ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം നാല്;
അധ്യായം മൂന്ന്
▮
രാജവാഴ്ചയിൽനിന്ന് ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയിലേക്കുള്ള മാറ്റത്തെ പറ്റിയുള്ള ചർച്ചയിൽ വിവിധ കാഴ്പ്പാടുകൾ കാണുന്നുണ്ടെങ്കിലും, അവയിൽ രണ്ടു പ്രബല സമീപനങ്ങളുണ്ട്.
ഒന്നാമത്തേത്; സമൂഹത്തിൻ്റെ രാഷ്ട്രീയ ചിന്താഗതികളിൽ വന്നുചേർന്ന മാറ്റം എന്ന വിധത്തിൽ ജനാധിപത്യത്തെ അവതരിപ്പിക്കുമ്പോൾ.
അടുത്തത്; അധികാരമണ്ഡലത്തിൽ ഭരണഘടനാപരമായി സംഭവിച്ച വികാസം എന്ന രീതിയിൽ ജനാധിപത്യത്തെ നോക്കിക്കാണുന്നു.
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ജനങ്ങളുടെ പരമാധികാരം, സ്വയംഭരണം മുതലായ ആദർശങ്ങൾ വ്യത്യസ്ത ചിന്താധാരകൾ വഴി രാഷ്ട്രീയഘടനയിൽ വരുത്തിയ മാറ്റമെന്ന നിലയിൽ പൊതുവേ ജനാധിപത്യത്തെ അവതരിപ്പിക്കുന്നതാണ് ഒന്നാമത്തെ രീതി. തെരഞ്ഞെടുപ്പ്, പ്രതിനിധിസഭ, വോട്ടവകാശം, ഭരണഘടന, രാഷ്ട്രീയപ്പാർട്ടികൾ എന്നിവയുടെ ഉത്ഭവവികാസങ്ങളുമായി ബന്ധപ്പെട്ട്, ജനാധിപത്യ വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തെ അവതരിപ്പിക്കുന്നതാണ് രണ്ടാമത്തേത്.
ഒന്നാമത്തേത്; റൂസോ, ലോക്ക്, ജെഫേഴ്സ്ൺ തുടങ്ങിയ പല ചിന്തകരിലൂടെയും അവരുടെ ആശയപരമായ സംഭാവനകളിലൂടെയും സ്വാധീനങ്ങളിലൂടെയും സഞ്ചരിക്കുന്നു. രണ്ടാമത്തേതാകട്ടെ; രാഷ്ട്രീയാധികാരം എങ്ങനെ വ്യത്യസ്ത സ്ഥാപനങ്ങളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നു എന്നത് പരിശോധിക്കുന്നു.
ജനാധിപത്യ വ്യവസ്ഥയുടെ ചരിത്രപരമായ വികാസത്തെ പറ്റിയുള്ള നമ്മുടെ ധാരണകളെ രൂപപ്പെടുത്തുന്നതിൽ മേൽപ്പറഞ്ഞ ധാരകൾ രണ്ടും സാരമായ സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ യൂറോ- അമേരിക്കൻ ഭൂമിയിൽ കുലീന റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥയുടെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കുള്ള ചുവടുമാറ്റം അടിസ്ഥാന വർഗ്ഗങ്ങളുടെ സജീവ ഇടപെടലിലൂടെ, കുറഞ്ഞത് ഒന്നര നൂറ്റാണ്ടു കൊണ്ട് സംഭവിച്ച ഗതിമാറ്റമാണെന്നു നാം തിരിച്ചറിയുമ്പോൾ, മറ്റു ചില ചോദ്യങ്ങൾ മുന്നിലേക്കു വരുന്നുണ്ട്. അതിന് മറുപടി നൽകാൻ ആധുനിക ജനാധിപത്യ ചരിത്രത്തെ പറ്റിയുള്ള ആശയപരമോ ഭരണപരമോ ആയ വിശദീകരണങ്ങൾ മതിയാകാതെ വരുന്നു.
അടിസ്ഥാന സമൂഹത്തിന് ജനാധിപത്യത്തെ അവരുടെ രാഷ്ട്രീയാദർശമാക്കുന്നതിനുള്ള പ്രായോഗിക പ്രചോദനം എങ്ങനെ സംഭവിച്ചു എന്നത് അന്വേഷണ വിഷയമായി നമ്മെ അലട്ടുന്നു.
കുലീന വർഗ്ഗത്തിനു മാത്രം രാഷ്ട്രീയ പങ്കാളിത്തമുള്ള റിപ്പബ്ലിക്കൻ ഭരണത്തെ ജനങ്ങൾക്കെല്ലാം ഇടപെടാൻ അവസരം നൽകുന്ന ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പരിണമിപ്പിക്കുന്നതിനുള്ള ഇച്ഛാശക്തിയും രാഷ്ട്രീയ വിദ്യാഭ്യാസവും സ്ഥാപനപരമായ അനുഭവ ബോധ്യങ്ങളും അടിസ്ഥാനവർഗ്ഗങ്ങൾക്ക് എങ്ങനെയാണ് നേടാനായത്?
ജനാധിപത്യത്തിലേക്കുള്ള പരിവർത്തനം ചിന്തകരിലൂടെയും ഭരണപരിഷ്ക്കാരങ്ങളിലൂടെയും, മുകളിൽ നിന്ന് താഴേക്കു കൈവന്ന വിശാല മാനവികതയാണെന്ന രീതിയിൽ മാത്രം അവതരിപ്പിക്കുകയാണെങ്കിൽ, മേൽക്കൊടുത്ത ചോദ്യമേ വരുന്നില്ല. എന്നാൽ കുലീനരായ ചെറിയ വിഭാഗം മാത്രം പങ്കെടുത്തിരുന്ന രാഷ്ട്രീയ കാര്യങ്ങളിലേക്ക് കൈവേലക്കാർ, അടിമകൾ, സ്ത്രീകൾ, ചെറുകൃഷിക്കാർ, കൂലിവേലക്കാർ, മതന്യൂനപക്ഷങ്ങൾ, വ്യത്യസ്ത വംശജർ എന്നിങ്ങനെ ബഹുജന സമൂഹം ഒന്നാകെ പങ്കാളികളാകുന്ന ജനാധിപത്യ പ്രക്രിയയെ അടിത്തട്ടിൽനിന്ന് അടിസ്ഥാന വർഗ്ഗങ്ങൾ നടത്തിയ സുദീർഘമായ പ്രക്ഷോഭ ചരിത്രമായി തിരിച്ചറിയുമ്പോൾ, അടിസ്ഥാന സമൂഹത്തിന് ജനാധിപത്യത്തെ അവരുടെ രാഷ്ട്രീയാദർശമാക്കുന്നതിനുള്ള പ്രായോഗിക പ്രചോദനം എങ്ങനെ സംഭവിച്ചു എന്നത് അന്വേഷണ വിഷയമായി നമ്മെ അലട്ടുന്നു.
