ഡെമോക്രാറ്റിക് റിപ്പബ്ലിക്: അടിസ്ഥാനവർഗ്ഗങ്ങളുടെ
രാഷ്ട്രീയ പ്രവേശന വിളംബരം

ഭരണപ്പാർട്ടിയുടെ ഭരണകൂട അധിനിവേശങ്ങൾ: അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പര തുടരുന്നു.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം നാല്;
അധ്യായം രണ്ട്

▮

ചരിത്രപരമായി രാഷ്ട്രീയത്തിൽനിന്നും പൗരത്വത്തിൽനിന്നും അകറ്റിനിർത്തപ്പെട്ടവർ വോട്ടവകാശം നേടിക്കൊണ്ട് റിപ്പബ്ലിക്കൻ പാർലമെൻ്ററി വ്യവസ്ഥയിലേക്കു പ്രവേശിക്കുന്ന കാലമാണ് 19 -ാം നൂറ്റാണ്ടിൻ്റെ ഒന്നാം പാദം മുതൽ 20-ാം നൂറ്റാണ്ടിൻ്റെ ആദ്യപകുതി വരെയുള്ള ഒന്നര നൂറ്റാണ്ട്. ആധുനിക റിപ്പബ്ലിക്കൻ ഭരണവ്യവസ്ഥയെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയി അടിസ്ഥാന വർഗ്ഗങ്ങൾ പരിവർത്തനപ്പെടുത്തിയ കാലഘട്ടമാണിത്.

ആധുനിക റിപ്പബ്ലിക്കൻ ഭരണകൂടങ്ങൾ ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളായി മാറുക എന്ന പ്രകിയയിൽ മൂന്നു ഘടകങ്ങൾ ഉൾപ്പെടുന്നു.

ഒന്നാമത്തേത്; വോട്ടവകാശത്തിൻ്റെ വിപുലീകരണം. രണ്ടാമത്തേത്; അടിസ്ഥാന ജനവിഭാഗങ്ങൾ അവരുടെ സംഘടനകൾ രൂപീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയാധികാര പ്രവേശനം.
മൂന്നാമത്തേത്; രാഷ്ട്രീയപ്പാർട്ടികൾ ബഹുജന സംഘടനകളായി മാറുന്നത്.

ഈ മൂന്നു ജനാധിപത്യപ്രക്രിയകളും പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും, അവ ഒരേ സമയത്തോ ഒരേ വേഗത്തിലോ നടന്നില്ല. ഉദാഹരണത്തിന്, അമേരിക്കയിൽ വെള്ളക്കാരായ പുരുഷന്മാർ വോട്ടവകാശം നേരത്തേ നേടിയെടുത്തെങ്കിലും, സ്ത്രീകളും അടിമകളും സ്വതന്ത്രരായ കറുത്തവർഗ്ഗക്കാരും രാഷ്ട്രീയാവകാശങ്ങളിൽ നിന്ന് ദീർഘകാലം പുറത്തുനിർത്തപ്പെട്ടു.

ജനങ്ങളിൽ അഞ്ചോ ആറോ ശതമാനത്തിനു മാത്രം രാഷ്ട്രീയപങ്കാളിത്തമുള്ള റിപ്പബ്ലിക്കൻ ഭരണക്രമത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്ക് അടിസ്ഥാന വിഭാഗങ്ങൾ പരിവർത്തനപ്പെടുത്തിയപ്പോൾ, ഇത് രാഷ്ട്രീയപ്പാർട്ടികളിൽ എന്തെന്തു മാറ്റങ്ങൾ വരുത്തിയെന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

ആർട്ടിസാൻ റിപ്പബ്ലിക്കനിസം

റിപ്പബ്ലിക്കൻ ഭരണത്തെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കു വികസിപ്പിക്കുന്ന പ്രക്രിയയുടെ ആദ്യഘട്ടം 19-ാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അമേരിക്കയിൽ നടക്കുന്നുണ്ട്. അവിടെ മെക്കാനിക്കുകൾ, ചെരുപ്പുകുത്തികൾ, തയ്യൽക്കാർ, ഇരുമ്പുപണിക്കാർ, മരപ്പണിക്കാർ തുടങ്ങിയ ആർട്ടിസാൻ വിഭാഗങ്ങൾ എല്ലാവർക്കും വോട്ടവകാശം കിട്ടിയാലേ അമേരിക്കൻ വിപ്ലവത്തിൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടൂ എന്ന് വിപ്ലവാനന്തര കാലം തൊട്ടേ പറയുകയുണ്ടായി. മാത്രമല്ല ഈ അടിസ്ഥാന ജനവിഭാഗങ്ങൾ സംഘടിക്കുകയും വോട്ടവകാശ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു അവിടെ.

യഥാർത്ഥത്തിൽ, അമേരിക്കൻ വിപ്ലവം പരിശോധിച്ചാൽ അവിടുത്തെ റിപ്പബ്ലിക്കൻ ആശയത്തിൽ തന്നെ പരസ്പര വിരുദ്ധമായ രണ്ടു ധാരകൾ നമുക്കു കണ്ടെത്താൻ കഴിയും. ഈ വൈരുദ്ധ്യത്തിൻ്റെ ഒരുവശം സ്വത്തുടമസ്ഥതയെ അടിസ്ഥാനമാക്കി രാഷ്ട്രീയ പങ്കാളിത്തത്തെയും പൗരത്വത്തെയും നിർണ്ണയിക്കുന്ന പരമ്പരാഗത കുലീനവർഗ്ഗ റിപ്പബ്ലിക്കൻ ചിന്തയാണ്. ഒരാൾ രാഷ്ട്രീയമായി സ്വതന്ത്രനാകുന്നത് അയാൾ സാമ്പത്തികമായി സ്വാശ്രിതനാകുമ്പോൾ മാത്രമാണ്; അതിനാൽ രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാൻ ഒരാൾക്ക് അർഹത നൽകുന്ന പൗരത്വാവകാശം ഭൂസ്വത്തുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തണം എന്നത് കുലീന റിപ്പബ്ലിക്കൻ ചിന്തയുടെ അടിസ്ഥാന പ്രമാണമാണ്.

പ്രാചീന റോമിലും മധ്യകാല ഇറ്റാലിയൻ റിപ്പബ്ലിക്കുകളിലും സ്ത്രീകൾ, അടിമകൾ, കൈവേലക്കാർ, കൂലിപ്പണിക്കാർ എന്നിങ്ങനെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന സമൂഹങ്ങളെ രാഷ്ട്രീയത്തിൽനിന്ന് പുറത്തുനിർത്തിയത്, അവർ സാമ്പത്തികമായി സ്വാശ്രിതരല്ലാത്തതിനാൽ അവർക്ക് സ്വതന്ത്രമായ രാഷ്ട്രീയപ്രകടനം അസാധ്യമാണ് എന്ന യുക്തിയിലാണ്.

അമേരിക്കൻ വിപ്ലവം പരിശോധിച്ചാൽ അവിടുത്തെ റിപ്പബ്ലിക്കൻ ആശയത്തിൽ തന്നെ പരസ്പര വിരുദ്ധമായ രണ്ടു ധാരകൾ കണ്ടെത്താൻ കഴിയും.
അമേരിക്കൻ വിപ്ലവം പരിശോധിച്ചാൽ അവിടുത്തെ റിപ്പബ്ലിക്കൻ ആശയത്തിൽ തന്നെ പരസ്പര വിരുദ്ധമായ രണ്ടു ധാരകൾ കണ്ടെത്താൻ കഴിയും.

ഇംഗ്ലീഷ് ആഭ്യന്തര യുദ്ധത്തോടൊപ്പം റിപ്പബ്ലിക്കൻ ആശയങ്ങൾ ഇംഗ്ലണ്ടിൽ സജീവമായതും, അതിൻ്റെ ഭാഗമായി റിപ്പബ്ലിക്കൻ ഭരണത്തെ പറ്റി ജെയിംസ് ഹാരിംഗ്‌ടൺ നടത്തിയ ആലോചനകളും നമ്മൾ ചർച്ച ചെയ്തത് ഈയവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും. റിപ്പബ്ലിക്കൻ ഭരണം ഫലവത്താകണമെങ്കിൽ ഇംഗ്ലണ്ടിൽ കാർഷിക ഭൂപരിഷ്ക്കരണം കൊണ്ടുവരണമെന്നതായിരുന്നു ഹാരിംഗ്ടൺ മുന്നോട്ടുവെച്ച ഉപാധി. ജനങ്ങളിൽ ബഹുഭൂരിപക്ഷത്തെ, അവർക്ക് ഭൂസ്വത്തില്ലാത്തതിനാൽ രാഷ്ട്രീയാവകാശങ്ങളിൽ നിന്ന് പുറത്താക്കിയാൽ, അത് റിപ്പബ്ലിക്കൻ ഭരണത്തെ അസ്ഥിരപ്പെടുത്തുമെന്ന് ഹാരിംഗ്ടൺ കണ്ടു. അതിനാൽ ഭൂപരിഷ്കരണം വഴി ഭൂപരിധി നിശ്ചയിച്ച്, എല്ലാവർക്കും ഭൂമി ലഭ്യമാക്കി, അവരെ സ്വത്തുടമകളാക്കി, റിപ്പബ്ലിക്കിലെ പൗരസമൂഹമാക്കണമെന്നു അദ്ദേഹം പറഞ്ഞു.

