ബി. രാജീവൻ

അടിയന്തരാവസ്ഥ
ഒരു സാംസ്കാരിക ​പ്രതിപക്ഷത്തെ
സൃഷ്ടിച്ചിരുന്നു, അതിനുശേഷമോ?

അടിയന്തരാവസ്ഥാക്കാലത്തും ശേഷവും കേരളത്തിലുണ്ടായ രാഷ്ട്രീയ- സാംസ്കാരിക പ്രതികരണങ്ങളെ സമഗ്രമായി വിലയിരുത്തുകയാണ്, അന്ന് പൊലീസ് മർദ്ദനത്തിനും വീട്ടുതടങ്കലിനും മറ്റു ശിക്ഷാനടപടികൾക്കും വിധേയനായ ബി. രാജീവൻ, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ.

കെ. കണ്ണൻ: 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലുണ്ടായ രാഷ്ട്രീയ- സാംസ്‌കാരിക പ്രതികരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വീട്ടുതടങ്കലും പൊലീസ് മര്‍ദ്ദനവും നേരിട്ടയാളാണ് മാഷ്. സ്വന്തം അനുഭവങ്ങളുടെ കൂടി പാശ്ചാത്തലത്തില്‍, അന്നത്തെ സന്ദർഭത്തെ എങ്ങനെയാകും രാഷ്ട്രീയമായി വിലയിരുത്താനാകുക?

ബി. രാജീവൻ: അടിയന്തരാവസ്ഥ എന്റെ വ്യക്തിപരമായ ജീവിതത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സന്ദര്‍ഭമായിരുന്നു. അങ്ങനെയൊരു ജീവിതസന്ദര്‍ഭമായിരുന്നു എന്റെയും സാവിത്രിയുടെയും. ഞങ്ങൾ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി ആറുമാസമായപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതുതന്നെ ഏറെ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിട്ടാണ്.

മലപ്പുറം ഗവ. കോളേജിലെ പ്രീ ഡിഗ്രി ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സാവിത്രി. ഞാന്‍ അവിടെ അധ്യാപകനും. ഞങ്ങളുടെ പ്രണയം വലിയ കോളിളക്കം സൃഷ്ടിച്ചതാണ്; അധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ളത് എന്ന നിലയ്ക്കും രണ്ട് ജാതിയില്‍ പെട്ടവരെന്ന നിലയ്ക്കും. സാവിത്രി നമ്പൂതിരി ഇല്ലത്തെ പെൺകുട്ടി. ഞാന്‍ താഴ്ന്ന ജാതിക്കാരനും. മലപ്പുറത്തുള്ളവര്‍ രണ്ടു ചേരികളിലായി തിരിയുന്ന തരത്തിൽ വലിയ പ്രശ്നങ്ങളുണ്ടായി. വി.ടി. ഭട്ടതിരിപ്പാട്, മാടമ്പ് കുഞ്ഞുകുട്ടൻ , ഐ.സി.പി. നമ്പൂതിരി, പി. ഗോവിന്ദപിള്ള തുടങ്ങിയവര്‍ പല നിലയ്ക്ക് പരിഹരിക്കാന്‍ നോക്കിയെങ്കിലും വിവാഹം നടത്താനായില്ല. ഒടുവില്‍ സാവിത്രി വീട്ടുതടങ്കലിലുമായി. ആ സമയത്ത് ഞാനും കെ.ജി.എസും, ഡി. വിനയചന്ദ്രനുമെല്ലാം അടങ്ങുന്ന സംഘം സാവിത്രിയെ രാത്രി വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. അങ്ങനെ 'ഒളിച്ചോടി'യായിരുന്നു ഞങ്ങളുടെ വിവാഹം. എങ്കിലും ഞങ്ങള്‍ കോളേജിൽ തന്നെ തുടര്‍ന്നു. സാവിത്രി അടുത്തവര്‍ഷം ബി.എ ഫസ്റ്റിയറിന് ചേര്‍ന്നു, ഞാന്‍ അധ്യാപകനായും തുടർന്നു. അത്തരമൊരു സന്ദര്‍ഭം കൂടിയായതുകൊണ്ടാകാം, അടിയന്തരാവസ്ഥ വ്യക്തിപരമായി ഞങ്ങൾക്ക് ഒരു തീവ്രാനുഭവമായി തോന്നുന്നത്.

‘‘ഞാനും സാവിത്രിയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി ആറുമാസമായപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതുതന്നെ ഏറെ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിട്ടാണ്. അത്തരമൊരു സന്ദര്‍ഭം കൂടിയായതുകൊണ്ടാകാം, അടിയന്തരാവസ്ഥ വ്യക്തിപരമായി ഞങ്ങൾക്ക് ഒരു തീവ്രാനുഭവമായി തോന്നുന്നത്’’.
‘‘ഞാനും സാവിത്രിയും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി ആറുമാസമായപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതുതന്നെ ഏറെ പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും നേരിട്ടാണ്. അത്തരമൊരു സന്ദര്‍ഭം കൂടിയായതുകൊണ്ടാകാം, അടിയന്തരാവസ്ഥ വ്യക്തിപരമായി ഞങ്ങൾക്ക് ഒരു തീവ്രാനുഭവമായി തോന്നുന്നത്’’.

അക്കാലത്ത് മലബാറില്‍ വളര്‍ന്നുവന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സാംസ്‌കാരിക രംഗവുമായി, പ്രത്യേകിച്ച് ദേശാഭിമാനി സ്റ്റഡി സര്‍ക്കിൾ പ്രവര്‍ത്തനങ്ങളുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. സച്ചിദാനന്ദനും കെ.ജി.എസുമെല്ലാം അതിനോട് സഹകരിച്ചിരുന്നു. വൈലോപ്പിള്ളി, ഇടശ്ശേരി, ചെറുകാട് തുടങ്ങിയവർ അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പി. ഗോവിന്ദ പിള്ളയുടെയും ചാത്തുണ്ണിമാസ്റ്ററുടേയും എം.എന്‍. കുറുപ്പിന്റെയുമൊക്കെ നേതൃത്വത്തിലായിരുന്നു ദേശാഭിമാനി സ്റ്റഡി സർക്കിൾ രൂപപ്പെട്ടത്.

അടിയന്തരാവസ്ഥക്കെതിരായി പ്രതികരിച്ചവരില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. കാമ്പസുകളായിരുന്നു രോഷം കത്തിപ്പടര്‍ന്നത്.

അതോടൊപ്പം, തിരുവനന്തപുരത്തുവച്ചുതന്നെ കെ. വേണുവുമായി ധൈഷണിക സൗഹൃദമുണ്ടായിരുന്നു. നക്‌സലൈറ്റ് മൂവ്‌മെന്റിനെ പുനഃസംഘടിപ്പിക്കാന്‍ തുടങ്ങിയശേഷം വേണുവും ടി.എന്‍. ജോയിയും മലപ്പുറത്ത് ഞങ്ങളുടെ വീട്ടില്‍ സന്ദര്‍ശകരായി വരാറുണ്ട്. അടിയന്തരാവസ്ഥക്കെതിരായി പ്രതികരിക്കേണ്ടതിനെക്കുറിച്ചുള്ള പല ആലോചനകളിലും ഞങ്ങള്‍ പങ്കെടുത്തിരുന്നു. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് നക്‌സലൈറ്റ് മൂവ്‌മെന്റിനോട് അനുഭാവമുണ്ടാകുന്നത്. അടിയന്തരാവസ്ഥക്കെതിരായി പ്രതികരിച്ചവരില്‍ കൂടുതലും യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. കാമ്പസുകളായിരുന്നു രോഷം കത്തിപ്പടര്‍ന്നത്. ഈ രോഷത്തിന്റെ മാധ്യമം നക്‌സലൈറ്റ് മൂവ്‌മെന്റായിരുന്നു. ഒരു തീവ്രപ്രസ്ഥാനത്തെ ഉപാധിയാക്കി അടിയന്തരാവസ്ഥക്കെതിരായ വികാരം പ്രകടിപ്പിക്കാം, പ്രതിഷേധം പ്രഖ്യാപിക്കാം എന്നെല്ലാം യുവാക്കള്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയൊരു കാലത്ത് ഞങ്ങളും അതിന്റെ അനുഭാവികളും സഹചാരികളുമായി.

വി.ടി. ഭട്ടതിരിപ്പാട്
വി.ടി. ഭട്ടതിരിപ്പാട്

ഞാനോ സാവിത്രിയോ നേരിട്ട് പ്രവര്‍ത്തനത്തിലേക്ക് പോയില്ലെങ്കിലും ഇവര്‍ക്കുവേണ്ട സഹായങ്ങളൊക്കെ ചെയ്തിരുന്നു. കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണത്തിനുമുമ്പ്, അതുമായി ബന്ധപ്പെട്ട ആലോചനായോഗങ്ങള്‍ ചേരാന്‍ ഞങ്ങളുടെ വീടിന്റെ താക്കോല്‍ കെ. വേണുവിനെ ഏല്‍പ്പിച്ച് ഞങ്ങള്‍ വീടുവിട്ടുപോയിരുന്നു. ഇതുപോലെയുള്ള സഹകരണമാണ് അക്കാലത്ത് മൂവ്‌മെന്റുമായി ഉണ്ടായിരുന്നത്.

ആയിടക്ക് ഒരു ദിവസം കെ. വേണു, മെഡിക്കല്‍ കോളേജിലെ ഒരു വിദ്യാര്‍ഥിയുമായി ഞങ്ങളുടെ വീട്ടിലേക്കു വന്നു. കായണ്ണ പൊലീസ് സ്‌റ്റേഷനാക്രമണം കഴിഞ്ഞ്, പൊലീസില്‍നിന്ന് രക്ഷപ്പെട്ട് വരുന്ന വഴിയായിരുന്നു. വേണുവിന് തലയില്‍ മുറിവുണ്ട്. അത് വെച്ചുകെട്ടാനാണ് മെഡിക്കൽ വിദ്യാര്‍ഥി കൂടെ വന്നത്. ഈ സുഹൃത്തിനൊപ്പം ഊടുവഴികളിലൂടെ നടന്നാണ് വേണു കായണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് വന്നത്. പത്രങ്ങളിൽ വാർത്തകൾ സെൻസർ ചെയ്യപ്പെട്ടിരുന്നതിനാൽ സ്റ്റേഷൻ ആക്രമണം ജനങ്ങൾ അറിഞ്ഞിരുന്നില്ല.എങ്കിലും അടിയന്തരാവസ്ഥ ആയതിനാൽ കേരളാ പോലീസിന് ഏറ്റ ഒരടിയായിരുന്നു അത്. ആക്ഷന്റെ രാഷ്ട്രീയപ്രാധാന്യം ജനങ്ങളെ അറിയിക്കണം എന്ന ഉദ്ദേശ്യത്തോടെ വേണുവും കൂട്ടരും സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ സംഘടിപ്പിച്ച് ഈ വിവരം അച്ചടിച്ച് പ്രചരിപ്പിക്കാൻ തീരുമാനിച്ചു. പാര്‍ട്ടിയുടെ വകയായി കോഴിക്കോട്ടുള്ള സൈക്ലോസ്‌റ്റൈല്‍ മെഷീന്‍ എടുക്കാൻ മെഡിക്കല്‍ വിദ്യാര്‍ഥിയെ വേണു പറഞ്ഞയച്ചു. അദ്ദേഹത്തെ സഹായിക്കാന്‍ കോളേജില്‍ എന്റെ വിദ്യാര്‍ഥിയായിരുന്ന അച്ചു ഉള്ളാട്ടിലിനേയും ഞാൻ കൂട്ടിനായി അയച്ചു.

ദേശാഭിമാനി സ്റ്റഡി സര്‍ക്കിൾ പ്രവര്‍ത്തനങ്ങളുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. പി. ഗോവിന്ദ പിള്ളയുടെയും ചാത്തുണ്ണിമാസ്റ്ററുടേയും എം.എന്‍. കുറുപ്പിന്റെയുമൊക്കെ നേതൃത്വത്തിലായിരുന്നു ദേശാഭിമാനി സ്റ്റഡി സർക്കിൾ രൂപപ്പെട്ടത്.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിൾ പ്രവര്‍ത്തനങ്ങളുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. പി. ഗോവിന്ദ പിള്ളയുടെയും ചാത്തുണ്ണിമാസ്റ്ററുടേയും എം.എന്‍. കുറുപ്പിന്റെയുമൊക്കെ നേതൃത്വത്തിലായിരുന്നു ദേശാഭിമാനി സ്റ്റഡി സർക്കിൾ രൂപപ്പെട്ടത്.