ഇവിടെ അടിസ്ഥാനവർഗ്ഗങ്ങൾ എന്ന പ്രയോഗം ഇതിൽ ഉൾപ്പെടുന്നവരെല്ലാം ഒരേ ഐഡിയോളജി സ്വീകരിച്ചവരാണെന്നോ അവർക്കിടയിൽ സംഘർഷങ്ങളും തട്ടുകളും ഇല്ലെന്നോ അർത്ഥമാക്കുന്നില്ല. ജനാധിപത്യത്തെ ഏകീകൃതമായ ആശയസംഹിതയായി ആദ്യം ഉൾക്കൊണ്ട് അതിനു പിന്നിൽ ഐക്യപ്പെട്ടവരുമല്ല ഈ ജനവിഭാഗം. എന്നാൽ അവരെല്ലം ഒരേപോലെ രാഷ്ട്രീയവ്യവസ്ഥയിൽ നിന്ന് പുറന്തള്ളപ്പെട്ടവരായിരുന്നു. അതിനാൽ പ്രായോഗിക ജീവിതാവശ്യങ്ങളുമായുള്ള ഏറ്റുമുട്ടലിൽ ജനാധിപത്യശൈലി അവർ രൂപപ്പെടുത്തുകയായിരുന്നു.

ആധുനിക ജനാധിപത്യത്തെ "ബൂർഷ്വാ ജനാധിപത്യ"മായി വിലയിരുത്തുന്ന കാഴ്ചപ്പാടും ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കുള്ള പരിവർത്തനത്തിൽ അടിസ്ഥാനവർഗ്ഗങ്ങളുടെ നേതൃത്വപരമായ പങ്കിനെ പറ്റിയുള്ള അന്വേഷണത്തെ ദുർബ്ബലമാക്കുന്നുണ്ടോ എന്നു സംശയിക്കണം. ഔപചാരിക രാഷ്ട്രീയ സമത്വം ഉണ്ടെങ്കിലും സാമ്പത്തിക അസന്തുലിതത്വവും സമ്പത്തിൻ്റെ കേന്ദ്രീകരണവും യഥാർത്ഥ ജനാധിപത്യം കൈവരിക്കാൻ തടസ്സമായി നിൽക്കുന്നു എന്ന മാർക്സിസ്റ്റു വിമർശനത്തെ തള്ളിക്കളയാനാവില്ല. അതുകൊണ്ട് ജനാധിപത്യ ഭരണകൂടം ബൂഷ്വാ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടാകാം. എന്നാൽ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിനു നിദാനമായ സാമൂഹിക ശക്തികളുടെ പങ്കും, അതിനുള്ള പ്രായോഗിക പ്രചോദനങ്ങളും അതുകൊണ്ട് അപ്രസക്തമാകുന്നില്ല.
ചുരുക്കത്തിൽ, ജനാധിപത്യവും അടിസ്ഥാന വർഗ്ഗങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ നിലനിൽക്കുന്ന പ്രബലമായ സമീപനങ്ങൾ മതിയാകാതെ വന്നിരിക്കുന്നു. അവയോടൊപ്പം ജനാധിപത്യത്തിൻ്റെ സാമൂഹ്യചരിത്രവും സിവിൽ സമൂഹത്തിൽ രൂപം കൊണ്ട സ്ഥാപനങ്ങളുടെ ചരിത്രവും ജനകീയ രാഷ്ട്രീയ ചരിത്രവും പഠനവിധേയമാക്കണം.
ജനാധിപത്യ പരിഷ്ക്കാരങ്ങൾ കുറഞ്ഞത് മൂന്നു നൂറ്റാണ്ടെങ്കിലും പരിമിതപ്പെടുത്തുന്ന പ്രവണത അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ പ്രബല സ്വത്തുടമാ വർഗ്ഗങ്ങളിൽ കാണാം. എന്നാൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്ഥാപിതമാകുമ്പോഴും, മേൽപ്പറ
ആധുനിക ജനാധിപത്യത്തിൻ്റെ പാഠശാലകൾ
ഇംഗ്ലീഷ് ആഭ്യന്തരസമരം മുതലെങ്കിലും പാർലമെൻ്റിനു പുറത്ത്, പൊതുസമൂഹത്തിൽ അടിസ്ഥാന വർഗ്ഗങ്ങളിൽ നിന്ന് ജനാധിപത്യപരമായ അവകാശങ്ങൾക്കു വേണ്ടിയുള്ള കൂട്ടായ്മകളുടെയും പ്രക്ഷോഭങ്ങളുടെയും പ്രാരംഭരൂപങ്ങൾ ഉറവ കൊള്ളുന്നുണ്ട്. ഇംഗ്ലീഷ് ആഭ്യന്തര സമരത്തിൽ ലെവലർമാരും മറ്റും സാർവ്വത്രിക (ആൺ) വോട്ടവകാശവും ജനങ്ങളുടെ പരമാധികാരവും ആവശ്യപ്പെട്ടു. അമേരിക്കൻ വിപ്ലവകാലത്ത് ആർട്ടിസാൻ വിഭാഗങ്ങളും തുടർന്ന് ഫ്രെഞ്ചുവിപ്ലവത്തിൽ സ്ത്രീകൾ, കൈവേലക്കാർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയ പല അടിത്തട്ടു സമൂഹങ്ങളും ജനാധിപത്യ പരിഷ്ക്കാരങ്ങൾ ഉന്നയിച്ചു.
എന്നാൽ ഈ മൂന്നു വിപ്ലവങ്ങൾക്കും ശേഷം, അടിത്തട്ടിൽ നിന്നുയർന്നുവന്ന അടിസ്ഥാനപരമായ ജനാധിപത്യ പരിഷ്ക്കാരങ്ങൾക്കു വേണ്ടിയുള്ള ആവശ്യത്തെ വിപ്ലവാനന്തര ഭരണശക്തികൾ ഏറെക്കുറെ അടിച്ചമർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. അതുകൊണ്ട് ഡെമോക്രറ്റിക് റിപ്പബ്ലിക്കിലേക്ക് ഘട്ടംഘട്ടമായും സാവധാനത്തിലും പിന്നീട് സംഭവിച്ച മാറ്റത്തെ ആശയഗതികളിലും ഭരണസ്ഥാപനങ്ങളിലും പ്രബല സ്വത്തുടമാവർഗ്ഗങ്ങളുടെ മുൻകൈയിലും മാത്രം നടന്ന പരിഷ്ക്കാരമായി വിലയിരുത്താൻ പറ്റില്ല.

അതായത്, ജനാധിപത്യ പരിഷ്ക്കാരങ്ങൾ കുറഞ്ഞത് മൂന്നു നൂറ്റാണ്ടെങ്കിലും പരിമിതപ്പെടുത്തുന്ന പ്രവണത അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ പ്രബല സ്വത്തുടമാ വർഗ്ഗങ്ങളിൽ കാണാം. എന്നാൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് സ്ഥാപിതമാകുമ്പോഴും, മേൽപ്പറഞ്ഞ മൂന്നു വിപ്ലവങ്ങളിലും സംഭവിച്ചതുപോലെ, ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ നിയന്ത്രണത്തിലും സ്വത്തുടമാവർഗ്ഗങ്ങൾ പിടിമുറുക്കുന്നുണ്ട്.
അതിനാൽ റിപ്പബ്ലിക്കൻ ഭരണത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയി പരിവർത്തിപ്പിച്ചതിൽ അടിസ്ഥാന ജനവിഭാഗങ്ങൾ നിർണ്ണായക ശക്തിയായിരുന്നു. അതുകൊണ്ടു തന്നെ ജനാധിപത്യം സ്ഥാപിക്കാൻ അടിസ്ഥാന സമൂഹങ്ങൾക്കു പ്രേരണയായ അവരുടെ പ്രായോഗിക ജീവിതപ്രചോദനങ്ങളെ പറ്റിയുള്ള അന്വേഷണം പ്രസക്തമായി തീരുന്നു.