അമേരിക്കൻ റിപ്പബ്ലിക് സ്ഥാപിതമായപ്പോൾ, അവിടെയും ഭൂസ്വത്തിനെ ആസ്പദമാക്കി രാഷ്ട്രീയാംഗത്വം നിശ്ചയിക്കുന്ന കുലീന റിപ്പബ്ലിക്കൻ സമ്പ്രദായം നിലവിൽവരുകയും, അത് ജനങ്ങളിൽ ഭൂരിഭാഗത്തെയും വോട്ടവകാശത്തിൽ നിന്ന് പുറത്തുനിർത്തുകയും ചെയ്തു. റിപ്പബ്ലിക്കിൻ്റെ ആദ്യനാളുകളിൽ അമേരിക്കയിലെ മിക്ക സ്റ്റേറ്റുകളിലും വെളുത്തവർഗ്ഗങ്ങളിൽ, പ്രൊട്ടസ്റ്റൻ്റ് വിഭാഗത്തിൽ, ഭൂസ്വത്തുള്ള പുരുഷന്മാർക്കാണ് വോട്ടവകാശം കിട്ടിയത്. ഇത് അന്നത്തെ മൊത്തം ജനസംഖ്യയുടെ ഏറ്റവും ചെറിയ ശതമാനത്തോളമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, വിപ്ലവകാല നേതാക്കളിൽ ഏറെപ്പേരും സാധാരണ ജനങ്ങൾക്ക് നേരിട്ട് രാഷ്ട്രീയ പങ്കാളിത്തം നൽകുന്ന ഡെമോക്രസിയെ ഒട്ടും അനുകൂലിച്ചവരല്ല. തങ്ങളുടെ സ്വകാര്യസ്വത്തിനെ ബ്രിട്ടീഷ് സ്വേച്ഛാധിപത്യത്തിൽ നിന്നും മോചിപ്പിച്ചു, അതിൽ തങ്ങൾക്കുള്ള സർവ്വസ്വാതന്ത്ര്യം സ്ഥാപിക്കുക എന്നതായിരുന്നു പാർലമെൻ്ററി റിപ്പബ്ലിക്കൻ ഭരണം കൊണ്ട് അവർ മുഖ്യമായും അർത്ഥമാക്കിയത്.

എന്നാൽ, കുലീന റിപ്പബ്ലിക്കൻ ചിന്താഗതിക്കെതിരെ ശക്തമായ എതിർപ്പുമായി അവിടെ കൈവേലക്കാരും പാട്ടകൃഷിക്കാരും മറ്റും രംഗത്തെത്തി. കാരണം, അമേരിക്കൻ വിപ്ലവത്തിൽ ഇവരുടെ പങ്കാളിത്തം സജീവമായതിനാൽ പുതിയ റിപ്പബ്ലിക്കിലും തങ്ങളുടെ രാഷ്ട്രീയാവകാശങ്ങൾ അവർ ഉന്നയിച്ചു. മാത്രമല്ല ആർട്ടിസാൻസ് സമൂഹത്തിൻ്റെ മുൻകൈയിൽ അവിടെ ഭൂപരിഷ്കരണം ആവശ്യപ്പെടുകയും ചെയ്തു.

കുലീനർ തങ്ങളെ പ്രതിനിധീകരിക്കുന്നതിൽ ആർട്ടിസാൻ വിഭാഗങ്ങൾ തൃപ്തരായിരുന്നില്ല. അവർ രാഷ്ട്രീയത്തിൽ സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കണമെന്ന പക്ഷക്കാരായിരുന്നു.

ആധുനിക ഫാക്ടറിതൊഴിലാളിവർഗ്ഗത്തിൽ നിന്ന് വിഭിന്നമായി ആർട്ടിസാൻവർഗ്ഗം ഉല്പാദനോപാധികളുടെ മേൽ ഭാഗികമായെങ്കിലും ഉടമസ്ഥതയുള്ളവരാണ്; പണിയായുധങ്ങൾ അവർക്ക് സ്വന്തമായുണ്ട്. അവർ പലരും സ്വയം ഒരു ഉല്പാദകവർഗ്ഗമാണ്. അതായിരിക്കണം ഉല്ലാദനോപാധികളിൽ ഒന്നായി കണക്കാക്കുന്ന ഭൂമിയ്ക്കുമേൽ ഉടമസ്ഥത അവർ ആവശ്യപ്പെട്ടത്. ചെറുകിട ഉല്പാദകരെന്ന നിലയിൽ ആർട്ടിസാൻ വിഭാഗം അനുഭവിക്കുന്ന സ്വാതന്ത്ര്യം അവരെ വോട്ടവകാശ പ്രക്ഷോഭത്തിനും ഭൂപരിഷ്കരണ ആവശ്യങ്ങൾക്കും കെല്പുള്ളവരാക്കിയെന്നു കരുതാം.

അമേരിക്കൻ വിപ്ലവകാലത്ത് കൈത്തൊഴിലുകാരായ മെക്കാനിക്കുകൾ രാഷ്ട്രീയ സമരത്തിൽ സജീവമായി നിന്നു. 1776- ൽ പെൻസിൽവേനിയ ഭരണഘടന തയ്യാറാക്കുന്നതിൽ ഇവർ പങ്കാളികളായി. ഭൂസ്വത്തിനേക്കാൾ നികുതിയെ അടിസ്ഥാനമാക്കി വോട്ടവകാശം കൊണ്ടുവരുന്നതിൽ അവർ വിജയിച്ചു. കുലീനർ തങ്ങളെ പ്രതിനിധീകരിക്കുന്നതിൽ ആർട്ടിസാൻ വിഭാഗങ്ങൾ തൃപ്തരായിരുന്നില്ല. അവർ രാഷ്ട്രീയത്തിൽ സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കണമെന്ന പക്ഷക്കാരായിരുന്നു. പെൻസിൽവാനിയയിൽ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും ആർട്ടിസാൻ ജനങ്ങൾ ഇതേ രാഷ്ട്രീയാവശ്യം ഉന്നയിക്കുകയുണ്ടായി.

കേവലം വോട്ടവകാശം മാത്രം കിട്ടിയതുകൊണ്ട് രാഷ്ട്രീയ സ്വാതന്ത്ര്യം പൂർത്തിയാക്കപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്തയുടെ കാതൽ.
കേവലം വോട്ടവകാശം മാത്രം കിട്ടിയതുകൊണ്ട് രാഷ്ട്രീയ സ്വാതന്ത്ര്യം പൂർത്തിയാക്കപ്പെടുന്നില്ല എന്ന തിരിച്ചറിവാണ് ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്തയുടെ കാതൽ.

അമേരിക്കൻ വിപ്ലവത്തിലെ റിപ്പബ്ലിക്കൻ ആശയങ്ങളിലെ വൈരുദ്ധ്യത്തിൻ്റെ ഒരുവശം കുലീന റിപ്പബ്ലിക്കനിസമാണെങ്കിൽ, അതിൻ്റെ വിപരീതത്തിൽ ആർട്ടിസാൻ റിപ്പബ്ലിക്കനിസം കൂടി കാണാം. സാമ്പത്തികമായി വലിയ അന്തരം നിലനിൽക്കുന്ന സമൂഹത്തിൽ കേവലം വോട്ടവകാശം മാത്രം കിട്ടിയതുകൊണ്ട് രാഷ്ട്രീയ സ്വാതന്ത്ര്യം പൂർത്തിയാക്കപെടുന്നില്ല എന്ന തിരിച്ചറിവാണ് ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്തയുടെ കാതൽ. അതിനാൽ സാധാരണക്കാർക്ക് രാഷ്ട്രീയ സ്വതന്ത്ര്യം കിട്ടണമെങ്കിൽ അവർക്ക് ഭൂസ്വത്തിൽ കൂടി അവകാശമുണ്ടായിരിക്കണം. ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്ത ഭൂസ്വത്തിലുള്ള അവകാശത്തെയും വോട്ടവകാശത്തെയും പരസ്പരം സമന്വയിപ്പിച്ചു. കുലീന റിപ്പബ്ലിക്കിനെ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കു പരിവർത്തിപ്പിക്കുന്നതിൻ്റെ ആശയ പരവും പ്രായോഗികവുമായ സമരരൂപമായി ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്തയെ മനസ്സിലാക്കാം.

ഭൂപരിഷ്കരണത്തെ രാഷ്ട്രീയസ്വാതന്ത്ര്യത്തിൻ്റെ മൗലിക സാമൂഹികഘടകമായി അവതരിപ്പിച്ച ആർട്ടിസാൻ റിപ്പബ്ലിക്കൻ ആശയങ്ങളുമായി 19 -ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ അമേരിക്കയിലെ വിവിധ തൊഴിലാളി കൂട്ടായ്മകൾ ഐക്യപ്പെടുന്നതാണ് അമേരിക്കൻ കുലീന റിപ്പബ്ലിക്കിനെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയി വികസിപ്പിക്കുന്നതിലെ അടുത്തഘട്ടം. ഇക്കാലത്ത് ന്യൂയോർക്ക്, മാസച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങളിൽ, വോട്ടവകാശത്തിന് ഭൂസ്വത്തു വേണമെന്ന നിബന്ധന മാറ്റുകയും വെളുത്തവരിൽ കൈവേലക്കാർക്കും തൊഴിലാളികൾക്കും അവിടെ വോട്ടവകാശം ലഭ്യമാകുകയും ചെയ്തു.

