാക്കിയത്. ഇതിന്റെയടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനിൽ ആദ്യം സോവിയറ്റ് യൂണിയന്റേയും പിന്നീട് അമേരിക്കയുടെയും അധീശത്വം താലിബാന് സ്വീകരിക്കേണ്ടി വന്നത്. മറ്റൊരു കാര്യം, രാഷ്ട്രീയത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുനർനിർമ്മിതിക്ക് ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രം സഹായകരമല്ലെന്നുള്ളതാണ്. അതായത്, താലിബാന്റെ മൗലിക ലക്ഷ്യം ആയുധബലത്തിൽ മുമ്പ് ചൂണ്ടിക്കാണിച്ച പ്രമാണങ്ങളുടെ സ്ഥാപനവൽക്കരണമാണ്. ഇതിന്റെ ഭാഗമായാണ് കർശനമായ ഇസ്‌ലാമിക നിയമങ്ങളോടൊപ്പം പൗരാവകാശങ്ങളും സ്ത്രീകളുടെ സമത്വാവകാശങ്ങളും നിഷേധിക്കുന്നത്. ഫലമോ, അഫ്ഗാൻ സമൂഹം മധ്യകാലയുഗങ്ങളിൽ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം അടിച്ചമർത്തലിന്നുപാധിയായ മതം, ഒരു ജ്ഞാനവ്യവസ്ഥയെന്നതിനപ്പുറം ബലപ്രയോഗത്തിലധിഷ്ഠിതമായ അനുഷ്ഠാനമായി മാറുന്നു. ഈയവസ്ഥയെ മറികടക്കാൻ, ആധുനിക സമൂഹവുമായി സംവദിക്കാനുതകുന്ന വിധം മതത്തെ പരിഷ്‌കരിക്കുകയും, ഭരണനിർവ്വണത്തെ ജനാധിപത്യവൽക്കരിക്കുകയുമാണ് വേണ്ടത്.

സാമ്പത്തികവും സാമൂഹ്യവുമായ പ്രതിസന്ധികളെ പരിഹരിക്കാൻ താലിബാന്റെ നയങ്ങൾ പര്യാപ്തമല്ലാത്തതിനാൽ, അതിജീവനത്തിനായി ആ രാജ്യത്തിന് ചൈനയെയോ, റഷ്യയേയോ ആശ്രയിക്കേണ്ടി വരും. തന്മൂലം, യജമാനൻ മാറുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വസ്തുത.

മുകളിൽ കൊടുത്തിരിക്കുന്ന പരികൽപനകളുടെ അഭാവത്തിൽ അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായെന്ന് വാദിക്കുന്നവർ മതമൗലികവാദത്തിന് സ്തുതി ഗീതമാലപിക്കുകയാണ്. അഫ്ഗാനിസ്ഥാന്റെ വർത്തമാനകാല സ്ഥിതിയെന്താണ്? ഒരു റിപ്പോർട്ടു പ്രകാരം 97 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്കു താഴെയാണ് കഴിയുന്നത്. താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനിലെ സെൻട്രൽ ബാങ്കിന്റെ 1000 കോടി ഡോളറിന്റെ ആസ്തി മരവിപ്പിച്ചിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങൾക്കും എണ്ണയ്ക്കും വില കുതിച്ചുയരുകയാണ്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ഗവൺമെന്റിന് കഴിയുന്നില്ല. അഫഗാന് നൽകിവരുന്ന അന്താരാഷ്​ട്ര നാണയനിധിയുടെ സാമ്പത്തിക സഹായം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടൊപ്പം സ്ത്രീകൾ പ്രസവിക്കേണ്ടവരാണെന്നും വീടുകളിൽ കഴിയേണ്ടവർ മാത്രമാണെന്നുമുള്ള താലിബാന്റെ കൽപ്പന സാമൂഹ്യ സംഘർഷങ്ങളെ വർധിപ്പിച്ചിരിക്കുകയാണ്. സാമ്പത്തികവും സാമൂഹ്യവുമായ പ്രതിസന്ധികളെ പരിഹരിക്കാൻ താലിബാന്റെ നയങ്ങൾ പര്യാപ്തമല്ലാത്തതിനാൽ, അതിജീവനത്തിനായി ആ രാജ്യത്തിന് ചൈനയെയോ, റഷ്യയേയോ ആശ്രയിക്കേണ്ടി വരും. തന്മൂലം, യജമാനൻ മാറുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ലെന്നതാണ് വസ്തുത.

അഫ്ഗാനിലെ യു.എസ്. സെെനിക പിന്മാറ്റത്തെക്കുറിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട്
അഫ്ഗാനിലെ യു.എസ്. സെെനിക പിന്മാറ്റത്തെക്കുറിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട്

എന്നാൽ താലിബാൻ രാഷ്ട്രീയം മുമ്പൊരിക്കലുമില്ലാത്ത വിധം സാർവ ദേശീയ-ദേശീയ ജനാധിപത്യ ശക്തികളിൽ നിന്നുമുള്ള സമ്മർത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇതിലേറ്റവും മുഖ്യം, അഫ്ഗാനെ ഒരു ജനാധിപത്യ സമൂഹമായി പരിവർത്തനപ്പെടുത്താനുള്ള നിർദ്ദേശമാണ്. പ്രാഥമിക നടപടിയായി അംഗീകരിച്ചിരിക്കുന്നത്, വിവിധ സാമൂഹ്യവിഭാഗങ്ങൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യമുള്ള ഗവൺമെന്റിന്റെ രൂപീകരണമാണ്. രാജ്യം താലിബാന്റെ തോക്കിൻ മുനയിൽ നിൽക്കുമ്പോൾ തന്നെ മുഖം മറക്കാത്ത സ്ത്രീകളുടെയും കുട്ടികളുടെയും പൗരാവകാശ പ്രവർത്തകരുടേയും കൂറ്റൻ റാലികൾ കാബൂളിലടക്കം അഫ്ഗാനിസ്ഥാൻ തെരുവുകളിൽ സർവ്വസാധാരണമായിരിക്കുകയാണ്. ഇപ്രകാരം, ഒരു ജനതയുടെ ഭയത്തിൽ നിന്നുള്ള മോചനം സാധ്യമാക്കിയിരിക്കുന്നത്​ വർത്തമാനകാല അനുഭവങ്ങളും, അതിന്റെ അന്തർഗ്ഗതമായ പ്രത്യയശാസ്ത്ര സങ്കൽപ്പനങ്ങളുമാണ്.

