പാർട്ടി - വിപ്ലവേതര ദാർശനികപ്രശ്‌നങ്ങൾ - 4

''ബ്രണ്ണൻ കോളേജിലെ ഡിഗ്രി പഠനം പൂർത്തിയാക്കുമ്പോഴേക്കും ഞാൻ ഒരു പാർട്ടിരഹിതൻ ആയിക്കഴിഞ്ഞിരുന്നു. സി.ആർ.സി, സി.പി.ഐ (എം.എൽ ) എന്ന പാർട്ടിയിൽ ഞാൻ പ്രവർത്തിച്ചിട്ടില്ല. അതിന്റെ ബഹുജന സംഘടനകളിൽ മാത്രമാണ് പ്രവർത്തിച്ചത് . എന്നാലും ഒരു മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് എന്ന രാഷ്ട്രീയ വിഷയിത്വത്തിന് പാർട്ടി എന്ന കേന്ദ്രമില്ലാതെ തല നേരെ നിൽക്കാൻ വലിയ പാടാണ് !''

"രാഷ്ട്രീയം എന്നാൽ രാഷ്ട്രീയമാണ്'. ഇറ്റാലിയൻ പൊളിറ്റിക്കൽ സയന്റിസ്റ്റായ ജിയോവന്നി സർറ്റോരി 1973 ൽ എഴുതിയ "വാട്ട് ഈസ് പൊളിറ്റിക്‌സ് ?' എന്ന ലേഖനത്തിൽ നിന്നാണ് ഇത്. ഒരു മണ്ഡലം എന്ന നിലയ്ക്ക്, സാമ്പത്തികം, സംസ്‌കാരികം എന്നത് പോലെ, സ്വന്തം നിൽപ്പുള്ളതാണ് രാഷ്ട്രീയം എന്നാണ് ഇതിന്റെ ധ്വനി. സ്വതന്ത്രവും സ്വച്ഛന്ദവും സ്വയം പര്യാപ്തവുമായ ഒരു മണ്ഡലം.

രാഷ്ട്രീയത്തിന് ഇങ്ങനെ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവും അനുവദിക്കാത്ത സമീപനമാണ് മാർക്‌സിസത്തിന്റേത്. സാമ്പത്തിക വ്യവസ്ഥയ്ക്കെതിരെ (ഉദാഹരണത്തിന് മുതലാളിത്തം) ഒരു സാമ്പത്തിക സമരം ഫലപ്രദമാവില്ല എന്നും അത് രാഷ്ട്രീയമായേപറ്റൂ എന്നും മാർക്സും ലെനിനും സിദ്ധാന്തിക്കുന്നു.

സമ്പദ്ക്രമം രാഷ്ട്രീയാധികാരത്തിലൂടെ നിലനിൽക്കുന്നതായതുകൊണ്ട് രാഷ്ട്രീയ വിപ്ലവത്തിലൂടെ അതിനെ അട്ടിമറിക്കാൻ സാധിക്കും എന്ന സമീപനമാണിത്.

ഹന്ന ആരെന്റ്

സ്വാർത്ഥ താല്പര്യങ്ങളില്ലാത്ത തൊഴിലാളി വർഗ്ഗത്തിനാണ് ഈ മാറ്റത്തിനു നേതൃത്വം നല്കാൻ കഴിയുക. എന്നാൽ ലെനിൻ പലപ്പോഴും ഒരു സൈദ്ധാന്തികൻ എന്നതിനേക്കാൾ ഭരണാധികാരിയായി സംസാരിക്കുകയും സാമ്പത്തിക മണ്ഡലത്തിന് സ്വാച്ഛന്ദ്യം കൽപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് രാഷ്ട്രീയ ചിന്തകയായ ഹന്ന ആരെന്റ് "ഓൺ റവല്യൂഷൻ'എന്ന കൃതിയിൽ നിരീക്ഷിക്കുന്നു.

ഒക്ടോബർ വിപ്ലവത്തിന്റെ അന്തഃസത്ത ഒറ്റ വാചകത്തിൽ പറയാമോ എന്നു ചോദിച്ചപ്പോൾ ലെനിൻ പറഞ്ഞ പ്രസിദ്ധമായ മറുപടി, ഇലക്ട്രിസിറ്റി+ സോവിയറ്റുകൾ = ഒക്ടോബർ വിപ്ലവം, എന്നാണ്. ഇതൊരു മാർക്‌സിസ്റ്റ് സമീപനമല്ല. കാരണം ഇതിൽ രാഷ്ട്രീയത്തെ പൂർണമായും പുറത്തു നിർത്തിയിരിക്കുന്നു.

ഒക്ടോബർ വിപ്ലവത്തിന്റെ അന്തഃസത്ത ഒറ്റ വാചകത്തിൽ പറയാമോ എന്നു ചോദിച്ചപ്പോൾ ലെനിൻ പറഞ്ഞ പ്രസിദ്ധമായ മറുപടി, ഇലക്ട്രിസിറ്റി+ സോവിയറ്റുകൾ = ഒക്ടോബർ വിപ്ലവം, എന്നാണ്.

നോക്കൂ , ആ സമവാക്യത്തിൽ കമ്യൂണിസ്റ്റ്പാർട്ടി ഇല്ല. ദാരിദ്ര്യത്തിന് പരിഹാരം സോഷ്യലിസം ആണെന്ന് ലെനിൻ പറയുന്നുമില്ല. ലെനിൻ ഇത് പെട്ടെന്ന് തന്നെ തിരുത്തുകയും സോവിയറ്റുകളെ പാർട്ടിക്ക് കീഴ്‌പ്പെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് ആരെന്റ് കൂട്ടിച്ചേർക്കുന്നു. സാധുവായ രാഷ്ട്രീയത്തിന്റെ അംഗീകൃതമായ ഏക ഉറവിടം പാർട്ടിയാണെന്ന നിലപാട് ലെനിന്റേതാണ്. ലെനിനിസ്റ്റ് പാർട്ടി വിപ്ലവം പണിയാക്കിയവരുടെ പാർട്ടിയാണ്.

ബ്രണ്ണൻ കോളേജിലെ ഡിഗ്രി പഠനം പൂർത്തിയാക്കുമ്പോഴേക്കും ഞാൻ ഒരു പാർട്ടിരഹിതൻ ആയിക്കഴിഞ്ഞിരുന്നു. സി.ആർ.സി, സി.പി.ഐ (എം.എൽ ) എന്ന പാർട്ടിയിൽ ഞാൻ പ്രവർത്തിച്ചിട്ടില്ല. അതിന്റെ ബഹുജന സംഘടനകളിൽ മാത്രമാണ് പ്രവർത്തിച്ചത് . എന്നാലും ഒരു മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് എന്ന രാഷ്ട്രീയ വിഷയിത്വത്തിന് പാർട്ടി എന്ന കേന്ദ്രമില്ലാതെ തല നേരെ നിൽക്കാൻ വലിയ പാടാണ് !

കണ്ണൂരിൽ തോട്ടടമണി ആക്ഷനെത്തുടർന്നു സി.ആർ.സി.സി.പി.ഐ (എം.എൽ ) ജില്ലാ കമ്മിറ്റിയടക്കം ഞങ്ങളെല്ലാം പ്രസ്ഥാനം വിട്ടു പോന്നു. ജോർജ്ജിന്റെയും ഗിരീഷ് കുമാറിന്റെയും ഒക്കെ മുൻകയ്യിൽ യുവകേരളമുന്നണി എന്ന പേരിൽ കുറച്ചു കാലം പ്രവർത്തിച്ചു . ഞങ്ങൾ വിട്ടു പോന്നതിനും മൂന്നാലു മാസങ്ങൾക്കു ശേഷമാണ് കെ. വേണു പാർട്ടി തന്നെ പിരിച്ചു വിടുന്നത്.

ഇതിനിടെ ഞാൻ പി.ജി പഠനത്തിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിയിരുന്നു. എം.എ, എം.ഫിൽ, പി.എച്ച്.ഡി ഒക്കെയായി എട്ടു വർഷത്തോളം ആ കാമ്പസ്സിലാണ് ജീവിച്ചത്. പാർട്ടിരഹിതൻ എന്ന നിലയ്ക്ക് തുടർന്ന് രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടപ്പോൾ ഉള്ള പ്രധാന വെല്ലുവിളി അത്തരം അനുഭവങ്ങളിലൂടെ സൈദ്ധാന്തികമായും പ്രായോഗികമായും സ്വയം പുതുക്കുക, മുന്നോട്ടു പോവുക എന്നതായിരുന്നു.

രാഷ്ട്രീയവിഷയി എന്ന നിലയ്ക്കുള്ള പുനർ നിർമ്മാണമാണ് ഇതിൽ പ്രധാനപ്പെട്ട വെല്ലുവിളി. ഒരു പാർട്ടിയുടെ അഭാവത്തിൽ സാമൂഹ്യമാറ്റത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള വരേണ്യ- വിപ്ലവവിഷയി (privileged subject) എന്ന പൂർണവൽക്കരണത്തിന്റെ സ്ഥാനത്ത് അപൂർണമായ ഒരു വിഷയീസങ്കൽപം സ്വീകരിച്ചു കൊണ്ടാണ് കാമ്പസിൽ എന്ന പോലെ കേരളത്തിലുടനീളം നവസാമൂഹ്യപ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്. ഇങ്ങനെയുള്ള ഒരിക്കലും പണി തീരാത്ത വിഷയി എന്നത് പുതു ജനാധിപത്യ സങ്കൽപ്പനത്തിൽ സുപ്രധാനമായ കാര്യമാണ്. ജനാധിപത്യത്തിൽ അപരർ അനിവാര്യമാണ്. "നമ്മൾ' ഉള്ളിടങ്ങളിലെല്ലാം "അവരും' ഉണ്ടാവും. ചില ഒഴിവാക്കലുകളിലൂടെയാണ് ജനാധിപത്യ രാഷ്ട്രീയം രൂപപ്പെടുന്നത്. ഒഴിവാക്കപ്പെട്ടവ തിരിച്ചു വന്നു കൊണ്ടിരിക്കും. അതുവഴി ജനാധിപത്യം കൂടുതൽ സമ്പന്നമാവും. ഒഴിവാക്കലിനെ തന്നെ ഒഴിവാക്കുക, വ്യത്യാസങ്ങളുടെ പൂർണമായ -ഉൾച്ചേർക്കൽ എന്ന തത്വത്തിൽ തന്നെ അസാധ്യമാണ്. "നമ്മളും' "അവരും' ചേർന്നാണ് രാഷ്ട്രീയത ( the political) ഉണ്ടാവുന്നത്. ഒരു ഉറച്ച അടിസ്ഥാനം (ground) ഇല്ല എന്നതാണ് രാഷ്ട്രീയത്തെ സാധ്യമാക്കുന്നത് തന്നെ. അതിനു കാരണം അനിർണേയത (undecidability )യാണ്. ഏത് അധീശ സാമൂഹ്യ ക്രമവും സാധ്യമായ പല ക്രമങ്ങളിൽ ഒന്ന് മാത്രമാണ്. ഈ ആകസ്മികതയെ മറയ്ക്കുന്നത് നെടുനായകത്വം കൈവരിക്കുന്ന പ്രയോഗങ്ങളാണ്. അതിനെതിരായ പ്രയോഗങ്ങൾ വരുമ്പോൾ (അതുതന്നെയാണ് രാഷ്ട്രീയം) ഈ ആകസ്മികത വീണ്ടും വെളിവാകുന്നു - ഇങ്ങനെയൊരു പോസ്റ്റ് മാർക്‌സിസ്റ്റ് സമീപനത്തിലേക്കാണ് ഇടതിന്റെ ഓരം ചേർന്നുള്ള എന്റെ യാത്ര എന്നെ കൊണ്ടെത്തിച്ചത്.

ഒരേ സമയം "അരാഷ്ട്രീയവാദികൾ' എന്നും "നക്സലൈറ്റുകൾ' എന്നും ആക്ഷേപം ചൊരിഞ്ഞു കൊണ്ടാണ് ഞങ്ങളെ എസ്.എഫ്.ഐ നേരിട്ടത്. ഇതും ഒറ്റപ്പെട്ട ഒരു അടവല്ല.

രാഷ്ട്രീയ വിഷയിത്വത്തിന്റെ മറ്റൊരു സവിശേഷത ഒരാൾക്ക് പൂർണമായും ഉള്ളിൽ നിന്ന് അക്കാര്യത്തിൽ ഒരു തീർപ്പുണ്ടാക്കാൻ സാധിക്കില്ല എന്നതാണ്. പുറത്തു നിന്നുള്ള "ചൊല്ലുവിളി ' അതിനെ എപ്പോഴും കുഴപ്പത്തിലാക്കിക്കൊണ്ടിരിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ എത്തിയ ശേഷം ഞങ്ങൾ കുറേപ്പേർ ചേർന്ന് ഡെമോക്രാറ്റിക്ക് ഓൾട്ടർനേറ്റിവ് എന്ന പ്ലാറ്റ് ഫോം രൂപീകരിക്കുകയും യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. ( ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ 4 -4 എന്ന് എസ്.എഫ്.ഐയോട് തുല്യ നില കൈവരിച്ചു).

ഒരേ സമയം "അരാഷ്ട്രീയവാദികൾ' എന്നും "നക്സലൈറ്റുകൾ' എന്നും ആക്ഷേപം ചൊരിഞ്ഞു കൊണ്ടാണ് ഞങ്ങളെ എസ്.എഫ്.ഐ നേരിട്ടത്. ഇതും ഒറ്റപ്പെട്ട ഒരു അടവല്ല. കേരളത്തിൽ എവിടെയൊക്കെ നവ സാമൂഹ്യ പ്രസ്ഥാനങ്ങൾ ഉണ്ടായിട്ടുണ്ടോ അവിടെയൊക്കെ ഈ രീതിയിൽ അസംബന്ധ പൂർണമായ ഇരട്ട മുദ്രയടിക്കൽ കാണാം. ഇത് വെറും അടവ് എന്നതിലുപരി ഒരു രാഷ്ട്രീയ പ്രതിഭാസത്തെ മനസിലാക്കുന്നതിൽ നടപ്പ് സങ്കല്പങ്ങൾക്കുള്ള ആത്മാർത്ഥമായ പ്രതിസന്ധിയായിക്കൂടി കാണാവുന്നതാണ് . പാർട്ടികേന്ദ്രിതമായ ഒരു ഭാവനയിൽ സാധുവായ രാഷ്ട്രീയത്തിന്റെ പ്രഭവമായി പാർട്ടിയല്ലാത്ത എന്തിനെയെങ്കിലും സങ്കൽപ്പിക്കുക വിഷമമാണ്. പുതിയ കാലത്തിന്റെ രാഷ്ട്രീയ യുക്തി മനസ്സിലാക്കുന്നതിൽ ഇങ്ങനെ പരാജയപ്പെടുന്നത് വ്യവസ്ഥാപിത ഇടതു പക്ഷം മാത്രമല്ല. കേരളത്തിലെ നക്‌സലൈറ്റ് ഗ്രൂപ്പുകൾക്ക് ഇത്തരം പ്രസ്ഥാനങ്ങളോടുള്ളതും അത്രയ്ക്ക് സംവാദാത്മകമായ ബന്ധമല്ല; അവിശ്വാസം നിറഞ്ഞ ബന്ധമാണ്.

പ്രയോഗത്തിലും ചിന്തയിലും ഇത്തരത്തിലുള്ള അഭിമുഖീകരണം വിജയകരമായി ഏറ്റെടുത്ത ഒരാൾ നക്‌സലൈറ്റ് പാരമ്പര്യത്തിൽ നിന്ന് ഉണ്ടായിരുന്നു; ടി.എൻ.ജോയ്. ജോയിയുടെ അന്വേഷണങ്ങൾ ഇപ്പോഴും അതിന്റെ വായനക്കാരെ കാത്തു നിൽപ്പാണ്. 1998ൽ "അപൂർണത്തിന്റെ ഭംഗി: പുതിയ ജനാധിപത്യ മുൻകയ്യുകളുടെ ആത്മബോധം' എന്ന ഒരു ചർച്ചാക്കുറിപ്പ് അദ്ദേഹം എഴുതിയിട്ടുണ്ട്. അതിൽ ഇങ്ങനെ കാണാം ; "രാഷ്ട്രീയ പ്രത്യയശാസ്ത്രം അഹന്തകൾ കയ്യൊഴിയുമ്പോൾ, പരിഷ്‌കരിച്ചു കളയാമെന്ന ആശ ഒരളവു വരെ മാറ്റി നിർത്തുമ്പോൾ മാത്രം സംഭവിക്കുന്നതാണ് പൗരസമൂഹത്തിലെ മുൻകൈയുകൾ. ആര് നമ്മുടെ കൂടെയില്ലയോ അവർ നമ്മുടെ ശത്രുക്കളാണ്. സമഗ്രാധിപത്യത്തിന്റെ ഈ മനോഭാവത്തിൽ നിന്ന് വ്യത്യസ്തമായി കൂട്ടായ്മകൾ രൂപം കൊള്ളാനും നില നിൽക്കാനും സാധ്യതകൾ ഇന്ന് എന്തു മാത്രമുണ്ട്?'

ഈ ചോദ്യം ഉയർത്തുന്ന പ്രശ്‌നം എന്താണ് രാഷ്ട്രീയത എന്നത് തന്നെയാണ്.

കാൾ ഷ്മിത്ത്

കാൾ ഷ്മിത്തിന്റെ (Carl Schmitt) ദി കൺസെപ്റ്റ് ഓഫ് ദി പൊളിറ്റിക്കൽ എന്ന പുസ്തകം (1932 ) മിത്രം / ശത്രു എന്ന വേർതിരിവാണ് രാഷ്ട്രീയതയുടെ അടിസ്ഥാനമെന്നാണ് വാദിക്കുന്നത്. ചർച്ചയും സമവായവുമല്ല, സംഘർഷവും പ്രതിദ്വന്ദ്വിത്വ (antagonism)വുമാണ് അവിടെ പ്രധാനം. ഷ്മിത്തിനെ വിമർശനാത്മകമായി പിൻപറ്റുന്ന പോസ്റ്റ് മാർക്‌സിസ്റ്റുകൾ ( ചന്താൽ മൗഫ്, ഏണസ്റ്റോ ലക്ക്ലോ തുടങ്ങിയവർ) രാഷ്ട്രീയതയെ മനസ്സിലാക്കാൻ പ്രതിദ്വന്ദ്വിത്വത്തോടൊപ്പം നെടുനായകത്വം ( hegemony)എന്ന സങ്കല്പനം പ്രധാനമായെടുക്കുന്നു.

സമകാല രാഷ്ട്രീയ തത്വചിന്ത ഇമ്മട്ടിൽ അനിയതത്വം, തുറവി തുടങ്ങിയ ഘടകങ്ങളെ മുൻനിർത്തി ജനാധിപത്യ സങ്കൽപ്പത്തെ കൂടുതൽ സമ്പന്നമാക്കാനാണ് ശ്രമിക്കുന്നത്. പാർട്ടിരഹിത രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അനുഭവസമ്പന്നതയാണ് അതിന്റെ പശ്ചാത്തലം.

റഫറൻസ് :

ജിയോവന്നി സർറ്റോരി, "വാട്ട് ഈസ് പൊളിറ്റിക്‌സ് ', പൊളിറ്റിക്കൽ തിയറി 1 /1, 1973 , പുറം 5 -26.
ഹന്ന ആരെന്റ്,ഓൺ റവല്യൂഷൻ, ലണ്ടൻ : പെൻഗ്വിൻ ബുക്‌സ് ,1990 (1963 )
ടി.എൻ.ജോയ ,അപൂർണത്തിന്റെ ഭംഗി, പുസ്തക പ്രസാധക സംഘം, 2018.

Comments