ആർട്ടിസാൻ- തൊഴിലാളി പാർട്ടി

ന്യൂയോർക്കിൽ, I829- ൽ, വിവിധ മേഖകളിലെ കൈവേലക്കാരും തൊഴിലാളികളും ചേർന്ന് തോമസ് ഇ. സ്കിഡ്മോർ (Thomas E. Skidmore, 1790–1832) എന്ന മെഷിനിസ്റ്റിൻ്റെ നേതൃത്വത്തിൽ "വർക്കിംഗ് മെൻസ് പാർട്ടി " രൂപീകരിച്ചു തെരഞ്ഞെടുപ്പിൽ മത്സരിച്ചത് പാർലമെൻ്ററി പാർട്ടികളുടെ ചരിത്രഗതിയെ സാരമായി സ്വാധിച്ചിട്ടുണ്ട്. തോമസ് ഇ. സ്കിഡ്മോറിൻ്റെ പുസ്തകം (The Rights of Man to Property) കുലീന റിപ്പബ്ലിക്കൻ ആശയങ്ങൾക്കെതിരെ ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന മൗലിക കൃതിയാണ്. യഥാർത്ഥ ജനാധിപത്യം സാധിതമാകാൻ തുല്യമായ രാഷ്ട്രീയാവകാശങ്ങൾ മാത്രം മതിയാകില്ല; ഭൂമിയുടെ നീതിപൂർവ്വകമായ വിതരണം കൂടി ആവശ്യമാണെന്നു സ്‌കിഡ്മോർ എഴുതി. അസന്തുലിതമായ സാമ്പത്തിക സാഹചര്യങ്ങളിൽ കൈവരുന്ന വോട്ടവകാശം റിപ്പബ്ലിക്കിലെ കുലീനവാഴ്ചയെ അവസാനിപ്പിക്കില്ലെന്നു അദ്ദേഹം തിരിച്ചറിഞ്ഞു (Sean F. Monahan, “The American Workingmen's Parties, Universal Suffrage, and Marx's Democratic Communism”).

തോമസ് ഇ. സ്കിഡ്മോറിൻ്റെ പുസ്തകം (The Rights of Man to Property) കുലീന റിപ്പബ്ലിക്കൻ ആശയങ്ങൾക്കെതിരെ ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന മൗലിക കൃതിയാണ്.
തോമസ് ഇ. സ്കിഡ്മോറിൻ്റെ പുസ്തകം (The Rights of Man to Property) കുലീന റിപ്പബ്ലിക്കൻ ആശയങ്ങൾക്കെതിരെ ആർട്ടിസാൻ റിപ്പബ്ലിക്കൻ ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന മൗലിക കൃതിയാണ്.

തൊഴിലാളികളുടെ ജോലിസമയം പത്തുമണിക്കൂറാക്കി കുറയ്ക്കുക, പൊതുവിദ്യാഭ്യാസം ഏർപ്പാടാക്കുക എന്നീ വിപ്ലവകരമായ നിർദ്ദേശങ്ങൾ സ്‌കിഡ്മോർ അന്നു മുന്നോട്ടുവെച്ചു. സ്കിഡ്മോറിന്റെ പദ്ധതി ഭൂമിയുടെ സാധാരണ പരിഷ്കരണം മാത്രമായിരുന്നില്ല. സ്വത്തിന്റെ കൈമാറ്റവും അനന്തരാവകാശവും പുനഃക്രമീകരിക്കുന്ന വിപുലമായ സാമൂഹിക പദ്ധതിയായിരുന്നു.

1828 കാലമായപ്പോൾ തന്നെ അമേരിക്കയിൽ മിക്കവാറും സംസ്ഥാനങ്ങളിലും വെളുത്തവരിൽ പുരുഷന്മാർക്ക് വോട്ടവകാശം പ്രാപ്യമായിരുന്നു. ആർട്ടിസാൻ- തൊഴിലാളികൾ നടത്തിയ ദീർഘകാല സമരത്തിൻ്റെ പരിണതഫലമായിരുന്നു ഈ മാറ്റം. 1828 ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് വർക്കിംഗ് മെൻസ് പാർട്ടി വാർഡ് തലത്തിലും ജില്ലാതലത്തിലും പാർട്ടി ക്ലബ്ബുകൾ സ്ഥാപിച്ചു. സംഘടിതമായ പ്രവർത്തന രീതികൾ കൊണ്ടുവന്നു. മറ്റു പാർട്ടികളേക്കാൾ മുന്നേ സമ്മേളനങ്ങളും മറ്റും വിളിച്ചു ചേർത്ത് സ്ഥാനാർത്ഥികളെ തീരുമാനിച്ചു. അടുത്ത ഇലക്ഷനിൽ കാര്യമായ വിജയം നേടുകയും ചെയ്തു. (Patrick Grubbs, Working Men’s Party). ബഹുജനപ്പാർട്ടികളുടെ സംഘടനാപ്രവർത്തനത്തിൻ്റെ ചില ആദ്യകാല മാതൃകകൾ ഇവരിൽ കാണാം.

ശ്രദ്ധിക്കേണ്ടതെന്തെന്നാൽ, വോട്ടവകാശത്തിലേക്ക് വെളുത്തവരായ തൊഴിലാളികൾ പ്രവേശനം നേടിയെടുക്കുകയും, അവർ സ്വന്തമായി പാർട്ടി രൂപീകരിച്ച് മരപ്പണിക്കാരെയും ഇരുമ്പു പണിക്കാരെയും തയ്യൽ വേലക്കാരെയും മെഷിനിസ്റ്റുകളെയും മെക്കാനിക്കുകളെയും ഇലക്ഷനിൽ മത്സരിപ്പിക്കുകയും തങ്ങളുടെ വോട്ടുകൾ സമാഹരിക്കുകയും, അതൊടൊപ്പം ഭൂപരിഷ്‌ക്കരണത്തിലൂടെ സാമ്പത്തികനീതി ആവശ്യപ്പെടുകയും ചെയ്ത അതേ സന്ദർഭത്തിൽ തന്നെയാണ്, അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി (Jeffersonian Republican Party/Democratic-Republican Party) പിളർന്ന് ഡെമോക്രാറ്റിക് പാർട്ടി രൂപീകൃതമാകുന്നത്.

തുടർന്ന്, 1830- കളിൽ വർക്കിംഗ് മെൻസ് പാർട്ടി പലവിധ കാരണങ്ങളാൽ നിഷ്‌പ്രഭമായി തീരുന്നുണ്ട്. അതിൽ ഒരു കാരണം, പാട്രിക് ഗ്രബ്സ് (Patrick Grubbs) പറയുന്നതിങ്ങനെയാണ്: തൊഴിലാളി താല്പര്യങ്ങളുടെ സംരക്ഷകർ തങ്ങളാണെന്നു ഡെമോക്രാറ്റുകൾ അവകാശപ്പെട്ടത് വർക്കിംഗ് മെൻസ് പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കുകയും, അത് ക്ഷയിക്കാൻ ഇടവരുത്തുകയും ചെയ്തു.

യൂറോപ്പിൽ ഉയർന്നു വന്ന സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളും അവരുടെ പാർട്ടികളും ഭൂമിയുടെ നീതിപൂർവ്വകമായ വിതരണത്തെയല്ല പകരം, ഭൂമിയാകെ തന്നെ സ്റ്റേറ്റിൻ്റെ അധീനതയിലാക്കുന്നതിനാണ് മുൻഗണന നൽകിയത്.

ഡെമോക്രാറ്റിക് പാർട്ടി സ്ഥാപക നേതാവായ ആൻഡ്രൂ ജാക്സൺ (Andrew Jackson) അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്ത് (1829-1837) പ്രധാനമായും തൊഴിലാളികളുടെയും സാധാരണക്കാരുടെയും വോട്ടുകൾ സമാഹരിച്ചു കൊണ്ട് എത്തിച്ചേർന്നു. അടിസ്ഥാന ജനവിഭാഗങ്ങൾ വോട്ടവകാശം നേടിയെടുക്കുന്ന ഘട്ടത്തിൽ കുലീന റിപ്പബ്ലിക്കൻ ആശയങ്ങളിൽ പിളർപ്പ് സംഭവിക്കുകയും, അത് രണ്ടായി പിരിയുകയും, സാധാരണക്കാരുടെ പ്രാതിനിധ്യം അവകാശപ്പെട്ടുകൊണ്ട് അവരിലൊരു വിഭാഗം തന്നെ ഡെമോക്രസിയുടെ വക്താക്കളായി രംഗത്തുവരുകയും ചെയ്തുവെന്നർത്ഥം. അതോടെ മൂന്നുതരം രാഷ്ട്രീയമാറ്റങ്ങൾ അവിടെ സംഭവിക്കുന്നുണ്ട്.
ഒന്നാമത്തേത്; സാധാരണക്കാരുടെ പ്രാതിനിധ്യം ഡെമോക്രാറ്റിക് പാർട്ടി സ്വയം ഏറ്റെടുക്കുയും അവരുടെ സാന്നിധ്യം നിർണ്ണായകമായി തീരുകയും ചെയ്തു അമേരിക്കയിൽ എന്നതത്രേ.

അമേരിക്കൻ പ്രസിഡന്റായിരുന്ന ആൻഡ്രൂ ജാക്സൺ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാപക നേതാവായ ആൻഡ്രൂ ജാക്സൺ  അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്ത്  പ്രധാനമായും തൊഴിലാളികളുടെയും സാധാരണക്കാരുടെയും വോട്ടുകൾ സമാഹരിച്ചു കൊണ്ട് എത്തിച്ചേർന്നു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ആൻഡ്രൂ ജാക്സൺ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാപക നേതാവായ ആൻഡ്രൂ ജാക്സൺ അമേരിക്കയുടെ പ്രസിഡൻ്റ് സ്ഥാനത്ത് പ്രധാനമായും തൊഴിലാളികളുടെയും സാധാരണക്കാരുടെയും വോട്ടുകൾ സമാഹരിച്ചു കൊണ്ട് എത്തിച്ചേർന്നു.

രണ്ടാമതായി സംഭവിച്ച മാറ്റം; ആർട്ടിസാൻ-തൊഴിലാളിവർഗ്ഗ ബഹുജനപ്പാർട്ടികൾക്ക് പിന്നീട് സ്വതന്ത്രമായി മുന്നേറുന്നതിനും തങ്ങളുടെ സ്വന്തം രാഷ്ട്രീയ പ്രാതിനിധ്യം ഭരണസഭകളിൽ എത്തിക്കുന്നതിനും ഡെമോക്രാറ്റിക് പാർട്ടിയുടെ സാന്നിധ്യം തടസ്സമായി തീർന്നതാണ്. അടിസ്ഥാനവർഗ്ഗങ്ങൾ പലരും ഡെമോക്രറ്റുകളുമായി താദാത്മ്യത്തിലായി അവരുടെ സ്വതന്ത്ര രാഷ്ട്രീയാസ്തിത്വം നിർവീര്യമാക്കപ്പെട്ടു.

