ഇന്ത്യയിൽ ഇൻ്റർനെറ്റ് ഉപയോഗം മൗലികാവകാശമാണോ? അതെ.
സഞ്ചാര സ്വാതന്ത്ര്യമോ ? അതും അതെ.
ആ മൗലികവകാശങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരിനറിയാമല്ലോ ? പിന്നേ, അറിയാം. സ്വാതന്ത്ര്യക്കുറിച്ചുള്ള ബിജെപിയുടെ സങ്കൽപങ്ങൾ മറ്റ് പലതുമാണെങ്കിലും ഇതൊക്കെ അറിയാമായിരിക്കും.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10 ന് ജന്തർ മന്തറിൽ സി..ജെ.പിയുടേയും പ്രതിപക്ഷ കക്ഷികളുടേയും സമരം നടക്കുമ്പോൾ അവിടെ ഇൻ്റർനെറ്റ് കിട്ടിയിരുന്നോ?
ഇല്ല. ഒക്ടോബർ 9 ന് രാത്രി 10 മണി മുതൽ ഒക്ടോബർ 10 രാത്രി 10 മണി വരെ ജന്തർമന്തറിൻ്റെ, റെയ്സിന ഹില്ലിൻ്റെ 4.കിലോമീറ്റർ ചുറ്റളവിൽ നെറ്റില്ലായിരുന്നു. നിരോധനം. നെറ്റ് നിരോധിക്കരുതെന്നും റെയിൽവേ സ്റ്റേഷനുകളും മെട്രോ സ്റ്റേഷനുകളും അടയ്ക്കരുതെന്നും സുപ്രീം കോടതിയുടെ കർശന നിർദ്ദേശവുമുണ്ടായിരുന്നു.
എന്നിട്ടും പൗരരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതിയലക്ഷ്യമാണെന്നും അറിഞ്ഞു കൊണ്ടുതന്നെ ഇൻ്റർനെറ്റ് നിരോധിച്ചതും സഞ്ചാരം തടഞ്ഞതും ശരിയായ നടപടിയാണോ?
13 കോടി ഇന്ത്യൻ വോട്ടർമാരുടെ മൗലികാവകാശമായ വോട്ട് തന്നെ പട്ടികയിൽ നിന്ന് മോഷ്ടിച്ചെടുത്ത ബി.ജെ.പി സർക്കാരിനുമുന്നിൽ ഒരു ദിവസത്തെ ഇൻ്റർനെറ്റ് നിരോധനവും ട്രെയിൻ നിർത്തലുമൊക്കെയെന്ത്?
ഇങ്ങനെയൊക്കെ ചെയ്ത് പോയതിന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിലിന്ന് നിരുപാധികം മാപ്പപേക്ഷിച്ചിട്ടുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കിൽ എന്തെങ്കിലും പോരായ്മ തോന്നുമോ? പോരായ്മ തോന്നും. എന്നാൽ മാപ്പ് പറയാലേ ? മാപ്പ് പറയാം എന്ന രീതിയിലാണ് മാപ്പ് പറഞ്ഞിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് മാപ്പ് പറഞ്ഞത്. പരന്തു, സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ ഒരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പറഞ്ഞതൊന്നും നിരോധിക്കരുത് എന്ന് പറഞ്ഞ കോടതി നിർദ്ദേശം പുനപരിശോധിച്ച് ആശ്യമുള്ളപ്പോൾ ഇൻ്റർനെറ്റ് നിരോധിക്കാനും ആവശ്യമുള്ളപ്പോൾ സഞ്ചാരസ്വാതന്ത്ര്യം തടയാനും അനുവദിക്കണം എന്ന്.
ഇൻ്റർനെറ്റ് നിരോധിക്കുക എന്നത് കേന്ദ്ര സർക്കാരിന് ഒരു ഹരമാണ്. വർത്തമാന കാലത്ത് ഇൻ്റർനെറ്റിനേക്കാൾ വലിയ മറ്റൊരു വ്യവഹാര മാധ്യമം ലോകത്തില്ല എന്ന തിരിച്ചറിവിൽത്തന്നെയാണ് മോദി സർക്കാർ ജനാധിപത്യബോധമുള്ള മനുഷ്യർ ഒത്തുകൂടുന്നിടത്തെല്ലാം ഇൻ്റർനെറ്റ് നിരോധിക്കുന്നത്. ജനങ്ങൾ അവകാശബോധത്തോടെ തെരുവിൽ ഒരുമിച്ചു ചേർന്ന സ്ഥലങ്ങളിലൊക്കെ, അതാത് ഭരണകൂടങ്ങൾ ഇൻ്റർനെറ്റ് നിരോധിച്ച് ജനങ്ങളുടെ ആശയവിനിമയത്തെ, പൗരാവകാശത്തെ ഇല്ലാതാക്കുകയാണ് ലോകത്തെല്ലായിടത്തും ആദ്യം ചെയ്തിട്ടുള്ളത്. ആ നിരോധന പ്രക്രിയയിൽ ഇന്ത്യ മുൻപന്തിയിലാണ്. 2014 മുതലുള്ള നിരോധനത്തിൻ്റെ എണ്ണക്കണക്കെടുത്താൻ ഈ ഹരത്തിൻ്റെ വ്യാപ്തി മനസ്സിലാവും. ഇതിലധികവും കാശ്മീരിലും മണിപ്പൂരിലും പഞ്ചാബിലുമാണ്. പൗരരുടെ അവകാശങ്ങളോടുള്ള സർക്കാരിൻ്റെ സമീപനമാണ് ഈ കണക്ക്.