ജനാധിപത്യത്തെ ഒരു രാഷ്ട്രീയക്രമം മാത്രമായി പരിമിതപ്പെടുത്തരുതെന്ന് അതിൻ്റെ സാമൂഹ്യചരിത്രം നമ്മോടു പറയുന്നു.
ഇവിടെ നാം അന്വേഷിക്കുന്നത് ആധുനിക ജനാധിപത്യത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തേക്കാൾ (പാർലമെൻ്ററി- ഭരണപരിഷ്ക്കാരങ്ങളെയും സൈദ്ധാന്തിക മുന്നേറ്റങ്ങളും) രാഷ്ട്രീയ ചരിത്രത്തിനും നിദാനമായ ജനാധിപത്യത്തിൻ്റെ സാമൂഹ്യചരിത്രമാണ്; ഭരണമേഖലകൾക്കു പുറത്ത് അടിസ്ഥാന സമൂഹത്തിൻ്റെ നിത്യജീവിതമണ്ഡലങ്ങളിൽ ജനാധിപത്യത്തിൻ്റെ പ്രായോഗികാനുഭവങ്ങൾ എങ്ങനെ മുളപൊട്ടി ആവിഷ്കൃതമായി എന്നാണ്.
ജനാധിപത്യത്തിൻ്റെ രാഷ്ട്രീയ ചരിത്രവും സാമൂഹ്യചരിത്രവും പരസ്പരം ഇടകലർന്നു കിടക്കുന്നു. ജനാധിപത്യത്തെ ഒരു രാഷ്ട്രീയക്രമം മാത്രമായി പരിമിതപ്പെടുത്തരുതെന്ന് അതിൻ്റെ സാമൂഹ്യചരിത്രം നമ്മോടു പറയുന്നു. ജനാധിപത്യത്തെ രാഷ്ട്രീയക്രമം മാത്രമായി കണ്ടാൽ അത് സാർവ്വത്രിക വോട്ടവകാശത്തിലും മറ്റം പരിസമാപ്തി നേടുന്നതായി നാം തെറ്റിദ്ധരിക്കും. എന്നാൽ ജനാധിപത്യം സാമൂഹികമായ ഒരു വികസ്വര പ്രക്രിയായി തിരിച്ചറിയുമ്പോൾ നാം ഇന്നു കാണുന്ന സാർവത്രിക വോട്ടവകാശ ഡെമോക്രാറ്റിക് റിപ്പബ്ലിക് ജനാധിപത്യത്തിൻ്റെ സാമൂഹ്യചരിത്രത്തിലെ ഒരു ഘട്ടം മാത്രമാണെന്നു കാണാം.
ആർട്ടിസാൻ കൂട്ടായ്മകൾ
ഭരണകൂട സംവിധാനങ്ങൾക്കുപുറത്ത് അടിസ്ഥാന ജനവിഭാഗങ്ങൾ രൂപം കൊടുക്കുന്ന സാമൂഹിക സ്ഥാപനങ്ങളിലൂടെ ജനാധിപത്യ സംവിധാനങ്ങൾ വികസ്വരമാകുന്നുണ്ട്. ഇതിന് അധുനിക കാലത്തെ ഏറ്റവും നല്ല ഉദാഹരണം ഫ്രഞ്ചുവിപ്ലവമാണ്. അക്കാലത്ത് (1789–1799), നിരവധി പ്രദേശിക സമിതികൾ, ജനകീയ സൊസൈറ്റികൾ, വനിതാ സംഘങ്ങൾ, കൈവേലക്കാരുടെ ഗ്രൂപ്പുകൾ, sans-culotte networks, എന്നിവ ഫ്രാൻസിൽ പലയിടത്തും സജീവമായിരുന്നു. പ്രത്യേകിച്ചും പാരീസിനു പുറത്ത് പ്രാദേശിക ടൗണകളെ കേന്ദ്രീകരിച്ചുണ്ടായ ജനകീയ സൊസൈറ്റികൾ സാധാരണക്കാരുടെ സംഗമകേന്ദ്രങ്ങളായിരുന്നു.

ഫ്രഞ്ച് വിപ്ലവകാലത്തെ ജനാധിപത്യ വിശാലതക്ക് ഉദാഹരണമാണ് പെണ്ണുങ്ങൾക്കും സജീവ പങ്കാളിത്തമുണ്ടായിരുന്ന Fraternal Society of Patriots of Both Sexes. ഇത്തരം ക്ലബ്ബുകളിൽ പെണ്ണങ്ങൾക്ക് അംഗത്വവും വോട്ടവകാശവും ഉണ്ടായിരുന്നു. ക്ലബ്ബ് സെക്രട്ടറികളായി ആറു പേരുള്ളതിൽ രണ്ടെണ്ണം ബൈലോ പ്രകാരം സ്ത്രീകൾക്കു മാത്രമായി നീക്കിവെച്ചു (Dominique Godineau, The Women of Paris and Their French Revolution). സമാന ജനാധിപത്യാശയങ്ങൾ ഉള്ള മറ്റു ക്ലബ്ബുകളുമായി ഇവർ കൈകോർത്തു പ്രവർത്തിക്കുകയും ചെയ്തു.
"സൊസൈറ്റി ഓഫ് വെല്യൂഷണറി റിപ്പബ്ലിക്കൻ വുമൺ" എന്ന പേരിൽ വിപ്ലവകാലത്ത് വനിതകളുടെ മാത്രം സംഘടനകളും ഫ്രാൻസിൽ രൂപംകൊണ്ടു. ഓരോ സംഘങ്ങളും അവരവരുടേതായ നിയമാവലികളും പ്രവർത്തന പരിപാടികളും സ്വയം രൂപപ്പെടുത്തി. ഇത്തരം സംഘങ്ങൾ മീറ്റിംഗുകൾ, കൺവെൻഷനുകൾ എന്നിവ നടത്തി; യോഗങ്ങളിൽ പ്രമേയങ്ങളും ചർച്ചകളും വോട്ടെടുപ്പും സജീവമായിരുന്നു. വളരെ സംഘടിതമായ ഭരണക്രമം കൊണ്ടും ശ്രദ്ധേയമായിരുന്നു ചില വനിതാ ക്ലബുകൾ.
വ്യവസായവൽക്കരണവും യന്ത്രവൽക്കരണവും ധ്രുതഗതിയിലാകുന്ന 19-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ആർട്ടിസാൻ സമൂഹം ഏറെയും കൂലിവേലക്കാരായി പരിവർത്തനപ്പെടാൻ നിർബന്ധിതരായി. അപ്പോൾ കൂലിവേലക്കാരായ ആധുനിക തൊഴിലാളിവർഗ്ഗം പുതിയ സാമൂഹ്യശക്തിയായി ഉയർന്നുവന്നു.