കായണ്ണ പൊലീസ് സ്‌റ്റേഷനാക്രമണം കഴിഞ്ഞ് ജയറാം പടിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് നാട് അരിച്ചുപെറുക്കുന്ന സമയാണ്. കൈയില്‍ കിട്ടിയവരെയെല്ലാം പൊലീസ് ക്രൂരമായി പീഡിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തിയെടുത്തുകൊണ്ടിരുന്നു. അക്കൂട്ടത്തില്‍ കോഴിക്കോട് സൈക്ലോസ്‌റ്റൈല്‍ മെഷീനുള്ള സ്ഥലത്തെക്കുറിച്ച് പൊലീസിന് വിവരം കിട്ടി. മലപ്പുറത്തുനിന്ന് രണ്ടുപേരും മെഷീന്‍ എടുക്കാനെത്തുന്ന സമയത്ത് ഈ സ്ഥലം മഫ്തി പൊലീസ് വളഞ്ഞിരിക്കുകയായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥി പൊലീസ് പിടിയിലായി.

തിരിച്ചുവരാനുള്ള സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായപ്പോള്‍ വേണുവിന് സംഗതി പിടികിട്ടി, ഉടൻ എന്റെ വീട്ടിൽനിന്ന് പോകുകയും ചെയ്തു. മര്‍ദ്ദനം സഹിക്കവയ്യാതെ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് വേണു എവിടെയാണുള്ളത് എന്ന വിവരം വെളിപ്പെടുത്തേണ്ടിവന്നു. പൊലീസിനെ സംബന്ധിച്ച് ആ വിവരം വലിയ നേട്ടമായിരുന്നു. കാരണം പൊലീസ് സ്‌റ്റേഷന്‍ ആക്രമണം കരുണാകരന്റെ ആഭ്യന്തര വകുപ്പിനേറ്റ വലിയൊരു അടിയായിട്ടാണ് ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേന മുഴുവന്‍ കരുതിയിരുന്നത്. വേണുവിനെ കണ്ടെത്തുക എന്നത് അതുകൊണ്ടുതന്നെ ഏറെ പ്രധാനമായിരുന്നു പൊലീസിന്.

സച്ചിദാനന്ദൻ, കെ.ജി.എസ്.
സച്ചിദാനന്ദൻ, കെ.ജി.എസ്.

ജയറാം പടിക്കലും ലക്ഷ്മണയും മുരളീകൃഷ്ണദാസും പുലിക്കോടന്‍ നാരായണനും അടങ്ങുന്ന വലിയൊരു പൊലീസ് സംഘം വേണുവിനെ പിടിക്കാന്‍ അന്ന് സന്ധ്യയോടെ എന്റെ വീട്ടിലെത്തി. അവര്‍ വീട് വളഞ്ഞു. മുന്‍വാതിലിലൂടെ പൊലീസുകാർ അകത്തേക്ക് ഇരച്ചുകയറി. എല്ലാ മുറികളിലും തെരഞ്ഞു. വേണു ഇല്ല എന്നറിഞ്ഞതോടെ ആകെ നിരാശരായി.

ഞാനും സാവിത്രിയും മാത്രമാണ് വീട്ടിൽ. വേണു എവിടെ എന്നു ചോദിച്ച് ഒരു പൊലീസുകാരന്‍ എന്റെ കുത്തിനുപിടിച്ചു. പൊലീസിന്റെ വരവ് അപ്രതീക്ഷിതമായതിനാല്‍ 'ഏത് വേണു' എന്നാണ് ഞാന്‍ ചോദിച്ചത്. ഞാന്‍ അവരുമായി സഹകരിക്കില്ല എന്ന് അപ്പോൾ തന്നെ അവർക്ക് മനസ്സിലായി. എന്നെ പുറത്തേക്ക് കൊണ്ടുപോകാനൊരുങ്ങി. അപ്പോള്‍ മുരളീകൃഷ്ണദാസ് പറഞ്ഞു, അയാളൊരു ഷര്‍ട്ട് ഇടട്ടെ എന്ന്. സാവിത്രി കൊണ്ടുതന്ന ഷര്‍ട്ടിട്ട് എന്നെ പുറത്തേക്ക് കൊണ്ടുപോയി.
‘എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നു പറയണം, ഞാന്‍ ഒറ്റയ്ക്കാണ് വീട്ടിൽ’ എന്ന് സാവിത്രി പൊലീസിനോട് പറഞ്ഞു. അപ്പോൾ ജയറാം പടിക്കല്‍ മുന്നോട്ടുവന്ന് സാവിത്രിയോട് വളരെ ശാന്തമായി പറഞ്ഞു (അത് ജയറാം പടിക്കലായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത്); ‘ഇപ്പോള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടുപോയ ആള്‍ ആരാണെന്ന് അറിയാമോ? അയാള്‍ ഒരു കൊടും ഭീകരനാണ്. അയാള്‍ നക്‌സലൈറ്റ് നേതാവാണ്. അയാളുടെ പേര് അറിയാമോ?’
സാവിത്രിക്ക് അറിയാവുന്നത് വേണുവിന്റെ ഒളിവിലെ പേരാണ്, അശോകന്‍.
'അശോകനാണ് വന്നത്' എന്ന് സാവിത്രി പറഞ്ഞു.
'അശോകനല്ല, കുട്ടിയെ തെറ്റിധരിപ്പിച്ചതാണ്, അത് നക്‌സലൈറ്റ് നേതാവ് കെ. വേണുവാണ്, അയാളെ ഒളിപ്പിച്ചുവച്ചതിനാലാണ് ഇയാളെ കൊണ്ടുപോകുന്നത്’ എന്നു പറഞ്ഞ് എന്നെ ജീപ്പിലേക്ക് ബലമായി കയറ്റി. അടുത്ത ഒരു പോയിന്റില്‍ വേണുവിനെ കാണാമെന്ന പ്രതീക്ഷ എന്നെ കൊണ്ടുപോകുമ്പോൾ പോലീസിനുണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയില്‍നിന്ന് അങ്ങനെയൊരു സൂചന കിട്ടിയിരുന്നു. അത് അങ്ങാടിപ്പുറമാണ്. അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ വീട്ടില്‍ വേണു ഉണ്ടാകും എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് എന്നെയും കൊണ്ട് ബാലകൃഷ്ണന്റെ വീട്ടിലേക്കാണ് പോയത്.

‘‘വേണു എവിടെ എന്നു ചോദിച്ച് ഒരു പൊലീസുകാരന്‍ എന്റെ കുത്തിനുപിടിച്ചു. പൊലീസിന്റെ വരവ് അപ്രതീക്ഷിതമായതിനാല്‍  'ഏത് വേണു' എന്നാണ് ഞാന്‍ ചോദിച്ചത്’’
‘‘വേണു എവിടെ എന്നു ചോദിച്ച് ഒരു പൊലീസുകാരന്‍ എന്റെ കുത്തിനുപിടിച്ചു. പൊലീസിന്റെ വരവ് അപ്രതീക്ഷിതമായതിനാല്‍ 'ഏത് വേണു' എന്നാണ് ഞാന്‍ ചോദിച്ചത്’’

ജീപ്പില്‍ തൊട്ടടുത്തിരിക്കുന്നത് ലക്ഷ്മണയാണ്. എന്നോട് പലതും ചോദിക്കുന്നുണ്ട്. പൊലീസ് എന്തൊക്കെയായിരിക്കും ചോദിക്കുക, എന്ത് മറുപടി പറയണം എന്നെല്ലാം ആലോചിച്ചാണ് ഞാനിരിക്കുന്നത്. ബാലകൃഷ്ണന്റെ വീട്ടിൽ വേണുവിനെ കണ്ടെത്താനായില്ല. ആകെ പിടികൂടാനായത് എന്നെ മാത്രം. ആ നിരാശ മുഴുവന്‍ പൊലീസ് എന്റെ മേലാണ് പ്രയോഗിച്ചത്.

മലപ്പുറത്ത് മേല്‍മുറി എന്ന സ്ഥലത്ത് വലിയ വീട് വാടകക്കെടുത്ത് പോലീസ് ടോര്‍ച്ചര്‍ ക്യാമ്പ് ആരംഭിച്ചിരുന്നു. അവിടേക്കാണ് എന്നെ കൊണ്ടുപോയത്. അവിടെ പല മുറികളിലും നിരവധിപേരെ മര്‍ദ്ദിച്ച് അവശരാക്കിയിട്ടിരിക്കുന്നതായി കണ്ടു. അവിടെ വേണുവിന്റെ കൂടെ വന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുമുണ്ടായിരുന്നു. മർദ്ദിച്ച് അവശനാക്കി അയാളെ കെട്ടിപ്പൊതിഞ്ഞ നിലയിലാണ് കണ്ടത്.

‘‘അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ വീട്ടില്‍ വേണു ഉണ്ടാകും എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് എന്നെയും കൊണ്ട് ബാലകൃഷ്ണന്റെ വീട്ടിലേക്കാണ് പോയത്’’.
‘‘അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ വീട്ടില്‍ വേണു ഉണ്ടാകും എന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് എന്നെയും കൊണ്ട് ബാലകൃഷ്ണന്റെ വീട്ടിലേക്കാണ് പോയത്’’.

എന്നെ വിവസ്ത്രനാക്കി, അണ്ടര്‍വെയര്‍ മാത്രമിട്ട് താഴെയിരുത്തി. ഓഫീസര്‍മാരെല്ലാം വട്ടത്തില്‍ കസേരയിട്ട് ചുറ്റുമിരുന്നു. ഞാന്‍ ശക്തി ചോരാതെയാണ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയത്. വേണുവുമായുള്ള സൗഹൃദത്തെക്കുറിച്ച് പറഞ്ഞു. സ്‌റ്റേഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട രാഷ്ട്രീയബന്ധമല്ല വേണുവുമായിട്ടുള്ളത് എന്ന് സമര്‍ഥിക്കാനും ശ്രമിച്ചു. എന്റെ ധൈര്യം ചോര്‍ന്നുപോയിട്ടില്ല എന്ന് അവര്‍ക്ക് തോന്നി. അപ്പോൾ പുറകില്‍നിന്ന്, പുലിക്കോടനാണെന്നു തോന്നുന്നു, മുടിയില്‍ പിടിച്ച് പൊക്കി എഴുന്നേല്‍പ്പിച്ചു. മുടി പറിഞ്ഞുപോകുന്നുമുണ്ട്. എന്നെ തല്ലാന്‍ തുടങ്ങി. പുലിക്കോടന്‍ നെഞ്ചില്‍ ആഞ്ഞിടിക്കുന്നു, കരണത്തടിക്കുന്നു. തല്ലിനുശേഷം വീണ്ടും താഴെയിരുത്തുന്നു, വീണ്ടും ചോദ്യം ചെയ്യുന്നു. കുറെ സമയം ചോദ്യം ചെയ്തിട്ടും ഞാൻ പഴയ മറുപടികള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അപ്പോൾ എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ബെഞ്ചില്‍ ഒരാളെ മലര്‍ത്തിക്കിടത്തി, കൈകാലുകള്‍ ബെഞ്ചിന്റെ അടിയിലേക്ക് വളച്ചുകെട്ടി, ഉരുട്ടിയിട്ടിരിക്കുന്നതുകണ്ടു. ഉലക്ക പോലുള്ള ഒന്ന് അയാളുടെ കാലില്‍ വെച്ചിട്ടുണ്ട്. തുണി വായില്‍തിരുകിയിരിക്കുന്നു. എനിക്ക് ഉരുട്ടല്‍ കാണിച്ചുതരികയാണ്. ‘നിന്നെ ഇതുപോലെ ഉരുട്ടാന്‍ പോകുകയാണ്’ എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാല്‍, എന്നെ ഉരുട്ടിയില്ല.

പുറകില്‍നിന്ന്, പുലിക്കോടനാണെന്നു തോന്നുന്നു, മുടിയില്‍ പിടിച്ച് പൊക്കി എഴുന്നേല്‍പ്പിച്ചു. മുടി പറിഞ്ഞുപോകുന്നുമുണ്ട്. എന്നെ തല്ലാന്‍ തുടങ്ങി. പുലിക്കോടന്‍ നെഞ്ചില്‍ ആഞ്ഞിടിക്കുന്നു, കരണത്തടിക്കുന്നു. തല്ലിനുശേഷം വീണ്ടും താഴെയിരുത്തുന്നു, വീണ്ടും ചോദ്യം ചെയ്യുന്നു.

