മലപ്പുറം, ‘മുസ്‍ലിം അപരർ’, മീഡിയ

മലപ്പുറം എന്തുകൊണ്ടാണ് ഇന്ത്യയിലെ തീവ്ര ഹിന്ദു വലതുപക്ഷ ആഖ്യാനത്തിൽ ഏറെക്കാലമായി പ്രതിപാദിക്കപ്പെടുന്നതുപോലെ ‘രാജ്യദ്രോഹ’ത്തിന്റെയും ‘ഭരണകൂട വിരുദ്ധത’യുടെയും ‘ഭീകരവാദ’ പ്രവർത്തനത്തിന്റെ അടയിരിപ്പുകേന്ദ്രമായി ചിത്രീകരിക്കപ്പെടുന്നത്. ഈ പ്രതിനിധാനത്തിന്റെ രാഷ്ട്രീയമെന്ത്? ഈ പ്രതിപാദനത്തിന്റെ സാമൂഹ്യ അബോധമെന്ത്?- മലപ്പുറത്തിനെക്കുറിച്ച് രാഷ്ട്രീയപക്ഷഭേദമില്ലാതെ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക നറേറ്റീവുകളുടെ അടിസ്ഥാനത്തിൽ ദാമോദർ പ്രസാദ് എഴുതുന്നു.

‘‘The commercial media, overwhelmingly owned by socially conservative upper-caste business families, had nevertheless had a record of political independence. A combination of ideological pressure and intimidation turned the media, over time, into a propaganda machine with a potency not witnessed before in the Indian context"
- Arvind Rajagopal.

‘‘പതിവുപോലെ ഭീകരപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ആരോപണങ്ങൾക്ക് തെളിവ് ആവശ്യമുണ്ടായിരുന്നില്ല. പ്രസ്താവനകൾ തന്നെ ധാരാളം."
- ഇ സന്തോഷ്‌കുമാർ, ‘തപോമയിയുടെ അച്ഛൻ’.

കേരളത്തിലെ വടക്കൻ ജില്ലയായ കണ്ണൂരിൽ സി പി എമ്മിന്റെ (CPI-M) സമ്പൂർണ അധീശത്വമുള്ള പ്രദേശങ്ങളെയാണ് പാർട്ടി ഗ്രാമങ്ങൾ എന്നു വിളിക്കുന്നത്. ഇതിനു സമാനമായി സി പി എമ്മിന്റെ കൊടുംവൈരിയായ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (RSS) പരിപൂർണ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളാണ് പരിവാർ ഗ്രാമങ്ങൾ. കണ്ണൂരിന്റെ സംഘർഷഭരിതമായ കഴിഞ്ഞ ദശകങ്ങളിൽ ഈ രണ്ടു പ്രദേശങ്ങളും ഏതാണ്ട് ആഭ്യന്തരയുദ്ധത്തിന് സമാനമായ സ്ഥിതിയിലായിരുന്നുവെന്നാണ് വാർത്താമാധ്യമങ്ങളിലൂടെ മാത്രമല്ല, സിനിമ പോലുള്ള വിനോദ മാധ്യമങ്ങളിലൂടെയുമുള്ള ആഖ്യാനം.

പാർട്ടി ഗ്രാമമെന്നത് ഒരു മാധ്യമ നിർമിതിയാണോ? കേരളത്തിന്റെയകത്തുള്ള ഈ പ്രദേശം സന്ദർശിക്കാൻ പോയ മാധ്യമ പ്രവർത്തകർ പ്രദേശത്തിന്റെ ഗ്രാമീണത വിശദീകരിക്കുന്നതിനപ്പുറം അവരുടെ കാഴ്ച്ചയിലോ അവർ അവിടെ ചെലവിട്ട പരിമിതമായ സമയത്തിലോ പാർട്ടി ഗ്രാമമെന്ന നിലയിലുള്ള അടഞ്ഞ ജീവിതവ്യവസ്ഥയൊന്നും അനുഭവപ്പെട്ടിട്ടില്ല എന്ന് എഴുതിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ പാർട്ടിയോ അല്ലെങ്കിൽ ആർ എസ് എസോ നിയന്ത്രിക്കുന്ന പ്രദേശങ്ങളിൽ കാണാവുന്നത് രക്തസാക്ഷി മണ്ഡപങ്ങളും ‘ബലിദാനികൾ’ എന്ന് സംഘ് പരിവാർ വിശേഷിപ്പിക്കുന്ന, രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ ബലികുടീരങ്ങളുമാണ്. എങ്കിലും ഈ പ്രദേശങ്ങളിൽ ആരൊക്കെ വരുന്നു, എത്ര സമയം ചെലവിടുന്നു, എന്തിനാണ് വന്നത് തുടങ്ങി അപരിചിതരെക്കുറിച്ചുള്ള ജിജ്ഞാസയോ ആധിയോ ഉള്ളതിനാൽ, സൂക്ഷ്മപരിശോധനാ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. നഗരപ്രദേശങ്ങളുടെ തുറസ്സ് ഇവിടെ അനുഭവപ്പെടുകയില്ല.
കണ്ണൂരിലെ രാഷ്ട്രീയ ഗ്രാമങ്ങളെക്കുറിച്ച് ഭയപ്പെടുത്തുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അടിക്കടിയുള്ള കൊലപാതകങ്ങളും കൈബോംബ് സ്‌ഫോടനങ്ങളും പ്രതീതിയെ യാഥാർഥ ചിത്രമാക്കി. എന്നാൽ കണ്ണൂർ നഗരപ്രദേശം ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ചിത്രവും അനുഭവപ്പെടുത്തി.

കണ്ണൂരിലെ രാഷ്ട്രീയ ഗ്രാമങ്ങളെക്കുറിച്ച് ഭയപ്പെടുത്തുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.   Photo : Adarsh Karthick
കണ്ണൂരിലെ രാഷ്ട്രീയ ഗ്രാമങ്ങളെക്കുറിച്ച് ഭയപ്പെടുത്തുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. Photo : Adarsh Karthick

ഇന്ന് നാഗരിക വികസനവും പ്രവാസ ജീവിതാനുഭവവും പ്രത്യയശാസ്ത്ര - വിശ്വാസ പ്രതിസന്ധികളും പാർട്ടി ഗ്രാമങ്ങളെക്കുറിച്ചുള്ള മാധ്യമ വിമർശനങ്ങളും സൃഷ്ടിച്ച സമ്മർദ്ദം കാരണം രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഒരയവുവരുകയും പാർട്ടി ഗ്രാമം എന്നത് അടഞ്ഞ വ്യവസ്ഥയല്ലാതായി മാറുകയും ചെയ്തിട്ടുണ്ട്. എങ്കിലും അവിടവിടെ ബോംബുകൾ പൊട്ടുന്നതും രാഷ്ട്രീയപാർട്ടി ബന്ധങ്ങളില്ലാത്ത നാട്ടുകാരിൽ നിന്ന് പ്രതിഷേധമുയരുന്നതും ദൃശ്യമാധ്യമങ്ങൾ അപ്പപ്പോൾ വാർത്തകളിലൂടെയും സ്വന്തം നിലയ്ക്ക് അന്വേഷിച്ചും വിശദംശങ്ങൾ പുറത്തുവിടുന്നതും ഒപ്പം, സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങൾ ഉയരുന്നതും രാഷ്ട്രീയ ഗ്രാമവ്യവസ്ഥയിൽ കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അനുമാനിക്കേണ്ടിവരും. രാഷ്ട്രീയ സംഘർഷങ്ങൾ കുറഞ്ഞിട്ടുമുണ്ട്.

മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിമർശനങ്ങൾ ഇന്നും ആവർത്തിക്കപ്പെടുന്നു. മുസ്ലിം രക്ഷാധികാരികത്വത്തിന്റെ ഭാഷയിലാണ് ജില്ലയുടെ രൂപീകരണം സി പി എം പറയുന്നത്.

പാർട്ടി / പരിവാർ ഗ്രാമങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടും, കണ്ണൂർ എന്ന പേര് രാഷ്ട്രീയ വൈരത്തിന്റെ ഭയാനകമായ ഒരു ചിത്രം പ്രധാനം ചെയ്തിട്ടും ‘രാജ്യദ്രോഹ’ പ്രവർത്തനമായോ ‘ഭീകരത’യായോ ‘ഭരണകൂട വിരുദ്ധത’യായോ ആരും പ്രത്യേകമായി വിശേഷിപ്പിച്ചിട്ടില്ല. അങ്ങനെ വിശേഷിപ്പിക്കേണ്ട ആവശ്യവുമില്ല. ഒരുവശത്ത് സി പി എമ്മും മറുവശത്ത് രാഷ്ട്രീയ സ്വയം സേവക് സംഘവുമാണ് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. സംഘർഷം പരിഹരിക്കാനും കേസിനെ കേസിന്റെ വഴിക്ക് നേരിടാനും രണ്ടു സംഘടനകൾക്കും സംവിധാനമുണ്ട്. പരസ്പരം ധാരണയിലെത്താനും ഇടവഴികളുണ്ട്. കണ്ണൂർ പൊതുവിൽ ഐതിഹാസിക കമ്മ്യൂണിസ്റ്റ് സമരങ്ങളുടെ രണഭൂമിയായാണ് പ്രതിപാദിക്കപ്പെടാറ്.

പാർട്ടി പിറന്ന ഗ്രാമം- പിണറായി. പി കൃഷ്ണപിള്ളയെ പോലെയുള്ള കമ്മ്യൂണിസ്റ്റ് ഇതിഹാസ നേതാവ് പങ്കെടുത്ത ആരോൺ മില്ലിനെതിരെയുള്ള സമരപാരമ്പര്യത്തിന്റെ ആവേശം പടർത്തുന്ന സമരചരിത്രമുള്ള ഒരു പ്രദേശം. കണ്ണൂരിൽ നിന്ന് കാശ്മീരിൽ പോയി ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് രണ്ടു പേർ മരിച്ചത് കമ്മ്യൂണിസ്റ്റ് നേതാക്കൾ വിശദീകരിക്കുന്നത് ഒരു അപഭ്രംശമായാണെങ്കിലും പാർട്ടി ജാഗ്രതക്കുറവിന്റെയും പാർട്ടി ജാഗ്രതയോടൊപ്പം ജനം നിന്നില്ല എങ്കിൽ സമൂഹത്തിൽ സൃഷ്ടിക്കാൻ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതം ഓർമിപ്പിച്ചുകൊണ്ടുമാണ്. കണ്ണൂർ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തിളക്കമാർന്നൊരു അദ്ധ്യായമായി, തലശ്ശേരി കലാപത്തിൽ സി പി എം മുസ്ലിം പള്ളികൾക്ക് സംരക്ഷണം നൽകിയതും വിശദീകരിക്കപ്പെടാറുണ്ട്.

 കണ്ണൂർ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തിളക്കമാർന്നൊരു അദ്ധ്യായമായി, തലശ്ശേരി കലാപത്തിൽ സി പി എം മുസ്ലിം പള്ളികൾക്ക് സംരക്ഷണം നൽകിയതും വിശദീകരിക്കപ്പെടാറുണ്ട്.   Photo : Ali Hyder
കണ്ണൂർ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ തിളക്കമാർന്നൊരു അദ്ധ്യായമായി, തലശ്ശേരി കലാപത്തിൽ സി പി എം മുസ്ലിം പള്ളികൾക്ക് സംരക്ഷണം നൽകിയതും വിശദീകരിക്കപ്പെടാറുണ്ട്. Photo : Ali Hyder

കണ്ണൂരിനെക്കുറിച്ചുള്ള പൊതുവായ ചിത്രണമാണ് നൽകിയത്. സമീപകാലത്തും അവിടെ ബോംബ് സ്ഫോടനമുണ്ടായിട്ടുണ്ട്, മുമ്പ് ബോംബ് നിർമാണ വേളയിൽ അത് പൊട്ടി മരിച്ചവർക്ക് നിർമിച്ച രക്തസാക്ഷിമണ്ഡപത്തിന്റെ ഉദ്‌ഘാടനം പാർട്ടി പരിപാടിയായി നടന്നിട്ടുമുണ്ട്. ഇതെല്ലാം, കണ്ണൂരിലെ രാഷ്ട്രീയം പാർട്ടികൾക്ക് സ്വിച്ചിട്ടപോലെ നിയന്ത്രിക്കാനും നിയന്ത്രണാതീതമാക്കാനും പറ്റുമെന്ന ധാരണയാണ് നിലനിൽക്കുന്നത്. സമീപകാലത്ത് കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടവർ വിദേശത്തുനിന്ന് കടത്തുന്ന സ്വർണം വിമാനത്താവളവും കടന്ന് പുറത്തേക്ക് വരുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിയോ കൊന്നോ അത് തട്ടിക്കൊണ്ടുപോകുന്നതിൽ - സ്വർണം പൊട്ടിക്കൽ എന്ന വിളിക്കപ്പെടുന്നത് - പങ്കാളികളാണ് എന്നതിൽ കുറ്റം ചേർക്കപ്പെട്ടിട്ടുണ്ട്. ക്രിമിനൽ കുറ്റമെന്നതിനപ്പുറം സ്വർണക്കടത്തിലും കൊള്ളയിലും പങ്കെടുത്തവരെ ‘രാജ്യദ്രോഹി’കളെന്നോ ‘ഭീകരവാദി’കളെന്നോ യു എ പി എ ചുമത്തേണ്ട കുറ്റമുള്ളവരായോ പരിഗണിക്കപ്പെട്ടില്ല.

ഈ മുൻചൊന്ന സംഭവം നടന്നത് മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശത്തുവെച്ചാണ്. മാത്രമല്ല, കരിപ്പൂർ വിമാനത്താവളം വഴിയാണ് സ്വർണ്ണം കടത്തിയതും. എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്ത ഈ സംഭവത്തിൽ മലപ്പുറം എന്തു പിഴച്ചു? മലപ്പുറം നിവാസികൾ എന്തു പിഴച്ചു? മലപ്പുറം എന്തുകൊണ്ടാണ് ഇന്ത്യയിലെ തീവ്ര ഹിന്ദുവലതുപക്ഷ ആഖ്യാനത്തിൽ ഏറെക്കാലമായി പ്രതിപാദിക്കപ്പെടുന്നതുപോലെ ‘രാജ്യദ്രോഹ’ത്തിന്റെയും ‘ഭരണകൂട വിരുദ്ധത’യുടെയും ‘ഭീകരവാദ’ പ്രവർത്തനത്തിന്റെ അടയിരിപ്പുകേന്ദ്രമായി ചിത്രീകരിക്കപ്പെടുന്നത്. ഈ പ്രതിനിധാനത്തിന്റെ രാഷ്ട്രീയമെന്ത്? ഈ പ്രതിപാദനത്തിന്റെ സാമൂഹ്യ അബോധമെന്ത്?

മലപ്പുറം എന്തുകൊണ്ടാണ്  ‘രാജ്യദ്രോഹ’ത്തിന്റെയും ‘ഭരണകൂട വിരുദ്ധത’യുടെയും ‘ഭീകരവാദ’ പ്രവർത്തനത്തിന്റെ അടയിരിപ്പുകേന്ദ്രമായി ചിത്രീകരിക്കപ്പെടുന്നത്?  Photo : Nuhman Omp
മലപ്പുറം എന്തുകൊണ്ടാണ് ‘രാജ്യദ്രോഹ’ത്തിന്റെയും ‘ഭരണകൂട വിരുദ്ധത’യുടെയും ‘ഭീകരവാദ’ പ്രവർത്തനത്തിന്റെ അടയിരിപ്പുകേന്ദ്രമായി ചിത്രീകരിക്കപ്പെടുന്നത്? Photo : Nuhman Omp

സമരചരിത്രം നോക്കുകയാണെങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധവും ഫ്യൂഡൽ ഭൂബന്ധങ്ങൾക്കുമെതിരായ സമരത്തിന് മലപ്പുറത്തെ പ്രദേശങ്ങൾക്ക് (ഏറനാടിന്) ദീർഘ പാരമ്പര്യമുണ്ട്. ഹിന്ദു വിരുദ്ധ ലഹകളായി ഇതിനെ ചിത്രീകരിച്ചിരിക്കുന്നത് ബ്രിട്ടീഷ് ആഖ്യാതാക്കളാണ്. അവരുടെ താൽപര്യങ്ങളും ഉദ്ദേശ്യങ്ങളും വിഭജന രാഷ്ട്രീയമാണെന്ന, ആധുനിക ഇന്ത്യയുടെ പിറവി തന്നെ വ്യക്തമാക്കുന്ന വസ്തുതയാണ്. ധാരണകൾ തിരുത്താനുള്ള പതിയ ഒട്ടേറെ വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമായിട്ടും എന്തുകൊണ്ടാണ് പ്രതിലോമകരമായ ആഖ്യാനം ആവർത്തിക്കപ്പെടുന്നത്.

മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിമർശനങ്ങൾ ഇന്നും ആവർത്തിക്കപ്പെടുന്നു. മുസ്ലിം രക്ഷാധികാരികത്വത്തിന്റെ ഭാഷയിലാണ് ജില്ലയുടെ രൂപീകരണം സി പി എം പറയുന്നത്. ജില്ലയുടെ രൂപീകരണം അതിനനിവാര്യമായ ഘടകങ്ങൾ പരിശോധിച്ചും വിശകലനം ചെയ്തും മാത്രമേ സാധ്യമാവുകയുളളൂ എന്നിട്ടും ഒരു സ്വാഭാവിക പ്രക്രിയയല്ലാതെ ജില്ലാ രൂപീകരണത്തിൽ മറ്റു താല്പര്യങ്ങളുണ്ടെന്ന് എന്തിനാണ് ധ്വനനം?

സമരചരിത്രം നോക്കുകയാണെങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധവും ഫ്യൂഡൽ ഭൂബന്ധങ്ങൾക്കുമെതിരായ സമരത്തിന് മലപ്പുറത്തെ പ്രദേശങ്ങൾക്ക് (ഏറനാടിന്) ദീർഘ പാരമ്പര്യമുണ്ട്
സമരചരിത്രം നോക്കുകയാണെങ്കിൽ ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധവും ഫ്യൂഡൽ ഭൂബന്ധങ്ങൾക്കുമെതിരായ സമരത്തിന് മലപ്പുറത്തെ പ്രദേശങ്ങൾക്ക് (ഏറനാടിന്) ദീർഘ പാരമ്പര്യമുണ്ട്

മലപ്പുറം ജില്ലയുടെ രൂപീകരണത്തിനുശേഷം രൂപീകരിക്കപ്പെട്ട മറ്റു ജില്ലകളുടെ രൂപീകരത്തിന്റെ താല്പര്യങ്ങൾ തന്നെയാകണമല്ലോ നിയമപരമായും രാഷ്ട്രീയമായും മലപ്പുറത്തും സാധുതയായിട്ടുണ്ടാവുക. കേരളത്തിന്റെ പൊതുസംസ്കാരത്തിന്റെ അപരമായാണോ ഒരു പ്രദേശത്തെ പ്രതിപാദിക്കാൻ താല്പര്യം കാട്ടുന്നത്. മുസ്ലിം ജനസാമാന്യം ഭൂരിപക്ഷമായതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമാണോ? വിഭജനക്കാലത്തെ രാഷ്ട്രീയബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും പ്രാദേശിക നേതാക്കളുടെ ‘മാപ്ലസ്ഥാൻ’ വാദത്തിൽ നിന്ന് സമകാലിക ചരിത്രത്തിലേക്ക് നേർരേഖ വരയ്ക്കുമ്പോൾ മറന്നുപോകുന്നത് ഈ വാദത്തിനെതിരെ തന്നെ ഉയർന്ന ഭൂരിപക്ഷ മുസ്ലിം ശബ്ദമാണ്. സാമാന്യവൽക്കരിച്ചും ലളിതവൽക്കരിച്ചും ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കയറ്റിയയക്കപ്പെട്ട വരേണ്യ- പാശ്ചാത്യ ആശയമായ ‘മുസ്ലിം ഭീതിക്ക്’ നീതിമത്കരണം (legitimation) സാധുവാക്കുകയാണോ മലപ്പുറത്തിനൊപ്പം രാജ്യദ്രോഹം ഡബ്ൾ ഇൻവെർട്ടഡ് കോമയിൽ ചേർത്തുവെയ്ക്കുമ്പോൾ? മാധ്യമങ്ങളാണ് പ്രധാനമായും മുസ്ലിം ഭീതിയുടെ പടർപ്പുകാരും പകർപ്പുകാരും (agents of contagion).

മുസ്ലിം ജനസാമാന്യം ഭൂരിപക്ഷമായതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമാണോ മലപ്പുറത്തെ ചുറ്റിപ്പറ്റിയുള്ളത്?   / Photo : Muhammed Shameem
മുസ്ലിം ജനസാമാന്യം ഭൂരിപക്ഷമായതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനമാണോ മലപ്പുറത്തെ ചുറ്റിപ്പറ്റിയുള്ളത്? / Photo : Muhammed Shameem

എന്താണ് അപരത്വം?
അപരത്വത്തിന്റെ പ്രവണതകളെന്താണ്?
മുസ്ലിം അപരത്വം എന്താണ്?

സാമാന്യവത്കൃതമായ ഭൂരിപക്ഷം / ന്യൂനപക്ഷം എന്ന സങ്കല്പത്തെ ആധാരമാക്കിയാണ് ‘അപരത്വം’ നിർമ്മിക്കപ്പെടുന്നത്. ഭൂരിപക്ഷം എന്നത് പരിഗണിക്കപ്പെടുന്ന ചരിത്രസന്ദർഭത്തിലെ അധീശത്വ ജനവിഭാഗമാണ്. അധീശത്വ ജനവിഭാഗം എന്നത് സംഖ്യാപരമായ ഭൂരിപക്ഷത്തെ ഒരേകീകൃതമായ ഒരു ജനവിഭാഗമായി നിർമിച്ചുകൊണ്ടാണ് വ്യവസ്ഥപ്പെടുത്തുന്നത്. ഏതൊരു സമൂഹത്തിലും വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം നിയന്ത്രിക്കുന്നത് വലിയ രാഷ്ട്രീയശക്തിയുള്ള ഗ്രൂപ്പുകളാണ്. ആധുനിക രാഷ്ട്രത്തിന്റെ സന്ദർഭത്തിൽ വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ട് ഒരു സവിശേഷരേഖയെ ആധാരമാക്കി പൊതുവായ്‌മയുടെ ലക്ഷ്യം നിറവേറ്റുന്നതിലേക്ക് വ്യത്യസ്ത ജനവിഭാഗങ്ങൾ ഐക്യപ്പെടുമ്പോഴും ചരിത്രപരവും സാന്ദർഭികവുമായ പ്രത്യേകതകൾ കൊണ്ട് അധികാര ബലതന്ത്രങ്ങളുപയോഗപ്പെടുത്തി അധീശത്വം സ്ഥാപിച്ചെടുക്കാൻ കഴിയുന്നു. ഈ പ്രബലവിഭാഗം ഭൂരിപക്ഷാത്മകതയുടെ അധീശത്വത്തെ പ്രതിനിധീകരിക്കുന്നു.

