പാർലമെൻറ്​ ശ്രീകോവിൽ ആകരുത്​

ദാര്‍ശനികമായി ജനാധിപത്യത്തില്‍ എല്ലാവരും സമന്മാരാണ്. ആ സമത്വബോധമാണ് പാഠപുസ്തകത്തില്‍നിന്ന് പുറത്തുപോകുന്നത്. അത് നമ്മെ മതബോധത്തില്‍ തളച്ചിടും. പാര്‍ലമെൻറ്​ ജനാധിപത്യത്തിന്റെ ഇടമാണ്, അല്ലാതെ, ശ്രീകോവില്‍ അല്ല.

എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍നിന്ന് ജനാധിപത്യം പുറത്താക്കപ്പെട്ടിരിക്കുന്നു. ഗാന്ധിയും അംബേദ്കറും അതിനുമുമ്പേ പുറത്താക്കപ്പെട്ടു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചെങ്കോലേന്തിയ ഭരണാധികാരിയും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. സന്യാസിമാര്‍ പാര്‍ലമെന്റില്‍ ഇടം പിടിച്ചിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും ജനപ്രതിനിധികളും ഇത്തരം ആഘോഷങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നു. ന്യൂനപക്ഷത്തെ ജനങ്ങളില്‍നിന്ന് പാര്‍ലമെന്റിലുള്ള പ്രാതിനിധ്യവും കുറയുന്നു. ഭരണഘടനയുടെ അടിത്തറ ഇപ്പോഴും ഇളകാതെ നില്‍ക്കുന്നതുകൊണ്ട് പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും പാര്‍ലമെന്റിലും നിയമസഭകളിലുമുണ്ട്. എന്നാല്‍, ജനാധിപത്യമെന്ന സങ്കല്‍പം അഥവാ ആശയം നമ്മുടെ പൊതുബോധത്തില്‍നിന്ന് പടിയിറങ്ങിയാല്‍ ഇതൊക്കെ ഇല്ലാതാകുന്നതുപോലും നമുക്ക് മനസ്സിലാവില്ല എന്നതുകൊണ്ടാണ് ജനാധിപത്യം എന്ന ആധുനിക മൂല്യം പാഠപുസ്തകങ്ങളില്‍നിന്ന് പുറത്തുപോകുന്നത്.

ഇന്ത്യന്‍ സമൂഹങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ രാഷ്ട്രമീമാംസാ പണ്ഡിതരും സാമൂഹിക ശാസ്ത്രജ്ഞരും പറയാറുള്ള ഒരു നിരീക്ഷണം, അടിസ്ഥാനപരമായി ഇന്ത്യന്‍ സമൂഹത്തിന് ജനാധിപത്യബോധമില്ല എന്നാണ്. ആധുനിക വിദ്യാഭ്യാസവും ജനാധിപത്യത്തിന്റെ വളര്‍ച്ചയും നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്ന രണ്ട് ഘടകങ്ങളാണ്. ശാസ്ത്രത്തിന്റെയും യുക്തിബോധത്തിന്റെയും വളര്‍ച്ചയില്‍ മനുഷ്യര്‍ എങ്ങനെ മനുഷ്യരെ അവരാല്‍ ഭരിക്കപ്പെടുന്നതും ഭരിക്കുന്നതുമായ ഒരു പരമാധികാര ഭരണക്രമം ഉണ്ടാക്കിയെടുക്കാം എന്ന ആലോചനകളിലൂടെയാണ്​ വ്യത്യസ്ത ഭരണക്രമങ്ങൾ വികസിച്ചുവന്നിട്ടുള്ളത്​.