2014 ൽ 6
2015 ൽ 14
2016 ൽ 31
2017 ൽ 79
2018 ൽ136
2019 ൽ 109
2020 ൽ132
2021 ൽ 100
2022 ൽ 77
2023 ൽ 96
2024 ൽ 60
2025 ൽ 54
2026 ൽ ഇതുവരെ 32 തവണ.
മനുഷ്യർ തമ്മിലുള്ള ആശയ വിനിമയങ്ങൾക്ക് രാഷ്ട്രീയ രൂപവും സമര രൂപവും കൈവരുമ്പോൾ അതൊരു സ്വാഭാവിക മുന്നേറ്റത്തിനുള്ള മാധ്യമ ചാലകമായി നിലനിൽക്കുമ്പോൾ ജനാധിപത്യ വിരുദ്ധമായ ഭരണകൂടത്തിന് ഭയമുണ്ടാവുന്നത് സ്വാഭാവികമാണ്. മുൻപ് മാധ്യമങ്ങളെ നിരോധിക്കുകയും വിലക്കെടുക്കുകയും ജേണലിസ്റ്റുകളെയും എഡിറ്റർമാരേയും തടവിലാക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സ്വദേശാഭിമാനി മുതലുള്ള ഉദാഹരണങ്ങൾ പറയാനാവും. ഇൻ്റർനെറ്റ് കാലത്ത് ഭരണകൂടം പൗരരെ, സമരക്കാരെ ജനങ്ങളെ അടിക്കുന്ന ഓരോ അടിയും പകർത്തപ്പെടുകയും ആ വിവരം അപ്പോൾത്തന്നെ വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നതാണ് ഭരണകൂടത്തെ ചകിതരാക്കുന്നത്. അധികാര പ്രയോഗത്തിൻ്റെ ഒറ്റ മൂലകളും മർദ്ദനോപാധികളുടെ ഒറ്റ ലാത്തി വീശലുകളും പകർത്തപ്പെടാതെയും നമ്മളാരും കാണാതെയും പോകുന്നില്ല. പുതിയ തലമുറ ഇൻ്റർനെറ്റ് മൗലികാവകാശത്തെ ഇങ്ങനെ കൂടിയാണ് ഉപയോഗിക്കുന്നത്.
അനുരാധ ഭാസിൻ vs. യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ആർട്ടിക്കിൾ 19(1)(a), 19(1)(g) എന്നിവ പ്രകാരം ഇന്റർനെറ്റ് വഴി സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ഏതെങ്കിലും തൊഴിൽ ചെയ്യുന്നതിനുള്ള അവകാശവും, വ്യാപാരം നടത്തുന്നതിനുള്ള അവകാശവും, ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
ഈ അവകാശത്തെയാണ് മോദിസർക്കാർ വിലക്കിയത്. എന്ന് മാത്രമല്ല ഒരു
കാരണവശാലും ഇൻ്റർനെറ്റ് നിരോധിക്കരുത് എന്ന കോടതി നിർദ്ദേശം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു, ഡിജിറ്റൽ ഇന്ത്യയുടെ മോദി സർക്കാർ.
സമരം പടരുകയാണ്. ഇൻ്റർനെറ്റ് നിരോധിച്ചാലും ജന്തർമന്തറിൽ സമരം നിരോധിച്ചാലും ഇന്ത്യൻ പതാക കയ്യിലേന്തുന്നവരെ ജയിലിലടച്ചാലും പെൺകുട്ടികളെ പൊലീസും ഗുണ്ടകളും ലൈംഗികമായി ആക്രമിച്ചാലും സമരം പടരുക തന്നെയാണ്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭാഷ, ഒരു പാർട്ടി, സർക്കാർ നിർദ്ദേശം നൽകിയാൽ അപ്പോൾത്തന്നെ ഇൻ്റർനെറ്റ് കട്ടാക്കുന്ന ഒരേയൊരു ഇൻ്റർനെറ്റ് പ്രൊവൈഡർ എന്നൊക്കെയാണ് മോദി സർക്കാരിൻ്റെ ആഗ്രഹം.
ഡിജിറ്റൽ കാലത്ത് ഡിജിറ്റൽ ലോകത്ത് മൗലികാവകാശമാണ് ഇൻ്റർനെറ്റ്. വോട്ടർപട്ടിക പുതുക്കാനും വോട്ട് വെട്ടാനും വോട്ട് കക്കാനും ഇൻ്റർനെറ്റും ടെക്നോളജിയും സർക്കാർ ഉപയോഗിക്കുമ്പോൾ തെരുവിൽ ജനാധിപത്യബോധമുള്ള മനുഷ്യർ ഇൻ്റർനെറ്റും ടെക്നോളജിയും ഉപയോഗിച്ച് തന്നെ ഇതിനെയൊക്കെ നേരിടുകയും ചെയ്യും.
