വിജൂ കൃഷ്ണൻ / ഫോട്ടോ: ശിവപ്രസാദ് എം.എ.

വൈരുദ്ധ്യങ്ങൾ ശക്തമാവും, വിഭജിച്ച് ഭരിക്കാനുള്ള
ബി.ജെ.പി അജണ്ട പരാജയപ്പെടും

ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള കാമ്പയിനുകൾ സംഘപരിവാറിന്റെ പണിപ്പുരയിൽ നിന്ന് പുറത്തിറങ്ങുന്നവയാണ്. പൊളിറ്റിക്കൽ ഇസ്​ലാമിന്റെ ആരാധകരായ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകൾ ഈ കാമ്പയിൻ കൂടുതൽ ശക്തമാക്കാൻ ഉപയോഗിക്കപ്പെടുന്നു.

മനില സി.​ മോഹൻ: സംഘ്പരിവാറിന്റെ സൂക്ഷ്മമായ രാഷ്ട്രീയപദ്ധതി അവർ രാജ്യവ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ബി.ജെ.പി നാഷണൽ എക്സിക്യൂട്ടീവ് അതിന്റെ ദീർഘകാല പദ്ധതി പ്രഖ്യാപന വേദിയായിരുന്നു. ഗ്രൗണ്ട് ലെവലിൽ, തൊഴിലാളികൾക്കൊപ്പം വർക്ക് ചെയ്യുന്ന ഒരാൾ എന്ന നിലയിൽ സംഘ്പരിവാറിന്റെ ഈ പദ്ധതികൾ ഗ്രൗണ്ട് ലെവലിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്? അടുത്ത 30-40 വർഷത്തേയ്ക്ക് ബി.ജെ.പി തന്നെയായിരിക്കും എന്നാണ് അമിത്ഷായുടെ പ്രഖ്യാപനം. ജനാധിപത്യ ഇന്ത്യയിൽ സംഘ്പരിവാർ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ദീർഘകാല പദ്ധതിയുമായി മുന്നോട്ടു പോവാൻ കഴിയുമോ? ഇന്ത്യൻ ഇക്കോണമി, പരിസ്ഥിതി, കൃഷി, അടിസ്ഥാന വർഗ്ഗത്തിന്റെ ജീവിതവും രാഷ്ട്രീയവും തുടങ്ങിയ ഘടകങ്ങൾ ഇന്ത്യനവസ്ഥയിൽ എങ്ങനെയായിരിക്കും സംഘ്പരിവാറിനോട് പ്രതിപ്രവർത്തിക്കുക?

വിജൂ കൃഷ്​ണൻ: സംഘ്പരിവാർ അജണ്ടയോടുള്ള പ്രതിബദ്ധതയെ ഊട്ടിയുറപ്പിച്ചുകൊണ്ടാണ് ബി.ജെ.പി നാഷണൽ എക്സിക്യൂട്ടീവ് സമാപിച്ചത്. ആർ.എസ്.എസിന്റെ നൂറാം വാർഷികമായ 2025 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിയോ അതിന്റെ സഖ്യകക്ഷികളോ ഭരണത്തിലെത്തുമെന്ന ഭ്രമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് അവരുടെ രാഷ്ട്രീയ പ്രമേയം. അടുത്ത 30-40 വർഷം ബി.ജെ.പിയുടെ കാലഘട്ടമായിരിക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. പണത്തിന്റെയും അധികാരത്തിന്റെയും മുകളിലുള്ള ഹുങ്കാണ് അവരെക്കൊണ്ട് ഇത് പറയിപ്പിക്കുന്നത്. രാജ്യത്തെ ജനങ്ങൾ അവർക്ക് കനത്ത ആഘാതം നൽകുമെന്നുറപ്പാണ്. വികസനത്തിന്റെയും പ്രകടനത്തിന്റെയും (Development and performance) രാഷ്ട്രീയത്തെക്കുറിച്ചും ദരിദ്രരും അടിച്ചമർത്തപ്പെട്ടവരും ചൂഷിതരുമായ സാമൂഹിക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിനെക്കുറിച്ചുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രമേയം പറയുന്നത്. എന്നാൽ കഴിഞ്ഞ എട്ടു വർഷവും ഇന്ത്യൻ യാഥാർത്ഥ്യം ഈ അവകാശവാദത്തിന് നേർവിപരീതമായിരുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും ഏറ്റവും മോശമായ അവസ്ഥയിലാണിപ്പോൾ.

വൈകാരിക വിഷയങ്ങളിലെല്ലാം വർഗീയ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ വിഭജനത്തിന്റെ ആഴം കൂട്ടിക്കൊണ്ടാണ് തൊഴിലില്ലായ്മ, വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിക്കാൻ സംഘപരിവാർ ശ്രമിക്കുന്നത്

ദുരിതങ്ങളിലകപ്പെട്ട കർഷകരും കർഷകത്തൊഴിലാളികളും ദിവസവേതന തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നതിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2014 മുതൽ 2021 വരെയുള്ള എട്ടു വർഷങ്ങളിൽ, ആത്മഹത്യ ചെയ്ത ദിവസവേതന തൊഴിലാളികളുടെ ശതമാനത്തിൽ ഇരട്ടിയലധികം വർധനവാണുണ്ടായത്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഭയപ്പെടുത്തുന്ന തരത്തിൽ ഒരു ലക്ഷത്തിലധികം ആത്മഹത്യകളാണ് തൊഴിലാളി വർഗങ്ങൾക്കിടയിലുണ്ടായിട്ടുള്ളത്. ബി.ജെ.പി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള ഇരകളാണവർ. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമെല്ലാം ഇതിൽ കുറ്റക്കാരാണ്. മഹാമാരിക്കാലത്ത് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കൂട്ടപ്പലായനം നടത്തുന്നതും ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നതുമെല്ലാം നമ്മൾ കണ്ടു. ജനങ്ങൾക്കുമേലുള്ള നവലിബറൽ അതിക്രമങ്ങളും അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പെരുകുന്ന സാമ്പത്തിക ദുരിതങ്ങളുമെല്ലാം പ്രതിലോമകരമായ പ്രചാരണങ്ങളെയും ആളുകളെ വിഭജിച്ചുകൊണ്ടുള്ള വർഗീയ ആക്രമണങ്ങളെയും കൂട്ടുപിടിച്ചുകൊണ്ടാണ് മുന്നേറുന്നത്.

കൊവിഡ് കാലത്തെ അന്തർസംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായാനം / Photo : PARI, SUDARSHAN SAKHARKAR

വൈകാരിക വിഷയങ്ങളിലെല്ലാം വർഗീയ പ്രചാരണം നടത്തി ജനങ്ങൾക്കിടയിൽ വിഭജനത്തിന്റെ ആഴം കൂട്ടിക്കൊണ്ടാണ് തൊഴിലില്ലായ്മ, വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ തിരിക്കാൻ സംഘപരിവാർ ശ്രമിക്കുന്നത്. ഹിജാബിന്റെയും നിസ്‌കാരത്തിന്റെയും ഗോരക്ഷയുടെയും പേരിൽ ധ്രുവീകരണം നടത്തിക്കൊണ്ടുള്ള പ്രചാരണങ്ങളാണ് ഗ്രൗണ്ട് ലെവലിൽ അവരുടെ രാഷ്ട്രീയ നയതന്ത്രം. ന്യൂനപക്ഷ വിഭാഗങ്ങൾ മാത്രമല്ല, ആദിവാസികളും ദലിതരും ഗോരക്ഷയുടെ പേരിൽ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. പള്ളികളിൽ ശിവലിംഗങ്ങൾ പെട്ടെന്ന് പൊട്ടിമുളക്കുന്നതും, രാമനവമിയുടെയും ഹനുമാൻ ജയന്തിയുടെയും പരശുരാമ ജയന്തിയുടെയും വേളകളിൽ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചാരണങ്ങളും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള തന്ത്രങ്ങളും നമ്മൾ കണ്ടു. ധർമ സൻസത് സമ്മേളനങ്ങളിൽ പങ്കെടുത്ത ആളുകൾ ഹിന്ദു യുവാക്കൾക്ക് ആയുധങ്ങൾ നൽകണമെന്നും മുസ്​ലിംകളെ കൊല്ലണമെന്നും പരസ്യമായി ആവശ്യപ്പെട്ടതിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിമാരും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.

കൂടുതൽ സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ സംവിധാനത്തിനായുള്ള നിലമൊരുക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.

ബി.ജെ.പിയും സംഘപരിവാറും വെറുക്കുന്ന ആശയങ്ങളാണ് സമാധാനവും മൈത്രിയും. അവർ അവരുടെ ധ്രുവീകരണ പ്രചാരണങ്ങളിലൂടെ ചുറ്റിലും വിഷം നിറച്ചുകൊണ്ടിരിക്കുകയാണ്. ടീസ്ത സെതൽവാദിനെപ്പോലെയുള്ള ആക്ടിവിസ്റ്റുകളുടെയും മുഹമ്മദ് സുബൈർ അടക്കമുള്ള മറ്റുള്ളവരുടെയും അറസ്റ്റുകളിലൂടെ വിയോജിക്കുന്ന ശബ്ദങ്ങളെയെല്ലാം വരുതിയിലാക്കാനാണ് അവർ ശ്രമിക്കുന്നത്. അതേസമയം മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച നൂപുർ ശർമ്മയെ പോലുള്ളവർക്ക് നിയമപരാമായി യാതൊരു പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല. കൂടുതൽ സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ സംവിധാനത്തിനായുള്ള നിലമൊരുക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. പാർലമെന്റിനകത്ത് എം.പിമാർക്ക് പ്രതിഷേധിക്കാനുള്ള അവസരം നിഷേധിച്ചതും ‘അൺപാർലമെന്ററി' ആയ വാക്കുകളുടെ പട്ടിക പുറത്തിറക്കിയതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

ടീസ്ത സെദൽവാദ്, മുഹമ്മദ് സുബൈർ

ഈ ഘട്ടത്തിൽ നമുക്കുമുന്നിലുള്ളത് കഠിനമായ ദൗത്യമാണ്. വർഗ്ഗീയ ശക്തികൾക്കെതിരെയും അവരുടെ ജനാധിപത്യ വിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ സമീപനങ്ങൾക്കെതിരെയും പ്രചാരണ പ്രവർത്തനങ്ങൾ നടത്തി ഇത്തരം നയങ്ങൾക്കെതിരെ ഞങ്ങൾ പ്രതിരോധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മതനിരപേക്ഷ വിഭാഗങ്ങൾക്കിടയിലേക്കും നവ ലിബറൽ സാമ്പത്തിക നയങ്ങളുടെ ഇരകൾക്കിടയിലേക്കും എത്തി ഞങ്ങൾ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ആളുകൾക്കിടയിലെ വിള്ളലുകളും വൈരുദ്ധ്യങ്ങളും കൂടുതൽ മൂർച്ചയുള്ളതായിക്കൊണ്ടിരിക്കുകയാണ്. ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളും കന്നുകാലി കച്ചവടത്തിനുമേലുള്ള നിയന്ത്രണങ്ങളും പശുവിനെ അറക്കുന്നതിന് മേലുള്ള നിരോധനവും കാരണം അലഞ്ഞുനടക്കുന്ന കന്നുകാലികൾ പെരുകുകയും അത് കൃഷി നശിപ്പിക്കാൻ തുടങ്ങിയിരിക്കുകയുമാണ്.

ഒരു സ്വേച്ഛാധിപത്യ വലതുപക്ഷ സർക്കാർ മുട്ടുമടക്കാനും മാപ്പുപറയാനും പിന്തിരിയാനും നിർബന്ധിക്കപ്പെട്ടുവെന്നത് ജനവിരുദ്ധ നവഉദാരവത്കരണ നയങ്ങൾക്കെതിരെയും ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകൾക്കെതിരെയും പൊരുതുന്ന എല്ലാവർക്കും വലിയ ആത്മവിശ്വാസമാണ് പകർന്നത്.

കന്നുകാലികളെ ആശ്രയിച്ചുള്ള സമ്പദ്​വ്യവസ്ഥ തകർന്നതോടെ ക്ഷീരോത്പാദനത്തിലൂടെ ജീവിതമാർഗ്ഗം കണ്ടെത്തിയിരുന്നവരും തുകൽ വ്യവസായത്തിൽ ഏർപ്പെട്ടിരുന്നവരുമെല്ലാം ബി.ജെ.പിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അലഞ്ഞുനടക്കുന്ന കന്നുകാലികൾ കാരണം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കർഷകരും പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ഭാരതീയ മസ്ദൂർ സംഘിൽ ചേർന്നിട്ടുള്ള തൊഴിലാളികളും, എന്തിന്, അവരുടെ വ്യാപാരികളുടെ സംഘടന പോലും പ്രതിഷേധിക്കാൻ നിർബന്ധിതരായിരിക്കുകയാണ്. അഗ്‌നിപഥിനെതിരായ പ്രതിഷേധം ഏറ്റവും ശക്തമായത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ്, അവിടെ യുവാക്കൾ നിരത്തിലിറങ്ങി പ്രതിഷേധിച്ചു. പൊള്ളയായ പ്രഭാഷണങ്ങൾ കൊണ്ട് തൊഴിലില്ലായ്മയും ദാരിദ്ര്യവും വിലക്കയറ്റവും പട്ടിണിയും കാരണം ജനങ്ങൾക്കുണ്ടായ പ്രശ്നങ്ങളെ മറികടക്കാനാവില്ല. എല്ലാകാലത്തേക്കുമായി ഈ പ്രശ്നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധതിരിക്കാനും കഴിയില്ല. ഇത്തരം വൈരുദ്ധ്യങ്ങൾ കൂടുതൽ ശക്തമാവുകയേ ഉള്ളൂ, വിഭജിച്ച് ഭരിക്കാനുള്ള അവരുടെ അജണ്ട പരാജയപ്പെടും.

അസമിലെ ദറംഗ് ജില്ലയിലെ ധോൽപൂർ മേഖലയിൽ നിന്ന് ബി.ജെ.പി സർക്കാർ കുടിയൊഴിപ്പിച്ച കുടുംബാഗങ്ങളിലൊരാളെ വിജൂ കൃഷ്ണൻ ആശ്വസിപ്പിക്കുന്നു / Photo: F.B, Vijoo Krishnan

കർഷകസമരത്തിന്റെ വിജയമാണ് ജനാധിപത്യ ഇന്ത്യ സമീപകാലത്ത് കണ്ട ഏറ്റവും ശക്തമായ രാഷ്ട്രീയ വിജയം. അതൊരു പ്രതീക്ഷയാണ്. അതിന്റെ തുടർച്ചകൾ എത്തരത്തിലുള്ളതായിരിക്കും?