ഫ്രഞ്ച് വിപ്ലവകാലത്ത് സാമൂഹിക ജനാധിപത്യ ബോധം ബ്രിട്ടനിൽ പ്രകടമായത് The London Corresponding Society (1792) എന്ന പേരിലാണ്. ജനാധിപത്യ പരിഷ്ക്കാരങ്ങൾ ആവശ്യപ്പെടുന്നതിലേക്ക് വായനക്കും ചർച്ചകൾക്കും വേണ്ടി അക്കാലത്ത് ലണ്ടനിൽ ചെരുപ്പുകുത്തികൾ, ഇരുമ്പുപണിക്കാർ, സ്വർണ്ണപ്പണിക്കാർ, ചെറുകിട പ്രിൻ്റർമാർ എന്നിങ്ങനെ ആർട്ടിസാൻ വിഭാഗങ്ങളുടെ മുൻകൈയിൽ രൂപീകൃതമായ അനേകം ക്ലബ്ബുകളുടെ സമുച്ചയമായിരുന്നു ലണ്ടൻ കറസ്പോണ്ടിംഗ് സൊസൈറ്റി. അക്കാലത്ത് വിഗ്ഗ് പാർമെൻ്ററി പാർട്ടിയുടെ രാഷ്ട്രീയ ക്ലബ്ബുകൾ പ്രവർത്തിച്ചിരുന്നതിൽ നിന്നു വ്യത്യസ്തമായി ലണ്ടൻ കറസ്പോണ്ടിംഗ് സൊസൈറ്റിയുടെ സംഘടനാശൈലി ജനാധിപത്യപരമായിരുന്നു. തുറന്ന ചർച്ചകൾ, തെരഞ്ഞെടുപ്പുകൾ, അംഗത്വത്തിലെ വൈവിധ്യം, അധികാര വികേന്ദ്രീകരണം, തുല്യമായ അവസരം എന്നിവ സൊസൈറ്റി പുലർത്തിപ്പോന്ന ജനാധിപത്യ മൂല്യങ്ങൾക്ക് ഉദാഹരണമാണ്.
സൊസൈറ്റിയിലെ ചില ക്ലബ്ബുകളിൽ പെണ്ണുങ്ങൾക്കും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. സ്ത്രീകളുടെ രാഷ്ട്രീയവും തൊഴിൽപരവുമായ അവകാശസംരക്ഷണത്തിൽ ഇത്തരം ക്ലബ്ബുകൾ ശ്രദ്ധയൂന്നി. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രായോഗിക ജീവിതം എപ്രകാരം ജനാധിപത്യ മൂല്യങ്ങളുടെ സൃഷ്ടിപരമായ വേദിയായി വളരുന്നു എന്നതിൻ്റെ മികച്ച ദൃഷ്ടാന്തമാണ് ലണ്ടൻ കറസ്പോണ്ടിംഗ് സൊസൈറ്റി. എന്നാൽ ജനകീയ രാഷ്ട്രീയ സംഘടനകളെയും പൊതുയോഗങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങൾ 1795-ൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നു. ലണ്ടൻ കറസ്പോണ്ടിംഗ് സൊസൈറ്റിയും മറ്റു റാഡിക്കൽ സംഘങ്ങളും സർക്കാരിന്റെ നിരീക്ഷണത്തിനും വിചാരണകൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായി; 1799-ൽ നിയമപരമായി ലണ്ടൻ കറസ്പോണ്ടിംഗ് സൊസൈറ്റി നിരോധിക്കപ്പെട്ടു.
ജനാധിപത്യത്തിൻ്റെ സാമൂഹിക-രാഷ്ട്രീയവൽക്കരണത്തിനുതകുന്ന പ്രത്യക്ഷമായ രാഷ്ട്രീയ പ്രവർത്തനവും ട്രേഡ് യൂണിയനുകളും അടിച്ചമർത്തൽ നേരിടുകയും അടിസ്ഥാനവർഗ്ഗ രാഷ്ട്രീയ ക്ലബ്ബുകൾ നിശ്ചലമാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ആർട്ടിസാൻ ജനങ്ങൾ നിയമവിധേയമായ പുതിയ കൂട്ടായ്മകൾ കെട്ടിപ്പടുത്തുകൊണ്ട്, അവർക്കിടയിലെ ജനാധിപത്യവൽക്കരണ പ്രകിയയെ മുന്നോട്ടു കൊണ്ടുപോകുന്നത് 19 -ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതിയിൽ ബ്രിട്ടനിൽ കാണാം.

ആർട്ടിസാൻ തൊഴിലാളികളുടെ പരസ്പര സഹായത്തിനും ക്ഷേമത്തിനും മുൻതൂക്കം കൊടുത്തുകൊണ്ട് നിരവധി സംഘടനകൾ ഇക്കാലത്ത് രൂപം കൊണ്ടു. ഫ്രണ്ട്ലി സൊസൈറ്റീസ്, മെക്കാനിക് ഇൻസ്റ്റിറ്റ്യൂട്ട്, സഹകരണ സംഘങ്ങൾ, ചാർട്ടിസ്റ്റ് പ്രസ്ഥാനം എന്നിവ അവയിൽ എടുത്തു പറയേണ്ടവയാണ്. ഇത്തരം സംഘങ്ങളിൽ അടിസ്ഥാന ജനവിഭാഗങ്ങൾ തന്നെ അവരുടെ അവരുടെ ഭരണഘടന തയ്യാറാക്കി. തെരഞ്ഞെടുപ്പുകൾ വഴി ഭാരവാഹികളെ നിശ്ചയിച്ചു. സ്വയംഭരണത്തിൻ്റെയും കൂട്ടുത്തരവാദിത്വത്തിൻ്റെയും ഐക്യത്തിൻ്റെയും പാഠങ്ങൾ അഭ്യസിച്ചു. ഇത്തരം സംഘങ്ങളെല്ലാം കുറ്റമറ്റ ജനാധിപത്യശൈലി പുലർത്തിയിരുന്നു എന്നല്ല ഇവിടെ അർത്ഥമാക്കുന്നത്. പകരം ജനാധിപത്യത്തെ സാമൂഹികവൽക്കരിക്കുന്നതിൻ്റെ ശരിതെറ്റുകൾ അടങ്ങിയ പരീക്ഷണവേദികളെന്ന നിലയ്ക്ക് ഈ കൂട്ടായ്മകൾ പ്രസക്തമാണ്.
"Popular Politics and Associational Activity in London and Lancashire, 1800–1832" എന്ന തൻ്റെ പ്രബന്ധത്തിൽ ലണ്ടൻ, ലങ്കാഷെയർ എന്നിവിടങ്ങളിൽ ട്രേഡ് സൊസൈറ്റികൾ, ചർച്ചാവേദികൾ, പൊതുയോഗങ്ങൾ, പ്രാദേശിക സംഘടനാപ്രവർത്തനങ്ങൾ എന്നിവയിലൂടെ ജനകീയ രാഷ്ട്രീയം വളർന്നുവന്നത് എം. ഒ'കോണർ (O’Connor, M) വ്യക്തമാക്കുന്നുണ്ട്. താഴെത്തട്ടിലെ ഇത്തരം സംഘടിതവേദികളികൾക്ക് സാധാരണ മനുഷ്യരിൽ രാഷ്ട്രീയശേഷിയും ജനാധിപത്യ പെരുമാറ്റ രീതികളും സൃഷ്ടിച്ചതിൽ മുഖ്യ പങ്കുണ്ട്. തൊഴിൽപരമായ താല്പര്യങ്ങൾ ഈ സംഘടനകളിലൂടെ വിശാലമായ സാമൂഹിക ഉത്കണ്ഠകളായി വികസിക്കുകയും ചെയ്തു. ജനാധിപത്യത്തിൻ്റെ സാമൂഹികവൽക്കരണം പാർലമെൻ്റ്- ഭരണഘടനാ പരിഷ്കാരങ്ങളിലൂടെ മാത്രം സംഭവിക്കുന്ന പ്രക്രിയയല്ലെന്നു ഒ'കോണർ ഓർമ്മിപ്പിക്കുന്നു.