ചരിത്രത്തിന്റെ ഈ പാഠമുൾക്കൊള്ളാതെ അകലങ്ങളിലെ മനുഷ്യരുടെ മരണത്തിലും ദുരിതത്തിലും ആഹ്ലാദം കണ്ടെത്തുന്നവർ മധ്യകാലയുഗങ്ങൾക്കപ്പുറമാണ് ജീവിക്കുന്നത്

മാവോയിസ്റ്റുകളടക്കമുള്ള കമ്യൂണിസ്റ്റുകളുടെ സായുധ വിപ്ലവത്തെ എതിർക്കുന്നവർ താലിബാന്റെ "ആയുമേന്തിയ' വിമോചനസമരത്തെ വാഴ്​ത്തുന്നവരായി മാറിയിരിക്കുകയാണ്. ഇക്കൂട്ടരുടെ മുറുമുറുക്കലുകൾക്കപ്പുറമുള്ള യാഥാർത്ഥ്യമെന്താണ്? രണ്ടാം ലോകമഹായുദ്ധാനന്തരം സാർവദേശീയമായും രാജ്യങ്ങളുടെ ആഭ്യന്തര രംഗത്തും വലുതായ മാറ്റങ്ങളുണ്ടായി. ലോകത്തെ മാറ്റിമറിച്ച യുദ്ധത്തിന്റെ ഫലമായി ബ്രിട്ടനടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ വിവിധ ഭൂഖണ്ഡങ്ങളിലെ കോളനികളിൽ നിന്ന് പിന്മാറിയപ്പോൾ, ആ സ്ഥാനം കൈയ്യടക്കാൻ മറ്റൊരു രാജ്യവും ഉണ്ടായിരുന്നില്ല. ഇറ്റലിയും, ജപ്പാനും, ജർമനിയും തകർന്നടിയുകയും ബ്രിട്ടൻ ദുർബലമാവുകയും ചെയ്തപ്പോൾ, വൻശക്തികളായി ഉയർന്നുവന്നത് അമേരിക്കയും റഷ്യയുമാണ്. ഈ വൻശക്തികൾ നിരവധി രാജ്യങ്ങളെ ആശ്രിതരാക്കി മാറ്റിയപ്പോഴും, പഴയ കോളനി സമ്പ്രദായം തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ല. ഫലമോ, വൻശക്തികൾ തമ്മിലും, രാജ്യങ്ങൾ തമ്മിലുമുള്ള യുദ്ധസാഹചര്യം ഇല്ലാതാവുകയായിരുന്നു.

സമാധാനപരമായ ഇത്തരമൊരന്തരീക്ഷത്തിൽ ഒരോ രാജ്യവും സമ്പദ്- സാമൂഹ്യ ഘടനയുടെ പരിഷ്‌കരണത്തിനായി ഒട്ടേറെ നടപടികൾ സ്വീകരിക്കുകയുണ്ടായി. ഇത്തരം പരിഷ്‌കരണങ്ങളുടെ ഭാഗമായുള്ള സാർവത്രിക വിദ്യാഭ്യാസം, കലാ-സാഹിത്യങ്ങളിലൂടെയുള്ള വിജ്ഞാനവിതരണം, വാർത്താമാധ്യമങ്ങളുടെ സ്വാധീനം, പ്രക്ഷോഭങ്ങൾക്ക് ലഭിച്ച സമൂഹ്യ -നിയമ സംരക്ഷണം, അന്തർദേശീയവും ദേശീയവുമായ നിയമങ്ങളും ഉടമ്പടികളും തുടങ്ങിയവ ഭരണകൂടങ്ങൾക്കെതിരായ രാഷ്ട്രീയാഭിപ്രായ രൂപീകരണത്തിൽ കാര്യമായ പങ്ക് വഹിച്ചതോടെ, സായുധവിപ്ലവത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയും, ബഹുജനാടിസ്ഥാനത്തിലുള്ള സംഘടനാ രൂപീകരണവും, തെരഞ്ഞെടുപ്പു പങ്കാളിത്തവും, രാഷ്ട്രീയാധികാരം നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുകയും​ ചെയ്​തു. ചരിത്രത്തിന്റെ ഈ പാഠമുൾക്കൊള്ളാതെ അകലങ്ങളിലെ മനുഷ്യരുടെ മരണത്തിലും ദുരിതത്തിലും ആഹ്ലാദം കണ്ടെത്തുന്നവർ മധ്യകാലയുഗങ്ങൾക്കപ്പുറമാണ് ജീവിക്കുന്നത്. ▮


കെ.കെ. കൊച്ച്

എഴുത്തുകാരനും ദളിത് ചിന്തകനും. ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹിക രൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിതൻ (ആത്മകഥ), മൂലധനത്തിന്റെ ജനാധിപത്യവൽക്കരണവും കെ റെയിലുംഎന്നിവ പ്രധാന കൃതികൾ.

Comments