നക്സൽ അനന്തരം | വിപ്ലവേതര ദാർശനികപ്രശ്‌നങ്ങൾ - 1

"എന്റെ ജീവിതവുമായിത്തന്നെയുള്ള കർക്കശമായ ഒരു അഭിമുഖീകരണം ആയതിനാൽ കേരളത്തിലെ നക്‌സലൈറ്റ് രാഷ്ട്രീയത്തോട് സവിശേഷമായും ഇടതുപക്ഷ രാഷ്ട്രീയത്തോട് പൊതുവേയുമുള്ള വിമർശനപരമായ നില ഈ കുറിപ്പുകൾക്കെല്ലാമുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആലോചനകൾക്ക് ഇവ വഴിയൊരുക്കുമെങ്കിൽ സംവാദത്തിന്റെ ചെറിയ തുറസ്സ് ഉണ്ടായി വരാം. എല്ലാവരെയും ചർച്ചയുടെ തുറസ്സിലേക്കും ഒരുമിച്ചുള്ള സത്യാന്വേഷണത്തിലേക്കും സ്‌നേഹപൂർവം ക്ഷണിക്കുന്നു .മനുഷ്യഭാവിയെപ്പറ്റി അവസാന വാക്കുകളൊന്നുമില്ല. മനുഷ്യ യാതനകൾക്കെതിരായ എല്ലാ നീക്കങ്ങളോടും ഐക്യപ്പെടുകയെന്ന സ്പിരിറ്റിലാണ് വിപ്ലവേതര ദാർശനിക പ്രശ്‌നങ്ങൾ എഴുതുന്നത്. യാതനകളെ എതിർക്കാനായി ഉണ്ടായ സിദ്ധാന്തങ്ങൾ ഒന്നൊഴിയാതെ അളവറ്റ പുതിയ യാതനകൾക്ക് വഴിയൊരുക്കുന്നു എന്ന ചരിത്രാനുഭവമാണ് മുന്നിലുള്ളത് എന്നതിനാൽ ജനാധിപത്യത്തെ ബഹുമുഖവും സമ്പന്നവുമാക്കാൻ എന്ത് രാഷ്ട്രീയമാണ് സാധ്യമാവുക എന്ന ആലോചനകളാണ് ഓരോ അധ്യായവും.''

ആമുഖം

വിദേശത്ത് ആദ്യം സംഭവിക്കുക തീർത്തും അസാധ്യമായ ഒരു കാര്യമാണ് സ്വന്തം ജീവിതം. ആ ജീവിതത്തിൽ ഒരാൾ പ്രധാനമെന്ന് കരുതുന്നതിന്റെയെല്ലാം പ്രഭവം പക്ഷേ അന്യനാടുകളാവാം; പ്രചോദിപ്പിക്കുന്ന ആശയങ്ങളടക്കം. ഇന്നാട്ടിൽ ജനിച്ചു വളർന്ന പലരെയുമെന്ന പോലെ എന്റെ ജീവിതവും സന്ദിഗ്ധതകൾ നിറഞ്ഞതാണ്. ശ്രീനാരായണഗുരുവും കാൾ മാർക്സും ഒരേ സമയത്ത് സ്വാധീനം ചെലുത്തിയ ഒരു ജീവിതം. അക്കാര്യത്തിൽ അന്തിമമായ ഒരു തീർപ്പ് ഇപ്പോഴും ഇല്ലാത്ത അവസ്ഥ.

പോസ്റ്റ് മോഡേണിസം എന്നത് എം.എ പഠന കാലത്താണ് എന്റെ അടുത്തുവന്നത്.

ശ്രീനാരായണ ഗുരു

മിക്കവാറും സഹപാഠികളിൽ നിന്ന് വ്യത്യസ്തമായി സാഹിത്യ സംബന്ധിയായ ഒരു ഔൽസുക്യമല്ല എന്നെ അതുമായി അടുപ്പിച്ചത്. മറിച്ച്, (കൗമാരം തൊട്ട് ആറുവർഷക്കാലം നക്‌സലൈറ്റ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച ശേഷം) ഒരു പാർട്ടിരഹിതൻ എന്ന നിലയ്ക്കുള്ള രാഷ്ട്രീയ താൽപ്പര്യമാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലും പുറത്തും അക്കാലത്ത് ഞാൻ ഭാഗഭാക്കായ ഉശിരൻ സമരങ്ങളൊന്നും വിപ്ലവത്തിന്റെ ഭാഷയായിരുന്നില്ല സംസാരിച്ചത്. അക്കാരണം കൊണ്ടുതന്നെ അർഹിക്കും വിധം ആ ശബ്ദങ്ങൾ കേൾക്കപ്പെട്ടതുമില്ല. അസംഖ്യം പ്രതിരോധങ്ങൾ അദൃശ്യതയിലും നിശ്ശബ്ദതയിലും മുങ്ങിപ്പോവാനുള്ള ഒരു കാരണം വിപ്ലവമടക്കമുള്ള ആധുനികഭാഷയുടെ ആധിപത്യമാണ് എന്നെനിക്ക് മനസ്സിലായി. ആ ഭാഷ പഠിക്കാനായിരുന്നല്ലോ ഞാൻ കൗമാരം മാറ്റിവെച്ചത്. കഴിഞ്ഞ മൂന്നുനൂറ്റാണ്ടുകളായെങ്കിലും സ്വാതന്ത്ര്യത്തിന്റെ ഔദ്യോഗികഭാഷ വിപ്ലവമാണ്. അമേരിക്കൻ- ഫ്രഞ്ച് വിപ്ലവങ്ങളിലാണ് ലിബറലിസം നങ്കൂരമിട്ടത്. വിപ്ലവം ചരിത്രത്തിലെ വിച്ഛേദമാണ്, പരിഷ്‌കരണമല്ല. അതുകൊണ്ട് പരിഷ്‌കരണത്തോട് വലിയ എതിർപ്പാണ് എല്ലാ വിപ്ലവകാരികൾക്കും. കൃത്യം ഇടവേളകളിൽ അംബേദ്ക്കർക്കൊക്കെ എതിരായി ഉണ്ടാവുന്ന ആക്രമണങ്ങൾ അതിന്റെ ലക്ഷണമായും എടുക്കാം. പരിഷ്‌കരണങ്ങൾ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു എന്നാണ് വാദം.

കാൾ മാർക്സ്

പ്രശ്‌നം വ്യക്തികളുടേതല്ല. ചില ഭാഷകൾക്ക് ചിലതൊന്നും വഴങ്ങുകയില്ല എന്നതാണ്. ഇരകൾ അധിനിവേശകരുടെ ഭാഷ പഠിക്കണം എന്ന അവസ്ഥയുണ്ട്. നവോത്ഥാനമോ വിപ്ലവമോ ആധുനികതയോ സെക്കുലറിസമോ ശാസ്ത്രമോ ഒന്നും മനുഷ്യഭാവിയെ സംബന്ധിച്ച അവസാന വാക്കുകളല്ല. മോചനത്തിനും പ്രതിരോധത്തിനും ആഗോളമായിത്തന്നെ ഒറ്റ ഭാഷയേ പാടുള്ളൂ എന്ന മുൻ ധാരണയോടാണ് എതിർപ്പ്. നോക്കൂ, പുതിയ സമരങ്ങളെ. അവ ചിലപ്പോൾ വികസനത്തിന് എതിരാണ്. ശാസ്ത്രത്തിനുതന്നെ എതിരാണ്. ചില സാർവജനീന സങ്കൽപ്പനങ്ങളെ ചെറുക്കുക എന്നത് അതിൽ തന്നെ ആധിപത്യത്തെ ചെറുക്കലായി മാറാം. സെക്കുലറിസം അങ്ങനെയൊന്നാണ്. വിപ്ലവവും അങ്ങനെയൊന്നാണ്. പ്രബുദ്ധത അല്ലെങ്കിൽ നവോത്ഥാനം അതാണ്. ഇതിനെയെല്ലാം കുറിക്കുന്ന ചുരുക്കെഴുത്താണ് ആധുനികത. ആധുനികതയിൽ അന്തർലീനമായ അസഹിഷ്ണുതയെ നിർദ്ദയം ചോദ്യം ചെയ്യുന്നു എന്നതു കൊണ്ട് ആധുനികോത്തര സിദ്ധാന്തങ്ങൾ ആദ്യത്തേക്കൂട്ടർക്ക് കണ്ടു കൂടാ. ആധുനികോത്തരർ മിക്കവാറും യൂറോപ്യർ തന്നെയാണ്. വിമർശക ചിന്തയുടെ പ്രഭവം യൂറോപ്പ് ആവരുത് എന്ന പിടിവാശിയിൽ കാര്യമില്ല. എന്നാൽ യൂറോപ്പ് മാത്രമേ ആകാവൂ എന്ന പിടിവാശി പ്രശ്‌നമാണ്. മനുഷ്യരാശിയുടെ കലാപ ബോധത്തെ മൊത്തത്തിൽ വരവ് വെക്കാൻ ഒരു പ്രത്യേക നാഗരികതയിൽ ഒരു പ്രത്യേക സമയത്ത് ഉണ്ടായ കലാപങ്ങൾക്ക് കഴിയുമോ? ആഷിസ് നന്ദി ഉയർത്തുന്ന ഈ ചോദ്യമാണ് അതീവ പ്രസക്തമായിട്ടുള്ളത്. മർദ്ദിതരുടെ ജീവിത ലോകത്തിൽ സിദ്ധാന്തങ്ങളും ഉണ്ട്. ശ്രീനാരായണ ഗുരുവിനും അംബേദ്കർക്കും ഒക്കെ സാർവജനീന പ്രസക്തിയും ഉണ്ട്. ആശയങ്ങളുടെ ഉപഭോക്താക്കൾ മാത്രമായിരിക്കണം ലോകത്തിന്റെ ഈ ഭാഗത്തുള്ളവർ എന്നത് അധമബോധമാണ്.സി. കെ.ജാനുവിന്റെ കുടിൽകെട്ടി സമരം വിജയിച്ച് കരാർ ഒപ്പിടുന്ന മുഹൂർത്തത്തിൽ ഞാൻ ട്രിവാൻഡ്രം ഹോട്ടലിൽ മുകുന്ദൻ സി. മേനോന്റെ പ്രസംഗം കേൾക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് നിലവിലുള്ള വ്യവസ്ഥയ്ക്കുള്ളിൽ ഭരണവർഗ്ഗം ഈ പ്രശ്നം പരിഹരിക്കുക ഒരസാധ്യതയാണ് എന്നും. സദസ്സിലുള്ള ഗിരീഷിന്റെ മൊബൈൽ ഫോണിൽ സമരം വിജയിച്ചു എന്ന സന്ദേശം വന്നത് അദ്ദേഹം എഴുന്നേറ്റു നിന്ന് അനൗൺസ് ചെയ്തു. സദസ്യർ ഒന്നടങ്കം എണീറ്റ് സെക്രട്ടേറിയറ്റിനു മുമ്പിൽ പോയി ജാനുവിനൊപ്പം ഡാൻസ് ചെയ്തു. പിന്നീട് ആന്റണി ഗവണ്മെന്റിന്റെ വാഗ്ദാനം അവർ പൂർണമായും നടപ്പാകാതിരുന്നപ്പോൾ മാത്രമാണ് ആ ലൈനുകാർക്ക് ശ്വാസം നേരെ വീണത്!

ഇവ ദാർശനിക പ്രശ്‌നങ്ങളാവുന്നത് അവയുടെ ഔന്നത്യം കൊണ്ടോ അമൂർത്തത കൊണ്ടോ അല്ല. വീട് , അടുപ്പം, രക്തസാക്ഷി, പാർട്ടി തുടങ്ങി ഇവയിൽ ആലോചിക്കുന്ന വിഷയബിന്ദുക്കളെല്ലാം പരമ്പരാഗതമായി ദാർശനിക പ്രശ്നങ്ങൾ എന്ന പദവി അനുഭവിക്കുന്നവയാവണമെന്നില്ല. ഒരു സങ്കൽപനമോ പദമോ ഒക്കെ പ്രശ്‌നവിഷയമാവുമ്പോൾ തന്നെ അവിടെ ചിന്ത ഉണ്ടായിക്കഴിഞ്ഞു. തിരിഞ്ഞുനിൽപ്പ് തന്നെ ചിന്ത. നൽകപ്പെട്ടതിനെ അതേപടി സ്വീകരിക്കാനുള്ള വിമുഖത. ചില തത്വങ്ങളുടെ അടിസ്ഥാനത്തിൽ അത്തരം ചിന്തകൾ മുന്നോട്ടു കൊണ്ട് പോവുന്നതിനെയാണ് തത്വചിന്ത എന്ന് പറയാവുന്നത്. ഈ പരിമിതമായ അർത്ഥത്തിൽ തുടർന്ന് കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങൾ ദാർശനികമാണ്. ആദ്യം പറഞ്ഞ സ്പിരിറ്റ് കൊണ്ട് വിപ്ലവേതരവും ആണ്.

പരാമർശിത കൃതി : ആഷിസ് നന്ദി , ടൈം ട്രെക്ക്സ്: ദി അൺസേർട്ടൻ ഫ്യൂച്ചർ ഓഫ് ഓൾഡ് ആൻഡ് ന്യൂ ഡെസ്പോട്ടിസംസ്( പെർമനെന്റ് ബ്ലാക്ക്, 2007).

കെ. വേണു

ആളെപ്പറയൽ

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും നക്‌സലൈറ്റ് രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കെടുത്ത ഒരാളാണ് ഞാൻ. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ പേരാവൂർ ഭാഗത്തു നിന്ന് വരുന്ന പ്രേമൻ, ഫിലിപ്പോസ് എന്നീ സഹപാഠികളാണ് എന്നെ കെ. വേണുവിന്റെ നേതൃത്വത്തിലുള്ള സംഘടനയിലേക്ക് ആകൃഷ്ടനാക്കിയത്. പേരാവൂർ ഭാഗത്ത് അന്ന് യുവജനവേദിക്കും സി. ആർ. സി., സി .പി.ഐ (എം. എൽ)ക്കും നല്ല സ്വാധീനമുള്ള സമയമാണ്. കാമ്പസിൽ നട്ട അക്കേഷ്യ മരങ്ങൾക്കെതിരെയായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഇടപെടൽ. സാമൂഹ്യവനവൽക്കരണം ലോകബാങ്ക് അജണ്ടയാണെന്ന നിലപാടിന്റെ പിൻബലത്തിൽ അക്കേഷ്യ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് ഞങ്ങൾ കാമ്പെയിൻ നടത്തി.

അക്കാലത്തെ നക്‌സലൈറ്റ് രാഷ്ട്രീയ പ്രവർത്തനത്തിന് തന്നെ ഉണ്ടായിരുന്ന ഒരു ആഭ്യന്തര വൈരുധ്യമാണ് ഇവിടെ സൂചന. ഒരു പക്ഷേ നക്‌സലൈറ്റ് രാഷ്ട്രീയം അതിന്റെ തുടക്കം മുതൽ ഇന്ത്യയിൽ നേരിട്ട ഒരു വൈരുധ്യവും ആണത്. അതായത് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പിളർപ്പ്.

ഇത്രയുമാവുമ്പോൾ തന്നെ എന്റെ ആദ്യ വരിയിലെ ഒരു വൈരുധ്യം മുന്നോട്ടു വരുന്നുണ്ട്. നക്‌സലൈറ്റ് രാഷ്ട്രീയ പ്രവർത്തനം എന്നാണല്ലോ ഞാൻ പറഞ്ഞത്. അക്കാലത്തെ നക്‌സലൈറ്റ് രാഷ്ട്രീയ പ്രവർത്തനത്തിന് തന്നെ ഉണ്ടായിരുന്ന ഒരു ആഭ്യന്തര വൈരുധ്യമാണ് ഇവിടെ സൂചന. ഒരു പക്ഷേ നക്‌സലൈറ്റ് രാഷ്ട്രീയം അതിന്റെ തുടക്കം മുതൽ ഇന്ത്യയിൽ നേരിട്ട ഒരു വൈരുധ്യവും ആണത്. അതായത് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള പിളർപ്പ്.

സൈദ്ധാന്തികമായി ഓർത്തഡോക്‌സ് മാർക്‌സിസവുമായാണ് നക്‌സലൈറ്റ് രാഷ്ട്രീയത്തിന് ചാർച്ച. യൂറോസെൻട്രിക് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ സാമ്പത്തികാടിത്തറയെ പ്രധാനമായെടുക്കുന്ന ഒരു സമീപനമാണ് സൈദ്ധാന്തികമായി അവർ സ്വീകരിച്ചത്. വർഗസമരത്തിന്റെ കാതൽ ഭരണകൂടാധികാരം പിടിച്ചെടുക്കുക എന്നതാണ്. അതുകൊണ്ട് സായുധസമരമാണ് വിപ്ലവമാർഗ്ഗം. രഹസ്യസേന ഇതിന് ആവശ്യമാണ്. ബഹുജന സംഘടനകൾ ഉണ്ടാക്കുക, പരസ്യമായി പ്രവർത്തിക്കുക, തെരഞ്ഞെടുപ്പിൽ പങ്കെടുക്കുക തുടങ്ങിയ മാർഗങ്ങൾ ബഹിഷ്‌കരിക്കണം. അതേസമയം നക്‌സലൈറ്റുകളുടെ രാഷ്ട്രീയ പ്രയോഗങ്ങൾ അവരെ കൊണ്ടെത്തിച്ചത് ജാതി, മത ന്യൂനപക്ഷം, സ്ത്രീനീതി, പരിസ്ഥിതി, ആദിവാസി പ്രശ്‌നം, ഭാഷാ ദേശീയത തുടങ്ങിയ സവിശേഷ രാഷ്ട്രീയ സമസ്യകൾക്കു മുന്നിലാണ്. ഇവയൊക്കെ വർഗം എന്ന സംജ്ഞയ്ക്ക് കീഴ്‌പ്പെട്ടു രണ്ടാംതരം പ്രശ്‌നങ്ങളായി, സാമ്പത്തികാടിത്തറ, രാഷ്ട്രീയ മേൽപ്പുര എന്ന തട്ടുതിരിക്കലിന് അനുസൃതമായി, ഒതുങ്ങിനിന്നില്ല. പ്രഖ്യാപിത സിദ്ധാന്തങ്ങളും പ്രയോഗത്തിന്റെ വെല്ലുവിളികളും തമ്മിലുള്ള ഈ പിളർപ്പ് എളുപ്പം പരിഹരിക്കാൻ സാധിക്കുന്നതായിരുന്നില്ല. വർഗ്ഗം എന്ന സംജ്ഞയുടെ സൈദ്ധാന്തികമായ പ്രാമാണികത തന്നെ പ്രശ്‌നത്തിലായി.

ഇന്നും കാടാണ് നക്‌സലൈറ്റ് എന്ന വാക്ക് ആദ്യമുണർത്തുന്ന ബിംബം. കാട് രഹസ്യാത്മകവും നിഗൂഢവുമായ ഇടമാണ്, രൂപകത്തിന്റെ തലത്തിലെങ്കിലും. ഒരു അപരിചിതമായ സ്ഥലരാശി. അവിടെ എന്ത് പരസ്യപ്രവർത്തനം!

എന്റെ വിദ്യാർത്ഥി ജീവിത സമയത്ത് എം.എൽ പാർട്ടി ചെയ്തത് ബഹുജന (വിദ്യാർത്ഥി, യുവജന, തൊഴിലാളി, അധഃസ്ഥിത, സ്ത്രീ) സംഘടനകൾ ഉണ്ടാക്കുക, പരസ്യപ്രവർത്തനം നടത്തുക, ജാതിയെയും സ്ത്രീ നീതിയെയും ഒക്കെ സൈദ്ധാന്തികമായിത്തന്നെ ഗൗരവമായെടുക്കുക, ഏഴോം ആണവ നിലയ വിരുദ്ധ സമരത്തിൽ ഭാഗമാവുക, ബാബരി മസ്ജിദ് മുസ്‌ലിം പള്ളിയാണ് എന്ന് അത് പൊളിക്കാൻ ശ്രമങ്ങൾ മൂർദ്ധന്യത്തിലെത്തിയ സമയത്ത് കാമ്പെയിൻ നടത്തുക എന്നതൊക്കെയാണ്. ഭരണകൂടാധികാര കേന്ദ്രിതമായ രാഷ്ട്രീയത്തിന് നേർ എതിർദിശയിലുള്ള സിവിൽ സമൂഹ രാഷ്ട്രീയമാണ് ഇതൊക്കെയും പ്രയോഗവൽക്കരിച്ചത്. മാർക്‌സിസം - ലെനിനിസം - മാവോയിസം എന്ന മാമൂൽ സൈദ്ധാന്തിക ലൈൻ വെച്ച് ഇത്തരം അനുഭവങ്ങളെ പിടിച്ചെടുക്കുക ദുഷ്‌കരമാണ്. വർഗസമര വ്യവഹാരത്തിന്റെ പരിമിതി വ്യക്തമായ സന്ദർഭമായിരുന്നു അത്. അതുപോലെ തന്നെ രഹസ്യപ്രവർത്തനവും (സൈനിക ലൈനും) പരസ്യപ്രവർത്തനവും തമ്മിലുള്ള വൈരുധ്യവും അപരിഹാര്യമായി തുടർന്നു. ഇന്നും കാടാണ് നക്‌സലൈറ്റ് എന്ന വാക്ക് ആദ്യമുണർത്തുന്ന ബിംബം. കാട് രഹസ്യാത്മകവും നിഗൂഢവുമായ ഇടമാണ്, രൂപകത്തിന്റെ തലത്തിലെങ്കിലും. ഒരു അപരിചിതമായ സ്ഥലരാശി. അവിടെ എന്ത് പരസ്യപ്രവർത്തനം! ഏറ്റുമുട്ടൽ തുടങ്ങിയ സൈനിക പ്രയോഗങ്ങളാണ് ഭരണകൂടത്തിനും പഥ്യം. ഒറ്റപ്പെട്ട ആൾക്കാരെ തേടിപ്പിടിച്ച് കൊല്ലുന്നതിനെയാണ് പലപ്പോഴും ഇങ്ങനെ വർണിക്കുന്നത് എന്നോർക്കണം .

ഏറ്റുമുട്ടൽ തുടങ്ങിയ സൈനിക പ്രയോഗങ്ങളാണ് ഭരണകൂടത്തിനും പഥ്യം. ഒറ്റപ്പെട്ട ആൾക്കാരെ തേടിപ്പിടിച്ച് കൊല്ലുന്നതിനെയാണ് പലപ്പോഴും ഇങ്ങനെ വർണിക്കുന്നത് എന്നോർക്കണം

അതേസമയം നക്‌സലൈറ്റുകളെ സംബന്ധിച്ച് ആത്മാർത്ഥമായിത്തന്നെ അത് തങ്ങളുടെ സൈദ്ധാന്തിക ബോധ്യങ്ങളുടെ ലക്ഷണമൊത്ത ഭൂമികയാണ്. അരികുവൽക്കരിക്കപ്പെട്ട, മർദ്ദിതരായ, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകളായ ജനങ്ങളുടെ ആവാസഭൂമി. വളരെ സങ്കീർണമായ സാമൂഹ്യ സ്വത്വത്തെയാണ് ഇങ്ങനെ ലഘൂകരിക്കുന്നത്. അത്തരം സങ്കീർണതകൾ ആ ജനങ്ങൾ സ്വയം രാഷ്ട്രീയവൽകരിച്ച് സിവിൽ സമൂഹത്തിൽ ഇടപെടുമ്പോഴാണ്, സ്വയം പ്രതിനിധാനത്തിന്റെ രാഷ്ട്രീയം ഉയിർക്കുമ്പോഴാണ് ചുരുൾ നിവരുന്നത്.

കേരളീയ വിദ്യാർത്ഥിമുന്നണിയിലും കേരളീയ യുവജനവേദിയിലും ഒക്കെ പ്രവർത്തിച്ച് നക്‌സലൈറ്റ് ആയ ഞങ്ങളുടെ തലമുറ പക്ഷെ പ്രഖ്യാപിത പരസ്യ പ്രവർത്തനത്തെ അക്ഷരാർത്ഥത്തിൽ എടുത്ത് ആവേശത്തോടെ ജനങ്ങൾക്കിടയിൽ വളരുകയായിരുന്നു. ബ്രണ്ണൻ കോളേജിൽ ഞങ്ങൾ എല്ലാ തെരഞ്ഞെടുപ്പിലും പ്രശ്‌നാധിഷ്ഠിത സമരങ്ങളിലും പങ്കെടുത്തു. പാനൂരിൽ തുടക്കത്തിൽ ഞാനും പ്രസന്നനും മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ, ഒരു വർഷം കഴിയുമ്പോഴേക്കും ഒരു ഓഫീസും പത്തു നാൽപ്പതു പ്രവർത്തകരുമുണ്ടായി. കോഴിക്കോട്ടു നടന്ന കുത്തക വിരുദ്ധ, കേന്ദ്ര വിരുദ്ധ റാലിയിലേക്ക് ഞങ്ങളുടെ നാട്ടിൽ നിന്ന് രണ്ടു ബസ്സിൽ ആൾക്കാർ പങ്കെടുത്തു. രണ്ടു ബസ്സ് പോകാനുള്ള ചെലവ് നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്തു എന്ന് കൂടിയാണ് ഇതിനർത്ഥം.

ഒരു സുപ്രഭാതത്തിൽ കണ്ണൂർ തോട്ടടയിലെ ബാങ്കിൽ "മണി ആക്ഷൻ' നടന്നു. വാസ്തവത്തിൽ ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട അത്രയും സംഖ്യ ഒന്നിലധികം പ്രാവശ്യം കണ്ണൂർ ജില്ലയിൽ നിന്ന് ഒരാഴ്ചയൊക്കെ നീണ്ടു നിന്ന ജനകീയ പിരിവിലൂടെ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സൈനികലൈനിനോടുള്ള രഹസ്യ പ്രണയമല്ലാതെ വേറൊരു പ്രായോഗിക യുക്തിയും അതിനു പിന്നിൽ ഉണ്ടാവാനിടയില്ല. ഈ മണി ആക്ഷൻ നടന്നു എന്ന് ഞാനറിഞ്ഞത് പരിഭ്രാന്തനായ അച്ഛൻ പത്രത്തിലെ മുൻപേജ് വാർത്തയുമായി എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ചപ്പോഴാണ്. അച്ഛൻ പേടിച്ചു, പോലീസ് ഇപ്പോൾ വരുമെന്ന്. തോട്ടടയിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രമേയുള്ളൂ ഞാനന്ന് പഠിക്കുന്ന ബ്രണ്ണൻ കോളേജിലേക്ക്. ഞാനാണെങ്കിൽ "ഹേയ്, അത് റെഡ്ഫ്‌ലാഗ് ആയിരിക്കും' എന്ന ആത്മവിശ്വാസത്തിലാണ് വാർത്ത വായിച്ചത്. വായിച്ചതോടെ മനസ്സിലായി രഹസ്യാത്മകത, സൈനിക ലൈൻ എന്നതൊക്കെ അത്ര എളുപ്പത്തിൽ ഈ പ്രസ്ഥാനത്തെ വിട്ടു പോവില്ല എന്ന്.

രഹസ്യാത്മകത ഏറ്റവും ഭയപ്പെടുന്നത് സ്വാഭാവികതയെ ( spontaneity)യാണ്. ഈ പേടി കാരണമാണ് എല്ലാ ടൈപ്പ് കമ്യൂണിസ്റ്റ് പാർട്ടികളും വർഗ ബഹുജന സംഘടനകളിൽ ഫ്രാക്ഷൻ എന്ന ഏർപ്പാട് കൊണ്ടുനടക്കുന്നത്. എം.എൽ പാർട്ടികൾ മാത്രമല്ല, പാർലമെന്ററി ജനാധിപത്യത്തിൽ പൂർണ മനസ്സോടെ പങ്കെടുക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളും അവരുടെ ആഭ്യന്തര വിനിമയങ്ങളിൽ ഈ അവാസ്തവിക വ്യവഹാരം തുടർന്നും നിലനിർത്തുന്നവരാണ്. അനുഭവങ്ങളും പ്രയോഗങ്ങളും ഒരു വഴിക്കും സൈദ്ധാന്തിക ലൈൻ എതിർവഴിക്കും പോവും. അനുഭവങ്ങളെ സിദ്ധാന്തവൽക്കരിക്കുക എന്നുവന്നാൽ മാർക്‌സിസം - ലെനിനിസം - മാവോയിസം എന്ന നേർരേഖ തന്നെ പ്രശ്‌നത്തിലാവും, നമ്മൾ ശരിയായ വിപ്ലവപാതയിലാണ് എന്ന വിശ്വാസമാണ് ഇത്തരം വ്യവഹാരങ്ങൾ അതിന്റെ സ്വീകർത്താക്കളിൽ ഉണ്ടാക്കുക. പാർട്ടി പിളരുമ്പോൾ പുതിയ പാർട്ടിക്കും യാതൊരു സംശയവുമില്ല, മറ്റേക്കൂട്ടർ ശരിയായ വിപ്ലവപാതയെ വഞ്ചിച്ചവരാണ് എന്നതിൽ. ഇന്ത്യയിലെ സി.പി.ഐയിൽ ഉണ്ടായ പിളർപ്പുകളിലൊക്കെ ഈ മനഃശ്ശാസ്ത്രമാണ് കാണുക. എന്റെ ഓർമയിൽ ആറു വർഷക്കാലത്തെ രാഷ്ട്രീയ വിദ്യാഭ്യാസം മുഴുവൻ, അത് ക്സാസുകളായാലും വായനയായാലും,"റെഡ് ഫ്ളാഗ്' എന്ന അപരത്തെ വൈകാരികമായി എതിരിട്ടു കൊണ്ടുള്ളതായിരുന്നു. റെഡ് ഫ്‌ലാഗിന്റേത് തിരിച്ച് കെ. വേണു എന്ന വഞ്ചകനെ അപരമാക്കിയുള്ളതും. നിതാന്തമായ ഒരു തരം സിനിസിസം, വ്യക്തിഹത്യയോടടുക്കുന്ന വെറുപ്പ്, ഒറ്റ ശരിയേഉള്ളൂ എന്നും നമ്മളാണ് അതിന്റെ വാഹകർ എന്നുമുള്ള ഉറച്ച വിശ്വാസം. വിയോജിക്കുന്നവരെ കുലംകുത്തികളായി കാണൽ- ഇതൊന്നും അപഭ്രംശങ്ങളല്ല, കമ്യൂണിസ്റ്റ് അനുശീലനത്തിന്റെ അവശ്യ മുന്നുപാധികളും മാർഗ്ഗങ്ങളുമാണ്.

ബ്രണ്ണൻ കൊളേജ് മാഗസിൻ

അവയെയൊക്കെ കുറിക്കുന്ന ചുരുക്കെഴുത്താണ് ആളെപ്പറയൽ (adhominem). ആളെപ്പറയൽ പിന്തുടരുന്നവർക്ക് സംവാദം സാധ്യമല്ല. ആശയങ്ങളെ ആശയം കൊണ്ടല്ല, ആരോപണങ്ങൾ കൊണ്ടാണ് നേരിടുക. നമ്മൾ ശരിയായ വിപ്ലവപാതയിലായതു കൊണ്ട് മറ്റുള്ളവരെല്ലാം ഒന്നിനും കൊള്ളാത്തവരും അലമ്പരുമാണ്. ചർച്ചയേക്കാൾ വിധേയത്വമാണ് (loyalty) പ്രതീക്ഷിക്കപ്പെടുന്നത്, അനുഭാവികളിലും ബുദ്ധിജീവികളിലും നിന്നു പോലും. അതുകൊണ്ട് തന്നെ സിവിൽ സമൂഹ രാഷ്ട്രീയവുമായി തുറന്ന സംവാദം സാധിക്കുന്നില്ല. കുറച്ചുപേരോട് മാത്രം (ഉള്ളിൽ ) സംസാരിക്കുന്ന തരം മതപരതയാണ്. ഒരു കൾട്ട് പോലെ. കൾട്ട് എന്നതുകൊണ്ട് ഒരടഞ്ഞ സമുദായം എന്നാണ് വിവക്ഷ. പുറത്തു നിന്നു നോക്കുമ്പോൾ അകത്തായിരിക്കുന്നവരുടെ അവസ്ഥ ഒരേസമയം കോമിക്കും ട്രാജിക്കും ആയി തോന്നും. വേറൊന്നും കാണാൻ സാധിക്കാത്ത തരത്തിൽ ഭൂതാവിഷ്ടരായ അവസ്ഥ. ഡോസ്റ്റയെവ്‌സ്‌കിയുടെ "ഭൂതാവിഷ്ടരി'ൽ ഇതിന്റെ ചിത്രമുണ്ട്. ഇങ്ങനെ അടഞ്ഞ അവസ്ഥയിൽ നിന്ന് ജനാധിപത്യ രീതികളിലേക്ക് കടന്നു വരണമെങ്കിൽ സ്വയം പുതുക്കിപ്പണിഞ്ഞേ മതിയാവൂ.

എന്റെ ഓർമയിൽ ആറു വർഷക്കാലത്തെ രാഷ്ട്രീയ വിദ്യാഭ്യാസം മുഴുവൻ, അത് ക്ളാസുകളായാലും വായനയായാലും,"റെഡ് ഫ്ളാഗ്' എന്ന അപരത്തെ വൈകാരികമായി എതിരിട്ടു കൊണ്ടുള്ളതായിരുന്നു. റെഡ് ഫ്‌ളാഗിന്റേത് തിരിച്ച് കെ. വേണു എന്ന വഞ്ചകനെ അപരമാക്കിയുള്ളതും.

യുദ്ധം എന്ന രൂപകം ധാർമികതയെ നാടുകടത്താൻ അനുവദിക്കുന്നു. നോക്കൂ, കൊറോണക്കാലത്ത് പൊലീസിന് അൽപ്പ-സ്വൽപ്പം അവകാശ നിഷേധം ഒക്കെയാവാം എന്നാണ് എല്ലാവരും കരുതുന്നത്?. യുദ്ധത്തിൽ ധാർമികതയ്ക്ക് ടൈം ഔട്ട് വിളിക്കാനാവും. സ്വയം ശരിബോധത്തിലും പരമത വിരോധത്തിലും അതിന്റെ സ്വാഭാവിക പ്രകാശനമായ ആളെപ്പറയലിലും ആഴത്തിലുള്ള ഹിംസ ഉള്ളടങ്ങിയിട്ടുണ്ട്. നക്‌സലൈറ്റ് രാഷ്ട്രീയം ഉപേക്ഷിച്ച കെ. വേണുവിന്റെ ലേഖനങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചയാവുമ്പോൾ ഒരു കാര്യം കൗതുകത്തോടെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതിൽ വേണുവടക്കം അബോധപൂർവം പിൻപറ്റുന്ന ശൈലി സംവാദത്തിന്റെയല്ല, തന്റെയാണ് ശരിയായ ലൈൻ എന്നരീതിയാണ്. പുതിയ പുതിയ പൂർണ ശരികൾ കണ്ടെത്തൽ. ശരി കൂട്ടായി കണ്ടെത്താം എന്ന തുറസ്സില്ല. ജനാധിപത്യത്തെ ഉപകരണാത്മകമായി ഉപയോഗിക്കലാണ്. ജനാധിപത്യം പ്രവർത്തനങ്ങളിൽ പ്രകാശിപ്പിക്കൽ ഇല്ല. ഇത് വ്യക്തിപരം എന്നതിനേക്കാൾ ഒരു ചർച്ചാപാരമ്പര്യത്തിന്റെ പ്രശ്‌നമായിരിക്കാം.

ആഷിഷ് നന്ദി

ഇങ്ങനെയുള്ള പാരമ്പര്യം ഭേദിക്കാൻ കഴിയുമോ എന്നതാണ് കേരളത്തിലെ ജനാധിപത്യ ചേരി നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നം. "മാർക്‌സ് വായനകൾ' എന്ന പുസ്തകം എഡിറ്റ് ചെയ്ത ടി.വി.മധു എന്നോട് ഒരു ലേഖനം എഴുതാമോ എന്ന് ചോദിച്ചു. അപ്പോഴാണ് ഞാൻ ആലോചിച്ചത് മാർക്‌സിനെ മാത്രമായി ഞാൻ വായിച്ചത് അടുത്തിടെ മാത്രമാണല്ലോ എന്ന്. മാർക്‌സിസം - ലെനിനിസം - മാവോയിസം എന്ന ശരി ലൈൻ പിൻപറ്റിയാണ് കൗമാരം മുതൽ വായന. കൗട്‌സ്‌കി എന്ന പേര് കേൾക്കുമ്പോൾ റെനെഗേഡ് എന്ന് ഓർമ വരുന്ന പാരമ്പര്യം. റോസാ ലക്‌സംബർഗും ലെനിനും തമ്മിൽ സംവദിച്ചാൽ ലെനിൻ മാത്രമേ ശരിയാവൂ എന്ന് ഉറച്ചുവിശ്വസിച്ച വായന. എത്രയെത്ര മനീഷികളാണ് ഒരു സ്വതന്ത്ര കേൾവി ആവശ്യപ്പെട്ടുകൊണ്ട്, പുനരധിവാസം പ്രതീക്ഷിച്ച് ഔദ്യോഗിക ലൈനിന്റെ പുറമ്പോക്കുകളിൽ കിടക്കുന്നത്! മാർക്‌സിസ്റ്റ് പാരമ്പര്യത്തിന്റെ തന്നെ സമ്പന്നമായ വൈവിധ്യത്തെ ഈ ഏകശിലാത്മകമായ നേർരേഖ ( മാർക്‌സിസം - ലെനിനിസം) നിർവീര്യമാക്കി. മുസ്സോളിനിയുടെ തടവറയിൽ കിടന്ന് നൂതനമായ ചിന്താ സംവർഗ്ഗങ്ങൾ രൂപപ്പെടുത്തിയ ഗ്രാംഷിയിലേക്ക് ശ്രദ്ധ എത്തിയത് എത്ര ദശകങ്ങൾക്ക് ശേഷമാണെന്ന് ഓർക്കുക. മധുവിന്റെ പുസ്തകം എടുത്ത സമീപനം മാർക്‌സിനെ ഒറ്റയ്ക്ക് വായിക്കുക എന്നതാണ്. ഇതിൽ പ്രഖ്യാപിക്കാതെ നടത്തുന്ന ഒരു ശീല -വിച്ഛേദവും സാധ്യതയും ഉണ്ട്. ആ പിളർപ്പ് ശ്രദ്ധിക്കുന്നില്ലെങ്കിൽ പഴയ ശരിയുടെ തുടർച്ച എന്ന നിലയ്ക്ക് മതാത്മകമായി സ്വീകരിക്കാം എന്ന അപകടവും ഉണ്ട്. നേതാക്കളുടെ കണ്ണടയിലൂടെയല്ലാതെ മാർക്‌സിനെയോ എംഗൽസിനെയോ ലെനിനെയോ ഒന്നും അധികമാരും വായിക്കാത്ത പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇന്നാട്ടിൽ ഉള്ളത്. സ്വയം വായിച്ച് തീർപ്പിലെത്തുക എന്ന ശീലം തന്നെയില്ല.

നക്സലൈറ്റുകൾ ആയാലും സി.പി.എം കാരായാലും ഈ കൾട്ട് മനോഭാവം കയ്യൊഴിഞ്ഞാൽ മാത്രമേ സൈദ്ധാന്തികമായ ഒരു സംവാദം ഇന്നാട്ടിൽ ഉണ്ടാവുകയുള്ളൂ.

(തുടരും)

(സഹായക ലേഖനം: ദിലീപ് സൈമൺ,"മാവോയിസം ആൻഡ് ദി ഫിലോസഫി ഓഫ് ഇൻസറക്ഷൻ'- സെമിനാർ 607, 2010 മാർച്ച്)

Comments