ഒടുവിൽ പൊലീസ് ഓഫീസര്‍മാര്‍ കൂടിയാലോചനയായി. വേണുവിനെ പിടിക്കാനുള്ള ഇരയായി എന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി എന്നെ വീട്ടില്‍ തിരിച്ചുകൊണ്ടാക്കി. നേരം വെളുക്കാറായിരുന്നു. ഒരു സി.ഐയും രണ്ട് പൊലീസുകാരും അടങ്ങുന്ന സംഘം വീടിന്റെ മുന്നിലുള്ള ഓഫീസ് മുറിയിലിരുന്നു, വേണു എന്നെങ്കിലും തിരിച്ചുവരും, അപ്പോള്‍ പിടിക്കാം എന്ന പ്രതീക്ഷയില്‍. എന്നെയും സാവിത്രിയെയും അകത്താക്കി വാതിലടച്ചു. അങ്ങനെ എന്റെ വീട്ടുതടങ്കല്‍ ആരംഭിച്ചു. പൊലീസുകാര്‍ തന്നെ എന്റെ കൈയില്‍നിന്ന് കോളേജിലേക്കുള്ള ലീവ് ലെറ്റര്‍ എഴുതിവാങ്ങി.

എന്റെ വീട്ടുതടങ്കൽ പൊലീസ് രഹസ്യമായി വച്ചിരിക്കുകയായിരുന്നു. എന്നാല്‍, അയല്‍ക്കാരില്‍നിന്ന് ഈ വിവരം എങ്ങനെയോ പുറത്തറിഞ്ഞു. കാരണം, എന്നെ പിടിക്കാന്‍ വന്ന സമയം അയല്‍പക്കത്തെ വീടുകളിലും വേണുവിനെ തെരഞ്ഞ് പൊലീസ് കയറിയിരുന്നു. വിവരം കോളേജിലെത്തിയപ്പോൾ വിദ്യാര്‍ഥികള്‍ കൂട്ടമായി വരാൻ തുടങ്ങി. അവർ വീടിനുചുറ്റും നില്‍ക്കാന്‍ തുടങ്ങി.

സാവിത്രി അന്ന് വിദ്യാർത്ഥിയാണ്. കൂട്ടുകാരികൾ വരുമ്പോൾ അവരെ പൊലീസ് വീട്ടിലേക്ക് കയറ്റിവിടും. അവരായിരുന്നു ആകെയുള്ള സന്ദര്‍ശകര്‍. അവരുടെ കൈയില്‍ അച്ചുവിനും മറ്റും കത്തുകള്‍ കൊടുത്തയച്ച് വിവരം അറിഞ്ഞുകൊണ്ടിരുന്നു. ഒരു മാസത്തോളം ഞങ്ങള്‍ വീട്ടുതടങ്കലിലായിരുന്നു. പൊലീസുകാരാണ് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരിക.

അടിയന്തരാവസ്ഥ പിൻവലിച്ചത് പ്രമാണിച്ച് തിരുവനന്തപുരത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ അധ്യക്ഷതയിൽ വലിയൊരു ആഘോഷസമ്മേളനം നടന്നു.
അടിയന്തരാവസ്ഥ പിൻവലിച്ചത് പ്രമാണിച്ച് തിരുവനന്തപുരത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ അധ്യക്ഷതയിൽ വലിയൊരു ആഘോഷസമ്മേളനം നടന്നു.

ഒരു ദിവസം സി.ഐ ഭക്ഷണം കഴിക്കാന്‍ പോയ സമയം. പൊലീസുകാര്‍ ചീട്ടുകളിക്കുകയാണ്. അപ്പോഴാണ്, പൊലീസുണ്ടെന്നറിയാതെ, പൊലീസ് സങ്കല്‍പ്പിച്ചതുപോലെതന്നെ, വേണു കയറിവന്നത്. വേണു വരുമെന്ന് ഞങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, എങ്ങനെ രക്ഷിക്കണമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. വേണു വന്നുകയറിയപ്പോള്‍ തന്നെ പൊലീസുകാര്‍ പരിഭ്രമിച്ചു, ആരാണെന്നറിയാതെ. പൊലീസുകാരെ കണ്ടപ്പോൾ വേണുവിന് സംശയം തോന്നി, വളരെ വേഗത്തിൽ, വന്നപോലെ തിരിഞ്ഞു നടന്നുപോവുകയും ചെയ്തു.അപ്പോള്‍ തന്നെ പൊലീസുകാര്‍ സാവിത്രിയെ വിളിച്ച്, വന്നത് ആരാണ് എന്നുചോദിച്ചു. അറിയില്ല എന്ന് സാവിത്രി പറഞ്ഞു.

ആഗോള മുതലാളിത്തത്തെ, മുതലാളിത്ത മൂലധനത്തെ മറ്റൊരു തരത്തില്‍ ഏറ്റെടുക്കുകയും അതിന്റെ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമായി കേരളത്തിലെ ഇടതുപക്ഷം മാറിപ്പോയി. അതുകൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തെ, അഖിലേന്ത്യാതലത്തിലുള്ള ബി.ജെ.പിയെ ചെറുത്തുനില്‍ക്കുന്ന പ്രബുദ്ധതയായി വ്യാഖ്യാനിക്കാന്‍ കഴിയില്ല.

കായണ്ണ സ്‌റ്റേഷന്‍ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും എന്നെ ചോദ്യം ചെയ്യാന്‍ മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും വിളിപ്പിച്ചുകൊണ്ടിരുന്നു. സ്വൈര്യജീവിതം ഇല്ലാത്ത വിധത്തിലായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍. അടുത്ത വര്‍ഷം സ്ഥലം മാറ്റം വാങ്ങി തിരുവനന്തപുരത്തേക്ക് പോയി. ഞങ്ങൾ തിരുവനന്തപുരത്ത് ആയിരിക്കുന്ന കാലത്താണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നത്. അടിയന്തരാവസ്ഥ പിൻവലിച്ചത് പ്രമാണിച്ച് തിരുവനന്തപുരത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ അധ്യക്ഷതയിൽ വലിയൊരു ആഘോഷസമ്മേളനം നടന്നു. എന്‍. പ്രഭാകരനും സുഹൃത്തുക്കളുമായിരുന്നു സഘാടകർ. പി. ഗോവിന്ദപിള്ള, കോവിലന്‍, ആർ.നരേന്ദ്രപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ആ യോഗത്തിൽ ഞാനും പങ്കെടുത്തിരുന്നു.

ദേശീയതലത്തിൽ അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനിൽപ്പിന് ജനകീയമായ രാഷ്ട്രീയാടിത്തറയുണ്ടായിരുന്നുവല്ലോ. ആ പ്രതിരോധത്തെ ഇന്ന് എങ്ങനെയാണ് വിലയിരുത്താനാകുക?

ഉത്തരന്ത്യേയിൽ അടിയന്തരാവസ്ഥക്കെതിരായ ജനകീയ പ്രക്ഷോഭം, സ്വാതന്ത്ര്യസമരത്തിനു ശേഷമുണ്ടായ വലിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു എന്ന് ഇന്ന് മനസ്സിലാക്കാം. രണ്ടാം സ്വാതന്ത്ര്യസമരമൊന്നൊക്കെ പേരിടത്തക്കവിധം അതൊരു ജനകീയ ഉയിര്‍ത്തെഴുന്നേല്‍പ്പുകൂടിയായിരുന്നു.

ജയപ്രകാശ് നാരായന്റെ നേതൃത്വത്തില്‍ വലിയ ജനമുന്നേറ്റമാണ് ഉത്തരന്ത്യേയിലുണ്ടായത്. ‘സിംഹാസനം വിട്ടൊഴിയുവിന്‍, ജനങ്ങള്‍ ഇതാ വരവായി’ എന്ന പഴയ കവിത അദ്ദേഹം ചൊല്ലിയപ്പോൾ മുഴുവന്‍ ജനങ്ങളും അത് മാറ്റൊലിയായി ഏറ്റെടുത്തു. ഉപരിവര്‍ഗത്തിന്റെയോ മധ്യവര്‍ഗത്തിന്റെയോ അല്ല, വളരെ അടിത്തട്ടില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു അത്. അടിത്തട്ടില്‍നിന്നുള്ള പ്രക്ഷോഭം എന്ന നിലയില്‍ അതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. ജനങ്ങള്‍ അതിനോട് പ്രതികരിച്ചത് വളരെ വൈകാരികമായിട്ടായിരുന്നു. അതേസമയം, അത് അവരുടെ ജീവിതത്തിലെ അടിസ്ഥാനപ്രശ്‌നങ്ങളെയും അവരുടെ ആത്മപ്രകാശനത്തെയും ബാധിക്കുന്ന രാഷ്ട്രീയ പ്രശ്‌നമായിട്ടുകൂടിയായിരുന്നു.

‘സിംഹാസനം വിട്ടൊഴിയുവിന്‍, ജനങ്ങള്‍ ഇതാ വരവായി’ എന്ന പഴയ കവിത ജയപ്രകാശ് നാരായൺ ചൊല്ലിയപ്പോൾ മുഴുവന്‍ ജനങ്ങളും അത് മാറ്റൊലിയായി ഏറ്റെടുത്തു.
‘സിംഹാസനം വിട്ടൊഴിയുവിന്‍, ജനങ്ങള്‍ ഇതാ വരവായി’ എന്ന പഴയ കവിത ജയപ്രകാശ് നാരായൺ ചൊല്ലിയപ്പോൾ മുഴുവന്‍ ജനങ്ങളും അത് മാറ്റൊലിയായി ഏറ്റെടുത്തു.

ഇത്തരം സവിശേഷതകൾ കൊണ്ടാണ് അടിയന്തരാവസ്ഥ ഇന്ത്യയുടെ പിന്നീടുള്ള ചരിത്രഗതിയെ നിയന്ത്രിക്കുന്നതില്‍ പ്രത്യേക സന്ദര്‍ഭമായി തീരുന്നത്. കാരണം, അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷമാണല്ലോ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതും അതിനെതുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുന്നതും. അതിലേക്കൊക്കെ നയിച്ച പ്രക്ഷോഭമാണ് ഉത്തരേന്ത്യയില്‍ അടിയന്തരാവസ്ഥക്കെതിരെയുണ്ടായത്.

സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള അതിക്രമങ്ങൾ നടന്നു.
സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള അതിക്രമങ്ങൾ നടന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് പുരോഗമനപരമായി വേറിട്ടുനിൽക്കുന്നുവെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സംസ്ഥാനമാണ് കേരളം. അടിയന്തരാവസ്ഥയോടുള്ള പ്രതികരണത്തെ മുൻനിർത്തി, കേരളത്തിനുണ്ടെന്ന് അവകാശപ്പടുന്ന ഈ രാഷ്ട്രീയ ജാഗ്രതയെ വിലയിരുത്താമോ?

അടിയന്തരാവസ്ഥക്കെതിരായ ഉത്തരേന്ത്യയിലെ ജനകീയ പ്രക്ഷോഭത്തെ മുൻനിർത്തിവേണം കേരളത്തിലെ പൊതുസമൂഹത്തിന്റെ പ്രതികരണത്തെ താരതമ്യം ചെയ്യേണ്ടത്. അത്തരമൊരു താരതമ്യത്തിലൂടെയാണ്, പ്രബുദ്ധമെന്നു പറയുന്ന കേരളത്തിന്റെ രാഷ്ട്രീയ അന്തഃസ്സത്ത കണ്ടെത്താന്‍ കഴിയുക എന്നു തോന്നുന്നു.

സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ. കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായുള്ള ഭരണമായിരുന്നുവല്ലോ അന്ന്. സാമാന്യം വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളൊന്നുമില്ലാതെ ശാന്തമായ രാഷ്ട്രീയാന്തരീക്ഷം. അതുകൊണ്ട് അടിയന്തരാവസ്ഥാപ്രഖ്യാപനം കേരളത്തില്‍ വലിയൊരു ചലനം സൃഷ്ടിച്ചു എന്നു പറയാനാകില്ല. അതിന് പല കാരണങ്ങളുണ്ട്.

സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ. കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായുള്ള ഭരണമായിരുന്നു അടിയന്തരാവസ്ഥയിലേത്. സാമാന്യം വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളൊന്നുമില്ലാതെ ശാന്തമായ രാഷ്ട്രീയാന്തരീക്ഷം.
സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ. കരുണാകരന്‍ ആഭ്യന്തര മന്ത്രിയുമായുള്ള ഭരണമായിരുന്നു അടിയന്തരാവസ്ഥയിലേത്. സാമാന്യം വലിയ രാഷ്ട്രീയ പ്രക്ഷോഭങ്ങളൊന്നുമില്ലാതെ ശാന്തമായ രാഷ്ട്രീയാന്തരീക്ഷം.

അടിയന്തരാവസ്ഥയെ സ്വാഗതം ചെയ്യുന്ന ഏതോ ഒരു ‘സൈക്കി’ കേരളീയ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അതിനുള്ള കാരണങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ അടിയന്തരാവസ്ഥയുടെ 50-ാം വര്‍ഷം, കേരള രാഷ്ട്രീയത്തിന്റെ അബോധത്തെക്കുറിച്ച് പരിശോധിക്കാനുള്ള സന്ദര്‍ഭമായി കൂടി കാണണം; പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍.

