"കെ.എസ്.യുക്കാർ കത്തിയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താൻ പോയ ചരിത്രം കേരളത്തിലില്ല. നെഞ്ചിൽ കൈവച്ച് തനിക്ക് അത് പറയാൻ കഴിയും. എന്നാൽ എസ്.എഫ്.ഐക്കാർ കൊലപ്പെടുത്തിയ കെ.എസ്.യുക്കാരുടെ മൺകൂനകൾ കേരളത്തിലുടനീളം കാണാൻ കഴിയും. മഹാഭൂരിപക്ഷം വരുന്ന രക്തസാക്ഷികൾ കെ.എസ്.യുക്കാരാണ്. നൂറുകണക്കിന് കെ.എസ്.യു പ്രവർത്തകരുടെ രക്തസാക്ഷിത്വമാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിട്ടുള്ളത്' എന്നായിരുന്നു പൈനാവ് എഞ്ചിനീയറിംഗ് കോളെജിലെ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തേക്കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. പോരാത്തതിന് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങൾ ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണവും കെ. സുധാകരൻ ഉന്നയിച്ചു. കോൺഗ്രസ്- യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകരാണ് കൊലപാതകവും കത്തിക്കുത്തും നടത്തിയത് എന്ന് വ്യക്തമായിക്കഴിഞ്ഞാണ് കെ. സുധാകരൻ ഇങ്ങനൊരു പ്രതികരണം നടത്തിയത്.
കോൺഗ്രസാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടുതന്നെ സംഘടനയ്ക്ക് അതിജീവിക്കാനുള്ള സാഹചര്യമൊരുക്കേണ്ട ഉത്തരവാദിത്തം കെ.പി.സി.സി. പ്രസിഡന്റിന് തന്നെയാണ്. പക്ഷേ പെരും നുണകളുടെ കോട്ട കെട്ടിക്കൊണ്ട് പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് ചരിത്ര നിഷേധമാണ്, അതിനപ്പുറം കൊല്ലപ്പെട്ടവരോടുള്ള മര്യാദകേടും നീതിനിഷേധവുമാണ്. "ജനാധിപത്യ പാർട്ടി ' എന്ന കോൺഗ്രസിന്റെ സ്വയംവിശേഷണത്തിന് ചേർന്ന രീതിയല്ല അത്. വലിയ നുണകൾ കൊണ്ട് പൊതുബോധത്തെ അട്ടിമറിക്കുക എന്ന ഫാസിസ്റ്റ് ബുദ്ധിയുടെ സംഘപരിവാർ മോഡൽ പ്രയോഗമാണ് കെ. സുധാകരൻ നടത്തിയത്. കായികമായ സംഘർഷങ്ങൾ കേരളത്തിലെ കാമ്പസുകളിൽ നടത്തിയിട്ടുള്ള സംഘടന തന്നെയാണ് എസ്.എഫ്.ഐ. പക്ഷേ ഒരൊറ്റ കെ.എസ്.യുക്കാരനും എസ്.എഫ്.ഐക്കാരാൽ കാമ്പസിൽ കൊല്ലപ്പെട്ടിട്ടില്ല എന്നതാണ് സത്യം. കെ. സുധാകരന്റെ കണക്കിൽ നൂറുകണക്കിന് കെ.എസ്.യു. പ്രവർത്തകരാണ് എസ്.ഫ്.ഐക്കാരാൽ കൊല്ലപ്പെട്ടിട്ടുള്ളത്!. അന്തിച്ചർച്ചവരെയെങ്കിലും ആരും എതിർക്കാത്ത ആരോപണങ്ങളായി കെ. സുധാകരന്റെ വാക്കുകൾ സ്‌ക്രീനിൽ നിറഞ്ഞു.
ഈ അസത്യപ്രചാരണത്തിൽ മുഖ്യധാരാ മാധ്യമങ്ങൾ അളവറ്റ പിന്തുണയാണ് എല്ലാക്കാലത്തും കോൺഗ്രസിനും കെ.എസ്.യുവിനും കൊടുത്തിട്ടുള്ളത്. പുതിയ കാലത്ത് ആ പിന്തുണ സംഘപരിവാറിനും കിട്ടുന്നുണ്ട്. കാമ്പസുകളിലെ കൊലപാതകികൾ എസ്.എഫ്.ഐക്കാരല്ല എന്ന് ഡാറ്റ വച്ച് തിരുത്താൻ ശ്രമിക്കുന്ന ഏതൊരു മാധ്യമപ്രവർത്തകനും അയാളുടെ സ്ഥാപനത്തിൽ പക്ഷപാതി എന്ന ചാപ്പ കിട്ടും. നുണ വസ്തുതയേയും യുക്തിയേയും അതിജീവിക്കുന്ന കാലം എന്ന് നവ വലത് മുന്നേറ്റകാലത്തെ ഇപ്പോൾ നിർവ്വചിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മാധ്യമങ്ങളിൽ "പോസ്റ്റ് ട്രൂത്ത് കാലം' ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ഇത്തരം വാർത്തകളുടെ കാര്യത്തിൽ എപ്പോഴാണ് മാധ്യമങ്ങളിലെ "സത്യകാലം' എന്ന് ചിന്തിച്ചാൽ ഉത്തരമുണ്ടാവില്ല. കെ.എസ്.യുവിന്റെ രക്തസാക്ഷിപ്പട്ടികയിലെ പ്രധാനിയായ "തേവര മുരളി'യുടെ കാര്യം തന്നെ എടുക്കാം."മാധ്യമങ്ങൾ കെ.എസ്.യുവിന് സംഭാവന ചെയ്ത രക്തസാക്ഷി' എന്നുവേണം പറയാൻ. മുതിർന്ന പത്രപ്രവർത്തകനായിരുന്ന എൻ.എൻ. സത്യവ്രതൻ "വാർത്ത വന്ന വഴി' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ആ സംഭവം വിശദീകരിക്കുന്നുണ്ട്. "മുൾജി മുരളിയായി; സമരത്തിരയിളകി' എന്ന അധ്യായത്തിലാണ് 1968ൽ നടന്ന സമരത്തേക്കുറിച്ച് എഴുതുന്നത്.
1968ൽ ഉമ്മൻചാണ്ടി നയിച്ച കെ.എസ്.യു. സമരത്തിനുനേരെ തേവര കവലയിൽ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. ഗുജറാത്തിയായ മുൾജി എന്ന വിദ്യാർത്ഥിക്കും പോലീസിന്റെ ലാത്തിയടിയേറ്റു. മുൾജി ലാത്തിയടിയേറ്റ് കാനയിൽ വീഴുന്നത് നേരിട്ടുകണ്ട മാതൃഭൂമി ലേഖകനായിരുന്ന എൻ.എൻ. സത്യവ്രതൻ വാർത്ത വിശദമായിത്തന്നെ റിപ്പോർട്ട് ചെയ്തു. പിറ്റേന്ന് "പോലീസ് ലാത്തിച്ചാർജ്ജിൽ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു' എന്ന് വിവരം കോൺഗ്രസ് നേതാക്കൾ തന്നെയാണ് എൻ.എൻ. സത്യവ്രതനെ അറിയിച്ചത്. പത്രം എടുത്ത് വായിച്ച എൻ.എൻ. സത്യവ്രതൻ ഞെട്ടി. "മുൾജിക്ക് പരുക്കേറ്റു' എന്നാണ് സത്യവ്രതൻ റിപ്പോർട്ട് ചെയ്തത് എന്നാൽ അങ്ങനൊരു പേര് കേട്ടിട്ടില്ലാത്ത പ്രൂഫ് റീഡർ "മുൾജി' എന്ന പേര് തിരുത്തി "മുരളി' ആക്കിയിരിക്കുന്നു. സംഘടനാപ്രവർത്തനത്തിനോ സമരത്തിനോ പോവാത്ത ഫോർട്ടുകൊച്ചിക്കാരനായ മുരളി എന്ന മറ്റൊരു വിദ്യാർത്ഥിയുടെ മരണം ആരോഗ്യപ്രശ്‌നങ്ങളാലായിരുന്നു എന്ന് സത്യവ്രതൻ കോൺഗ്രസ് നേതാക്കളോട് തന്നെ പറഞ്ഞുനോക്കിയെങ്കിലും തിരുത്തേണ്ട എന്ന തീരുമാനത്തിലായിരുന്നു ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളും അവരെ പിന്തുണച്ചിരുന്ന മാധ്യമങ്ങളും. ഏതായാലും "മുൾജി മുരളിയായതോടെ' സമരം കടുത്തു. കെ.എസ്.യുവിന്റെ ആദ്യ രക്തസാക്ഷിയായി "തേവര മുരളി' അനശ്വരനായി. മുരളി രാഷ്ട്രീയക്കാരനല്ലെന്ന് മുരളിയുടെ കുടുംബാംഗങ്ങൾ പറഞ്ഞുനോക്കിയെങ്കിലും കെ.എസ്.യുവിന്റെ സുവർണ്ണ ജൂബിലി ആഘോഷം നടന്നത് "മുരളി നഗറിൽ' ആയിരുന്നു എന്നതും "ആൾമാറാട്ട കഥ' വെളിപ്പെടുത്തിയ എൻ.എൻ. സത്യവ്രതന്റെ പുസ്തകം പ്രകാശനം ചെയ്തത് ആദ്യ കെ.എസ്.യു നേതാവായ വയലാർ രവി ആയിരുന്നു എന്നതും ചരിത്രം. ഇതാണ് സത്യാനന്തരകാലത്തിനുമുമ്പ് ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സത്യകാലത്തും മാധ്യമങ്ങൾ ചെയ്ത സേവനം.
"കെ.എസ്.യു -എസ്.എഫ്.ഐ. സംഘർഷത്തിൽ ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റ് മരിച്ചു' എന്ന മാധ്യമഭാഷയിൽ ശരികേടുണ്ട് എന്ന് മാധ്യമങ്ങൾക്ക് തിരിച്ചറിവുണ്ടാവുന്നത് സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ്. ആദ്യത്തെ അന്വേഷണത്തിൽത്തന്നെ ആസൂത്രിതകൊലപാതകമെന്ന് ഏത് മാധ്യമപ്രവർത്തകനും സംശയിക്കേണ്ട സംഭവമാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ നടന്നത്. സാങ്കേതിക സർവ്വകലാശാലയ്ക്കുകീഴിലെ കോളേജുകളിൽ തെരഞ്ഞടുപ്പ് നടന്നദിവസം പൊതുവെ സംഘർഷരഹിതമായിരുന്നു. പൈനാവ് എഞ്ചിനീയറിംഗ് കോളേജിൽ സംഘർഷസാധ്യതപോലും ആരും കരുതിയിട്ടില്ല. ഉച്ചവരെ പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തേയ്ക്കിറങ്ങിയ എസ്.എഫ്.ഐ. പ്രവർത്തകരായ വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത്. രണ്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കുമ്പോഴേയ്ക്ക് ഭക്ഷണം കഴിച്ച് തിരികെ എത്താനുള്ള തിടുക്കത്തിലായിരുന്നു വിദ്യാർത്ഥികൾ. അപ്പോഴാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി, വൈസ് പ്രസിഡന്റ് ജെറിൻ ജോജോ, കെ.എസ്.യു മണ്ഡലം കമ്മറ്റി പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസുകാർ കോളേജിന് പുറത്ത് സംഘടിച്ചെത്തിയത്. ഇവരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിക്കുന്നു. അതുവരെ അവിടെ സംഘർഷമുണ്ടായിട്ടില്ല എന്ന് എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജലജയും മാധ്യമങ്ങളോട് ആവർത്തിച്ച് പറയുന്നത് കേട്ടു. ധീരജ് രാജേന്ദ്രൻ, അഭിജിത് ടി. സുനിൽ, അമൽ എ.എസ്. എന്നിവരെ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി കുത്തി വീഴത്തുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. കമ്പ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായ ധീരജ് ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചു. മൂന്നുപേർക്കും കുത്തേറ്റത് നെഞ്ചിനുതന്നെയാണ്. ആസൂത്രിതമായ ആക്രമണം കൊലപ്പെടുത്താൻ തന്നെയായിരുന്നു എന്ന് വിദ്യാർത്ഥികൾ സംശയിക്കുന്നതും ആക്രമണത്തിന്റെ ഈ സ്വഭാവം കൊണ്ടാണ്. പോളിങ്ങിന് ശേഷം കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് അലക്‌സ് റാഫേലാണ് യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചുവരുത്തിയതെന്നാണ് എസ്.എഫ്.ഐ. പ്രവർത്തകർ ആരോപിക്കുന്നത്. ഇത്രയും കാര്യങ്ങൾ ആക്രമണത്തിന് തൊട്ടുപിന്നാലെ വ്യക്തമായിട്ടും എന്തിനാണ് "എവിടെനിന്നോ വന്ന കുത്ത് ഏറ്റുവാങ്ങുകയായിരുന്നു' ധീരജും സുഹൃത്തുക്കളും എന്ന മട്ടിൽ മണിക്കൂറുകളോളം റിപ്പോർട്ട് ചെയ്തത്?! ഇല്ലാത്ത ഏറ്റുമുട്ടലിന്റെ പശ്ചാത്തലം വിവരിക്കാൻ പാടുപെട്ട റിപ്പോർട്ടർമാരോട് അവതാരകർക്ക് മണിക്കൂറുകളോളം ആവർത്തിക്കാനുണ്ടായിരുന്ന ചോദ്യങ്ങളും ഏറ്റുമുട്ടലിനേക്കുറിച്ചായിരുന്നു. "എസ്.എഫ്.ഐ. പ്രവർത്തകൻ കുത്തേറ്റ് മരിച്ചു ' എന്ന പ്രയോഗത്തിൽനിന്ന് "എസ്.എഫ്.ഐ. പ്രവർത്തകനെ കുത്തിക്കൊന്നു ' എന്ന പ്രയോഗത്തിലേയ്ക്ക് നടന്നുതീർക്കാൻ ഒരു സബ് എഡിറ്റർക്ക് ആയിരം വട്ടം ആലോചിക്കേണ്ട സാഹചര്യമാണ് ന്യൂസ് ഡസ്‌കുകളിലുള്ളത് എന്ന് അറിയാതെയല്ല ഇത് പറയുന്നത്.
എസ്.എഫ്.ഐക്കാർ 35 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതും അതിൽ പത്തുപേരെ കൊന്നത് കെ.എസ്.യു -കോൺഗ്രസ് പ്രവർത്തകരാണ് എന്നതും വസ്തുതയായി മുന്നിലുള്ളപ്പോഴും അത് ചൂണ്ടിക്കാട്ടാൻ അവതാരകർക്കും റിപ്പോർട്ടർമാർക്കും അങ്കലാപ്പാണ്. അതുകൊണ്ടുതന്നെയാണ് ധീരജിന്റെ മൃതദേഹത്തിന്റെ ചൂട് മാറുംമുമ്പ് നുണ പറയാനും പ്രചരിപ്പിക്കാനും കെ.പി.സി.സി. പ്രസിഡന്റിനും ചില അനുയായികൾക്കും കഴിയുന്നത്. നുണ ഒരു പ്രതിരോധ ആയുധമാക്കാൻ തീരുമാനിച്ചാൽ മുഖ്യധാരാ മാധ്യമങ്ങൾക്കപ്പുറം അതിന് നിലനിൽപ്പുണ്ടാവില്ല. അത് തിരിച്ചറിയുന്ന പക്വതയുള്ള പല കോൺഗ്രസ് നേതാക്കളും മാന്യതയുള്ള പ്രതികരണങ്ങൾ നടത്തുന്നതും കണ്ടു. ഒരു കൊലപാതകവും ആഘോഷിക്കപ്പെടേണ്ടതല്ല, പക്ഷേ ധീരജിന്റെ കൊലപാതകത്തിനുശേഷം കെ. സുധാകരന്റെ കോൺഗ്രസ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും നടത്തുന്ന ആണൂറ്റ ആഘോഷങ്ങൾ പേടിപ്പെടുത്തുന്നതാണ്. ശേഷിയുടേയും കരുത്തിന്റേയും മുന്നേറ്റത്തിന്റേയും അടയാളമല്ല ഒരു കൊലപാതകവും.
കൊല നടത്തിയ രീതിയും തീർച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. കൊലയ്ക്ക് ശേഷം സംഘപരിവാറിന്റെ ശൈലിയാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചതെങ്കിൽ പ്രൊഫഷണൽ ക്രിമിനലുകളുടെ രീതിയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണത്തിന് സ്വീകരിച്ചത്. ധീരജിനെ സ്വന്തം ശരീരത്തോട് ചേർത്തുനിർത്തിയ നിഖിൽ പൈലി വാരിയെല്ലുകൾക്കിടയിലൂടെ ഹൃദയത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ മറ്റുരണ്ടുപേരും കൊല്ലപ്പെട്ടില്ലല്ലോ എന്ന് ആശ്വസിക്കാം, കാരണം അവരെ കുത്തിയതും നെഞ്ചിൽത്തന്നെയാണ്. മഹാരാജാസ് കോളെജിലെ അഭിമന്യുവിന്റെ കൊലയ്ക്ക് ശേഷം പോപ്പുലർ ഫ്രണ്ട് ആരോപിച്ചതിന് സമാനമായി സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നമാണ് ധീരജിന്റെ കൊലപാതകത്തിന് കാരണമെന്ന് ആരോപിച്ചത് കോൺഗ്രസിന്റേയും കെ.എസ്.യുവിന്റേയും അധ്യക്ഷൻമാരാണ്.
1992 ഫെബ്രുവരി 29ന് തൃശൂരിൽ ഇന്റർ സോൺ യുവജനോത്സവവേദിയിൽ കെ.എസ്.യു. പ്രവർത്തകരാൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് കൊച്ചനിയന് സംഭവിച്ചതിന് സമാനമാണ് ധീരജിന്റെ കൊലപാതകം. നിരായുധനായ കൊച്ചനിയനെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തിയത് പ്രത്യേകിച്ച് സംഘർഷമൊന്നുമില്ലാത്ത ഒരു യുവജനോത്സവകാലത്താണ്. ഏറെപ്പേർക്ക് അപ്രിയമായേക്കാവുന്നതാണ് കാമ്പസ് കൊലപാതകങ്ങളുടെ കണക്കിലെ സത്യം. പക്ഷേ സത്യം സത്യമല്ലാതാവുന്നില്ല, അതുകൊണ്ടുതന്നെ സത്യം പറയാതിരിക്കാനുമാവില്ല.