ഇന്ത്യയിലെ മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ള ജനങ്ങൾക്ക് പ്രതീക്ഷയുടെ വെളിച്ചം പകർന്ന ഒന്നായിട്ടാണ് ചരിത്രപരമായ കർഷക സമരത്തെക്കുറിച്ച് നോം ചോംസ്‌കിയും പറഞ്ഞിട്ടുള്ളത്. അതൊരു പ്രവചനം പോലെ സത്യമായിക്കൊണ്ടിരിക്കുകയാണ്. ജർമനിയിലും സ്പെയ്നിലും നെതർലാൻറ്സിലും മറ്റ് സ്ഥലങ്ങളിലുമുണ്ടായ പ്രതിഷേധങ്ങളെ അത് സ്വാധീനിച്ചിട്ടുണ്ട്. രാസവളങ്ങൾ ആവശ്യപ്പെട്ട്​ കർഷകർ മുന്നോട്ടുവന്നതോടുകൂടിയാണ് ശ്രീലങ്കയിൽ പ്രതിഷേധങ്ങൾ തുടങ്ങിയത്. ഈ സ്ഥലങ്ങളിലുള്ള പ്രഭാഷണങ്ങളിലും സമരരീതികളിലുമൊക്കെത്തന്നെ ഇന്ത്യൻ കർഷകരുടെ സമരം പ്രതിധ്വനിക്കുന്നുണ്ട്. കർഷകരും തൊഴിലാളികളും ഒരുമിച്ചുചേർന്നു നടത്തിയ സമരത്തിന്റെ വിജയം സാമ്രാജ്യത്വ നയങ്ങൾക്കെതിരായ വിജയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു സ്വേച്ഛാധിപത്യ വലതുപക്ഷ സർക്കാർ മുട്ടുമടക്കാനും മാപ്പുപറയാനും പിന്തിരിയാനും നിർബന്ധിക്കപ്പെട്ടുവെന്നത് ജനവിരുദ്ധ നവഉദാരവത്കരണ നയങ്ങൾക്കെതിരെയും ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകൾക്കെതിരെയും പൊരുതുന്ന എല്ലാവർക്കും വലിയ ആത്മവിശ്വാസമാണ് പകർന്നത്. അത് ജനകീയ ജനാധിപത്യത്തിന്റെ ഘടകങ്ങളെ സജീവമാക്കി. ഒരു വിഭാഗം ധനികരും ഭൂവുടമകളുമായ കർഷകരും കൂടി ഉൾക്കൊള്ളുന്ന കർഷകരുടെ വിശാല വിഭാഗങ്ങൾ വലിയ കുത്തക മൂലധനത്തിനും അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിനും എതിരായി അണിനിരന്നു. നരേന്ദ്ര മോദി നയിക്കുന്ന സർക്കാർ കാർഷിക മേഖലയെ കോർപ്പറേറ്റ്​വൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ സാധാരണക്കാരായ കർഷകർ മനസ്സിലാക്കിയിട്ടുണ്ട്. മൂന്ന് കാർഷിക നിയമങ്ങളും അവരുടെ ഉറ്റചങ്ങാതിമാരായ അദാനികൾക്കും അംബാനിമാർക്കും നിലയ്ക്കാത്ത ലാഭം ഉറപ്പുവരുത്താനുള്ള വഴികളാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇത് സമരത്തിന് വ്യക്തമായ കുത്തകവിരുദ്ധ സ്വഭാവം നൽകുകയും അവരുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സജീവ പിന്തുണയോടുകൂടി, വിഷയത്തിന്റെ അടിസ്ഥാനത്തിൽ മുമ്പില്ലാത്ത വിധത്തിൽ കർഷക സംഘടനകൾ യോജിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ വിജയം.

Photo: F.B, Vijoo Krishnan

മിനിമം താങ്ങുവില സംബന്ധിച്ച ഒരു സമിതി രൂപീകരിച്ചതായി ബി.ജെ.പി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷകരുടെ ഐക്യമുന്നണിയായ സംയുക്ത കിസാൻ മോർച്ച, രൂപീകരിക്കപ്പെട്ട സമിതിയെ തള്ളുകയും, വഞ്ചനക്കെതിരെ രാജ്യവ്യാപകമായി ദേശീയ പാതകൾ ഉപരോധിച്ച്​ ജുലൈ 31ന് പ്രതിഷേധത്തിനായി ആഹ്വാനം ചെയ്തിരിക്കുകയുമാണ്. കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വിപുലമായ കാമ്പയിൻ ആഗസ്തിൽ നടക്കും. അഗ്‌നിപഥ് പദ്ധതിക്കെതിരെ ജയ് ജവാൻ, ജയ് കിസാൻ, ജയ് നവ്ജവാൻ(യുവ ജനത) എന്ന മുദ്രാവാക്യവുമായി യുവജന സംഘടനകളും സേനയിൽനിന്ന് വിരമിച്ചവരുടെ സംഘടനകളുമായി ചേർന്ന്​ സംയുക്ത കിസാൻ മോർച്ച സംയുക്ത പ്രതിഷേധം നടത്തും. തൊഴിലാളികളുടെയും കർഷകരുടെയും നിരവധി സമരങ്ങൾ നിരന്തരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആഗസ്ത് ഒന്നുമുതൽ 15 വരെ നീളുന്ന രണ്ടാഴ്ച ആർ.എസ്​.എസിനെതിരെ വർഗ്ഗ സംഘടനകൾ കാമ്പയിൻ നടത്താൻ പോവുകയാണ്. അവർ സാമ്രാജ്യത്വത്തിന്റെ സേവകരായിനിന്ന്​ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച കാര്യം വെളിപ്പെടുത്തി, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനായിട്ടുള്ള കാമ്പയിനായിരിക്കും ഇത്.

രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ ദിനവും നമ്മുടെ ബഹുമുഖമായ പാരമ്പര്യങ്ങളും അനുയോജ്യമായ രീതിയിൽ ആഘോഷിക്കും. തൊഴിലാളി വർഗ്ഗവും കർഷകരും ഒത്തൊരുമിച്ചുകൊണ്ടുള്ള സമരങ്ങൾ തീവ്രമാക്കുന്നതിനൊപ്പം സംഘപരിവാറിനെതിരെ രാഷ്ട്രീയ- സൈദ്ധാന്തിക കാമ്പയിനും തുടരും. തൊഴിലാളികളുടെയും കർഷകരുടെയും ഐക്യത്തെ കേന്ദ്രമാക്കിക്കൊണ്ടുള്ളതും ഒരു ബദൽ പദ്ധതിയുടെ അടിസ്ഥാനത്തിൽ അടിച്ചമർത്തപ്പെട്ടവരെയും യുവജനങ്ങളെയും വിദ്യാർത്ഥികളെയും സ്ത്രീകളെയും അണിനിരത്തിക്കൊണ്ടുള്ളതുമായ വിശാല ഐക്യസമരമുന്നണിയാണ് ഇനിയുള്ള പ്രതീക്ഷ. ജനാധിപത്യ ആശയങ്ങളോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ള ഒരു ജനപക്ഷ രാഷ്ട്രീയ ബദലിലേക്കാണ് അത് വഴിത്തെളിക്കുക.

തൊഴിലാളി വർഗ്ഗവും കർഷകരും ഒത്തൊരുമിച്ചുകൊണ്ടുള്ള സമരങ്ങൾ തീവ്രമാക്കുന്നതിനൊപ്പം സംഘപരിവാറിനെതിരെ രാഷ്ട്രീയ- സൈദ്ധാന്തിക കാമ്പയിനും തുടരും / Photo:F.B, Vijoo Krishnan

ഹിന്ദുദേശീയതയെ ഇന്ത്യയിൽ പല തരത്തിൽ പയറ്റാൻ സംഘ്പരിവാർ ശ്രമിച്ചിട്ടുണ്ട്. ബാബറി മസ്ജിദും ഗുജറാത്ത് വംശഹത്യയും സ്ഫോടന പരമ്പരകളും പശു ദേശീയതയും സമീപകാലത്തെ ഗ്യാൻവ്യാപിയുമൊക്കെ ചില വലിയ ഉദാഹരണങ്ങളാണ്. പക്ഷേ ഇപ്പോൾ മറ്റ് മതങ്ങളിലെ പിന്നാക്കക്കാർക്കുവേണ്ടി സംസാരിക്കുന്ന സ്ട്രാറ്റജി പയറ്റുന്നുണ്ട്. കേരളത്തിൽ ക്രിസ്ത്യൻ മതവിഭാഗവുമായി ചേരാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുമുണ്ട്. നോർത്ത് ഇന്ത്യയിലെ സാധ്യതകൾ എന്താണ്?

ന്യൂനപക്ഷങ്ങളെ സംബന്ധിച്ച്, അവർ രണ്ടാം തരം പൗരരാണെന്നും അതിന് മുകളിലേക്ക് ആഗ്രഹിച്ചുകൂടാ എന്നുമുള്ള സന്ദേശം നൽകാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഗോൾവാൾക്കർ മുന്നോട്ടുവെച്ച ഹിന്ദുരാഷ്ട്രത്തിന്റെ കാഴ്ച്ചപ്പാട് ഇതാണ്. ഭയം നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ച്​ അതിന്റെ കാരണക്കാർ തന്നെ മറ്റ് മതങ്ങളിലെ പിന്നാക്കക്കാരും ദരിദ്രരുമായ വിഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള നയതന്ത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വേട്ടക്കാരുടെ കൂടെയും വേട്ടമൃഗത്തിന്റെ കൂടെയും ഒരേ സമയം ഓടുക എന്ന തന്ത്രമാണ് അവർ പയറ്റുന്നത്. ഭയത്തിന്റെ അന്തരീക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഇത്തരത്തിലുള്ള നയതന്ത്രങ്ങൾ നിലനിൽക്കാൻ പോന്നതല്ല. അവരുടെ നയങ്ങളുടെ വിഷമതകൾ അനുഭവിക്കുന്നവർ, അത് ന്യൂനപക്ഷ വിഭാഗങ്ങളായാലും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളായാലും അവരുടെ പൈശാചിക പദ്ധതികളെ തിരിച്ചറിയും.

സംഘപരിവാർ സോഷ്യൽ എഞ്ചിനിയറിങ്ങിനെ ആശ്രയിക്കുകയും ചില ജാതി വിഭാഗങ്ങളെ ബി.ജെ.പിയുടെ കൂടെ അണിചേർക്കുന്നതിൽ കുറേയധികം വിജയിച്ചിട്ടുണ്ട്.

കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി സംഘപരിവാർ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണുണ്ടായത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യാനികൾക്കെതിരായ ശാരീരിക ആക്രമണങ്ങൾ വലിയ രീതിയിൽ പെരുകിയ വർഷമാണ് 2021. ആ വർഷം ക്രിസ്ത്യാനികൾക്കെതിരെ 486 ആക്രമണങ്ങളാണ് ഉണ്ടായത്, അത് 2020ലെ കണക്കുകളെ അപേക്ഷിച്ച് 75 ശതമാനം കൂടുതലാണ്. സംഘപരിവാറും ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളും വർഗ്ഗീയ വികാരങ്ങളെ ആളിക്കത്തിക്കുകയാണ് ചെയ്തത്. കൂടാതെ ക്രിസ്ത്യാനികൾക്കിടയിലുള്ള ‘കാസ’ പോലുള്ള തീവ്രവിഭാഗങ്ങൾ മുസ്​ലിം വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോവുകയുമുണ്ടായി. ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള കാമ്പയിനുകൾ സംഘപരിവാറിന്റെ പണിപ്പുരയിൽ നിന്ന് പുറത്തിറങ്ങുന്നവയാണ്.

യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യാനികൾക്കെതിരായ ശാരീരിക ആക്രമണങ്ങൾ വലിയ രീതിയിൽ പെരുകിയ വർഷമാണ് 2021 / Photo: Wikimedia

പൊളിറ്റിക്കൽ ഇസ്​ലാമിന്റെ ആരാധകരായ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകളും ഈ കാമ്പയിൻ കൂടുതൽ ശക്തമാക്കാനായി ഉപയോഗിക്കുന്നു. ഒരു തരത്തിലുള്ള വർഗ്ഗീയവാദവും മറ്റൊന്നിനെ അവസാനിപ്പിക്കില്ലെന്ന നമ്മുടെ മനസ്സിലാക്കലിനെ ശരിവെക്കുന്ന ഒന്നാണിത്. പരസ്പരം സഹകരിച്ച്​ അവർ നിലനിൽക്കുന്നതും വളരുന്നതും ജനങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കിക്കൊണ്ടാണ്. അതിനാൽ എല്ലാ തരത്തിലുമുള്ള വർഗ്ഗീയ ശക്തികൾക്കെതിരെയും ചാഞ്ചല്യമില്ലാതെ പൊരുതേണ്ടത് സാമുദായിക മൈത്രി സംരക്ഷിക്കുന്നതിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റമായി രൂപപ്പെട്ടുവന്ന ഒരു വിഭാഗമാണ് പസ്മന്ദ മുസ്​ലിംകൾ (പുറന്തള്ളപ്പെട്ടവർ എന്ന അർത്ഥം വരുന്ന പസ്മന്ദ എന്ന വാക്ക് രൂപപ്പെട്ടത് പേർഷ്യൻ ഭാഷയിൽ നിന്നാണ്). അവർ ഉത്തർപ്രദേശിലെയും ബീഹാറിലെയും മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളുമായാണ് അണിചേർന്നിരുന്നത്. വർഗ്ഗീയ മതമൗലികവാദ ശക്തികളുമായി സഖ്യത്തിലാകുന്നതിന്റെ അപകടങ്ങളെന്താണെന്ന് അവർ നന്നായി മനസ്സിലാക്കുകയും പൊളിറ്റിക്കൽ ഇസ്​ലാമിനെ പ്രതിനിധീകരിക്കുന്ന ശക്തികളിൽ നിന്ന് മാറിനിൽക്കുകയും ചെയ്തിട്ടുണ്ട്. സംഘപരിവാർ സോഷ്യൽ എഞ്ചിനിയറിങ്ങിനെ ആശ്രയിക്കുകയും ചില ജാതി വിഭാഗങ്ങളെ ബി.ജെ.പിയുടെ കൂടെ അണിചേർക്കുന്നതിൽ കുറേയധികം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ അതിക്രമങ്ങളും കൊലപാതകങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഇത്തരത്തിൽ അണിചേർക്കുകയെന്നത് യാഥാർത്ഥ്യമാകാൻ പോകുന്നില്ല.

മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റമായി രൂപപ്പെട്ടുവന്ന ഒരു വിഭാഗമാണ് പസ്മന്ദ മുസ്​ലിംകൾ. ഉത്തർപ്രദേശിലെയും ബീഹാറിലെയും മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളുമായാണ് അണിചേർന്നിരുന്നത് / Photo: Countercurrents.org

സംഘപരിവാറിന്റെ പൈശാചികമായ ഇത്തരം ശ്രമങ്ങളെ കർഷകരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വിശാലമായ ഐക്യം പടുത്തുയർത്തി പരാജയപ്പെടുത്തും. ഹിന്ദുവിനുവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണപ്പാർട്ടി, ഹിന്ദുക്കളുടെ ഇടയിലുള്ള അടിച്ചമർത്തപ്പെട്ടവരുടെയും ദരിദ്രരുടെയും കൂടെ നിന്നിട്ടില്ല. ന്യൂനപക്ഷത്തിലുള്ള ഇത്തരം വിഭാഗങ്ങളുടെ കൂടെ നിൽക്കുമെന്ന അവരുടെ അവകാശവാദത്തെ ആരും വിശ്വസിക്കുകയുമില്ല.

ലോകം മുഴുവൻ വലതുപക്ഷത്തേക്ക്, തീവ്രവലതിലേക്ക് നീങ്ങുന്ന കാഴ്ചയാണുള്ളത്. ഒപ്പം ലാറ്റിനമേരിക്കയിലെ പിങ്ക് തരംഗം കാണാതെ പോവുന്നുമില്ല. ഈ പിങ്ക് തരംഗം ‘യഥാർത്ഥ' ഇടതിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്നത് ഇടതുപക്ഷത്തുനിന്ന് തന്നെ ഉയരേണ്ട ചോദ്യമാണ് എന്ന് തോന്നുന്നു. ലോകക്രമത്തിന്റെ രാഷ്ട്രീയ വ്യതിയാനങ്ങളെ ഇന്ത്യയിലിരുന്നുകൊണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധിയായി എങ്ങനെയാണ് നിരീക്ഷിക്കുന്നത്?

ലോകത്തെല്ലായിടത്തുമുള്ള വലതുപക്ഷ വ്യതിയാനത്തിനും തീവ്ര വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾക്കും ജനകീയ പോരാട്ടങ്ങളെയും പ്രസക്തമായ തെരഞ്ഞെടുപ്പ് വിജയങ്ങളെയും നേരിടേണ്ടിവന്നിട്ടുണ്ട്. മുമ്പില്ലാത്ത വിധം മഹാമാരി ഉണ്ടായപ്പോഴും ലോകത്തെല്ലായിടത്തും തൊഴിലാളി വർഗ്ഗത്തിന്റെയും കർഷകരുടെയും വമ്പൻ സമരങ്ങളുണ്ടായിട്ടുണ്ട്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ മൂവ്മെൻറ്​, ബ്രസീലിൽ ബോൾസനാരോയുടെ വലതുപക്ഷത്തിനെതിരെ ഉയർന്നുവന്ന വലിയ പ്രതിഷേധങ്ങൾ, മെട്രോ നിരക്ക് കൂട്ടുന്നതിനെതിരെയും വിലക്കയറ്റത്തിനെതിരെയും സ്വകാര്യവത്കരണത്തിനെതിരെയും അസമത്വത്തിനെതിരെയും ചിലിയിലുണ്ടായിട്ടുള്ള പ്രതിഷേധം, ഫ്രാൻസിൽ നടന്ന യെല്ലോ വെസ്റ്റ് തൊഴിലാളികളുടെ പ്രതിഷേധം, സ്പെയിനിൽ ആയിരങ്ങൾ അണിനിരന്ന നാറ്റോക്കെതിരായ പ്രതിഷേധം, നെതർലാൻറ്സിൽ തുടങ്ങി പിന്നീട് സ്പെയിനിലേക്കും പോളണ്ടിലേക്കും, ജർമനിയിലേക്കും ഇറ്റലിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പടർന്ന കർഷക സമരങ്ങൾ. ശ്രീലങ്കയിലുണ്ടായ പ്രക്ഷുബ്ധമായ മുന്നേറ്റങ്ങൾ പരാജയപ്പെടുത്തിയതും ഒരു വലതുപക്ഷ സ്വേച്ഛാധിപത്യ സർക്കാരിനെയായിരുന്നു. ചെലവ് വെട്ടിച്ചുരുക്കലിനെതിരെയും സ്വകാര്യവത്കരണത്തിനെതിരെയും ലോകത്തെ മിക്ക ഭാഗങ്ങളിലും നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലും ഇടതുപക്ഷ World Federation of Trade Unions (WFTU) ൻറെ ഭാഗമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് കാണാൻ കഴിയും. അടിസ്ഥാനപരമായി ഈ പ്രതിഷേധങ്ങളെല്ലാം ചൂഷണത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന മുതലാളിത്ത സംവിധാനത്തിനും, നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കും, വളരുന്ന സ്വേച്ഛാധിപത്യത്തിനും അസമത്വത്തിനും വിലക്കയറ്റത്തിനും വംശീയ അതിക്രമങ്ങൾക്കും മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചക്കുമെതിരെ ഉള്ളതാണ്.

ചെലവ് വെട്ടിച്ചുരുക്കലിനെതിരെയും സ്വകാര്യവത്കരണത്തിനെതിരെയും ലോകത്തെ മിക്ക ഭാഗങ്ങളിലും നടന്ന തൊഴിലാളി പ്രക്ഷോഭങ്ങളിലും ഇടതുപക്ഷ World Federation of Trade Unions (WFTU) ൻറെ ഭാഗമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക് കാണാൻ കഴിയും / Photo: peoplesworld.org

മുതലാളിത്ത സംവിധാനത്തിനകത്തുള്ള പ്രതിസന്ധി ശക്തമായി തന്നെ തുടരുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പ്രാബല്യത്തിലൂടെ ഏകധ്രുവമായിത്തീർന്ന ലോകം, സോവിയറ്റ് പതനത്തിനുശേഷമുള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം ഏറ്റവും ശക്തമായ പ്രതിസന്ധി നേരിടുകയാണ്. സാമ്പത്തിക രംഗത്ത് വെല്ലുവിളി ഉയർത്തി ചൈന കടന്നുവരികയും ഡോളറിന്റെ ആധിപത്യം ക്രമേണ പിൻവാങ്ങുകയുമാണ്. റഷ്യക്കുമേലുള്ള വിലക്കുകൾ പരിഗണിക്കുമ്പോൾ, എണ്ണ വില നിയന്ത്രണത്തിലാക്കുന്നതിനായി അമേരിക്കയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കുറഞ്ഞ അളവിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ചൈന വാങ്ങിയ എണ്ണക്കുള്ള പണം യുവാനിൽ സ്വീകരിക്കാൻ സൗദി അറേബ്യ തയ്യാറായതും, ഇന്ത്യ റഷ്യയിൽ നിന്നും റൂബ്ൾസിൽ എണ്ണ വാങ്ങാനൊരുങ്ങുന്നതും ലോകവ്യാപാരത്തിൽ യു.എസ്. ഡോളറിന്റെ അപ്രമാദിത്വത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്. ചൂഷണവും അസമത്വവും ആന്തരികമായി തന്നെ ഉൾക്കൊള്ളുന്ന മുതലാളിത്ത സംവിധാനം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെടുന്നതോ അതിനുള്ള കഴിവില്ലാത്തതോ ജനകീയ സമരങ്ങളെ കൂടുതൽ ശക്തമാക്കുന്നുണ്ട്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചിലിയൻ പ്രസിഡണ്ട് ഗബ്രിയേൽ ബോറിക് ഊന്നിപ്പറഞ്ഞത്, ‘‘നവലിബറലിസത്തിന്റെ ജന്മഭൂമിയാണ് ചിലിയെങ്കിൽ, അതിന്റെ ശവക്കല്ലറയും അവിടെ തന്നെയായിരിക്കും'' എന്നാണ്.