സെൻസർ ചെയ്തശേഷം കിട്ടുന്ന പത്രങ്ങളെല്ലാം മലയാളി സന്തോഷത്തോടെ വായിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അടിയന്തരാവസ്ഥയിലേത്. സാംസ്‌കാരിക രംഗത്തെ പ്രതികരണം ഏറെ വിചിത്രമായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന പരിപാടിയെ മുന്‍നിര്‍ത്തി, 20 ഇതളുള്ള താമരപ്പൂവായി അടിയന്തരാവസ്ഥയെ വര്‍ണിച്ച് കവിതയെഴുതിയ പുരോഗമന കവികള്‍ വരെ കേരളത്തിലുണ്ടായിരുന്നുവെന്നാലോചിക്കണം. നാട്ടില്‍ സമരങ്ങളില്ല, അന്തരീക്ഷം ശാന്തം. തീവണ്ടികള്‍ കൃത്യസമയത്ത് ഓടുന്നു. ഓഫീസുകളില്‍ എല്ലാവരും പത്തുമണിക്ക് എത്തി അഞ്ചുമണിവരെ ജോലി ചെയ്യുന്നു. ഇങ്ങനെയുള്ളൊരു കേരളം വന്നതോടെ യഥാര്‍ഥത്തില്‍ മലയാളി സന്തോഷിക്കുകയാണുണ്ടായത്.

തല്ലുകൊണ്ട് സാംസ്‌കാരികവേദിയ്ക്ക് രക്ഷസാക്ഷികള്‍ പോലുമുണ്ടായി. ഒട്ടേറെ യുവാക്കള്‍ക്ക് മാരക പരിക്കേറ്റു. കണ്ണൂരില്‍ ചൂതാട്ടത്തിനെതിരെ ഏറെ നാള്‍ നീണ്ടുനിന്ന സമരത്തിനെതിരായ ഭീകരമായ ആക്രമണത്തില്‍ രമേശന്‍ എന്ന യുവാവ് കൊല്ലപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊതുവേ അടിയന്തരാവസ്ഥയെ സ്വാഗതം ചെയ്യുന്ന തണുത്ത സമീപനമായിരുന്നു കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൈക്കൊണ്ടത്. പ്രത്യേകിച്ച്, അതിനോട് വളരെ കര്‍ശനമായ പ്രതിരോധം തീര്‍ക്കേണ്ടിയിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും അതില്‍നിന്ന് പിന്നോട്ടു മാറുകയാണ് ചെയ്തത്. ഈയൊരു അന്തരം എന്തുകൊണ്ട് സംഭവിച്ചു? ഇ.എം.എസ് മുതലുള്ള എല്ലാ നേതാക്കന്മാരും സാംസ്‌കാരിക രംഗത്താണ് അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങനെയാണ് ദേശാഭിമാനി സ്റ്റഡി സര്‍ക്കിളുണ്ടാകുന്നതും ഇന്നത്തെ പുരോഗമന കലാസാഹിത്യസംഘമായി അത് പരിണമിച്ചതും. ഇത്തരം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരം ശാന്തസുന്ദര സ്വഭാവമാണുണ്ടായിരുന്നത്. ഇതിലേക്കാണ് അന്ന് ഇടതുപക്ഷക്കാര്‍ തിരിഞ്ഞുനടന്നത് എന്നോര്‍ക്കണം.

കേരളത്തിന്റെ അബോധത്തിലുള്ള ഒരു സംഗതി, അടിയന്തരാവസ്ഥയിലൂടെ സോവിയറ്റ് മാതൃക നടപ്പാകുന്നു എന്ന പ്രതീതി മലയാളിക്കുണ്ടായി എന്നതാണ്. പ്രത്യേകിച്ച് പുരോഗമന മലയാളിക്ക്. സോവിയറ്റ് യൂണിയന്റെ പിന്തുണയോടെയാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുതന്നെ. സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുക എന്നു പറയുന്ന ശൈലിയുണ്ടല്ലോ, ജനാധിപത്യത്തെ ഒരു നേതാവിന്റെ കൈയിലേക്ക് ഒതുക്കുക എന്ന രീതി, കേരളത്തിലുള്ളവര്‍ അതില്‍ സംതൃപ്തരായിരുന്നു, അന്നും.

 പൊതുവേ അടിയന്തരാവസ്ഥയെ സ്വാഗതം ചെയ്യുന്ന തണുത്ത സമീപനമായിരുന്നു കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൈക്കൊണ്ടത്. ഇ.എം.എസ് മുതലുള്ള എല്ലാ നേതാക്കന്മാരും സാംസ്‌കാരിക രംഗത്താണ് അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്.
പൊതുവേ അടിയന്തരാവസ്ഥയെ സ്വാഗതം ചെയ്യുന്ന തണുത്ത സമീപനമായിരുന്നു കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും കൈക്കൊണ്ടത്. ഇ.എം.എസ് മുതലുള്ള എല്ലാ നേതാക്കന്മാരും സാംസ്‌കാരിക രംഗത്താണ് അന്ന് ശ്രദ്ധ കേന്ദ്രീകരിച്ചത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിസ്സംഗത മാത്രമല്ല, ഉത്തരേന്ത്യയിലേതുപോലെ പ്രതികരിക്കേണ്ടിയിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ശക്തി കേരളത്തില്‍ കുറവായിരുന്നു എന്നത് മറ്റൊരു വശമാണ്. ഉത്തരേന്ത്യയില്‍ കര്‍ഷകര്‍, കൈവേലക്കാര്‍, ദലിതര്‍, ആദിവാസികള്‍ തുടങ്ങിയവരാണ് അടിയന്തരാവസ്ഥാവിരുദ്ധ സമരങ്ങളില്‍ മുന്നോട്ടുവന്നത്. കേരളത്തിലാകട്ടെ ആദിവാസികളും ദലിതരുമെല്ലാം പലതരം രാഷ്ട്രീയനടപടികളുടെ ഭാഗമായി അടിച്ചമര്‍ത്തപ്പെട്ടവരായി, സ്വത്വം നഷ്ടപ്പെട്ടവരായി, വംശനാശത്തിലേക്ക് നയിക്കപ്പെടുന്ന അവസ്ഥയിലാണ്. അവര്‍ എണ്ണത്തില്‍ കുറവുമാണ്.

സ്വാതന്ത്ര്യസമരകാലത്തെ പ്രതികരണങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, അടിയന്തരാവസ്ഥക്കെതിരെ കേരളത്തില്‍ ഉയര്‍ന്നുവരേണ്ടിയിരുന്ന മറ്റൊരു വിഭാഗം മുസ്‌ലിം സമുദായമാണ്. കേരളത്തില്‍ ഏറ്റവും ശക്തമായ കൊളോണിയല്‍ വിരുദ്ധസമരം മുസ്‌ലിംകളൂടെ ഭാഗത്തുനിന്നാണുണ്ടായത്. അത്തരമൊരു രീതിയിൽ, അടിയന്തരാവസ്ഥയ്ക്ക് എതിരായി പ്രതികരിക്കത്തക്ക വിധത്തിലുള്ള അന്തരീക്ഷമായിരുന്നില്ല കേരളത്തിലെ രാഷ്ട്രീയത്തിലുണ്ടായിരുന്നത്. കേരളത്തിലെ പൊതുരാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്‍ലിം നേതൃത്വവും മാറിക്കഴിഞ്ഞിരുന്നു.

അങ്ങനെ എല്ലാ നിലയ്ക്കും അടിയന്തരാവസ്ഥയ്ക്ക് ഏറ്റവും വലിയ പിന്തുണ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം എന്നു കാണാന്‍ കഴിയും.അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത കോൺഗ്രസ്സിനെ തള്ളിക്കളഞ്ഞപ്പോൾ കേരളീയർ കോൺഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റി എന്നോർക്കണം.

ജനകീയ സാംസ്‌കാരികവേദി ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ടുകൊണ്ടാണ് മുന്നോട്ടുപോയത്. പൊലീസില്‍നിന്നും സി.പി.എം സഖാക്കളില്‍നിന്നും ഒരേപോലെ ആക്രമണങ്ങളുണ്ടായി.

കേരളത്തിനുണ്ടെന്ന് പറയപ്പെടുന്ന രാഷ്ട്രീയ പ്രബുദ്ധതയുടെ അളവുകോലായി അടിയന്തരാവസ്ഥയോടുള്ള പ്രതികരണത്തെ എടുക്കാം എന്നു തോന്നുന്നു.

കേരളീയ നവോത്ഥാനത്തെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെയും ബന്ധപ്പെടുത്തിവേണം ഇക്കാര്യം പരിശോധിക്കാൻ.

കേരളീയ നവോത്ഥാനത്തില്‍, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, ഉയര്‍ന്നുവന്ന വിഭാഗങ്ങള്‍നായന്മാരും ഈഴവരും അടങ്ങുന്ന ഇടത്തരം ജാതികളായിരുന്നു. ശ്രീനാരായണന്റെ പ്രസ്ഥാനത്തെ ഏറ്റെടുത്തതു തന്നെ ഈഴവ മുതലാളിമാരായിരുന്നു. അവരുടെ നേതൃത്വത്തിലാണ് നാരായണഗുരു ആ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോയത്. അതുകൊണ്ടുതന്നെ അവയെ അധഃകൃതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് എന്ന് പറയാന്‍ കഴിയില്ല. തിരുവിതാംകൂറില്‍ സ്വന്തം കാറുള്ള ആള്‍ തിരുവിതാംകൂര്‍ രാജാവാണെങ്കില്‍ മറ്റൊരാള്‍ ഈഴവനായിരുന്ന ആലുമൂട്ടില്‍ ചാന്നാര്‍ ആയിരുന്നു. ആ നിലയ്ക്ക് സമ്പന്ന വിഭാഗങ്ങളായി മാറിക്കഴിഞ്ഞവരുടെ നവോത്ഥാനമായിരുന്നു അത്. അതിനെ ഏറ്റെടുത്തത് ഈ വിഭാഗമായിരുന്നു. അതുപോലെ നായര്‍ വിഭാഗം, ഉയര്‍ന്ന ജാതിയായി മാറുകയാണ് ചെയ്തത്. ഉത്തരേന്ത്യയില്‍സ്വാതന്ത്ര്യസമരകാലത്തുണ്ടായതുപോലുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാകാനുള്ള പാശ്ചാത്തലം അതുകൊണ്ടുതന്നെ ഇവിടെയില്ലാതെ പോയി.

പിന്നെ എന്താണ് കേരളത്തിന്റെ പ്രബുദ്ധതയുടെ അടിസ്ഥാനം? ഇന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അഖിലേന്ത്യാതലത്തില്‍ ബി.ജെ.പിയെ ചെറുത്തുനില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്താണ് ഇത്തരമൊരു വീക്ഷണത്തിന്റെ അടിസ്ഥാനം? ഇന്ന് നരേന്ദ്രമോദിയെ നിലനിര്‍ത്തുന്ന ശക്തികള്‍ ആരാണ്?. മോദിയുടെ പാശ്ചാത്തലം പരിശോധിക്കണം. ഹിന്ദു വര്‍ഗീയവാദത്തിന്റെ പ്രത്യയശാസ്ത്രം നിലനിര്‍ത്തിക്കൊണ്ടുമാത്രം അദ്ദേഹത്തിന് ഇന്ത്യയെ ഭരിക്കാന്‍ സാധിക്കില്ല. ആഗോളതലത്തിലുള്ള മുതലാളിത്ത മൂലധനത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ അടക്കിഭരിക്കാന്‍ കഴിയൂ. അടിയന്തരാവസ്ഥക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ, അതായത് മണ്ഡല്‍ കമീഷനിലും മറ്റും ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ പുതിയ ധാരയെന്ന നിലയ്ക്കാണ് ബി.ജെ.പി വളര്‍ന്നുവന്നത്. അതാണ് ഇന്നത്തെ ആഗോള മുതലാളിമാരുടെ ഏജന്റുമാരായി മാറാന്‍ അവര്‍ക്ക് യോഗ്യത നല്‍കുന്ന വസ്തുത.

സോവിയറ്റ് സാംസ്‌കാരിക സങ്കല്‍പ്പത്തെ മാതൃകയാക്കിയാണല്ലോ അയ്യപ്പപ്പണിക്കരെപ്പോലുള്ള കവികളെ കേരളത്തിലെ പരമ്പരാഗത പുരോമനവാദികള്‍ പരക്കെ തെറി പറഞ്ഞുകൊണ്ടിരുന്നത്.
സോവിയറ്റ് സാംസ്‌കാരിക സങ്കല്‍പ്പത്തെ മാതൃകയാക്കിയാണല്ലോ അയ്യപ്പപ്പണിക്കരെപ്പോലുള്ള കവികളെ കേരളത്തിലെ പരമ്പരാഗത പുരോമനവാദികള്‍ പരക്കെ തെറി പറഞ്ഞുകൊണ്ടിരുന്നത്.