ദൈവശാസ്ത്രത്തിലൂടെയും രാജവാഴ്ചയിലൂടെയും ഫ്യൂഡല്‍ സാമൂഹിക സംവിധാനങ്ങളിലൂടെയും ഭരിക്കപ്പെട്ട ജനം വിവിധ വര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. ഒരധികാര വര്‍ഗവും ഭരിക്കപ്പെടുന്ന മറ്റനേകം വര്‍ഗങ്ങളും ഉണ്ടായിരുന്ന കാര്‍ഷികമോ വ്യവസായികമോ ആയ സമൂഹങ്ങളില്‍ മനുഷ്യന്റെ കഴിവുകളെ വികസിപ്പിക്കാനും പരിപോഷിപ്പിക്കാനും അത്തരം വ്യവസ്ഥകള്‍ സഹായകമല്ല എന്നതിനപ്പുറം, അത് പൊതുവില്‍ സമുഹത്തിന്റെയും വ്യക്തികളുടെയോ പുരോഗതിക്കും മുന്നോട്ടുള്ള യാത്രക്കും ഉതകുന്നതല്ല എന്ന തിരിച്ചറിവാണ് പുതിയ ഭരണക്രമത്തെക്കുറിച്ച് ആലോചിക്കാനിടയാക്കിയത്. മനുഷ്യന്‍ ചിന്തിക്കുന്നവരായതുകൊണ്ടും ചിന്തിക്കുന്നവര്‍ക്ക് മറ്റുള്ളവരെ ചിന്തിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടും രൂപപ്പെടുന്ന ആശയങ്ങളാണ് മനുഷ്യനെക്കുറിച്ചും അവരുടെ സാമൂഹിക മൂല്യങ്ങളെക്കുറിച്ചും ആലോചിക്കാന്‍ പ്രേരിപ്പിച്ചത്. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ഭരിച്ചും ചൂഷണം ചെയ്തും ജീവിക്കുന്ന രാഷ്ട്രീയക്രമം ഇല്ലാതാക്കാനും വിമോചനാത്മകമായ ആശയങ്ങളുടെ അടിസ്​ഥാനത്തിൽ, വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു പ്രത്യയശാസ്ത്രമാണ് ജനാധിപത്യം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇത് സമുദായങ്ങളും ജാതികളും ഉപജാതികളുമായി മാറുന്നു. മറ്റ് സ്ഥലങ്ങളില്‍ ചിലപ്പോള്‍ വര്‍ഗാധിപത്യ- വംശാധിപത്യ പ്രത്യയശാസ്ത്രങ്ങളാണ് സാമൂഹിക സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുക. ആണധികാര- പുരുഷകേന്ദ്രീകൃത വ്യവസ്ഥകൾ കുടുംബങ്ങളെയും കല്യാണം പോലുള്ള സ്ഥാപനങ്ങളെയും നിയന്ത്രിക്കുമ്പോള്‍ ഒരു വിഭാഗത്തിന്റെ അധികാരം മറ്റൊരു വിഭാഗത്തിനുമേല്‍ പതിക്കുന്നതുവഴിയുണ്ടാകുന്ന സൂക്ഷ്മാധികാരം പലപ്പോഴും ജനാധിപത്യാവകാശലംഘനങ്ങളുടെ സാമൂഹിക ക്രമമായി മാറുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ജനാധിപത്യം എന്ന ആശയം അധികാരത്തിന്റെ പല തലങ്ങളിലുള്ള ഇടപെടലുകളാൽ നീതി നിഷേധിക്കപ്പെടുന്ന മാനങ്ങളെയാണ്​ പ്രശ്‌നവല്‍ക്കരിക്കുന്നത്. അത് അനീതികളാല്‍ അങ്ങേയറ്റം ദുര്‍ബലരാകുന്ന സമൂഹങ്ങളുടെയും വ്യക്തികളുടെയും അവകാശത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തില്‍ നിന്ന്
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനത്തില്‍ നിന്ന്

ഇന്ത്യന്‍ സമൂഹത്തിന്റെ അധികാരഘടന അമ്പലം എന്ന സ്ഥാപനത്തില്‍ ദര്‍ശിക്കാന്‍ കഴിയും. അമ്പലത്തിന്റെ രൂപഘടനയില്‍ നിയന്ത്രിക്കപ്പെടുകയും വലിച്ചുമുറുക്കപ്പെട്ടതുമായ ഒരു സമൂഹത്തെ കാണാം. ‘ലക്ഷണമൊത്ത’ അമ്പലം പുറമെനിന്ന് നോക്കിയാല്‍ കാണാന്‍ കഴിയാത്തവിധം ചുറ്റുമതിലുകള്‍ കൊണ്ട് മറച്ചിരിക്കും. അത്ര എളുപ്പം കേറിപ്പോകാനുള്ളതല്ല അവിടം. മതിലുകള്‍ക്ക് ഒന്നോ രണ്ടോ വാതിലുകള്‍ കണ്ടേക്കും. അത് പ്രത്യേക ജനവിഭാഗങ്ങള്‍ക്കുമാത്രം കടക്കാനുള്ളതാണ്. മിക്കവാറും ചടങ്ങുകള്‍ പാലിക്കാനുമുള്ളതാണ്. പ്രധാന കവാടത്തില്‍ ഒരു വശത്തുകൂടി മാത്രം പ്രവേശനമുള്ളതും അതല്ലാതെ മറ്റൊരു വഴിയിലൂടെ തിരിച്ചുവരികയും ചെയ്യുന്ന രീതിയിലായിരിക്കും പോക്കുവരവുകള്‍ കേന്ദ്രീകരിച്ചിരിക്കുക. പോയ വഴിയിലൂടെ ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ല. കവാടം കഴിഞ്ഞ് മുന്നോട്ടുപോയാല്‍ ഒരിടത്ത് മാല കെട്ടുന്നവരും മറ്റൊരിടത്ത് ചന്ദനം അരക്കുന്നവരും വേറൊരിടത്ത് ചെണ്ട കൊട്ടുന്നവരെയും കാണാം. അവര്‍ അറിയാതെയോ അറിഞ്ഞോ മാറിയിരിക്കുകയില്ല. ഇടത്തിനും ജാതിയുണ്ട്. അഥവാ, ചില ധര്‍മങ്ങളുണ്ട്. എന്താണ് ചെയ്യേണ്ടത്, ആരാണ് ചെയ്യേണ്ടത്, എങ്ങനെയാണ് ചെയ്യേണ്ടത് എന്നത് നേരത്തെ തീരുമാനിച്ചിട്ടുള്ളതും ഇഷ്ടം പോലെ മാറ്റാനാവാത്തതുമാണ്. ചന്ദനം അരയ്ക്കുന്നവര്‍ മാല കെട്ടാമെന്നു വിചാരിച്ചാല്‍, അത്​ സാധ്യമല്ല. അമ്പലത്തിന്റെ ഒത്ത നടുവിൽ പ്രധാന വിഗ്രഹം സ്ഥാപിച്ചിരിക്കും. തല കുനിഞ്ഞുനോക്കിയാല്‍ മാത്രമേ വിഗ്രഹത്തെ കാണാനാകൂ. വിധേയപ്പെടണം. കുറച്ചധികം സമയം ശ്രീകോവിലിനുമുന്നിൽ നിന്നാല്‍ ചിലപ്പോള്‍ തള്ളിമാറ്റപ്പെടുകയും ​ചെയ്യും.

എന്നാല്‍, പൂണൂലിട്ടവര്‍ക്ക്​ വിഗ്രഹത്തിന്റെ അടുത്ത് അതിനെ പരിപാലിച്ചും മന്ത്രമുരുവിട്ടും കുളിപ്പിച്ചും നേരിട്ട് ഇടപഴകാം. പ്രധാന വിഗ്രഹത്തിന് ചുറ്റുമായി നിജപ്പെടുത്തിയ സ്ഥലങ്ങളില്‍ ഉപദേവന്മാരുടെ ഇരിപ്പിടം കാണാം. ദേവതാസങ്കല്‍പ്പത്തിലെ ശ്രേണീയത അവിടെയും കാണാം. എല്ലാം കഴിഞ്ഞ് പ്രധാന നമ്പൂതിരിയുടെ കൈയില്‍നിന്ന് പ്രസാദം വാങ്ങാന്‍ കൈനീട്ടണം. കൈയില്‍ തൊടാതെ പ്രസാദം താഴെക്കിടുമ്പോള്‍ അത് പിടിക്കാന്‍ ഭക്തര്‍ശ്രമിക്കണം. ഇതൊരു രൂപകവും രൂപവും ചലനസിദ്ധാന്തവുമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ചലനമാനങ്ങള്‍ ഇത്തരം ഉദാഹരണങ്ങളില്‍നിന്ന് വ്യക്തമാക്കാം. ഏതാണ്ട് ഈ മാതൃകകള്‍ തന്നെയാണ് മറ്റു മതങ്ങളും അവരുടെ ആരാധനാലയങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. അതിന്റെ തോത് കുറഞ്ഞും കൂടിയും ഇരിക്കുന്നു. അതുകൊണ്ടാണ് അപ്പച്ചന് ‘പറയനൊരു പള്ളി, പുലയനൊരു പള്ളി, മീന്‍പിടുത്തക്കാരന്‍ മരയ്ക്കാനൊരു പള്ളി’ എന്ന് പാടേണ്ടിവന്നത്.

ഇന്ത്യയിലെ മുസ്‌ലിം പള്ളികളില്‍ മറ്റൊരു തരം ശ്രേണീയത കാണാം. ആണും പെണ്ണും വ്യത്യസ്ത ഇടങ്ങളിലായാണ് വസിക്കുന്നത്. ദൈവത്തിനുമുന്നില്‍ എല്ലാവരും സമന്മാരല്ല. എന്നാല്‍, ദാര്‍ശനികമായി ജനാധിപത്യത്തില്‍ എല്ലാവരും സമന്മാരാണ്. ആ സമത്വബോധമാണ് പാഠപുസ്തകത്തില്‍നിന്ന് പുറത്തുപോകുന്നത്. അത് നമ്മെ മതബോധത്തില്‍ തളച്ചിടും. പാര്‍ലമെൻറ്​ ജനാധിപത്യത്തിന്റെ ഇടമാണ്, അല്ലാതെ, ശ്രീകോവില്‍ അല്ല.

Comments