മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനാർഥിത്വം മാത്രമല്ല, ഇത്തവണ ധർമടത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. യു.ഡി.എഫിനെ അവസാനനിമിഷം വരെ അനിശ്ചിതത്വത്തിലാക്കി, കെ. സുധാകരന്റെ നേതൃത്വത്തിൽ നടന്ന സ്ഥാനാർഥി നാടകം ശൂന്യതയിൽ അവസാനിച്ചു. മറ്റൊന്ന്, വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ, നീതിക്കുവേണ്ടി നടത്തുന്ന മത്സരം.
ശക്തനെ തേടി ഒടുവിൽ മുട്ടിടിച്ചുവീണ കഥയാണ് ധർമടത്ത് കോൺഗ്രസിന് പറയാനുള്ളത്. 2011ലെ ആദ്യ മത്സരവും അങ്ങനെയായിരുന്നു. അന്ന് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. നാരായണനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. കെ.പി.സി.സി. നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ യു.ഡി.എഫ് സ്ഥാനാർഥി.
ഇന്നത്തെപ്പോലെയല്ല, ആരാണ് ശക്തൻ എന്ന് മുൻകൂട്ടി പറയാനാകാത്ത സ്ഥിതി. സി.എം.പിക്ക് വിട്ടുകൊടുത്ത മണ്ഡലം അവസാന നിമിഷമാണ് അവരിൽനിന്ന് ഏറ്റെടുത്ത് ദിവാകരനെ പ്രഖ്യാപിച്ചത്.
എന്നാൽ, പത്രിക നൽകേണ്ട അവസാന ദിവസമായിട്ടും കൈപ്പത്തി അനുവദിച്ചുകൊണ്ടുള്ള കെ.പി.സി.സിയുടെ കത്ത് കണ്ണൂരിലെത്തിയില്ല. കത്ത് എത്തിക്കാൻ തയാറാക്കിയ ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചതോടെ ദിവാകരന് സ്വതന്ത്രനായി മത്സരിക്കേണ്ടിവന്നു, ബാറ്റ് ചിഹ്‌നത്തിൽ. ജയിച്ചത് നാരായണൻ, 15,162 വോട്ടിന്റെ ഭൂരിപക്ഷത്തിൽ.
2016ൽ പിണറായി വിജയനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി; ഭൂരിപക്ഷം 36,905 വോട്ട്. ഇത്തവണ ഇത് അര ലക്ഷമെങ്കിലും ആകുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. യു.ഡി.എഫിന്റെ അങ്കലാപ്പ് കണ്ടാൽ, തീർത്തും വസ്തുനിഷ്ഠമായ ഒരു പ്രതീക്ഷ.
2016ലും ദിവാകരൻ തന്നെയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. അതും അവസാന നിമിഷമാണ് തീരുമാനമായത്. കണ്ണൂർ മുൻ നഗരസഭാ ചെയർപേഴ്‌സൺ എം.സി. ശ്രീജയെ സ്ഥാനാർഥിയാക്കാനായിരുന്നു ഡി.സി.സി നിർദേശം. ഒടുവിൽ 'ദുരൂഹ' സാഹചര്യത്തിൽ നാരായണൻ പൊട്ടിവീണു. ഇത്തവണ ചാവേറാകാൻ താനില്ലെന്നായിരുന്നു ദിവാകരന്റെ പക്ഷം.
ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജനെ വരെ യു.ഡി.എഫ് കിണഞ്ഞുശ്രമിച്ചു. ഡൽഹിയിൽ ചെന്നാൽ ഒന്നിച്ചിരിക്കേണ്ടവരാണ് ‘ഞാനും പിണറായിയും' എന്ന് ചൂണ്ടിക്കാട്ടി ദേവരാജൻ ഒഴിഞ്ഞു. സ്ഥാനാർഥിയെ തേടി യു.ഡി.എഫ് പരം പായുമ്പോഴാണ് വാളയാറിലെ അമ്മ എത്തുന്നത്. അവരെ പിന്തുണക്കാമെന്നായി കെ.പി.സി.സി പ്രസിഡൻറ് അടക്കമുള്ളവർ. അപ്പോഴാണ്, പിണറായിയെ നേരിടാൻ നേമത്തേതുപോലെ ഒരു ശക്തനെ കണ്ടെത്തണമെന്ന പ്രചാരണം ആരോ ആർക്കുവേണ്ടിയോ അഴിച്ചുവിട്ടത്.
കണ്ണൂരിലെ കോൺഗ്രസിലെ ശക്തൻ ആരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് എൽ.ഡി.എഫിന്റെ ഭൂരിപക്ഷം വെറും 4099 വോട്ടായിരുന്നു. കെ. സുധാകരനാണ് ഈ ചെറിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിനെ പിടിച്ചുകെട്ടിയത്. അതുകൊണ്ട് പിണറായിക്കെതിരെ സുധാകര വിജയം നിഷ്പ്രയാസമാണ് എന്ന ഒരു തിയറി കെ.പി.സി.സിയിലും ഹൈക്കമാൻഡിലും സമർപ്പിച്ചു. ഒരുനിമിഷം സുധാകരനും ഒന്നു പതറി, എങ്ങാനും ഈ കണക്ക് ശരിയായി വന്നാലോ?
എന്നാൽ, കണ്ണൂരിലെ കോൺഗ്രസിൽ ബുദ്ധിയുള്ളവർ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് തെളിയിച്ച്, പൊടുന്നനെ സുധാകരൻ പിന്മാറി. പിണറായി വിജയനോട് തോറ്റാൽ പിന്നെ കണ്ണൂരിലൂടെ നെഞ്ചുംവിരിച്ച് നടക്കാൻ പറ്റില്ല. ഒരു ദിവസം രാവിലെ മുതൽ ഉച്ചവരെ ചാനൽ കാമറകൾക്ക് ഉത്സവമായി നാടകം നീണ്ടു.
ഒടുവിൽ സുധാകരനങ്ങ് പ്രഖ്യാപിച്ചു; ജില്ലയിലെ അണികളുടെ സമ്മർദം ഭയങ്കരം, അവരിൽനിന്ന് രക്ഷപ്പെടാനാകുന്നില്ല. മാത്രമല്ല, കണ്ണൂരിൽ ഇത്തവണ അഞ്ച് മണ്ഡലങ്ങളെങ്കിലും യു.ഡി.എഫ് ജയിക്കേണ്ടതുണ്ട്, അവിടെയെല്ലാം താൻ തന്നെ നേരിട്ടുപോയി വോട്ടുപിടിക്കണം. സ്ഥാനാർഥിയാകാൻ ഇനി സമയവുമില്ല... ധർമടത്തെ ‘ഉറപ്പായ' വിജയം കൈവിട്ടതിലുള്ള നിരാശയുടെ പടുകുഴിയിൽ പതിച്ചു; കെ.പി.സി.സിയും ഹൈക്കമാൻഡും.
ഒടുവിൽ ശക്തനാണോ അശക്തനാണോ എന്ന് ജനം തീരുമാനിക്കാനിരിക്കുന്ന ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് യു.ഡി.എഫ് സ്ഥാനാർഥിയായി. ഇനി, സുധാകരൻ നേരിട്ടുപോയി അങ്കംവെട്ടി നേടിയെടുക്കുന്ന അഞ്ചു സീറ്റുകളിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ മുഴുവൻ. ധർമടം എന്ന ഒറ്റ സീറ്റിനുപകരം യു.ഡി.എഫിന് സുധാകരൻ സമ്മാനിക്കാൻ പോകുന്നത് അഞ്ചു സീറ്റുകളാണ് എന്നും ഓർക്കണം.
തന്റെ മക്കൾക്ക് നീതി തേടിയാണ് വാളയാറിലെ അമ്മ മത്സരിക്കുന്നത്. അവർക്ക് പല കോണുകളിൽനിന്നും പിന്തുണയും ലഭിക്കുന്നുണ്ട്.
മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പത്മനാഭനാണ് പിണറായിക്കെതിരെ മത്സരിക്കുന്നത്.
എട്ടു പഞ്ചായത്തുകളിൽ ഏഴും എൽ.ഡി.എഫാണ് ഭരിക്കുന്നത്. കടമ്പൂർ പഞ്ചായത്തിൽ ഒരു സീറ്റിന്റെ വ്യത്യാസത്തിനാണ് യു.ഡി.എഫ് ഭരണം പിടിച്ചത്.
മണ്ഡലം പുനർനിർണയത്തോടെ ഇല്ലാതായ എടക്കാട് മണ്ഡലത്തിന്റെയും തലശ്ശേരി മണ്ഡലത്തിന്റെയും പ്രദേശങ്ങൾ ചേർത്താണ് 2008ൽ ധർമടം രൂപീകരിച്ചത്.