കോൺഗ്രസ് ഉൾപ്പെടെയുള്ള മതനിരപേക്ഷ ശക്തികളുമായി ചേർന്നുപ്രവർത്തിക്കും- വിജൂ കൃഷ്ണൻ

ഭരണഘടനക്കും ജനാധിപത്യ അവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിരോധം കെട്ടിപ്പൊക്കുന്നതിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മതനിരപേക്ഷ ശക്തികളുമായും ചേർന്നുപ്രവർത്തിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ ‘ട്രൂ കോപ്പി വെബ്‌സീനി’ന് നൽകിയ അഭിമുഖത്തിൽ.

Truecopy Webzine

ഹിന്ദുത്വ കോർപറേറ്റ് ഭരണക്രമത്തിനെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ അതിന്റെ കൂടെ തന്നെ ഹിന്ദുത്വ വർഗ്ഗീയ ശക്തികൾക്കെതിരെയും നവലിബറൽ നയങ്ങൾക്കെതിരെയുമുള്ള പോരാട്ടങ്ങൾ ആവശ്യമാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം വിജൂ കൃഷ്ണൻ. ധാരണയിലെത്തിയ വിഷയങ്ങളിൽ പാർലമെന്റിനകത്ത് മതനിരപേക്ഷ പ്രതിപക്ഷ പാർട്ടികളുമായുള്ള സഹകരണവും വർഗീയ അജണ്ടക്കെതിരെ എല്ലാ മതനിരപേക്ഷ ശക്തികളുടെയും വിശാല മുന്നേറ്റവും ഉറപ്പുവരുത്തുമെന്ന് ട്രൂ കോപ്പി വെബ്‌സീനിനുനൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘‘ഓരോ പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിൽ, പാർട്ടിയും ഇടതുപക്ഷവും സ്വതന്ത്രമായും മറ്റ് ജനാധിപത്യ ശക്തികളുടെ കൂടെച്ചേർന്നും, നവഉദാരവത്കരണത്തിനെതിരെയും ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കുമെതിരായ സർവ്വാധിപത്യ കടന്നാക്രമങ്ങൾക്കെതിരെയും പൈശാചിക നിയമങ്ങളുപയോഗിച്ച് വിസമ്മതങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും പൊരുതും. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും തമ്മിൽ ഏകോപനം സാധ്യമായിട്ടുണ്ട്. പക്ഷേ, പ്രധാന പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോലിബറൽ സാമ്പത്തിക നയങ്ങളോടുള്ള ഉറച്ച പ്രതിപത്തി തുടരുകയും ഹിന്ദുത്വയെ എതിരിടുന്ന സന്ദർഭങ്ങളിൽ അവസരവാദപരമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയുമാണ് ചെയ്യുന്നത്. നവലിബറൽ നയങ്ങൾക്കെതിരെ ദൃഢനിശ്ചയത്തോടെ പോരാടുകയും വിട്ടുവീഴ്ചയില്ലാത്ത തരത്തിൽ വർഗീയശക്തികളെ പ്രതിരോധിക്കുകയും ചെയ്യാതെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ സാധിക്കില്ല. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അസ്ഥിരമാക്കാൻ, ഒളിഞ്ഞും തെളിഞ്ഞും അവർ സംഘപരിവാറുമായും ബി.ജെ.പിയുമായും സഖ്യത്തിലാകുന്നത് ഇതിനെ സാധൂകരിക്കുന്ന ഒന്നാണ്. കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ബി.ജെ.പിയിലേക്ക് കൂട്ടത്തോടെ കൂറുമാറുന്നത് സംഘപരിവാറിനെ എതിർക്കുന്ന ശക്തിയെന്ന നിലയിൽ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഭരണഘടനക്കും ജനാധിപത്യ അവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരായ പ്രതിരോധം കെട്ടിപ്പൊക്കുന്നതിൽ ഞങ്ങൾ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മതനിരപേക്ഷ ശക്തികളുമായും ചേർന്നുപ്രവർത്തിക്കും.''

‘‘കേരളത്തിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുമായി സംഘപരിവാർ കൂടിക്കാഴ്ചകൾ നടത്തുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണുണ്ടായത്. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ക്രിസ്ത്യാനികൾക്കെതിരായ ശാരീരിക ആക്രമണങ്ങൾ വലിയ രീതിയിൽ പെരുകിയ വർഷമാണ് 2021. ആ വർഷം ക്രിസ്ത്യാനികൾക്കെതിരെ 486 ആക്രമണങ്ങളാണുണ്ടായത്, 2020ലെ കണക്കുകളെ അപേക്ഷിച്ച് 75 ശതമാനം കൂടുതൽ. സംഘപരിവാറും ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളും വർഗ്ഗീയ വികാരങ്ങളെ ആളിക്കത്തിച്ചു. കൂടാതെ ക്രിസ്ത്യാനികൾക്കിടയിലുള്ള 'കാസ' പോലുള്ള തീവ്രവിഭാഗങ്ങൾ മുസ്​ലിം വിരുദ്ധ നിലപാടുകളുമായി മുന്നോട്ടുപോവുകയുമുണ്ടായി. ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലുള്ള കാമ്പയിനുകൾ സംഘപരിവാറിന്റെ പണിപ്പുരയിൽ നിന്ന് പുറത്തിറങ്ങുന്നവയാണ്.''

