കഴിഞ്ഞ ദിവസം, നാട്ടിലുള്ള അപ്പനോട് ഫോണിൽ സംസാരിക്കുമ്പോൾ തൊട്ടപ്പുറത്തെ പഞ്ചായത്ത് റോഡിലൂടെ ഇലക്ഷൻ പ്രചാരണ വാഹനം കടന്നുപോകുന്നത് പശ്ചാത്തലത്തിൽ വ്യക്തമായി കേൾക്കാം: "ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കരുത്തനായ സ്ഥാനാർത്ഥി പാലായുടെ പൊന്നോമനപ്പുത്രൻ ജോസ് കെ. മാണിയെ രണ്ടില ചിഹ്നത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.'
ഞാൻ അപ്പനോട് ചോദിച്ചു; എങ്ങനെയുണ്ട് പാലാ ഇത്തവണ?""ഓ എന്നാ പറയാനാ, കഴിഞ്ഞ തവണ ഇതേ മാണി കോൺഗ്രസ് യു.ഡി.എഫിലാരുന്നു. എൽ.ഡി.എഫിലായിരുന്ന കാപ്പൻ ഇത്തവണ യു.ഡി.എഫിലും! ആരേലുമൊരാള് ജയിക്കും, ആരു ജയിച്ചാലും കബളിക്കപ്പെടുന്നത് ജനമല്ലെ?''
പരസ്യകോലാഹലങ്ങൾക്കുള്ള പണം കണ്ടെത്തുന്നത് സാധാരണക്കാരനിൽ നിന്ന് പിരിച്ച ഫണ്ടുകൾ ഉപയോഗിച്ചാണോ? അതോ കോർപ്പറേറ്റ് മുതലാളിമാരിൽ നിന്നു ലഭിച്ച കമീഷൻ തുകയോ?
ശരിയാണത്, സുമാർ രണ്ടുകൊല്ലത്തിനിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച മാണി സി. കാപ്പൻ ഇത്തവണ യു.ഡി.എഫിന്റെ സ്വന്തം സ്ഥാനാർത്ഥി. പരാജയപ്പെട്ടെങ്കിലും എൽ.ഡി.എഫിനെ തിരഞ്ഞെടുത്താലുള്ള വിപത്ത് ചൂണ്ടിക്കാട്ടി അന്ന് വോട്ടു വാങ്ങിയ ടോം ജോസും ജോസ് കെ. മാണിയും ഇന്ന് എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാവണമെന്ന് ഉറക്കത്തിൽ പോലും പറയുന്നു. അരക്കഴഞ്ച് വൈരുദ്ധ്യാത്മക ഭൗതികവാദം ഒരു തുടം അദ്ധ്വാനവർഗ സിദ്ധാന്തത്തിൽ ചാലിച്ചുണ്ടാക്കിയ അത്ഭുത മിശ്രിതം!
സി.പി.എമ്മിനെ സംബന്ധിച്ച് ഭരണം കയ്യാളുന്ന ഏക സംസ്ഥാനമായ കേരളം എന്തു വിലകൊടുത്തും നിലനിർത്തണം എന്നത് നിലനിൽപ്പിന്റെ പ്രശ്‌നമാണ്. ഒന്നൊന്നായി ഓരോ സംസ്ഥാനങ്ങളും കൈവിട്ടുപോകുന്ന കോൺഗ്രസിന് ഭരണം തിരികെപ്പിടിച്ചില്ലെങ്കിൽ ഈ പ്രസ്ഥാനം തന്നെ ശിഥിലമാവുമെന്ന ഭയാശങ്കകൾ മറ്റൊരിടത്ത്. ഉത്തരേന്ത്യയിൽ പരീക്ഷിച്ചു വിജയിച്ച തീവ്ര വലതുപക്ഷ സംഘപരിവാർ അജണ്ടകളുമായി കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ മതനഞ്ചു കലക്കി വോട്ടുപിടിക്കാനിറങ്ങുന്ന ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി മൂന്നാമത്. വോട്ടർമാർ കുഴങ്ങിയത് തന്നെ!
കാലത്ത് മലയാളം വാർത്താ ചാനലുകളിലൂടെ ഒന്നു കയറിയിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ പരസ്യം നൽകാനുള്ള ത്രാണി കാണുന്നത് തൊഴിലാളിവർഗപ്പാർട്ടിയായ സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിനാണ്. ഉറപ്പാണെന്ന് അവർ പറയുന്നു, മലയാളികൾക്ക് പരിചിതമായ മുകേഷിന്റെ ശബ്ദത്തിൽ. ഇടയ്ക്കൊക്കെ സംവിധായകൻ രഞ്ജിത്തും വരുന്നുണ്ട്. അത്ര ഉറപ്പായ ഒരു സംഗതി പേർത്തും പേർത്തും പറയുമോ എന്ന സംശയം ബാക്കി നിൽക്കുന്നു. ഓർമയില്ലെന്ന് പറയുന്ന മന്ത്രിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി! പേരിൽ മാത്രം ഐക്യമുള്ള യു.ഡി.എഫും പിന്നാലെയുണ്ട്. അഴിമതിയുടെ അഞ്ച് വർഷങ്ങൾ എന്നവർ പറയുന്നു. ശരത്തിന്റെയും കൃപേഷിന്റേയും കൂടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിച്ച കുറെ യുവാക്കളുടെയും ചിത്രങ്ങൾ ഇടയ്ക്ക് കാണിക്കുന്നുണ്ട്. കൊല്ലപ്പെട്ട ഈ യുവാക്കളുടെയൊക്കെ കുടുംബങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണെന്നറിയില്ല. രക്തസാക്ഷികളെ എന്നും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് മരിച്ചവരുടെ കുടുംബങ്ങൾക്കുണ്ടായ നഷ്ടം എങ്ങനെയാണ് നികത്താനാവുക? വാളയാറിൽ പീഡനത്തിനിരകളായ സഹോദരിമാരെ ഓർമിപ്പിക്കുന്ന കയറിൽ തൂങ്ങിയാടുന്ന രണ്ടു കുഞ്ഞു പെറ്റിക്കോട്ടുകളാണ് പിന്നീട് വന്ന പരസ്യത്തിൽ കാണുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തങ്ങൾ വോട്ടാക്കാൻ ശ്രമിക്കുന്നവർ അതിലും വലിയ ദുരന്തങ്ങളെന്നെ പറയാനുള്ളൂ.
ജാതിഭ്രാന്തിന്റെ മാരക പ്രകാരശേഷിയുള്ള സ്ഫോടക വസ്തുക്കൾ ആവനാഴിയൊളിപ്പിച്ചാണ് അവരുടെ വരവ്. കോട്ടയത്തൊക്കെയുള്ള ചില അച്ചായന്മാർ നല്ല കനത്തിൽ വഴിമരുന്നിട്ടുകൊടുക്കുന്നുമുണ്ട്
ചാനൽ പരസ്യങ്ങളുടെ കാര്യത്തിൽ ബി.ജെ.പിയും ഒട്ടും പുറകിലല്ല. കെട്ടിക്കൊടുത്ത വീടുകളുടെ പെരുമ പറഞ്ഞവർ തീവണ്ടിയോട്ടുന്നു. മത്സരബുദ്ധ്യാ അനുസ്യൂതം പ്രചരിപ്പിക്കുന്ന ഈ പരസ്യകോലാഹലങ്ങൾക്കുള്ള പണം കണ്ടെത്തുന്നത് സാധാരണക്കാരനിൽ നിന്ന് പിരിച്ച ഫണ്ടുകൾ ഉപയോഗിച്ചാണോ? അതോ കോർപ്പറേറ്റ് മുതലാളിമാരിൽ നിന്ന് ലഭിച്ച കമ്മീഷൻ തുകയോ? ഏതായാലും ചാനൽ മുതലാളിമാർ രാഷ്ട്രീയക്കാരോടുള്ള ഇഷ്ടം കൊണ്ട് സൗജന്യമായി സംപ്രേഷണം ചെയ്യുന്നതാകാൻ തരമില്ല. ഏതായാലും ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കണ്ട ഏറ്റവും വലിയ അശ്ലീലമാണ് ഈ പരസ്യകോലാഹലങ്ങൾ. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്കെന്ന പോലെ രാഷ്ട്രീയപ്പാർട്ടികൾക്കും ധൈഷണികവും ധാർമ്മികവുമായ ചില അടിസ്ഥാന ഉത്തരവാദിത്വങ്ങൾ ജനങ്ങളോട് ഉണ്ടായിരിക്കേണ്ടതല്ലേ?
ഇതിനിടെ അധികാരത്തിന്റെ ഇടനാഴികളിൽ അക്ഷമരായി മറ്റൊരു സംഘം കാത്തുനിൽക്കുന്നത് കാണാം. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ വരെ ഭീഷണിപ്പെടുത്തിയും പണം കൊടുത്തും അട്ടിമറിക്കാൻ കെൽപ്പുള്ള മുന്നണിയുടെ പേരിൽ മാത്രം ജനാധിപത്യത്തെ പുൽകിയ വർഗീയ ഫാസിസ്റ്റുകൾ. ജാതിഭ്രാന്തിന്റെ മാരക പ്രകാരശേഷിയുള്ള സ്ഫോടക വസ്തുക്കൾ ആവനാഴിയൊളിപ്പിച്ചാണ് അവരുടെ വരവ്. കോട്ടയത്തൊക്കെയുള്ള ചില അച്ചായന്മാർ നല്ല കനത്തിൽ വഴിമരുന്നിട്ടുകൊടുക്കുന്നുമുണ്ട് . നെല്ലും പതിരും വേർതിരിച്ചറിയാനുള്ള ബൗദ്ധിക വികാസം ടി അച്ചായന്മാർക്കുണ്ടാകട്ടെ എന്നാഗ്രഹിക്കാനേ കഴിയൂ.
വർഗീയ ഫാഷിസ്റ്റുകളെയും ഏകാധിപതികളെയും അഴിമതിക്കാരെയും തച്ചുടച്ച് ജനാധിപത്യം ശക്തിപ്പെടണം. കൂടെ സർക്കാരുകൾ സൗജന്യം കൊടുക്കുന്ന ഭഷ്യക്കിറ്റുകൾക്കായി പൊതുവിതരണ കേന്ദ്രങ്ങളിൽ കാത്ത് നിൽക്കുന്ന പാവപ്പെട്ടവൻ ഭരണാധികാരികൾക്ക് അപമാനമാവുന്ന കാലം വരണം. അവന് ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള സാഹചര്യമുണ്ടാകുന്നതാണ് യഥാർത്ഥ വികസനം. അതിനാവുന്ന കാലം വരെ അവനെ ചേർത്ത് നിർത്തണം, എന്നാൽ സർക്കാരുകൾക്കുണ്ടായ പരാജയങ്ങളുടെ പട്ടികയിലാണ് ഇവ എഴുതിച്ചേർക്കേണ്ടതെന്നുമാത്രം. നാട് നന്നാകാൻ യു.ഡി.എഫ് എന്നതാണ് കോൺഗ്രസ്സ് നയിക്കുന്ന യു.ഡി.എഫിന്റെ പ്രചാരണ വാചകം. അഞ്ചുകൊല്ലം മുൻപ് കേരളം ഭരിച്ച നമുക്കറിയാവുന്ന യു.ഡി.എഫ് തന്നെയല്ലെ ഇത്? അഴിമതിക്കാരെന്ന് പകൽപോലെ വ്യക്തമായ എത്ര നേതാക്കളെ നിങ്ങൾക്ക് മാറ്റിനിർത്താനായി? എന്തുറപ്പിന്റെ പുറത്താണ് ജനം നിങ്ങളെ വിലയിരുത്തേണ്ടത്? എവിടെയാണ് നിങ്ങൾക്ക് മാറ്റമുണ്ടായത്?
കമ്പനി സോഷ്യൽ റെസ്പോണ്സിബിലിറ്റി പ്രകാരം ചെലവാക്കേണ്ടുന്ന ഫണ്ടുപയോഗിച്ച് ഒരു പഞ്ചായത്തിലൊക്കെ അല്ലറ ചില്ലറ മായാജാലങ്ങൾ കാട്ടി വോട്ട് നേടി അധികാരം പിടിക്കുകയും, തുടർന്ന് ജനപ്രതിനിധികളെ കമ്പനി താല്പര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് ജനാധിപത്യമെന്ന് വിളിക്കാനാവുക?
മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരാജയപ്പെടുന്നിടത്താണ് ബദൽ ചിന്തകളിലേക്ക് സാധാരണക്കാരൻ നീങ്ങുന്നത്. അത്തരക്കാരെ ഉന്നം വച്ചാണ് ട്വന്റി ട്വന്റി പോലുള്ള കോർപ്പറേറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉരുവപ്പെടുന്നത്. സത്യത്തിൽ ട്വന്റി ട്വന്റി എന്ന പാർട്ടിപ്പേരുപോലും അവരുടെ രാഷ്ട്രീയ പാപ്പരത്വം വിളിച്ചോതുന്നതാണ്. ചില രാഷ്ട്രീയപ്പാർട്ടികൾ കോർപ്പറേറ്റുകളാൽ നയിക്കപ്പെടുന്നു എന്നും മറ്റ് ചില രാഷ്ട്രീയപ്പാർട്ടികൾ കോർപ്പറേറ്റുകൾക്ക് സമമാണ് എന്നതും ശരിയായ കാഴ്ചപ്പാടുകളാണ്. എന്നാൽ കമ്പനി സോഷ്യൽ റെസ്പോണ്സിബിലിറ്റി പ്രകാരം ചെലവാക്കേണ്ടുന്ന ഫണ്ടുപയോഗിച്ച് ഒരു പഞ്ചായത്തിലൊക്കെ അല്ലറ ചില്ലറ മായാജാലങ്ങൾ കാട്ടി വോട്ട് നേടി അധികാരം പിടിക്കുകയും, തുടർന്ന് ജനപ്രതിനിധികളെ കമ്പനി താല്പര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് ജനാധിപത്യമെന്ന് വിളിക്കാനാവുക? ഇതൊക്കെത്തന്നെയല്ലായിരുന്നോ ബ്രിട്ടീഷ് രാജ്? ഒരു വ്യവസായി വിചാരിച്ചാൽ അയാളുടെ ഏക്കം പോലെ ഒന്നോ രണ്ടോ പഞ്ചായത്തുകളിലൊ ഒരു നഗരസഭയുടെ അതിർത്തിക്കുള്ളിലോ പകുതി വിലയ്ക്ക് അരിയും പഞ്ചസാരയുമൊക്കെ കൊടുക്കാനായേക്കാം. എന്നാൽ എത്ര പഞ്ചായത്തുകളിലേയ്ക്ക് മേപ്പറഞ്ഞ വികസന പ്രവർത്തനങ്ങൾ നിലവിലുള്ള ഫണ്ടുപയോഗിച്ച് ഇതേ രീതിയിൽ സ്കെയിൽ ചെയ്യാം എന്ന ചോദ്യം സാബു ജേക്കബ്ബിനോട് ഒരു മാധ്യമ പ്രവർത്തകനും ചോദിച്ചതായി കേട്ടില്ല. നടക്കില്ല എന്നതാണ് നേരിട്ടുള്ള ലളിതമായ ഉത്തരം. മറിച്ച് സാബു ജേക്കബിന്റെ പക്കൽ ഒരു മാന്ത്രിക വടിയുണ്ടെങ്കിൽ അദ്ദേഹം കിഴക്കമ്പലവും കുന്നത്തുനാടും വിട്ട് എത്രയും പെട്ടന്ന് പുറത്തു വരേണ്ടതാണ്.
സകല മൂന്നാം ലോക രാജ്യങ്ങൾക്കും താങ്കളെ ആവശ്യമുണ്ടാവും. സാധനസമ്പത്തുകളുടെ ലഭ്യതക്കുറവും വിലക്കയറ്റവുമാണല്ലോ ഭൂരിപക്ഷം രാജ്യങ്ങളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചുരുക്കിപ്പറഞ്ഞാൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾക്ക് ഇത്തരത്തിലുള്ള ബദൽ നീക്കങ്ങൾ തീർച്ചയായുമൊരു മുന്നറിയിപ്പാകേണ്ടതാണ്. എന്നാൽ പ്രത്യക്ഷത്തിൽ ഇവരെ ചോദ്യം ചെയ്യാൻ രാഷ്ട്രീയപ്പാർട്ടികൾക്കും കഴിയുന്നില്ല എന്നതിന്റെ പ്രധാന കാരണം അവരിന്നും ചുമക്കുന്ന വിഴുപ്പുഭാണ്ഡങ്ങൾ തന്നെയാണ്.
സ്വന്തം നേതാക്കളുടെ എത്ര ഹീനമായ ചെയ്തികളെയും വെള്ളപൂശിമറയ്ക്കാൻ കുറച്ചുപേർ കൊങ്ങികളും കമ്മികളും സംഘികളുമൊക്കെയായി എന്നുമുണ്ടാവും. എന്നാൽ കാര്യമായ അഭിപ്രായപ്രകടനങ്ങളൊന്നും നടത്താത്ത നിശബ്ദ വോട്ടർമാരാണ് എല്ലാക്കാലത്തും ഇലക്ഷനുകളെ നിയന്ത്രിക്കാൻ പോന്ന അദൃശ്യശക്തി. അത് കേരളത്തിലായാലും അമേരിക്കയിലായാലും! അതുകൊണ്ട് ബൂത്തിലേക്ക് നടക്കുന്നതിനിടയിൽ ഓരോ സമ്മതിദായകനും മുൻഗണനാ ക്രമത്തിൽ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്റെ വോട്ടൊരു മതവാദിക്കോ മതേതരവാദിക്കോ? അഴിമതിക്കാരനോ? കള്ളനോ? കൊലപാതകിക്കോ? സ്ത്രീ പീഡകനോ? ഇരുളിന്റെ മറവിൽ ഒപ്പിട്ടുറപ്പിച്ച കരാറുകൾ വെളിച്ചം കണ്ടപ്പോൾ "ഇന്നലെ ഞങ്ങളില്ല സാർ' എന്നാണയിടുന്നവർക്കാണോ എന്റെ വോട്ട്? അഴിമതിക്കാർക്കും സ്ത്രീലമ്പടർക്കും അവസരവാദ രാഷ്ട്രീയക്കാർക്കുമാണോ ഞാൻ വോട്ട് ചെയ്യുന്നത്? കോർപ്പറേറ്റ് മുതലാളിമാർക്ക് റാൻ മൂളാനിടയുള്ളവരും ഏകാധിപതികളും വർഗ്ഗീയ ഫാസിസ്റ്റുകളും എന്റെ ലിസ്റ്റിലുണ്ടോ? ആയതിനാൽ പാർട്ടികൾക്കും മുന്നണികൾക്കും മുകളിൽ അതാത് സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ മികവ് മാത്രമായിരിക്കട്ടെ ഒരാൾ തിരഞ്ഞെടുക്കപ്പെടുവാനുള്ള ഏക മാനദണ്ഡം!
""ജനാധിപത്യം വളരെ സങ്കീർണമായ ഒരു വെളിപാടാണ്. ഇലക്ഷനുകൾ വരും, പുതിയ രാഷ്ട്രീയതത്വങ്ങൾ ഉരുവാക്കപ്പെടും, അവകാശങ്ങൾ സ്ഥാപിച്ചു കിട്ടും, പരാതികൾ പരിഹരിക്കപ്പെടും, നിയമസംസ്ഥാപനം നടക്കും! മഹാഭൂരിപക്ഷത്തിനും ഇതൊരാഘോഷമാണ്. എന്നാൽ എല്ലാവരുടെയും ജീവിതസാഹചര്യങ്ങളിൽ ആഗ്രഹിച്ച തരത്തിലൊരു മാറ്റമുണ്ടാക്കുന്നതിൽ ജനാധിപത്യം പരാജയപ്പെടുന്നിടത്ത് കുറച്ച് പേരെങ്കിലും നിരാശരാകും.''
-അതിഫെത്തെ യഹിയാഗ (മുൻ കൊസോവൻ പ്രസിഡൻറ്). ▮