തൊഴിലാളികൾ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നവർ മാത്രമല്ല, അവർ സംഘടനാപരമായി തന്നെ ജനാധിപത്യ സംസ്കാരത്തെ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഉൾച്ചേർക്കാൻ ശ്രമിച്ചിരുന്നു എന്നതിന് തെളിവാണ് കമ്മ്യൂണിസ്റ്റ് ലീഗ്.
ചാർട്ടിസ്റ്റ് പ്രസ്ഥാനത്തെ പറ്റി പീറ്റർ ഗേണി നടത്തിയ പഠനവും ഇതോടൊപ്പാം ചേർത്തു വെയ്ക്കാം. പൊതുവേ ചാർട്ടിസ്റ്റ് പ്രസ്ഥാനം അറിയപ്പെടുന്നത് സാർവ്വത്രിക വോട്ടവകാശത്തിനായുള്ള കൂട്ടായ്മ എന്ന രീതിയിലാണ്. എന്നാൽ സംഘടനാപരമായി ആന്തരികമായും പുറത്തും സ്വയംഭരണത്തിനും ജനാധിപത്യ സാമൂഹസൃഷ്ടിക്കും വേണ്ടിയുള്ള പ്രവർത്തനങ്ങളിലേക്കു ചാർട്ടിസം പിൽക്കാലത്തു വളരുന്നതായി ഗേണി പറയുന്നു (Peter Gurney, "Rethinking the Language of Chartism").
ചുരുക്കത്തിൽ, 18 -ാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങൾ മുതൽ 19-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതി വരെയുള്ള യൂറോ- അമേരിക്കൻ സമൂഹത്തിൽ നാം കാണുന്നത് ആർട്ടിസാൻ ജനത സ്വയം രൂപം കൊടുത്ത പലവിധ സംഘടനകൾ വഴി രണ്ടു തരത്തിലുള്ള ജനാധിപത്യവൽക്കരണ ശ്രമങ്ങൾ നടക്കുന്നതായിട്ടാണ്. ഒന്നാമത്തേത് കൈവലക്കാർ തങ്ങളുടേതായ സംഘങ്ങൾ രൂപീകരിച്ചു കൊണ്ട് ജനാധിപത്യ ശീലങ്ങളുടെയും സ്വയംഭരണത്തിൻ്റെയും സംസ്ക്കാരം അവർക്കിടയിൽ സമൂഹത്തിൽ നിർമ്മിക്കാൻ ശ്രമിക്കുന്നു. രണ്ടാമത്തേതാകട്ടെ സ്വയം ജനാധിപത്യവൽക്കരിക്കുന്ന ഈ പ്രക്രിയയുടെ ഭാഗമായി അവർ അന്നത്തെ രാഷ്ട്രീയഘടനയെയും ജനാധിപത്യത്തിലേക്കു കൊണ്ടുവരാൻ പരിശ്രമിക്കുന്നു.
തൊഴിലാളിസംഘ- ജനാധിപത്യ സംഘർഷങ്ങൾ
എന്നാൽ വ്യവസായവൽക്കരണവും യന്ത്രവൽക്കരണവും ധ്രുതഗതിയിലാകുന്ന 19-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ആർട്ടിസാൻ സമൂഹം ഏറെയും കൂലിവേലക്കാരായി പരിവർത്തനപ്പെടാൻ നിർബന്ധിതരായി. അപ്പോൾ കൂലിവേലക്കാരായ ആധുനിക തൊഴിലാളിവർഗ്ഗം പുതിയ സാമൂഹ്യശക്തിയായി ഉയർന്നു വന്നു. ഈ സന്ദർഭത്തിലാണ് തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും അതിൻ്റെ സംഘടനകളും സ്വയം ജനാധിപത്യവൽക്കരിക്കുക, ഭരണകൂടത്തെ ജനാധിപത്യവൽക്കരിക്കുക എന്ന കൈവേലക്കാരുടെ ദ്വിമുഖ പാരമ്പര്യം ഏറ്റെടുക്കുന്നത്.

തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളിൽ ഉൾപ്പാർട്ടി ജനാധിപത്യത്തിൻ്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് 1847- ൽ കാൾ മാർക്സ്, എംഗൽസ് എന്നിവരുടെ സ്വാധീനത്താൽ സംഭവിച്ച കമ്മ്യൂണിസ്റ്റ് ലീഗ് പുനഃസംഘടന. "ലീഗ് ഓഫ് ജസ്റ്റ് " എന്ന പേരിലുള്ള ഗൂഢസംഘ പാരമ്പര്യ ശൈലി ഉപേക്ഷിച്ച് തെരഞ്ഞെടുപ്പ്, പ്രതിനിധികൾ, കൂട്ടായ ചർച്ചകൾ എന്നീ സംഘടനാരീതികൾ കമ്മ്യൂണിസ്റ്റ് ലീഗ് സ്വീകരിച്ചു. ലോക്കൽ കമ്മ്യൂണിറ്റികൾ തുടങ്ങി കേന്ദ്രകമ്മറ്റി, കോൺഗ്രസ് വരെയുള്ള ആന്തരിക ഘടകങ്ങൾ കൊണ്ടുവന്നു. കേന്ദ്രീകൃത അധികാരഘടന ഉണ്ടായിരുന്നെങ്കിലും നേതൃത്വം ചോദ്യം ചെയ്യാനാവാത്ത അതോറിറ്റി ആയിരുന്നില്ല. ഇലക്ഷൻ മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ടവരെ തിരിച്ചു വിളിക്കാനുള്ള അധികാരവും താഴെത്തട്ടുകൾക്ക് കിട്ടിയിരുന്നു.
തൊഴിലാളികൾ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്നവർ മാത്രമല്ല, അവർ സംഘടനാപരമായി തന്നെ ജനാധിപത്യ സംസ്കാരത്തെ തങ്ങളുടെ പ്രവർത്തനങ്ങളിൽ ഉൾച്ചേർക്കാൻ ശ്രമിച്ചിരുന്നു എന്നതിന് തെളിവാണ് കമ്മ്യൂണിസ്റ്റ് ലീഗ്. എന്നാൽ സംഘടനക്കുള്ളിലുണ്ടായ ആശയ സംഘർഷങ്ങൾ എത്രമാത്രം ജനാധിപത്യപരമായി കൈകാര്യം ചെയ്യപ്പെട്ടു എന്നത് വിശദമായ പരിശോധന ആവശ്യപ്പെടുന്നു.
തൊഴിലാളി രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ സംഘടനാപരമായ അടുത്ത പ്രധാനഘട്ടം നാം കാണുന്നത് 1864- ൽ സ്ഥാപിതമാകുന്ന "ഇൻ്റർനാഷണൽ വർക്കിംഗ് മെൻസ് അസോസിയേഷൻ" അഥവാ ഒന്നാം ഇൻ്റർനാഷണലിൽ ആണ്. വ്യത്യസ്ത തൊഴിലാളി സംഘടനകൾ, രാഷ്ട്രീയ സംഘങ്ങൾ സഹകരണ പ്രസ്ഥാനങ്ങൾ, സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ എന്നിവയുടെ ഒരു സംയുക്തവേദിയായിരുന്നു ഒന്നാം ഇൻ്റർനാഷണൽ. വാർഷിക കോൺഗ്രസ് എന്ന പരമോന്നത സഭ, ജനറൽ കൗൺസിൽ എന്ന നേതൃസഭ, വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന ഡെലിഗേറ്റുകൾ, പ്രാദേശികവും ദേശീയവുമായ സമിതികൾ, കൂട്ടായ ചർച്ചകൾ വഴി തീരുമാനങ്ങൾ, തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികൾ എന്നിങ്ങനെയായിരുന്നു ഇൻ്റർനാഷണിലിൻ്റെ സംഘടനാ സംവിധാനം.