‘‘പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ ആരാധകരായ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ വിഭാഗങ്ങളുടെ മൗലികവാദ നിലപാടുകളും ഈ കാമ്പയിൻ കൂടുതൽ ശക്തമാക്കാൻ ഉപയോഗിക്കുന്നു. ഒരു തരത്തിലുള്ള വർഗ്ഗീയവാദവും മറ്റൊന്നിനെ അവസാനിപ്പിക്കില്ലെന്ന നമ്മുടെ മനസ്സിലാക്കലിനെ ശരിവെക്കുന്ന ഒന്നാണിത്. പരസ്പരം സഹകരിച്ച് അവർ നിലനിൽക്കുന്നതും വളരുന്നതും ജനങ്ങൾക്ക് നഷ്ടങ്ങളുണ്ടാക്കിക്കൊണ്ടാണ്. അതിനാൽ എല്ലാ തരത്തിലുമുള്ള വർഗ്ഗീയ ശക്തികൾക്കെതിരെയും ചാഞ്ചല്യമില്ലാതെ പൊരുതേണ്ടത് സാമുദായിക മൈത്രി സംരക്ഷിക്കുന്നതിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.''

‘‘മതനിരപേക്ഷ രാഷ്ട്രീയമുന്നേറ്റമായി രൂപപ്പെട്ടുവന്ന ഒരു വിഭാഗമാണ് പസ്മന്ദ മുസ്‌ലിംകൾ. അവർ ഉത്തർപ്രദേശിലെയും ബീഹാറിലെയും മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളുമായാണ് അണിചേർന്നിരുന്നത്. വർഗീയ മതമൗലികവാദ ശക്തികളുമായി സഖ്യത്തിലാകുന്നതിന്റെ അപകടങ്ങളെന്താണെന്ന് അവർ നന്നായി മനസ്സിലാക്കുകയും പൊളിറ്റിക്കൽ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ശക്തികളിൽ നിന്ന് മാറിനിൽക്കുകയും ചെയ്തിട്ടുണ്ട്. സംഘപരിവാർ സോഷ്യൽ എഞ്ചിനിയറിങ്ങിനെ ആശ്രയിക്കുകയും ചില ജാതി വിഭാഗങ്ങളെ ബി.ജെ.പിയുടെ കൂടെ അണിചേർക്കുന്നതിൽ കുറേയധികം വിജയിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ അതിക്രമങ്ങളും കൊലപാതകങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ ഇത്തരത്തിൽ അണിചേർക്കുകയെന്നത് യാഥാർത്ഥ്യമാകാൻ പോകുന്നില്ല.''

‘‘അമേരിക്കയുടെ പിന്നാമ്പുറമെന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങളിൽ ഇടതുപക്ഷത്തിനുണ്ടായ വിജയങ്ങൾ അതിന്റെ സാമ്രാജ്യത്വ അപ്രമാദിത്വത്തിനെ പ്രസക്തമായ രീതിയിൽ തന്നെ തളർത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രാദേശിക പാർട്ടികളാണെങ്കിലും കേന്ദ്രതലത്തിലെ പാർട്ടികളാണെങ്കിലും നിയോലിബറൽ സാമ്പത്തിക നയങ്ങൾക്കെതിരെയാണെന്ന് കണക്കാക്കാൻ മടിച്ചുനിൽക്കുമ്പോൾ അതിൽനിന്ന് വ്യത്യസ്തമായി, പിങ്ക് തരംഗത്തിലെ ലാറ്റിനമേരിക്കൻ പാർട്ടികളുടെ നിലപാട് കൃത്യമായും അതിനെതിരാണ്. വിശാലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി പടുത്തുടയർത്താനുള്ള സാധ്യതകളെക്കുറിച്ച് അന്വേഷിക്കുമ്പോൾ ഇത്തരം പുരോഗമനങ്ങളിൽ നിന്ന് നമുക്ക് പഠിക്കാൻ പാഠങ്ങളുണ്ട്.''

വിജൂ കൃഷ്ണൻ / മനില സി. മോഹൻ
വൈരുദ്ധ്യങ്ങൾ ശക്തമാവും, വിഭജിച്ച് ഭരിക്കാനുള്ള
ബി.ജെ.പി അജണ്ട പരാജയപ്പെടും
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 88ൽ വായിക്കാം


Summary: ഭരണഘടനക്കും ജനാധിപത്യ അവകാശങ്ങൾക്കും മതനിരപേക്ഷതയ്ക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിരോധം കെട്ടിപ്പൊക്കുന്നതിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മതനിരപേക്ഷ ശക്തികളുമായും ചേർന്നുപ്രവർത്തിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വിജൂ കൃഷ്ണൻ ‘ട്രൂ കോപ്പി വെബ്‌സീനി’ന് നൽകിയ അഭിമുഖത്തിൽ.


Comments