എസ്. ശാരദക്കുട്ടി: എഴുത്തുകാരുടെ രാഷ്ട്രീയം അവരുടെ എഴുത്തിന്റെ നിഹിതാർഥങ്ങളിൽ സൂക്ഷ്മമായി പ്രതിഫലിക്കുന്നതാണോ അതോ ഉടന്തടി പ്രതികരണങ്ങളിലൂടെ ഉച്ചഭാഷണമാകേണ്ടതാണോ ശരി? ടീച്ചർ അതിനെ എങ്ങനെ കാണുന്നു?
സാറാ ജോസഫ്: എന്റെ നീതിബോധമാണ് എന്റെ രാഷ്ട്രീയത്തെ നിർണയിച്ചിട്ടുള്ളത്. അത് എന്റെ എഴുത്തിന്റെ ആന്തരശക്തിയാണ്. സൗന്ദര്യവും അതുതന്നെ. ജീവിതത്തെയും കലയെയും ഞാൻ വ്യാഖ്യാനിക്കുന്നത് എന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ്. നീതി നിഷേധിക്കുന്നവരെയോ വ്യവസ്ഥയെയോ പറ്റിയല്ല, നീതി നിഷേധിക്കപ്പെടുന്നവരെയും വ്യവസ്ഥയെയും പറ്റിയാണ് എന്റെ ഉത്കണ്ഠ. അനീതിയുടെ വറചട്ടിയിൽ പൊട്ടിത്തെറിക്കുന്ന ജീവിതമാണ് ഞാനെഴുതേണ്ടിവരുന്നത്. ഞാനെഴുതുമ്പോൾ അത് അന്തർധാരയായി പ്രവർത്തിച്ചുകൊണ്ടിരിക്കും. മുങ്ങിയും പൊങ്ങിയും ചിലപ്പോൾ നിഗൂഢമായും ചിലപ്പോൾ പ്രകടമായും അത് എന്റെ എഴുത്തിൽ പ്രതിഫലിക്കുന്നുണ്ടാവും. അങ്ങനെയാണോ എഴുതേണ്ടത് എന്ന് ഞാൻ ആശങ്കപ്പെടാറില്ല. അങ്ങനെയാണ് "ഞാനെഴുതുക' എന്നേ എനിയ്ക്കറിയൂ.
എനിയ്ക്ക് "നീതി'യായിരിക്കുന്നത് മറ്റൊരാൾക്ക് "അനീതി'യായിരിക്കാം. ജാതിവിവേചനത്തിന്റെ നാറുന്ന ചളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് അതായിരിക്കും "നീതി'യായി ബോധ്യപ്പെടുന്നത്. അവരിൽ എഴുത്തുകാരും കലാകാരരും വായനക്കാരും നീതിപാലകരും ന്യായാധിപരും ഉണ്ട്. അവർ കൂടി ഉൾപ്പെടുന്നതാണ് സമൂഹം. പല "നീതി'കളുടെ വൈരുദ്ധ്യവും ഏറ്റുമുട്ടലുകളുമാണ് ദൈനംദിന വ്യാപാരം. ദൈനംദിനത്തിനും ഉടന്തടി പ്രതികരണങ്ങൾക്കും അപ്പുറത്തേയ്ക്ക് ഉയരത്തിൽ, ആഴത്തിൽ, സമൂഹ ജീവിതാവസ്ഥയെ ആഖ്യാനം ചെയ്യുന്നതാവണം എഴുത്ത്. അതുകൊണ്ട് വർത്തമാനത്തോടല്ല, ഭാവിയോടാണ് എഴുത്തുകാരുടെ സംവാദം നടക്കേണ്ടത്.
എഴുത്തിലെ പ്രതിബദ്ധതെയന്നാൽ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തോടോ പാർട്ടിയോടോ ഉള്ള പ്രതിബദ്ധതയാണെന്ന് കരുതുന്ന എഴുത്തുകാർക്ക് അവരെത്ര വലിയ എഴുത്തുകാരായാലും, ചിന്താ സ്വാതന്ത്ര്യമടക്കം പണയം വെച്ച് എഴുതേണ്ടിവരുന്നു.
സമൂഹത്തെ നന്നാക്കാനുള്ള പ്രതിബദ്ധത മാത്രമായി ചുരുങ്ങുന്ന എഴുത്തിനോടുള്ള പ്രതിപത്തിക്ക് സർഗ്ഗാത്മക എഴുത്തുകാർ വശംവദരായി പോകുന്നതിൽ ഒബ്‌ജെക്റ്റിവായി എഴുതാനുള്ള പ്രാപ്തിക്കുറവു കൂടി ഒരു കാരണമാകുന്നുണ്ടോ? നമ്മുടെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയാണ് കാരണം എന്നു എളുപ്പത്തിൽ വേണമെങ്കിൽ പറയാം. നന്മ-തിന്മകളെ അളക്കാനുള്ള ഈ ഉത്സാഹം മലയാള സാഹിത്യത്തെ പിന്നോട്ടടിക്കുന്നുണ്ടോ?
സമൂഹത്തെ നന്നാക്കാൻ വേണ്ടി മാത്രം ഒരാൾക്ക് എഴുതാൻ കഴിയുമോ എന്നെനിയ്ക്കറിയില്ല. അതേസമയം, സാമൂഹ്യാവസ്ഥ എന്തെന്ന് എഴുത്തിലൂടെ വെളിപ്പെടുത്താൻ എഴുത്തുകാർക്ക് കഴിയും. കഴിയണം. ‘സംക്രമണം' എന്ന കവിതയിൽ സമൂഹത്തിൽ സ്ത്രീയുടെ അവസ്ഥയെന്തെന്ന്- ഒരു കുറ്റിച്ചൂല്, ഒരു നാറത്തേപ്പ്, ഞണുങ്ങിയ വക്കാർന്നൊരു കഞ്ഞിപ്പാത്രം, ഒരട്ടി മണ്ണവൾ - ആറ്റൂർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിന് വേണമെങ്കിൽ ലജ്ജിക്കാം, പരിതപിക്കാം, തിരുത്താം, നന്നാവാം.
എഴുത്തിലെ പ്രതിബദ്ധതെയന്നാൽ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തോടോ പാർട്ടിയോടോ ഉള്ള പ്രതിബദ്ധതയാണെന്ന് കരുതുന്ന എഴുത്തുകാർക്ക് അവരെത്ര വലിയ എഴുത്തുകാരായാലും, ചിന്താ സ്വാതന്ത്ര്യമടക്കം പണയം വെച്ച് എഴുതേണ്ടിവരുന്നു. പ്രചാരണ സാഹിത്യത്തേക്കാൾ അപകടമാണത്.
ആക്ടിവിസം ടീച്ചറുടെ രചനകൾക്ക് കൂടുതൽ ലക്ഷ്യബോധവും കരുത്തും നൽകിയിട്ടുണ്ട്. ഉറച്ച ശബ്ദങ്ങളാണ് ടീച്ചർ കേൾപ്പിക്കുന്നത്. അതു ബോധപൂർവമാണെന്നും പറഞ്ഞിട്ടുണ്ട്. തീർച്ചയായും, ഡി.എൻ.എ പോലെ സ്വന്തം ശബ്ദം രചനകളിൽ വരും. പക്ഷെ, ഒരു റിപ്പോർട്ടറുടേതു പോലെ നിഷ്പക്ഷമായ മനോഭാവമാണ് എഴുത്തിൽ ഉണ്ടാകേണ്ടത് എന്ന് തോന്നിയിട്ടുണ്ടോ? വാക്കിനെയാണ്, അല്ലെങ്കിൽ ശൈലിയെ ആണ് നമ്മൾ ആഘോഷിക്കേണ്ടത്? പറയാനുള്ളത് ഇത്രയും ഉച്ചത്തിൽ വിളിച്ചുപറയേണ്ട കാര്യമുണ്ടോ?
ജനങ്ങളുമായി നേരിട്ടിടപഴകലാണ് ആക്ടിവിസത്തിൽ സംഭവിക്കുന്നത്. അവരുടെ പ്രശ്‌നങ്ങളിൽ അവരോടൊപ്പം നിന്ന് പ്രവർത്തിക്കലാണത്. അവർക്ക് ആവിഷ്‌കരിക്കാൻ കഴിയാത്തവയെ ആവിഷ്‌കരിക്കാൻ എഴുത്തുകാർക്ക് കഴിയുമെന്ന അവരുടെ വിശ്വാസത്തെ, പ്രതീക്ഷയെ ബഹുമാനിക്കലാണത്. എഴുത്തുകാരൻ/ എഴുത്തുകാരി ആൾക്കൂട്ടത്തിന് നടുവിലായിരിക്കുമ്പോൾ അവർ ചൂണ്ടിക്കാണിച്ചുതരുന്ന സത്യങ്ങളെ പുതിയൊരു വെളിച്ചത്തിൽ തിരിച്ചറിയാനാവുന്നു. "ജനാധിപത്യ'ത്തിൽ ജനങ്ങൾക്കുനേരെ നടക്കുന്ന നീതിനിഷേധങ്ങളെ, ആക്രമണങ്ങളെ, അവകാശലംഘനങ്ങളെ തിരിച്ചറിയുകയും അവർക്കുവേണ്ടി അധികാര സ്ഥാപനങ്ങളോട് സംസാരിക്കുകയും കലഹിക്കുകയും നിയമപോരാട്ടം നടത്തുകയും ചെയ്യുന്നു. സർവോപരി തങ്ങൾക്കെന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരെ ഐക്യപ്പെടുത്താനും കഴിയുന്നു. അവരുടെ പോരാട്ടങ്ങളിൽ പങ്കാളിയാവുകയെന്നാൽ വലിയൊരു തിരിച്ചറിവ് നേടുകയെന്നാണർഥം. ഈ തിരിച്ചറിവ് എഴുത്തിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. അബോധപൂർവം അത് കടന്നുവരും. എഴുത്തിൽ അതുവരെ തിരിച്ചറിയാതെപോയ പലതിനെയും തിരുത്തിയെടുക്കും. നിഷ്പക്ഷരായിരിക്കാൻ എഴുത്തുകാർക്ക് അവകാശമില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജനങ്ങളോടൊപ്പം നിൽക്കുകയും സ്വതന്ത്രമായി ചിന്തിക്കുകയും സ്വതന്ത്രമായി എഴുതുകയും ചെയ്യാനുള്ള ബാധ്യത എഴുത്തുകാർക്കുണ്ട്. അതിന്റെ ആവശ്യമില്ലെന്ന് കരുതാനുള്ള മറ്റ് എഴുത്തുകാരുടെ അവകാശത്തെ നിഷേധിക്കുന്നില്ല. എന്നെ സംബന്ധിച്ച് എഴുത്ത് വാക്കിന്റെയും ശൈലിയുടെയും ആഘോഷമാകുന്നത് അത് സ്വതന്ത്രചിന്തയിലും നിർഭയത്വത്തിലും നിന്ന് പുറപ്പെടുമ്പോഴാണ്.
എന്റെ കൃതികളിലെ സൂക്ഷ്മരാഷ്ട്രീയം എന്റെ വായനക്കാരോട് സംവദിക്കും. ആരുടെയെങ്കിലും പൊളിറ്റിക്കൽ കറക്ട്നസ് ധാരണകളുടെ കുറ്റിയിൽ കൊണ്ടുചെന്ന് കെട്ടാനാവില്ല എഴുത്തിനെ.
‘പൊളിറ്റിക്കൽ കറക്റ്റ്നസ്’ വല്ലാത്ത ബാധ്യതയായി ഭീതിപ്പെടുത്തുന്നുണ്ടോ?
തീർച്ചയായും ഉണ്ട്. അത് സ്വതന്ത്രചിന്തയെയും സ്വതന്ത്രാവിഷ്‌കാരത്തെയും ബാധിക്കും. എഴുതുമ്പോൾ എന്റെ കൈപിടിയ്ക്കും. എന്റെ രാഷ്ട്രീയശരികളോട് യോജിക്കാത്ത കഥാപാത്രങ്ങളെയും എനിക്ക് സൃഷ്ടിക്കേണ്ടിവരും. അവർ ഉൾപ്പെടുന്ന സംഭവങ്ങളും അതിന്റെ ആഖ്യാനം പോലും എന്റെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായേക്കാം, അതേസമയം, എന്റെ കൃതികളിലെ സൂക്ഷ്മരാഷ്ട്രീയം എന്റെ വായനക്കാരോട് സംവദിക്കുകയും ചെയ്യും.
ആരുടെയെങ്കിലും പൊളിറ്റിക്കൽ കറക്ട്നസ് ധാരണകളുടെ കുറ്റിയിൽ കൊണ്ടുചെന്ന് കെട്ടാനാവില്ല എഴുത്തിനെ.
മഹാശ്വേതാദേവി ബംഗാളി ഭാഷയിലെ ഒരു ചൊല്ലിനെ കുറിച്ചു പറഞ്ഞിട്ടുണ്ട് , "ഒന്നും ചെയ്യാനില്ലാത്തവർ കാട്ടുപോത്തിനെ പിടിക്കാനിറങ്ങുന്നു’ എന്ന്. ‘അത്തരമൊരു നിരർഥകമായ ശ്രമത്തിലാണെന്നു സമ്മതിക്കുന്നു, തനിക്കതിൽ നാണിക്കാനൊന്നുമില്ല ' എന്നാണവർ പറഞ്ഞത്. എഴുത്തുകാർ സദാ നേരവും പൊളിറ്റിക്കലി കറക്റ്റ് ആയിരിക്കണമെന്ന നിർബ്ബന്ധം സർഗാത്മക സ്വാതന്ത്ര്യത്തിന് തടസമാകാറുണ്ടോ ?
ഇന്ത്യൻ ജനാധിപത്യത്തിലെ അഞ്ചാമത്തെ നെടുംതൂണാണ് സാഹിത്യമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് നീതിയെപ്പെറ്റി വിചാരണ നടത്തുന്നതുകൊണ്ടും സത്യം വിളിച്ചുപറയുന്നതുകൊണ്ടുമാണ് അങ്ങനെ പറയാൻ കഴിയുന്നത്. മൂടിവെക്കപ്പെടുന്ന നേരുകൾ പ്രത്യക്ഷപ്പെടുത്തുന്നതും പുതിയ നേരുകൾ സൃഷ്ടിക്കുന്നതും സാഹിത്യം തന്നെ. ജനാധിപത്യം അപകടകരമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ജീവിക്കുന്നവരാണ് നമ്മൾ.
ഫാസിസത്തിന്റെ കരിനിഴൽ പടർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ‘ഒരു കേന്ദ്ര മോദിയും ഏഴ് സംസ്ഥാന മോദിമാരും’ എന്നിങ്ങനെ ആ അവസ്ഥയെ ഒരെഴുത്തുകാരൻ വിശേഷിപ്പിച്ചുകഴിഞ്ഞു.
വിഭജനകാലത്തിന്റെ വേദനകൾ ആ കാലഘട്ടത്തിലെ എഴുത്തുകാരിലുണ്ടാക്കിയ അഗാധവ്യസനങ്ങളിൽ നിന്ന് ഒട്ടേറെ കൃതികളുണ്ടായി. എഴുത്തുകാർ വേട്ടയാടപ്പെടുന്ന, കൊല്ലപ്പെടുന്ന, തടവറിയലാക്കപ്പെടുന്ന ഇന്ത്യയിൽ ജീവിച്ചുകൊണ്ട്, എഴുത്തിനെ വീണമീട്ടലാക്കുക അസാധ്യം.
ബഹുസ്വര രാഷ്ട്രമെന്ന സങ്കൽപത്തെ തകർത്ത് ഹൈന്ദവരാഷ്ട്രത്തിലേക്ക് കുതിക്കുന്ന അവസ്ഥയിൽ പൗരത്വം പോലും നിഷേധിക്കപ്പെടുന്ന അനേകലക്ഷങ്ങൾ എഴുത്തുകാരുടെ വേദനയും വ്യസനവുമാകേണ്ടതാണ്. എഴുത്തുകാർ ഉറക്കെ ശബ്ദിക്കേണ്ടതും, അവരത് ചെയ്യുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതും, ഇത്തരം സന്ദർഭങ്ങളിലാണ്. അതേസമയം, എഴുത്തുകാരുടെ മൗനം മഹാവ്യസനമായി ജനങ്ങൾ തിരിച്ചറിയുമ്പോഴുണ്ടാകുന്ന നിരാശ കുറച്ചൊന്നുമല്ല.
അതേസമയം, വാക്കുകളെ വനരോദനമാക്കിത്തീർക്കാനുള്ള സംഘടിതശ്രമങ്ങൾക്കിടയിൽ എഴുത്തുകാർ പതുക്കെ നിശ്ശബ്ദരാക്കപ്പെടുന്നുമുണ്ട്. മടുപ്പിനും നിരാശയ്ക്കും മൗനത്തിനും അവകാശമില്ല എന്ന തിരിച്ചറിവിലാണ് പലപ്പോഴും പിന്നെയും ഞാൻ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യൻ /കേരളീയ രാഷ്ട്രീയത്തിൽ സർഗാത്മകതയും വിവേചനശക്തിയും നഷ്ടപ്പെട്ടുപോയവരുടെ മല്ലയുദ്ധവും മസിൽപെരുക്കങ്ങളും കാണുമ്പോൾ ഇവിടെയിനി എന്റെ ശബ്ദത്തിന് പ്രസക്തിയില്ല എന്നൊരു തോന്നലുണ്ടോ? എന്തിനും ഏതിനും സാംസ്‌കാരിക പ്രവർത്തകർ മറുപടി പറയണമെന്ന സമൂഹത്തിന്റെ വാശിയോട് പ്രതിഷേധമുണ്ടോ?
മല്ലയുദ്ധക്കാർക്കും മസിൽപെരുപ്പക്കാർക്കും വേണ്ടിയല്ല ഞാൻ സംസാരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളിൽ, പൗരസമൂഹത്തിൽ, കേൾക്കാൻ കാതുള്ളവർക്കും ഉൾക്കൊള്ളാൻ മനസ്സുള്ളവർക്കും വേണ്ടിയാണ്. മല്ലയുദ്ധക്കാരുടെ ശബ്ദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടേക്കാം. എഴുത്തുകാരുടെ വാക്കുകൾ ഒരിക്കലും അപ്രസക്തമാകയില്ല.
ഞാനൊരു പ്രതികരണത്തൊഴിലാളിയല്ല. എന്തിനും, ഏതിനും പ്രതികരിക്കാനും അഭിപ്രായം പറയാനുമുള്ള ഒരു ബാധ്യതയും എനിയ്ക്കില്ല. ഇന്ന് ഞാനേറ്റവും വെറുക്കുന്ന വാക്ക് "സാംസ്‌കാരിക നായകർ' എന്നതാണ്. എന്നെ വെറുതെവിടുക. ഞാൻ സാംസ്‌കാരിക നായികയല്ല, ഒരെഴുത്തുകാരിയാണ്. ഒരനീതിയോട് പ്രതികരിക്കേണ്ടതുണ്ട് എന്നെനിയ്ക്ക് ഉത്തമബോധ്യമുള്ള കാര്യത്തിൽ ഞാൻ പ്രതികരിച്ചിരിക്കും. ഒരു സമൂഹവ്യക്തി എന്ന നിലയിൽ പ്രതികരിക്കാനുള്ള ബാധ്യത ഓരോ വ്യക്തിയ്ക്കുമുണ്ട്. അതു ചെയ്യാതെ "സാംസ്‌കാരിക നായകർ' എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന ആസൂത്രിത ചോദ്യവുമായി വരുന്നവർ നിക്ഷിപ്ത താത്പര്യക്കാരാണ്. അവരെ തിരുത്തുക അസാധ്യം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.