പ്രാദേശിക സമിതികൾക്ക് കൂടുതൽ സംഘടനാ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടു തന്നെയുള്ള കേന്ദ്രീകൃതമായ സംഘാടനം ഇൻ്റർനാഷണൽ മുന്നോട്ടു വെച്ചിരുന്നു. വികേന്ദ്രീകരണത്തെയും കേന്ദ്രീകരണത്തെയും ജനാധിപത്യപരമായി സമന്വയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതിൽ കാണാനാവും.
അടിസ്ഥാന വർഗ്ഗങ്ങളുടെ ജനാധിപത്യ പ്രക്രിയയുടെ മറ്റൊരു മികച്ച ഉദാഹരണമാണ് പാരീസ് കമ്മ്യൂൺ (1871). തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാൻ ജനങ്ങൾക്കുള്ള അധികാരം, തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഡെലിഗേറ്റുകൾ മാത്രമാണെന്ന ബോധ്യപ്പെടുത്തൽ, അവരുടെ തീരുമാനങ്ങൾ പൊതുപരിശോധനക്കു വിധേയമാക്കുന്ന സംവിധാനം, സമൂഹത്തിനു മേൽ ഭരണവർഗ്ഗമായി ഡെലിഗേറ്റുകൾ മാറാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ, അവർക്ക് തൊഴിലാളികൾക്കു കിട്ടുന്ന അതേ വേതനം ഏർപ്പാടാക്കൽ എന്നിങ്ങനെ പാർലമെൻ്ററി വ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കാനുള്ള പല പ്രായോഗിക നടപടികളും പാരീസ് കമ്മ്യൂൺ ആവിഷ്ക്കരിച്ചു. അടിസ്ഥാനപരമായ ഈ പരിഷ്ക്കാരങ്ങളെ "The Civil War in France" എന്ന തൻ്റെ പാംലറ്റിൽ മാർക്സ് പ്രശംസിക്കുകയുണ്ടായി.
ഇലക്ഷനും വിപ്ലവവും
ആഭ്യന്തര ജനാധിപത്യവും
പാരീസ് കമ്മ്യൂണിനുശേഷം യൂറോപ്പിൽ വിശേഷിച്ചും ജർമ്മനിയിലും ബ്രിട്ടനിലും തൊഴിലാളി രാഷ്ട്രീയം പ്രവർത്തിക്കുന്നത് പ്രധാനമായും പാർലമെൻ്ററി തെരഞ്ഞെടുപ്പു രംഗത്താണ്. ഈ കാലഘട്ടത്തിൽ ബഹുജനപ്പാർട്ടികളായി തൊഴിലാളി പ്രസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുകയും തങ്ങളുടെ രാഷ്ട്രീയാടിത്തറ വിപുലമാക്കുകയും ചെയ്തു. നിരവധി പ്രാദേശിക ബ്രാഞ്ചുകൾ, തെരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് പ്രതിനിധികൾ, പൂർണ്ണ സമയ പാർട്ടി ഭാരവാഹികളും നേതൃത്വവും, ട്രേഡ് യൂണിയൻ ബന്ധങ്ങൾ, പാർട്ടി പത്രവും പ്രസിദ്ധീകരണശാലയും, സഹകരണ സംഘങ്ങൾ, വിദ്യാഭ്യാസ- സാംസ്കാരിക സംഘടനകൾ എന്നിവ വഴി പാർട്ടികൾ സമൂഹത്തിൻ്റെ എല്ലാ മേഖലകളിലും ശക്തമായ സംഘടനാ സാന്നിധ്യമായി മാറി.

പാർട്ടിയിൽ രൂപംകൊണ്ട പ്രൊഫഷണൽ നേതൃത്വവും ബ്യൂറോക്രസിയും തൊഴിലാളിവർഗ്ഗ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്തപ്പോൾ ഉയർന്നു വന്ന പ്രധാന ചോദ്യം ഇതായിരുന്നു. പാർട്ടിയെന്നത് തൊഴിലാളിവർഗ്ഗത്തിൻ്റെ ഒരു ഉപകരണമാണോ? അതോ, പാർട്ടി സംവിധാനത്തിൻ്റെ ഉപകരണമാണോ തൊഴിലാളിവർഗ്ഗം? അതായത്, ഇംഗ്ലീഷ് ആഭ്യന്തരയുദ്ധം മുതലെങ്കിലും അടിസ്ഥാന വർഗ്ഗങ്ങളാൽ സമൂഹത്തിൽ വിതച്ചു വളർത്തിക്കൊണ്ടു വന്ന പ്രായോഗിക ജനാധിപത്യ പരീക്ഷണങ്ങൾക്ക് തൊഴിലാളിവർഗ്ഗ പാർലമെൻ്ററി രാഷ്ട്രീയ പ്രവേശനത്തോടെ എന്തു മാറ്റമാണ് സംഭവിച്ചത്?
സ്റ്റെഫാൻ ബെർഗറുടെ “Party Organization”എന്ന അധ്യായം (Stefan Berger, The British Labour Party and the German Social Democrats, 1900–1931), ബ്രിട്ടീഷ് ലേബർ പാർട്ടിയും ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും (SPD) തമ്മിലുള്ള സംഘടനാപരമായ സമാനതകളും വ്യത്യാസങ്ങളും താരതമ്യം ചെയ്യുന്നു. 1900–1931 കാലഘട്ടത്തിൽ രണ്ട് പാർട്ടികളും കേന്ദ്രീകൃതവും ശ്രേണീബദ്ധവും ബ്യൂറോക്രാറ്റിക് സ്വഭാവമുള്ളതുമായ ബഹുജന സംഘടനകളായി വളർന്നു. അംഗബലം കൊണ്ട് പാർട്ടി വളരുമ്പോൾ തീരുമാനമെടുക്കൽ കൂടുതലും നേതൃത്വത്തിന്റെയും പാർട്ടി ബ്യൂറോക്രസിയുടെയും കൈകളിലായി എന്ന് ബെർഗർ വിലയിരുത്തുന്നു. രണ്ട് പാർട്ടികളും ട്രേഡ് യൂണിയനുകളുമായി അടുത്ത ബന്ധം പുലർത്തി. എന്നാൽ ഈ ബന്ധം പാർട്ടിയെ തൊഴിലാളിവർഗത്തിന്റെ പ്രതിനിധിയാക്കിയപ്പോൾ തന്നെ, യൂണിയൻ നേതൃത്വത്തിന്റെ സ്വാധീനവും പാർട്ടി തീരുമാനങ്ങളിൽ വർദ്ധിപ്പിച്ചു. ബെർഗർ കാണിക്കുന്നത് ബഹുജന പാർട്ടി ഘടന ജനാധിപത്യപരമായി തുറന്നിരുന്നെങ്കിലും, പ്രായോഗികമായി അത് കേന്ദ്രീകൃത അധികാരഘടന കൈവരിച്ചു എന്നാണ്. അതായത്, അടിത്തട്ടിലെ തൊഴിലാളികളും പാർട്ടി നേതൃത്വവും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ വ്യക്തമാകുന്നു.
പാർട്ടി കേന്ദ്രക്കമ്മറ്റിയിൽ അധികാരം കേന്ദ്രീകരിക്കുന്ന ലെനിൻ്റെ സംഘടനാ ശൈലിയെ "Organisational Questions of the Russian Social Democracy" എന്ന ലേഖനത്തിൽ റോസാ ലക്സംബർഗ് വിമർശിക്കുന്നുണ്ട്.
ജനാധിപത്യപരമായ പരിഷ്ക്കരണങ്ങളിൽ ഏർപ്പെട്ടു കൊണ്ട് ക്രമേണ സോഷ്യലിസം കൈവരിക്കാൻ തൊഴിലാളി പാർട്ടിക്കു കഴിയും എന്ന ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി വാദത്തെ നിരസിച്ചു കൊണ്ട് റോസ ലക്സംബർഗ് പറയുന്നത് പാർലമെൻ്റ് അംഗങ്ങളും പാർട്ടി നേതാക്കളും മാത്രം പരിശ്രമിച്ചാൽ സോഷ്യലിസം നേടാനാവില്ല എന്നാണ് (Rosa Luxemburg, Reform or Revolution). സോഷ്യലിസം നേടാൻ ഐക്യവും രാഷ്ട്രീയബോധവുമുള്ള തൊഴിലാളിവർഗ്ഗവും അവരുടെ സമരങ്ങളും ആവശ്യമാണ്. സംഘടനപരമായ ജനാധിപത്യ സംവിധാനങ്ങളിലൂടെ തൊഴിലാളികൾ രാഷ്ട്രീയശക്തി നേടുന്നതായി റോസ കാണുന്നു. ജനാധിപത്യത്തിൻ്റെ പാർലമെൻ്ററി പ്രവർത്തനത്തിൽ മാത്രമല്ല, പാർട്ടിയിലൂടെ അതിൻ്റെ സാമൂഹികവൽക്കരണത്തിലും അവർ ഊന്നുന്നു.
ലക്സംബർഗ് കാണിച്ചത്, എസ്. ഡി. പി.യുടെ വളർച്ചയോടെ പാർട്ടിയിൽ ഒരു പ്രൊഫഷണൽ നേതൃത്വവും ഉദ്യോഗസ്ഥവിഭാഗവും ഉയർന്നുവന്നു എന്നാണ്. ഈ വിഭാഗം തൊഴിലാളികളുടെ സ്വയംപ്രവർത്തനത്തേക്കാൾ പാർട്ടി ഘടനയുടെയും തെരഞ്ഞെടുപ്പ് യന്ത്രത്തിന്റെയും സ്ഥിരതയ്ക്ക് മുൻഗണന നൽകി എന്നായിരുന്നു അവരുടെ ആരോപണം. അതേപോലെ തന്നെ പിന്നീട്,
പാർട്ടി കേന്ദ്രക്കമ്മറ്റിയിൽ അധികാരം കേന്ദ്രീകരിക്കുന്ന ലെനിൻ്റെ സംഘടനാ ശൈലിയെ "Organisational Questions of the Russian Social Democracy" (1904), എന്ന ലേഖനത്തിൽ റോസാ ലക്സംബർഗ് വിമർശിക്കുന്നുണ്ട്. "പാർട്ടിയിൽ ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ഏക ഘടകം കേന്ദ്ര കമ്മിറ്റിയായിരിക്കും; മറ്റെല്ലാ ഘടകങ്ങളും അതിന്റെ നിർവ്വഹണ അവയവങ്ങളായി പ്രവർത്തിക്കു”മെന്ന് ലെനിനെതിരെ റോസ എഴുതി.

ലക്സംബർഗിന്റെ പ്രധാന ആരോപണം, ലെനിന്റെ പാർട്ടിഘടന ജനാധിപത്യത്തെ ദുർബലമാക്കുന്നു എന്നതായിരുന്നു. അവർ വാദിച്ചത്, പാർട്ടിക്കുള്ളിൽ സ്വതന്ത്രചർച്ച, വിമർശനത്തിനുള്ള സ്വാതന്ത്ര്യം എന്നിവ നിലനിർത്തണം എന്നാണ്. ലെനിൻ ജനാധിപത്യത്തെ തികച്ചും നിരാകരിച്ചില്ലെങ്കിലും, വിപ്ലവസാഹചര്യത്തിൽ അച്ചടക്കത്തിനും കേന്ദ്രീകരണത്തിനും മുൻഗണന നൽകി. ലക്സംബർഗിന്റെ അഭിപ്രായം ഇത് പാർട്ടിയെ ഒരു ബ്യൂറോക്രാറ്റിക് യന്ത്രമാക്കി മാറ്റുമെന്നായിരുന്നു.
ലെനിന് തൊഴിലാളിവർഗത്തിന്റെ നേതൃത്വവും വഴികാട്ടിയും ആയിരുന്നു പാർട്ടി. അദ്ദേഹം കരുതിയത്, തൊഴിലാളികളെ വിപ്ലവത്തിലേക്ക് നയിക്കാൻ പ്രൊഫഷണൽ വിപ്ലവകാരികളുടെ പാർട്ടി ആവശ്യമാണ് എന്നാണ്. ലക്സംബർഗിന് പാർട്ടി തൊഴിലാളികളുടെ സഹായിയും സംഘടനാ ഉപകരണവും മാത്രമായിരുന്നു. പാർട്ടി തൊഴിലാളികളെ നയിക്കരുത്; അവരുടെ സ്വയംപ്രവർത്തനത്തെ പിന്തുണയ്ക്കണം എന്നു അവർ കരുതി.
ലെനിന് തൊഴിലാളിവർഗത്തിന്റെ നേതൃത്വവും വഴികാട്ടിയും ആയിരുന്നു പാർട്ടി. അദ്ദേഹം കരുതിയത്, തൊഴിലാളികളെ വിപ്ലവത്തിലേക്ക് നയിക്കാൻ പ്രൊഫഷണൽ വിപ്ലവകാരികളുടെ പാർട്ടി ആവശ്യമാണ് എന്നാണ്.
ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയെ അടിസ്ഥാനമാക്കി 1911 ൽ നടത്തിയ പഠനത്തിൽ (Political Parties: A Sociological Study of the Oligarchical Tendencies of Modern Democracy) റോബർട്ട് മൈക്കിൾസ് പറയുന്നത് സംഘടന എത്ര ജനാധിപത്യപരമായ തത്ത്വങ്ങളാൽ കെട്ടിപ്പടുത്താലും, അത് വലുതാകുമ്പോൾ, അതിൻ്റെ നേതൃത്വത്തിൽ അധികാര ദുഷ്പ്രഭുത്വം ഉയർന്നു വരുന്നതിനുള്ള സാധ്യതകൾ ഏറുന്നു എന്നാണ്. പാർട്ടിയിൽ നേതാക്കൾ പൂർണ്ണസമയ പ്രവർത്തകരായി മാറുന്നു; അംഗങ്ങൾ ഈ പ്രൊഫഷണൽ നേതൃത്വത്തിനു വിധേയരായി തീരുന്നു; അംഗങ്ങൾക്ക് നേതൃത്വത്തിനു മേൽ അധികാരം നഷ്ടപ്പെടുന്നു. റോബർട്ട് കാണിക്കുന്നത്, വലിയ സംഘടനകളിൽ അംഗങ്ങൾക്ക് നേരിട്ട് തീരുമാനമെടുക്കാൻ കഴിയില്ല; അതിനാൽ പ്രതിനിധികളും പാർട്ടിനേതാക്കളും ശക്തരാകുന്നു. ഇത് ക്രമേണ ഒരു ചെറിയ നേതൃത്വ വിഭാഗം അധികാരം കൈയടക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു എന്നാണ്.
സംഘടനയുടെ വലുപ്പം അതിൻ്റെ അകത്ത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നതിലേക്കു നയിക്കുന്നു എന്നതിനപ്പുറം, സംഘടനയുടെ ലക്ഷ്യം അധികാരം മാത്രമാകുമ്പോൾ പാർട്ടിയിലും അതുവഴി സമൂഹത്തിലും ജനാധിപത്യാശീലങ്ങൾ പ്രതിസന്ധിയിലാകുന്നുണ്ടോ എന്നും അന്വേഷിക്കാവുന്നതാണ്. അധികാരത്തെ പ്രഥമസ്ഥാനത്തു പ്രതിഷ്ഠിച്ചു കൊണ്ടുള്ള പാർട്ടി സംവിധാനം പാർലമെൻ്ററി തെരഞ്ഞെടുപ്പിലായാലും വിപ്ലവ പ്രവർത്തനത്തിലായാലും സംഘടനാപരമായ കേന്ദ്രീകരണം അടിയന്തര ആവശ്യമാക്കുന്നുണ്ട്. ഇലക്ഷൻ എന്നത് വോട്ടുകൾ സമാഹരിക്കുന്ന ഒരു തരം യുദ്ധവും അതിൻ്റെ തന്ത്രങ്ങളും കൂടി ഉൾപ്പെട്ടതാണ്. അതിൽ പ്രത്യക്ഷവും പരോക്ഷവുമായ പലതരം ഹിംസകൾക്കു ധാരാളം സാധ്യതയുണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ പ്രവേശിക്കുന്ന പാർട്ടികൾ യുദ്ധസമാനമായ നേതൃശക്തിക്കും അതിൻ്റെ ശിക്ഷണത്തിനും അച്ചടക്കത്തിനും പലപ്പോഴും വിധേയരാകുന്നു.
ചുരുക്കത്തിൽ, ഇലക്ഷനിലും വിപ്ലവത്തിലും അധികാര കേന്ദ്രീകരണവും അച്ചടക്കവും ജനാധിപത്യമൂല്യങ്ങളെ മറികടന്നു പ്രധാനമായി തീരുന്നു. അതുവഴി പ്രൊഫഷണൽ പാർട്ടിനേതൃത്വം സംഘടനാപരമായ സവിശേഷ വൈദഗ്ദ്ധ്യമുള്ള പ്രത്യേക വർഗ്ഗമായി ഉയരുന്നു.

കുലീനവർഗ്ഗ പാർട്ടികൾ അവയുടെ ഉല്പത്തി മുതൽ തന്നെ സംഘടനാപരമായി പലപ്പോഴും ജനാധിപത്യവിരുദ്ധത പുലർത്തുന്നത് അവയുടെ ജന്മോദ്ദേശ്യം പ്രധാനമായും അധികാര സ്ഥാപനം ആയതിനാലാകാം. എന്നാൽ ജനാധിപത്യത്തിൻ്റെ രാഷ്ട്രീയ-സാമൂഹികവൽക്കരണ പ്രക്രിയകൾ ഒരേസമയം ആധുനിക ലോകത്ത് ഏറിയകൂറും സംഭവിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങൾ സംഘടനകൾ രൂപീകരിച്ചു പ്രവർത്തിക്കുന്നതിലൂടെയാണ്. സ്വയം ജനാധിപത്യവൽക്കരിക്കുകയും ഭരണകൂടത്തെ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുക എന്ന ഇരട്ടദൗത്യം അടിസ്ഥാന സമൂഹം ഏറ്റെടുത്തതായി കാണാം. എന്നാൽ രാഷ്ട്രീയത്തിലെ ജനാധിപത്യവൽക്കരണ പ്രക്രിയയിലെ ഒരു ഘട്ടം സാർവ്വത്രിക വോട്ടവകാശത്തിലൂടെ അടിസ്ഥാന ജനത നേടിയെടുത്തപ്പോൾ, പാർലമെൻ്ററി തെരഞ്ഞെടുപ്പുകൾ സാമൂഹികമായ ജനാധിപത്യവൽക്കരണത്തെ മന്ദീഭവിപ്പിക്കുന്നതായി മാറിയിട്ടുണ്ട്.
അടിസ്ഥാന ജനവിഭാഗങ്ങളെ സംബന്ധിച്ച് ജനാധിപത്യം എന്നത് വോട്ടെടുപ്പിലും പാർലമെൻ്റ് സീറ്റുകളുടെ എണ്ണത്തിലും മാത്രമായി ഒതുങ്ങുന്നതല്ല. അത് ഒരു ജീവിതരീതി കൂടിയാണ്. കാരണം സാമൂഹികമായ ജനാധിപത്യത്തിലൂടെ മാത്രമേ അവർക്ക് നീതിയും സമാധാനവും സാക്ഷാത്കരിക്കാൻ കഴിയൂ. ജനാധിപത്യത്തെ ഒരു ജീവിതരീതി കൂടിയായി തിരിച്ചറിയുക എന്നതാണ് പ്രധാനം. എന്നാൽ, 20-ാം നൂറ്റാണ്ടായപ്പോൾ അടിസ്ഥാന സമൂഹങ്ങൾ രണ്ടുവിധ രാഷ്ട്രീയപ്രതിസന്ധികളെ അവരുടെ ജനാധിപത്യ നിർമ്മാണ പ്രക്രിയയുടെ പ്രതിസന്ധിയായി അഭിമുഖീകരിച്ചു. അതിലൊന്ന് അധികാരം പാർലമെൻ്റിലൂടെ എന്നതാണെങ്കിൽ, രണ്ടാമത്തേത് അധികാരം നേരിട്ടു വിപ്ലവപ്രവർത്തനങ്ങളിലൂടെ എന്നതാണ്.
യഥാർത്ഥത്തിൽ അടിസ്ഥാന വർഗ്ഗങ്ങൾ ലക്ഷ്യമാക്കുന്നത് അധികാരത്തെ തനിച്ചല്ല, അതിനൊപ്പം ജനാധിപത്യത്തെയുമാണ്. പാർലമെൻ്റു തെരഞ്ഞെടുപ്പും സായുധവിപ്ലവങ്ങളും ചേർന്നു പ്രതിസന്ധിയിലാക്കിയ യൂറോപ്യൻ അടിസ്ഥാന ജനതയെയും അവരുടെ ജനാധിപത്യ പ്രക്രിയയെയും വീണ്ടും ഉയിർത്തെഴുന്നേൽപ്പിച്ചത് 20-ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ സമരങ്ങളാണ്. സാമ്രാജ്യത്വ വിരുദ്ധദേശീയ സമരങ്ങളുടെ സന്തതികളായ ഇന്ത്യയിലെ പാർട്ടികൾക്ക് ജനാധിപത്യത്തെ എത്രത്തോളം സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു എന്നതാണ് അടുത്ത ചോദ്യം.
(തുടരും).