പ്രബലവിഭാഗം സ്വന്തം സ്വത്വം നിർവചിക്കുന്നത് അപരസ്വത്വത്തെ നിർവചിച്ചുകൊണ്ടാണ്. പ്രബലവിഭാഗത്തിന്റെ വ്യക്തിനിയമങ്ങളും സാംസ്കാരിക മുദ്രകളും രാഷ്ട്രത്തിന്റെ ആധുനീകരണവുമായുള്ള നീക്കുപോക്കുകളിലൂടെ രൂപപ്പെടുകയും അത് പൊതുമാനകമായി വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്നു.

അപരത്വത്തിൻ്റെ ദ്വന്ദ്വങ്ങൾ സ്വാഭാവികമായ സജ്ജീകരണമായി അനുഭവപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്കും അധികാര സ്ഥാപനങ്ങൾക്കും സവിശേഷമായ പങ്കുണ്ട്. അതിനാൽ പലപ്പോഴും ദൈനംദിന ജീവിതത്തിൽ അവ നിസ്സാരമായി കണക്കാക്കപ്പെടുകയും സ്വാഭാവികമെന്നോണം അനുമാനിക്കപ്പെടുകയും ചെയ്യുന്നു. കൃത്രിമത്വം ഇതിൽ അന്തർഹിതമാണ്. പ്രബലവിഭാഗം സ്വന്തം സ്വത്വം നിർവചിക്കുന്നത് അപരസ്വത്വത്തെ നിർവചിച്ചുകൊണ്ടാണ്. പ്രബലവിഭാഗത്തിന്റെ വ്യക്തിനിയമങ്ങളും സാംസ്കാരിക മുദ്രകളും രാഷ്ട്രത്തിന്റെ ആധുനീകരണവുമായുള്ള നീക്കുപോക്കുകളിലൂടെ രൂപപ്പെടുകയും അത് പൊതുമാനകമായി വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്നു. അപരത്വവും സ്വത്വവും ഒരേ നാണയത്തിൻ്റെ രണ്ട് അവിഭാജ്യ വശങ്ങളാണ്. എന്നാൽ സാമൂഹിക ഐഡൻ്റിറ്റികൾ സ്വാഭാവികമല്ല - അവ ഒരു സ്ഥാപിത സാമൂഹിക ക്രമത്തെ പ്രതിനിധീകരിക്കുന്നു - ചില വിഭാഗങ്ങൾ മറ്റ് വിഭാഗങ്ങളെക്കാൾ ശ്രേഷ്ഠരായി സ്ഥാപിക്കപ്പെടുന്ന ശ്രേണവൽക്കരണം നിജപ്പെടുന്നു. അധികാരബന്ധങ്ങളിലെ അസമമിതി (asymmetry) അപരത്വത്തിൻ്റെ നിർമ്മാണത്തിൽ പ്രധാനമാകുന്നു.

2014 -നുശേഷം  മാത്രമല്ല അതിനുമുമ്പേ ഇന്ത്യയിലെ ഭൂരിപക്ഷാത്മകത വ്യവഹരിച്ചെടുത്തതാണ് ഭൂമിശാസ്ത്രപരമായ അപരവൽക്കരണം.
2014 -നുശേഷം മാത്രമല്ല അതിനുമുമ്പേ ഇന്ത്യയിലെ ഭൂരിപക്ഷാത്മകത വ്യവഹരിച്ചെടുത്തതാണ് ഭൂമിശാസ്ത്രപരമായ അപരവൽക്കരണം.

ലകാനിയൻ മനോവിശകലനം പിന്തുടരുകയാണെങ്കിൽ അപരവൽക്കരണത്തിന് രണ്ടു തലങ്ങളുണ്ട്: ഭാവനാത്മകമായ അപരവൽക്കരണവും പ്രതീകാത്മകമായ അപരവൽക്കരണവും. ഭാവനാത്മകമായ അപർവൽക്കരണത്തിലൂടെ അഭിമുഖീകരിക്കപ്പെടുന്ന സ്വത്വത്തെ അപകർഷിക്കുകയും അതിനുമേൽ അധീശത്വം സ്ഥാപിക്കേണ്ടതുമുണ്ട്. ലകാനിൽ കണ്ണാടി ഘട്ടത്തിൽ അഭിമുഖീകരിക്കുന്ന ഇതര സ്വത്വാവസ്ഥയാണ് ഭാവനാത്മകമായ അപരമാകുന്നത്. ഇതിനെ വിധേയപ്പെടുത്തുക എന്നത് അപരസ്വത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠയ്ക്ക് അറുതിവരുത്താനുള്ള പാഴ്ശ്രമവുമാണ്. പാഴ്ശ്രമമാകുന്നത് ഭാവനയുടെ തലത്തിൽ മാത്രമേ ഇത് നിലനിൽക്കുന്നുള്ളു എന്നതിനാലാണ്. എന്നാൽ, പ്രതീകാത്മകമായ അപരവൽക്കരണത്തിലൂടെ അപരസ്വത്വത്തിന്റെ വിധേയപ്പെടുത്തൽ അധീശ്വത്വബന്ധം വ്യവസ്ഥപ്പെടുത്തുന്നു. പ്രതീകാത്മക അപരവൽക്കരണം സംവേദനമാധ്യമങ്ങളിലൂടെ വ്യവഹാരിക്കപ്പെടുന്നു. ഇതിനെതിരെയുള്ള ചെറുത്തുനില്പുകളും അധികാരബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നു. പ്രതീകാത്മകത സ്വത്വപരമായ പോലീസിങ്ങായി പരിവർത്തിക്കുന്നു. ദൃഢപ്പെടലോടെ ഈ അധികാരബന്ധത്തിന്റെ അനുസ്യൂതി കാത്തുസൂക്ഷിക്കാനായി മുകളിൽ നിന്ന് വിഹഗാത്മകമായ സർവൈലൻസ് വ്യവസ്ഥ സംസ്കാരികമായി തന്നെ സജ്ജമാകുന്നു. ഇതിന് അനുരോധമായി വർത്തിക്കുന്നു ഏകരൂപാത്മകവൽക്കരണം (homogenize). വ്യത്യസ്‌തകളുടെ നിരാകരണവും സാംസ്കാരിക മുദ്രകളുടെ മായ്ക്കൽ എന്ന പ്രക്രിയയ്ക്ക് അടിസ്ഥാനമേകുന്നു. ഒരു സവിശേഷ മതവിഭാഗത്തിന്റെ മാത്രമല്ല, ഒരു പ്രദേശത്തെ തന്നെ ഈയൊരു ഏകരൂപവൽക്കരണത്തിനും ഏകകാലവൽക്കരണത്തിനും വിധേയമാക്കുന്നു. രാഷ്ട്രത്തിന്റെ ആധുനീകരിക്കപ്പെട്ട കാലഗണയിലല്ല അപരപ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത് എന്ന ആഖ്യാനവും മാധ്യമങ്ങളിലൂടെ പ്രബലമാകുന്നു.

എൻ. എസ്. മാധവന്റെ ‘മുംബൈ’ എന്ന കഥയിൽ ദേശ-രാഷ്ട്ര പരിധിയിൽ നിന്ന് അതിന്റെ മാനകങ്ങളനുസരിച്ചു തിരിച്ചറിയാൻ പറ്റാത്ത ഭൂപ്രദേശം  ഉണ്മയുടെ നിഷേധമായി ഭവിക്കുന്നു.
എൻ. എസ്. മാധവന്റെ ‘മുംബൈ’ എന്ന കഥയിൽ ദേശ-രാഷ്ട്ര പരിധിയിൽ നിന്ന് അതിന്റെ മാനകങ്ങളനുസരിച്ചു തിരിച്ചറിയാൻ പറ്റാത്ത ഭൂപ്രദേശം ഉണ്മയുടെ നിഷേധമായി ഭവിക്കുന്നു.

2014 -നുശേഷം മാത്രമല്ല അതിനുമുമ്പേ ഇന്ത്യയിലെ ഭൂരിപക്ഷാത്മകത വ്യവഹരിച്ചെടുത്തതാണ് ഭൂമിശാസ്ത്രപരമായ അപരവൽക്കരണം. ഭൂരിപക്ഷാത്മകയുടെ ഓർമ്മക്കേടും ചരിത്രം മായ്ക്കൽ സംരഭവും ലക്ഷ്യംവെച്ചത് മുസ്ലിം ന്യൂനപക്ഷത്തെയാണ്. എൻ. എസ്. മാധവന്റെ ‘മുംബൈ’ എന്ന കഥയിൽ ദേശ-രാഷ്ട്ര പരിധിയിൽ നിന്ന് അതിന്റെ മാനകങ്ങളനുസരിച്ചു തിരിച്ചറിയാൻ പറ്റാത്ത ഭൂപ്രദേശം ഉണ്മയുടെ നിഷേധമായി ഭവിക്കുന്നു. ഭൂമിശാസ്ത്രപരമായ അജ്ഞതയിൽ നിന്നു വരുന്ന നിഷേധമാണ് കഥയിലേതെങ്കിൽ ഇതിനു പകരമായി ഇപ്പോഴത്തെ വലതുപക്ഷവത്കരിക്കപ്പെട്ട വർത്തമാനത്തിൽ സംഭവിക്കുന്നത് ഒരു പ്രദേശത്തെ പ്രതീകാത്മകമായി തിരിച്ചറിയുന്നതിന്റെ (identify) പരിണിത ഫലമാണ്.

മുൻവിധികൾ പൊതുബോധത്തെ നിർണയിക്കുന്നു. അങ്ങനെ നിർണയിക്കപ്പെട്ടുകഴിഞ്ഞാൽ പോലീസിന്റെ തടസമില്ലാതെ പ്രവർത്തനങ്ങൾക്ക് സാധുത ലഭിക്കുന്നു.

എന്താണ് പ്രതീകാത്മകമായി തിരിച്ചറിയുക എന്നു പറയുന്നത്? ഇന്ത്യയുടെ ഒരു പ്രദേശത്തെയും ‘മിനി പാകിസ്ഥാൻ’ എന്ന് വിളിക്കാൻ പാടില്ല എന്ന് സുപ്രീം കോടതി പറഞ്ഞതും അങ്ങനെ ഒരു പ്രദേശത്തെ വിശേഷിപ്പിച്ച ഹൈക്കോടതി ജഡ്ജിയെ താക്കീത് ചെയ്തതും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ദേശീയതയുടെ ഉദ്ഗ്രദിതാവസ്ഥയെ നിഷേധിക്കുന്നു എന്നതിനാലാണ്. സുപ്രീം കോടതിയുടെ ഈ പ്രഖ്യാപനം ശരിയായിരിക്കെ ‘മിനി പാകിസ്ഥാൻ’ എന്നൊക്കെ വിളിക്കുന്നത് ഭരണഘടനയും നിയമവാഴ്ച്ചയും പ്രാബല്യത്തിലില്ലാത്ത സ്ഥലമെന്നതിനാലാണെന്നാണ് വലതുപക്ഷത്തിന്റെ വിവക്ഷ. അതാണ് പ്രതീകാത്മകമായ അപരവൽക്കരണം.

മലപ്പുറത്തെക്കുറിച്ചാവർത്തിച്ചവർത്തിച്ചു അവതരിപ്പിക്കുന്ന ചിത്രമിതാണ്. ആനയെ തോട്ട ഉപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ച ഒരു സംഭവം മലപ്പുറത്ത് നടന്നതാണെന്ന് ധരിച്ചുവശായ മുൻ കേന്ദ്രമന്ത്രി​ മേനകഗാന്ധി, മലപ്പുറത്തെക്കുറിച്ചുള്ള വലതുപക്ഷത്തിന്റെ സകല മുൻവിധികളും പ്രകടിപ്പിക്കുകയായിരുന്നു. അവർ പറഞ്ഞത്: "ഇത് കൊലപാതകമാണ്, മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് പേരുകേട്ടതാണ്, ഇന്ത്യയിലെ ഏറ്റവും അക്രമാസക്തമായ ജില്ലയാണിത്. ആളുകൾ കൊല്ലപ്പെടുകയാണെങ്കിലും, കുറ്റകൃത്യങ്ങളുടെ നിരക്കിലും വർഗീയ സംഘർഷങ്ങളിലുമെല്ലാം മലപ്പുറത്ത് ഏറ്റവും ഉയർന്ന നിരക്കാണ്, അവിടെ സ്ഥിതി വളരെ ഭയാനകമാണ്...”

മലപ്പുറത്തെക്കുറിച്ചുള്ള വലതുപക്ഷത്തിന്റെ സകല മുൻവിധികളും പ്രകടിപ്പിക്കുകയായിരുന്നു, മലപ്പുറവുമായി ബന്ധപ്പെട്ട പ്രസ്താവനയിലൂടെ മുൻ കേന്ദ്രമന്ത്രി​ മേനക ഗാന്ധി
മലപ്പുറത്തെക്കുറിച്ചുള്ള വലതുപക്ഷത്തിന്റെ സകല മുൻവിധികളും പ്രകടിപ്പിക്കുകയായിരുന്നു, മലപ്പുറവുമായി ബന്ധപ്പെട്ട പ്രസ്താവനയിലൂടെ മുൻ കേന്ദ്രമന്ത്രി​ മേനക ഗാന്ധി

മുൻവിധികൾ പൊതുബോധത്തെ നിർണയിക്കുന്നു. അങ്ങനെ നിർണയിക്കപ്പെട്ടുകഴിഞ്ഞാൽ പോലീസിന്റെ തടസമില്ലാതെ പ്രവർത്തനങ്ങൾക്ക് സാധുത ലഭിക്കുന്നു. ‘രാജ്യദ്രോഹം’, ‘ഭരണകൂട വിരുദ്ധത’ എന്നിങ്ങനെ ഒരു പ്രദേശത്തെ ജീവിതവ്യവസ്ഥയെ എളുപ്പം മുദ്രയടിക്കാൻ സാധിക്കുന്നു. മലപ്പുറം, ജില്ലാരൂപീകരണത്തിന് എത്രയോ മുമ്പേ, ബ്രിട്ടീഷ് അധിനിവേശ ഭരണകാലം മുതൽക്കേ, സ്ഥിരമായി മാറ്റിനിർത്തപ്പെട്ട (permanently excluded) പ്രദേശമായി പരിഗണിക്കപ്പെട്ടിരുന്നു.

‘സെക്യുലർ’ വലതുപക്ഷ മുൻവിധി

കേരള മുഖ്യമന്ത്രിയുടെ അഭിമുഖസംഭാഷണം എന്ന നിലയിൽ ദേശീയ ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ദ ഹിന്ദുവിൽ ശോഭന കെ. നായരുടെ ബൈ ലൈനിൽ വന്ന ഇന്റർവ്യൂവിന്റെ പ്രശ്നം, മലപ്പുറം ഹവാല കടത്തിന്റയും സ്വർണ കള്ളക്കടത്തിന്റെയും ‘രാജ്യദ്രോഹ’ പ്രവർത്തനത്തിന്റെയും കേന്ദ്രമാണെന്ന മുൻവിധിക്ക് സെക്യുലർ സാധൂകരണം നൽകുന്നു എന്ന അപകടകരമായ കാര്യമാണ്. ഒരു സംഘ് പരിവാർ നേതാവാണ് ഇത് പറയുന്നതെങ്കിൽ ഈ പ്രസ്താവനയ്ക്ക് യാതൊരു വിശ്വാസ്യതയും ഉണ്ടാകില്ല. എന്നാൽ ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയുടെ അഭിമുഖത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കിൽ മലപ്പുറത്തെക്കുറിച്ചുള്ള വ്യാജാഖ്യാനത്തിന് സാധൂകരണം ലഭിക്കുന്നു. എവിടെ വന്നു എന്നുള്ളതും പ്രധാനമാണ്. ദ ഹിന്ദു പത്രത്തിന്റെ പ്രഖ്യാത നിലപാട് സെക്യുലറിസത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുക എന്നതാണ്. അങ്ങനെയായിരിക്കെ ദ ഹിന്ദുവിൽ ഈമട്ടിലൊരു ആഖ്യാനം പ്രസിദ്ധീകൃതമാകുന്നതോടെ മലപ്പുറത്തെക്കുറിച്ചുള്ള ഹിന്ദുത്വമുൻവിധിക്ക് കൂടുതൽ വ്യാപ്തി ലഭിക്കുകയാണ് ചെയ്യുന്നത്.

വലതുപക്ഷ മുൻവിധികൾ മാധ്യമ അജണ്ടയാക്കി മാറ്റിയിരിക്കുന്ന  അച്ചടി- ബ്രോഡ്കാസ്റ്റ് - ഓൺലൈൻ മാധ്യമങ്ങൾ എത്രയോ കാലങ്ങളായി മുസ്ലിം ഭീതിയുടെ പ്രചാരകരാണ്.
വലതുപക്ഷ മുൻവിധികൾ മാധ്യമ അജണ്ടയാക്കി മാറ്റിയിരിക്കുന്ന അച്ചടി- ബ്രോഡ്കാസ്റ്റ് - ഓൺലൈൻ മാധ്യമങ്ങൾ എത്രയോ കാലങ്ങളായി മുസ്ലിം ഭീതിയുടെ പ്രചാരകരാണ്.

വലതുപക്ഷ മുൻവിധികൾ മാധ്യമ അജണ്ടയാക്കി മാറ്റിയിരിക്കുന്ന അച്ചടി- ബ്രോഡ്കാസ്റ്റ് - ഓൺലൈൻ മാധ്യമങ്ങൾ എത്രയോ കാലങ്ങളായി മുസ്ലിം ഭീതിയുടെ പ്രചാരകരാണ്. മലയാളഭാഷ മാധ്യമങ്ങളും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ്- ഹിന്ദി ഭാഷാമാധ്യമങ്ങളും ഇതൊരു ദൈനംദിന പ്രവർത്തനമാക്കി മാറ്റിയിരിക്കുന്നു. മുസ്ലിം ജനസാമാന്യ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ ഗ്രാമങ്ങൾ ശരിയത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതാണ് എന്നാണ് ഒരു പ്രധാന പ്രചാരണം.
മറ്റൊന്ന്, ആഗോള ഇസ്ലാമോഫോബിയുടെ ഭാഗമായി പ്രചരിപ്പിക്കപ്പെടുന്ന ജനസംഖ്യപരമായ മേധാവിത്തം (replacement theory) സിദ്ധാന്തം. കേരളത്തിൽ ഈ പ്രചാരണത്തിന് അംഗീകാരമില്ലെങ്കിലും വ്യാപകമായി ഇത് പ്രചരിക്കപ്പെടുന്നുണ്ട്. ഹൈന്ദവ സമൂഹത്തിൽ മാത്രമല്ല ക്രൈസ്‌തവ ന്യുനപക്ഷങ്ങളിലും മുസ്ലിം ഭീതി പടരുന്നുണ്ട് എന്നതിന്റെ തെളിവാണ് വ്യത്യസ്ത കാര്യങ്ങളുമായി ചേർത്തുവെച്ചുള്ള ജിഹാദിനെക്കുറിച്ചുള്ള ഉത്കണ്ഠ പ്രകടനങ്ങൾ. മാധ്യമങ്ങൾ ഈ പ്രചാരണത്തിൽ സുപ്രധാന പങ്കുവഹിക്കുന്നുവെന്നു മാത്രമല്ല, ഇതിന് അനുരോധമാകുംവിധംമുള്ള ചർച്ചകളും സംഘടിപ്പിക്കുന്നു.

പലപ്പോഴും ജേണലിസ്റ്റിക് നോട്ടത്തിൽ തെറ്റായതും സംശയമുയരേണ്ട ‘വസ്തുതകളു’മാണ് തീർത്തും സംശയരഹിതമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ജേണലിസത്തിലെ സുപ്രധാന മാനകമായ ‘ഗേറ്റ് കീപ്പിങ്’ അപ്രത്യക്ഷമാകുന്നു.

വാർത്താ വിനിമയ സ്രോതസുകൾ എന്ന നിലയിൽ ഗംഭീരമായ വിശ്വാസ്യതാനഷ്ടം (trust deficit) കുറച്ചുകാലമായി മാധ്യമങ്ങൾ വലിയ തോതിൽ നേരിടുന്നുണ്ട്. ‘മുസ്ലിം ഭീതി’ക്ക് ഇടനൽകുന്ന വാർത്തകൾ വിശ്വാസ്യതാനഷ്ടത്തിന് ആക്കം കൂട്ടുകയാണ്. വാർത്തയിലെ ഉള്ളടക്കം പ്രകടമായ വിവരക്കേടുകളായിരിക്കെ തന്നെ ഇതിന് സാമൂഹ്യ മാധ്യമ ശ്രംഖലകളിലൂടെ വർധിച്ച പ്രാധാന്യം ലഭിക്കുന്നുവെന്നതാണ് സത്യാനന്തരതയുടെ പ്രത്യേകത. മാധ്യമങ്ങളിൽ ഇത്തരം വാർത്ത പ്രതിഷ്ഠിക്കുന്നവർ ലക്ഷ്യമാക്കുന്നത്, വാർത്തയെ വിവാദമാക്കുകയും പിന്നീട് തിരുത്തേണ്ടിവന്നാലും വാർത്തക്കൊണ്ടു സൃഷ്ടിക്കാവുന്ന കോട്ടം (damage) പരമാവധി സംഭവിപ്പിക്കുക എന്നതുമായിരിക്കണം. പലപ്പോഴും ജേണലിസ്റ്റിക് നോട്ടത്തിൽ തെറ്റായതും സംശയമുയരേണ്ട ‘വസ്തുതകളു’മാണ് തീർത്തും സംശയരഹിതമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ജേണലിസത്തിലെ സുപ്രധാന മാനകമായ ‘ഗേറ്റ് കീപ്പിങ്’ അപ്രത്യക്ഷമാകുന്നു. എഡിറ്റർ എന്ന നിർവ്വാഹകത്വത്തിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ എഡിറ്റർ ഇല്ല, പകരം അൽഗോരിതമാണ് പോസ്റ്റുകളുടെ വൈറാലിറ്റി നിർണയിക്കുന്നത്.

യാതൊരു പരിശോധനയിലുമില്ലാതെ ‘രാജദ്രോഹം’, ‘മുസ്ലിം തീവ്രവാദികൾ’ എന്നീ പ്രയോഗങ്ങൾ  കടന്നുവരുന്നത് ഹിന്ദുത്വ മുൻവിധി മാധ്യമങ്ങളെയും ഭരിക്കുന്നതുകൊണ്ടാകണം.
യാതൊരു പരിശോധനയിലുമില്ലാതെ ‘രാജദ്രോഹം’, ‘മുസ്ലിം തീവ്രവാദികൾ’ എന്നീ പ്രയോഗങ്ങൾ കടന്നുവരുന്നത് ഹിന്ദുത്വ മുൻവിധി മാധ്യമങ്ങളെയും ഭരിക്കുന്നതുകൊണ്ടാകണം.

മാധ്യമങ്ങൾക്ക് അവരുടെ വിശ്വാസ്യതയേക്കാൾ പ്രധാനമായി തീരുന്നുവോ ഇങ്ങനെയുള്ള ദുരാഖ്യാനങ്ങൾ നല്കുക എന്നത്? വായനക്കാരുടെ അംഗീകാരത്തെക്കാൾ എത്രയോ പ്രധാനമാകുന്നുവോ രാഷ്ട്രീയ നേതാക്കൾ തരുന്ന സർട്ടിഫിക്കറ്റുകൾ? അധികാരസമ്പർക്കം മാധ്യമങ്ങൾക്ക് പരമപ്രധാനമാകുന്നു എന്നതുകൊണ്ട് മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ കാറ്റിൽ പറത്താൻ അവർ തയ്യാറാവുകയാണ്. ഇന്ത്യയിൽ അധീശത്വം വഹിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ, അതായത്, ഹിന്ദുത്വത്തെ, മുസ്ലിം ഭീതിയുടെ ആഖ്യാനത്തെ പ്രോത്സാഹിപ്പിക്കുന്നു. മുസ്ലിം ഭീതി ഹിന്ദുത്വ ആശയവ്യവസ്ഥയുടെ പ്രധാന തുണൂകളിൽ ഒന്നാണ്. അപ്പോൾ യാതൊരു പരിശോധനയിലുമില്ലാതെ ‘രാജദ്രോഹം’, ‘മുസ്ലിം തീവ്രവാദികൾ’ എന്നീ പ്രയോഗങ്ങൾ കടന്നുവരുന്നത് ഹിന്ദുത്വ മുൻവിധി മാധ്യമങ്ങളെയും ഭരിക്കുന്നതുകൊണ്ടാകണം. വിദ്വേഷത്തിന്റെ വ്യവഹാരങ്ങൾ വളരെ സൂക്ഷ്മതലങ്ങളിലൂടെയാണ് പ്രചരിക്കപ്പെടുന്നത്. വിദ്വേഷ വ്യവഹാരങ്ങളിലെ അപരത്വ കല്പനയിൽ മുസ്ലിം ഒരു വസ്തുവാണ് (object). വസ്തുവൽക്കരണമാണ് പ്രാഥമികമായും വിദ്വേഷത്തിന്റെ വ്യവഹാരങ്ങൾ നിർവഹിക്കുന്ന ധർമം.

ക്ലാരിസ് ലിസ്‌പെക്ടറുടെ "ലോകത്തിലെ ഏറ്റവും കുറിയ സ്ത്രീ" എന്ന കഥ ഇവിടെ ഓർമ വരുന്നു. ആഫ്രിക്കയിൽ നിന്നുള്ള കുറിയ കറുത്തവളായ സ്ത്രീയുടെ രൂപഘടനയുടെ വിവരങ്ങൾ വസ്തുവൽക്കരിക്കപ്പെട്ട് മാധ്യമങ്ങളിൽ വാർത്തയാകുന്നതും അത് പാശ്ചാത്യർ എങ്ങനെ വായിക്കുന്നുവെന്നും സ്വീകരിക്കുന്നുവെന്നും ഈ കഥ പ്രതിപാദിക്കുന്നു. നരവംശശാസ്ത്രപരമായ സാമ്രാജ്യത്വ നോട്ടവും വസ്തുവൽക്കരണവും മാധ്യമവിനിമയങ്ങളിലൂടെ പ്രതീകാത്മകമായ അപരത്വ നിർമിതിയാവുകയും അതിനുമേൽ വരേണ്യ സമൂഹത്തിന്റെ അധീശത്വം സ്ഥാപിതമാവുകയും ചെയ്യുന്നു.

നരവംശശാസ്ത്രപരമായ സാമ്രാജ്യത്വ നോട്ടവും വസ്തുവൽക്കരണവും മാധ്യമവിനിമയങ്ങളിലൂടെ പ്രതീകാത്മകമായ അപരത്വ നിർമിതിയാവുന്നു.
നരവംശശാസ്ത്രപരമായ സാമ്രാജ്യത്വ നോട്ടവും വസ്തുവൽക്കരണവും മാധ്യമവിനിമയങ്ങളിലൂടെ പ്രതീകാത്മകമായ അപരത്വ നിർമിതിയാവുന്നു.

കഴിഞ്ഞ ഒന്ന് രണ്ടു ദശകങ്ങളായി ഈ വസ്തുവൽക്കരണ പ്രക്രിയക്ക് അവലംബമായി ഹിന്ദുത്വ നിക്ഷിപ്തതാല്പര്യങ്ങളുള്ള ‘മുസ്ലിം’ അജണ്ടകൾ പൊതുബോധത്തിൽ വിലയിപ്പിക്കാനുള്ള കൂട്ടായുള്ള പരിശ്രമങ്ങൾ നടന്നുവന്നിരുന്നു. കൃത്യമായ ഉദ്ദേശ്യത്തോടെ പൊതുസമൂഹത്തിന്റെ ശ്രദ്ധ സവിശേഷമായി തന്നെ ആകർഷിക്കുന്ന വിധത്തിലാണ് ഈ അജണ്ടകൾ നിർമ്മിക്കപ്പെടുന്നത്. മാധ്യമങ്ങളിലൂടെ ആദ്യം പ്രത്യക്ഷമായും പിന്നെ സാമൂഹിക -രാഷ്ട്രീയ ചർച്ചകളിലൂടെയും ഇടം നേടുന്നു. തുടർന്ന് അതൊരു നിയമപരിഗണനാവിഷയമായി മാറുന്നു. കോടതി വ്യവഹാരങ്ങളുടെ സാധുത ലഭിക്കുന്നതോടെ പരസ്പരവിശ്വാസത്തിലധിഷ്ഠിതമായ സാമൂഹിക ജീവിതത്തിൽ അവിശ്വാസത്തിന്റെ വിത്തുപാകി വിഷവൃക്ഷത്തിന്റെ വളർച്ചയ്ക്ക് സാഹചര്യമൊരുക്കപ്പെടുന്നു. മാധ്യമങ്ങളിളിലൂടെ ‘ലവ് ജിഹാദ്’ പ്ലാന്റ് ചെയ്യപ്പെട്ടത്, വർത്തമാനത്തിൽ നിന്നു നോക്കിയാൽ, ഒരു ഹിന്ദുത്വ അധികാരാരോഹണത്തിന്റെ ദീർഘകാല പദ്ധതിയുടെ ലക്ഷ്യപൂർത്തീകരണത്തിനുള്ളതായിരുന്നുവെന്നു മനസ്സിലാക്കാം.

മാധ്യമങ്ങൾ തന്നെയാണ് ലവ് ജിഹാദിന്റെ പ്രചാരണോപാധിയായി മാറിയത്.
മാധ്യമങ്ങൾ തന്നെയാണ് ലവ് ജിഹാദിന്റെ പ്രചാരണോപാധിയായി മാറിയത്.

ശ്രീനിവാസൻ ജെയിനും മറ്റുള്ളവരും ചേർന്ന് എഡിറ്റ് ചെയ്ത ‘ലവ് ജിഹാദ് ആൻഡ് അദർ ഫിക്ഷൻ’ എന്ന പുസ്തകത്തിൽ ലവ് ജിഹാദ് പ്രയോഗം ആദ്യമായി എവിടെ ഏതു സന്ദർഭത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നു പരിശോധിക്കുന്നുണ്ട്. കൃത്യമായി ആദ്യമായി എവിടെ വന്നുവെന്ന് വ്യക്തതയിലെങ്കിലും 2007 -ലാണ് 'ഹിന്ദു ജാഗരൺ സമിതി' ആദ്യമായി ഈ പ്രയോഗം നടത്തിയതെന്നും അതല്ല 2009-ൽ 'ബിഷപ്പ് കൗൺസിൽ' യോഗത്തിലാണ് ഇത് ചർച്ചാവിഷയമായതെന്നും നീരിക്ഷിക്കുന്നു. സമൂഹമാധ്യമങ്ങൾ സ്വാധീനം ചെലുത്താൻ തുടങ്ങിയിരുന്ന കാലമായിരുന്നെങ്കിലും വാട്ട്സ് ആപ് പോലുള്ള വ്യക്തിഗത മെസ്സേജിങ് ആപ്ലിക്കേഷൻ അത്ര വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നില്ല. അപ്പോൾ മാധ്യമങ്ങൾ തന്നെയാണ് ഇതിനുള്ള പ്രചാരണോപാധിയായി മാറിയത്. 2009 മുതൽ ഇത് കോടതി വ്യവഹാരത്തിന്റെ ഭാഗമായി. ഈ വിദ്വേഷ സങ്കൽപനത്തിന്റെ പിന്നീടുള്ള സഞ്ചാരം ദേശവ്യാപകമായിരുന്നു. കാശ്മീരിലും ഉത്തർപ്രദേശിലലും ആസമിലും ദക്ഷിണേന്ത്യയിലെല്ലാം ഇതിന് പ്രചുരപ്രചാരം ലഭിച്ചു. മാധ്യമസ്ഥമല്ലാതെ ലവ് ജിഹാദം ആശയം ഇത്രമേൽ പ്രചരിക്കാൻ യാതൊരു സാധ്യതയുമില്ല. 'ലവ് ജിഹാദി’ൽ അന്തർലീനമായ അന്താരാഷ്ട്രീയ മാനങ്ങളിൽ നിന്ന് അനുമാനിക്കാവുന്നത്, ഇത് കേവലം ഏതോ പ്രാദേശിക ഭാവനയിൽ നിന്ന് മാത്രം ഉല്പത്തി കൊള്ളുകയും അവിടെ ഒതുങ്ങിനിന്നതുമായ ആശയമല്ല എന്നാണ്. മുസ്ലിം ഭീതിയുടെ സാന്ദർഭിക അടരുകൾ ഇതിൽ അന്തർഹിതമാണ്. ഇതിന്റെ പ്രത്യാഘാതമെന്നു പറയുന്നത്, കേരളത്തിൽ മുസ്ലിം- ക്രൈസ്തവ ന്യുനപക്ഷങ്ങളിൽ വർധിച്ചുവന്ന അന്തരമാണ്.

‘ലവ് ജിഹാദ്’ കേരളത്തിൽ തന്നെ പിറന്ന അജണ്ടയാണെന്നു നീരീക്ഷിച്ചാലും അതിന്റെ ഫലമത്രയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഹിന്ദുത്വയ്ക്ക് ലഭിക്കുകയുണ്ടായി. കേരളത്തെ ഇസ്ലാമിക തീവ്രവാദികളുടെ ഒളിപ്രദേശം എന്ന മട്ടിലുള്ള മാധ്യമ വ്യാജ വാർത്തകൾ ബോധപൂർവം തന്നെ പ്രചരിക്കപ്പെടുകയായിരുന്നു. ‘ലവ് ജിഹാദ്’ മലയാള മാധ്യമങ്ങളിലാണ് ആദ്യം പ്രത്യക്ഷമായതെങ്കിലും ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന, മുസ്ലിം ഭീതി പരത്തുന്ന ഹിന്ദി മാധ്യമങ്ങൾ ഇതേറ്റെടുത്തു. ‘ലവ് ജിഹാദ്’ എന്ന പ്രയോഗത്തിന്റെ ഉല്പത്തി മുതൽ അതിന് പല സന്ദർഭങ്ങളിലും ലഭിച്ച വ്യവഹരികാർത്ഥം എന്തായിരുന്നു എന്നും അന്വേഷിക്കപ്പെടേണ്ടതാണ്.

കേരളത്തിലെ വിവിധ ഹിന്ദു ജാതികളിൽപ്പെട്ട പെൺകുട്ടികളെ മുസ്ലിം ചെറുപ്പക്കാർ പ്രണയം നടിച്ച് വിവാഹം കഴിച്ച് ഇസ്ലാമിക തീവ്രവാദപ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നതാണ് ‘ലവ് ജിഹാദ്’ എന്നതുകൊണ്ട് സാധാരണയായി ഉദ്ദേശിക്കുന്നത്. അമേരിക്കയുടെ ഇറാഖ് - അഫ്ഘാൻ അധിനിവേശവുമായി ബന്ധപ്പെട്ട് കേരളത്തിൽ രാഷ്ട്രീയ പാർട്ടികളും, എന്തിനു പറയുന്നു, മുഖ്യധാരാ മാധ്യമങ്ങൾ പോലും അമേരിക്കൻ സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. കേരളത്തിൽ പൊതുസ്വീകാര്യതയുള്ള വീക്ഷണമായിരുന്നു ഇത്. അമേരിക്കയുടെ അധിനിവേശത്തെ ന്യായീകരിക്കുന്ന നിലപാടുകൾ പല വിദേശകാര്യ വിദഗ്‌ദരും അവരുടെ മനസ്സുകളിൽ സൂക്ഷിച്ചിരുന്നുവെങ്കിലും പൊതുരാഷ്ട്രീയ സമീപനം വ്യത്യസ്തമായതിനാൽ അത് പരസ്യമായി രേഖപ്പെടുത്താൻ അവർ തുനിഞ്ഞിരുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. അതുപോലെ, പാലസ്തീൻ ജനതയുടെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ സ്റ്റേറ്റിനെതിരെയുള്ള നിലപാടുകളാണ് കേരളത്തിന്റെ പൊതുസമൂഹത്തിൽ ഇക്കാലം വരെ പ്രബല സ്വാധീനമായിരുന്നത്. ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയം സയണിസ്റ്റ് ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധത്തിനുവേണ്ടി വാദിച്ചിരുന്നെങ്കിലും കേരളത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുൾപ്പെടെ കേരളത്തിലെ സാംസ്‌കാരിക ലോകവും പലസ്തീൻ ജനതയോടൊപ്പം ഐക്യപ്പെടുന്ന നിലപാടുകളാണ് ദീർഘനാളായി തുടരുന്നത്. എന്നാൽ ഇസ്രായേൽ നടത്തുന്ന ഓരോ കൂട്ടക്കുരുതിയും ആഹ്ളാദ പുരസരം അഭിനന്ദിക്കപ്പെടുന്ന ഒരു സാഹചര്യം കേരളത്തിൽ ഇന്ന് കാണാം.

മുസ്ലിം ഭീതിയുടെ രാഷ്ട്രീയ അജണ്ട

‘ലവ് ജിഹാദി’ൽ തുടങ്ങുന്ന മുസ്ലിം ഭീതിയുടെ അജണ്ട ഇന്ന് പലതലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ആഗോള സാഹചര്യം കണക്കിലെടുത്താൽ 9/ 11 ലേക്ക് നയിച്ച സംഭവങ്ങളും അതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ്റ് ജോർജ് ബുഷ് ജൂനിയർ ആവിഷ്ക്കരിച്ച ആഗോള തന്ത്രമായ ‘ഭീകരതയ്ക്കെതിരെയുള്ള യുദ്ധ’വും (war on terror) ലോക പൊതുബോധത്തിന്റെ ഭാഗമാക്കുന്നതിൽ മാധ്യമങ്ങൾ നിർണായക പങ്കാണ് വഹിച്ചത്. ഈയൊരു ആശയഗതിയുമായി ചേർന്നുനിന്ന് അതിനനുസൃതമായ വർത്തകളും വിശകലനങ്ങളും മാധ്യമങ്ങളിൽ പ്രാധാന്യത്തോടെ വരാൻ തുടങ്ങി. ഇന്റലിജൻസ് ഏജൻസികളെ സ്രോതസ്സാക്കി വാർത്തകൾ വിശ്വസനീയ സ്വഭാവത്തോടെയാണ് അച്ചടി- ദൃശ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നത്. 2000- ഓടെ ഇത്തരം വാർത്തകൾക്ക് വലിയ പ്രാമുഖ്യം ലഭിക്കുന്നുണ്ട്.

ഇന്റലിജൻസ് ഏജൻസികളെ സ്രോതസ്സാക്കി ലവ് ജിഹാദ് വാർത്തകൾ വിശ്വസനീയ സ്വഭാവത്തോടെയാണ് അച്ചടി- ദൃശ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നത്.
ഇന്റലിജൻസ് ഏജൻസികളെ സ്രോതസ്സാക്കി ലവ് ജിഹാദ് വാർത്തകൾ വിശ്വസനീയ സ്വഭാവത്തോടെയാണ് അച്ചടി- ദൃശ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരുന്നത്.

2000- ന്റെ തുടക്കവർഷങ്ങളിൽ നടന്ന ഗുജറാത്ത് വംശഹത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗൗരവത്തോടെ ഈ പ്രശ്നത്തെ പരിശോധിക്കാൻ ചില മാധ്യമങ്ങൾ ഒഴിച്ചാൽ അധിക മാധ്യമങ്ങളും വിമുഖരായിരുന്നു. തുടക്കം മുതൽക്കേ ശ്രദ്ധാപൂർവം ഗുജറാത്തിൽ നിന്നുള്ള വാർത്തകൾ അന്വേഷണാത്മകമായ താല്പര്യത്തോടെ റിപ്പോർട്ട ചെയ്ത ‘തെഹെൽക്ക’ വൈകാതെ തന്നെ നിർജീവമായി. ‘തെഹെൽക്ക’ എഡിറ്റർ തരുൺ തേജ്‌പാൽ ലൈംഗിക പീഡനകേസിൽ ശിക്ഷിക്കപ്പെട്ടതോടെ തെഹൽക്കയുടെ അന്ത്യവുമായി. തെഹൽക്കയിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടിങ് നടത്തിയവർക്ക് അത് പ്രസിദ്ധീകരിക്കുന്നതിൽ തടസ്സം നേരിടേണ്ടി വന്നു. റാണാ അയ്യൂബ് ഈക്കാര്യം എടുത്തു പറഞ്ഞിട്ടുള്ളതാണ്. ഗുജറാത്ത് വൈകാതെ വാർത്തകളിൽ നിന്ന് അപ്രത്യക്ഷമായി എന്നു മാത്രമല്ല, അതിനെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടുകൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

2000- ന്റെ തുടക്കവർഷങ്ങളിൽ നടന്ന  ഗുജറാത്ത് വംശഹത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗൗരവത്തോടെ ഈ പ്രശ്നത്തെ പരിശോധിക്കാൻ അധിക മാധ്യമങ്ങളും വിമുഖരായിരുന്നു.
2000- ന്റെ തുടക്കവർഷങ്ങളിൽ നടന്ന ഗുജറാത്ത് വംശഹത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗൗരവത്തോടെ ഈ പ്രശ്നത്തെ പരിശോധിക്കാൻ അധിക മാധ്യമങ്ങളും വിമുഖരായിരുന്നു.

2000- ന്റെ ആദ്യ വർഷങ്ങളിൽ തന്നെ മുസ്ലിം ‘ഭീകരവാദം’ ആഗോള വാർത്താ പ്രാധാന്യം നേടാൻ തുടങ്ങി. അതിനു മുമ്പുതന്നെ സാമുവൽ ഹട്ടിങ്റ്റണിനെ പോലുള്ളവർ പാശ്ചാത്യതയുടെ ജീവിതമൂല്യവ്യവസ്ഥകൾക്ക് ഇസ്ലാമിന്റെ മതാത്മകത അനിഹിതമാണെന്നുള്ളത് (incompatible) സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പാശ്ചാത്യ മാധ്യമങ്ങളിലെ ഇസ്ലാമിന്റെ പ്രതിനിധിനത്തെപറ്റിയുള്ള എഡ്‌വേഡ്‌ സൈദിന്റെ വളരെ പ്രധാനപ്പെട്ട പഠനം "Covering Islam" രചിക്കപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. യു എസ് സൈനിക ഇന്റലിജൻസ് സംവിധാനത്തിന്റെ ആശയമായ ‘ഭീകരതയ്ക്കെതിരെയുള്ള യുദ്ധം’ അമേരിക്കയുടെ സ്വാധീനം നിമിത്തം ഇന്ത്യൻ മാധ്യമങ്ങളും ഏറ്റെടുത്തുകഴിഞ്ഞിരുന്നു. പാർലമെന്റ് ആക്രമണവും മുംബൈയിൽ നടന്ന ഭീകരാക്രമണവും ഈ ആഖ്യാനത്തെ കൂടുതൽ സമ്പുഷ്ടമാക്കി. മുംബൈ ആക്രമണത്തിനു ശേഷം ഇസ്രായേലുമായുള്ള ബന്ധവും കൂടുതൽ ദൃഢമായി. ഇസ്ലാം ഭീകരത ഒരു നിത്യ വാർത്തവിഷയമാകുന്നത് ഇതോടെയാണ്.

മുസ്ലിം ന്യുനപക്ഷ രാഷ്ട്രീയത്തിന് നല്ല അടിവേരുകളുള്ള കേരളത്തിലാണ് ലവ് ജിഹാദ് ആരോപണം ആദ്യമായുണ്ടായതെന്നതിൽ അതിശയത്തിനു വകയില്ല.

രണ്ടു തവണ കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാർ അധികാരത്തിൽ വരികയും അതിനെതിരെ ഒരു വലതുപക്ഷ തരംഗം അലയടിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. യു പി എ സർക്കാരിനെതിരെ 2 ജി സ്പെക്ട്രം അഴിമതി ആരോപണം ഉന്നയിക്കുന്നതിനുമുമ്പേ മാധ്യമങ്ങളിലൂടെ വലതുപക്ഷ കേന്ദ്രങ്ങളിൽ നിന്നുണ്ടായ പ്രധാന വിമർശനം, 'ഭീകരതയെക്കെതിരെയുള്ള’ നിലപാടുകളിൽ കോൺഗ്രസ് സർക്കാരിനു മൃദുസമീപനമാണെന്നായിരുന്നു. ഭീകരതയെയും മുസ്ലിം വിരുദ്ധതയെയും മുൻനിർത്തി ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന് പുത്തനുണർവുണ്ടാകുന്ന ഘട്ടമാണിത്. ഹിന്ദു ഭീകരവാദവുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ പാർലമെന്റ് അംഗമായിരുന്ന സാധി പ്രഗ്യ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു, രണ്ടാം യു പി എ സർക്കാർ. അസീമാനന്ദയുടെയും സാധി പ്രഗ്യയുടെയും അറസ്റ്റ് ഇസ്ലാം ഭീകരതയെ മുൻനിർത്തിയുള്ള വലതുപക്ഷ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു.

അസീമാനന്ദയുടെയും സാധി പ്രഗ്യയുടെയും അറസ്റ്റ് ഇസ്ലാം ഭീകരതയെ മുൻനിർത്തിയുള്ള  വലതുപക്ഷ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു.
അസീമാനന്ദയുടെയും സാധി പ്രഗ്യയുടെയും അറസ്റ്റ് ഇസ്ലാം ഭീകരതയെ മുൻനിർത്തിയുള്ള വലതുപക്ഷ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു.

ഈ ഘട്ടത്തിലാണ്, യു പി എ സർക്കാരിനെതിരെ വമ്പിച്ച അഴിമതി ആരോപണം ഉയർത്തിയും ജൻലോകപാൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നത്. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വലിയൊരു ജനവിഭാഗം ഉൾപ്പെടെയുള്ള നഗരകേന്ദ്രിതമായ മധ്യവർഗങ്ങൾ അണ്ണാ ഹസാരെയുടെ സമരത്തിൽ സജീവമായി. സമരവേദിയിൽ സജീവമായി ഉണ്ടായിരുന്ന വ്യക്തികളാണ് അരവിന്ദ് കെജ്‌രിവാളും ബാബാ രാമദേവും. ഇന്ത്യയിലെ മാധ്യമങ്ങൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്ത പ്രക്ഷോഭമായിരുന്നു ഇത്. ലോകത്തിലെ മറ്റിടങ്ങളിൽ നടന്ന വസന്ത പ്രക്ഷോഭങ്ങൾക്കും ‘ഒക്യുപൈ വാൾ സ്ട്രീറ്റ്’ പോലുള്ള സമര രീതികൾക്കും സമാനമാണിതെന്നു വിശദീകരിക്കപ്പെട്ടു. തൊലിപ്പുറമെയുള്ള സാമ്യം മാത്രമേ വസന്തപ്രക്ഷോഭങ്ങളും ഇതുമായി ഉണ്ടായിരുന്നുള്ളൂവെങ്കിലും വമ്പിച്ച പ്രചാരണമാണ് ലഭിച്ചത്. എങ്കിലും എല്ലായിടത്തുമെന്ന പോലെ വലതുപക്ഷ രാഷ്ട്രീയത്തിന് അധികാരത്തിൽ വരാൻ അവസരമൊരുക്കുന്ന പണിയാണ് ഇവിടെയും നടന്നത്. ഈ പ്രക്ഷോഭത്തിൽ മുസ്‍ലിം- ദലിത് അസാന്നിധ്യം പ്രകടമായിരുന്നിട്ടും മാധ്യമങ്ങളുടെ ശ്രദ്ധയിൽ വന്നതേയില്ല എന്നു മാത്രമല്ല അപൂർവം ചില സാമൂഹ്യ നിരീക്ഷകർ ഒഴിച്ചാൽ മിക്കവാറും എല്ലാവരും ഈ പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വലിയൊരു ജനവിഭാഗം ഉൾപ്പെടെയുള്ള നഗരകേന്ദ്രിതമായ മധ്യവർഗങ്ങൾ അണ്ണാ ഹസാരെയുടെ സമരത്തിൽ സജീവമായി.
സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വലിയൊരു ജനവിഭാഗം ഉൾപ്പെടെയുള്ള നഗരകേന്ദ്രിതമായ മധ്യവർഗങ്ങൾ അണ്ണാ ഹസാരെയുടെ സമരത്തിൽ സജീവമായി.

തൊണ്ണുറുമുതൽ ഇങ്ങോട്ടുള്ള വലതുപക്ഷവൽക്കരണത്തിന്റെ ഘട്ടംഘട്ടമായ built up പ്രത്യേകമെടുത്തു പറയാനുള്ള കാരണം, ‘ലവ് ജിഹാദ്’ എന്ന ആരോപണം ഉന്നയിക്കപ്പെടുന്നതും ചർച്ചയാക്കപ്പെടുന്നതും നിയമപരമായ ദിശകളിലേക്ക് അതിനെ തിരിച്ചുവിടുന്നതും സാമ്രാജ്യത്വ അധീശത്വം പൂർണ തോതിൽ രാഷ്ട്രീയ വ്യവസ്ഥകളെ പിടിമുറുക്കുന്നതോടെയാണ്. മുസ്ലിം സമുദായം സവിശേഷ സാന്നിധ്യമായ കേരളം പോലുള്ള പ്രദേശത്ത് ‘ലവ് ജിഹാദ്’ ഒരു അജണ്ടയായി പ്രതിഷ്ഠിക്കപ്പെടുന്നത് ഗുജറാത്ത് കലാപത്തിനും ആഗോള ഭീകരതക്കെതിരെയുള്ള സാമ്രാജ്യത്വ പദ്ധതിക്കും വലതുപക്ഷ അധികാരാരോഹണത്തിന്റെയും മധ്യേയുള്ള ഒരു കാലഘട്ടത്തിലാണ്. മുസ്ലിം ന്യുനപക്ഷ രാഷ്ട്രീയത്തിന് നല്ല അടിവേരുകളുള്ള കേരളത്തിലാണ് ലവ് ജിഹാദ് ആരോപണം ആദ്യമായുണ്ടായതെന്നതിൽ അതിശയത്തിനു വകയില്ല. കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനും ഭൂരിപക്ഷ വർഗീയ രാഷ്ട്രീയത്തിന് അന്തരീക്ഷമൊരുക്കാനും ഉദ്ദേശിച്ചുളള ഈ നീക്കം മാധ്യമങ്ങളിലൂടെ തന്ത്രപരമായാണ് പ്രചരിപ്പിക്കപ്പെട്ടത്.

പരോക്ഷമായോ പ്രത്യക്ഷമായോ ന്യുനപക്ഷ 'പ്രീണനം’ ഉന്നയിച്ചിരുന്ന ഇംഗ്ലീഷ്- ഭാഷാ മാധ്യമങ്ങൾ സമകാലിക ചരിത്രത്തിലെ മുസ്ലിം അപരവത്കരണം ഒരു ജനതയെ കൊണ്ടെത്തിച്ചിരിക്കുന്ന ഏറ്റവും പരിതാപകരമായ അവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു.

കേരളത്തിൽ മുമ്പും എത്രയോ മിശ്രവിവാഹങ്ങൾ നടന്നിട്ടുണ്ട്. മിശ്രവിവാഹത്തിന്റെ ഭാഗമായി മതമാറ്റങ്ങൾ നടന്നിട്ടുണ്ട്. മതംമാറ്റ നിരോധന നീക്കങ്ങൾക്കെതിരെ ഏറ്റവും ശക്തമായ നിലപാട് വളരെ മുമ്പുതന്നെ കേരളത്തിൽ ക്രൈസ്തവ സമൂഹം പരസ്യമായി സ്വീകരിച്ചിട്ടുള്ളതാണ്. എഴുപതുകളിലെ ത്യാഗി സ്വകാര്യ ബില്ലിന്റെ കാലം മുതൽ ക്രൈസ്തവ സഭയ്ക്ക് ഈ നിലപാടാണുള്ളത്. എന്നാൽ ‘ലവ് ജിഹാദ്’ മിശ്ര വിവാഹത്തിനപ്പുറം ആഗോള ഭീകരതവിരുദ്ധ പദ്ധതിയുടെ ഭാഗമായി ആസൂത്രിതമായി മാധ്യമങ്ങളിലൂടെ ചർച്ചയായശേഷം കേരളത്തിലെ മതസ്പർധ തീവ്രമാവുകയായിരുന്നു. തീവ്രമാക്കുക തന്നെയായിരുന്നു ഈ അജണ്ടയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യവും. ജിഹാദ് എന്ന വ്യഞ്ജനത്തിലൂടെ ദീർഘകാലം നീണ്ടു നിൽക്കാവുന്ന മുസ്ലിം വിരുദ്ധ അജണ്ടയാണ് സെറ്റ് ചെയ്യപ്പെട്ടത്. ‘ലവ് ജിഹാദ്’, മുസ്ലിം ഭീകരതയുമായി ബന്ധപ്പെട്ട അനുബന്ധ ഇന്റലിജൻസ് വാർത്ത എന്ന നിലയിലാണ് ആദ്യം അവതരിപ്പിക്കപെട്ടത്. സാമൂഹ്യ പ്രശ്നമായി സംഘ് പരിവാറും ക്രൈസ്തവ സംഘടനകളും അതേറ്റടുക്കുന്നത് പിന്നെയാണ്. ലവ് ജിഹാദ് വൈകാതെ ദേശീയ വിഷയമായി അവതരിപ്പിക്കപ്പെട്ടു. ഒപ്പം കേരളം ഇസ്ലാമിക ഭീകരവാദത്തിന്റെ കേന്ദ്രമാണെന്ന വ്യാജ പ്രചാരണത്തിനും തുടക്കമായി.

പരോക്ഷമായോ പ്രത്യക്ഷമായോ ന്യുനപക്ഷ 'പ്രീണനം’ ഉന്നയിച്ചിരുന്ന ഇംഗ്ലീഷ്- ഭാഷാ മാധ്യമങ്ങൾ സമകാലിക ചരിത്രത്തിലെ മുസ്ലിം അപരവത്കരണം ഒരു ജനതയെ കൊണ്ടെത്തിച്ചിരിക്കുന്ന ഏറ്റവും പരിതാപകരമായ അവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നുവെന്നത് മാത്രമല്ല അപരവൽക്കരണത്തിനു നിദാനമാകുന്ന മുസ്ലിംകളെ വക്രീകരിക്കുന്നവിധമുള്ള പ്രതിനിധാനം ആവർത്തിക്കുകയും ചെയ്യുന്നു. ഇതിനായി പൊതുധാരാ മാധ്യമങ്ങൾ അവലംബിക്കുന്ന രീതികൾ മനസ്സിലാക്കപ്പെടേണ്ടതാണ്.

മുസ്ലിം വാർപ്പുമാതൃകക്ക് ആധാരമാകുന്ന നല്ല മുസ്ലിം / ചീത്ത മുസ്ലിം എന്ന ചിത്രീകരണം ആവർത്തിച്ച് സ്ഥിരപ്പെടുത്തിയത് പ്രധാനമായും ചലച്ചിത്രം എന്ന ബഹുജനമാധ്യമത്തിലൂടെയാണ്. ദേശിയവാദി മുസ്ലിം / മതവാദിയായ (രാജ്യസ്നേഹിയല്ലാത്ത) മുസ്ലിം എന്നവിധമുള്ള സോഷ്യൽ ട്രോപ് ആദ്യമേ രൂപപ്പെടുത്തി വെച്ചിരുന്നു. ഭൂരിപക്ഷ ദേശീയതയെ അംഗീകരിക്കുകയും അതിനനുസൃതമായി പെരുമാറുകയും ചെയ്യുന്ന മുസ്ലിം വ്യക്തിത്വത്തെ നല്ലതെന്നും എന്നാൽ അതിൽനിന്ന് ഭിന്നമായി സ്വത്വപരമായ വ്യത്യസ്തയിലൂന്നൂന്നവരൊക്കെ ഭൂരിപക്ഷ ദേശീയതുടെ പുറത്തുനിൽക്കുന്ന സംശയദൃഷ്ടിയാൽ വീക്ഷിക്കാവുന്ന മുസ്ലിം വ്യക്തിത്വവുമായി അധീശത്വത്തിന്റെ നോട്ടത്തിൽ. ഈ നോട്ടമാണ് മാധ്യമങ്ങൾക്ക് പകർന്നുനൽകപ്പെട്ടത്. ഈ നോട്ടത്തിലൂടെ കാണുന്നതൊക്കെ വാർപ്പുമാതൃകയ്ക്ക് അവലംബമായി. വിഭജനാനന്തരം മുസ്ലിം ന്യുനപക്ഷ സമുദായങ്ങളെ ഈ നിലയിൽ കാണുകയും ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണതയാണ് ചലച്ചിത്രങ്ങളിലൂടെ വ്യാപാരിച്ചത്. ഇതിന്റെ തുടർച്ച എന്ന നിലയിലാണ് മാധ്യമങ്ങളിൽ മുസ്ലിം കഥാപാത്രങ്ങളെ അപഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന ചിത്രീകരണ പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. മതനിഷ്ടകൾ മുതൽ വസ്ത്രധാരണം വരെ പരിഹാസ്യതയ്ക്ക് പാത്രമായി. ആധുനികവൽക്കരിക്കപ്പെടാതെ ദേശീയ മുഖ്യധാരയിലേക്ക് ചേരാൻ വിസ്സമ്മതിക്കുന്ന ജനത എന്ന നിലയിലാണ് ഈ പ്രതിനിധാനം നടന്നത്.


നാഗരികമല്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, പൗരോഹിത്യത്തിന്റെ പിടിയിലകപ്പെട്ട ജനത എന്ന നിലയിലുള്ള ചിത്രീകരണം പരിഹാസ്യതയുടെ പ്രകൃതമുള്ളതായിരുന്നു. ഉച്ചനീചത്വ ഘടനയിൽ ദേശീയ വ്യക്തിത്വത്തിന് ശ്രേണിയിൽ താഴെ നിൽക്കുന്ന വ്യക്തിത്വമായാണ് മുസ്ലിം അവതരിപ്പിക്കപ്പെട്ടത്. പാശ്ചാത്യ വേഷവിധാനങ്ങൾ അണിഞ്ഞുവരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾ അധോലോക ബന്ധങ്ങളുവരൊക്കെയായും പ്രതിനിധീകരിക്കപ്പെട്ടു. പൊതുപ്രവണതയിൽ നിന്ന് വ്യത്യസ്തമായ പ്രതിനിധാനങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല, മറിച്ച്, ഈ അപമാനിക്കൽ (humiliation ) ലക്ഷ്യം വെച്ചുള്ള ആവിഷ്ക്കാരങ്ങൾ ഭൂരിപക്ഷ സമുദായം ആന്തരവൽക്കരിക്കുന്നതോടെ ഉണ്ടാകുന്ന സാമൂഹിക അകൽച്ച, സ്പർധയിലേക്ക് നീങ്ങാൻ അധികം കാലം വേണ്ടിവന്നേക്കില്ല. അത്തരം സ്പർദ്ധയുടെ അന്തരീക്ഷത്തിൽ ഒരു ജനവിഭാഗത്തെ കൂട്ടം ചേർന്നാക്രമിക്കുന്നത് സാമൂഹിക തിന്മയോ അനീതിയായായോ തിരിച്ചറിയപ്പെടുകയുമില്ല. മാത്രമല്ല സഹസ്രാബ്ദങ്ങളോളം ജാതിബോധം പേറിനടക്കുന്ന, സാംസ്കാരികമായി വളരെ പിന്നാക്കം നിൽക്കുന്ന ജാതിബദ്ധ ഭൂരിപക്ഷ സമുദായത്തിലെ അംഗങ്ങൾക്ക് അപരഹിംസ അനീതിയാണെന്ന ബോധമുണ്ടാകാനുള്ള സാധ്യതയും കുറവായിരിക്കും.

മതനിഷ്ടകൾ മുതൽ വസ്ത്രധാരണം വരെ പരിഹാസ്യതയ്ക്ക് പാത്രമായി. ആധുനികവൽക്കരിക്കപ്പെടാതെ  ദേശീയ മുഖ്യധാരയിലേക്ക് ചേരാൻ വിസ്സമ്മതിക്കുന്ന ജനത എന്ന നിലയിലാണ് ഈ പ്രതിനിധാനം നടന്നത്.
മതനിഷ്ടകൾ മുതൽ വസ്ത്രധാരണം വരെ പരിഹാസ്യതയ്ക്ക് പാത്രമായി. ആധുനികവൽക്കരിക്കപ്പെടാതെ ദേശീയ മുഖ്യധാരയിലേക്ക് ചേരാൻ വിസ്സമ്മതിക്കുന്ന ജനത എന്ന നിലയിലാണ് ഈ പ്രതിനിധാനം നടന്നത്.

കീഴാള ജനതയെ അമർച്ച ചെയ്യാൻ ഏറ്റവും വിദഗ്‌ധമായി തന്നെ ഉപയോഗിച്ചിട്ടുള്ളതാണ് അപമാനിക്കലിന്റെ രീതികൾ. സവർണ ജ്ഞാനവ്യസ്ഥയുടെ ഭാഗമാണ് അപമാനിക്കാനുള്ള തന്ത്രവുമെന്നു തോന്നുന്നു. ഓരോ സന്ദർഭത്തിനനുസരിച്ചും അപമാനിക്കാനുള്ള ഏതുതന്ത്രവും ഉപരിജാതികൾക്ക് സ്വാഭാവികമായും വന്നുചേരും. ഒരു ഘട്ടം വരെ സവർണ്ണരുടെ ഹാസ്യ മികവായി മാധ്യമങ്ങൾ തന്നെ ഈ അപമാനിക്കൽ തന്ത്രത്തെ വ്യാഖ്യാനിച്ചുവെച്ചിരുന്നു. അപമാനിക്കൽ ഒരു മാധ്യമതന്ത്രം കൂടിയായി മാറുന്നു. ഈ അപമാനിക്കലിന് അന്തർലീനമായ ഘടകങ്ങളെ സൂക്ഷിച്ചുനോക്കിയാൽ ശുദ്ധ- അശുദ്ധി സങ്കൽപ്പങ്ങൾ അതിൽ സന്നിഹിതമായിരിക്കുന്നത് കാണാം. വംശീയമാണ് ഇതെന്ന് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യമില്ല. ശ്രേണീവ്യവസ്ഥകളെ പുനഃസ്ഥാപിക്കുകയാണ് ഇതിന്റെ ആന്ത്യന്തിക ലക്ഷ്യം. സംവരണ വിരുദ്ധതയെക്കുറിച്ചുള്ള ചർച്ചകളിൽ തന്നെ ‘മെറിറ്റ്’ എന്ന ഘടകം ആവർത്തിച്ചുപയോഗിക്കുന്നത് അപമാനിക്കൽ പ്രക്രിയക്ക് ആക്കംകൂട്ടാൻ വേണ്ടിയാണെന്ന് സംശയിക്കാവുന്നതാണ്. മെറിറ്റ് തന്നെ അടിസ്ഥാനപരമായി സാമൂഹ്യവും സംസാകാരികവുമായ മൂലധനത്തിന്റെ ഉല്പന്നമായിരിക്കെ ഈ ചരിത്രയാഥാർഥ്യത്തെ പരിപൂർണമായും മൂടിവെച്ച്, അറിവിന്റെയും / പഠനത്തിന്റെയും ഘടകങ്ങളാണ് 'മെറിറ്റി’ന്റെ ഘടകങ്ങളെ നിർണയിക്കുന്നതെന്ന് വരുത്തിതീർക്കുന്നു. അപമാനിക്കൽ- അപരവൽക്കരണ പ്രക്രിയയുടെ ഭാഗമാണിത്.

വ്യത്യസ്തയല്ലല്ല ഇവിടെ ഊന്നൽ, പകരം ഒഴിവാക്കലും അകറ്റിനിർത്തലുമാണ്. മാധ്യമ പ്രതിനിധാനങ്ങളിൽ ആവർത്തിക്കപ്പെടുന്ന ഒന്നാണ് അപമാനിക്കൽ (humiliation). പൂർണ പൗരത്വത്തിന്റെ അഭാവം എന്ന നിലയിലാണ് മുസ്ലിം ജീവിതവ്യവസ്ഥകളെ പലപ്പോഴും മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. ഇതിന്റെ തുടർച്ച തന്നെയാണ് സമുദായങ്ങളെയും വ്യക്തികളെയും പിശാചുവക്കരിക്കുക (Demonise) എന്നത്. സമുദായങ്ങളെയും വ്യക്തികളെയും മാത്രമല്ല ഒരു ഭൂപ്രദേശത്തെ തന്നെ ഈ രീതിയിൽ പിശാചുവൽക്കരിച്ച അനുഭവം മലയാളിക്ക് സുപരിചിതമാണ്.

മുസ്ലിം ജനത കൂടുതൽ അധിവസിക്കുന്നു എന്ന കാരണത്താലാണ് മലപ്പുറം പ്രദേശം ദേശീയ മാധ്യമങ്ങളിൽ തന്നെ പലപ്പോഴും വ്യവഹാരികമായി കുഴപ്പം പിടിച്ച പ്രദേശമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. പാലക്കാട് അതിർത്തിയിൽ ഒരാന കൊല്ലപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തെ അപലപിച്ച് പരിസ്ഥിതി- മൃഗ സ്നേഹിയായ മുൻ കേന്ദ്രമന്ത്രി മേനക ഗാന്ധി നടത്തിയ പ്രസ്താവനയിൽ ആനയുടെ കൊലയുടെ ഉത്തരവാദിത്തം മലപ്പുറം പ്രദേശത്തിന്റെ ഡെമോഗ്രഫിയ്ക്ക് ചാർത്തികൊടുക്കുകയാണ് ചെയ്തത്. ഒന്നാമതായി, ദൗർഭാഗ്യകരമായ ഈ സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. രണ്ടാമത്, അതിന്റെ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കുന്നതിനു പകരം വർഗീയ പ്രചാരത്തിനാണ് മുൻമന്ത്രി ഈ സംഭവത്തെ ഉപയോഗിച്ചത്. പ്രകൃതി- വന്യജീവി സ്നേഹം വിദ്വേഷപ്രചരണത്തിന് അവസരമാക്കുകയായിരുന്നു.

പാലക്കാട് അതിർത്തിയിൽ ഒരാന കൊല്ലപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തെ അപലപിച്ച്  മേനക ഗാന്ധി നടത്തിയ പ്രസ്താവനയിൽ ആനയുടെ കൊലയുടെ ഉത്തരവാദിത്തം മലപ്പുറം പ്രദേശത്തിന്റെ ഡെമോഗ്രഫിയ്ക്ക് ചാർത്തികൊടുക്കുകയാണ് ചെയ്തത്.
പാലക്കാട് അതിർത്തിയിൽ ഒരാന കൊല്ലപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തെ അപലപിച്ച് മേനക ഗാന്ധി നടത്തിയ പ്രസ്താവനയിൽ ആനയുടെ കൊലയുടെ ഉത്തരവാദിത്തം മലപ്പുറം പ്രദേശത്തിന്റെ ഡെമോഗ്രഫിയ്ക്ക് ചാർത്തികൊടുക്കുകയാണ് ചെയ്തത്.

മലപ്പുറത്തെ മുൻനിർത്തിയുള്ള വ്യംഗ്യാർത്ഥ സൂചകമായ മാധ്യമ റിപ്പോർട്ടിങ്ങാണ് ഇത്തരം വിദ്വേഷഭാഷണത്തിന് സാഹചര്യമുണ്ടാക്കിയത്. മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി. എസ്. അച്യുതാനന്ദൻ മലപ്പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ഉന്നത റാങ്കുകൾ സ്ഥിരമായി നേടിക്കൊണ്ടിരുന്നപ്പോൾ അതിൽ സംശയം പ്രകടിപ്പിച്ചൊരു സംഭവമുണ്ടായിട്ടുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാർ മാത്രം നടത്തുന്ന ഭൂപ്രദേശത്തിന്റെ പിശാചുവൽക്കരണം മാത്രമല്ല ഇതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഭൂരിപക്ഷ സമുദായ ഏകീകരണത്തിനുള്ള ഒരു രാഷ്ട്രീയവിദ്യയായും ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആദ്യഘട്ട വാർത്തകൾ നൽകുന്ന വേളയിൽ, കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ടെലിവിഷൻ ചാനൽ രാഷ്ട്രീയ കൊലപാതക ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിറകിൽ ഒട്ടിച്ചിരുന്ന അറബി ഭാഷയിലെ സ്റ്റിക്കർ മുൻനിർത്തി, അന്വേഷണത്തെ യഥാർത്ഥ പ്രതികളിൽ നിന്ന് വഴിതിരിച്ചു വിടാൻ നടത്തിയ ശ്രമം തികച്ചും വികൃതമായ സമീപനമായിരുന്നു. അറബി ഭാഷയിലെ സ്റ്റിക്കറിന്റെ ദൃശ്യം കാണിച്ച് ഭീകരവാദ പ്രവർത്തനമാണെന്ന മട്ടിൽ അതിനൊരു സാമുദായിക ട്വിസ്റ്റ് നൽകാൻ ദുർബലമായ ശ്രമം നടത്തുകയായിരുന്നു. സ്വയം രക്ഷപ്പെടാൻ മുസ്ലിം സമുദായത്തെ പിശാചുവൽക്കരിക്കുന്ന രീതി അവലംബിക്കാൻ ഇടതുപക്ഷത്തിന്റെ 'സെക്യുലർ’ രാഷ്ട്രീയം തടസമായില്ലെന്നാണ് ഇവിടെ കാണേണ്ടത്.

മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി. എസ്. അച്യുതാനന്ദൻ, മലപ്പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ഉന്നത റാങ്കുകൾ സ്ഥിരമായി നേടിക്കൊണ്ടിരുന്നപ്പോൾ അതിൽ സംശയം പ്രകടിപ്പിച്ചൊരു സംഭവമുണ്ടായിട്ടുണ്ട്
മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി. എസ്. അച്യുതാനന്ദൻ, മലപ്പുറത്തുനിന്നുള്ള വിദ്യാർത്ഥികൾ ഉന്നത റാങ്കുകൾ സ്ഥിരമായി നേടിക്കൊണ്ടിരുന്നപ്പോൾ അതിൽ സംശയം പ്രകടിപ്പിച്ചൊരു സംഭവമുണ്ടായിട്ടുണ്ട്

വിദ്വേഷ ഭാഷണം

ന്യൂനപക്ഷ സമൂഹങ്ങളെ പൈശാചികവലക്കരിക്കുന്ന പ്രസ്താവനകളിറക്കുന്നതുതന്നെ, പൊതുധാരാ മാധ്യമങ്ങൾ വിവാദാസ്പദമായ വാർത്തകൾ എന്ന നിലയിൽ അതേറ്റെടുക്കുമെന്ന് രാഷ്ട്രീയക്കാർക്ക് നന്നായി അറിയാവുന്നതുകൊണ്ടുകൂടിയാണ്. മാധ്യമങ്ങൾ നിഷ്കളങ്ക ഭാവേന ഇത് റിപ്പോർട്ട് ചെയ്യുമ്പോൾ സംഭവിക്കുന്നത്, ഇങ്ങനെയുള്ള മനുഷ്യവിരുദ്ധ ആശയങ്ങൾക്ക് ബോധപൂർവമായ പ്രചാരണം ലഭിക്കുന്നുവെന്നാണ്. മുസ്ലിം 'ട്വിസ്റ്റ്" വാർത്തകളിൽ കടന്നുവരുന്നത് ഇങ്ങനെയാണ്. മാധ്യമങ്ങൾ തിരിച്ചുന്നയിക്കുന്ന കാര്യം, വാർത്തകൾ റിപ്പോർട്ട് ചെയ്യാതെ ഒഴിവാക്കുന്നത് മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ ലംഘിക്കുന്ന രീതിയല്ലേ എന്നാണ്. വിദ്വേഷ ഭാഷണങ്ങൾ അതേനിലയിൽ റിപ്പോർട്ട് ചെയ്യുന്നതും മാധ്യമ നൈതികതയ്ക്ക് നിരക്കാത്തതാണ്. പ്രശ്നം, ഒരു ബഹുമത / ബഹുസംസ്കാര സമൂഹത്തിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഏറെ ജാഗ്രതയും സെൻസിറ്റിവിറ്റിയും പുലർത്താൻ മാധ്യമ പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണ്. സാമൂഹികമായ സംഘർഷാവസ്ഥ റിപ്പോർട്ടു ചെയ്യുന്ന വേളയിൽ മതപരമാണ് സംഘർഷമെങ്കിൽ മതങ്ങളുടെ പേര് സൂചിപ്പിക്കാതെ റിപ്പോർട്ട് ചെയ്യുന്ന രീതിയാണ് പൊതുവിൽ പിന്തുടരാറ്. മതങ്ങളുടെ പേര് പരാമർശിക്കേണ്ടിവന്നാൽ തന്നെ വികാരങ്ങളെ ബാധിക്കാത്ത വിധം റിപ്പോർട്ട് ചെയ്യണമെന്നാണ്. അതാണ് നൈതികമായ മാധ്യമ പ്രവർത്തനം അവലംബിക്കേണ്ട രീതി എന്നത് മാധ്യമ കൂട്ടായ്‌മകൾ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിലയിൽ കാര്യമായ മാറ്റം വരുന്നത് സാമൂഹ്യ മാധ്യമങ്ങൾ നിർണായക സ്വാധീനമാകുന്നതോടെയാണ്. എന്നാൽ സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകളുടെ ഉടമസ്ഥ സ്ഥാപനങ്ങളായ മെറ്റാവേഴ്സും ട്വിറ്ററും ഗൂഗിളും അവരുടെ സാങ്കേതികവിദ്യാ വേദികളിലൂടെയുള്ള വിദ്വേഷ വിനിമയങ്ങൾ നിയന്ത്രിക്കാൻ ബാധ്യതപ്പെട്ടവരാണ്. പക്ഷെ പലപ്പോഴും ബോധപൂർവമായ നിസ്സഹായത നടിക്കുകയാണ് കോർപറേറ്റ് മാധ്യമ സ്ഥാപനങ്ങൾ സ്ഥിരം സ്വീകരിക്കുന്ന പ്രതികരണരീതി. ഫേസ്‌ബുക്കിന്റെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ, വിദ്വേഷ ഭാഷണത്തിന് അനുകൂലമായ സമീപനം സ്വീകരിച്ചുവെന്ന വാർത്ത ആന്തലുണ്ടാക്കുന്നതായിരുന്നു.

നാഗരികമല്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, പൗരോഹിത്യത്തിന്റെ പിടിയിലകപ്പെട്ട ജനത എന്ന നിലയിലുള്ള ചിത്രീകരണം പരിഹാസ്യതയുടെ പ്രകൃതമുള്ളതായിരുന്നു.
നാഗരികമല്ലാത്ത, വിദ്യാഭ്യാസമില്ലാത്ത, പൗരോഹിത്യത്തിന്റെ പിടിയിലകപ്പെട്ട ജനത എന്ന നിലയിലുള്ള ചിത്രീകരണം പരിഹാസ്യതയുടെ പ്രകൃതമുള്ളതായിരുന്നു.

മാധ്യമങ്ങൾ വിചാരിച്ചാൽ, പൊതു മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രസ്താവനകളെ നിയന്ത്രിക്കാനാകും. പക്ഷെ അതുകൊണ്ട് വിദ്വേഷ ഭാഷണങ്ങൾ നിലയ്ക്കണമെന്നില്ല. വിദ്വേഷ ഭാഷണങ്ങൾ എന്ന നിലയിൽ അന്യമത വിരോധം പ്രചരിപ്പിക്കുന്ന ആശയങ്ങൾ നിയന്ത്രിക്കപ്പെടുമെന്നുള്ളതിനാൽ അതിനെ മറികടക്കാൻ പഴയതും പുതിയതുമായ കുരുട്ടു പ്രയോഗങ്ങൾ ഹിന്ദുത്വ ഉൾപ്പെടെയുള്ള ആഗോള വലതുപക്ഷ ആശയപ്രചാരകർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പ്രധാനമാണ് ന്യൂനപക്ഷ സമുദായങ്ങളെയും കുടിയേറ്റ സമൂഹങ്ങളെയും ആധുനിക വിരുദ്ധരായുള്ള (anti modern) ചിത്രീകരിക്കൽ. പാശ്ചാത്യ നാടുകളിൽ ഇത് സ്ഥിരം മാതൃകയായി ഉപയോഗിക്കുന്നു. ഡാനിഷ് പത്രമായ ജൈലാൻഡ്‌സ് പോസ്റ്റും, ഫ്രഞ്ച് ഹാസ്യ പ്രസിദ്ധീകരണമായ ചാർളി ഹെബ്‌ഡോയും ഇത്തരം ആവിഷ്ക്കാരങ്ങൾക്ക് പ്രാമുഖ്യം നൽകിയിരുന്നു. വംശീയ വിദ്വേഷത്തെ സെക്യുലറിസത്തിന്റെ ആധുനികമായ ഭാഷയിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരുന്നത്. മാത്രമല്ല അതിനെതിരെയുള്ള അപലപനങ്ങളെ രൂക്ഷമായ പ്രതികരണങ്ങളിലൂടെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിച ഉപയോഗിച്ചുമാണ് പ്രസ്തുത മാധ്യമങ്ങൾ നേരിട്ടത്. കുടിയേറ്റ ജനതയെ മധ്യകാല വേഷവിധാനങ്ങളിൽ ചിത്രീകരിച്ചും മതചിഹ്നങ്ങളെ തന്നെ വക്രീകരിച്ചും ഭീകരവാദപ്രകൃതവുമായി ആവിഷ്ക്കരിക്കുക വഴി പാശ്ചാത്യ വായനാസമൂഹത്തിന് പ്രിയങ്കരമാക്കി​യും ഇതര സമൂഹങ്ങളെ നിരന്തരമായി പ്രകോപിപ്പിക്കുകയും ചെയ്താണ് ഇത്തരം മാധ്യമ സ്റ്റീരിയോടൈപ്പിങ് നടത്തുന്നത്. സ്കൂൾ യൂണിഫോമിനെ ആധുനീകരിക്കപ്പെട്ട വസ്ത്രധാരണമായി ചിത്രീകരിച്ചാണ് ഹിജാബ് ധരിക്കുന്നത് ഭരണകൂടം വിലക്കുന്നത്. ആധുനികത തന്നെ വിഭജിക്കാനുള്ള തന്ത്രമായി മാറുകയാണ്. ഫ്രാൻസിൽ സർകോസിയുടെ ഭരണകാലത്തിലും പിന്നീട് ഇമ്മാനുവൽ മാർക്കോൺ ഭരിക്കുമ്പോഴും ഈ സമീപനം നിയമവിധേയമാക്കുകയായിരുന്നു.

സെക്യുലറിസത്തിന് നിരക്കാത്തത് എന്ന നിലയിലാണ് ഹിജാബ് ധരിക്കുന്നത് വ്യവസ്ഥപ്പെടുത്തുന്നത്. ഹിജാബ് എന്ന വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട വ്യാജ വാർത്തകളാണ് മിക്കവാറും പ്രചരിപ്പിക്കപ്പെടുന്നത്. സ്കൂൾ യൂണിഫോമിനെ ഏതെങ്കിലും മതസംഘടനയോ വിദ്യാർഥിനികളോ എതിർത്തിട്ടില്ല. തലയിൽ സ്കാർഫ് ധരിക്കുന്നതാണ് ഇവിടെ പ്രത്യേകമായ വസ്ത്രധാരണമാകുന്നത്. മറ്റു മതചിഹ്നങ്ങളൊക്കെ ആധുനികതയുടെ ഭാഗമായി സ്വീകരിക്കപ്പെടുമ്പോൾ ഹിജാബിനെ എന്തിനാണ് മാറ്റിനിർത്തുന്നത് എന്നാണ് പ്രസക്തമായ ചോദ്യം. എന്നാൽ, മാധ്യമങ്ങൾ ഹിജാബിന്റെ പ്രതിനിധാനത്തെ ഈ രീതിയിൽ ചർച്ച ചെയ്യാൻ തയ്യാറായില്ല. പകരം, മാധ്യമങ്ങളും ആധുനികത സൃഷ്ടിക്കുന്ന പൊതുസമീകരണത്തിന്റെ ഭാഷയാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. മാധ്യമങ്ങളുടെ പ്രതിപാദ്യങ്ങളിൽ സെക്യുലറിസം എന്നാൽ പൊതുസമീകരണമാണ്; വ്യത്യസ്തതകളെ അംഗീകരിക്കലല്ല. ഏതു രാഷ്ട്രത്തിന്റെയായാലും അവിടെ നിലനിൽക്കുന്ന ഭൂരിപക്ഷാത്മക സമൂഹത്തിന്റെ ശീലങ്ങളെ ഉൾക്കൊള്ളുന്നതാണ് അതാതിടങ്ങളിൽ വികസിതമായ ആധുനികതയും അതിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്ന പൊതുസമീകരണവും. അങ്ങനെ വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്ന- അതായത് ഭൂരിപക്ഷാത്മകതയുടെ അടയാളങ്ങളും പ്രതീകങ്ങളും സ്വീകാര്യമാവുന്ന, എന്നാൽ ഇതേ ആധുനികതയിൽനിന്ന് ഒരു വിഭാഗം ജനതയുടെ പ്രതീകങ്ങളെ നിഷ്ക്കാസനം ചെയ്യുന്ന- ആധുനികത അങ്ങനെ ഒഴിവാക്കലിന്റെ (exclusion) പ്രക്രിയാകുന്നു.

ഒഴിവാക്കാലോടെ അവസാനിക്കുന്നതല്ല പ്രശ്നം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ ബൈലോയിൽ രേഖപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾ നടപ്പാക്കുന്നതിന് സ്ഥാപനപരമായ പരിധികളുണ്ടെങ്കിലും കോടതികൾ പ്രസ്തുത ബൈലോകൾ റദ്ദാക്കിയില്ലെങ്കിൽ അതിന് നിയമ സാധുത കൈവരുന്നു. പൊതുവിൽ ബൈലോകളിൽ അന്തർലീനമായ മുൻവിധികൾ മാധ്യമ ചർച്ചകളിൽ പരിഗണിക്കാറില്ല. പകരം, ബൈലോ തന്നെ വിശുദ്ധമായ ഭരണഘടന എന്ന നിലയിലാണ് വാർത്തകളിൽ പ്രാധാന്യം നേടാറ്. ബൈലോയുടെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നവരെ 'പൊതുതാല്പര്യങ്ങൾക്ക്’ വിരുദ്ധമായി നിൽക്കുന്നവരായി കള്ളിചേർക്കപ്പെടുന്നു. മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിയുടെ മറ്റൊരു പ്രശ്നവും ഇതിൽ അന്തഃസ്ഥിതമാണ്. അപ്പോഴപ്പോഴത്തെ വാർത്തകൾ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രാധാന്യം. ഇതാണ് ബ്രേക്കിംഗ് ന്യൂസ് സംസ്കാരം. ഓരോ വിഷയത്തിന്റെയും അന്തർധാരകളിൽ സൂക്ഷ്മമായി കാണാവുന്ന ചരിത്രപ്രക്രിയകളെ മാധ്യമങ്ങൾ ഒഴിവാക്കുകയാണ് പതിവ്. ഒരുപക്ഷേ സമയമെടുത്ത് പഠിക്കേണ്ട ഒരു വിഷയത്തെ പ്രേക്ഷകർക്കായി പെട്ടെന്ന് അവതരിപ്പിക്കുമ്പോൾ അതിൽ ചോർന്നു പോകുന്നത്, പ്രധാനപ്പെട്ട പല വസ്തുതകളുമായിരിക്കും.

ചീത്രീകരണം : ജാസില ലുലു
ചീത്രീകരണം : ജാസില ലുലു

ഉദാഹരണത്തിന് ഹിജാബ് ധരിക്കലുമായി ബന്ധപ്പെട്ട നിയമപ്രക്രിയ നോക്കുക. എന്താണോ നിയമം അത് അനുശാസിക്കുന്നവിധമുള്ള ആധുനിക വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ നിയമനടപടി തന്നെ നേരിടേണ്ടി വരും എന്നതാണ്. ഹിജാബിന്റെ കാര്യത്തിലാണെങ്കിൽ സ്കൂൾ ബൈലോ എന്നതിനപ്പുറം അത് കോടതി ഉത്തരവായി ഇന്ന് മാറിയിരിക്കുന്നു. കോടതി ഉത്തരവിന്റെ ലംഘനം സിവിൽ നടപടികൾ ക്ഷണിച്ചുവരുത്തും. ഇത് സിവിൽ നിയമങ്ങളുടെ ലംഘനത്തിന്റെ പരിധിയിലാണ് നിൽക്കുന്നതെങ്കിൽ ദേശവിരുദ്ധത പോലെ, കൂടുതൽ കർക്കശമാർന്ന കൊളോണിയൽ കാലം മുതൽക്കേയുള്ള നിയമങ്ങൾ, ക്രിമിനൽ നടപടികളാണ് ക്ഷണിച്ചുവരുത്തുക. ഒരു സിവിൽ പ്രശ്നത്തെ വക്രീകരിച്ച് രാജ്യസ്നേഹത്തിന്റെ പ്രശ്നമായി മാറ്റുന്നതിൽ മാധ്യമ വ്യവഹാരങ്ങൾക്കും സവിശേഷ പങ്കുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സവിശേഷ പ്രശ്നത്തെ ദേശീയതയുടെ പ്രശ്നമായി വക്രീകരിക്കുന്നതിനു പിറകിലെ സ്ഥാപിത താല്പര്യങ്ങൾക്ക് മാധ്യമങ്ങൾ സാധുത നൽകുകയാണ്. വാസ്തവത്തിൽ, വ്യവഹാര കോടതിയുടെ സ്വഭാവം തന്നെ മാധ്യമങ്ങൾ ഏറ്റെടുക്കുന്നു.

മുമ്പ് വളരെ അപൂർവമായി മാത്രം കേട്ടുവന്നിരുന്ന 'രാജ്യദ്രോഹ' ആരോപണങ്ങൾ ഇന്ന് ദൈനദിന ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കെതിരെ രാജ്യദ്രോഹത്തിനുള്ള ക്രിമിനൽ കുറ്റമാണ് ചുമത്തപ്പെട്ടത്. ദേശവിരുദ്ധതയും (Anti National) ആരോപിക്കപ്പെട്ടു. ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മാച്ച് നടക്കുന്ന സമയങ്ങളിലെല്ലാം ദേശക്കൂറില്ലായ്മയുടെയും ദേശവിരുദ്ധതയുടെയും
ആരോപണങ്ങൾ ഉയർത്ത​പ്പെടും. ഇത്തരം വിദ്വേഷ ആരോപണങ്ങൾക്കും അതിക്രമ ഭാഷണങ്ങൾക്കും ഇടം നൽകുന്നു എന്നതാണ് മാധ്യമങ്ങൾ ഇതിൽ വഹിക്കുന്ന പങ്ക്.

മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി റിപ്ലബ്ലിക് ദിനത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ആസ്ഥാനമായ ഒരു സംഘടന നടത്തിയ വെർച്വൽ സംവാദത്തിൽ, ഇന്ത്യയിലെ ന്യുനപക്ഷ ജനവിഭാഗം നേരിടുന്ന വംശീയ ആക്രമണത്തെക്കുറിച്ച് നടത്തിയ പരാമർശം വലതുപക്ഷ ദൃശ്യമാധ്യമങ്ങളിലൂടെ ആക്രമിക്കപ്പെട്ടു. ജാമിയ മിലിയ ഇസ്ലാമിയ വൈസ് ചാൻസലറായിരുന്ന ഒരു വ്യക്തിയാണ് രാമചന്ദ്ര ഗുഹയും അമർത്യ സെന്നും പോലുള്ള പൊതുബുദ്ധിജീവികൾ ഉന്നയിക്കാറുള്ള വിമർശനം ഉയർത്തിയതിന് വലതുപക്ഷ ദൃശ്യമാധ്യമങ്ങളുടെ കഠിനമായ അധിക്ഷേപങ്ങൾക്ക് വിധേയനാകേണ്ടിവന്നത്.

ദേശവിരുദ്ധത ഉയർന്ന ഒരു ആരോപണമാണ്. കാരണം ക്രിമിനൽ നടപടികൾ തന്നെ നേരിടാവുന്ന പ്രശ്നസങ്കീർണതകളാണ് വ്യക്തികൾ നേരിടേണ്ടി വരിക. ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെയുള്ള വിമർശനം ഉന്നയിക്കവേ കോവിഡ് വൈറസ് ബാധയെ മുൻനിർത്തി ‘ബയോവെപ്പൺ’ എന്ന പരാർശനത്തിന് ക്രിമിനൽ കുറ്റമാണ് ആയിഷ സുൽത്താനക്കെതിരെ ആരോപിക്കപ്പെട്ടത്. ദേശകൂറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മാധ്യമ വ്യവഹാരങ്ങളുടെ ഭാഗമാവുന്നതോടെ ഒരു സമുദായത്തെ തന്നെ സംശയാസ്പദമായ രീതിയിൽ പ്രതിസ്ഥാനത്തു നിർത്താൻ സാധിക്കുന്നു. സംശയാസ്പദ സമുദായമായി വക്രീകരിക്കപ്പെടുന്നതിന്റെ കുയുക്തി അനുസരിച്ചു എല്ലാവരും ഭീകരവാദികളല്ല, എന്നാൽ ഭീകരവാദികളെല്ലാം പ്രത്യേക സമുദായത്തിൽപ്പെട്ടവരാണ് എന്നാണ്.

മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി
മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി

ഈയിടെ കേട്ട മറ്റൊരു ലളിത സമവാക്യമിതായിരുന്നു: ‘മലപ്പുറത്ത് മുസ്ലിംങ്ങൾ മാത്രമല്ല ഉള്ളത്’’.
ഇതു മാത്രമല്ല, എന്തെങ്കിലും അത്യാഹിതങ്ങളോ തീവ്രവാദ ആക്രമണങ്ങളോ സംഭവിച്ചാൽ പ്രസ്തുത ആക്രമണത്തിൽ ഇസ്ലാമിക സംഘടനകളുടെ സാന്നിധ്യം ആരോപിക്കപ്പെട്ടാൽ, ഏതൊരു മുസ്ലിമും -വിശ്വാസിയാണെങ്കിലും അല്ലെങ്കിലും- സമുദായ അംഗം എന്ന നിലയിൽ അപലപിക്കാൻ ബാധ്യസ്ഥനാകുന്നു. മുസ്ലിം ഇതര മത സമ്മേളനങ്ങളിൽ അത്യാഹിതമേതെങ്കിലും സംഭവിച്ചാലും ആഗോള ഭീകരതയുമായി കണ്ണിചേർക്കാൻ മാധ്യമ വിദഗ്ദ്ധർ ഉടനെ നീരിക്ഷണങ്ങളുമായി വന്നെത്തും. ഇക്കാര്യത്തിൽ വസ്തുതകൾ അന്വേഷിക്കാൻ പോലും മുതിരേണ്ട ആവശ്യമില്ലാതെയാകുന്നതെന്തുകൊണ്ട്? അതേ സമയം, ഗോരക്ഷക ആക്രമണകാരികൾ ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുമ്പോൾ കൊലപാതക കൂട്ടം പ്രതിനിധാനം ചെയ്യുന്ന മതവിഭാഗത്തിൽപ്പെടുന്നവരോട് പ്രസ്തുത സംഭവത്തെ അപലപിക്കാൻ ആരും നിർബന്ധിക്കുന്നുമില്ല. കാരണം ബൈ ഡീഫോൾട്ട്, അയാൾ അതിന്റെ ഭാഗമാകുന്നില്ല എന്നതാകണം കാരണം.

അപലപന വ്യവഹാരത്തെ മാധ്യമങ്ങൾ ഈ നിലയിൽ അവതരിപ്പിക്കുന്നത് പൊതുബോധ ധാരണയെ ശരിവെക്കുന്നവിധമായി തീരുന്നുവെന്നതിനാലാണ്. സാമൂഹികമായി ലേബൽ ചെയ്യുപ്പെട്ട്, ക്രമമായി സംശയാസ്പദ സമൂഹമായി സ്ഥാപിക്കപ്പെടുന്നതോടെ അപരർക്കു നേരെ ആൾക്കൂട്ട ആക്രമണം നടക്കുന്നു. പശുക്കടത്തിന്റെയോ വാക്കുതർക്കത്തിന്റെയോ പേരിലാണെങ്കിലും സംഘടിതമായി ആക്രമിക്കാനും ദൃശ്യങ്ങൾ പകർത്താനും പ്രചരിപ്പിക്കാനും ആക്രമിച്ചതിന് ക്രിമിനൽ കേസിൽ പെടാതിരിക്കാനുമുള്ള രാഷ്ട്രീയ സംവിധാനങ്ങളുടെ പിന്തുണയും ആൾക്കൂട്ട ആക്രമികൾക്ക് ലഭിക്കുന്നു. ആൾക്കൂട്ട ആക്രമങ്ങൾ കൂട്ട ആക്രമണങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കുന്നു. കലാപങ്ങൾ വംശഹത്യകളായി പരിണമിക്കുന്നു. പ്രാദേശിക മാധ്യമങ്ങൾ ഊതിപെരുപ്പിക്കുന്നതോടെയാണ് കലാപങ്ങൾ രാക്ഷസീയമായ രൂപത്തിൽ കൂട്ടക്കുരുതികളിലേക്ക് നയിക്കുന്ന തീവ്രകലാപങ്ങളാകുന്നത്.

കലാപത്തെ തുടർന്നുള്ള മാധ്യമ റിപ്പോർട്ടിങ്ങുകളിലും മാധ്യമങ്ങൾ അധികാരവർഗ്ഗത്തിന്റെ താല്പര്യങ്ങളുടെ സംരക്ഷകരാകുന്നു. ഗുജറാത്തിൽ നടന്ന മുസ്ലിം കൂട്ടക്കൊലയെ ഗോധ്ര കലാപമെന്നോ, ഗുജറാത്ത് കലാപമെന്നോ വംശഹത്യയെന്നാണോ വിളിക്കേണ്ടതെന്ന കൺഫ്യൂഷൻ മാധ്യമങ്ങൾ ഇപ്പോഴും നിലനിർത്തുന്നു. മിക്കവാറും ഗോധ്ര കലാപം എന്ന നിലയിലാണ് പ്രത്യേകമായ തമസ്കരണത്തിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാധ്യമ വ്യവഹാരങ്ങൾ സൃഷ്ടിക്കുന്ന സാമൂഹികാഘാതം വളരെ വലുതാണ്. പൊതുവേ വംശീയാക്രമങ്ങളെ ‘വർഗീയ ലഹളകൾ’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. പ്രസ്തുത നാമകരണം ശൂന്യസൂചകമായി നിലകൊള്ളുന്നു. ഇരയേയും വേട്ടക്കാരെയും ഒരേപോലെ സമീകരിക്കുന്ന വ്യവഹാരമായി ഇത് മാറുന്നു.

‘വർഗീയ ലഹളകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതും ആസൂത്രിത വംശഹത്യയിലേക്ക് എത്തിച്ചേരുന്നതുമായ ‘ലഹളകളെ’ മാധ്യമങ്ങൾ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് പ്രശസ്ത മാധ്യമ പ്രവർത്തകൻ സിദ്ധാർഥ് വരദരാജന്റെ നീരിക്ഷണം ശ്രദ്ധിക്കേണ്ടതാണ്:
"മാധ്യമങ്ങളുടെ വർഗീയ ലഹളകളുടെ കവറേജും മുസ്ലിം ജനവിഭാഗത്തിന്റെ സ്റ്റീരിയോടൈപ്പു നിർമിതിയും വർഗീയ ലഹളകളുടെ തന്നെ വ്യവഹാര രൂപീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. സംഘടിതവും ആസൂത്രിതവുമായ ആക്രമണങ്ങളെയും നിയമം നടപ്പാക്കാൻ ബാധ്യതപ്പെട്ട ഏജൻസികളുടെ ഒത്തുചേർന്നും അല്ലെങ്കിൽ മാറിനിന്ന് പങ്കുകൊണ്ടും നടത്തുന്ന കൂട്ട ആക്രമണങ്ങളെയുമാണ് ‘വർഗീയ ലഹളകൾ’ എന്ന് വിളിക്കുന്നത്. ഈ നാമകരണം തീർത്തും അനുചിതമാണ്. 1984 -ലെ സിഖ് വിരുദ്ധ കലാപം തന്നെയെടുക്കുക. സിഖുകാരെ ആക്രമിച്ചത് കോൺഗ്രസ് പ്രവർത്തകരാണ്. കുറ്റമാരോപിക്കപ്പെട്ടവർ പലരും കോൺഗ്രസ് എം പി മാരോ മന്ത്രിസഭാംഗങ്ങളോ ആയിരുന്നു. ഇരകൾ എന്ന നിലയിൽ ആദ്യം കുറ്റവിമുക്തരാക്കപ്പെട്ടശേഷം ദീർഘകാലം നീണ്ടുനിന്ന കോടതി വ്യവഹാരങ്ങളിൽ നിന്ന് അവർ മോചിതരായി. പോലീസും പ്രോസിക്യൂഷനും അവരുടെ രാഷ്ട്രീയബന്ധങ്ങൾ മുൻനിർത്തി വെറുതെ പോകാൻ അനുവദിക്കുകയായിരുന്നു".

ആശിഷ് ഖേതാൻ സൂചിപ്പിക്കുന്ന മാധ്യമങ്ങളുടെ നീർവീര്യത എന്നതിനേക്കാൾ ഭരണവ്യവസ്ഥയുമായി ഒത്തുചേർന്ന പോകുന്ന മാധ്യമ പ്രവർത്തനമാണ് വസ്തുതകളെ തമസ്ക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.

ഇതേ സ്ഥിതി ഗുജറാത്ത് മുസ്ലിം വിരുദ്ധ കലാപത്തിന്റെ പരിണിതിയിലും കാണാം. സി എ എ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ സാഹചര്യത്തിലുണ്ടായ ദൽഹി കലാപത്തെക്കുറിച്ച് പരാമർശിക്കവേ, എ. ആശിഷ് ഖേതാൻ "Undercover: My journey into the darkness of Hindutva" എന്ന പുസ്തകത്തിലും സമാന സാഹചര്യത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്:

"2020-ലെ ഡൽഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പിയുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം കണ്ടതിനുശേഷം തോന്നുന്നത്, ഗുജറാത്ത് ആവർത്തിക്കുകയാണെന്നാണ്. വർഗീയ പ്രസംഗങ്ങൾ, അതിനെ തുടർന്നുള്ള വിദ്വേഷ ഭാഷണം, തുടർന്ന് സംഭവിക്കുന്ന ലഹളകൾ. തിരഞ്ഞെടുക്കപ്പെട്ട നിയമ ഉദ്യോഗസ്ഥരെയാണ് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയോഗിക്കപ്പെടുന്നത്. നേരും നെറിയുമുള്ള ഉദ്യോഗസ്ഥർക്ക് ഉയർച്ച നിഷേധിക്കപ്പെടുന്നു. എന്തിനും കൂട്ടുനിൽക്കുന്നവർക്ക് ഉന്നതസ്ഥാനങ്ങൾ കിട്ടുന്ന, ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ-ഭരണ സംവിധാനവും നിർവീര്യമായ മാധ്യമങ്ങളും അനക്കമറ്റ നീതിപീഠവും ഒരാവർത്തനമായാണ് അനുഭവപ്പെടുന്നത്. ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുന്ന ന്യായാധിപൻ അപ്പോൾ തന്നെ പുറത്താക്കപ്പെടുന്നു."

ഡല്‍ഹി കലാപത്തിനിടെ ശിവ് വിഹാറിലെ ഒരു മുസ്‌ലിമിന്റെ വീടിന് തീയിട്ടശേഷം അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. തുടർന്ന് അവിടെ സ്‌ഫോടനം നടക്കുന്നു. വീട്ടിൽ നിന്ന്​ പുറത്താക്കപ്പെട്ട ശിവ് വിഹാർ സ്വദേശി അന്വേഷണ സംഘത്തിന്​ നൽകിയ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ
ഡല്‍ഹി കലാപത്തിനിടെ ശിവ് വിഹാറിലെ ഒരു മുസ്‌ലിമിന്റെ വീടിന് തീയിട്ടശേഷം അക്രമികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. തുടർന്ന് അവിടെ സ്‌ഫോടനം നടക്കുന്നു. വീട്ടിൽ നിന്ന്​ പുറത്താക്കപ്പെട്ട ശിവ് വിഹാർ സ്വദേശി അന്വേഷണ സംഘത്തിന്​ നൽകിയ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

ആശിഷ് ഖേതാൻ സൂചിപ്പിക്കുന്ന മാധ്യമങ്ങളുടെ നീർവീര്യത എന്നതിനേക്കാൾ ഭരണവ്യവസ്ഥയുമായി ഒത്തുചേർന്ന പോകുന്ന മാധ്യമ പ്രവർത്തനമാണ് വസ്തുതകളെ തമസ്ക്കരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. നിർഭാഗ്യവശാൽ, ഇങ്ങനെയുള്ള മാധ്യമങ്ങളുടെ എണ്ണം പെരുകുകയും കൂടുതൽ അംഗീകാരം അവർക്ക് ലഭിക്കുകയും ചെയ്യുന്ന സ്ഥിതി സമകാലിക ജീവിതാവസ്ഥകളെ, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ജീവിതത്തെ, അത്യധികം പ്രതിസന്ധിയിലാക്കുന്നു. ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകളെ വർഗീയവൽക്കരിക്കുകയും രാജ്യദ്രോഹ പ്രവർത്തനമായി ചിത്രീകരിക്കുകയും ചെയ്യുന്നതും മാധ്യമങ്ങളുടെ കൂടി സഹായത്തോടെയാണ്. എങ്കിലും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അടിച്ചമർത്തലിനുള്ള ശ്രമങ്ങൾ നേരിട്ടുവെങ്കിലും ജനാധിപത്യത്തെ ക്കുറിച്ചുള്ള ദിശാസൂചികയാണ്. മുസ്ലിം സ്റ്റീരിയോടൈപ്പിനെ മുൻനിർത്തി, അതുവരെയുണ്ടായിരുന്ന മാധ്യമ നിർമിതികളെല്ലാം ഈ പ്രക്ഷോഭത്തിലൂടെ അടിപടലെ വീഴുകയുമുണ്ടായി.

ഷഹീൻബാഗ് പ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ സ്ത്രീകളായിരുന്നു ഭൂരിപക്ഷവും. വിവിധ തുറകളിൽപ്പെട്ടവർ പ​ങ്കെടുത്ത ഈ ജനാധിപത്യ സമരം വലിയ ഐക്യദാർഢ്യമായി വികസിക്കുകയുണ്ടായി. ഇതൊക്കെ അധികാരത്തിലുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമായിരുന്നു. തുടക്കം മുതൽക്കേ ഈ സമരത്തെ തീവ്രവാദവുമായി ബന്ധപ്പെടുത്താൻ വലതുപക്ഷ ചായ്‌വുള്ള മാധ്യമങ്ങൾ ആഖ്യാനങ്ങൾ മെനഞ്ഞുകൊണ്ടിരുന്നു. ദേശവിരുദ്ധ പ്രവർത്തനം എന്ന നിലയിലാണ് അപലപിക്കപ്പെട്ടത്. ദൽഹി കലാപവുമായി ബന്ധപ്പെട്ട വസ്തുതകൾ റിപ്പോർട്ടു ചെയ്ത മാധ്യമങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ എടുത്ത നടപടികളുടെ ഭാഗമായി കേരളത്തിൽ നിന്നുള്ള ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും താത്കാലിക നിരോധനം വന്നു. മാധ്യമ പ്രവർത്തനം ഏതു നിലയ്ക്കാകണം എന്നതിന്റെ കൂടി കൃത്യം സൂചനയായിരുന്നു ഇത്. ഓൺലൈൻ മാധ്യമമായ ദ വയറിനെതിരെയും സർക്കാർ നടപടിയെടുത്തു. കാശ്മീരിൽ പ്രസ് ക്ലബ് തന്നെ അടച്ചുപൂട്ടി.

ഷഹീന്‍ ബാഗിലെ പ്രതിഷേധം
ഷഹീന്‍ ബാഗിലെ പ്രതിഷേധം

വംശീയതയുടെ വിളനിലം

ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും ഉമ്മമാരെയും മാധ്യമങ്ങളുടെ പഴയ മുസ്ലിം വാർപ്പുമാതൃകയിൽ അവതരിപ്പിക്കാൻ പറ്റിവരായിരുന്നില്ല. വ്യവസ്ഥാപിത മാധ്യമ വ്യവഹാരത്തിന്റെ രീതികൾക്ക് അനൂരൂപമല്ലാത്തവരെയും രാജ്യദ്രോഹ പ്രവർത്തനത്തിന്റെ കളങ്ങളിലേക്ക് എഴുതിചേർത്തു. വസ്തുവൽക്കരണത്തിന്റെ അടിസ്ഥാനത്തിലാണ് വാർപ്പുമാതൃക സൃഷ്ടിക്കപ്പെടുന്നത്. ഫ്രണ്ട്ലൈൻ പത്രപ്രവർത്തകനായ സിയാ ഉസ് സലാമും എഴുത്തുകാരിയും വിവർത്തകയുമായ രക്ഷാനന്ദ ജലീലും വാർപ്പ് മാതൃകയുടെ രൂപഘടനയിൽ ഉൾപ്പെടാത്തവരെ അഭിസംബോധന ചെയ്യുമ്പോൾ ‘നിങ്ങളും മുസ്ലിമാണോ’ എന്ന അത്ഭുതം കൂറുന്ന സാഹചര്യത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. വാർപ്പ് എന്നു പറയുന്നത് ആത്മനിഷ്ഠതയെ പൂർണമായും നിഷ്‌കാസനം ചെയ്തുകൊണ്ട് വസ്തുവൽക്കരിക്കുന്ന രീതിയാണ്.

ബഹുസംസ്കാരം അംഗീകരിച്ച ലോകത്തെ ഏതൊരു ജനാധിപത്യ രാഷ്ട്രവും വ്യക്തിഗതവും സാംസ്കാരികവും മതപരവുമായ വ്യത്യസ്തത നിലനിർത്തി ജീവിക്കാനുള്ള അവകാശം നൽകുന്നുണ്ട്.

സിയാ ഉസ് സലാം പറയുന്നത് ശ്രദ്ധിക്കുക: ഫ്രണ്ട്ലൈൻ മാഗസിൻ പ്രതിനിധിയാണ് സിയാ ഉസ് സലാം. അതിന്റെ ഭാഗമായി ഒരു ഹിന്ദി എഴുത്തുകാരനെ അഭിമുഖം ചെയ്യാനിടവന്നു. ഡൽഹിയിലെ മായാപുരിയിലാണ് അവർ കണ്ടുമുട്ടിയത്. വളരെ സജീവമായ ചർച്ചയാണ് അവർ തമ്മിൽ നടന്നത്. ഇംഗ്ലീഷ് ഭാഷാ മാധ്യമങ്ങളിൽ ഹിന്ദിക്ക് തീരെ പ്രാധാന്യം ലഭിക്കുന്നില്ല എന്നതാണ് എഴുത്തുകാരൻ ഉന്നയിച്ച പ്രധാന വിഷയം. അഭിമുഖം കഴിഞ്ഞു മടങ്ങും നേരം സിയാ ഉസ് സലാം അയാൾക്ക് തന്റെ വിസിറ്റിങ് കാർഡ് കൈമാറി. അത് നോക്കി അയാൾ അതിശയത്തോടെ ചോദിച്ചു: "നിങ്ങൾ മുഹമ്മദനാണോ?’’
സിയാ ഉസ് സലാം അയാളെ തിരുത്തിക്കൊണ്ട് പറഞ്ഞു; ‘ഞാൻ മുസ്ലിമാണ്’.
അതിനുള്ള മറുപടിയെന്നോണം അയാൾ പറഞ്ഞു; ‘രണ്ടും ഒന്നുതന്നെ. പക്ഷെ നിങ്ങളെ കണ്ടാൽ തോന്നുകയില്ല’.
‘മുഹമ്മദൻ എന്നതും മുസ്‍ലിം എന്നതും രണ്ടാണ്’ എന്ന് സിയാ ഉസ് സലാം അയാളോട് വാദിച്ചു. ‘എല്ലാ മുസ്ലിമുകളും താടിയും തൊപ്പിയും വെച്ചു നടക്കുന്നവരാണെന്നാണോ. അല്ലെങ്കിൽ ഷെർവാണിയുമണിഞ്ഞ്, ഉറുദു ശായറി ചൊല്ലുന്നവരാണ് എന്നാണോ താങ്കൾ കരുതിയത്’, സിയാ ഉസ് സലാം എഴുത്തുകാരനോട് ചോദിച്ചു. ആ ചോദ്യത്തിന് മറുപടി നല്കാനാവാതെ അയാൾ പറഞ്ഞു; ‘എനിക്ക് ഒരുപാട് മുഹമ്മദൻ സുഹൃത്തുക്കളുണ്ട്. പക്ഷെ നിങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നു’.
ഒടുക്കത്തെ പിടിവള്ളിയിൽ അയാൾ തൂങ്ങാൻ ശ്രമിക്കുമ്പോഴേക്കും സിയാ ഉസ് സലാം അവിടെ നിന്നിറങ്ങി.

ഈ സംഭവം സിയ ഉസ് സലാമിന്റെ മനസ്സിന്റെ കോണിൽ എവിടെയോ കിടന്നു. ചാർളി ഹെബ്ദോ കാർട്ടൂൺ വിവാദമുണ്ടായപ്പോഴാണ് ഇത് പിന്നീട് സിയ ഉസ് സലാമിന്റെ മനസ്സിലേക്ക് കടന്നുവന്നത്. ചാർളി ഹെബ്ദോ ആക്രമണത്തെ നിശ്ച്ചയമായും അപലപിക്കുമ്പോഴും അതിലെ വൈരുധ്യമാർന്ന പ്രശ്നത്തെ കാണാതിരിക്കാനാവില്ലെന്ന് സിയ ഉസ് സലാം ചൂണ്ടിക്കാട്ടുന്നു. ഒരു വശത്ത്, കേവലമായ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെങ്കിൽ മറുവശത്ത്, മുസ്ലിം വാർപ്പുമാതൃകയുടെ സ്ഥിരീകരണത്തിന്റെ പ്രശ്നമാണ്. സൗകര്യപൂർവമുള്ള ഈ വാർപ്പ് മാതൃകയുടെ നിർമിതി തെറ്റിദ്ധാരണ പ്രചരിപ്പിക്കാനുള്ള അവസരമാകുന്നു. തലകീഴായുള്ള ഇത്തരം ചിത്രീകരണരീതിക്ക് വലിയ സാമൂഹിക പ്രത്യാഘാതമുണ്ടാകുന്നുണ്ട്. ഉദാഹരണത്തിന്, ദൽഹി, മുംബൈ പോലുള്ള മെട്രോപൊളിറ്റൻ നഗരങ്ങളിൽ മുസ്ലിമായ ഒരാൾക്ക് താമസിക്കാൻ യോഗ്യമായ വീടുകൾ ലഭിക്കാതെയാവുന്നു. ഉന്നതശ്രേണികളിൽ വർത്തിച്ച ഒരു അക്കാദമിക്കിന് ഈ നിലയിൽ വീട് നിഷേധിക്കപ്പെട്ട സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിവേചനനവും അകറ്റിനിർത്താലും (segregation) വംശീയതയുടെ മുഖമുദ്രകളാണ്. ഘെറ്റോവൽക്കരണമാണ് ഇതിന്റെ അനിവാര്യമായ പരിണിതി. ഘെറ്റോവൽക്കരണം ഹോളോകാസ്റ്റ് പോലുള്ള പ്രവർത്തിയിലേക്ക് മാറാൻ അധിക സമയം വേണ്ടിവരില്ല.

ദേശത്തിന്റെ സാമ്പത്തിക- സാമൂഹിക പ്രക്രിയയിൽ നൂറ്റാണ്ടുകളായി ഇടകലർന്നു പോകുന്ന ബഹുമത സംസ്കാരങ്ങളിൽപ്പെടുന്ന ജനതകൾക്ക് മുമ്പാകെയാണ് 'ഉദ്ഗ്രഥനത്തിനുള്ള" മാനദണ്ഡം വെയ്ക്കുന്നത് എന്നതാണ് വിരോധാഭാസം.

രക്ഷാനന്ദ ജലീൽ "But you don't look like a Muslim" എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ചൂണ്ടിക്കാട്ടുന്ന കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു: കൃത്യമായ രീതിയിലുള്ള ഈ വാർപ്പ് മാതൃകയുടെ ഒളിച്ചുകടത്തലും സമാന രീതിയിലുള്ള ബിംബങ്ങളുടെയും ആശയങ്ങളുടെയും കുന്നുകൂടലും കാരണം മുസ്ലിം സമുദായമാണ് തിക്താനുഭവം നേരിടേണ്ടിവരുന്നത്. മുസ്ലിം ജനവിഭാഗത്തെ അന്യവൽക്കരിക്കാൻ മാത്രമേ ഇത് ഉതകുന്നുള്ളൂ. ഈ വാർപ്പ് മാതൃകാ നിർമാണം കാരണം ഒരു ജീവിതരീതി തന്നെ ക്ലേശത്തിലാക്കപ്പെടുന്നു. ഉറുദു ഇസ്ലാമിൽ നിന്ന് വരുന്നതല്ല എങ്കിലും ആ ഭാഷയെ ഇസ്ലാമുമായാണ് തന്മപെടുത്തുന്നത്. ഉറുദു കവികളെയും മറ്റും ജനപ്രിയ സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നത് ഏതോ ഗതകാല സംസ്കാരത്തിന്റെ ഗൃഹാതുരത്വം പേറുന്നവരായാണ്. മുസ്ലിം സംസ്കാരത്തെ അധിനിവേശകരും മറ്റുമായി ചിത്രീകരിക്കുന്ന പ്രവണത തന്നെ, തെക്കേ ഏഷ്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് ഇസ്ലാം കടന്നുവന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള വികലമോ വക്രീകരിക്കപ്പെട്ടതായോ ആയ ധാരണ നിമിത്തമാണ്. ഇങ്ങനെയുള്ള വക്രീകരിക്കപ്പെട്ട അവതരണം തന്നെ പ്രതീകാത്മക അപരത്വ ഹിംസയുടെ സ്വഭാവമാർജിക്കുന്നു. ഇതിനു ബദലായി തീവ്ര ദേശീയതയുടെ ഔദ്യോഗിക വക്താക്കൾ ആവശ്യപ്പെടുന്ന കാര്യം സാമൂഹികമായ ഉദ്ഗ്രഥനമാണ്.

ദേശത്തിന്റെ സാമ്പത്തിക- സാമൂഹിക പ്രക്രിയയിൽ നൂറ്റാണ്ടുകളായി ഇടകലർന്നു പോകുന്ന ബഹുമത സംസ്കാരങ്ങളിൽപ്പെടുന്ന ജനതകൾക്ക് മുമ്പാകെയാണ് 'ഉദ്ഗ്രഥനത്തിനുള്ള" മാനദണ്ഡം വെയ്ക്കുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. ബഹുസംസ്കാരം അംഗീകരിച്ച ലോകത്തെ ഏതൊരു ജനാധിപത്യ രാഷ്ട്രവും വ്യക്തിഗതവും സാംസ്കാരികവും മതപരവുമായ വ്യത്യസ്തത നിലനിർത്തി ജീവിക്കാനുള്ള അവകാശം നൽകുന്നുണ്ട്. ഭരണഘടനയും അംഗീകരിക്കുന്ന കാര്യമാണിത്.
ഭൂരിപക്ഷ മതത്തിന്റെയോ ദേശീയതയോടെയോ സംസ്കാരത്തെ അവലംബിച്ച് നിലനിൽക്കേണ്ടി വരികയാണെങ്കിൽ അത് ജനാധിപത്യ സംസ്കാരത്തിന് നിരക്കാത്തതാണ്. ഭാഷയും സംസ്കാരിക വൈവിധ്യവും സാംസ്കാരികമായ അതീജീവനത്തിനുള്ള ജീവനാഡിയാണ് എന്ന നരവംശശാസ്ത്രപരമായ തിരിച്ചറിവ് ലഭ്യമായ കാലത്താണ് ഏകശിലാരൂപത്തിലേക്കുള്ള ദേശീയ സംസ്കാരം എന്ന ഇറുകിയ കള്ളിയിലേക്ക് വൈവിധ്യങ്ങളെ ക്രമീകരിക്കുന്നത്. കോളനീകരണത്തിന്റെ സാമ്പത്തിക- സാംസ്‌കാരിക യുക്തി ഈ സമീപനത്തിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുമണ്ഡലത്തിൽ പുനർ ഫ്യൂഡലീകരണത്തിലേക്കാണ് ഇത് നയിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ പുനർ ഫ്യൂഡലീകരണം എന്നു പറയുന്നത് വർണ്ണ- ജാതി വ്യവസ്ഥയുടെ പുനഃസ്ഥാപനമാണ്. റിപ്പബ്ളിക്കിന്റെ അടിസ്ഥാന സങ്കല്പത്തിനെതിരാണിത്. ഇതുണ്ടാക്കുന്ന സാമൂഹിക അകൽച്ചകളുടെ ഭവിഷ്യത്തുകൾ സ്പർദ്ധയായും തൻനിമിത്തമുള്ള ഹിംസയായും പരിണമിച്ച്, നിരന്തര കലാപോന്മുഖ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുക.

ഏൺസ്റ് റെനാന്റെ ദേശീയതയെക്കുറിച്ചുള്ള പ്രസിദ്ധമായ നീരിക്ഷണമാണ്, ദേശീയത രൂപപ്പെടുന്നത് ദൈനംദിനം റഫറണ്ടത്തിലൂടെയാണ് എന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ നിരീക്ഷണത്തിൽ ഒരു മാധ്യമ പണ്ഡിതൻ സൂചിപ്പിക്കുന്നത്, ദേശീയത ദൈനംദിനം റഫറണ്ടമാണെങ്കിൽ പത്രം വാങ്ങാനുള്ള കഴിവ് അതിനനുകൂലമായ സ്ഥീരീകരണമാകുന്നു എന്നാണ്.

സുകുമാർ മുരളീധരന്റെ "ദേശീയത: ചെറുതും വലുതുമായ പൗരത്വം" എന്ന ആഴത്തിലുള്ള പഠനത്തിലാണ് മാധ്യമപണ്ഡിതന്റെ ഈ നീരീക്ഷണം പങ്കുവെക്കുന്നത്. പ്രസ്തുത നീരീക്ഷണത്തിന്റെ സമയത്ത് അച്ചടിപ്പത്രത്തിനുണ്ടായിരുന്ന സ്വാധീനത ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. പകരം ദേശീയ ജീവിതത്തിൽ ഈ സ്ഥാനം ദൃശ്യമാധ്യമ സ്റ്റുഡിയോ ചർച്ചകളും അതിനേക്കാൾ ബഹളമയമായ സാമൂഹ്യ മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളാണ് പ്രധാനമായും ദേശീയതയെ ദൈനംദിന റഫറൻഡമാക്കി മാറ്റിയിരിക്കുന്നത്. ദൃശ്യമാധ്യമങ്ങൾക്കും ഇതിൽ നിർണായക സ്വാധീനമുണ്ട്. പക്ഷെ, സാമൂഹിക മാധ്യമത്തിൽ നിന്ന് വ്യത്യസ്തമായി പ്രസ്തുത സ്വാധീനത്തെ നിർണയിക്കുന്നത്തിലെ പ്രധാന ഘടകം വാർത്താ നിർമിതികളിലെ വരേണ്യസമുദായത്തിനുള്ള പങ്കാണ്. എന്നാൽ സാമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിൽ ജീവിതത്തിന്റെ മറ്റു തുറകളിൽപെട്ടവർ ധാരാളമായി വ്യാപാരിക്കുന്നതു കാണാം. ആ നിലയിൽ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളാണ്. ഇങ്ങനെയാണെങ്കിലും ആശയപരമായ വൈവിധ്യത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ എന്നത് സംശയമാണ്.

വ്യവസ്ഥാപിതമായ മാധ്യമങ്ങളുടെ കാര്യമെടുത്താൽ, മലയാളം പോലുള്ള ഭാഷാ മാധ്യമങ്ങൾ സമീപകാലമായി ന്യൂസ് റൂം വൈവിധ്യത്തെ ഒരുപക്ഷെ പ്രാധാന്യത്തോടെയാണ് കാണുന്നതെങ്കിലും ഇംഗ്ലീഷ് മാധ്യമങ്ങളിലും ഇതര ഭാഷാ മാധ്യമങ്ങളും ന്യൂസ് റൂം വൈവിധ്യത്തിന് തെല്ലുപോലും പ്രാധാന്യം നൽകുന്നില്ല. ന്യൂസ് റൂം വൈവിധ്യം എന്നത്, മാധ്യമതൊഴിൽമികവിന്റെ തന്നെ ജനാധിപത്യവൽക്കരണമാണ്. വിവിധ സാമൂഹിക വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ന്യൂസ് റൂമിൽ സന്നിഹിതമാകുന്നതോടെ വാർത്തകളുടെ തിരഞ്ഞെടുപ്പ് മുതൽ പരിചരണരീതിയിൽ തന്നെ മാറ്റം വരും. എന്നാൽ ഈ വൈവിധ്യത്തിന്റെ ആവശ്യകതയെ നിരാകരിക്കുന്നത് പ്രഫഷണലിസം എന്ന ആശയം മുന്നോട്ട് വെച്ചാണ്. ‘മെറിറ്റു’ള്ളവരെ മാത്രം തിരഞ്ഞെടുക്കുക എന്നതാണ് ഇതിനു നൽകുന്ന വ്യഖ്യാനം.

പാകിസ്ഥാനെ വിദേശ ശത്രുവായി കാണുന്നപോലെ, രാജ്യത്തിനകത്തെ ആഭ്യന്തര ശത്രുവായി മുസ്ലിം ജനവിഭാഗത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന വലതുപക്ഷ സാമൂഹമാധ്യമ പ്രവണതകളെ അതേപടി മുഖ്യധാരാ മാധ്യമങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന സ്ഥിതി മാധ്യമങ്ങളുടെ വലതുപക്ഷവൽക്കരണത്തിന്റെ വർത്തമാന സ്ഥിതിയാണ്.

പ്രഫഷണലിസം എന്നതുതന്നെ മെറിറ്റ് പോലെ വരേണ്യ വിഭാഗത്തിൽ നിന്നുള്ളവർ നിശ്ചയിച്ചുവെച്ചിരിക്കുന്ന ബെഞ്ച് മാർക്കാണ്. അതുകൊണ്ടുതന്നെ ദേശത്തെ സംബന്ധിച്ച വാർത്തകളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെറു ന്യൂനപക്ഷമാണ്. ഇത് സാമ്പത്തികമായും ജാതീയമായും മേൽക്കൈയുള്ളവരാണ്. ഭൂരിപക്ഷത്തിന്റെയും സാമ്പത്തിക ജീവിത പ്രശ്നങ്ങൾ പൊതുചർച്ചയിൽ നിന്നകറ്റപ്പെട്ടു തന്നെ നിൽക്കും. വിവിധ ജാതി- മതങ്ങളിൽപ്പെടുന്ന ഭൂരിപക്ഷത്തിന്റെ സ്ഥിതിയിതാണെങ്കിൽ നമ്മൾ ആലോചിക്കേണ്ടത് മത / ഡെമോഗ്രാഫിക് ന്യൂനപക്ഷത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ്. മുഖ്യധാരാ സംഘടിത മാധ്യമങ്ങളിലെ സ്ഥിതിയിതാണെങ്കിൽ ഇതിലും ഭീതിതമാണ് സാമൂഹിക മാധ്യമങ്ങളിലെ സ്ഥിതി. അസംഘടിതമായ മാധ്യമ പ്രദേശമാണ് സാമൂഹിക മാധ്യമങ്ങളെങ്കിലും പശുക്കടത്ത് തടയൽ അതിക്രമികളും ആൾക്കൂട്ടവും രാഷ്ട്രീയ കൊലപാതക ക്വട്ടേഷൻ സംഘങ്ങളുമൊക്കെ അതിശക്തമായി വിരാജിക്കുന്ന മണ്ഡലം കൂടിയാണിത്.

മുസ്ലിം സ്ത്രീ വിരുദ്ധ ‘സുള്ളി / ബുള്ളി ഡീൽസ്’ തുടങ്ങിയ അതിഹിംസാത്മകമായ പ്രവർത്തങ്ങൾ സോഷ്യൽ മീഡിയിൽ നടക്കുന്നത് നിയമപരമായ നടപടികളുണ്ടാകില്ലെന്ന ആത്മവിശ്വാസം കൊണ്ടാണ്. മുസ്ലിം സ്ത്രീ ആക്ടിവിസ്റ്റുകളെ ലക്ഷ്യംവെച്ചും അവരെ അപകീർത്തിപ്പെടുത്തിയും അവർക്കെതിരെ ലൈംഗികാക്രമണത്തിന് പ്രോത്സാഹനം നൽകുന്ന വിധത്തിലുമാണ് ആക്ടിവിസ്റ്റുകളെ സാമൂഹിക മാധ്യമങ്ങളിൽ ലേലത്തിന് വെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെടുന്നവർ യുവാക്കളാണ്. അന്തരീക്ഷത്തിലുള്ള വിദ്വേഷവിഷവായു കഴിച്ചാണ് അവർ ഈ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നത് എന്നു പറയുമ്പോഴും ഒറ്റയ്ക്കുള്ള ഏകാന്ത പ്രവർത്തനം മാത്രമാകാനുള്ള സാധ്യത കുറവാണ്. ഗൗരി ലങ്കേഷിനെയും ഗോവിന്ദ് പൻസാരയെയും നരേന്ദ്ര ദാബോൽക്കരെയും കൽബുർഗിയെയും കൊന്നതിന്റെ പിറകിലുള്ള സംഘടിത ഹൈന്ദവ തീവ്രവാദ ഗ്രൂപ്പുകൾ പോലുള്ളവ ഇങ്ങനെയുള്ള ഹിംസാത്മകമായ സൈബർ ആക്രമണങ്ങൾക്ക് പിറകിൽ ഗൂഢമായി പ്രവർത്തിക്കുന്നുണ്ടാകാം, പക്ഷപാതരഹിതമായ പോലീസ് അന്വേഷണം വേണ്ട വിഷയമാണിത്.

മുസ്ലിം സ്ത്രീ വിരുദ്ധ ‘സുള്ളി / ബുള്ളി ഡീൽസ്’ തുടങ്ങിയ അതിഹിംസാത്മകമായ പ്രവർത്തങ്ങൾ സോഷ്യൽ മീഡിയിൽ നടക്കുന്നത് നിയമപരമായ നടപടികളുണ്ടാകില്ലെന്ന ആത്മവിശ്വാസം കൊണ്ടാണ്.
മുസ്ലിം സ്ത്രീ വിരുദ്ധ ‘സുള്ളി / ബുള്ളി ഡീൽസ്’ തുടങ്ങിയ അതിഹിംസാത്മകമായ പ്രവർത്തങ്ങൾ സോഷ്യൽ മീഡിയിൽ നടക്കുന്നത് നിയമപരമായ നടപടികളുണ്ടാകില്ലെന്ന ആത്മവിശ്വാസം കൊണ്ടാണ്.

ഹരിദ്വാറിൽ മുസ്ലിം വംശഹത്യ്ക്കായി ഹിന്ദു ധർമ സംസ്ഥാൻ മണി മുഴക്കിയപ്പോൾ, മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അതിന് ആഹ്വാനം നടത്തിയവരെ അറസ്റ്റ് ചെയ്യുന്ന കാര്യത്തെ കുറിച്ചും പ്രസ്തുത സംഭവികാസങ്ങളുടെ ഫോളോ അപ്പ് റിപ്പോർട്ടിങും അപൂർവം ചില മാധ്യമങ്ങൾ മാത്രമാണ് ചെയ്തത്. മിക്കവാറും ഇതിന്റെ ഫോളോ അപ്പ് റിപ്പോർട്ട് ചെയ്തത് ഇടതനുകൂല ഓൺലൈൻ മാധ്യമങ്ങളാണ്. പരിമിത സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് ഫോളോ അപ്പ് ചെയ്യുന്നത് പൂർണമായും സാധ്യമാകണമെന്നില്ല. സംഘടിത കോർപറേറ്റ് മാധ്യമങ്ങൾ എത്രയും പെട്ടെന്ന് സംഭവത്തെ വിസ്‌മൃതിയിൽ തള്ളാനാണ് ശ്രമിച്ചത്. ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിൽ പുലർത്തുന്ന അതീവ ജാഗ്രതയും ഫോളോ അപ്പ് പരിപാടികളും ഇന്റലിജൻസ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ ഊതിവീർപ്പിച്ച വിധമുള്ള വാർത്താഅവതരണങ്ങളും ഊഹാപോഹങ്ങളും ഹിന്ദുധർമ സൻസദിലെ വംശഹത്യാ ആഹ്വാനത്തിന്റെ കാര്യത്തിലുണ്ടായില്ല എന്നത് മാധ്യമങ്ങളുടെ സ്വഭാവത്തെകൂടി വ്യക്തമാക്കുന്നതാണ്.

ആർമി ചീഫ് ഓഫ് സ്റ്റാഫ്‌ ജനറൽ ബിബിൻ റാവത്തിന്റെ ഹെലികോപ്റ്റർ അപകടമരണത്തിനു ശേഷം ചില മുഖ്യധാരാ മാധ്യമങ്ങളിൽ പത്രപ്രതിനിധികൾ തന്നെ ഊഹാപോഹം പ്രചരിപ്പിക്കാൻ ആരംഭിച്ചിരുന്ന കാര്യവും ഓർക്കേണ്ടതുണ്ട്. സർക്കാർ തലത്തിൽ നിന്ന് അങ്ങനെ യാതൊരു സൂചനയും ഇല്ലാതിരുന്നിട്ടും ചില മാധ്യമങ്ങളെങ്കിലും അത്തരം പ്രചാരണത്തിന് തുടക്കം കുറിച്ചുവെന്നത് കാണിക്കുന്നത്, മാധ്യമങ്ങളുടെ ആലോചനാക്രമം തന്നെ ദൂരുഹതകളാൽ നിർണയിക്കപ്പെട്ടിരിക്കുന്നു എന്നതാണ്.

പാകിസ്ഥാനെ വിദേശ ശത്രുവായി കാണുന്നപോലെ, രാജ്യത്തിനകത്തെ ആഭ്യന്തര ശത്രുവായി മുസ്ലിം ജനവിഭാഗത്തെ പ്രതിഷ്ഠിച്ചിരിക്കുന്ന വലതുപക്ഷ സാമൂഹമാധ്യമ പ്രവണതകളെ അതേപടി മുഖ്യധാരാ മാധ്യമങ്ങൾ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന സ്ഥിതി മാധ്യമങ്ങളുടെ വലതുപക്ഷവൽക്കരണത്തിന്റെ വർത്തമാന സ്ഥിതിയാണ്. പക്ഷെ അതിനേക്കാളുപരിയായി ഒരു വിഭാഗം ജനങ്ങളെ അപരവൽക്കരിക്കുകയും ഹിംസയ്ക്ക് വിധേയപ്പെടുത്തുകയും ചെയ്യുന്നതിൽ വിശ്വാസ്യതയുള്ള മാധ്യമങ്ങളും കുറ്റകരമായ പങ്കുവഹിച്ചു തുടങ്ങിയിരിക്കുന്നു. വലതുപക്ഷ തീവ്രാശയക്കാരുടെ ആഖ്യാനങ്ങൾക്ക് ബലം നൽകുന്നവിധം മാധ്യമങ്ങൾ സന്ദർഭോചിതമായി മുസ്ലിം വിരുദ്ധത വാർത്തകളിൽ തിരുകികയറ്റുകയാണ്.
ഉദാഹരണത്തിന്, ട്രെയിനപകടം പോലുള്ള ദൗർഭാഗ്യകരമായ സന്ദർഭങ്ങളിൽ വിശദ വിവരങ്ങൾ പുറത്തുവരുന്നതിനു മുമ്പേ മുൻവിധിയോടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വാർത്താവിശകലനം നൽകുന്ന രീതികളിൽ ഇതാണ് പ്രകടമാകുന്നത്.

ആൾക്കൂട്ട കൊലകൾ വ്യവസ്ഥാപിതമാവുകയും ദൈനംദിന അപരവൽക്കരണത്തിലൂടെ എല്ലാവരും കുടിയേറ്റക്കാരാണെന്ന പ്രതീതി ബോധപൂർവം മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

വംശീയാശയങ്ങൾ പരസ്യമായി കൂവിയാർത്തു വിളിച്ചു പറയുന്ന ടെലിവിഷൻ ആങ്കർമാരുടെ ആസുരകാലം കൂടിയാണിത്. ഉദാഹരണത്തിന്, ദക്ഷിണേന്ത്യക്കാരെയും മത ന്യൂനപക്ഷങ്ങളെയും പരസ്യമായി ആക്ഷേപിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ‘തുകടെ തുകടെ’ മുറവിളികൾ ടെലിവിഷൻ ചാനലുകളിൽനിന്ന് ഉറക്കെ വിളിച്ചു പറയാൻ യാതൊരു സങ്കോചവുമില്ലാത്തവിധം അപരവൽക്കരണം മാറിക്കഴിഞ്ഞിരിക്കുന്നു. ദേശീയതയെ സംബന്ധിച്ച് നേരത്തെ സൂചിപ്പിച്ച റഫറൻഡവും മുസ്ലിം ജനതയുടെ തന്നെ നിലനില്പിനെക്കുറിച്ചുള്ള റഫറൻഡമായി മാറുകയാണെന്നത് ആശങ്കപ്പെടുത്തേണ്ട കാര്യമാണ്. സയദ് നഖ്‌വിയുടെ പുസ്തകത്തിന്റെ തലക്കെട്ട് പോലെ, ‘മുസ്ലിംകളുടെ അപ്രത്യക്ഷമാക’ലിനെ കുറിച്ചുള്ള വ്യവഹാരമായി പരിണമിക്കുന്നു, മാധ്യമ വ്യവഹാരങ്ങൾ. ന്യുനപക്ഷ ജനത നേരിടുന്ന ദുർബലതയും (vulnerability) അതിദാരുണാവസ്ഥയും (precarity) മാധ്യമങ്ങളുടെ വാർത്താഘോഷങ്ങളിൽ തമസ്കരിക്കപ്പെട്ടുപോകുന്ന യാഥാർഥ്യമാണ്. അപ്രത്യക്ഷമാകൽ അദൃശ്യവൽക്കരണമാണ്. ജാതി വ്യവസ്ഥയിൽ എങ്ങനെയാണോ സാമൂഹികശ്രേണിയിലെ കീഴ്പ്പെടുത്തപ്പെട്ട ജനത അദൃശ്യവൽക്കരിക്കപ്പെട്ടത് അതിനു സമാനമായ അന്തരീക്ഷമാണ് മാധ്യമങ്ങളുടെ കൂടി സഹായത്തോടെ സ്ഥാപിതമാവുന്നത്. മുസ്ലിം കച്ചവടക്കാരെ പുറന്തള്ളുന്നതിലും കാണുന്നത് ഈ പ്രവണത തന്നെയാണ്. സാമ്പത്തികമായി നിരാധാരമാക്കുന്നതും ഈ അദൃശ്യവൽക്കരണത്തിന് ആക്കം കൂട്ടുന്നു.

നിയമമാർഗത്തിലൂടെ തന്നെ പൗരത്വം നിഷേധിക്കപ്പെടണമെന്നില്ല. അടിസ്ഥാന ജീവിത സാഹചര്യങ്ങൾ തന്നെ തുരങ്കം വെയ്ക്കപ്പെട്ടാൽ നിലനിൽപ് ദുർബലപ്പെടും. ഇതിലൂടെ സമുദായങ്ങൾ തമ്മിൽ തമ്മിലുള്ള മേൽകീഴ് ബന്ധവും സംജാതമാകുന്നു. ആൾക്കൂട്ട കൊലകൾ വ്യവസ്ഥാപിതമാവുകയും ദൈനംദിന അപരവൽക്കരണത്തിലൂടെ എല്ലാവരും കുടിയേറ്റക്കാരാണെന്ന പ്രതീതി ബോധപൂർവം മാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പ്രതീതി ജീവിതയാഥാർഥ്യമായി പരിണമിക്കുന്ന സങ്കീർണാവസ്ഥയാണിത്. പലസ്തീൻ പോലുള്ളിടങ്ങളിലെ ആഭ്യന്തര കോളനീകരണത്തിൽ ഇത് നടന്നതുമാണ്.

ഏകസ്വരവും ഭിന്നസ്വരവും  

ഏകസ്വരതയിലേക്ക് സങ്കോചിച്ച മാധ്യമ സംസ്കാരത്തിനെതിരെ ബഹുസ്വരതയുടെതായ ഒരു ജനാധിപത്യ മാധ്യമ സംസ്കാരം പടുത്തുയർത്താൻ വൈവിധ്യമാർന്നതും അധികാരത്തിന്റെ മുമ്പിൽ കീഴ്പ്പെടാത്തതും ‘രാജാവ് നഗ്നനാണ്’ എന്ന് തുറന്നു പറയാനും  കെല്പുള്ള മാധ്യമ പ്രവർത്തനം അത്യന്താപേക്ഷിതമാണ്. പക്ഷെ അത്തരം മാധ്യമ പ്രവർത്തനം നിലവിലില്ല. ഓൺലൈൻ രംഗത്ത് അപൂർവമായി ചില മാധ്യമങ്ങളുണ്ട്. സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുന്ന അത്തരം ഓൺലൈൻ മാധ്യമങ്ങൾ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നു അതീജീവിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കാരണം, ജനാധിപത്യപരമായ വാഞ്ചകൾ ജനതയെ സത്യം തേടാൻ പ്രേരിപ്പിക്കുന്നുണ്ട്.
മാത്രമല്ല, സമീപകാല ചരിത്ര സംഭവങ്ങൾ കാണിക്കുന്നത്, ജനത തെരുവിലിറങ്ങി അധികാരങ്ങളെ താഴെയിറക്കും വരെ പ്രതിഷേധിക്കുമെന്നാണ്.

ആധുനികവൽക്കരിച്ചും സാങ്കേതികവിദ്യാപരമായി നവീകരിച്ചും പുതിയ മാധ്യമ മണ്ഡലങ്ങളിലേക്ക് പ്രവേശിച്ചും കേരളത്തിന്റെ മാധ്യമവിപണിയിൽ പലപ്പോഴും ശ്രദ്ധേയമായ ഇടപെടൽ നടത്താൻ മുസ്ലിം മാനേജ്‌മെന്റിന്റെ നേതൃത്വത്തിലുള്ള മാധ്യമങ്ങൾക്ക് സാധിക്കാതെ പോകുന്നു

മാധ്യമ പ്രവർത്തനത്തിന്റെ സമകാല പ്രകൃതത്തിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും ജനാധിപത്യത്തിന്റെ നിലനിൽപിന് മാധ്യമങ്ങൾ അത്യന്താപേക്ഷിതമാണെന്നുള്ള തിരിച്ചറിവാകണം വിമർശനത്തെ നയിക്കേണ്ടത്. അതാകണം മാധ്യമ വിമർശനത്തിന്റെ സ്പിരിറ്റ്. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം വലിയ വെല്ലുവിളി തന്നെയാണ് നേരിടുന്നത്. മാധ്യമ സ്വാതന്ത്ര്യം പലരീതികളിലും നിയന്ത്രണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ സിദ്ധിക്ക് കാപ്പനെതിരെ  യു എ പി എയാണ് ചാർജ് ചെയ്തത്. രാജ്യദ്രോഹിയും തീവ്രവാദിയുമായാണ് യോഗി ആദിത്യ നാഥിന്റെ സർക്കാർ അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സിദ്ധിക്ക് കാപ്പനെ മുദ്രകുത്തിയത്. ഗോരഖ്‌പൂരിൽ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറായ കഫീൽ ഖാനെ ജയിലലിടച്ച സർക്കാരാണ് സിദ്ദിഖ് കാപ്പനെയും അറസ്റ്റു ചെയ്ത് തുറുങ്കിലടച്ചത്. സിദ്ധിഖ് കാപ്പന്റെ അറസ്റ്റിനു പിന്നിൽ കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരാണ് എന്നത് ആശങ്കപ്പെടുത്തേണ്ട കാര്യമാണ്. സിദ്ധിക്ക് കാപ്പൻ തീവ്രവാദിയാണെന്നുള്ളവിധം അയാളുടെ അറസ്റ്റിനെ പ്രേരിപ്പിച്ചതിനുപിന്നിൽ സംഘ്പരിവാർ ആഭിമുഖ്യമുള്ള മുഖ്യധാരാ പത്രപ്രവർത്തകനായിരുന്നു എന്ന വിവരം Newslaundry എന്ന  ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്ത കാര്യമാണ്. ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവേയാണ് സിദ്ധിക്ക് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടത്. മാധ്യമ റിപ്പോർട്ടുകളനുസരിച്ച് അദ്ദേഹം എഴുതിയ വാർത്തകൾ വർഗീയ സ്വഭാവമുള്ളതാണെന്നും കലാപാഹ്വാനം നൽകുന്നതുമാണെന്നാണ് കുറ്റപത്രത്തിൽ  പറഞ്ഞിരുന്നത്. പത്രപ്രവത്തനത്തെ തന്നെ ക്രൈമായി കാണുന്ന രീതിയാണ് സിദ്ദിക്ക് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ കാണിച്ചുതന്നത്.
മുസ്ലിം മാധ്യമ പ്രവർത്തകൻ എന്ന കാര്യം അടിവരയിടേണ്ടതാണ്. പോപ്പുലർ ഫ്രണ്ടിന്റെ ‘തേജസ്’ പത്രത്തിൽ ജോലി ചെയ്തിരുന്നതും കുറ്റം ചാർത്തലിനു പ്രേരകമായ ഘടകമാണ്. പത്ര പ്രവർത്തക യൂണിയൻ (Kerala Union Of Working Journalists- KUWJ) പ്രതിഷേധമുയർത്തിയെങ്കിലും കേരളത്തിലെ സംഘടിത മാധ്യമ സമൂഹവും ഇടതു -മധ്യ ലിബറൽ  രാഷ്ട്രീയ  നേതൃത്വവും കാര്യമായ പ്രതിഷേധം ഉയർത്തുകയോ സിദ്ധിക്ക് കാപ്പന്റെ മോചനത്തിന് ന്യായയുക്തമായ നിയമ നടപടികൾക്ക് പോലും പിന്തുണ നൽകുകയോ ചെയ്തില്ല എന്നത് ആരോപണമായി നിൽക്കുന്നു.  

പത്രപ്രവത്തനത്തെ തന്നെ ക്രൈമായി കാണുന്ന രീതിയാണ് സിദ്ദിക്ക് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ കാണിച്ചുതന്നത്
പത്രപ്രവത്തനത്തെ തന്നെ ക്രൈമായി കാണുന്ന രീതിയാണ് സിദ്ദിക്ക് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ കാണിച്ചുതന്നത്

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ സമയത്തുനടന്ന ഡൽഹിയിലെ വർഗീയ കലാപം റിപ്പോർട്ട് ചെയ്ത സംഭവുമായി ബന്ധപ്പെട്ട് മലയാള ചാനലുകളായ ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റെയും  പ്രേക്ഷേപണം  48 മണിക്കൂർ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർത്തിവെച്ചിരുന്നു. 48 മണിക്കൂറിനു ശേഷം ആ വിലക്ക് നീക്കി. ഇത് നിശ്ചിത നേരത്തേക്കുള്ള സംപ്രേഷണ വിലക്കായിരുന്നുവെങ്കിൽ മീഡിയവൺ ചാനലിന്റെ സംപ്രേഷണം നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് ഐ ആൻഡ് ബി പിന്നീട് പുറപ്പെടുവിച്ചത്. ടെലികാസ്റ്റ് ലൈസൻസ് പുതുക്കുന്നതായി ബന്ധപ്പെട്ട് മീഡിയവൺ ചാനൽ നൽകിയ അപേക്ഷയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ചാനലിന്റെ പ്രവർത്തനം ദേശസുരക്ഷയെ ബാധിക്കുന്നതാണ് എന്നതാണ് നിരോധനത്തിനുള്ള കാരണമായി പറഞ്ഞത്.  

ജമാഅത്തെ ഇസ്ലാമിയുടെ മുൻകൈയിൽ നടക്കുന്ന മാധ്യമ സ്ഥാപനമാണ് മീഡിയ വൺ. ഇന്ത്യയിൽ തന്നെ ഒരുപക്ഷെ ഒരു മുസ്ലിം മാനേജ്‌മെന്റ് നടത്തുന്ന ടെലിവിഷൻ ചാനലായിരിക്കും മീഡിയ വൺ. തങ്ങൾക്ക് ലഭിച്ച കാരണംകാണിക്കൽ നോട്ടീസിൽ നിരോധനത്തിന് കാരണമായി പറഞ്ഞ ദേശദ്രോഹ പ്രവർത്തനത്തിന്റെ രേഖകൾ നൽകിയില്ല എന്നാണ് ചാനൽ മേധാവികൾ വ്യക്തമാക്കിയത്. സംപ്രേഷണ വിലക്ക് ആദ്യ ഘട്ടത്തിൽ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും പിന്നീട് കേരള ഹൈകോടതി കേന്ദ്ര ഉത്തരവ് അംഗീകരിച്ച് സ്റ്റേ പിൻവലിച്ചു. കേന്ദ്ര സർക്കാർ രഹസ്യകവറിൽ നൽകിയ രേഖകൾ പരിഗണിച്ചാണ് ലൈസൻസ് റദ്ദാക്കുന്ന ഉത്തരവിന് അംഗീകാരം നൽകിയതെന്നാണ് ഹൈക്കോടതി ഉത്തരവ് വ്യക്തമാക്കുന്നത്. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ തന്നെ കേന്ദ്ര സർക്കാർ രഹസ്യകവറിൽ നൽകിയ രേഖകളിൽ, കേന്ദ്ര സർക്കാർ വാദങ്ങളെ  സമർത്ഥിക്കുന്നതായി ഒന്നുമില്ലെന്ന സൂചനയാണുണ്ടായിരുന്നത്. മീഡിയ വൺ സംപ്രേഷണത്തിന് സുപ്രീം കോടതി അനുമതി നൽകിയ വിധി ഈ നിലയിൽ ചരിത്രപരമാണ്. ദേശസുരക്ഷ എന്ന ഉമ്മാക്കി കാട്ടി തങ്ങൾക്കിഷ്ടമില്ലാത്തവക്കെതിരെ ഉപയോഗിക്കുന്നതിലെ അപകടം പെഗാസസ് വിധിയിൽ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
ഇവിടെ ഗൗരവകരമായ പ്രശ്നം, മാധ്യമ സ്വാന്ത്ര്യത്തിന്റേതും ഒപ്പം മുസ്ലിം മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ചാനലിനോടുള്ള പ്രതികൂല സമീപനത്തിന്റേതുമാണ്. മുസ്ലിം മാനേജമെന്റ് നടത്തുന്ന മാധ്യമങ്ങൾ പൊതുസമൂഹ വ്യവഹാരങ്ങളിൽ  കാര്യക്ഷമമായി ഇടപെടുന്ന സ്ഥലമാണ് കേരളമെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. 

കേരളത്തിലെ മുസ്ലിം രാഷ്ട്രീയ- സാംസ്‌കാരിക നേതൃത്വങ്ങളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പത്ര മാധ്യമങ്ങൾക്ക് ദീർഘചരിത്രമുണ്ട്. നസ്രാണി ദീപികയും കോട്ടയത്തുനിന്ന് മലയാള മനോരമയും  പിന്നീട് കോഴിക്കോട്ടുനിന്ന് മാതൃഭൂമിയും ആരംഭിച്ചശേഷം തൊട്ടു പിന്നാലെയാണ് മുഹമ്മദ് അബ്ദു റഹ്‌മാന്റെ നേതൃത്വത്തിലുള്ള അൽ അമീൻ പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ അകാല മരണത്തെതുടർന്ന് അൽ അമീൻ പ്രസിദ്ധീകരണം നിലച്ചു. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ചന്ദ്രികയും ഇക്കാലത്ത് പ്രസിദ്ധീകരണം ആരംഭിക്കുന്നു. തിരുവനന്തപുരത്തുനിന്ന് കേരളകൗമുദിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശാഭിമാനിയും ഇന്നും സജീവമായി നിലനിൽക്കുന്ന പത്രങ്ങളാണ്. കേരളത്തിലെ ഈ പ്രധാന മാധ്യമങ്ങളൊക്കെ ദൃശ്യമാധ്യമ രംഗത്തേക്കും ഓൺലൈൻ രംഗത്തേക്കും വിജയകരമായി ചുവടുവെച്ചു.

വളർന്നുവരുന്ന ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കാനും ജനാധിപത്യപരമായ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും അപരവൽക്കരണത്തിനെതിരെ കാര്യക്ഷമമായി പ്രവർത്തിക്കാനും രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കാനും ആവിഷ്‌ക്കരിക്കാനും പുതിയൊരു മാധ്യമ സംസ്കാരത്തിന്റെ സൃഷ്ടിക്കും മുസ്ലിം മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലുള്ള മാധ്യമങ്ങൾക്ക്  സാധിക്കേണ്ടതാണ്. 

1987 -ൽ ആരംഭിച്ച മാധ്യമം ദിനപത്രം പുതിയ തുടക്കം കുറിക്കലായിരുന്നു. മാധ്യമം തീർച്ചയായും നല്ല മുന്നേറ്റമാണ്  നടത്തിയത്. ചന്ദ്രിക പോലെ ദീർഘപാരമ്പര്യമുള്ള മാധ്യമങ്ങളുടെ കാര്യം പരിഗണിക്കുമ്പോൾ കാണാൻ കഴിയുന്ന ഒരു വസ്തുത, ആധുനികവൽക്കരിച്ചും സാങ്കേതികവിദ്യാപരമായി നവീകരിച്ചും പുതിയ മാധ്യമ മണ്ഡലങ്ങളിലേക്ക് പ്രവേശിച്ചും കേരളത്തിന്റെ മാധ്യമവിപണിയിൽ പലപ്പോഴും ശ്രദ്ധേയമായ ഇടപെടൽ നടത്താൻ മുസ്ലിം മാനേജ്‌മെന്റിന്റെ നേതൃത്വത്തിലുള്ള മാധ്യമങ്ങൾക്ക് സാധിക്കാതെ പോകുന്നു എന്നതാണ്. അതിനുള്ള കാരണങ്ങൾ ആത്മവിമർശനപരമായി മുസ്ലിം സമുദായ -രാഷ്ട്രീയ നേതൃത്വം അന്വേഷിക്കേണ്ടതാണ്. രാഷ്ട്രീയ സാംസ്‌കാരിക സാന്നിധ്യം എന്ന നിലയിലുള്ള മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഗൗരവകരമായാണ് രാഷ്ട്രീയ നേതൃത്വം കാണുന്നതെങ്കിൽ ഇപ്പോഴത്തേക്കാൾ വിപുലമായ രീതിയിൽ തന്നെ മാധ്യമങ്ങളുടെ പ്രചാരം വർദ്ധിക്കേണ്ടതായിരുന്നു. താല്പര്യക്കുറവും പ്രഫഷണൽ മാനേജ്‌മെന്റിന്റെ അഭാവവും കെടുകാര്യസ്ഥതയും മാധ്യമങ്ങളുടെ വളർച്ചയെ ബാധിച്ചിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ ആശയ പോരാട്ടത്തിനുള്ള ഏറ്റവും കരുത്തുറ്റ ആയുധമാണ് നഷ്ടപ്പെടുന്നത്. സാമൂഹിക മാധ്യമ ഇടപെടലുകളും ഓൺലൈൻ ഫോറങ്ങളിലെ സൃഷ്ടിപരമായ പ്രവർത്തനവും പുതിയ സംവാദ മണ്ഡലങ്ങളിൽ വ്യക്തവും വിശദവുമായ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരമാണെങ്കിലും വ്യവസ്ഥാപിതമായ മാധ്യമത്തിന് പകരമാകുന്നില്ല. വളർന്നുവരുന്ന ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കാനും ജനാധിപത്യപരമായ രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും അപരവൽക്കരണത്തിനെതിരെ കാര്യക്ഷമമായി പ്രവർത്തിക്കാനും രാഷ്ട്രീയാഭിപ്രായം പ്രകടിപ്പിക്കാനും ആവിഷ്‌ക്കരിക്കാനും പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകാനും പുതിയൊരു മാധ്യമ സംസ്കാരത്തിന്റെ സൃഷ്ടിക്കും മുസ്ലിം മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലുള്ള മാധ്യമങ്ങൾക്ക്  സാധിക്കേണ്ടതാണ്. 

ആധുനിക കേരളത്തിന്റെ പാരമ്പര്യം

കണ്ണൂരിനെക്കുറിച്ച് പ്രതിപാദിച്ചാണ് തുടങ്ങിയത്. കണ്ണൂർ, രാഷ്ട്രീയാക്രമണങ്ങളുടെ വിളനിലമായി ആഖ്യാനം ചെയ്യപ്പെടുമ്പോഴും ആക്രമണങ്ങളുടെ ഒരുവശത്ത് RSS എന്ന പരിവാർ സംഘടനയുള്ളപ്പോഴും രാഷ്ട്രീയത്തിനപ്പുറം ഒരു സമുദായം അതിന്റെ കുറ്റം പേറേണ്ടതില്ല. വസ്തുതാപരമായി കൊലപാതകങ്ങളിലും ആക്രമണങ്ങളിലും സംഘടനകൾ പ്രതിസ്ഥാനത്താണ്. മാത്രമല്ല, അതൊരു ആഭ്യന്തര പ്രശ്നമായി പരിഗണിക്കപ്പെടുന്നുണ്ടാകാമെങ്കിലും ദേശീയ പ്രശ്നമായി ആരും ചിത്രീകരിക്കാറില്ല. കേരളത്തിൽ സി പി എം കേന്ദ്രത്തിൽ ബി ജെ പി യും അധികാരത്തിലിരിക്കെ പരസ്പരമുള്ള ഡിറ്ററെൻസ് എന്ന നിലയിൽ സമാധാനം നിലനിൽക്കുന്നുമുണ്ട്. സമീപകാലത്തെ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ടത് കോൺഗ്രസ്, ലീഗ് പ്രവർത്തകരാണ്.

എന്നാൽ, മലപ്പുറത്തിന്റെ പേര് പ്രതിപാദ്യമാകുമ്പോൾ അതൊരു ദേശീയ പ്രശ്‌നമാകുന്നു. രാജ്യദ്രോഹം എന്നത് ഇൻവെർട്ടഡ് കോമയിൽ സൂചിതമാകുന്നു. അതിന് അന്താരാഷ്ട്രമാനങ്ങൾ കൽപ്പിതമാകുന്നു.

ഏറ്റവും അവസാനം കേട്ട കാര്യം, കരിപ്പൂർ വഴി നടക്കുന്ന സ്വർണ്ണക്കടത്തിനെതിരെ ‘മതവിധി’ വേണമെന്ന് ഒരു ഇടതുപക്ഷ എം എൽ എ പ്രസ്താവനയിരിക്കയിരിക്കുന്നതാണ്.
ഏറ്റവും അവസാനം കേട്ട കാര്യം, കരിപ്പൂർ വഴി നടക്കുന്ന സ്വർണ്ണക്കടത്തിനെതിരെ ‘മതവിധി’ വേണമെന്ന് ഒരു ഇടതുപക്ഷ എം എൽ എ പ്രസ്താവനയിരിക്കയിരിക്കുന്നതാണ്.

ഏറ്റവും അവസാനം കേട്ട കാര്യം, കരിപ്പൂർ വഴി നടക്കുന്ന സ്വർണ്ണക്കടത്തിനെതിരെ ‘മതവിധി’ വേണമെന്ന് ഒരു ഇടതുപക്ഷ എം എൽ എ പ്രസ്താവനയിരിക്കയിരിക്കുന്നതാണ്. ഫത് വ വേണമെന്ന സൂചന തന്നെ റിപ്പബ്ളിക് ചാനലിനെ പോലുള്ള വലതുപകക്ഷ ദേശീയ ചാനലിനു വിഷയമാകാനും മതി. സമ്മിശ്ര മതസമൂഹങ്ങൾ തിങ്ങിപ്പാർക്കുന്ന കേരളത്തിന് ഇത്തരം മാധ്യമങ്ങളിലൂടെയുള്ള നിർമിതികൾ അതിജീവിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കേണ്ടത്. 

കേരളത്തിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് എഴുത്തുകാരൻ സക്കറിയ പുലർത്തുന്ന പ്രത്യാശ വളരെ പ്രധാനമാണ്. കൂട്ടത്തിൽ പറഞ്ഞുകൊള്ളട്ടെ, സ്വാമി വിവേകാനന്ദൻ കേരളത്തെ കുറിച്ചല്ല, ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്, മലബാറിനെക്കുറിച്ചാണെന്ന് തിരുവിതാംകൂറിന്റെ തദ്ദേശീയ ചരിത്രകാരനായ മലയൻകീഴ് ഗോപാലകൃഷ്ണൻ പറയുന്നു. മലബാറിലെ ജാതിജീവിതത്തിന്റെ അസംബന്ധതയാണ് സ്വാമി വിവേകാന്ദൻ അഭിമുഖീകരിച്ചത്. അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ടിപ്പു പടയുമായി വന്നപ്പോഴും അഭിമുഖീകരിച്ചത് ഈ അസംബന്ധതയായിരിക്കില്ലേ?

ലവ് ജിഹാദ് എന്ന വാക്കിന് ഇത്ര പ്രചാരം എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് സക്കറിയ നൽകുന്ന ഉത്തരം, It is created by Media എന്നാണ്.
ലവ് ജിഹാദ് എന്ന വാക്കിന് ഇത്ര പ്രചാരം എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് സക്കറിയ നൽകുന്ന ഉത്തരം, It is created by Media എന്നാണ്.

ഈ ഘട്ടത്തിൽ സക്കറിയയിലേക്ക് തിരിയാം. സക്കറിയയയോട് ശാസ്ത്രചിന്തകനായ എതിരവൻ കതിരവൻ ചോദിക്കുന്നുണ്ട്, ലവ് ജിഹാദ് എന്ന വാക്കിന് ഇത്ര പ്രചാരം എങ്ങനെ കിട്ടിയെന്ന്. സക്കറിയ നൽകുന്ന ഉത്തരം, It is created by Media എന്നാണ്. Media at the behest of somebody has created it എന്നുമാണ്. മീഡിയ അതാതു സമയത്ത് അതിന്റെ കളി കളിച്ചിരിക്കുമെന്നും സക്കറിയ വിശദീകരിക്കുന്നു, അതിന്റെയുള്ളിലെ മൗലികവാദികളും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നവരും ഒക്കെക്കൂടി. ഏതു മൗലികവാദ ഗ്രൂപ്പാണെങ്കിലും മാധ്യമങ്ങളിലെ അവരുടെ പിണിയാളുകൾ അവരുടെ ജോലി നിർവഹിച്ചിരിക്കും. അതുകണ്ട് മലയാളികൾ പേടിച്ചാൽ പറ്റുകയില്ലെന്നും സക്കറിയ പറയുന്നു. കേരളം പോലുള്ള സമൂഹം  അതൊക്കെ കണ്ടു പേടിച്ചു ജീവിക്കാൻ തുടങ്ങിയാൽ  അതിനൊരു അവസാനവുമുണ്ടാകില്ല. അതേസമയം, കേരളം പോലെ മതേതര പാരമ്പര്യമില്ലാത്ത, നാരായണഗുരുവിനെ പോലെ ഒരു മനുഷ്യൻ ജനിക്കാത്ത ഒരു സ്ഥലത്ത്, ഇതു പേടിക്കേണ്ടതുണ്ട്. ഓരോ സമൂഹത്തിന്റെയും  ചരിത്രപരമായ വികാസത്തിന്റെ പ്രാധാന്യമാണ് ഇവിടെ പ്രസക്തമാകുന്നത്. എങ്കിലും തൊട്ടയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ ഇല്ലാത്ത മുസ്ലിം- അമുസ്ലിം വ്യത്യാസ പരിഗണന കേരളത്തിലുണ്ടെന്നും സക്കറിയ സൂചിപ്പിക്കുന്നു. 

Comments