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കാര്യത്തിലേക്കും, നിങ്ങൾ ചോദിച്ചതുപോലെ പിങ്ക് തരംഗം യഥാർത്ഥ ഇടതിനെ പ്രതിനിധീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിലേക്കും വരികയാണെങ്കിൽ, കെട്ടകാലത്ത് പ്രചോദനമേകുന്ന പ്രതീക്ഷകളായിട്ടാണ് ഞാൻ അത്തരം മുന്നേറ്റങ്ങളെ കാണുന്നത് എന്ന് പറയേണ്ടി വരും. ഇടതുപക്ഷത്തേക്കുള്ള വ്യതിയാനമാണ് മെക്സിക്കോയിലും അർജന്റീനയിലും ചിലിയിലും പെറുവിലും ഹൊണ്ട്യൂറാസിലും കൊളംബിയയിലും കാണാൻ കഴിയുന്നത്, വൈകാതെ ബ്രസീലും ഇതേവഴി പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിനോച്ചെയുടെയും ഫ്യുജിമൊറിയുടെയും ഇരുണ്ട കാലത്തിലേക്കുള്ള തിരിച്ചുപോക്കിനെതിരെയുള്ള വിജയങ്ങൾ കൂടിയായിരുന്നു ചിലിയിലും പെറുവിലും ഉണ്ടായത്. ഈ വിജയങ്ങൾ പ്രതീക്ഷയേകുന്നുവെന്ന് പറയുമ്പോഴും അവ ഇടതുപക്ഷ ജനാധിപത്യ പദ്ധതിയുടെ കൂടെയാണ് നിലകൊള്ളുന്നത് എന്നും നവലിബറൽ നയങ്ങൾക്കും സാമ്രാജ്യത്വത്തിനും എതിരെയാണ് നിലകൊള്ളുന്നതെന്നും ഉറപ്പുവരുത്തേണ്ടത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചിലിയൻ പ്രസിഡണ്ട് ഗബ്രിയേൽ ബോറിക് ഊന്നിപ്പറഞ്ഞത്, ‘‘നവലിബറലിസത്തിന്റെ ജന്മഭൂമിയാണ് ചിലിയെങ്കിൽ, അതിന്റെ ശവക്കല്ലറയും അവിടെ തന്നെയായിരിക്കും'' എന്നാണ്. തെരഞ്ഞെടുപ്പ് വിജയിച്ച ഫ്രെന്റെ ആംപ്ലിയോയുടെ (വിശാല മുന്നണി) ഭാഗവും പ്രധാന സഖ്യകക്ഷിയുമാണ് ചിലിയിലെ കമ്യൂണിസ്റ്റ് പാർട്ടി. മൂന്ന് കമ്യൂണിസ്റ്റുകൾ അവിടെ മന്ത്രിമാരായി നിയമിക്കപ്പെട്ടു. ചിലിയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ കാമിലോ വല്ലെജോ ആണ് സർക്കാറിന്റെ വക്താവ്. സി.ഐ.എയുടെ പിന്തുണയോടെ നടന്ന സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ട സാൽവദോർ അലെന്റെയുടെ ചെറുമകളായ മായ ഫെർണാണ്ടസ് അലെന്റെയാണ് പ്രതിരോധമന്ത്രിയായി നിയമിതയായത്. അഗസ്റ്റോ പിനോച്ചെയുടെ നേതൃത്വത്തിൽ നടന്ന സൈനിക അട്ടിമറി കഴിഞ്ഞ് അമ്പതോളം വർഷത്തിനുശേഷമാണ് അവർ രാജ്യത്തിന്റെ സൈന്യത്തിനുമേൽ അധികാരമുള്ള സ്ഥാനത്ത് നിയമിതയായതെന്നത് ശ്രദ്ധേയമാണ്. അമേരിക്കൻ സാമ്രാജ്യത്വവും സി.ഐ.എ സ്പോൺസർ ചെയ്ത സൈനിക അട്ടിമറികളും അതിന്റെ പിന്തുണയിൽ നിലനിന്ന ക്രൂരമായ സ്വേച്ഛാധിപത്യ ഭരണങ്ങളും കാരണം രാജ്യത്തെ കമ്യൂണിസ്റ്റുകൾക്ക് തീവ്രമായ അടിച്ചമർത്തലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.

ചിലിയൻ പ്രസിഡണ്ട് ഗബ്രിയേൽ ബോറിക് / Photo: Wikipedia

പ്രവർത്തകരുടെ കാണാതാകലുകളും കൊലപാതകങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരാണ് ഈ രാജ്യങ്ങളിൽ കൊല്ലപ്പെട്ടത്. നീണ്ട കാലം നിരോധനവും നേരിടേണ്ടി വന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികൾ അവസാനിച്ചുവെന്ന് വർഷങ്ങൾക്ക് മുമ്പ് വിധിയെഴുതിയതാണ്, എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചിലി അതിന്റെ ഇലക്​ടറൽ വർദ്ധിപ്പിക്കുകയും സർക്കാരിന്റെ പ്രധാന ഭാഗവുമായിത്തീർന്നിരിക്കുകയാണ്. പ്രഖ്യാപിത മാർഗ്ഗത്തിൽ നിന്ന് കൂട്ടുകക്ഷി സർക്കാർ വ്യതിചലിക്കുകയാണെങ്കിൽ അതിനെ തിരുത്തേണ്ട ഉത്തരവാദിത്വമാണ് പാർട്ടിക്കുള്ളത്.

മൂന്നുതവണ പ്രസിഡൻറ്​ സ്ഥാനത്തേക്ക് മത്സരിച്ച, തുറങ്കിലടക്കപ്പെട്ട മുൻ പ്രസിഡന്റ് ആൽബെർട്ടോ ഫ്യുജിമൊറിയുടെ മകളായ കെയ്കോ ഫ്യുജിമൊറിയെയാണ് പെറു ലിബ്രേ (ഫ്രീ പെറു) രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായ പെഡ്രോ കാസ്റ്റില്ലോ തോൽപ്പിച്ചത്. മാർക്സിസ്റ്റ് ചിന്തയെ ലാറ്റിനമേരിക്കയുടെ ഗ്രാമീണവും തനതുമായ യാഥാർത്ഥ്യങ്ങളിലേക്ക് കൂട്ടിയിണക്കാൻ ശ്രമിച്ച, 1928ൽ പെറുവിന്റെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ ഹൊസെ കാർലോസ് മരിയാറ്റെഗ്വിയുടെ ചിന്താപദ്ധതിയാണ് തങ്ങൾ സ്വാംശീകരിച്ചിരിക്കുന്നതെന്ന് പെറു ലിബ്രേ പറയുന്നു.

ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയല്ല ക്യൂബൻ വിപ്ലവത്തെ നയിച്ചത് എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, പക്ഷേ അമേരിക്കയുടെ പിന്തുണയുള്ള സ്വേച്ഛാധിപതിയായ ഫുൽജെൻഷിയോ ബാറ്റിസ്റ്റയ്ക്കെതിരായ വിജയശേഷം ഫിഡലും ചെയും ക്യൂബയെ കമ്യൂണിസ്റ്റ് പാതയിലേക്ക് നയിക്കുകയായിരുന്നു.

ഖനന മേഖലയിലുള്ള വ്യവസായങ്ങൾ ദേശസാത്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പെറു ലിബ്രേ, അത് മാർക്സിസ്റ്റ്, സോഷ്യലിസ്റ്റ്, സാമ്രാജ്യത്വവിരുദ്ധ ചേരിയിലാണെന്ന് വ്യക്തമായി പ്രസ്താവിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും കാസ്റ്റില്ലോയുടെ വലതുപക്ഷത്തേക്കുള്ള ചായ്വ് വലിയ രീതിയിൽ പെറു ലിബ്രേക്ക് തളർച്ചയുണ്ടാക്കിയിട്ടുണ്ട് എന്നാണ് സൂചനകൾ. കാലാവധി കഴിയുന്നതിനും മൂന്നുവർഷം മുമ്പെ, 2023ൽ സ്ഥാനമൊഴിയാൻ അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ഒരു തിരുത്തലിന്റെ പ്രതീക്ഷയാണ് നൽകുന്നത്. കൊളംബിയയുടെ ചരിത്രത്തിൽ ആദ്യമായി ഗുസ്താവോ പെട്രോയുടെ നേതൃത്വത്തിലുള്ള ഒരു ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. പാക്ടോ ഹിസ്റ്റോറിക്കാ (ഹിസ്റ്റോറിക് പാക്ട്) എന്ന ഇടതുപക്ഷ പാർട്ടികളുടെ വിശാല മുന്നണിയുടെ ഭാഗമാണ് കൊളംബിയൻ കമ്യൂണിസ്റ്റ് പാർട്ടി. ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയല്ല ക്യൂബൻ വിപ്ലവത്തെ നയിച്ചത് എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്, പക്ഷേ അമേരിക്കയുടെ പിന്തുണയുള്ള സ്വേച്ഛാധിപതിയായ ഫുൽജെൻഷിയോ ബാറ്റിസ്റ്റയ്ക്കെതിരായ വിജയശേഷം ഫിഡലും ചെയും ക്യൂബയെ കമ്യൂണിസ്റ്റ് പാതയിലേക്ക് നയിക്കുകയായിരുന്നു.

ചെ ഗുവേര, ഫിഡൽ കാസ്‌ട്രോ / Photo: Wikipedia

അമേരിക്കയുടെ പിന്നാമ്പുറമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഇടതുപക്ഷത്തിന് ഉണ്ടായ ഈ വിജയങ്ങൾ അതിന്റെ സാമ്രാജ്യത്വ അപ്രമാദിത്വത്തിനെ പ്രസക്തമായ രീതിയിൽ തന്നെ തളർത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക പാർട്ടികളാണെങ്കിലും കേന്ദ്ര തലത്തിലെ പാർട്ടികളാണെങ്കിലും നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെയാണെന്ന് കണക്കാക്കാൻ മടിച്ചുനിൽക്കുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായി, പിങ്ക് തരംഗത്തിലെ ലാറ്റിൻ അമേരിക്കൻ പാർട്ടികളുടെ നിലപാട് കൃത്യമായും അതിനെതിരാണ്. വിശാലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി പടുത്തുടയർത്താനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഇത്തരം പുരോഗമനങ്ങളിൽ നിന്ന് നമുക്ക് പഠിക്കാൻ പാഠങ്ങളുണ്ട്.

പ്രാദേശിക പാർട്ടികൾ ഉൾപ്പെടുന്ന, ഇടതുപക്ഷ പാർട്ടികളും കോൺഗ്രസ്സും നേതൃത്വം നൽകുന്ന മുന്നണിയുടെ പ്രതിപക്ഷ സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തെ എതിർക്കാൻ അത്തരമൊരു മുന്നണിയുടെ ആവശ്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ബോധ്യമുണ്ടോ? ശ്രമങ്ങൾ നടക്കുന്നുണ്ടോ?

ശക്തിപ്പെടുന്ന വർഗീയ - കോർപറേറ്റ് കൂട്ടുകെട്ട്, കൂടിക്കൊണ്ടിരിക്കുന്ന സർവ്വാധിപത്യ അക്രമങ്ങൾക്ക് വഴിവെച്ചതായാണ് നരേന്ദ്ര മോദി നയിക്കുന്ന എട്ട് വർഷത്തെ ബി.ജെ.പി സർക്കാരിന്റെ കാലത്ത് കാണാൻ കഴിയുക. ഫാസിസ്റ്റ് ആർ.എസ്.എസ്സിന്റെ ഹിന്ദു രാഷ്ട്ര അജണ്ട അക്രമോത്സുകമായി അത് മുന്നോട്ടുകൊണ്ടുപോവുകയാണ്. ഒപ്പം, അത്രതന്നെ അക്രമോത്സുകമായ നവലിബറൽ നയങ്ങൾ പിന്തുടരുകയും സർവ്വാധിപത്യപരമായ ഭരണക്രമങ്ങൾ വളരുകയും ചെയ്യുന്നു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും ഇന്ത്യൻ റിപബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ പ്രകൃതവും മുമ്പെന്നുമില്ലാത്ത വിധത്തിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആളുകളുടെ ജീവിതമാർഗ്ഗവും, തൊഴിലാളികളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും അക്രമിക്കപ്പെടുന്നത് കൂടിക്കൊണ്ടിരിക്കുന്നു. ഇതിൽ ചിലത് നമ്മൾ മുന്നേ സൂചിപ്പിച്ചുകഴിഞ്ഞു.

എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളും ഒരു മൂർത്തമായ പദ്ധതിക്കുകീഴിൽ അണിനിരക്കുകയും ഒന്നിച്ചുള്ള സമരങ്ങളും മുന്നേറ്റങ്ങളും സംഘടിപ്പിക്കുകയും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെട്ടുവരികയും ചെയ്യും.

ഹിന്ദുത്വ വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും ജനവിരുദ്ധമായ സാമ്പത്തിക നയങ്ങൾ പിൻവലിപ്പിക്കാനുമായി ബി.ജെ.പി സർക്കാരിനെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണന്നതിൽ ഇടതുപക്ഷത്തിന് സംശയമില്ല. എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും അണിനിരത്തി ബി.ജെ.പിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ദൗത്യം. ഹിന്ദുത്വ ശക്തികളാൽ ഇന്ത്യൻ ജനതയും ജനാധിപത്യവും നേരിടുന്ന ഗുരുതര വെല്ലുവിളികൾ, എല്ലാ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെയും വിശാലമായ മുന്നേറ്റത്തിനുള്ള വേദികൾ പടുത്തുയർത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽചൂണ്ടുന്നത്. വർഗീയശക്തികളോട് എതിരിടാനായുള്ള ജനങ്ങളുടെ വിശാലഐക്യം രൂപപ്പെടേണ്ടത് ഏറ്റവും അടിസ്ഥാനതലങ്ങളിൽ നിന്നാണ്. സമാനമായി, ജനാധിപത്യ അവകാശങ്ങൾക്കുമേലെ സർവ്വാധിപത്യ ശക്തികൾ നടത്തുന്ന ആക്രമങ്ങൾക്കെതിരെ പോരാടാനും വിശാലഐക്യം രൂപപ്പെടണം. ഇവയെല്ലാം സമരമുന്നണി ആയിരിക്കും, രാഷ്ട്രീയ തെരഞ്ഞെടുപ്പ് സഖ്യങ്ങളായിരിക്കില്ല. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വെറുതെ തട്ടിക്കൂട്ടി പരസ്പര ധാരണകളിലെത്തുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതിയാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല.

കർഷകരുടെ കൂട്ടായ മുന്നേറ്റത്തിൽനിന്ന് പാഠം പഠിച്ചുവേണം ജനങ്ങളുടെ ജീവിതമാർഗ്ഗങ്ങൾക്കുമേൽ കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നയങ്ങൾക്കെതിരായ ജനങ്ങളുടെ വിശാലമുന്നേറ്റം പടുത്തുയർത്തേണ്ടത്. എല്ലാ ഇടതുപക്ഷ ജനാധിപത്യ ശക്തികളും ഒരു മൂർത്തമായ പദ്ധതിക്കുകീഴിൽ അണിനിരക്കുകയും ഒന്നിച്ചുള്ള സമരങ്ങളും മുന്നേറ്റങ്ങളും സംഘടിപ്പിക്കുകയും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപപ്പെട്ടുവരികയും ചെയ്യും. ബൂർഷ്വാസി ഭൂപ്രഭു അധികാര വർഗ്ഗത്തിന്റെ നയങ്ങൾക്ക് ബദലായ നയങ്ങൾ ഒന്നിച്ചുള്ള ഇടത് കാമ്പയിനുകളും സമരങ്ങളും ഉയർത്തിപ്പിടിക്കും. സി.പി.എമ്മിന്റെയും ഇടതുശക്തികളുടെയും സ്വതന്ത്രമായ ശക്തിയും വർഗ്ഗ ജനകീയ പോരാട്ടങ്ങളിൽ ശക്തമായ മിലിട്ടൻറ്​ രൂപത്തിൽ ജനങ്ങളെ അണിനിരത്താനുള്ള കഴിവും വളരുന്നതിലൂടെയല്ലാതെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടക്കെതിരെയും നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെയും വിജയിക്കാൻ നമുക്കാവില്ല. ഹിന്ദുത്വ വർഗ്ഗീയതക്കെതിരായ എല്ലാ മതനിരപേക്ഷ ശക്തികളെയും വിശാലമായ മുന്നേറ്റത്തിന്റെ ഭാഗമായി അണിനിരത്താൻ പാർട്ടി പ്രവർത്തിക്കും. മാത്രമല്ല, നിയോലിബറൽ നയങ്ങളുടെ അക്രമോത്സുക നടത്തിപ്പിനും, ദേശീയ സമ്പത്തുകളുടെ പൂർണമായ കൊള്ളയടിക്കും, പൊതുരംഗത്തിന്റെയും പൊതുസേവനങ്ങളുടെയും ധാതുവിഭവങ്ങളുടെയും വലിയ രീതിയിലുള്ള സ്വകാര്യവത്കരണത്തിനും എതിരായി ജനങ്ങളുടെ വിശാലവിഭാഗങ്ങളെ അണിനിരത്തുന്നതിന്റെ മുൻപന്തിയിൽ തന്നെ പാർട്ടിയുണ്ടാകും. വിജയിച്ച കർഷക സമരം പോലെ, വർഗ്ഗ- ജനകീയ സമരങ്ങൾ തീവ്രമാക്കുന്നതിലൂടെ മാത്രമേ കോർപറേറ്റ്- വർഗ്ഗീയ ഭരണക്രമത്തിനെതിരായ ജനങ്ങളുടെ വിശാല മുന്നേറ്റവും മതനിരപേക്ഷ പ്രതിപക്ഷ ശക്തികളുടെ അണിനിരക്കലും സാധ്യമാവുകയുള്ളൂ.

ബൂർഷ്വാസി ഭൂവുടമ അധികാര വർഗ്ഗത്തിന്റെ നയങ്ങൾക്ക് ബദലായ നയങ്ങൾ ഒന്നിച്ചുള്ള ഇടത് കാമ്പയിനുകളും സമരങ്ങളും ഉയർത്തിപ്പിടിക്കും / Photo: Manu Thejaswi

ഹിന്ദുത്വ കോർപറേറ്റ് ഭരണക്രമത്തിനെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ അതിന്റെ കൂടെ തന്നെ ഹിന്ദുത്വ വർഗ്ഗീയ ശക്തികൾക്കെതിരെയും നവലിബറൽ നയങ്ങൾക്കെതിരെയുമുള്ള പോരാട്ടങ്ങൾ ആവശ്യമായുണ്ട്. ധാരണയിലെത്തിയ വിഷയങ്ങളിൽ പാർലമെന്റിന് അകത്ത് മതനിരപേക്ഷ പ്രതിപക്ഷ പാർട്ടികളുമായുള്ള സഹകരണവും വർഗ്ഗീയ അജണ്ടക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാല മുന്നേറ്റവും ഉറപ്പുവരുത്തും. ഓരോ പ്രശ്നങ്ങളുടെയും അടിസ്ഥാനത്തിൽ, പാർട്ടിയും ഇടതുപക്ഷവും സ്വതന്ത്രമായും മറ്റ് ജനാധിപത്യ ശക്തികളുടെ കൂടെച്ചേർന്നും, നവഉദാരവത്കരണത്തിനെതിരെയും ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമെതിരായ സർവ്വാധിപത്യ കടന്നാക്രമങ്ങളെയും പൈശാചിക നിയമങ്ങൾ ഉപയോഗിച്ച് വിസമ്മതങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും പൊരുതും. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും തമ്മിൽ ഏകോപനം സാധ്യമായിട്ടുണ്ട്. പക്ഷേ, പ്രധാന പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോലിബറൽ സാമ്പത്തിക നയങ്ങളോടുള്ള ഉറച്ച പ്രതിപത്തി തുടരുകയും ഹിന്ദുത്വയെ എതിരിടുന്ന സന്ദർഭങ്ങളിൽ അവസരവാദപരമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയുമാണ് ചെയ്യുന്നത്. നവലിബറൽ നയങ്ങൾക്കെതിരെ ദൃഢനിശ്ചയത്തോടെ പോരാടുകയും വിട്ടുവീഴ്ചയില്ലാത്ത തരത്തിൽ വർഗീയശക്തികളെ പ്രതിരോധിക്കുകയും ചെയ്യാതെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ സാധിക്കില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അസ്ഥിരമാക്കാൻ, ഒളിഞ്ഞും തെളിഞ്ഞും അവർ സംഘപരിവാറുമായും ബി.ജെ.പിയുമായും സഖ്യത്തിലാകുന്നത് ഇതിനെ സാധൂകരിക്കുന്ന ഒന്നാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ കൂറുമാറുന്നത് സംഘപരിവാറിനെ എതിർക്കുന്ന ശക്തിയെന്ന നിലയിൽ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഭരണഘടനക്കും ജനാധിപത്യ അവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരായ പ്രതിരോധം കെട്ടിപ്പൊക്കുന്നതിൽ ഞങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മതനിരപേക്ഷ ശക്തികളുമായും ചേർന്ന് പ്രവർത്തിക്കും.

ഒത്തൊരുമിച്ചുള്ള വർഗ- ജനകീയ സമരങ്ങളിലൂടെ ഹിന്ദുത്വ കോർപ്പറേറ്റ് ശക്തികൾക്കെതിരായ ഒരു അന്തരീക്ഷം ഞങ്ങൾ സൃഷ്ടിക്കും. ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി കൂട്ടിച്ചേർക്കുന്നതിനായി തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് അനുയോജ്യമായ തെരഞ്ഞെടുപ്പ് നയതന്ത്രങ്ങൾ സ്വീകരിച്ച് ബി.ജെ.പിയുടെ പരാജയം ഉറപ്പുവരുത്തും. ▮

Comments