കേരളത്തിന്റെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാലറിയാം, നരേന്ദ്രമോദിയുടെ വികസന സങ്കല്‍പ്പത്തില്‍നിന്ന് വ്യത്യസ്തമായ വികസന സങ്കല്‍പ്പം ഇവിടെയില്ല. ആഗോള മുതലാളിത്തത്തെ, മുതലാളിത്ത മൂലധനത്തെ മറ്റൊരു തരത്തില്‍ ഏറ്റെടുക്കുകയും അതിന്റെ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമായി കേരളത്തിലെ ഇടതുപക്ഷം മാറിപ്പോകുകയാണ് ചെയ്തത്. അതുകൊണ്ട് കേരളത്തിലെ ഇടതുപക്ഷത്തെ, അഖിലേന്ത്യാതലത്തിലുള്ള ബി.ജെ.പിയെ ചെറുത്തുനില്‍ക്കുന്ന പ്രബുദ്ധതയായി വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്നര്‍ഥം.

പറഞ്ഞുവന്നതിന്റെ ചുരുക്കം; കേരളം അടിയന്തരാവസ്ഥയോട് കാട്ടിയ പ്രതികരണത്തിലെ നിസ്സംഗത യഥാര്‍ഥത്തില്‍ അതിന്റെ ഉള്ളിലുണ്ടായിരുന്ന ഒരു ജനകീയശക്തിയുടെ ശോഷണമാണ്. പുരോഗമന ശക്തികളുടെ വിപ്ലവകരമായ വളര്‍ച്ചയ്ക്ക് നേരിട്ട തടസ്സമാണ് അതില്‍ പ്രവര്‍ത്തിച്ചത്.

കേരളത്തിലെ ഇടത്തരം മുതലാളിത്ത വര്‍ഗത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നതിന്റെ പാശ്ചാത്തലം പരിശോധിക്കപ്പെടണം.

കേരളത്തിന്റെ നവോത്ഥാനത്തെയും പ്രബുദ്ധതയെയും സംബന്ധിച്ച ഈ പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോള്‍, അതിനെ സൈദ്ധാന്തികമായി നേരിടാന്‍ പല വാദങ്ങളും ഉന്നയിക്കപ്പെട്ടേക്കാം. എന്നാൽ, കേരളത്തിലെ ഇടത്തരം മുതലാളിത്ത വര്‍ഗത്തിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുന്നതിന്റെ പാശ്ചാത്തലം പരിശോധിക്കപ്പെടണം. ഇപ്പോഴും കേരളത്തിലെ ആദിവാസികളും മത്സ്യത്തൊഴിലാളികളും വംശനശീകരണം നേരിടുന്നവരാണ്. ദലിതര്‍ ഇന്നും ആയിരക്കണക്കായ കോളനികളിലാണ് കഴിയുന്നത്. ഇത് കേരളത്തെ സംബന്ധിച്ച് ഒരു യാഥാര്‍ത്ഥ്യമാണ്. ഏറ്റവും അടിത്തട്ടിലെ മനുഷ്യരെ അവഗണിച്ചുകൊണ്ടുള്ള വികസന സങ്കല്‍പ്പമാണ് സർക്കാരിനുള്ളത്. അത് ആഗോള മുതലാളിത്തത്തിന്റെ മൂലധനനിക്ഷേപത്തിന്റെ ആര്‍ത്തിയെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ളതാണ്. പ്രകൃതിയെയും അടിസ്ഥാന ജനവിഭാഗങ്ങളെയും വിസ്മരിക്കുന്ന വികസനസങ്കല്‍പ്പം പുരോഗമനശക്തികള്‍ ഏറ്റെടുക്കുന്നു എന്നതിന്റെ ദയനീയതിലാണ് നാം. ഇത്തരം അടിസ്ഥാന വസ്തുതകൾ കൂടി കണക്കിലെടുത്തുവേണം അടിയന്തരാവസ്ഥയോടുള്ള കേരളത്തിന്റെ പ്രതികരണത്തെ മനസ്സിലാക്കേണ്ടത്.

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിന് ഒരു സാംസ്‌കാരിക പ്രതിപക്ഷത്തെ രൂപപ്പെടുത്തിയെടുക്കാനായിട്ടുണ്ടോ?

അടിയന്തരാവസ്ഥയ്ക്കുശേഷം, സാംസ്‌കാരിക രംഗത്ത് ഉയര്‍ന്നുവന്ന പ്രതികരണത്തെക്കുറിച്ച് വിശദ പരിശോധന ഇതവുരെ നടന്നിട്ടില്ല. എത്ര ശക്തമായാണ് അടിച്ചമര്‍ത്തലുണ്ടായത്, അതേ ശക്തിയോടെ തന്നെയാണ് സാംസ്‌കാരിക രംഗത്ത് പ്രത്യാഘാതമുണ്ടായത്. അതിന്റെ ഒരു പ്രകാശനമായിട്ടാണ് ജനകീയ സാംസ്‌കാരിക വേദി എന്ന പ്രസ്ഥാനത്തെ കാണാനാകുക. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മര്‍ദ്ദനമേല്‍ക്കുകയും ജയിലിലാകുകയും ചെയ്തവര്‍ പുറത്തുവന്നതോടെയാണ് ഇതിനൊരു സംഘടനാരൂപം കൈവരുന്നത്.

'കുറത്തി’ പോലുള്ള കവിതകള്‍ ചില വേദികളില്‍  കടമ്മനിട്ട ചൊല്ലുന്നത് ഇ.എം.എസ് വളരെ വിസ്മയത്തോടുകൂടി കേട്ടുകൊണ്ടിരിക്കുന്നതിന്റെ ചിത്രം എന്റെ മനസ്സിലുണ്ട്.
'കുറത്തി’ പോലുള്ള കവിതകള്‍ ചില വേദികളില്‍ കടമ്മനിട്ട ചൊല്ലുന്നത് ഇ.എം.എസ് വളരെ വിസ്മയത്തോടുകൂടി കേട്ടുകൊണ്ടിരിക്കുന്നതിന്റെ ചിത്രം എന്റെ മനസ്സിലുണ്ട്.

മലയാളിയുടെ സാംസ്‌കാരിക ജീവിതത്തില്‍ പുതിയൊരു ഭാവുകത്വത്തിന്റെ തന്നെ പിറവിയ്ക്കു കാരണമായ ഒരു വിച്‌ഛേദമാണ് ജനകീയ സാംസ്‌കാരികവേദിയുടെ വരവോടെ സംഭവിച്ചത് എന്നു കാണാം. കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെ യുവാക്കളുടെ നേതൃത്വത്തില്‍ സാംസ്‌കാരികവേദിയുടെ യൂണിറ്റുകള്‍ രൂപീകരിക്കപ്പെട്ടു. പഴയ ഇടതു പുരോഗമന സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ യാന്ത്രികതയെയും മീഡിയോക്രിറ്റിയെയും വെറുക്കുന്ന യുവാക്കള്‍ ആവേശത്തോടെയാണ് സാംസ്‌കാരികവേദിക്കുപിന്നില്‍ അണിനിരന്നത് എന്നു പറയാം. പരമ്പരാഗത ഇടതുപക്ഷ സാംസ്‌കാരിക പ്രസ്ഥാനങ്ങളില്‍നിന്ന് ജനകീയ സാംസ്‌കാരികവേദി വ്യത്യസ്തമായിരുന്നതിന് പ്രധാന കാരണം, അത് തീര്‍ത്തും ഒരു പാര്‍ട്ടി പോഷകസംഘടനയായിരുന്നില്ല എന്നതാണ്. സി.പി.ഐ- എം.എല്‍ പാര്‍ട്ടിയുമായുള്ള കടുത്ത സംഘര്‍ഷങ്ങളിലൂടെയാണ് ആളുകള്‍ക്കിയില്‍ സാംസ്‌കാരികവേദി പ്രവര്‍ത്തിച്ചത്. അതായത്, പാര്‍ട്ടിക്ക് പൂര്‍ണമായും കീഴടങ്ങിനില്‍ക്കുന്ന, പാര്‍ട്ടിയുടെ രാഷ്ട്രീയാശയ പ്രചാരണത്തിനുള്ള ഒരു ഉപകരണമായി കലയെയും സാഹിത്യത്തെയും മനസ്സിലാക്കുന്ന സ്റ്റാലിനിസ്റ്റ് സാംസ്‌കാരിക സങ്കല്‍പ്പത്തെ തള്ളിക്കളഞ്ഞാണ് ജനകീയ സാംസ്‌കാരികവേദി ഉയര്‍ന്നുവന്നത്. കാരണം, സംസ്‌കാരത്തിന്റെ സര്‍ഗാത്മകതയെ ഭരണകൂട ഭാവുകത്വത്തിനെതിരെ എങ്ങനെ വികസിപ്പിക്കാം, എങ്ങനെ തിരിച്ചുവിടാം എന്നതായിരുന്നു ജനകീയ സാംസ്‌കാരികവേദിയുടെ പരീക്ഷണത്തിനുപിന്നിലുണ്ടായിരുന്നത്. പിക്കാസോയുടെ ചിത്രങ്ങള്‍ നിരോധിച്ചുകൊണ്ട് സോഷ്യലിസ്റ്റ് റിയലിസത്തെ ഉയര്‍ത്തിപ്പിടിച്ച സോവിയറ്റ് യൂണിയന്റെ മാതൃക പിന്തുടര്‍ന്ന കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മോഡേണിസത്തോടുള്ള കടുത്ത ശത്രുതയെ മറികടക്കുന്ന, സര്‍ഗാത്മകതയെയും രാഷ്ട്രീയത്തെയും ഐക്യപ്പെടുത്തുന്ന ഒരു സാംസ്‌കാരിക ദര്‍ശനത്തിന് കേരളത്തില്‍ വാതില്‍തുറന്നുകൊടുക്കാന്‍ സാംസ്‌കാരികവേദിയ്ക്ക് കഴിഞ്ഞു.

ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബാലചന്ദ്രന്‍ ചുള്ളിക്കാട്

സോവിയറ്റ് സാംസ്‌കാരിക സങ്കല്‍പ്പത്തെ മാതൃകയാക്കിയാണല്ലോ അയ്യപ്പപ്പണിക്കരെപ്പോലുള്ള കവികളെ കേരളത്തിലെ പരമ്പരാഗത പുരോമനവാദികള്‍ പരക്കെ തെറി പറഞ്ഞുകൊണ്ടിരുന്നത്. അതേസമയം, സാംസ്കാരികവേദിയ്ക്ക് അയ്യപ്പപ്പണിക്കരുടെ കവിതകള്‍ക്ക്, 'പടയണി' പോലുള്ള നാടകങ്ങളിലൂടെ ദൃശ്യഭാഷ്യം നല്‍കാന്‍ കഴിഞ്ഞു. അങ്ങനെ മേഡേണിസത്തെ എങ്ങനെ വിപ്ലവകരമായി ഏറ്റെടുക്കാം, പരിവര്‍ത്തിപ്പിക്കാം എന്നതിന്റെ പരീക്ഷണമാണ് സാംസ്‌കാരികവേദിയുടെ കലാസങ്കല്‍പ്പത്തില്‍ തന്നെയുണ്ടായിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ലോകസാഹിത്യത്തിലും നാടകത്തിലും ചിത്രകലയിലും ശില്‍പകലയിലുമെല്ലാം സോവിയറ്റ് പുരോഗമന മാതൃകയെ മറികടന്ന്, കീഴാള- സാംസ്‌കാരിക ശക്തികളെ മോഡേണിസവുമായി സമന്വയിപ്പിക്കുന്നതിലൂടെ രൂപപ്പെട്ട വിധ്വംസകവും സര്‍ഗാത്മകവുമായ സമകാലിക ഭാവുകത്വത്തിലേക്ക് മലയാളികളായ നമ്മളും പ്രവേശിക്കുന്നത് ജനകീയ സാംസ്‌കാരികവേദിയിലൂടെയാണെന്നു പറയാം.

ജനകീയ സാംസ്‌കാരികവേദിയുടെ ഒപ്പം നിന്ന കടമ്മനിട്ടയുടെയും സച്ചിദാനന്ദന്റേയും കെ.ജി.എസിന്റെയും സാവിത്രിയുടെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും ആധുനിക രാഷ്ട്രീയ കവിതകള്‍, എം. സുകുമാരന്റെയും യു.പി. ജയരാജിന്റെയും മറ്റും കഥകള്‍, മധു മാഷിന്റെയും കെ.ജെ. ബേബിയുടെയും രാമചന്ദ്രന്‍ മൊകേരിയുടെയും നേതൃത്വത്തില്‍ അവതരിപ്പിച്ചിരുന്ന എക്‌സ്പ്രഷനിസ്റ്റ് നാടകങ്ങള്‍- അമ്മ, സ്പാര്‍ട്ടക്കസ്, നാടുഗദ്ദിക- റാഡിക്കല്‍ പെയിന്റേഴ്സ് എന്നറിയപ്പെട്ട ഒരുകൂട്ടം യുവകലാകാരന്മാരുടെ ആധുനിക ശില്‍പ്പങ്ങളും ചിത്രങ്ങളും- ഇവയെല്ലാം വാസ്തവത്തില്‍, ഭാവുകത്വപരമായി എന്ത് പരിവര്‍ത്തനമാണ് ഈയൊരു മൂവ്‌മെന്റിലൂടെ സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള വിലയിരുത്തല്‍ നമ്മള്‍ നടത്തിയിട്ടില്ല.

 കെ.ജെ. ബേബി
കെ.ജെ. ബേബി

ഈ ഭാവുകത്വ പരിവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് മേലാളാധികാരത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മൗലികമായ രചനകളിലൂടെ നമ്മുടെ സാഹിത്യത്തിലും കലകളിലുമെല്ലാം ഇന്നും നൂതനവും സജീവവുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു കാണാം. അരനൂറ്റാണ്ടു കാലം സ്റ്റാലിനിസ്റ്റ് സാഹിത്യ- കലാ സങ്കല്‍പ്പത്തിനായി കേരളത്തില്‍ പട നയിച്ചുകൊണ്ടിരുന്ന ഇ.എം.എസ് അദ്ദേഹത്തിന്റെ പഴയ നിലപാടുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് സ്വയം വിമര്‍ശനം നടത്താനിടയാക്കിയതില്‍ പോലും ജനകീയ സാംസ്‌കാരികവേദിയുടെ സര്‍ഗാത്മക ഇടപെടലുകള്‍ക്ക് ഒരു പങ്കുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

അതായത്, ജനകീയ സാംസ്‌കാരികവേദിയില്‍ സജീവമായിരുന്നു കാലത്ത് കടമ്മനിട്ട എഴുതിയ 'കുറത്തി’ പോലുള്ള കവിതകള്‍ പിന്നീട് ചില വേദികളില്‍ കടമ്മനിട്ട ചൊല്ലുന്നത് ഇ.എം.എസ് വളരെ വിസ്മയത്തോടുകൂടി കേട്ടുകൊണ്ടിരിക്കുന്നതിന്റെ ചിത്രം എന്റെ മനസ്സിലുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോഴാണ്, ഇ എം എസ്സിനെ സ്വയം വിമര്‍ശനത്തിലേക്കുനയിച്ച ഈ പുതിയ ഭാവുകത്വത്തിന്റെ കടന്നുവരവിന്റെ പ്രാധാന്യം നമ്മള്‍ മനസ്സിലാക്കുന്നത്. ഇ.എം.എസിന്റെ സ്വയംവിമര്‍ശനം പക്ഷെ, അദ്ദേഹത്തിന്റെ പാര്‍ട്ടി സാംസ്‌കാരിക പോഷകസംഘടനക്കാരും അനുയായികളും ഒന്നും ഇനിയും അംഗീകരിച്ചിട്ടില്ല, അതിന് അവര്‍ക്ക് കഴിയുകയുമില്ല. കാരണം, ഭാവുകത്വപരമായ മാറ്റം എന്താണ് എന്നത് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

രാമചന്ദ്രന്‍ മൊകേരി
രാമചന്ദ്രന്‍ മൊകേരി

സാംസ്‌കാരികവേദി കലാ- സാംസ്‌കാരിക മേഖലകളില്‍ മാത്രം ഒതുങ്ങിനിന്ന പ്രസ്ഥാനമായിരുന്നില്ല. ഭരണകൂടത്തിന്റെ സംരക്ഷണയില്‍കഴിയുന്ന കൈക്കൂലിക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ ജനങ്ങളെ പങ്കെടുപ്പിച്ച് ജനകീയ വിചാരണ എന്നൊരു സാംസ്‌കാരിക പ്രവര്‍ത്തന രൂപം ജനകീയ സാംസ്‌കാരികവേദി ആവിഷ്‌കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൈക്കൂലിക്കാരനായ ഒരു ഡോക്ടറെ, അയാള്‍ക്ക് കൈക്കൂലി കൊടുക്കാന്‍ നിര്‍ബന്ധിതരായ ആദിവാസികളടക്കമുള്ളവരെ പങ്കെടുപ്പിച്ച് പരസ്യവിചാരണ നടത്തി. ജനകീയ വിചാരണയിലെ ആദ്യ സംഭവം അതാണ്. അഖിലേന്ത്യാ തലത്തില്‍ മാധ്യമശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു അത്. മാത്രമല്ല, കൈക്കൂലിക്കാരും അഴിമതിക്കാരുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്വച്ഛജീവിതത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയ സംഭവവുമായിരുന്നു അത്. സുപ്രീംകോടതി തന്നെ, ജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ടാണ് ജനകീയ വിചാരണയെ വിലയിരുത്തിയത്. ചെറുതും വലുതുമായ ഇത്തരം വിചാരണകള്‍ പലതും കേരളത്തില്‍ നടന്നു. ജനം അധികാരം കൈയിലെടുക്കുന്നുവെന്ന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും പതിവുപോലെ ശബ്ദമുയര്‍ത്തിയിരുന്നു. എങ്കിലും ഒരു പുതിയ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ സാംസ്‌കാരികവേദി മുഴുകി.

എം. സുകുമാരൻ
എം. സുകുമാരൻ

അത്യന്തം പ്രകോപനപരമായ ഇത്തരം ആക്ഷനുകളോട് അന്നത്തെ മുഖ്യധാര ഇടതുപക്ഷത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?

ജനകീയ സാംസ്‌കാരികവേദി ഏറെ പ്രതിബന്ധങ്ങള്‍ നേരിട്ടുകൊണ്ടാണ് മുന്നോട്ടുപോയത്. പൊലീസില്‍നിന്നും സി.പി.എം സഖാക്കളില്‍നിന്നും ഒരേപോലെ ആക്രമണങ്ങളുണ്ടായി. പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പൊലീസും പാര്‍ട്ടിക്കാരും ചേര്‍ന്ന് പലയിടത്തും ആക്രമണം അഴിച്ചുവിട്ടു. എത്ര തല്ലുകൊണ്ടാലും തിരിച്ചടിക്കരുത് എന്നായിരുന്നു സാംസ്‌കാരികവേദിയുടെ പൊതുനിലപാട്. അങ്ങനെ തല്ല് കൊണ്ടുകൊണ്ടാണ് സാംസ്‌കാരികവേദി പ്രവര്‍ത്തിച്ചത്. അങ്ങനെ തല്ലുകൊണ്ട് സാംസ്‌കാരികവേദിയ്ക്ക് രക്ഷസാക്ഷികള്‍ പോലുമുണ്ടായി. ഒട്ടേറെ യുവാക്കള്‍ക്ക് മാരക പരിക്കേറ്റു. കണ്ണൂരില്‍ ചൂതാട്ടത്തിനെതിരെ ഏറെ നാള്‍ നീണ്ടുനിന്ന സമരത്തിനെതിരായ ഭീകരമായ ആക്രമണത്തില്‍ രമേശന്‍ എന്ന യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂരില്‍ ജനകീയ സാംസ്കാരികവേദി നടത്തിയ ചൂതാട്ടവിരുദ്ധസമരത്തിനു നേരെയുണ്ടായ ​ആക്രമണത്തിൽ കൊല്ലപ്പെട്ട രമേശൻ.
കണ്ണൂരില്‍ ജനകീയ സാംസ്കാരികവേദി നടത്തിയ ചൂതാട്ടവിരുദ്ധസമരത്തിനു നേരെയുണ്ടായ ​ആക്രമണത്തിൽ കൊല്ലപ്പെട്ട രമേശൻ.

ആധുനികതയുടെ ഭാവുകത്വവുമായി ഒരു കീഴാള- വിപ്ലവരാഷ്ട്രീയബോധത്തെ കൂട്ടിച്ചേര്‍ക്കുന്നതില്‍ സാംസ്‌കാരികവേദിയ്ക്ക് വലിയ മുന്നേറ്റമാണുണ്ടായത്. അത്തരം പരിവര്‍ത്തനമാണ് പിന്നീട് ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ ഉണ്ടായത്. ആധുനികതയും ജനകീയ സമരശക്തിയും തമ്മിലൊരു ബന്ധം സൃഷ്ടിക്കുന്നതില്‍, അതിലൂടെ പുതിയ ഭാവുകത്വം നിലവില്‍ വരുന്നതില്‍ വഴിതുറക്കലായിരുന്നു ജനകീയ സാംസ്‌കാരിക വേദി. ഇന്ന് നമ്മള്‍ കാണുന്ന സ്ത്രീവിമോചനപ്രസ്ഥാനങ്ങള്‍, ദലിത് പ്രസ്ഥാനങ്ങള്‍- സൂക്ഷ്മരാഷ്ട്രീയത്തിന്റെ ഭാഗമായി പിന്നീട് വികസിച്ച ഒട്ടേറെ രാഷ്ട്രീയ മണ്ഡലങ്ങള്‍ക്കും തുടക്കം കുറിക്കുന്ന പ്രസ്ഥാനമായിരുന്നു ഇതെന്നു പറയാം.

യു.പി ജയരാജ്
യു.പി ജയരാജ്

അടിയന്തരാവസ്ഥക്കാലത്തെ ഭീകരമായ അടിച്ചമര്‍ത്തലിനോടുള്ള ഒരു പ്രത്യാഘാതമായിട്ടാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍നിന്നും യുവജനങ്ങളില്‍നിന്നും ഈ പ്രസ്ഥാനം ഉയര്‍ന്നുവന്നത് എന്നു ഞാന്‍ സൂചിപ്പിച്ചല്ലോ. അത് വ്യക്തമാക്കുന്നത്, ജനാധിപത്യത്തെ സാധാരണ ഇടതു- പുരോഗമന പ്രസ്ഥാനങ്ങള്‍ കണക്കാക്കുന്നതുപോലെ ഒരു അടവ് എന്ന നിലയിലല്ല, മറിച്ച്, ജീവിതത്തിന്റെ അന്തഃസ്സത്തയായി ഉള്‍ക്കൊള്ളുന്ന പുതിയ ജനാധിപത്യ കാഴ്ചപ്പാട് ജനകീയ സാംസ്‌കാരികവേദിയ്ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞു.

ജനാധിപത്യത്തെ സാധാരണ ഇടതു- പുരോഗമന പ്രസ്ഥാനങ്ങള്‍ കണക്കാക്കുന്നതുപോലെ ഒരു അടവ് എന്ന നിലയിലല്ല, മറിച്ച്, ജീവിതത്തിന്റെ അന്തഃസ്സത്തയായി ഉള്‍ക്കൊള്ളുന്ന പുതിയ ജനാധിപത്യ കാഴ്ചപ്പാട് ജനകീയ സാംസ്‌കാരികവേദിയ്ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞു.

ലോകരാഷ്ട്രീയത്തിലും ലോക സാംസ്‌കാരിക മണ്ഡലത്തിലുണ്ടായ സംഭവങ്ങളെയും ഇതുമായി താരതമ്യപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നുന്നു. അക്കാലത്ത് ലോക രാഷ്ട്രീയത്തില്‍ നിലനിന്നിരുന്ന ലിബറല്‍ ഭാവുകത്വത്തിനും സോവിയറ്റ് റഷ്യയുടെ യാന്ത്രികമായ സാംസ്‌കാരിക സമീപനങ്ങള്‍ക്കും എതിരായി പുതിയ തരംഗങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി.

ഈ രണ്ട് പ്രവണതകള്‍ക്കും എതിരായി ലോകത്ത് വിവിധ രൂപങ്ങളിലാണ് അന്ന് യുവജനകലാപങ്ങള്‍ ഉയര്‍ന്നുവന്നത്. അതിന്റെ ഉയര്‍ന്ന രൂപമായിരുന്നു ഫ്രാന്‍സിലെ വിദ്യാര്‍ത്ഥികലാപം. തൊഴിലില്ലാത്തവരും തെണ്ടികളും ലൈംഗിക തൊഴിലാളികളും തത്വചിന്തകരുമാണ് അതിൽ പങ്കെടുത്തത്. അമേരിക്കയില്‍ വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെ രൂപത്തിലായിരുന്നു ആ മുന്നേറ്റം. കറുത്തവരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങളായും ലാറ്റിനമേരിക്കയില്‍ ലിബറേഷന്‍ തിയോളജി പോലുള്ള മൂവ്മെന്റുകളായും ഹിപ്പി പ്രസ്ഥാനമായും സംഗീതത്തിൽ ബീറ്റില്‍സ് ആയും പല തലങ്ങളിൽ ലോകം മുഴുവന്‍ പുതിയ തരംഗം ഉയര്‍ന്നുവരികയായിരുന്നു.

മധു മാഷ്
മധു മാഷ്

സമത്വമില്ലാത്ത പൊള്ളയായ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ലിബറല്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യമില്ലാത്ത ഔപചാരിക സമത്വം വാഗ്ദാനം ചെയ്യുന്ന സോവിയറ്റ് സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെയും കൊടിയ പരിമിതികള്‍ക്കെതിരെ അറുപതുകളിലും എഴുപതുകളിലും ലോകവ്യാപകമായി ഉയര്‍ന്നുവന്ന ഈയൊരു നവീന ഇടതുപക്ഷ യുവജന- വിദ്യാര്‍ത്ഥി കലാപങ്ങളുടെ ഭാഗമായിട്ടുവേണം ജനകീയ സാംസ്‌കാരികവേദിയെയും ഇന്ന് കാണേണ്ടത് എന്ന് എനിക്കുതോന്നുന്നു. പഴയ ലെഫ്റ്റിനെതിരായി ഉയര്‍ന്നുവന്ന ന്യൂ ലെഫ്റ്റായിരുന്നു അത്. പഴയ മാന്യപൗരസമൂഹത്തിന്റെ ലിബറല്‍ സാംസ്‌കാരിക ജഡത, സോവിയറ്റ് സാംസ്‌കാരിക വീക്ഷണത്തിന്റെ യാന്ത്രികത- ഇതിനെയെല്ലാം മറികടക്കാന്‍ ലോകജനത നടത്തിയ കുതിപ്പായിരുന്നു അത്. ആ കുതിപ്പിനെയാണ് നമ്മള്‍ ഇന്ന് ന്യൂ ലെഫ്റ്റ് എന്നു വിളിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടുവേണം ജനകീയ സാംസ്‌കാരികവേദിയെയും കാണേണ്ടത്. അടിയന്തരാവസ്ഥയെപ്പോലൊരു വലിയ ജനാധിപത്യധ്വംസനത്തിന് എതിരായി ഉയർന്ന യഥാര്‍ഥ ജനാധിപത്യത്തിന്റെ ശക്തി എന്ന നിലയില്‍, അത് സാംസ്‌കാരിക രംഗത്ത് സൃഷ്ടിക്കുന്ന വലിയ മാറ്റങ്ങള്‍ എന്ന നിലയില്‍ വേണം ജനകീയ സാംസ്കാരികവേദിയെ പരിശോധിക്കാൻ.

സ്റ്റാലിനിസ്റ്റ് സാഹിത്യ- കലാ സങ്കല്‍പ്പത്തിനായി പട നയിച്ചുകൊണ്ടിരുന്ന ഇ.എം.എസ്, പഴയ നിലപാടുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞ് സ്വയം വിമര്‍ശനം നടത്താനിടയാക്കിയതില്‍ പോലും ജനകീയ സാംസ്‌കാരികവേദിയുടെ സര്‍ഗാത്മക ഇടപെടലുകള്‍ക്ക് ഒരു പങ്കുണ്ട്.

കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സി.പി.ഐ- എം.എല്‍ പാര്‍ട്ടിയുടെ രഹസ്യവാദത്തോടും സ്റ്റാലിനിസ്റ്റ് കേന്ദ്രീകരണവാദത്തോടുമുള്ള ഏറ്റുമുട്ടല്‍ മൂര്‍ച്ഛിച്ചതിന്റെ ഫലമായിട്ടാണ് സാംസ്‌കാരികവേദി തകര്‍ന്നത് എന്നു പറയാം. എങ്കില്‍ തന്നെയും ആ പ്രസ്ഥാനം സൃഷ്ടിച്ച ഭാവുകത്വപരമായ പരിവര്‍ത്തനം ഇന്നും നമ്മുടെ സാഹിത്യത്തിലും കലയിലും തുടരുന്നു.

ജനകീയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായിരുന്നു, സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. വേദിയുടെ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലാണ് എന്നെ അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയും ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച്, ഞാന്‍ പഠിപ്പിച്ചിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ വലിയ സമരം നടത്തി. അത് സംസ്ഥാനവ്യാപകമായി പടർന്നു.. എനിക്കുവേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐക്കാർ നേരിട്ടു. അത് കെ.എസ്.യു പ്രേരിത സമരമാണെന്നു പറഞ്ഞ് അവർ തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമിച്ചു. അങ്ങനെ കേരളം മുഴുവന്‍ അത് കെ.എസ്.യു- എസ്.എഫ്.ഐ സംഘട്ടനമായി വ്യാപിച്ചു. അന്ന് ഇ.കെ. നായനാരും എ.കെ. ആന്റണിയും ഒരുമിച്ച് ഭരിക്കുന്ന മന്ത്രിസഭയാണ്. ഈ സംഘര്‍ഷത്തെതുടര്‍ന്ന് എ കെ ആന്റണി, നായനാർ മന്ത്രിസഭയില്‍നിന്ന് പിന്മാറി. അങ്ങനെ നായനാര്‍ മന്ത്രിസഭ താഴെ വീണു. എന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ഒരു പ്രത്യക്ഷ രാഷ്ട്രീയ പ്രത്യാഘാതം അതായിരുന്നുവെന്ന് പറയാം. അതിനെതുടര്‍ന്ന് കോളേജ് അധ്യാപക ജോലിയില്‍നിന്ന് ദീര്‍ഘകാലം ഞാന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു.

‘‘അന്ന് ഇ.കെ. നായനാരും എ.കെ. ആന്റണിയും ഒരുമിച്ച് ഭരിക്കുന്ന മന്ത്രിസഭയാണ്. ഈ സംഘര്‍ഷത്തെതുടര്‍ന്ന് എ  കെ ആന്റണി, നായനാർ മന്ത്രിസഭയില്‍നിന്ന് പിന്മാറി. അങ്ങനെ നായനാര്‍ മന്ത്രിസഭ താഴെ വീണു’’.
‘‘അന്ന് ഇ.കെ. നായനാരും എ.കെ. ആന്റണിയും ഒരുമിച്ച് ഭരിക്കുന്ന മന്ത്രിസഭയാണ്. ഈ സംഘര്‍ഷത്തെതുടര്‍ന്ന് എ കെ ആന്റണി, നായനാർ മന്ത്രിസഭയില്‍നിന്ന് പിന്മാറി. അങ്ങനെ നായനാര്‍ മന്ത്രിസഭ താഴെ വീണു’’.

ചുരുക്കിപ്പറഞ്ഞാല്‍, ഇതെല്ലാം അടിയന്തരാവസ്ഥ സൃഷടിച്ച അനന്തരഫലങ്ങളായി കാണാം. ജനാധിപത്യത്തെ വീണ്ടെടുത്ത് മുന്നോട്ടുകുതിക്കാനുള്ള കേരളീയ യുവജനതയുടെ ഒരു ശക്തിപ്രകടനമായിരുന്നു അതെന്ന് ചുരുക്കിപ്പറയാം.

കേരളത്തിലെ ഏറ്റവും പുതിയ കാലത്തെ, ഏറ്റവും പുതിയ തലമുറയുടെ, സാംസ്‌കാരിക പ്രതിരോധത്തെ എങ്ങനെ വിലയിരുത്തുന്നു?

ഏറ്റവും പുതിയ തലമുറയെ വിലയിരുത്തുന്നത് വളരെ ശ്രദ്ധയോടെ വേണം. അതിനൊരു വിശദമായ മുഖവുര തന്നെ ആവശ്യമാണ്.

സ്വാതന്ത്ര്യസമരകാലത്തെയോ അടിയന്താരാവസ്ഥാവിരുദ്ധ കാലത്തെയോ സംഘടിത മുന്നേറ്റങ്ങളില്‍ പങ്കെടുത്തവരെ വിലയിരുത്തുന്നതുപോലെയോ പുതിയ തലമുറയെ വിലയിരുത്താന്‍ കഴിയില്ല. അതുപോലെ, പഴയ നന്മതിന്മകളെക്കുറിച്ചുള്ള ധാര്‍മികമായ മാനദണ്ഡങ്ങള്‍ കൊണ്ടും അവരെ വിലയിരുത്തുന്നത് ശരിയായിരിക്കുകയില്ല. കാരണം, ഏതാണ്ട് പൂര്‍ണമായും മാറിവന്നുകഴിഞ്ഞ മറ്റൊരു ലോകത്താണ് പുതിയ തലമുറ ജീവിക്കുന്നത്. മുതിര്‍ന്ന തലമുറയാകട്ടെ പഴയ ലോകത്തും പുതിയ ലോകത്തുമായി ജീവിക്കുന്നവരാണ്.

കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സി.പി.ഐ- എം.എല്‍ പാര്‍ട്ടിയുടെ രഹസ്യവാദത്തോടും സ്റ്റാലിനിസ്റ്റ് കേന്ദ്രീകരണവാദത്തോടുമുള്ള ഏറ്റുമുട്ടല്‍ മൂര്‍ച്ഛിച്ചതിന്റെ ഫലമായിട്ടാണ് ജനകീയ സാംസ്‌കാരികവേദി തകര്‍ന്നത്.

എന്താണ്, ഈ പുതിയ തലമുറ ജീവിക്കുന്ന ഈ പുതിയ ലോകം? വിവരവിനിമയ സാങ്കേതികവിദ്യയുടെ വരവിനെ മാത്രം, അതായത്, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയെ മാത്രം ആസ്പദമാക്കി ഈ പുതിയ ലോകത്തെ വിലയിരുത്തുന്നത് പൂര്‍ണമായിരിക്കുകയില്ല. പ്രകൃതിയെയും മനുഷ്യജീവിതത്തെയും ഒന്നാകെ ഉള്‍ക്കൊള്ളുന്ന സമഗ്രമായ ഒരു മാറ്റത്തിലൂടെയാണ് ഇന്ന് നാം കടന്നുപോകുന്നത്. ഈ മാറ്റത്തിന്റെ നിഷേധാത്മകവശം പ്രകൃതിയെയും ജീവിതത്തെയും ഒന്നായി ഗ്രസിക്കുകയും ഊറ്റിക്കുടിക്കുകയും ചെയ്യുന്ന ആഗോളവല്‍ക്കരിക്കപ്പെട്ട മുതലാളിത്ത മൂലധനത്തിന്റേതാണ്. ഇത് പഴയ മുതലാളിത്തത്തെപ്പോലെ മനുഷ്യരുടെ അധ്വാനശക്തിയെ മാത്രമല്ല ചൂഷണം ചെയ്യുന്നത്. മനുഷ്യരുടെ നിലനില്‍പ്പിനെയും പ്രകൃതിയെയും ഒന്നാകെ ഊറ്റിക്കുടിക്കുന്ന ഒരു സാമ്പത്തിക- സാമൂഹിക- സാംസ്‌കാരിക വ്യവസ്ഥയാണ് അത് എന്നു പറയാം. അതുകൊണ്ടാണ് അതിനെ ‘ചോരകുടിയന്‍ മുതലാളിത്തം’ (Vampire Capitalism) എന്നു വിളിക്കുന്നത്.

പഴയതുപോലെ പദാര്‍ഥനിഷ്ഠമായ ഉല്‍പ്പാദനത്തിന്റെയും ഉല്‍പ്പന്നങ്ങളുടെയും ലോകത്തുനിന്ന് ഇന്ന് ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തിന്റെയും സ്വഭാവം മാറിയിരിക്കുന്നു. പ്രത്യക്ഷവസ്തുനിഷ്ഠമല്ലാത്ത ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനത്തിന്റെയും ലോകത്തേക്കാണ് ഈ മാറ്റം. എന്നുവെച്ചാല്‍, material production-ല്‍നിന്നും material labour-ല്‍ നിന്നും immaterial production-ലേക്കും immaterial labour-ലേക്കുമുള്ള മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയൊരു മാറ്റത്തെ കുറിക്കാനാണ് ഈ വ്യവസ്ഥയെ ‘ഡിജിറ്റല്‍ കാപ്പിറ്റലിസം’ എന്ന് പലരും വിളിക്കുന്നത്.

അതുപോലെ, വിവരങ്ങളുടെ സുനാമിയില്‍ ലോകം മുങ്ങിപ്പോയിരിക്കുന്നു. അതിനുള്ളിലാണ് ജീവിതം. അങ്ങനെയുള്ളൊരു ഇന്‍ഫര്‍മേഷന്‍ പ്രളയത്തിന്റെ പ്രവാഹത്തില്‍ മുങ്ങിപ്പോയ ജീവിത്തെ കുറിക്കുന്നതിന് വിവരാധിപത്യം- Infocracy- എന്നൊരു പരികല്‍പ്പന തന്നെ ഉയർന്നുവന്നിട്ടുണ്ട്. മറ്റൊന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ്. ഇതിനെയെല്ലാം മനുഷ്യജീവിതത്തിന്റെ സര്‍ഗാത്മകമായ വളര്‍ച്ചക്കോ അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രതിരോധങ്ങള്‍ക്കുവേണ്ടിയോ അല്ല ഉപയോഗപ്പെടുത്തുന്നത്. ചോരകുടിയന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയും അതിനെ സേവിക്കാനുമാണ് ഉപയോഗിക്കുന്നത്.

വിവരവിനിമയ സാങ്കേതികവിദ്യയുടെ വരവിനെ മാത്രം, അതായത്, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയെ മാത്രം ആസ്പദമാക്കി ഈ പുതിയ ലോകത്തെ വിലയിരുത്തുന്നത് പൂര്‍ണമായിരിക്കുകയില്ല.
വിവരവിനിമയ സാങ്കേതികവിദ്യയുടെ വരവിനെ മാത്രം, അതായത്, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജിയെ മാത്രം ആസ്പദമാക്കി ഈ പുതിയ ലോകത്തെ വിലയിരുത്തുന്നത് പൂര്‍ണമായിരിക്കുകയില്ല.

അതായത്, ഏതാനും ചില കോര്‍പറേറ്റുകളുടെ കൈയിലേക്കുമാത്രം ലോകസമ്പത്ത് മുഴുവന്‍ കേന്ദ്രീകരിക്കുന്ന ഒരു പദ്ധതിയുടെ ഭാഗമാകുകയാണ് ഇവയൊക്കെയും. ഇത് പുതിയ തലമുറയുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇങ്ങനെയൊരു ലോകത്തിന്റെ ഇരകളായി അവര്‍ മാറിപ്പോയിരിക്കുന്നു എന്നുതന്നെ പറയാം. അതുകൊണ്ട് പുതിയ തലമുറയെക്കുറിച്ച് വളരെ നിഷേധാത്മകവും നിരാശാജനകവുമായ വിലയിരുത്തലുകളാണ് പൊതുവേ വരുന്നത്. യാഥാര്‍ഥ്യത്തിലേക്ക് കടക്കാത്തതുകൊണ്ടുള്ള അപകടമാണിത്.

കാരണം, ഈ പറഞ്ഞത്, ഇന്നത്തെ ലോകയാഥാര്‍ഥ്യത്തിന്റെ നിഷേധാത്മകവശം മാത്രമാണ്. ഡിജിറ്റല്‍ മുതലാളിത്തത്തിന്റെയും പദാര്‍ഥനിഷ്ഠമല്ലാത്ത ഉല്‍പ്പാദനവ്യവസ്ഥയുടെയും പിടിയില്‍ അകപ്പെട്ടിരിക്കുന്ന, അതിന്റെ അനിവാര്യമായ ഒരു ഉല്‍പ്പാദനശക്തിയാണ് യുവതലമുറ എന്നു നാം കാണണം. അതായത് അവര്‍ വെറും അടിമകള്‍ മാത്രമല്ല. അതില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദശക്തിയാണ്. അതേസമയം ഇവര്‍ പഴയ തൊഴിലാളിവര്‍ഗത്തെപ്പോലെയല്ല. പഴയ മുതലാളിത്തവ്യവസ്ഥയിലേതുപോലെ അധ്വാനശക്തി വില്‍ക്കുന്നവര്‍ മാത്രമല്ല. അവരുടെ ജീവിതത്തെ തന്നെ, മുഴുവന്‍ സമയത്തെയും ഡിജിറ്റല്‍ മുതലാളിത്തം ചൂഷണം ചെയ്യുന്നുണ്ട് എങ്കിലും ആഗോള മുതലാളിത്ത വ്യവസ്ഥക്കുമേല്‍ പഴയ തൊഴിലാളിവര്‍ഗത്തിനില്ലാത്ത ഒരു മേല്‍ക്കൈ പുതിയ ഡിജിറ്റല്‍ തൊഴിലാളി വര്‍ഗത്തിനുണ്ട്. കാരണം, അതിന്റെ ഉല്‍പ്പാദനോപകരണങ്ങള്‍, അറിവിന്റെയും വിജ്ഞാനത്തിന്റെയും വിവരത്തിന്റെയും അനുഭൂതിയുടെയും സേവനങ്ങളുടെയും രൂപത്തിലുള്ള ചരക്കുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഉപകരണമായ ബുദ്ധിശക്തിയും ഭാവനയും പ്രതിഭയും പഴയപോലെ ഇന്ന് മുതലാളിയുടെ സ്വകാര്യസ്വത്തല്ല. അത് ഈ പുതിയ അധ്വാനശക്തിയുടെ കൈയില്‍ തന്നെയാണ്. അവരുടെ തലയിലാണ്, ജീവിതത്തിലാണ് അത് നിലനില്‍ക്കുന്നത്. അതുകൊണ്ട് അത് പുതിയ തലമുറയുടെ, ഉല്‍പ്പാദനശക്തിയുടെ സ്വന്തമാണ്. അവരുടെ നിലനില്‍പ്പിന്റെ ഭാഗവുമാണ്.

ഇങ്ങനെ മുതലാളിത്ത മൂലധനത്തിന്റെ പിടിയില്‍നിന്ന് വേറിട്ട് ഒരു സ്വതന്ത്രശക്തിയായി നിലനില്‍ക്കാന്‍ കഴിയുന്ന ഈ അധ്വാനശക്തി തന്നെയാണ് മുതലാളിത്തത്തിന് എതിരായി തിരിയാന്‍ പോകുന്നത്. അങ്ങനെയൊരു പുതിയ തുറപ്പ്, പുതിയ സിദ്ധി ഈ അധ്വാനശക്തിക്ക് കൈവന്നിട്ടുണ്ട്.

ഇന്ന് ലാഭം കൊയ്യുന്നതു മുഴുവന്‍ കോര്‍പറേറ്റുകളാണെങ്കിലും ആ കോര്‍പറേറ്റുകളുടെ യഥാര്‍ഥ ശക്തി, ജീവിതം മുഴുവന്‍ സമര്‍പ്പിച്ച് അധ്വാനിക്കുന്ന ഈ പുതിയ തലമുറയുടെ കൈകളിലാണുള്ളത്. ഈയൊരു ശക്തിയെയാണ് ജൈവരാഷ്ട്രീയശക്തി എന്നു പറയുന്നത്. അവരുടെ ജീവിതശക്തിയും ഉല്‍പ്പാദനശക്തിയെന്ന നിലയ്ക്കുള്ള അവരുടെ നിലനില്‍പ്പും ചെറുത്തുനില്‍ക്കാനുള്ള അതിന്റെ ശക്തിയുമെല്ലാം കണക്കിലെടുത്തുകൊണ്ടാണ് അതിനെ Bio Political Power എന്നു പറയുന്നത്. ആഗോള മൂലധനവ്യവസ്ഥക്കെതിരായ ബദല്‍ആഗോളവല്‍ക്കരണ ( Alter Globalization )ശക്തിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും ഈ ബയോ പൊളിറ്റിക്കല്‍ പവറാണ്. അത് യുവതലമുറയുടെ കൈയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അത് സമ്പൂര്‍ണ ജനാധിപത്യത്തിലേക്ക് ലോകത്തെ പരിവര്‍ത്തിപ്പിക്കാന്‍ പോന്ന ഒരു യഥാര്‍ഥ ശക്തിയാണ്.

ഈയൊരു കോണ്‍ടെക്‌സിറ്റിലാണ് നമ്മള്‍ പുതിയ തലമുറയെ, ലോകഭാവിനിര്‍ണയത്തിനുള്ള അവരുടെ നിര്‍ണായകമായ സ്ഥാനത്തെ കണക്കാക്കേണ്ടത്. ആഗോള മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പുകാരായ ട്രംപിനെയും മോദിയെയും പോലുള്ള സ്വേച്ഛാധിപതികള്‍ക്കെതിരെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയതരം പ്രക്ഷോഭങ്ങളിലെല്ലാം ലോക യുവജനതയുടെ ജീവിതത്തില്‍നിന്നുയരുന്ന ഈ ജൈവരാഷ്ട്രീയാധികാരമാണ് പ്രവര്‍ത്തിക്കുന്നത്.

ഈ പാശ്ചാത്തലത്തിലാണ് കേരളത്തിലെ ഏറ്റവും പുതിയ തലമുറയുടെ സാംസ്‌കാരിക പ്രതിരോധത്തെയും വിലയിരുത്തേണ്ടത്. ഒരു ഉദാഹരണം മാത്രമെടുക്കാം. ഇന്ന് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതും കേരളീയ യുവജനസഞ്ചയത്തെ തീവ്രമായി ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നതുമായ വേടന്റെ റാപ്പ് സംഗീതം പുതിയ തലമുറയുടെ സാംസ്‌കാരിക പ്രതിരോധത്തിന്റെ മാതൃകയായി എടുക്കാവുന്നതാണ്. വേടനിലൂടെ ഇന്ന് കേരളത്തില്‍ ഉയര്‍ന്നുവന്ന റാപ്പ് സംഗീതത്തിന്റേതായ ചുവടുവെപ്പ്, കീഴാളരുടെ സംഗീതത്തെ ഉപരിവര്‍ഗങ്ങള്‍ക്കും കൗതുകത്തോടെ ആസ്വദിക്കാവുന്ന വേറിട്ട സംഗീതഗണമായി പരിഗണിച്ചുപോന്ന സൗന്ദര്യശാസ്ത്രപദ്ധതിയെ തകര്‍ത്തു എന്നതാണ്. നമ്മുടെ നാടക- ചലച്ചിത്രഗാനങ്ങളിലും കലാഭവന്‍ മണിയുടേതുപോലുള്ള പാട്ടുകളിലും ഇങ്ങനെ മലയാളി കൗതുകപൂര്‍വം സംരക്ഷിച്ചുനിര്‍ത്തിയ കീഴാള സംഗീതത്തിന്റെ അതിരുകളെയാണ് വേടന്റെ സംഗീതം തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഉച്ചനീചത്വങ്ങളില്ലാത്ത ലോകസംഗീതത്തിന്റെ വിശാലവേദിയിലേക്ക് ചേര്‍ന്നുനിന്നുകൊണ്ടാണ് വേടന്‍ അതിരുകളെ തകര്‍ക്കുന്ന ഈ ചെറുത്തുനില്‍പ്പ് നടത്തുന്നത്.

വേടന്റെ റാപ്പ് സംഗീതം പുതിയ തലമുറയുടെ സാംസ്‌കാരിക പ്രതിരോധത്തിന്റെ മാതൃകയായി എടുക്കാം.
വേടന്റെ റാപ്പ് സംഗീതം പുതിയ തലമുറയുടെ സാംസ്‌കാരിക പ്രതിരോധത്തിന്റെ മാതൃകയായി എടുക്കാം.

ഇന്ത്യന്‍ കലാചരിത്രത്തിന്റെ പാശ്ചാത്തലത്തില്‍ ഇതിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യന്‍ കലകളെ പൊതുവേ ക്ലാസിക്കല്‍, നാടോടി എന്ന രണ്ട് വിപരീതഗണങ്ങളായി വേര്‍തിരിച്ച്, സമ്പന്നമായ ഇന്ത്യൻ കലാപാരമ്പര്യത്തിന്റെ വളര്‍ച്ചയെ എന്നന്നേക്കുമായി മുരടിപ്പിച്ചുകളഞ്ഞ കൊളോണിയല്‍ ഓറിയന്റലിസ്റ്റ് വ്യവഹാരങ്ങളെ തള്ളിക്കളയാനുള്ള ശ്രമം കൂടി വേടന്റെ അതിരുകളില്ലാത്ത റാപ്പ് സംഗീതത്തില്‍ നടക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും പുതിയ തലമുറയുടെ സാംസ്‌കാരിക പ്രതിരോധത്തെ, ആയിരക്കണിക്കിന് യുവാക്കളെ ആകര്‍ഷിക്കുന്ന ഈ പാട്ടിലൂടെ നമുക്ക് തിരിച്ചറിയാം.

പാട്ടില്‍ മാത്രമല്ല കവിതയിലും കഥയിലുമെല്ലാം ഇന്ന് മുഖ്യാധാരാ ഭാഷയെ അപ്രസക്തമാക്കുന്ന ഭാഷാപരമായ ഒരട്ടിമറി നടക്കുന്നുണ്ട്. ഇവയിലൂടെ പുതിയ തലമുറയുടെ സാംസ്‌കാരിക പ്രതിരോധത്തിന്റെ ദിശ ഏതാണെന്ന് വ്യക്തമാകുന്നുമുണ്ട്.


Summary: A comprehensive assessment of the political and cultural responses in Kerala during and after the Emergency. B Rajeevan talks to K Kannan.


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments