എതിർക്കുന്നവരെ വെറുക്കാൻ പഠിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ സംഘടനാ പാരമ്പര്യം ഏതായാലും ബോധ്യം വലതിന്റേതാണ്

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

ചോദ്യത്തിൽ നിന്നു തന്നെ വ്യക്തമാകുന്നത് പോലെ സംവാദങ്ങൾ സാധ്യമാകണമെങ്കിൽ അതിനുള്ള മുന്നുപാധിയാണ് ജനാധിപത്യമുണ്ടായിരിക്കുക എന്നത്. ജനാധിപത്യമെന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആധിപത്യം എന്ന നിലയ്ക്കല്ല ഇന്നു മനസ്സിലാക്കുന്നത്. അത് ജനധിപത്യത്തെക്കുറിച്ചുള്ള കാലഹരണപ്പെട്ട പൊളിറ്റിക്കൽ ഫിലോസോഫിയാണ്. മൗലികാവകാശങ്ങളുടെയും സാമൂഹിക നീതിയുടെയും അടിസ്ഥാനത്തിലാണ് ജനാധിപത്യം ഇന്ന് നിർവചിക്കപ്പെടുന്നത്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണ്. കേവലമായ ഒരു മൗലികാവകാശവുമില്ല; പരിധികളുണ്ട്. അതുകൊണ്ട് അഭിപ്രായ സ്വാതന്ത്യത്തിനും പരിധിയുണ്ട്. സ്വതന്ത്ര ഭാഷണത്തിൽ നിന്ന് വിദ്വേഷ ഭാഷണത്തെ വ്യവച്ഛേദിച്ചു മനസ്സിലാക്കണം. വിദ്വേഷ ഭാഷണത്തെ എങ്ങനെ നിർവചിക്കാമെന്നതാണ് പ്രശ്‌നം.

വംശീയതയും, സ്ത്രീ വിരുദ്ധതയും, അപരവിദ്വേഷവും, ഹിംസാത്മകതയും ലൈംഗിക അതിക്രമം പ്രചരിപ്പിക്കുന്ന ഏതൊരു അഭിപ്രായവും വിദ്വേഷ ഭാഷണമായി പരിഗണിക്കേണ്ടതാണ്. എന്നാൽ വിദ്വേഷത പരസ്യമായി പ്രകടമാക്കാതെ ഒളിപ്രയോഗങ്ങളിലൂടെ ഏറ്റവും ഹീനമായ വിദ്വേഷഭാഷണം നടത്താൻ കെല്പുള്ള ബുദ്ധിശാലികളും സാമൂഹ്യമാധ്യമങ്ങളിൽ അരങ്ങുതകർക്കുന്നുണ്ട്. സംവാദാത്മകതയെ സ്വന്തം അസ്തിത്വ ശക്തിയായി മനസ്സിലാക്കുന്ന ജനാധിപത്യം ഫാസിസത്തിനും ഇടം നൽകുന്നു. ഫാസിസവുമായി സംസാരിച്ച് അതിനെ ജനാധിപത്യത്തിലേക്ക് പരിവർത്തിപ്പിക്കാമെന്നാകണം ദുരനുഭവങ്ങൾ പലതുമുണ്ടായിട്ടും ജനാധിപത്യം ഇപ്പോഴും വിശ്വസിച്ചുപോരുന്നത്. എന്നാൽ, സംവാദാത്മകതയോടുള്ള ജനാധിപത്യത്തിന്റെ ഈ പ്രതിബദ്ധതയെ ദൗർബല്യമായാണ് ഫാസിസം മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്യ്രം എന്ന മറയുപയോഗപ്പെടുത്തികൊണ്ട് ജനാധിപത്യത്തിലെ തുറസ്സുകളിലൂടെ ഫാസിസ്റ്റ് തന്റെ ഹീനഭാഷണം നടത്തുന്നത്. ജനാധിപത്യം ഇതിനോട് സഹിഷ്ണുത പ്രകടിപ്പിക്കാൻ നിർബന്ധിതമാവുകയും ചെയ്യുന്നു.

എന്നാൽ ഫാസിസത്തിന് ഇത് ബാധകമേയല്ല. ഫാസിസത്തിന്റെ അസഹിഷ്ണുത വിദ്വേഷ ഭാഷണമായാണ് പ്രകടമാകുന്നത്. ഫാസിസ്റ്റ് അധികാരത്തിൽ അഭിപ്രായ സ്വാതന്ത്ര്യമെന്നൊന്നില്ലാത്തതിനാൽ ഭാഷണപരമായ വ്യത്യസ്തതയും ബഹുസ്വരതയും പ്രസക്തവുമല്ല. ജനാധിപത്യവാദികൾ മൗലികവും വ്യക്തിപരവുമായ അഭിപ്രായം രേഖപ്പെടുത്തുന്നതിലാണ് താല്പര്യം കാണിക്കുക. ഫാസിസ്റ്റിന് ഇത് ബാധകമല്ല. ഗൂഢാലോചനാപരമായി ഇടപെടുന്നതിൽ ഫാസിസം യാതൊരു അനീതിയും കാണുന്നില്ല. ജനാധിപത്യം സുതാര്യമായ സംവാദത്തിനാണ് ഊന്നൽ നൽകുന്നത്. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾക്കും മൂല്യം കല്പിക്കുന്നു. തുറന്നവിധമുള്ള ഐക്യദാർഢ്യങ്ങൾ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നു. അതേസമയം ഫാസിസ്റ്റ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമുണ്ടായ രഹസ്യ സമൂഹങ്ങളുടെ മാതൃകയിൽ സംഘടിതമായി തന്നെ അഭിപ്രായ പ്രകടനങ്ങളും പിന്തുണകളും നിർമിച്ചുവിടുന്ന ഗൂഢാലോചനാ ട്രോൾ ഫാക്ടറികളാണ്. ജോസഫ് കോൺറാഡിന്റെ "secret agent' എന്ന നോവലിലെ അഡോൾഫ് വേർലോക് എന്ന കഥാപാത്രത്തിനോട് ഏറെക്കുറെ സാമ്യമുള്ളതാണ് ഫാസിസ്റ്റ് ഗൂഢാലോചനാ വിദ്വേഷ ട്രോളുകാരിലെ ഉത്തമപുരുഷന്മാർ എന്നു തോന്നും.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സാമാന്യമായ അർത്ഥത്തിൽ സംസ്‌കാര സമ്പന്നമായിരിക്കണം സംവാദം എന്നായിരിക്കുമല്ലോ ഈ ചോദ്യത്തിന്റെ സൂചന. പക്ഷെ സംസ്‌കാര സമ്പന്നം എന്ന വാക്ക് തികച്ചും നിരുപദ്രവകരമായ അർത്ഥതിൽ ഉപയോഗിച്ചാലും ഈ പ്രയോഗത്തെ നിരവധി കാരണങ്ങൾക്കൊണ്ട് ചോദ്യം ചെയ്യാം. ആരുടെ സംസ്‌കാരം? എന്താണ് സമ്പന്നമായ സംസ്‌കാരം തുടങ്ങിയുള്ള പ്രശ്‌നങ്ങൾ ന്യായമായി ഉന്നയിക്കപ്പെടാം. മനസ്സിലാക്കേണ്ട കാര്യം, സ്ഥാപനപരമായ മാധ്യമസ്ഥതയിലൂടെയാണ് (Institutional Mediation) എവിടെയായാലും ഭാഷണം സാധ്യമാകുന്നത്. വീടുകളിൽ ഗാർഹികവ്യവസ്ഥയുടെ ഭാഷ, കോടതികളിൽ അവിടുത്തെ വ്യവഹാര ഭാഷ, ക്ലാസ്സ്മുറികളിൽ അക്കാദമിക ഭാഷ, നിയമസഭയിൽ രാഷ്ട്രീയ വ്യവഹാര ഭാഷ, പൊതുയോഗങ്ങളിൽ സാമാന്യജനങ്ങളുടെ ഭാഷ. പക്ഷേ പൊതുയോഗങ്ങളിൽ വേദിയിലുള്ളവരേ സംസാരിക്കൂ. ബഹുജനങ്ങൾ കേൾവിക്കാർ മാത്രമാണ്. സോഷ്യൽ മീഡിയയിൽ സംഗതിയാകെ മാറി. ജനാധിപത്യം ഒരു അലമ്പ് പരിപാടിയാണെന്നാണ് തത്വചിന്തകൻ വി. സനിൽ പറഞ്ഞത്. സോഷ്യൽ മീഡിയ ഈ അലമ്പ് പരിപാടിയുടെ ദൃശ്യവൽക്കരണമാണ്.

നിയന്ത്രണങ്ങളില്ലാതെ സംസാരിക്കാം. അരാജകമായ ഈ സ്വാതന്ത്യ്രം അഭിലഷണീയമാണ്. അനൗപചാരിക സംസാര ഭാഷയെ ടെക്സ്റ്റായി ആവിഷ്‌ക്കരിക്കാം, ക്‌ളബ് ഹൗസിൽ സംസാരിക്കുക തന്നെയാകാം. വ്യക്തികളുടെ അലമ്പൻ വർത്തമാനമല്ല ഹിംസാത്മകമായി മാറുന്നത്. മറിച്ച്, മാസ്സ് ട്രോൾ ഫാക്ടറിയിൽ നിന്ന് ക്വട്ടേഷൻ അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്ന വിദ്വേഷ ഭാഷണമാണ് ഹിംസാത്മകം. എതിരഭിപ്രായം രേഖപ്പെടുത്താൻ വെറുപ്പിന്റെ, അസഹിഷ്ണുതയുടെ ഭാഷ ആവശ്യമില്ല. അപ്പോൾ എതിരഭിപ്രായം രേഖപ്പെടുത്തുകയല്ല ഉദ്ദേശം. പകരം വിമത വീക്ഷണങ്ങളുള്ളവരെ നിശ്ശബ്ദമാക്കുകയാണ്. വിമത വീക്ഷണങ്ങളെ ഭയക്കുന്ന രാഷ്ട്രീയ സംസ്‌കാരത്തിന് വെറുപ്പിന്റെ ഭാഷ അനുയോജ്യമാകുന്നതിനു കാരണം അത് സ്വതന്ത്ര സംവാദങ്ങളെ, അഭിപ്രായ പ്രകടനങ്ങളെ റദ്ദു ചെയ്യാൻ വെമ്പൽ കൊള്ളുന്നു എന്നതാണ്. പരിപൂർണ വിധേയമായ സമൂഹത്തിൽ ഉപയോഗിക്കാൻ ഫാസിസ്റ്റുകളും സമാന മനോഘടനയുള്ളവരും നവഭാഷ (new speak) കണ്ടുപിടിച്ചേക്കും.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ഏതു രാഷ്ട്രീയ അധികാര വർഗ്ഗവും ഭയപ്പെടുന്നത് ജനതയുടെ സ്വതന്ത്ര അഭിപ്രായ പ്രകടനമാണ്. ലോകത്തെ ഒരു അധികാര രാഷ്ട്രീയ വർഗവും സ്വമനസ്സാലെ സാമൂഹ്യമാധ്യമ അഭിപ്രായപ്രകടനങ്ങളെ ഇഷ്ടപ്പെടുന്നില്ല. അപ്പോൾ പിന്നെ സമഗ്രാധികാര പ്രവണതയുള്ള രാഷ്ട്രീയ അധികാരികളുടെ പ്രത്യേകം കാര്യം പറയേണ്ടതിലല്ലോ. ജനാധിപത്യപരമായ മാമൂലുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുക എളുപ്പമല്ല. ജനാധിപത്യത്തിന്റെ തരിമ്പും അവശേഷിക്കാത്ത രാജ്യങ്ങളിലൊക്കെ സാമൂഹ്യ മാധ്യമങ്ങൾ എന്തെങ്കിലും വിധത്തിലുള്ള നിയന്ത്രണത്തിനു വിധേയമാണ്.

സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രണ വിധേയമാക്കാൻ പറ്റാത്ത ഇടങ്ങളിൽ ഈ പൊതുമാധ്യമത്തെ മാനിപുലേറ്റ് ചെയ്യാലാണ് രാഷ്ട്രീയ അധികാരവർഗം അടുത്ത നടപടി എന്ന നിലയിൽ സ്വീകരിച്ച തന്ത്രം. വൻകിട കോർപറേറ്റ് പബ്ലിക് റിലേഷൻസ് കമ്പനികളെ നിയോഗിച്ചുകൊണ്ട് ജനങ്ങളെ, അഭിപ്രായങ്ങളെ മാനിപുലേറ്റ് ചെയ്യുക. അതിനൊപ്പം തന്നെ മാസ്സ് വിദ്വേഷ ട്രോൾ ഫാക്ടറി വഴി മനുഷ്യ ബോട്ടുകളെ (man-bot) ഉപയോഗിച്ചു വിമതാഭിപ്രായങ്ങളെ നിശ്ശബ്ദമാക്കുക. വ്യക്തിപരമായി അപകീർത്തിപ്പെടുത്തുക, ആക്രമിക്കുക, പിന്തുടരുക (stalk) ചെയ്യുക എന്നിവയാണ് ട്രോൾ ഫാക്ടറിയിലെ മനുഷ്യ ബോട്ടുകളുടെ പണി.

വികേന്ദ്രീകൃത ശൃംഖലയാണ് ഈ ട്രോൾ വെറുപ്പ് ഉല്പാദന കേന്ദ്രങ്ങൾ. സൈബർ എന്ന സ്വതന്ത്രമായ ഇടത്തെ എന്നെന്നേക്കുമായി വെടക്കാക്കി നശിപ്പിച്ച് തനിക്ക് മാത്രമാക്കുക എന്ന ലുമ്പൻ വിദ്യയാണ് അധികാര രാഷ്ട്രീയ വർഗങ്ങൾ പയറ്റിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെയും സൈബർ സ്പേസിന്റെയും പക്വത ഇല്ലായ്മയല്ല രാഷ്ട്രീയ അധികാര വർഗ്ഗത്തിന്റെ ഹിംസാത്മകതയാണ് സൈബർ സ്പേസിനെ സങ്കോചിപ്പിക്കുന്നത്. ആത്യന്തികമായി സൈബർ സ്പേസിനെ നിയന്ത്രണ വിധേയമാക്കാനുള്ള ഉപായങ്ങളാണ് നിർമിച്ചുക്കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തെ ഭയക്കുന്നത് രാഷ്ട്രീയ അധികാര വർഗ്ഗമാണല്ലോ. നിവൃത്തികേടുക്കൊണ്ടാണ് തിരഞ്ഞെടുപ്പും മറ്റിതര പരിപാടികളും നടത്തിക്കൊണ്ടുപോകുന്നത്. രാഷ്ട്രീയ അധികാര വർഗം ജനാധിപത്യപരമായി എന്നു പക്വത നേടുന്നുവോ അന്ന് മുതൽ തീർച്ചയായും അതിനനുഗുണമായ പ്രതിഫലനം സാമൂഹ്യ മാധ്യമങ്ങളിലും പ്രകടമാകും.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

മാറുമറച്ച സ്ത്രീകളെ വഴിതടഞ്ഞുകൊണ്ട് ജാതി മാടമ്പികൾ ഇറക്കിയ ഗുണ്ടകൾ വസ്ത്രം വലിച്ചുകീറിയ സംഭവങ്ങളെ ഓർമിപ്പിക്കുന്നവിധമുള്ള ഫ്യൂഡൽ അനുഷ്ഠാനചേഷ്ടകളാണ് സ്ത്രീകൾക്കെതിരെയുള്ള കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ സൈബർ ആക്രമങ്ങൾ. മുസ്ലിം വിദ്വേഷവും ജാതീയതയും ഇതിലും പ്രകടമാണ്. ഇന്ത്യയുടെ മറ്റിടങ്ങളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് തികച്ചും മുസ്ലിം വിരുദ്ധ വിദ്വേഷജനകമായ സൈബറാക്രമണങ്ങളാണ് നടക്കുന്നതെന്നാണ്. സുള്ളി -ബുള്ളി ഡീൽസ് എന്ന മുസ്ലിം വിരുദ്ധ നവമാധ്യമ വിദ്വേഷം പ്രകടിപ്പിച്ച യുവാക്കളൊക്കെ നിരന്തരമായി വെറുപ്പ് ശ്വസിച്ചും ഭക്ഷിച്ചുമാണ് ജീവിച്ചിരുന്നത്. നിലവിലെ അന്തരീക്ഷത്തിൽ നിന്ന് ഏറ്റവും എളുപ്പം ലഭിക്കുന്നത് അതാണല്ലോ. സമാനമായ മനോഘടനയുള്ളവരെയും അതെ നിലവാരത്തിലുള്ള വെറുപ്പിനെ പ്രകൃത്യാ സ്വീകരിച്ചവരെയും കേരളത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലും കാണാം. വെറുപ്പിന്റെ ഭാഷയെ അവർക്കറിയൂ. എതിർക്കുന്നവരെ വെറുക്കാൻ പഠിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ സംഘടനാ പാരമ്പര്യം ഇടതോ സെന്ററിസ്റ്റോ (centrist) എന്തുമോ ആകട്ടെ -പക്ഷെ ബോധ്യം വലതിന്റേതാണ്. ആശയപരമായി എതിരഭിപ്രായം പറയുന്നവരെ അസഹിഷ്ണുതയോടെ കാണുന്ന വെറുപ്പിന്റെ പാളയങ്ങളിലേക്ക് ഫാസിസ്റ്റു മനോഘടനയിലുള്ളവർ പെട്ടെന്ന് ആകർഷിക്കപ്പെടുന്നു. പ്രതീകാത്മക ഹിംസയാണ് ഡിജിറ്റൽ സ്പേസിൽ നടക്കുന്നത് എന്നു പറയാം. സാമൂഹ്യ മാധ്യമങ്ങളിലെ ഹിംസയും ആൾക്കൂട്ട കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ട്. പലപ്പോഴും ആൾക്കൂട്ട ഹിംസയുടെ പ്രാരംഭ ഒത്തുചേരലും സന്നാഹമൊരുക്കലുമൊക്കെ നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ്. ആൾക്കൂട്ട കൊലപാതകങ്ങൾ പെട്ടെന്നുള്ള ഹിംസാപ്രകടനങ്ങളല്ല, ആസൂത്രിതമായ പരിപാടിയാണ്. ഗൂഢാലോചനയൊന്നുമല്ല ഇപ്പോൾ ഡിജിറ്റൽ സ്പേസിൽ നടക്കുന്നത്, ആക്രമണത്തിനുള്ള പരസ്യമായ ആഹ്വാനങ്ങളാണ്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

സൈബർ സ്പർദ്ധയുടെ അനുഭവമുണ്ട്. വ്യക്തിപരവും രാഷ്ട്രീയവുമായ സ്പർദ്ധയാണ്. പലപ്പോഴും രണ്ടും കുഴച്ചുചേർത്തിരിക്കും. കുറച്ചു പ്രതിരോധിക്കാം, കുറെ അവഗണിക്കാം, ഒറ്റപ്പെട്ട വ്യക്തികൾക്ക് വഴി മാറി പോവുകയേ അവസാനം നിവൃത്തിയുള്ളൂ. സൈബർ അക്രമികളും സൈബർ ഇരകളുമല്ലാത്ത വേറെയൊരു കൂട്ടരുണ്ട്. ഇതെല്ലാം കണ്ടാസ്വദിക്കുന്നവർ. ഇവരുടെ ആനന്ദം ഇത്തരം ഹിംസാത്മക പോസ്റ്റുകൾ ഷെയർ ചെയ്തും ഇതിലെ ഉള്ളടക്കം മറ്റുള്ളവരെ നിർബന്ധിച്ചു വായിച്ചുകേൾപ്പിച്ചും ഓർഗാസം അനുഭവിക്കുക എന്നതാണ്. എന്താണ് ഇത്തരം ജന്മങ്ങളെ വിളിക്കേണ്ടത്?


Summary: പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.


Comments