മൂന്നാമതായി സംഭവിച്ചത്; യഥാർത്ഥ ജനാധിപത്യ സാക്ഷാത്ക്കാരത്തിന് ഭൂപരിഷ്കരണം മുന്നുപാധിയാകണം എന്ന ആർട്ടിസാൻ റിപ്പബ്ലിക്കനിസം അമേരിക്കയിൽ ഏതാണ്ട് അസ്തമിച്ച സ്ഥിതിയിലെത്തി എന്നതാണ്. ഈ വിഷയത്തെ ചൊല്ലി വർക്കിംഗ് മെൻസ് പാർട്ടിയുടെ നേതൃത്വനിരയിലുണ്ടായ തർക്കം അതിൻ്റെ ആഭ്യന്തര ശിഥിലീകരണത്തിനും കാരണമായി. അന്ന് വർക്കിംഗ് മെൻസ് പാർട്ടിയിൽ പലവിധ സോഷ്യലിസ്റ്റ് ആശയങ്ങളും സജീവമായിരുന്നു. മാത്രമല്ല, അടുത്ത ദശകങ്ങളിൽ യൂറോപ്പിൽ ഉയർന്നു വന്ന സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളും അവരുടെ പാർട്ടികളും ഭൂമിയുടെ നീതിപൂർവ്വകമായ വിതരണത്തെയല്ല പകരം, ഭൂമിയാകെ തന്നെ സ്റ്റേറ്റിൻ്റെ അധീനതയിലാക്കുന്നതിനാണ് മുൻഗണന നൽകിയത്.

എന്നാൽ ഒരു വശത്ത്, അമേരിക്കയിലെ വർക്കിംഗ് മെൻസ് പാർട്ടിയും അവരുടെ വോട്ടവകാശ സമരങ്ങളും അതിലുപരി പാർലമെൻ്ററി മത്സരത്തിലേക്കുള്ള അവരുടെ പ്രവേശനവും യൂറോപ്പിലെ പിൽക്കാല- സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങൾക്ക് രണ്ടു വിധത്തിൽ മാർഗ്ഗദർശകമായി തീരുന്നുണ്ട്.

ഒന്നാമതായി, സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് ആശയഗതികളിൽ പാർലമെൻ്ററി വ്യവസ്ഥയിൽ ഭാഗഭാക്കാകുന്നതിനെപ്പറ്റിയുള്ള ചൂടുപിടിച്ച ചർച്ച 19-ാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ സജീവമാകാൻ വർക്കിംഗ് മെൻസ് പാർട്ടി കാരണമായി.

അമേരിക്കൻ വിപ്ലവകാലത്ത് കൈത്തൊഴിലുകാരായ മെക്കാനിക്കുകൾ രാഷ്ട്രീയ സമരത്തിൽ സജീവമായി നിന്നു. 1776- ൽ പെൻസിൽവേനിയ ഭരണഘടന തയ്യാറാക്കുന്നതിൽ ഇവർ പങ്കാളികളായി.
അമേരിക്കൻ വിപ്ലവകാലത്ത് കൈത്തൊഴിലുകാരായ മെക്കാനിക്കുകൾ രാഷ്ട്രീയ സമരത്തിൽ സജീവമായി നിന്നു. 1776- ൽ പെൻസിൽവേനിയ ഭരണഘടന തയ്യാറാക്കുന്നതിൽ ഇവർ പങ്കാളികളായി.

രണ്ടാമതായി, പാർലമെൻ്ററി രാഷ്ട്രീയത്തിനു പുറത്ത് പ്രവർത്തിച്ച യൂറോപ്യൻ തൊഴിലാളി സംഘടനകൾ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഒത്തുചേരുന്ന ബഹുജനപാർട്ടികളായി വളരുന്നതിനും വർക്കിംഗ് മെൻസ് പാർട്ടി പ്രേരണയായി.

മറുവശത്ത്, പരമ്പരാഗത പാർലമെൻ്ററി പാർട്ടികൾക്ക് അവരുടെ ആശയഗതികളും സംഘടനാരീതികളും പരിഷ്ക്കരിക്കുന്നതിന് അടിസ്ഥാനവർഗ്ഗങ്ങളുടെ വോട്ടവകാശ പ്രക്ഷോഭവിജയവും അവരുടെ തെരഞ്ഞെടുപ്പ് മത്സരസാന്നിധ്യവും മത്സരാത്മകമായ ഉത്തേജനം നൽകി. ഡെമോക്രാറ്റിക് പാർട്ടിയുടെ ഉദയവും അതിൻ്റെ സംഘടനാപരമായ ജനകീയവൽക്കരണവും അതാണ് കാണിക്കുന്നത്. (Sean Wilentz, Chants Democratic: New York City and the Rise of the American Working Class, 1788–1850)

ആർട്ടിസാൻ- തൊഴിലാളി വിഭാഗങ്ങൾ വർക്കിംഗ് മെൻസ് പാർട്ടിയായി സംഘടിക്കുന്നത് ബഹുജന ആവശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള രാഷ്ട്രീയമാധ്യമം എന്ന നിലയിലാണ്. ഭരണഘടനാസ്ഥാപനങ്ങൾക്കും തെരഞ്ഞെടുപ്പിനും പുറത്ത് നിരന്തരമായ സംഘടിത പ്രക്ഷോഭങ്ങളുടെ തുടർച്ചയെന്ന നിലയിൽ പാർട്ടി രൂപം കൊണ്ടുവെന്നു മാത്രം. തെരഞ്ഞെടുപ്പ് അവരുടെ മറ്റു രാഷ്ട്രീയ സമരങ്ങളിലെ ഒരിനമായി ഉൾചേർന്നു എന്നതാണ് പുതുമ. എന്നാൽ കുലീന പാർട്ടികളുടെ പ്രവർത്തനം പ്രധാനമായും തെരഞ്ഞെടുപ്പുകളിൽ ഒതുങ്ങുന്നതാണ്.

സാർവ്വത്രിക വോട്ടവകാശം ലക്ഷ്യമാക്കി മാത്രം രൂപം കൊണ്ടതല്ല ആർട്ടിസാൻ- തൊഴിലാളി പാർട്ടി. സമൂഹത്തിൽ നിരന്തരം പ്രവർത്തിച്ചു സംഘടനാപരമായ അടിത്തറയും ആശയൈക്യവും വിപുലമാക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. അതിനാൽ കൺവെൻഷനുകൾ, ആശയപ്രചാരണ പരിപാടികൾ, പ്രാദേശിക സംഘാടനം, സ്ഥിരം കമ്മറ്റികൾ, രാഷ്ട്രീയ വിദ്യാഭ്യാസം, പത്രമാധ്യമങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ തുടർച്ചയായ ഏകോപനവും ജനസമ്പർക്കവും പാർട്ടിക്ക് അത്യാവശ്യമായി വന്നു. വോട്ടവകാശത്തിൻ്റെ വിപുലനവും ജനകീയാടിത്തറയും പരിപാടികളുമുള്ള അടിസ്ഥാനവർഗ്ഗ പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പു സാന്നിധ്യം മറ്റുപാർട്ടികളെ പുതിയ രീതിയിൽ പുനഃസംഘടിക്കാൻ നിർബന്ധിതമാക്കി. അവർ തൊഴിലാളിവർഗ്ഗ ആവശ്യങ്ങൾ പലതും ഏറ്റെടുത്തുവെന്നു മാത്രമല്ല, സംഘടനാപരമായി ബഹുജനങ്ങളെ ഉൾക്കൊള്ളാൻ പാകത്തിൽ പരിപാടികൾ, കമ്മറ്റികൾ, പത്രമാധ്യമങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.

ആദ്യകാല സോഷ്യലിസ്റ്റുകൾ പാർലമെൻ്ററി രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനങ്ങളെയും സംശയത്തോടെ കണ്ടിരുന്നു എന്ന കാഴ്ചപ്പാടിനെ ഷോൺ എഫ്. മോനഹാൻ നിരസിക്കുന്നുണ്ട്.

സോഷ്യലിസ്റ്റ് രാഷ്ട്രീയം പാർലമെൻ്റിലൂടെ

19-ാം നൂറ്റാണ്ടിൻ്റെ ആദ്യപാദം, 1830-1840 കൾ, ബ്രിട്ടനെ സംബന്ധിച്ച് ചാർട്ടിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ വോട്ടവകാശ- ജനാധിപത്യ സമരങ്ങളുടെ കാലമാണ്. എന്നാൽ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ കുലീന രാഷ്ട്രീയത്തിൻ്റെ പിടിമുറുക്കം അവിടെ രൂക്ഷമായിരുന്നു. അമേരിക്കൻ വിപ്ലവത്തിലെ അടിസ്ഥാനവർഗ്ഗ പങ്കാളിത്തത്തെയും അതിൻ്റെ ഫലമായ ജനാധിപത്യ വോട്ടവകാശ സമരങ്ങളെയും നിഷേധിക്കുവാൻ വിപ്ലവാനന്തര അമേരിക്കൻ സ്റ്റേറ്റുകൾക്ക് എളുപ്പമായിരുന്നില്ല. നേരേമറിച്ച്, ആഭ്യന്തരവിപ്ലവത്തെയും അതിൻ്റെ ഫലമായ റിപ്പബ്ലിക്കൻ ഭരണത്തെയും തകിടം മറിച്ചു രാജഭരണത്തെ ഭരണകൂടത്തിൽ പുനഃപ്രതിഷ്ഠിച്ച പാരമ്പര്യമാണ് ഇംഗ്ലീഷ് കുലീനവർഗ്ഗത്തിൻ്റേത്. അതുകൊണ്ട് ചാർട്ടിസ്റ്റുകളുടെ വോട്ടവകാശ സമരങ്ങൾ ബ്രിട്ടനിൽ ഫലം കൊയ്യുന്നത് വളരെ വൈകി ദശകങ്ങൾക്കു ശേഷം 1860- കൾ മുതലാണ്. അതും അവിടെ തൊഴിലാളിവർഗ്ഗം നിർണ്ണായക സാമൂഹിക ശക്തിയായി വോട്ടവകാശം ഉന്നയിച്ചപ്പോൾ.

ബ്രിട്ടനിൽ പല ചാർട്ടിസ്റ്റു നേതാക്കളും സാമൂഹിക സമത്വത്തിൻ്റെ വക്താക്കാൾ കൂടിയായിരുന്നു. അവർ പലരും വോട്ടവകാശത്തയും സോഷ്യലിസ്റ്റ് ആശയങ്ങളെയും ഒരേപോലെ പ്രതിനിധാനം ചെയ്തു. രാജ്യത്ത് ഭൂമിയും സമ്പത്തും ഏതാനും പേരിൽ മാത്രം കേന്ദ്രീകരിച്ചതിനെ വിമർശിച്ച ചാർട്ടിസ്റ്റ് നേതാവായിരുന്നു ജെയിംസ് ബ്രോൺടെർ ഒബ്രൈൻ (James Bronterre O'Brien,1804–1864). അമേരിക്കയിലെ ആർട്ടിസാൻ റിപ്പബ്ലിക്കൻ ഡെമോക്രസിയിൽ നിന്ന് വ്യത്യസ്തമായി ഭൂമിയുടെ ദേശസാൽക്കരണമാണ് ഇദ്ദേഹം മുന്നോട്ടു വെച്ചത്. അമേരിക്കയിൽ ആർട്ടിസാൻ- തൊഴിലാളി പാർട്ടി തകരാനുള്ള ആഭ്യന്തര കാരണങ്ങളിൽ പ്രധാനമായത് ഭൂപരിധി നിശ്ചയിച്ച്, ഭൂമി സാധാരണക്കാർക്കിടയിൽ പുനർവിതരണം ചെയ്യണമെന്ന ആർട്ടിസാൻ റിപ്പബ്ലിക്കൻ വാദമായിരുന്നു. എന്നാൽ സംഘടനാ നേതൃത്വത്തിൽ പലരും ഭൂമിയുടെ പുനർവിതരണത്തേക്കാൾ വിവിധ സോഷ്യലിസ്റ്റ് ആശയങ്ങളെപ്രതി അതിൻ്റെ പൊതുവൽക്കരണത്തിനാണ് മുൻതൂക്കം നൽകിയത്.

ജെയിംസ് ബ്രോൺടെർ ഒബ്രൈൻ. രാജ്യത്ത് ഭൂമിയും സമ്പത്തും ഏതാനും പേരിൽ മാത്രം കേന്ദ്രീകരിച്ചതിനെ വിമർശിച്ച ചാർട്ടിസ്റ്റ് നേതാവായിരുന്നു ഒബ്രൈൻ.
ജെയിംസ് ബ്രോൺടെർ ഒബ്രൈൻ. രാജ്യത്ത് ഭൂമിയും സമ്പത്തും ഏതാനും പേരിൽ മാത്രം കേന്ദ്രീകരിച്ചതിനെ വിമർശിച്ച ചാർട്ടിസ്റ്റ് നേതാവായിരുന്നു ഒബ്രൈൻ.

ജനാധിപത്യവൽക്കരണത്തിനായി 1848-49 കളിൽ ബ്രിട്ടനിൽ രൂപം കൊണ്ട "നാഷണൽ റിഫോം ലീഗ്" ഭൂമിയുടെ ദേശസാൽക്കരണം ബ്രോൺടെർ ഒബ്രൈൻ്റെ നേതൃത്വത്തിൽ മുന്നോട്ടുവെച്ചിരുന്നു. അമേരിക്കൻ ആർട്ടിസാൻ വിഭാഗങ്ങൾ ഭൂമിയുടെ പുനർവിതരണത്തിൽ ഊന്നുകയും അതിൻ്റെ പിൻതുടച്ചാവകാശത്തെ എതിർക്കുകയും ചെയ്തു. പിൽക്കാല ബ്രിട്ടീഷ് സോഷ്യലിസ്റ്റുകളിൽ ഏറെയും ഭൂമിയും വിഭവങ്ങളും പൊതുസ്വത്താക്കണമെന്ന ചിന്താഗതിക്കാർ ആയിരുന്നു. ഇരുവരും സാമ്പത്തിക കേന്ദ്രീകരണത്തിന് എതിരായിരുന്നു താനും. സോഷ്യലിസ്റ്റ് ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിന് പാർലമെൻ്ററി രാഷ്ട്രീയത്തിൽ പങ്കെടുത്ത് സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ സാമൂഹിക മാറ്റമായിരുന്നു റിഫോം ലീഗ് ലക്ഷ്യമാക്കിയത്.

വർഗ്ഗസമരത്തിനുള്ള വേദിയായി തെരഞ്ഞെടുപ്പു ജനാധിപത്യത്തെ മാർക്സ് കണ്ടു. എന്നാൽ പാർലമെൻ്ററിവ്യവസ്ഥ തൊഴിലാളി വർഗ്ഗമോചനത്തിന് പൂർണ്ണമായും പര്യാപ്തമാണെന്നു മാർക്സ് കരുതിയില്ല.

ആദ്യകാല യൂറോപ്യൻ സോഷ്യലിസ്റ്റുകളിൽ ഏറെയും വോട്ടവകാശം, തെരഞ്ഞെടുപ്പു രാഷ്ട്രീയം ഇവയോട് വിമുഖത കാണിച്ചവരായിരുന്നു. തെരഞ്ഞെടുപ്പു ജനാധിപത്യം അവരുടെ പ്രധാന അജണ്ടയായിരുന്നില്ല. സമൂഹത്തിൽ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ സഹകരണ കൂട്ടായ്മകൾ രൂപീകരിച്ച് സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിലായിരുന്നു റോബർട്ട് ഓവൻ (Robert Owen,1771–1858) മുതലായവരുടെ വ്യഗ്രത. ചിലർ സാമൂഹ്യമാറ്റത്തിനുള്ള ഉപാധിയെന്ന നിലയിൽ ഇലക്ഷൻ്റെ പരിമിതികളെ ചൂണ്ടിക്കാട്ടി; സാമൂഹിക വിമോചനത്തിന് ഇലക്ഷൻ അപ്രസക്തവും അപകടകരവുമാണെന്നു ചിലർ കരുതി.

അതേപോലെ, സോഷ്യലിസ്റ്റായ ജോസഫ് പ്രൂഡോൺ (Pierre-Joseph Proudhon, 1809–1865) പറഞ്ഞത് തെരഞ്ഞെടുപ്പിലൂടെ വരുന്ന ഭൂരിപക്ഷ സർക്കാർ മറ്റൊരു സ്വേച്ഛാധിപത്യ ഭരണകൂടമാകുമെന്നാണ്. വികേന്ദ്രീകൃതമായ സാമ്പത്തിക കൂട്ടായ്മകളും തൊഴിലാളികളുടെ പരസ്പര സഹകരണ പ്രസ്ഥാനവുമാണ് പ്രൂഡോൺ നിർദ്ദേശിച്ചത്. പാർലമെൻ്ററി സ്ഥാപനങ്ങൾ വഴി തൊഴിലാളിവർഗ്ഗ ഭരണം എന്ന ആശയത്തെ അദ്ദേഹം എതിർത്തു. തൊഴിലാളികളുടെ സ്വയംഭരണ സംഘങ്ങൾ രൂപീകരിച്ചു വികേന്ദ്രീകൃത പ്രവർത്തനങ്ങൾ വഴി, നിലനിൽക്കുന്ന ഭരണവ്യവസ്ഥയെ ഇല്ലാതാക്കാമെന്നു പ്രൂഡോൺ പറഞ്ഞു.

കാൾ മാർക്സ് (photograph: Richard Beard Studio, early May 1861): മറ്റു സോഷ്യലിസ്റ്റുകളെ പോലെ പാർലമെൻ്ററി രാഷ്ട്രീയത്തെ അകറ്റിനിർത്തേണ്ടതായി മാർക്സ് കണ്ടില്ല. ഇക്കാര്യത്തിൽ അമേരിക്കൻ വർക്കിംഗ് മെൻസ് പാർട്ടിയെപ്പറ്റിയുള്ള വായന മാർക്സിന് പിൻബലം നൽകി.
കാൾ മാർക്സ് (photograph: Richard Beard Studio, early May 1861): മറ്റു സോഷ്യലിസ്റ്റുകളെ പോലെ പാർലമെൻ്ററി രാഷ്ട്രീയത്തെ അകറ്റിനിർത്തേണ്ടതായി മാർക്സ് കണ്ടില്ല. ഇക്കാര്യത്തിൽ അമേരിക്കൻ വർക്കിംഗ് മെൻസ് പാർട്ടിയെപ്പറ്റിയുള്ള വായന മാർക്സിന് പിൻബലം നൽകി.

ആദ്യകാല സോഷ്യലിസ്റ്റുകൾ പാർലമെൻ്ററി രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനങ്ങളെയും സംശയത്തോടെ കണ്ടിരുന്നു എന്ന കാഴ്ചപ്പാടിനെ ഷോൺ എഫ്. മോനഹാൻ നിരസിക്കുന്നുണ്ട്. അമേരിക്കൻ വർക്കിംഗ് മെൻസ് പാർട്ടി (1828–1832) യുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള അറിവ് 1840- കളിൽ കാൾ മാർക്സിൻ്റെ രാഷ്ട്രീയചിന്തകളെ സ്വാധീനിച്ചിരുന്നതായി മോനഹാൻ ചൂണ്ടിക്കാണിക്കുന്നു. മറ്റു സോഷ്യലിസ്റ്റുകളെ പോലെ പാർലമെൻ്ററി രാഷ്ട്രീയത്തെ അകറ്റിനിർത്തേണ്ടതായി മാർക്സ് കണ്ടില്ല. ഇക്കാര്യത്തിൽ അമേരിക്കൻ വർക്കിംഗ് മെൻസ് പാർട്ടിയെപ്പറ്റിയുള്ള വായന മാർക്സിന് പിൻബലം നൽകി.

ഒരു രാഷ്ട്രീയവർഗ്ഗമെന്ന നിലയിൽ തൊഴിലാളികൾ സ്വതന്ത്രമായി സംഘടിക്കണം എന്ന നിലപാട് ഉയർത്തിയ മാർക്സ്, സാർവ്വത്രിക വോട്ടവകാശം അവർക്ക് തെരത്തെടുപ്പിൽ മത്സരിച്ചു അധികാരം നേടുന്നതിനുള്ള അവസരം തന്നിരിക്കുന്നുവെന്നു പറഞ്ഞു .

വർഗ്ഗസമരത്തിനുള്ള ഒരു വേദിയായി തെരഞ്ഞെടുപ്പു ജനാധിപത്യത്തെ മാർക്സ് കണ്ടു. എന്നാൽ പാർലമെൻ്ററിവ്യവസ്ഥ തൊഴിലാളി വർഗ്ഗമോചനത്തിന് പൂർണ്ണമായും പര്യാപ്തമാണെന്നു മാർക്സ് കരുതിയില്ല. തൊഴിലാളിവർഗ്ഗം നിലവിലെ രാഷ്ട്രീയ സാമ്പത്തിക ഘടനയെ ഉടച്ചു വാർക്കുക തന്നെ വേണമെന്നു അദ്ദേഹം പറഞ്ഞു.

പാർലമെൻ്ററി രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റുകൾ പ്രവേശിക്കുന്നതിൻ്റെ സാധ്യതകൾ മാർക്സ് തിരിച്ചറിഞ്ഞു. ജനാധിപത്യ വ്യവസ്ഥ സാമൂഹിക മാറ്റത്തിനുള്ള ഒരു ഉപാധിയാകുമെന്ന് മാർക്സ് മനസ്സിലാക്കി. മാത്രമല്ല, തൊഴിലാളികൾക്ക് വോട്ടവകാശം കൊടുക്കുന്നതിലെ അപകടങ്ങളെ പറ്റി തോമസ് കൂപ്പറിൻ്റെ (Thomas Cooper, 1759–1839, British-born American political economist) അഭിപ്രായങ്ങൾ മാർക്സ് പരിശോധിച്ചു. കൂപ്പർ പറഞ്ഞു: സാർവ്വത്രിക വോട്ടവകാശം കിട്ടുന്നതിലൂടെ തൊഴിലാളിവർഗ്ഗം രാഷ്ട്രീയാധികാരം നേടി സമ്പന്നരുടെ ഭൂസ്വത്തു പിടിച്ചെടുത്തു പുനർവിതരണം ചെയ്യും. അതുകൊണ്ട് വോട്ടവകാശം പരിമിതപ്പെടുത്തണം. കൂപ്പറിൻ്റെ ഈ ഭയപ്പാടിനെ സാർവ്വത്രിക വോട്ടവകാശത്തിൻ്റെ രാഷ്ട്രീയ സാധ്യതയായി മാർക്സ് ഉൾക്കൊണ്ടു.

പാർലമെൻ്റിലെത്തുന്ന തൊഴിലാളിപ്രതിനിധി കുലീന ഭരണവർഗ്ഗമായി മാറുമെന്നും, അതിനാൽ വോട്ടവകാശത്തെയും തെരഞ്ഞെടുപ്പിനെയും ഒരുതരം കെണിയായി മനസ്സിലാക്കണമെന്നും മിഖായേൽ ബകുനിനും മറ്റു ചിലരും വാദിച്ചു.

മറ്റു പല സോഷ്യലിസ്റ്റുകളിൽനിന്ന് വേറിട്ട്, തൊഴിലാളിവോട്ടവകാശത്തെ അവരുടെ സ്വതന്ത്രമായ രാഷ്ട്രീയ മുന്നേറ്റത്തിലേക്കുള്ള ചവിട്ടുപടിയായി മാർക്സും എംഗൽസും വിലയിരുത്തി. തൊഴിലാളിവർഗ്ഗം ജനാധിപത്യത്തിൽ ഭരണവർഗ്ഗമായി മാറണം. അല്ലാതെ ധാർമ്മിക പ്രബോധനങ്ങളോ സന്നദ്ധക്കൂട്ടായ്മകളോ സ്വതന്ത്ര സഹകരണ ഗ്രൂപ്പുകളോ ഒന്നും കൊണ്ട് തൊഴിലാളിവർഗ്ഗ മോചനം സാധ്യമാകില്ല. രാഷ്ട്രീയാധികാരം നേടാൻ പാകത്തിൽ സംഘടിക്കുകയാണ് വിമോചനമാർഗ്ഗം. ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി തൊഴിലാളി സർവ്വാധിപത്യം സ്ഥാപിച്ചു ഭൂവുടമാബന്ധങ്ങളെ പുനർനിർമ്മിക്കാൻ കഴിയുമെന്ന് മാർക്സ് പറയുന്നു. ബ്രിട്ടൺ, അമേരിക്ക നെതർലാൻഡ്സ് എന്നിവിടങ്ങളിൽ പാർലമെൻ്ററി തെരഞ്ഞെടുപ്പിലെ സമാധാനപരമായ മാർഗ്ഗങ്ങൾ വഴി സോഷ്യലിസ്റ്റ് സമൂഹ നിർമ്മാണം സാധിക്കാമെന്നും മാർക്സ് കണ്ടു. സായുധവിപ്ലവം എവിടെയും എപ്പോഴും മാർക്സ് ആഹ്വാനം ചെയ്തുവെന്ന വാദത്തെ മോനഹാൻ ഖണ്ഡിക്കുന്നുണ്ട്.

ഫ്രെഡറിക് ഏംഗൽസ്. മറ്റു പല സോഷ്യലിസ്റ്റുകളിൽനിന്ന് വേറിട്ട്, തൊഴിലാളിവോട്ടവകാശത്തെ അവരുടെ സ്വതന്ത്രമായ രാഷ്ട്രീയ മുന്നേറ്റത്തിലേക്കുള്ള ചവിട്ടുപടിയായി മാർക്സും എംഗൽസും വിലയിരുത്തി.
ഫ്രെഡറിക് ഏംഗൽസ്. മറ്റു പല സോഷ്യലിസ്റ്റുകളിൽനിന്ന് വേറിട്ട്, തൊഴിലാളിവോട്ടവകാശത്തെ അവരുടെ സ്വതന്ത്രമായ രാഷ്ട്രീയ മുന്നേറ്റത്തിലേക്കുള്ള ചവിട്ടുപടിയായി മാർക്സും എംഗൽസും വിലയിരുത്തി.

സാർവ്വത്രിക വോട്ടവകാശം ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന് രാഷ്ട്രീയാധികാരം ലഭിക്കുന്നതിനു തുല്യമാണെന്നു 1852- ൽ മാർക്സ് എഴുതി (Duncan Hallas, "Marx, Engels and the vote"). ബ്രിട്ടനിൽ തൊഴിലാളികൾ ഭൂരിപക്ഷമായതിനാൽ അവർക്ക് വോട്ടവകാശം കൊണ്ട് അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് മാർക്സ് അർത്ഥമാക്കിയത്. അന്താരാഷ്ട്ര തൊഴിലാളി പ്രസ്ഥാനത്തിൻ്റെ മധ്യത്തിൽ സാർവ്വത്രിക വോട്ടവകാശത്തിൻ്റെ പ്രസക്തി മാർക്സ് വ്യക്തമാക്കി.

ആദ്യത്തെ ഇൻ്റർനാഷണലിലെ ( International Working Men's Association-IWMA, 1864–1876) ഉദ്ഘാടന പ്രസംഗത്തിൽ സാർവ്വത്രിക വോട്ടവകാശത്തെയും തൊഴിലാളിവർഗ്ഗത്തിൻ്റെ പാർലമെൻ്ററി രാഷ്ട്രീയത്തെയും പിന്തുണച്ച് മാർക്സ് സംസാരിച്ചു. മാത്രമല്ല, ബ്രിട്ടനിൽ സാർവ്വത്രിക (ആൺ) വോട്ടവകാശത്തിനായി പ്രക്ഷോഭം നടത്തുന്ന "റിഫോം ലീഗി"ൽ ഇൻ്റർനാഷണലിലെ ജനറൽ കൗൺസിൽ അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും മാർക്സ് പ്രധാന കാരണമായി. 1867- ൽ ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്ന രണ്ടാം വോട്ടവകാശ പരിഷ്‌ക്കരണത്തിന് റിഫോം ലീഗിൻ്റെ സമരങ്ങൾ നിമിത്തമാകുകയും ചെയ്തു. ഇതിലൂടെ നഗരത്തൊഴിലാളികളിൽ പുരുഷന്മാർ പലരും വോട്ടവകാശം നേടി.

ജർമ്മനിയിൽ "സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി"യുടെ ഉദയം യൂറോപ്പിൽ സോഷ്യൽ-ഡെമോക്രാറ്റിക് ബഹുജന പാർട്ടികളുടെ സംഘടനാപരമായ അടിത്തറിയിടുകയും അത്തരം പാർട്ടികളുടെ പുതിയ വിധത്തിലുള്ള പ്രവർത്തന വികാസങ്ങൾക്ക് കളമൊരുക്കുകയും ചെയ്തു.

എന്നാൽ റഷ്യൻ വിപ്ലവകാരിയായ മിഖായേൽ ബകുനിനും (Mikhail Bakunin) മറ്റു ചിലരും വോട്ടവകാശത്തെയും പാർലമെൻ്ററി രാഷ്ട്രീയത്തെയും അന്ന് നിശിതമായി എതിർക്കുകയുണ്ടായി. തൊഴിലാളിവർഗ്ഗ മുന്നേറ്റതിന് തെരഞ്ഞെടുപ്പു രാഷ്ട്രീയം തടസ്സമാകുമെന്നും ഭരണകൂട അടിച്ചമർത്തൽ ഇതുവഴി രൂക്ഷമാകുമെന്നും അവർ പറഞ്ഞു. പാർലമെൻ്റിലെത്തുന്ന തൊഴിലാളിപ്രതിനിധി കുലീന ഭരണവർഗ്ഗമായി മാറുമെന്നും, അതിനാൽ വോട്ടവകാശത്തെയും തെരഞ്ഞെടുപ്പിനെയും ഒരുതരം കെണിയായി മനസ്സിലാക്കണമെന്നുമായിരുന്നു ഇവരുടെ വാദം. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലൂടെ ഭരണാധികാരം പിടിക്കണോ ഉടനടി വിപ്ലവം വഴി ഭരണകൂടം തകർക്കണോ എന്ന തർക്കം ഒന്നാം ഇൻ്റർനാഷണലിലെ ആശയപരമായ വിഭജനത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു.

ഒന്നാം അന്തർദേശീയ തൊഴിലാളി കോൺഗ്രസിൽ പാർലമെൻ്ററി രാഷ്ട്രീയം സംബന്ധിച്ച വാഗ്വാദങ്ങൾ ചൂടുപിടിക്കുന്നതിനു മുമ്പേ തന്നെ തൊഴിലാളികൾ തെരഞ്ഞെടുപ്പു രാഷ്ടീയത്തിൽ നേരിട്ട് ഇടപെടണമെന്ന ദേശീയ കാഴ്ചപ്പാടുമായി ജർമ്മനിയിൽ തൊഴിലാളികളുടെ രാഷ്ട്രീയപ്പാർട്ടി ഫെർഡിനാൻഡ് ലെഷാലിൻ്റെ (Ferdinand Lassalle) മുൻകൈയിൽ രൂപീകൃതമാകുന്നുണ്ട്. 1863- ൽ അദ്ദേഹം General German Workers' Association (ADAV) സ്ഥാപിക്കുകയും, ഇത് പിന്നീട് ജർമ്മൻ സോഷ്യൽ ഡെമോക്രസിയുടെ മുഖ്യ ശബ്ദമായി മാറുകയും ചെയ്തു. തെരഞ്ഞെടുപ്പിലൂടെ അധികാരം നേടി തൊഴിലാളിവർഗ്ഗ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതായിരുന്നു ഇതിൻ്റെ പദ്ധതി. തൊഴിലാളികളെ മുതലാളിത്ത സമ്പദ്ക്രമത്തിൽ നിന്നും മോചിപ്പിക്കുന്ന വിധത്തിൽ, സ്റ്റേറ്റിൻ്റെ പിന്തുണയിൽ തൊഴിലാളികളുടെ ഉല്പാദന കൂട്ടായ്മകൾ സൃഷ്ടിക്കുക എന്നതായിരുന്നു ജനറൽ ജർമ്മൻ വർക്കേഴ്സ് അസോസിയേഷൻ്റെ ആദർശം.

1869- ൽ Social Democratic Workers' Party (SDAP) എന്ന പേരിൽ, മാർക്സ്- എംഗൽസ് ആശയങ്ങൾക്കു മുൻതൂക്കമുള്ള മറ്റൊരു തൊഴിലാളി പാർട്ടിയും ജർമ്മനിയിൽ രൂപം കൊണ്ടു. ദേശീയമായ തൊഴിലാളിവർഗ്ഗ താല്പര്യത്തേക്കാൾ, അവരുടെ അന്തർദേശീയ ഐക്യത്തിനും വർഗ്ഗസമരത്തിനും ഈ പാർട്ടി ഊന്നൽ നൽകി. പിന്നീട്, ആശയപരമായ ഭിന്നതകൾ നിലനിൽക്കെ തന്നെ, വോട്ടുകൾ വിഘടിക്കുന്നതു തടയാനും കരുത്തുറ്റ പാർട്ടിയെ സൃഷ്ടിക്കാനുമായി Socialist Workers' Party of Germany (SAPD) എന്ന പേരിൽ 1875 ൽ ഇരു പാർട്ടികളും ഒന്നായി മാറി.

മിഖായേൽ ബകുനിൻ. റഷ്യൻ വിപ്ലവകാരിയായ മിഖായേൽ ബകുനിനും മറ്റു ചിലരും വോട്ടവകാശത്തെയും പാർലമെൻ്ററി രാഷ്ട്രീയത്തെയും നിശിതമായി എതിർക്കുകയുണ്ടായി.
മിഖായേൽ ബകുനിൻ. റഷ്യൻ വിപ്ലവകാരിയായ മിഖായേൽ ബകുനിനും മറ്റു ചിലരും വോട്ടവകാശത്തെയും പാർലമെൻ്ററി രാഷ്ട്രീയത്തെയും നിശിതമായി എതിർക്കുകയുണ്ടായി.

ജർമ്മനിയിൽ "സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി"യുടെ ഉദയം യൂറോപ്പിൽ സോഷ്യൽ-ഡെമോക്രാറ്റിക് ബഹുജന പാർട്ടികളുടെ സംഘടനാപരമായ അടിത്തറിയിടുകയും അത്തരം പാർട്ടികളുടെ പുതിയ വിധത്തിലുള്ള പ്രവർത്തന വികാസങ്ങൾക്ക് കളമൊരുക്കുകയും ചെയ്തു. 1878 ൽ ജർമ്മൻ ചാൻസലറായിരുന്ന ബിസ്മാർക്ക് "സോഷ്യലിസ്റ്റ് വിരുദ്ധ നിയമം" കൊണ്ടുവന്നപ്പോൾ സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയും പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നിഷേധിക്കുക ഉണ്ടായില്ല. നിരോധന നിയമം മാറിയപ്പോൾ, 1890 ൽ "സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമ്മനി (SDP)" എന്നു പേരു മാറ്റി.

പാർട്ടികളിലെ കൊടുക്കൽ- വാങ്ങലുകൾ

ആദ്യകാല പാർലമെൻ്ററി പാർട്ടികളും പിന്നീടുവന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും രണ്ടുവിധ സാഹചര്യങ്ങളിൽ ജനിക്കുകയും രണ്ടുതരം ആശയമണ്ഡലങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നുവെന്നതു കൂടാതെ, അവ രണ്ടും വ്യത്യസ്ത സംഘടനാരൂപങ്ങളെയും പ്രദർശിപ്പിക്കുന്നു. എങ്കിലും, ഇവ രണ്ടും പരസ്പരബന്ധമില്ലാത്ത രണ്ടു ലോകങ്ങളായി നിലനിന്നില്ല. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികൾ പരമ്പരാഗത പാർലമെൻ്ററി പാർട്ടികളിൽനിന്ന് സംഘടനാപരമായ പല ഘടകങ്ങളും സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളിൽനിന്ന് സോഷ്യൽ ഡെമോക്രാറ്റുകൾ അവരുടേതു മാത്രമായ സംഘടനാസവിശേഷതകളും തങ്ങളുടെ പാർട്ടികളിലേക്കു കൊണ്ടുവരുകയും ചെയ്തു.

നേരേതിരിച്ച്, കുലീനവർഗ്ഗ പാർട്ടികൾ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ സംഘടനാ സംവിധാനങ്ങളിൽ പലതും, സമ്മതിദാനത്തിൻ്റെ ജനകീയവൽക്കരണത്തെ തുടർന്ന് സ്വന്തം പാർട്ടികളിലേക്കു സ്വീകരിക്കുന്നതിനും നിർബ്ബന്ധിതവുമായി. അതിനാൽ 19-ാം നൂറ്റാണ്ടിൻ്റെ അന്ത്യകാലങ്ങൾ മുതൽ രാഷ്ട്രീയപ്പാർട്ടികളുടെ ചരിത്രം സംഘടനാപരമായ പരസ്പര കൊടുക്കൽ വാങ്ങലിൻ്റേതും അനുകരണത്തിൻ്റേതും രൂപാന്തരണത്തിൻ്റേതുമാണ്.

ജർമ്മനിയിൽ "സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി " യുടെ ഉദയം യൂറോപ്പിൽ സോഷ്യൽ-ഡെമോക്രാറ്റിക് ബഹുജന പാർട്ടികളുടെ സംഘടനാപരമായ അടിത്തറിയിടുകയും അത്തരം പാർട്ടികളുടെ പുതിയ വിധത്തിലുള്ള പ്രവർത്തന വികാസങ്ങൾക്ക് കളമൊരുക്കുകയും ചെയ്തു.
ജർമ്മനിയിൽ "സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി " യുടെ ഉദയം യൂറോപ്പിൽ സോഷ്യൽ-ഡെമോക്രാറ്റിക് ബഹുജന പാർട്ടികളുടെ സംഘടനാപരമായ അടിത്തറിയിടുകയും അത്തരം പാർട്ടികളുടെ പുതിയ വിധത്തിലുള്ള പ്രവർത്തന വികാസങ്ങൾക്ക് കളമൊരുക്കുകയും ചെയ്തു.

ആദ്യ കാല പാർട്ടികൾ സംഘടിപ്പിക്കപ്പെട്ടത് പാർലമെൻ്റ് അംഗങ്ങൾ, സ്വാധീനമുള്ള കുടുംബങ്ങൾ, ധനിക സംരക്ഷകർ, പ്രാദേശിക പ്രമുഖർ എന്നിവരെ കേന്ദ്രീകരിച്ചാണ്. പ്രതിനിധി സഭയിൽ അധികാരമേധാവിത്വത്തിനുള്ള മത്സരമായിരുന്നു അവയുടെ ലക്ഷ്യം തന്നെ. പ്രാദേശിക സ്വാധീനവും വ്യക്തിഗത ബന്ധങ്ങളും വ്യക്തിപ്രഭാവവും അതിനെ നിയന്ത്രിച്ചുപോന്നു. ക്രമേണ ഈ പാർട്ടികൾ പ്രാദേശിക സമിതികളും തെരഞ്ഞെടുപ്പു കമ്മിറ്റികളും പത്രങ്ങളും കൊണ്ടുവന്നെങ്കിലും, അവയ്ക്ക് നിയതമായ അംഗത്വവ്യവസ്ഥ പിൽക്കാല ബഹുജന പാർട്ടികളിലേതുപോലെ ഉണ്ടായിരുന്നില്ല. ഈയർത്ഥത്തിൽ ആദ്യകാല പാർട്ടികൾ കുലീന രാഷ്ട്രീയ നേതൃത്വത്താൽ തെരഞ്ഞെടുപ്പു കേന്ദ്രമാക്കിയ ഒരു താൽക്കാലിക സംവിധാനമായിരുന്നു.

എന്നാൽ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ സാമൂഹികാടിത്തറ പാർലമെൻ്റിലെ വിഭാഗീയതയെ ആശ്രയിച്ചതായിരുന്നില്ല. പകരം, പുറത്ത് തൊഴിലാളിവർഗ്ഗ സംഘടനകളും രാഷ്ട്രീയ ക്ലബ്ബുകളും സഹകരണ സംഘങ്ങളും മറ്റുമായിരുന്നു അവരുടെ പശ്ചാത്തലം. തെരഞ്ഞെുപ്പിൽ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായിരുന്നില്ല അവരുടെ പ്രവർത്തനം. സ്ഥിരം പ്രാദേശിക ബ്രാഞ്ചുകളും അംഗത്വവും പാർട്ടി പത്രവും സമ്മേളനങ്ങളും കമ്മറ്റികളും അവർക്കുണ്ടായിരുന്നു. ബഹുജന സമ്പർക്കം അവർക്ക് നിരന്തര പ്രക്രിയയായിരുന്നു. പരമ്പരാഗത പാർട്ടികൾ സാമ്പത്തിക സമാഹരണത്തിന് ഉന്നതവ്യക്തികളെ ആശ്രയിച്ചെങ്കിൽ, സോഷ്യൽ ഡെമോക്രാറ്റുകൾ ജനങ്ങളിൽനിന്ന് സംഭാവന പിരിച്ചു.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ സാമൂഹികാടിത്തറ പാർലമെൻ്റിലെ വിഭാഗീയതയെ ആശ്രയിച്ചതായിരുന്നില്ല. പകരം, പുറത്ത് തൊഴിലാളിവർഗ്ഗ സംഘടനകളും രാഷ്ട്രീയ ക്ലബ്ബുകളും സഹകരണ സംഘങ്ങളും മറ്റുമായിരുന്നു അവരുടെ പശ്ചാത്തലം.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ സാമൂഹികാടിത്തറ പാർലമെൻ്റിലെ വിഭാഗീയതയെ ആശ്രയിച്ചതായിരുന്നില്ല. പകരം, പുറത്ത് തൊഴിലാളിവർഗ്ഗ സംഘടനകളും രാഷ്ട്രീയ ക്ലബ്ബുകളും സഹകരണ സംഘങ്ങളും മറ്റുമായിരുന്നു അവരുടെ പശ്ചാത്തലം.

എന്നാൽ, പാർലമെൻ്ററി മത്സരങ്ങളിലേക്കു പ്രവേശിച്ചപ്പോൾ അവിടെ നിലനിന്ന തെരഞ്ഞെടുപ്പുശൈലികൾ തൊഴിലാളി പാർട്ടികൾക്കും സ്വീകരിക്കേണ്ടിവന്നു. സ്ഥാനാർത്ഥികൾ, നിയോജക മണ്ഡലം ഇവകളിലെ ജയപരാജയ സാധ്യതകൾ അവർ വ്യവസ്ഥാപിത പാർട്ടികളിൽനിന്ന് പഠിച്ചു. തെരഞ്ഞെടുപ്പു മത്സരത്തിൻ്റെ തന്ത്രങ്ങൾ, സ്ഥാനാർത്ഥീ നിർണ്ണയനത്തിലെ കണക്കുകൂട്ടലുകൾ, പാർലമെൻ്റിലെ സഹകരണം എന്നിവയിൽ കുലീന പാർട്ടികൾ മാതൃകയായി വന്നു.

അതേപോലെ, ലിബറൽ- കൺസർവേറ്റീവ് പാർട്ടികൾ സോഷ്യലിസ്റ്റ് ബഹുജന പാർട്ടികളുടെ ശൈലിയിൽ പ്രാദേശിക ബ്രാഞ്ചുകളും കമ്മറ്റികളും അംഗത്വവും ദേശീയ പാർട്ടി സംവിധാനവും കെട്ടിപ്പടുത്തു. ഇലക്ഷനും അപ്പുറം, ജനസമ്പർക്ക പരിപാടികളും മുദ്രാവാക്യങ്ങളും ഉയർത്തി, സമൂഹമധ്യത്തിൽ അവർ സ്ഥിരം സാന്നിധ്യമായി, തങ്ങളുടെ ജനകീയാടിത്തറ ശക്തമാക്കി.

ആധുനിക ജനാധിപത്യത്തിൻ്റെ ചരിത്രം പാർലമെൻ്ററി വ്യവസ്ഥയുടെ സ്വാഭാവികവും കാലനുസൃതവും സംഘർഷരഹിതവുമായ വികാസത്തിൻ്റെ കഥയല്ല നമ്മോടു പറയുന്നത്. അത്, ജനസംഖ്യയിൽ ഏറ്റവും ന്യൂനപക്ഷം വരുന്ന ഏറെക്കുറെ തുല്യരായ ഭൂവുടമാ സമ്പന്നവർഗ്ഗത്തിനു മാത്രം പൗരത്വവും രാഷ്ട്രീയാവകാശങ്ങളുമുള്ള റിപ്പബ്ലിക്കൻ ഭരണവ്യവ്യവസ്ഥയെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾ ഡെമോക്രാറ്റിക് റിപ്പബ്ലിക് ആയി നൂറ്റാണ്ടുകളിലൂടെ പരിവർത്തിപ്പിക്കുന്നതിൻ്റെ ചരിത്രമാണ്. അടിസ്ഥാന ജനവിഭാഗങ്ങൾ സ്വയം പൗരത്വവും രാഷ്ട്രീയാവകാശങ്ങളും കരസ്ഥമാക്കുന്നതിലൂടെയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഉണ്ടാകുന്നത്.

വോട്ടവകാശ പ്രക്ഷോഭങ്ങളിലൂടെ റിപ്പബ്ലിക്കൻ ഭരണത്തെ ജനാധിപത്യവൽക്കരിച്ച അടിസ്ഥാന വർഗ്ഗങ്ങൾക്ക് ഡെമോക്രസിയിൽ എത്രമാത്രം രാഷ്ട്രീയ പ്രവേശനം സാധ്യമായി? അഥവാ ഡെമോക്രാറ്റിക് റിപ്പബ്ലിക് ജനാധിപത്യവൽക്കരണത്തിൻ്റെ പരിസമാപ്തിയായി കരുതാമോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജനാധിപത്യ സമരങ്ങളിൽനിന്ന് ഉയർന്നുവന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളും, അവയെ പോലെ ജനകീയരൂപം സ്വീകരിക്കാൻ നിർബന്ധിതമായ വ്യവസ്ഥാപിത പാർലമെൻ്ററി പാർട്ടികളും ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലേക്കുള്ള പരിവർത്തനത്തിൽ സ്വയം ആന്തരികമായ ജനാധിപത്യവൽക്കരണം എത്രത്തോളം സാധ്യമാക്കി എന്നതാണ് ഇവിടെ പ്രധാനപ്പെട്ട ചോദ്യം.

ലോകം രാഷ്ട്രീയമായി ജനാധിപത്യത്തിലേക്കു പ്രവേശിച്ചപ്പോൾ പാർട്ടികൾക്കുള്ളിലേക്കു ജനാധിപത്യത്തിനു കടന്നുവരാൻ അനുവാദം കിട്ടിയോ? അതായത് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ സാധാരണക്കാരായ പൗരഗണങ്ങൾക്ക് എത്രത്തോളം സ്വതന്ത്രമായ അഭിപ്രായവും പങ്കാളിത്തവും സാധ്യമായി? പാർട്ടികളും ഡെമോക്രാറ്റിക് റിപ്പബ്ലിക്കുകളായി പരിവർത്തനപ്പെട്ടോ?

(തുടരും)


Summary: Ashok Kumar. V writes about Democratic Republic, The ruling party's government invasions series part 4 chapter 2.


അശോകകുമാർ വി.

എഴുത്തുകാരൻ. രാഷ്ട്രീയം, സമൂഹം , സംസ്‌ക്കാരം, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എഴുതുന്നു.

അറിവിൻ്റെ ആപൽക്കരമായ തൂവൽസ്പർശം: നവലിബറലിസം -സാംസ്കാരിക പഠനങ്ങൾ, പരിസ്ഥിതി പ്രവർത്തനം: വീട്ടിലും വിദ്യാലയത്തിലും, രോഗം തരുന്ന വെളുത്ത ചോറ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments