ഭരണത്തുടർച്ച നേടുമോ
DMK?

തമിഴ്നാടിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ടി. അനീഷിന്റെ പരമ്പര- അരസിയൽ സുവരൊട്ടികൾ- അവസാനിക്കുന്നു. ഡി.എം.കെയുടെ രാഷ്ട്രീയ സാധ്യതകൾ പരിശോധിക്കുന്നു.

അരസിയൽ
സുവരൊട്ടികൾ-
11

1949 ജൂലൈ 9-നു നടന്ന ഒരു വിവാഹമാണ് ദ്രാവിഡ കഴകം എന്ന പ്രസ്ഥാനത്തിൽ പിളർപ്പിനും ഡി.എം.കെ എന്നൊരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിറവിക്കും കാരണമായത് എന്ന് പറയാറുണ്ട്.

76 -കാരനായ പെരിയാർ രാമസ്വാമി നായ്ക്കർ രോഗാവസ്ഥയിൽ തന്നെ പരിചരിക്കാനെത്തിയ മണിയമ്മ എന്ന 26-കാരിയിൽ അനുരക്തനാകുകയും വിവാഹം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തത് പ്രിയ ശിഷ്യനായ സി.എൻ. അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കഠിനമായി എതിർത്തു. എന്നാൽ വിവാഹത്തിൽ നിന്നും ഡി.കെയുടെ പിന്തുടർച്ചാവകാശങ്ങൾ നവവധുവിന്റെ പേരിൽ എഴുതി നൽകാനുമുള്ള തീരുമാനത്തിൽ നിന്നും പിന്മാറാൻ പെരിയാർ തയ്യാറായിരുന്നില്ല. പ്രസ്ഥാനത്തിലെ യുവനിര പെരിയാറുമായി കലഹിച്ച് പുറത്ത് പോകുകയും പുതിയൊരു പാർട്ടി രൂപീകരിക്കുകയും ചെയ്തു - അതാണ് ദ്രാവിഡ മുന്നേറ്റ കഴകം അഥവാ ഡി എം കെ. പെരിയാറിന്റെ വിവാഹം, സംഘടനാ പിളർപ്പിനുള്ള സത്വരകാരണമായിരുന്നുവെങ്കിലും അതിനും മുമ്പേ തന്നെ അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള യുവനേതാക്കൾക്ക് പെരിയാറിന്റെ പല നിലപാടുകളോടും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്.

നീതികക്ഷിയും പെരിയാറിന്റെ നേതൃത്വവും

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലെ ബ്രാഹ്മണാധിപത്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആരോപിച്ച് പെരിയാർ പാർട്ടിയിൽ നിന്നു പുറത്ത് വരികയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ച് നീതികക്ഷിയെ നയിക്കുകയും ചെയ്തിരുന്ന കാലം. ഇന്ത്യക്കാരോട് കൂടിയാലോചിക്കാതെ 1939-ലെ രണ്ടാം ലോക മഹായുദ്ധത്തിൽ രാജ്യത്തെ പങ്കെടുപ്പിക്കാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് എല്ലാ പ്രവിശ്യകളിലെയും മന്ത്രിസ്ഥാനം രാജിവെക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതനുസരിച്ച്, സി. രാജഗോപാലാചാരി മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദവിയിൽ നിന്നു പടിയിറങ്ങിയപ്പോൾ, നീതികക്ഷിയുടെ അധ്യക്ഷനായിരുന്ന പെരിയാറിനെ, ആ സ്ഥാനം ഏറ്റെടുക്കാൻ രാജാജിയടക്കമുള്ള പലനേതാക്കളിൽ നിന്നും സമ്മർദ്ദമുണ്ടായി. അല്ലാത്തപക്ഷം മദ്രാസ് പ്രവിശ്യ ബ്രിട്ടീഷ് ഗവർണറുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലാകുമെന്നായിരുന്നു ഈ വിഭാഗത്തിന്റെ ആശങ്ക.

സാമൂഹിക പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ നിന്ന് അണുവിട ചലിക്കാൻ പെരിയാർ തയ്യാറായില്ല. തന്റെ പ്രസംഗങ്ങളിൽ ആവേശം കൊണ്ട ധാരാളം ചെറുപ്പക്കാർ നീതികക്ഷിയിലേക്കു കടന്നു വരുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ അത്തരമൊരു നീക്കം ഗുണകരമാകില്ലെന്ന് അദ്ദേഹം കരുതി. പെരിയാറിന്റെ ബ്രാഹ്മണമേധാവിത്വ വിരുദ്ധ, സ്ത്രീപക്ഷ, സ്വാഭിമാന നിലപാടുകൾ യുവാക്കൾ ഏറ്റെടുത്തു തുടങ്ങി.

അടിത്തട്ടിൽ ദൃശ്യമാകുന്ന ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലികൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷനിര ഇനിയും രൂപപ്പെട്ടിട്ടില്ല. അതാണ് ഡി എം കെയുടെ ആത്മവിശ്വാസവും.

1934 -ലെ തിരുപ്പൂർ സെങ്കുന്താ യുവജന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന പെരിയാറിന്റെ പ്രസംഗം കേൾക്കാനെത്തിയതോടെയാണ് അണ്ണാദുരൈ അദ്ദേഹത്തിൽ ആകൃഷ്ടനാകുന്നത്. അണ്ണാദുരൈയുടെ തമിഴിലും ഇംഗ്ലീഷിലുമുള്ള അവഗാഹവും നേതൃഗുണവും പെരിയാറിനെയും ആകർഷിച്ചു. പെരിയാറിന്റെ ഏറ്റവും അടുത്ത അനുയായിയായി തീർന്ന അണ്ണാദുരൈ, അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിടുതലൈ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായി നിയോഗിക്കപ്പെട്ടു. അംബേദ്‌കർ, ജിന്ന തുടങ്ങിയ നേതാക്കളെ സന്ദർശിക്കുന്ന വേളയിൽ പെരിയാർ, അണ്ണാദുരൈയെയും കൂടെ കൂട്ടി. കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന പെരിയാർ അവയുടെ ചുവടുപിടിച്ചുള്ള സംഘടനാ സംവിധാനം നടപ്പാക്കാൻ ആഗ്രഹിച്ചു. നീതികക്ഷിയുടെ ആഭിമുഖ്യത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ചുമതലക്കാരായി പ്രാഗൽഭ്യമുള്ള യുവനേതാക്കളെ അദ്ദേഹം നിയോഗിച്ചു. നിർദ്ദിഷ്ട പരിപാടിയുടെ മുഴുവൻ ചുമതലയും അവരുടെ ചുമലുകളിലായിരുന്നു. സർവ്വാധികാരി എന്നായിരുന്നു അവർക്കുള്ള സ്ഥാനപ്പേര്.

ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ മദ്രാസ് പ്രവിശ്യയിൽ ആദ്യമായി നടന്ന പ്രക്ഷോഭങ്ങളുടെ സർവ്വാധികാരി സ്ഥാനം അണ്ണാദുരൈയെയാണ് പെരിയാർ ഏൽപ്പിച്ചത്. 1937-ൽ രാജാജിയുടെ നേതുത്വത്തിലുള്ള ആദ്യ കോൺഗ്രസ് സർക്കാർ നിർബന്ധിത ഹിന്ദി സ്കൂളുകൾ ആരംഭിച്ചതിനെതിരെയായിരുന്നു സമരം. 'തമിഴ്നാട് തമിഴർക്കേ' പോലുള്ള മുദ്രാവാക്യങ്ങളുമായി 1938 സപ്തംബർ 11-ന് നീതികക്ഷിയുടെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പ്രകടന ജാഥകളും ഹിന്ദി വിരുദ്ധ പ്രചാരങ്ങളും ശക്തമായതോടെ മദ്രാസ് സംഘർഷാവസ്ഥയിലേക്കു എടുത്തെറിയപ്പെട്ടു. പോലീസ് നടപടികളും അറസ്റ്റുകളും നടന്നു. ജയിലിലടക്കപ്പെട്ട രണ്ടു പ്രവർത്തകർ അവിടെവെച്ച് മരണപ്പെട്ടു. 1940 സെപ്തംബറിൽ ഹിന്ദി സ്കൂളുകൾ നിർത്തലാക്കി കൊണ്ട് സർക്കാർ ഉത്തരവ് വരും വരെ സമരം നീണ്ടു.

1934 -ലെ തിരുപ്പൂർ സെങ്കുന്താ യുവജന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന പെരിയാറിന്റെ പ്രസംഗം കേൾക്കാനെത്തിയതോടെയാണ് അണ്ണാദുരൈ അദ്ദേഹത്തിൽ ആകൃഷ്ടനാകുന്നത്. അണ്ണാദുരൈയുടെ തമിഴിലും ഇംഗ്ലീഷിലുമുള്ള അവഗാഹവും നേതൃഗുണവും പെരിയാറിനെയും ആകർഷിച്ചു.
1934 -ലെ തിരുപ്പൂർ സെങ്കുന്താ യുവജന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന പെരിയാറിന്റെ പ്രസംഗം കേൾക്കാനെത്തിയതോടെയാണ് അണ്ണാദുരൈ അദ്ദേഹത്തിൽ ആകൃഷ്ടനാകുന്നത്. അണ്ണാദുരൈയുടെ തമിഴിലും ഇംഗ്ലീഷിലുമുള്ള അവഗാഹവും നേതൃഗുണവും പെരിയാറിനെയും ആകർഷിച്ചു.

അണ്ണാദുരൈയുടെ വിമതശബ്ദം

അണ്ണാദുരൈയെയുടെ സംഘടനാ പാടവത്തെ മാനിച്ച് നീതികക്ഷിയുടെ ഓർഗനൈസിംഗ് സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പെരിയാർ നിയോഗിച്ചു. സമൂഹനീതിക്കായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അംബേദ്‌കറെ പോലുള്ള നേതാക്കളുമായുള്ള പെരിയാറിന്റെ സന്ദർശനങ്ങൾ രാഷ്ട്രീയനീക്കമായി പരിണമിക്കുന്നതിനു പകരം വെറും ചടങ്ങായി മാറുന്നു എന്നൊരു ചിന്ത അണ്ണാദുരൈയെ അതൃപ്തനാക്കിയിരുന്നു. ഈ ഘട്ടത്തിൽ രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ അധിനിവേശം തടയാൻ ബ്രിട്ടീഷുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു കൊണ്ട് പെരിയാർ 'വിടുതലൈ'യിൽ എഴുതിയത് അണ്ണാദുരൈയുടെ അതൃപ്തി വർദ്ധിക്കാനിടയാക്കി. വിടുതലൈക്കു പകരം അണ്ണാദുരൈ ദ്രാവിഡനാട് എന്നൊരു പത്രം ആരംഭിച്ച് ബ്രിട്ടീഷ്കാർക്കെതിരായ ലേഖനങ്ങൾ എഴുതി. ഇതിനിടെ, രാജാജിയെ പോലുള്ള, ബ്രാഹ്മണ്യമൂല്യങ്ങളെ ഭരണതലങ്ങളിൽ അടിച്ചുറപ്പിക്കുന്ന ഒരു എതിർനിര നേതാവിനോടുള്ള പെരിയാറിന്റെ സൗഹൃദ ഇടപെടലുകളും അണ്ണാദുരൈയ്ക്ക് അദ്ദേഹത്തോടുള്ള വിയോജിപ്പുകളുടെ ആക്കം വർധിപ്പിച്ചു.

സർക്കാർ പരിപാടികൾ നടപ്പാക്കുന്നതിനുള്ള കാലതാമസം, കുടുംബാധിപത്യം, സ്വജനപക്ഷപാതം, സ്റ്റാലിന്റെ മരുമകൻ ശബരീശനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ഡി.എം.കെയ്ക്ക് തിരിച്ചടിയാകാനിടയുണ്ട്.

ദ്രാവിഡ കഴകത്തിന്റെ പിറവി

1944-ൽ നീതികക്ഷിയുടെയും പെരിയാർ ആരംഭിച്ച സ്വാഭിമാന പ്രസ്ഥാനത്തിന്റെയും ലയനസമ്മേളനം നടന്നു. പെരിയാർ അധ്യക്ഷനായും അണ്ണാദുരൈ ജനറൽ സെക്രട്ടറിയുമായി ദ്രാവിഡ കഴകം നിലവിൽ വന്നു. ജാതിനിർമ്മാർജ്ജനം, ബ്രാഹ്മണാധിപത്യ വിരുദ്ധ പോരാട്ടങ്ങൾ, തമിഴ് ജനതയിൽ സ്വാഭിമാനവും യുക്തിബോധവും വളർത്തൽ, സ്ത്രീ അവകാശങ്ങളും ലിംഗ സമത്വവും തുടങ്ങിയ കാര്യങ്ങളിലെ ബോധവൽക്കരണം, ഹിന്ദിഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭം, സാമുദായിക സംവരണം എന്നിവയോടൊപ്പം തന്നെ സ്വതന്ത്ര തമിഴ്നാട് എന്ന ആശയവും പാർട്ടി മുന്നോട്ടു വെച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താല്പര്യം പ്രകടിപ്പിക്കാതിരുന്ന ദ്രാവിഡ കഴകം ഈ ഘട്ടത്തിൽ സാമൂഹിക പരിഷ്കരണ ശ്രമങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ തള്ളിക്കളയുന്ന പെരിയാറിന്റെ നിലപാടുകളോട് അണ്ണാദുരൈയ്ക്ക് യോജിപ്പുണ്ടായിരുന്നില്ല. പാർട്ടിനയങ്ങൾ കൂടുതൽ ശക്തമായി ജനങ്ങളിലേക്കെത്തിക്കാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങണം എന്ന ആശയമായിരുന്നു അണ്ണാദുരൈയ്ക്കുണ്ടായിരുന്നത്.

പെരിയാറുമായുള്ള അണ്ണാദുരൈയുടെ ഭിന്നത കൂടിക്കൂടി വരുന്നതാണ് പിന്നീട് കാണുന്നത്. നീതികക്ഷിയെ ദ്രാവിഡ കഴകമാക്കി മാറ്റിയ ശേഷം സമരമുഖങ്ങളിൽ പ്രവർത്തകർ കറുത്ത ഷർട്ട് ധരിക്കണമെന്ന പെരിയാറിന്റെ നിർദ്ദേശം അണ്ണാദുരൈയ്ക്ക് സ്വീകാര്യമായിരുന്നില്ല. ബ്രാഹ്മണാധിപത്യത്തിനെതിരെയും സാമൂഹിക നീതിക്കായുമുള്ള പോരാട്ടങ്ങളിൽ പ്രതിഷേധസൂചകമായി പ്രവർത്തകർ കറുപ്പ് നിറമുള്ള ഷർട്ടു ധരിക്കാനും കറുപ്പ് പട രൂപീകരിക്കാനും പെരിയാർ നിർദ്ദേശം നൽകി. പൊതുജന സ്വീകാര്യത മുൻനിർത്തി വെള്ള വസ്ത്രമാണ് അനുയോജ്യം എന്ന് അണ്ണാദുരൈ വാദിച്ചു. ഈ അവസരത്തിൽ കരുണാനിധിയടക്കമുള്ള യുവാക്കൾ പെരിയാറിന്റെ നിർദ്ദേശമനുസരിച്ച് കറുപ്പ് ഷർട്ട് ധരിച്ചു പോരാട്ടങ്ങളിൽ പങ്കെടുത്തപ്പോൾ തൂവെള്ള ഷർട്ടിലായിരുന്നു അണ്ണാ പ്രത്യക്ഷപ്പെട്ടത്. എന്നാൽ മദ്രാസ് പ്രവിശ്യയുടെ അന്നത്തെ ആഭ്യന്തരമന്ത്രി സുബ്ബരായൻ വിധ്വംസക പ്രവർത്തനം ആരോപിച്ച് കറുപ്പ് പടയെ നിരോധിച്ചപ്പോൾ അതിനെതിരായ സമരങ്ങളിൽ അണ്ണാദുരൈ മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുണ്ട്.

1944-ൽ നീതികക്ഷിയുടെയും പെരിയാർ ആരംഭിച്ച സ്വാഭിമാന പ്രസ്ഥാനത്തിന്റെയും ലയനസമ്മേളനം നടന്നു. പെരിയാർ അധ്യക്ഷനായും അണ്ണാദുരൈ ജനറൽ സെക്രട്ടറിയുമായി ദ്രാവിഡ കഴകം നിലവിൽ വന്നു
1944-ൽ നീതികക്ഷിയുടെയും പെരിയാർ ആരംഭിച്ച സ്വാഭിമാന പ്രസ്ഥാനത്തിന്റെയും ലയനസമ്മേളനം നടന്നു. പെരിയാർ അധ്യക്ഷനായും അണ്ണാദുരൈ ജനറൽ സെക്രട്ടറിയുമായി ദ്രാവിഡ കഴകം നിലവിൽ വന്നു

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ1947 ആഗസ്ത് 15 -നെ ദുഃഖനാൾ എന്നാണു പെരിയാർ വിശേഷിപ്പിച്ചത്. വെള്ളക്കാരിൽ നിന്നും ഡൽഹിക്കാരിലേക്കുള്ള അധികാരകൈമാറ്റമായാണ് അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യത്തെ കണ്ടതെങ്കിലും അണ്ണാദുരൈ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നേടിയ സമരവിജയം ആഘോഷിക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായക്കാരനായിരുന്നു. ഇത്തരം ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ചെറുമകളുടെ പ്രായം മാത്രമുള്ള മണിയമ്മയെ വിവാഹം കഴിക്കാനും കക്ഷിയിൽ തന്റെ പിന്തുടർച്ചാവകാശക്കാരിയായി ആ യുവതിയെ നിശ്ചയിക്കാനും പെരിയാർ തീരുമാനമെടുക്കുന്നത്. പാർട്ടിയിൽ പിളർപ്പുണ്ടാകാൻ ഇത് ഒരു നിമിത്തമായി. വി.ആർ. നെടുഞ്ചെഴിയൻ, എം. കരുണാനിധി, പെരിയാറിന്റെ മരുമകൻ കൂടിയായ ഇ.വി.കെ. സമ്പത്ത് തുടങ്ങിയ നേതാക്കൽ അണ്ണാദുരൈക്ക് പിന്നിൽ അണിനിരന്നപ്പോൾ മണിയമ്മ, കെ. വീരമണി തുടങ്ങിയവർ പെരിയാറിനോടൊപ്പം ഉറച്ചു നിന്നു. പെരിയാറിന്റെ മരണശേഷം ഡി.കെ യുടെ നേതൃത്വം കെ. വീരമണിയിൽ നിക്ഷിപ്തമായി.

ഡി എം കെ രൂപം കൊള്ളുന്നു

1949 - സെപ്തംബർ 17-നു ചെന്നൈ റോബിൻസൺ പാർക്കിൽ സംഘടിപ്പിച്ച, വൻ ജനപങ്കാളിത്തമുള്ള സമ്മേളനത്തിലാണ് ഡിഎംകെ രൂപീകരിക്കപ്പെടുന്നത്. പെരിയാറുമായുള്ള ഭിന്നതയാണ് പുതിയ പാർട്ടിക്ക് അടിത്തറയിട്ടതെങ്കിലും ദ്രാവിഡ കഴകത്തിന്റെ പാരമ്പര്യത്തെയോ നയപരിപാടികളെയോ ഡി എം കെ തള്ളിപ്പറഞ്ഞില്ല. എന്ന് മാത്രമല്ല പെരിയാറിനോടുള്ള ആദരവിന്റെ പ്രതീക സൂചകമായി ഡി എം കെയുടെ അധ്യക്ഷപദവി ഒഴിച്ചിട്ടാണ് ജനറൽ സെക്രട്ടറിസ്ഥാനം അണ്ണാദുരൈ സ്ഥാനമേറ്റത്. സമ അളവിൽ കറുപ്പും ചുവപ്പും നിറത്തിലുള്ള പാർട്ടി പതാക സമ്മേളനത്തിൽ അംഗീകരിക്കപ്പെട്ടു. കടമ, അന്തസ്സ് , അച്ചടക്കം; ലക്ഷ്യം ദ്രാവിഡനാട് എന്നായിരുന്നു പ്രാഥമിക മുദ്രാവാക്യം. സ്വാതന്ത്ര്യാനന്തരം 1952-ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഡി എം കെ മത്സരിക്കാൻ തയ്യാറായില്ല. ദ്രാവിഡ പ്രത്യയശാസ്ത്രത്തോടു അകലം പാലിക്കുന്ന, അവരുടെ ജീവൽപ്രശ്നങ്ങളെയും അവകാശങ്ങളെയും ചൂഷണം ചെയ്യുന്ന മേൽസമുദായ വ്യവസ്ഥകളുള്ള ഇന്ത്യൻ രാഷ്ട്രീയത്തിൽ അവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, അനുകൂലമായ സാഹചര്യങ്ങൾ ഉരിത്തിരിയും വരെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനായിരുന്നു ഡി എം കെയുടെ തീരുമാനം.

എ.ഐ.എ.ഡി.എം.കെയിലെ വിഭാഗീയതയും പടലപ്പിണക്കങ്ങളും കൃത്യമായ മുന്നണി ഫോർമുല രൂപപ്പെടുത്താൻ ബി ജെ പിയ്ക്ക് സാധിക്കാതെ പോയതും സ്റ്റാലിന്റെ പ്രതീക്ഷകൾക്ക് ഊർജ്ജം പകരുന്നു.

1952-ലെ തിരഞ്ഞെടുപ്പിൽ മദ്രാസ് പ്രവിശ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത രാജാജി അടുത്ത വർഷം 'കുല കൽവി തിട്ടം' എന്ന വിദ്യാഭ്യാസ പരിഷ്ക്കാരം പ്രഖ്യാപിച്ചു. കുലത്തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ ജാതി വ്യവസ്ഥയെ നിലനിർത്താനുതകുന്ന ഈ പരിഷ്കാരത്തിനെതിരെ ഡി എം കെ തെരുവിലിറങ്ങി. പ്രക്ഷോഭം ആളിക്കത്തിയതിനെ തുടർന്ന് 1954-ൽ രാജാജിക്കു രാജി വെക്കേണ്ടി വന്നു. തുടർന്നു മുഖ്യമന്ത്രിയായ കാമരാജ് ഈ പരിഷ്ക്കാരം റദ്ദു ചെയ്തു. ഡി എം കെയുടെ ഈ സമരവിജയം അണികളിൽ ആവശമുണർത്തി.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ വിഭജിക്കുന്നതിൽ പ്രധാനമന്ത്രി നെഹ്‌റുവിനും യൂണിയൻ സർക്കാരിനും ആദ്യകാലത്ത് വിയോജിപ്പുകളുണ്ടായിരുന്നു. പലകാരണങ്ങളാലും വിഭജിച്ച് നിന്ന ഇന്ത്യക്കാർക്കിടയിൽ മറ്റൊരു വിഭജനം കൂടി ഉണ്ടാക്കാനേ ഇത് സഹായിക്കൂ എന്നദ്ദേഹം കരുതി. ഈ സാഹചര്യത്തിലാണ് തെലുങ്ക് - തമിഴ്‍ ഭാഷകൾ സംസാരിക്കുന്ന, മദ്രാസ് പ്രവിശ്യയിലെ ചിറ്റൂരിനെ സംബന്ധിച്ച അവകാശ വാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും മുന്നോട്ടു വരുന്നന്നത്. സംഘർഷാവസ്ഥ രൂക്ഷമായപ്പോൾ നെഹ്‌റു ഈ പോരാട്ടങ്ങളെ അസംബന്ധം എന്ന് വിളിച്ചത് ഡിഎംകെയിൽ അമർഷമുണ്ടാക്കി. തുടർന്ന് നെഹ്‌റുവിനെതിരെ കരിങ്കൊടി പ്രതിഷേധങ്ങൾ അലയടിച്ചു.

1953-ൽ വടക്കേ ഇന്ത്യൻ സിമന്റ് വ്യവസായി രാമകൃഷ്ണ ഡാൽമിയയുടെ ഫാക്ടറി നിലനിന്നിരുന്ന കള്ളക്കുടിയെ 'ഡാൽമിയപുരം' എന്ന് നാമകരണം ചെയ്യാൻ തീരുമാനിച്ചപ്പോഴും രാജാജി, ഡി എം കെ പ്രക്ഷോഭങ്ങളുടെ ചൂടറിഞ്ഞു. കരുണാനിധിയുടെ നേതൃത്വത്തിൽ ഡി എം കെ പ്രവത്തകർ റെയിൽ ഉപരോധം തീർത്തു. റെയിൽവേ ട്രാക്കിൽ കിടന്നു പ്രതിഷേധിച്ചു കൊണ്ടാണ് എം. കരുണാനിധി ഈ സമരങ്ങൾക്ക് നേതൃത്വം നൽകിയത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിച്ച സംഭവമായിരുന്നു അത്. 'കള്ളക്കൂടി കൊണ്ട കരുണാനിധി' എന്ന പേര് ഡി എം കെ പ്രവർത്തകർക്കിടയിൽ പ്രചാരത്തിൽ വന്നു. പാർട്ടിയുടെ മുൻനിരയിൽ എത്തിച്ചേരാൻ ഈ സമരം കരുണാനിധിക്ക് നിർണ്ണായക അവസരമായി തീർന്നു. ഈ മൂന്ന് പ്രക്ഷോഭങ്ങളും ജനങ്ങൾക്കിടയിൽ തമിഴ് വികാരം വർധിപ്പിക്കാനും ഡിഎംകെയോടുള്ള അനുഭാവമായി അത് പടരാനും കാരണമായി.

കരുണാനിധിയുടെ കാലം ഒരുപക്ഷെ  പെരിയാറിനെയും അണ്ണാദുരൈയെയുംകാൾ  പാർട്ടിക്കകത്തും പുറത്തും പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഭരണാധികാരത്തിലിരുന്നു കൊണ്ട് ബ്രാഹ്മണ്യാധിപത്യത്തിനെതിരെ എടുത്ത ധീരമായ നിലപാടുകൾ സവർണ്ണ സമുദായങ്ങളുടെ ശത്രുത ക്ഷണിച്ചു വരുത്തി.
കരുണാനിധിയുടെ കാലം ഒരുപക്ഷെ പെരിയാറിനെയും അണ്ണാദുരൈയെയുംകാൾ പാർട്ടിക്കകത്തും പുറത്തും പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഭരണാധികാരത്തിലിരുന്നു കൊണ്ട് ബ്രാഹ്മണ്യാധിപത്യത്തിനെതിരെ എടുത്ത ധീരമായ നിലപാടുകൾ സവർണ്ണ സമുദായങ്ങളുടെ ശത്രുത ക്ഷണിച്ചു വരുത്തി.

1956ൽ ട്രിച്ചിയിൽ നടന്ന ഡി എം കെ സമ്മേളനത്തിലാണ് പാർലിമെന്ററി രംഗത്ത് പാർട്ടി പ്രവേശിക്കണമോ എന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നത്. പാർട്ടി പ്രവർത്തകർക്കിടയിൽ ഭൂരിപക്ഷ അഭിപ്രായം തേടാൻ നേതൃത്വം നിശ്‌ചയിച്ചു. അതിനായി ഒരു വോട്ടെടുപ്പ് നടത്തി. 60,000-ത്തിലധികം പാർട്ടി പ്രവർത്തകർ പങ്കെടുത്ത വോട്ടെടുപ്പിൽ മൊത്തം 4,203 പേർ എതിർത്ത് വോട്ടു ചെയ്തപ്പോൾ 56,942 പേർ അനുകൂലിച്ചു. ജനാധിപത്യ സംവിധാനത്തിന് അനുസൃതമായി ഡി എം കെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഈ സമ്മേളനം വഴിവെച്ചു.

അതേവർഷം നവംബർ ഒന്നിന് ഇന്ത്യൻ സംസ്ഥാനങ്ങൾ ഭാഷാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. 1950 ജനുവരി 26-ന് ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മദ്രാസ് പ്രവിശ്യ, മദ്രാസ് സംസ്ഥാനമായി പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. ആന്ധ്രയുടെ തീരപ്രദേശങ്ങൾ, രായലസീമ, മലബാർ, ബെല്ലാരി, ദക്ഷിണ കാനറാ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ടതായിരുന്നു മദ്രാസ് പ്രവിശ്യ. മദ്രാസ് പ്രവിശ്യയിൽ നിന്ന് മലബാർ കേരളത്തിലും ബെല്ലാരി, ദക്ഷിണ കാനറാ പ്രദേശങ്ങൾ കർണാടകത്തിലും ഉൾപ്പെടുത്തപ്പെട്ടു. 1953-ൽ തന്നെ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറിയപ്പോൾ തീരപ്രദേശങ്ങളും രായലസീമയും അതിൽ ചേർക്കപ്പെട്ടു.

1957-ലെ ആദ്യത്തെ മദ്രാസ് സംസ്ഥാന തിരഞ്ഞെടുപ്പിൽ ഡിഎംകെ 15 നിയമസഭാ സീറ്റുകളും രണ്ട് പാർലമെന്റ് സീറ്റുകളും നേടി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതിനാൽ സ്വതന്ത്ര കക്ഷിയായാണ് ഡി എം കെ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അണ്ണാദുരൈ, ഡി എം കെയുടെ മറ്റു പ്രധാന നേതാക്കളായ കെ. അൻപഴകൻ, കെ. കരുണാനിധി തുടങ്ങിയവർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ഡി എം കെയ്ക്ക് ലഭിച്ച നിർണ്ണായക വിജയം കോൺഗ്രസ് പാർട്ടിയുടെ ഉരുക്കുകോട്ടകൾ ഇളക്കിമറിക്കാൻ പോന്നതായിരുന്നു.

ഡി എം കെ ആദ്യമായി നിയമസഭയിലേക്ക് പ്രവേശിക്കപ്പെട്ടപ്പോൾ തന്നെ'മദ്രാസ് സംസ്ഥാനം എന്ന പേര് മാറ്റി 'തമിഴ്നാട് സംസ്ഥാനം' എന്നാക്കാനുള്ള പ്രമേയം അണ്ണാദുരൈ കൊണ്ടുവന്നു. എന്നാൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പിനെ തുടർന്നു വോട്ടെടുപ്പിൽ ഈ നീക്കം പരാജയപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഗാന്ധിയനായ ശങ്കരലിംഗനാറിന്റെ രണ്ടരമാസത്തിലധികം നീണ്ട ഉപവാസ സമരവും അതേത്തുടർന്നുണ്ടായ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വവും ഡി എം കെയുടെ പ്രമേയത്തിന് പ്രചോദനമായിരുന്നു. "എക്കാലവും പ്രതിപക്ഷത്ത് തുടരാനല്ല ഞങ്ങൾ ഈ സഭയിൽ പ്രവേശിച്ചത്. ഇന്നെല്ലെങ്കിൽ നാളെ ഭരണാധികാരം ഞങ്ങളിൽ വന്നു ചേരും”- അണ്ണാദുരൈ ഈ സന്ദർഭത്തിൽ നിയമസഭയിൽ പ്രഖ്യാപിച്ചു.

ഡിഎംകെ ആദ്യമായി നിയമസഭയിലേക്ക് പ്രവേശിക്കപ്പെട്ടപ്പോൾ തന്നെ'മദ്രാസ് സംസ്ഥാനം എന്ന പേര് മാറ്റി  'തമിഴ്നാട് സംസ്ഥാനം' എന്നാക്കാനുള്ള പ്രമേയം അണ്ണാദുരൈ കൊണ്ടുവന്നു. എന്നാൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പിനെ തുടർന്നു വോട്ടെടുപ്പിൽ ഈ നീക്കം പരാജയപ്പെട്ടു.
ഡിഎംകെ ആദ്യമായി നിയമസഭയിലേക്ക് പ്രവേശിക്കപ്പെട്ടപ്പോൾ തന്നെ'മദ്രാസ് സംസ്ഥാനം എന്ന പേര് മാറ്റി 'തമിഴ്നാട് സംസ്ഥാനം' എന്നാക്കാനുള്ള പ്രമേയം അണ്ണാദുരൈ കൊണ്ടുവന്നു. എന്നാൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പിനെ തുടർന്നു വോട്ടെടുപ്പിൽ ഈ നീക്കം പരാജയപ്പെട്ടു.

ഡി എം കെ ഔദ്യോഗിക പാർട്ടിയാകുന്നു

1958 മാർച്ച് 2-നാണു തിരഞ്ഞെടുപ്പ് കമ്മീഷൻ ഡി എം കെയെ ഒരു രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കുന്നത്. പാർട്ടിയുടെ ചിഹ്നം ഉദയസൂര്യൻ. 1962-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ചീപുരത്ത് നിന്നു മത്സരിച്ച അണ്ണാദുരൈ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ഡി എം കെയുടെ 15 സിറ്റിംഗ് സീറ്റുകൾ ഉന്നം വെച്ച് കാമരാജിന്റെ നേതൃത്വത്തിൽ കൈക്കൊണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളും, അണ്ണാദുരൈയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇ.വി.കെ സമ്പത്ത് എന്ന യുവനേതാവ് പാർട്ടി വിട്ട്, 1961-ൽ തമിഴ് ദേശീയ പാർട്ടി രൂപീകരിച്ചതും കോൺഗ്രസിന് പെരിയാർ നൽകിയ പിന്തുണയുമൊക്കെ ഡി എം കെയ്ക്ക് പ്രതികൂല ഘടകങ്ങളായി.

സ്വതന്ത്ര ദ്രാവിഡ നാട് എന്ന സങ്കല്പം ഇന്ത്യൻ യാഥാർഥ്യത്തിനു നിരക്കുന്നതല്ല എന്നായിരുന്നു പാർലമെന്റ് അംഗമായി അനുഭവസമ്പത്തുള്ള സമ്പത്തിന്റെ അഭിപ്രായം. ഒരു പ്രൊഫഷണൽ കക്ഷി എന്നതിൽ നിന്നും മാറി ഡി എം കെ സിനിമ പോലുള്ള കലാപ്രവർത്തനങ്ങൾക്ക് അമിത പ്രാധ്യാന്യം നൽകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം ജി ആർ, ശിവാജി ഗണേശൻ എന്നിവരെ പോലുള്ള സിനിമാതാരങ്ങൾക്ക് പാർട്ടിവേദികളിൽ നൽകുന്ന അമിത പ്രാധാന്യവും പാർട്ടിയിൽ കരുണാനിധിക്ക് വർധിച്ചുവന്ന സ്വാധീനവുമടക്കമുള്ള കാരണങ്ങളാലാണ് അദ്ദേഹം പാർട്ടി വിടുന്നത്. അദ്ദേഹം രൂപീകരിച്ച കക്ഷി 1964 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കുകയുണ്ടായി. എന്തായാലും ഈ തെരഞ്ഞെടുപ്പിൽ ഡി എം കെ 50 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി. അണ്ണാദുരൈയെ രാജ്യസഭാംഗമായി തിരഞ്ഞെടുത്ത് പാർലമെന്റിലേക്ക് അയച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവായി ഡിഎംകെയിലെ വി.ആർ നെടുഞ്ചെഴിയൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

സമരമുഖങ്ങൾ

1963-ൽ യൂണിയൻ സർക്കാർ 'വിഭജന വിരുദ്ധ ബിൽ’ ലോകസഭയിൽ പാസാക്കി, ഒരു പ്രത്യേക രാജ്യം ആവശ്യപ്പെടുന്നത് കുറ്റകരമാക്കുകയും വിഘടനവാദത്തെക്കുറിച്ച് സംസാരിക്കുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ബിൽ നിലവിൽ ദ്രാവിഡ നാട് എന്ന ആവശ്യം ഉന്നയിക്കുന്ന ഡി എം കെയ്ക്ക് കൂടിയുള്ള ഒരു താക്കീതായിരുന്നു. നിരവധി കൂടിയാലോചനകൾക്ക് ശേഷം, 'ദ്രാവിഡ നാട്' എന്ന ആവശ്യം ഡി എം കെ ഉപേക്ഷിച്ചുകൊണ്ട് പാർട്ടി ഭരണഘടന ഭേദഗതി ചെയ്തു. പാർട്ടിയുടെ ജീവനാഡിയായ ദ്രാവിഡനാട് എന്ന ആവശ്യം നിരസിക്കപ്പെട്ടിരിക്കുന്നു, എന്നാൽ അത്തരമൊരു രാഷ്ട്രം രൂപീകരിക്കേണ്ടതിന്റെ കാരണങ്ങൾ അതേപടി നിലനിൽക്കുന്നു എന്നാണു ഇതേ കുറിച്ച് അണ്ണാദുരൈ അന്ന് പ്രതികരിച്ചത്.

1965-ലാണ് പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട ഒരു ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുന്നത്. ഹിന്ദി അടിച്ചേല്പിക്കുന്നതിനെതിരെയുള്ള അടുത്ത ഘട്ട പ്രക്ഷോഭങ്ങളിലേക്കു അത് തമിഴ്‌നാടിനെ തള്ളിവിട്ടു. ജനുവരി 26 എന്ന റിപ്പബ്ലിക് ദിനത്തെ ദുഃഖാചരണ നാൾ ആയി ഡി എം കെ പ്രഖ്യാപിച്ചു. വിദ്യാർത്ഥികളും തമിഴ് ദേശീയതയോടു ആഭിമുഖ്യമുള്ള സംഘടനകളും സമരരംഗത്ത് അണിനിരന്നു. ഹിന്ദി വിരുദ്ധ മുദ്രാവാക്യങ്ങൾ കൊണ്ട് തമിഴ്‌നാട്ടിലെ തെരുവുകൾ മുഖരിതമായി. പോലീസ് അടിച്ചമർത്തലിൽ നൂറിലധികം പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭങ്ങൾക്കൊടുവിൽ ഫെബ്രുവരി 11-ന് ഹിന്ദിഇതര സംസ്ഥാനങ്ങൾ ആഗ്രഹിക്കുന്ന കാലത്തോളം ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി തുടരും എന്ന് യൂണിയൻ സർക്കാറിനു പ്രഖ്യാപിക്കേണ്ടി വന്നു. ഈ പോരാട്ടത്തിൽ ഡി എം കെ വഹിച്ച നേതൃപരമായ പങ്കു പാർട്ടിയോടുള്ള തമിഴ് ജനതയുടെ ആഭിമുഖ്യം വർധിപ്പിച്ചു.

പാർട്ടിയുടെ ജീവനാഡിയായ ദ്രാവിഡനാട് എന്ന ആവശ്യം നിരസിക്കപ്പെട്ടിരിക്കുന്നു, എന്നാൽ അത്തരമൊരു രാഷ്ട്രം രൂപീകരിക്കേണ്ടതിന്റെ കാരണങ്ങൾ അതേപടി നിലനിൽക്കുന്നു എന്നാണ് അണ്ണാദുരൈ അന്ന് പ്രതികരിച്ചത്.

1967-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് തമിഴ്‍നാട് രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി. കോൺഗ്രസിൽ നിന്നു പുറത്ത് വന്ന് രാജാജി രൂപീകരിച്ച സ്വതന്ത്ര പാർട്ടി, സി പി എം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, തമിഴരസ് കഴകം, എസ്.പി. ആദിത്യനാറിന്റെ നാം തമിഴർ ഇയക്കം തുടങ്ങിയ കക്ഷികളുമായി ചേർന്ന് ബൃഹത്തായ കൂട്ടുമുന്നണി രൂപീകരിച്ചാണ് ഈ തെരഞ്ഞെടുപ്പിനെ ഡി എം കെ നേരിട്ടത്. 173 സീറ്റുകളിൽ മത്സരിച്ച ഡി എം കെ 138 ഇടങ്ങളിൽ വിജയം നേടി, ഒറ്റയ്ക്ക് കേവല ഭൂരിപക്ഷവും സ്വന്തമാക്കി. കോൺഗ്രസിന്റെ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ തന്നെ വൻ തിരിച്ചടിയായി ഈ തെരഞ്ഞെടുപ്പ് ഫലം. അതിനുശേഷം തമിഴ്‍നാടിന്റെ ഭരണസാരഥ്യം വഹിക്കാൻ ഒരു അവസരം പോലും ആ കക്ഷിക്ക്‌ ലഭിച്ചില്ല. അന്ന് രാജ്യസഭാംഗമായിരുന്ന അണ്ണാദുരൈ, ആ പദവി രാജിവെച്ച് സംസ്ഥാന മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു.

18 വർഷത്തോളം തുടർന്ന അഭിപ്രായ വ്യത്യാസങ്ങളും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് നൽകിയ പിന്തുണയും മറന്നു കൊണ്ട് അണ്ണാദുരൈ ഈ വിജയം സമർപ്പിച്ചത് പെരിയാറിനായിരുന്നു. ഡി എം കെയുടെ നേതൃത്വത്തിൽ 1969 -ൽ ചെന്നൈ സംസ്ഥാനത്തെ തമിഴ്‍നാട് എന്ന് പുനർനാമകരണം ചെയ്യുന്ന പ്രമേയം നിയമസഭയിൽ പാസ്സാക്കി. യൂണിയൻ സർക്കാരും ഇത് സംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നൽകിയതോടെ ജനുവരി 14 മുതൽ പുതിയ പേര് നിലവിൽ വന്നു.

അധികാരത്തിലേറിയ ഡി എം കെ, സ്വാഭിമാന വിവാഹനിയമം, ബസ്സുകളുടെ ദേശസാൽവൽക്കരണം, വിദ്യാഭ്യാസത്തിൽ തമിഴ്ഭാഷയ്ക്കു പ്രാമുഖ്യം നൽകുന്ന ദ്വിഭാഷാനയം, ലോക തമിഴ്‍ സമ്മേളനങ്ങൾ എന്നിങ്ങനെ പ്രാദേശിക സ്വത്വത്തിലൂന്നിയ നിരവധി പരിപാടികൾ ആവിഷ്ക്കരിച്ചു. മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്ത് രണ്ടുവർഷത്തിനുള്ളിലാണ് അണ്ണാദുരൈയ്ക്ക് അർബുദബാധ സ്ഥിരീകരിക്കുന്നയും അമേരിക്കയിൽ ചികിത്സയ്ക്കായി ചെല്ലുന്നതും. നാട്ടിലേക്കു മടങ്ങിയ അണ്ണാദുരൈ 1969-ൽ ഫിബ്രുവരി 3-ന് അന്തരിച്ചു. അണ്ണാദുരൈയുടെ സംസ്‌കാരച്ചടങ്ങിൽ എത്തിച്ചേരാൻ തമിഴ്‍നാടിന്റെ മുക്കിലും മൂലയിൽ നിന്നു പോലും ചെന്നൈയിലേക്ക് ജനക്കൂട്ടം കണ്ണീരണിഞ്ഞുകൊണ്ട് ഇരച്ചെത്തി.

 അണ്ണാദുരൈയുടെ സംസ്‌കാരച്ചടങ്ങിൽ എത്തിച്ചേരാൻ തമിഴ്‍നാടിന്റെ മുക്കിലും മൂലയിൽ നിന്നു പോലും ചെന്നൈയിലേക്ക് ജനക്കൂട്ടം കണ്ണീരണിഞ്ഞുകൊണ്ട് ഇരച്ചെത്തി.
അണ്ണാദുരൈയുടെ സംസ്‌കാരച്ചടങ്ങിൽ എത്തിച്ചേരാൻ തമിഴ്‍നാടിന്റെ മുക്കിലും മൂലയിൽ നിന്നു പോലും ചെന്നൈയിലേക്ക് ജനക്കൂട്ടം കണ്ണീരണിഞ്ഞുകൊണ്ട് ഇരച്ചെത്തി.

കരുണാനിധിയുടെ നേതൃത്വം

അണ്ണാദുരൈയുടെ മരണശേഷം അദ്ദേഹത്തിന്റെ പിൻഗാമി ആരെന്ന ചോദ്യം ഉയർന്നുവന്നു. മന്ത്രിസഭയിൽ രണ്ടാമനായ വി.ആർ. നെടുഞ്ചെഴിയനും എം. കരുണാനിധിയും ഈ സ്ഥാനത്തേക്ക് കണ്ണുവെച്ചിരുന്നു. അണികളിൽ ഏറെ സ്വാധീനമുണ്ടായിരുന്ന, അപ്പോഴേക്കും തമിഴ്‌സിനിമയിലെ താരരാജാവായി ഉയർന്ന എം.ജി. രാമചന്ദ്രന്റെ പിന്തുണ കരുണാനിധിക്കായിരുന്നു. 1969 ജൂലൈയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ആർ. നെടുഞ്ചെഴിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അണ്ണാദുരൈ പെരിയാറിനോടുള്ള ആദരസൂചകമായി ഒഴിച്ചിട്ട അധ്യക്ഷ പദവി ഈ യോഗത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ടു. അങ്ങനെ ഡി എം കെയുടെ ആദ്യ അദ്ധ്യക്ഷനായി കരുണാനിധി നേതൃത്വം ഏറ്റെടുത്തു.

1971-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുണാനിധിയുടെ നേതൃത്വത്തിൽ ഡി എം കെ 203 സീറ്റുകളിൽ മത്സരിച്ചു 184 സീറ്റുകൾ സ്വന്തമാക്കി. ഇക്കാലംവരെ ഭേദിക്കാനാവാത്ത ഒരു സർവകാല റെക്കാർഡാണ് ഈ വിജയം. ഇന്ദിരാ കോൺഗ്രസ്, സി പി ഐ, പി എസ് പി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുടങ്ങിയ ഏഴോളം കക്ഷികളുടെ മുന്നണി രൂപീകരിച്ചായിരുന്നു ഡി എം കെ മത്സരിച്ചത്. കരുണാനിധി വീണ്ടും മുഖ്യമന്ത്രിയായി പദവിയേറ്റെടുത്തു. ആ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 39-ൽ 39 സീറ്റുകളും ഡി എം കെ മുന്നണി തൂത്തുവാരി. ഡി എം കെ മാത്രം 23 മണ്ഡലങ്ങൾ സ്വന്തമാക്കി. എതിർനിരയിൽ കോൺഗ്രസിലെ കാരാമരാജ് മാത്രമാണ് നാഗർകോവിലിൽ നിന്നു മത്സരിച്ച് ജയിച്ചത്.

1975-ൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള യൂണിയൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് കരുണാനിധി ഗവൺമെന്റാണ്.

ഇക്കാലത്ത് ഡി എം കെ ട്രഷറർ ആയിരുന്ന എം.ജി.ആർ പാർട്ടിക്കകത്തും പുറത്തും, തന്റെ ചലച്ചിത്ര താരപരിവേഷം കൊണ്ട് ഒരു കൾട്ട് ഫിഗറായി ഉയർന്നിരുന്നു. എം ജി ആറിനും ശിവാജി ഗണേശനും വേണ്ടി കരുണാനിധി എഴുതിയ തിരക്കഥകളും അക്കാലത്ത് പ്രശസ്തമായിരുന്നു.

എം ജി ആറിന്റെ ചില രാഷ്ട്രീയനീക്കങ്ങളിൽ അസന്തുഷ്ടനായ കരുണാനിധി പാർട്ടിയിൽ അദ്ദേഹത്തെ ഒതുക്കാനുള്ള ശ്രമം ആരംഭിച്ചു, അദ്ദേഹം പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യപ്പെടുത്താനും തുടങ്ങി. പൊതുവേദികളിൽ ഭരണതലത്തിലും പാർട്ടിയിലും കൊടികുത്തി വാഴുന്ന അഴിമതിയെ കുറിച്ച് സംസാരിക്കുന്നത് പതിവാക്കി. ഈ ആരോപണങ്ങൾ അസ്ഥാനത്താണ് എന്ന് തെളിയിക്കാൻ അധ്യക്ഷൻ മുതൽ ബ്രാഞ്ച് തലങ്ങളിൽ വരെയുള്ള പാർട്ടിപ്രവർത്തകരുടെ സ്വത്ത് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

എം ജി ആറിന്റെ ഈ നടപടികൾ കരുണാനിധിയെ കൂടുതൽ ക്ഷോഭിപ്പിച്ചു. ഇതിന്റെ ഫലമായി എം ജി ആർ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടു. അദ്ദേഹത്തിൻെറ വിമത പ്രവർത്തനങ്ങൾക്ക് കോൺഗ്രസിന്റെ പിന്തുണയുണ്ടായിരുന്നതായി പറയപ്പെടുന്നു. തുടർന്ന് എം.ജി.ആർ ഓൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം അഥവാ എ ഐ എ ഡി എം കെ എന്ന പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തു. ഡി എം കെ വിട്ട് തമിഴ് ദേശീയ കക്ഷി ആരംഭിച്ച് ഒടുവിൽ കോൺഗ്രസിൽ ലയിക്കേണ്ടിവന്ന ഇ.വി.കെ. സമ്പത്തിന്റെ ഗതി ഓർമ്മിപ്പിച്ച് എം ജി ആറിന്റെ വരവിനെ ഡി എം കെ കുറച്ചു കണ്ടെങ്കിലും കോൺഗ്രസിനെയും നിഷ്പ്രഭമാക്കി തമിഴ്‍നാട്ടിൽ ഒരു മുഖ്യ രാഷ്ട്രീയ കക്ഷിയായി എ ഐ എ ഡി എം കെ ഉദിച്ചുയരാൻ എം ജി ആറിന്റെ താരപ്രഭാവം കാരണമാകുമെന്ന് തിരിച്ചറിയാൻ ഡി എം കെ വൈകിപ്പോയി.

ഡിഎംകെ ട്രഷറർ ആയിരുന്ന എം.ജി.ആർ പാർട്ടിക്കകത്തും പുറത്തും, തന്റെ ചലച്ചിത്ര താരപരിവേഷം കൊണ്ട് ഒരു കൾട്ട് ഫിഗറായി ഉയർന്നിരുന്നു. എംജിആറിനും ശിവാജി ഗണേശനും വേണ്ടി കരുണാനിധി എഴുതിയ തിരക്കഥകളും അക്കാലത്ത് പ്രശസ്തമായിരുന്നു.
ഡിഎംകെ ട്രഷറർ ആയിരുന്ന എം.ജി.ആർ പാർട്ടിക്കകത്തും പുറത്തും, തന്റെ ചലച്ചിത്ര താരപരിവേഷം കൊണ്ട് ഒരു കൾട്ട് ഫിഗറായി ഉയർന്നിരുന്നു. എംജിആറിനും ശിവാജി ഗണേശനും വേണ്ടി കരുണാനിധി എഴുതിയ തിരക്കഥകളും അക്കാലത്ത് പ്രശസ്തമായിരുന്നു.

1974-ൽ സംസ്ഥാന സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം ഡിഎംകെ നിയമസഭയിൽ പാസാക്കി. 1975-ൽ ഇന്ത്യയിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള യൂണിയൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് കരുണാനിധി ഗവൺമെന്റാണ്. അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടങ്ങളിൽ ഡി എം കെ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്ത് അറസ്റ്റു വരിച്ചു. 1975 ജൂലൈ 16-നു ചെന്നൈ മറീന കടൽക്കരയിൽ വലിയൊരു സമ്മേളനം വിളിച്ചു കൂട്ടി ജനാധിപത്യ സംരക്ഷണ റാലി നടത്തി. അടിയന്തിരാവസ്ഥക്കെതിരെ നടന്ന പോരാട്ടങ്ങളുടെ ഭാഗമായി ഒളിവിൽ പോകേണ്ടിവന്ന വടക്കൻ ഇന്ത്യയിൽ നിന്നുള്ള നേതാക്കൾക്ക് ഒളിത്താവളങ്ങൾ ഒരുക്കാനും ഡി എം കെ മുൻകൈയെടുത്തു.

യൂണിയൻ സർക്കാരിനെതിരെയുള്ള ഡി എം കെയുടെ പോരാട്ടങ്ങൾ ഇന്ദിരാഗാന്ധിയെ അസ്വസ്ഥയാക്കി. ക്രമസമാധാനനില തകർന്നെന്നും സർക്കാർ തലത്തിൽ നിരവധി അഴിമതികളും ക്രമക്കേടുകളും ഉണ്ടെന്നും ചൂണ്ടിക്കാട്ടി 1976 -ജനുവരി 31-ന് കരുണാനിധി സർക്കാരിനെ യൂണിയൻ ഗവണ്മെന്റ് പുറത്താക്കി. ഇക്കാലത്ത് എം ജി ആർ സംസ്ഥാന സർക്കാരിനെതിരെ നിരവധി ആരോപണങ്ങളും അധികാര ദുർവിനിയോഗവും ഉന്നയിച്ച് ഗവർണ്ണർക്ക് നൽകിയ നിവേദനങ്ങളും നടപടിക്ക് മറ്റൊരു കാരണമായി. ഡി എം കെ സർക്കാരിനെ പുറത്താക്കിയ ശേഷം അഴിമതി കേസുകൾ അന്വേഷിക്കാൻ സർക്കാരിയാ കമ്മീഷനെ യുണിയൻ സർക്കാർ നിയോഗിച്ചു. വീരാണം ജലപദ്ധതിയടക്കമുള്ള ചില കേസുകളിൽ ശാസ്ത്രീയമായ ക്രമക്കേടുനടന്നെന്നു രേഖപ്പെടുത്തി കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977-ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ആദ്യമായി കളത്തിലിറങ്ങിയ എം ജി ആറിന്റെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ മുന്നണി ഡി എം കെ സഖ്യത്തെ കീഴടക്കി. അന്ന് മുതൽ എം ജി ആറിന്റെ മരണം വരെ ഏതാണ്ട് 13 വർഷക്കാലം ഡി എം കെക്കു പ്രതിപക്ഷനിരയിലിരിക്കാനേ സാധിച്ചുള്ളൂ.

എം ജി ആറിന്റെ കാലശേഷം 1989 -ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഡി എം കെയ്ക്ക് അധികാരം തിരിച്ചു പിടിക്കാനായത്. തുടർന്നു ഹൃസ്വകാലം ജാനകി പക്ഷമായും ജയലളിത വിഭാഗമായും പിളർന്ന എ ഐ എ ഡി എം കെ തിരഞ്ഞെടുപ്പിന് ശേഷം ജയലളിതയുടെ അനിഷേധ്യ നേതൃത്വം അംഗീകരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയി.

പെരിയാറിന്റെയും അണ്ണാദുരൈയുടെയും കാലത്ത് ഡിഎംകെ നടത്തിവന്ന സാമൂഹിക പരിഷ്കരണശ്രമങ്ങൾ ഭരണാധികാരം ഉപയോഗിച്ച് ബഹുജന സമ്മതിയോടെ നടപ്പാക്കാനുള്ള കരുണാനിധിയുടെ നീക്കങ്ങൾ തമിഴകത്തെ ബ്രാഹ്മണ സ്വാധീനത്തിനു വലിയ വെല്ലുവിളിയായി തീർന്നു.

1991-ൽ എൽ ടി ടി ഇ പോലുള്ള വിഘടനവാദ സംഘടനകൾക്ക് ഡി എം കെ പ്രോത്സാഹനം നൽകുന്നുവെന്ന ആരോപണം ശക്തമായി. കോൺഗ്രസിന്റെ പിന്തുണയോടെയുള്ള സമാജ് വാദി ജനതാപാർട്ടി നേതാവ് ചന്ദ്രശേഖറിന്റെ യൂണിയൻ സർക്കാർ ഡി എം കെ ഗവണ്മെന്റിനെ ജനുവരി 30-നു പിരിച്ചുവിട്ടു. അഞ്ചുമാസക്കാലത്തെ രാഷ്‌ട്രപതി ഭരണത്തിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും പ്രഖ്യാപിയ്ക്കപ്പെട്ടു. 1991-ൽ ശ്രീപെരുമ്പത്തൂരിൽ പ്രചാരണത്തിനായെത്തിയ രാജീവ് ഗാന്ധി എൽ ടി ടി ഇ ചാവേറുകളാൽ കൊല്ലപ്പെട്ടു. ഇതേ തുടർന്നുള്ള സഹതാപ തരംഗത്തിലാണ് കരുണാനിധിയുടെ നിരന്തര രാഷ്ട്രീയ എതിരാളി തമിഴ്‍ രാഷ്ട്രീയത്തിൽ ഉയർന്നു വരുന്നത്. - ജയലളിത. ജയലളിതയുടെ ഭരണം 1996-ൽ കാലാവധി പൂർത്തിയാക്കി.

ഇക്കാലത്ത് ഡി എം കെയിൽ പ്രാമുഖ്യം നേടിയ നേതാവാണ് വൈയാപുരി ഗോപാലസാമി എന്ന വൈകോ. അദ്ദേഹത്തിന്റെ രാഷ്ട്രീയ വളർച്ച ഒരു ഘട്ടത്തിൽ കരുണാനിധിയുടെ പിൻഗാമി ആരാണെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയായിരുന്നു. എന്നാൽ എൽ ടി ടി ഇ ബന്ധം അടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ച് 1993-ൽ വൈകോ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടു. വൈകോ എം ഡി എം കെ എന്നൊരു പുതിയ കകഷി രൂപീകരിച്ചു (വിശദാംശങ്ങൾ പരമ്പരയിലെ വൈകോയെ കുറിച്ചുള്ള ഭാഗത്ത് വായിക്കാം).

ജയലളിതയുടെ ഭരണകാലം അഴിമതിയുടെയും ധൂർത്തിന്റെയും പര്യായമായി മാറിയിരുന്നു. ജയാവിരുദ്ധവികാരം അലയടിച്ച 1996-ലെ തിരഞ്ഞെടുപ്പിൽ ഡി എം കെ അധികാരത്തിലെത്തി. ഹിന്ദുത്വക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ഡി എം കെ ജയലളിതക്കെതിരെയുള്ള അടവ് നയത്തിന്റെ ഭാഗമായി 1999-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയോട് ചേർന്ന് മുന്നണി രൂപീകരിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ അമ്പരപ്പ് പടർത്തി. 1998 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ പിന്തുണയോടെ അധികാരത്തിലെത്തിയ അടൽ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയ്ക്കുള്ള പിന്തുണ ജയലളിത പിൻവലിച്ചു. കരുണാനിധി സർക്കാരിനെ പുറത്താക്കാനും തനിക്കെതിരെയുള്ള അഴിമതിക്കേസുകൾ പിൻവലിക്കാനും ബി ജെ പി സർക്കാർ തയ്യാറാകാത്തതിലുള്ള നീരസമായിരുന്നു ഇതിനു കാരണം. ഇക്കാലത്ത് എ ഐ എ ഡി എം കെ യൂണിയൻ സർക്കാരിൽ നേടിയ മേൽക്കൈ, ഡി എം കെയുടെ ദേശീയ രാഷ്ട്രീയ മോഹങ്ങൾക്ക് ചിറകു നൽകുന്നതായിരുന്നു. ജയലളിതയുമായുള്ള രാഷ്ട്രീയ ശത്രുതയടക്കമുള്ള കാരണങ്ങളാൽ ബിജെപിയുമായി മുന്നണി ബന്ധത്തിന് ഡി എം കെ പച്ചക്കൊടി കാട്ടി. ഈ തെരഞ്ഞെടുപ്പിൽ സഖ്യം വിജയിച്ചപ്പോൾ ഡി എം കെയ്ക്ക് മൂന്ന് കാബിനറ്റ് പദവികൾ ലഭിച്ചു.

2001-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടർന്നുവെങ്കിലും ദയനീയതോൽവിയാണു ഏറ്റുവാങ്ങേണ്ടി വന്നത്. സംസ്ഥാന ബി ജെ പി നേതാക്കളുടെ എ ഐ എ ഡി എം കെ അനുകൂലനിലപാടുകളും പ്രത്യയശാസ്ത്രപരമായ ഭിന്നതകളും രൂക്ഷമായതോടെ 2003 ഡിസംബറോടെ ഈ സഖ്യത്തിന് വിരാമമായി. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, പി എം കെ, എ ഐ എ ഡി എം കെ തുടങ്ങിയ ഏഴു കക്ഷികൾ അടങ്ങിയ മുന്നണി രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. ഇതിന്റെ ഫലമായി തമിഴ്‌നാട്ടിൽ നിന്നുള്ള 12 എം.പിമാരാണ് അക്കാലത്ത് യൂണിയൻ മന്ത്രിമാരായതും സർക്കാരിൽ ഡി എം കെയ്ക്ക് വൻ സ്വാധീനം ചെലുത്താനായതും.

എം ജി ആറിന്റെ കാലശേഷം 1989 -ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഡിഎംകെ-യ്ക്ക് അധികാരം തിരിച്ചു പിടിക്കാനായത്. തുടർന്നു ഹൃസ്വകാലം ജാനകി പക്ഷമായും ജയലളിത വിഭാഗമായും പിളർന്ന എ ഐ എ ഡി എം കെ തിരഞ്ഞെടുപ്പിനുശേഷം ജയലളിതയുടെ അനിഷേധ്യ നേതൃത്വം അംഗീകരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയി.
എം ജി ആറിന്റെ കാലശേഷം 1989 -ൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഡിഎംകെ-യ്ക്ക് അധികാരം തിരിച്ചു പിടിക്കാനായത്. തുടർന്നു ഹൃസ്വകാലം ജാനകി പക്ഷമായും ജയലളിത വിഭാഗമായും പിളർന്ന എ ഐ എ ഡി എം കെ തിരഞ്ഞെടുപ്പിനുശേഷം ജയലളിതയുടെ അനിഷേധ്യ നേതൃത്വം അംഗീകരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോയി.

2006-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി എം കെ മുന്നണി 183 സീറ്റുകളിൽ വിജയിച്ചു. എന്നാൽ ഡി എം കെയ്ക്ക് 95 ഇടങ്ങൾ മാത്രമേ കിട്ടിയുള്ളൂ. മുന്നണി കക്ഷികളുടെ പിന്തുണയിൽ ഭരിക്കേണ്ടി വന്ന കരുണാനിധി സർക്കാരിനെ 'മൈനോറിറ്റി ഡി എം കെ ഗവണ്മെന്റ്' എന്ന് കിട്ടുന്ന അവസരങ്ങളിലൊക്കെ ജയലളിത ആക്ഷേപിക്കാൻ ഇതിടയാക്കി.

2009-ൽ ശ്രീലങ്കയിൽ തമിഴ് പുലികളുമായുള്ള ആഭ്യന്തര യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ നൂറുക്കണക്കിന് തമിഴ് വംശജർ കൊല്ലപ്പെട്ട സംഭവത്തിൽ ലോകമെങ്ങുമുള്ള തമിഴ് സംഘടനകൾ പ്രതിഷേധ പോരാട്ടങ്ങൾ ആരംഭിച്ചു. തമിഴർക്ക് നേരെയുള്ള ശ്രീലങ്കൻ സൈന്യത്തിന്റെ അതിക്രങ്ങൾ അവസാനിപ്പിക്കാനായി ഇടപെടാൻ യൂണിയൻ, സംസ്ഥാന സർക്കാരുകളോട് ഈ സംഘടനകൾ നിരന്തമായി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരൻ മുത്തുകുമാർ ഉൾപ്പെടെ 9- ഓളം പേർ തീകൊളുത്തി ആത്മഹത്യ ചെയ്തു. ശ്രീലങ്കൻ സൈനികരുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി കരുണാനിധി ചെന്നൈയിൽ രണ്ടു മണിക്കൂർ നേരം ഉപവാസമിരുന്നു. 1983-ൽ ഈ വിഷയം ഉയർന്നു വന്നപ്പോൾ പദവി രാജിവെച്ച കരുണാനിധി വെറും രണ്ടു മണിക്കൂർ ഉപവസിച്ചു, പ്രതിഷേധം അവസാനിപ്പിച്ചതിൽ ഈ വിഭാഗങ്ങൾ രോഷം പ്രകടിപ്പിച്ചു. ഇക്കാലത്ത് യൂണിയൻ സർക്കാരിനെതിരെ വിവിധ അഴിമതികൾ ആരോപിക്കപ്പെട്ടു. നാട് മുഴുവനും പ്രതിഷേധങ്ങൾ ആളിപ്പടർന്നു - 2ജി സ്പെക്ട്രം അഴിമതി, തുടർച്ചയായ വൈദ്യുതി പ്രതിസന്ധി, ഭൂമി അപഹരണം പോലുള്ള ആരോപണങ്ങൾ വലിയ പ്രതിഷേധങ്ങൾക്കു വഴിവെച്ചു. ശക്തമായ ഭരണവിരുദ്ധ വികാരമുയർന്ന 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് പടുതോൽവി സമ്മാനിച്ച് കൊണ്ട് ജയലളിത വീണ്ടും ഭരണത്തിലേറി.

ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനം പോലും ഡിഎംകെയ്ക്ക് ലഭിച്ചില്ല. എ ഐ എ ഡി എം കെ മുന്നണിയിൽ മത്സരിച്ചു സഭയിലെത്തിയ 29-അംഗ ഡി എം ഡി കെ നേതാവ് വിജയകാന്തായിരുന്നു പ്രതിപക്ഷ നേതാവ്. ( വിശദാംശങ്ങൾ പരമ്പരയിൽ ഡി എം ഡി കെയെ കുറിച്ചുള്ള ഭാഗത്ത് വായിക്കാം) ഡി എം ഡി കെക്കു 23 സീറ്റുകൾ ലഭിച്ചു. ഡി എം കെ പാർലിമെന്ററി നേതൃപദവി സ്റ്റാലിന് നൽകി കരുണാനിധി ഒതുങ്ങിനിന്നു. 2014 -ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി എം കെക്കു ഒരു സീറ്റു പോലും ലഭിച്ചില്ല. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടർച്ചയായ രണ്ടാം തവണ ഡി എം കെ തോൽവിയറിഞ്ഞു. എന്നാൽ ഇത്തവണ പ്രതിപക്ഷ സ്ഥാനം ഡി എം കെയ്ക്ക് നിലനിർത്താനായി. ഇതിനിടെ 2016 -ൽ ജയലളിതയുടെ നിര്യാണശേഷം പന്നീർ സെൽവത്തിന്റെ ഹൃസ്വകാല ഭരണം. തുടർന്ന് പന്നീർ സെൽവത്തെ താഴെയിറക്കി എടപ്പാടി പഴനിസ്വാമിയുടെ നേതൃത്വത്തിൽ, എ ഐ എ ഡി എം കെ കാലാവധി പൂർത്തിയാക്കി (ഇതിന്റെ വിവരങ്ങൾ എ ഐ എ ഡി എം കെയെ കുറിച്ചുള്ള ഭാഗത്ത് കാണാം). 2018-ൽ കരുണാനിധി കഥാവശേഷനായി. ഇതേ തുടർന്ന് 50 വർഷങ്ങൾ പിതാവ് നിലനിർത്തിയ അധ്യക്ഷസ്ഥാനം മകൻ എം.കെ. സ്റ്റാലിൻ ഏറ്റെടുത്തു.

ഹിന്ദുത്വയ്ക്കെതിരെ
കരുണാനിധിയുടെ തന്ത്രങ്ങൾ

കരുണാനിധിയുടെ കാലം ഒരു പക്ഷെ പെരിയാറിനെയും അണ്ണാദുരൈയെയുംകാൾ പാർട്ടിക്കകത്തും പുറത്തും പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. ഭരണാധികാരത്തിലിരുന്നു കൊണ്ട് ബ്രാഹ്മണ്യാധിപത്യത്തിനെതിരെ എടുത്ത ധീരമായ നിലപാടുകൾ സവർണ്ണ സമുദായങ്ങളുടെ ശത്രുത ക്ഷണിച്ചു വരുത്തി. എന്നാൽ ഇതൊന്നും കൂട്ടാക്കാതെ വിദ്യാഭ്യാസ - സാമൂഹിക രംഗങ്ങളിൽ ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന നയങ്ങൾ രൂപീകരിക്കാനായി കരുണാനിധി മുന്നിട്ടിറങ്ങി.

സീറ്റു പങ്കുവെക്കൽ, മന്ത്രിസഭയിലെ മുന്നണി പ്രാതിനിധ്യം പോലുള്ള കാര്യങ്ങളിൽ ചെറിയ അസ്വാരസ്യങ്ങൾ ഇടയ്ക്കിടെ തലപൊക്കാറുണ്ടെങ്കിലും നിലവിലെ ഡി.എം.കെ മുന്നണിസംവിധാനം ഭദ്രമാണ്.

വിദ്യാഭ്യാസ മേഖലയിൽ സിലബസ്സിലെ ജാതി അടിസ്ഥാനത്തിലുള്ള പാഠങ്ങൾ നീക്കുകയും അവ പരിഷ്കരിക്കാൻ തമിഴ്‌നാട് ടെക്സ്റ്റ് ബുക്ക് ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിദ്യാഭ്യാസ ഏകീകരണ പരിപാടിയായ സമച്ചീർ കൽവി, 1929-ൽ പേരിനോടൊപ്പം സമുദായവാൽ ചേർക്കുന്ന സമ്പ്രദായം നിർത്തലാക്കൽ തുടങ്ങിയ പരിഷ്കാരങ്ങൾക്കു നേതൃത്വം നൽകിയതും കരുണാനിധിയായിരുന്നു. സനാതന ധർമപ്രചാരണത്തിന്റെ ഭാഗമായി ഹിന്ദുത്വ ഉയർത്തിക്കൊണ്ടുവന്ന സീതാദേവി-ശ്രീരാമൻ എന്ന ദൈവിക ദ്വന്ദ്വങ്ങൾക്കു പകരം ചിലപ്പതികാരത്തിലെ കണ്ണകിക്ക് പ്രാമുഖ്യം നൽകി. അതിനായി കണ്ണകി പ്രതിമകൾ സ്ഥാപിക്കപ്പെട്ടു. ശ്രീറാം മുഴക്കങ്ങളെ തടുക്കാൻ വള്ളുവർ പ്രതിമയ്ക്ക് പ്രാധാന്യം നൽകി. സുബ്രഹ്മണ്യ ഭാരതിയെ അദ്ദേഹത്തിന്റെ സമുദായ നില ഉപയോഗിച്ച് ഹിന്ദുത്വ വാദികൾ സനാതന ധർമ്മപ്രചാരണത്തിനു ഉപയോഗിക്കാനുള്ള സാധ്യത മനസ്സിലാക്കി കവി ഭാരതിദാസന്റെ കൃതികൾ പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്തു. രാവണനെ കുറിച്ചുള്ള വീരത്തമിഴൻ എന്ന പദ്യം വിദ്യാലയങ്ങളിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. ഹിന്ദി സിനിമകളുടെ പ്രചാരം തടുക്കുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കി. ബ്രാഹ്‌മണ പൗരോഹിത്യത്തെ ഒഴിവാക്കി സ്വാഭിമാന വിവാഹങ്ങൾ സംഘടിപ്പിച്ചു. തിരുവള്ളുവരെ ബ്രാഹ്മണനായി കൊണ്ടാടാനുള്ള നീക്കം തടയാനായി അദ്ദേഹത്തിന്റെ ഒരു ഔദ്യോഗിക ചിത്രം, കൂടുമയോ പൂണൂലോ ധരിപ്പിക്കാനാവാത്ത വിധം ഡിസൈൻ ചെയ്തു പുറത്തിറക്കി.

ചുരുക്കിപ്പറഞ്ഞാൽ പെരിയാറിന്റെയും അണ്ണാദുരൈയുടെയും കാലത്ത് ഡി എം കെ നടത്തിവന്ന സാമൂഹിക പരിഷ്കരണശ്രമങ്ങൾ ഭരണാധികാരം ഉപയോഗിച്ച് ബഹുജന സമ്മതിയോടെ നടപ്പാക്കാനുള്ള കരുണാനിധിയുടെ നീക്കങ്ങൾ തമിഴകത്തെ ബ്രാഹ്മണ സ്വാധീനത്തിനു വലിയ വെല്ലുവിളിയായി തീർന്നു. എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളുന്ന സമത്വപുരങ്ങൾ തമിഴ്നാട്ടിലുടനീളം സ്ഥാപിക്കാനും കരുണാനിധി മുൻകൈ എടുത്തു. ഇതിനൊക്കെ ഉപരിയായി പാർട്ടിയുടെ അടിസ്ഥാന നയങ്ങളിലൊന്നായ സ്വയം ഭരണാവകാശത്തിൽ ഊന്നി യൂണിയൻ സർക്കാരിന്റെയും സംസ്ഥാന ഗവൺമെന്റിന്റെയും അവകാശങ്ങളും ചുമതലയും എന്തൊക്കെയാണെന്നു മനസ്സിലാക്കാനും ഭേദഗതികൾ നിർദ്ദേശിക്കാനും രാജമന്നാർ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണത്തിന് കൂടുതൽ പ്രാധാന്യം നല്കാൻ ഭരണഘടനയിൽ വരുത്തേണ്ട ഭേദഗതികളെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ച രാജമന്നാർ കമ്മിറ്റിയുടെ രൂപീകരണം ഉൾപ്പെടെ ഇക്കാര്യത്തിൽ കരുണാനിധി നടത്തിയ നീക്കങ്ങൾ ചരിത്രപരമാണ്.

തമിഴ്‍നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ജയലളിത - കരുണാനിധി എന്നീ രണ്ടു അതികായ ബിംബങ്ങളുടെ കാലശേഷം 2019-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 39 -ൽ 38 ഇടങ്ങൾ ജയിച്ചു ഡി എം കെ തിരിച്ചുവന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഡിഎംകെയെ സംബന്ധിച്ച് മറ്റൊരു നിർണ്ണായക വഴിത്തിരിവായിരുന്നു. ഡി എം കെയുടെ നേതൃത്വത്തിൽ ഇടതു പാർട്ടികൾ അടക്കമുള്ള മതേതര പുരോഗമനസഖ്യം 159 സീറ്റുകൾ നേടി. ഡി എം കെയ്ക്ക് മാത്രം 133 സീറ്റുകൾ ലഭിച്ചു.

സ്റ്റാലിൻ മുഖ്യമന്ത്രിയാകുന്നു

2021-ൽ മെയ് 7-ന് എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. ഡി എം കെയുടെ ദ്രാവിഡ മാതൃക നവീകരിച്ച് നടപ്പാക്കാനുള്ള നീക്കങ്ങൾക്കാണ് സ്ഥാനം ഏറ്റെടുത്ത ശേഷം അദ്ദേഹം പ്രാധാന്യം നൽകിയത്. സംസ്ഥാന സ്വയംഭരണാവകാശങ്ങൾ ഉൾപ്പെടെ ഡി എം കെ മുൻകാലങ്ങളിൽ സ്വീകരിച്ചു വന്ന നയപരിപാടികൾക്കും അദ്ദേഹം പ്രാമുഖ്യം നൽകി. സ്ത്രീകൾക്കും വിദ്യാർഥികൾക്കായുള്ള നിരവധി ക്ഷേമ പദ്ധതികൾ നടപ്പാക്കാനും തമിഴ് സ്വത്വം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളിലൂന്നിക്കൊണ്ട് വിവിധ പരിപാടികൾ ആവിഷ്കരിക്കാനും സ്റ്റാലിൻ മുൻകൈയെടുത്തു. ദ്രാവിഡ മോഡൽ നയങ്ങളുടെ പേരിൽ യൂണിയൻ സർക്കാരുമായി പലപ്പോഴും ഏറ്റുമുട്ടേണ്ടി വന്നു.

യൂണിയൻ സർക്കാർ പ്രതിനിധികളായെത്തുന്ന ഗവർണ്ണർമാരുടെ അനാവശ്യ ഇടപെടലുകൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കോടതിയെ സമീപിക്കാനും സ്റ്റാലിൻ തയ്യാറായി. പി.എം. ശ്രീ പോലുള്ള യൂണിയൻ പദ്ധതികളുടെ പേരിൽ ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെ സംസ്ഥാന താല്പര്യം മുൻനിർത്തി തള്ളിക്കളയാനും മടിച്ചില്ല. പട്ടിക ജാതി / പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾക്ക് 'സമൂഹനീതി ഹോസ്റ്റലുകൾ' എന്ന് പേരിട്ടതും 'കോളനി' എന്ന ജാതിസൂചക പദം സർക്കാരിന്റെ രേഖകളിൽ നിന്നടക്കം നീക്കം ചെയ്തതും ഉൾപ്പെടെ ഡി എം കെയുടെ സാമൂഹിക നീതി നയപരിപാടികൾ നടപ്പാക്കാൻ സ്റ്റാലിൻ മുന്നിട്ടിട്ടിറങ്ങി.

പട്ടികജാതി/ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾക്ക് 'സമൂഹനീതി ഹോസ്റ്റലുകൾ' എന്ന് പേരിട്ടതും 'കോളനി' എന്ന ജാതി സൂചക പദം സർക്കാരിന്റെ രേഖകളിൽ നിന്നടക്കം നീക്കം ചെയ്തതും ഉൾപ്പെടെ ഡിഎംകെയുടെ സാമൂഹിക നീതി നയപരിപാടികൾ  നടപ്പാക്കാൻ സ്റ്റാലിൻ മുന്നിട്ടിട്ടിറങ്ങി.
പട്ടികജാതി/ പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾക്ക് 'സമൂഹനീതി ഹോസ്റ്റലുകൾ' എന്ന് പേരിട്ടതും 'കോളനി' എന്ന ജാതി സൂചക പദം സർക്കാരിന്റെ രേഖകളിൽ നിന്നടക്കം നീക്കം ചെയ്തതും ഉൾപ്പെടെ ഡിഎംകെയുടെ സാമൂഹിക നീതി നയപരിപാടികൾ നടപ്പാക്കാൻ സ്റ്റാലിൻ മുന്നിട്ടിട്ടിറങ്ങി.

തിരഞ്ഞെടുപ്പ് വിജയസാദ്ധ്യതകൾ

എ ഐ എ ഡി എം കെയിലെ വിഭാഗീയതയും പടലപ്പിണക്കങ്ങളും കൃത്യമായ മുന്നണി ഫോർമുല രൂപപ്പെടുത്താൻ ബി ജെ പിയ്ക്ക് സാധിക്കാതെ പോയതും സ്റ്റാലിന്റെ പ്രതീക്ഷകൾക്ക് ഊർജ്ജം പകരുന്നു. ഡി എം കെയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി വന്ന ചലച്ചിത്രതാരം വിജയ് യുടെ തമിഴ് വെട്രി കഴകം, കരൂർ റാലിക്കിടെ നടന്ന ദുരന്ത പശ്ചാത്തലത്തിൽ പ്രതിരോധത്തിലായതും സ്റ്റാലിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്നുണ്ട്. സീറ്റു പങ്കുവെക്കൽ, മന്ത്രിസഭയിലെ മുന്നണി പ്രാതിനിധ്യം പോലുള്ള കാര്യങ്ങളിൽ ചെറിയ അസ്വാരസ്യങ്ങൾ ഇടയ്ക്കിടെ തലപൊക്കാറുണ്ടെങ്കിലും നിലവിലെ മുന്നണിസംവിധാനം ഭദ്രമാണ്. ഇന്ത്യൻ നാഷണൽ കോൺഗസ്, സി പി ഐ, സി പി എം, വി സി കെ, ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്, എം ഡി എം കെ, കമൽഹാസന്റെ മക്കൾ നീതി മയ്യം, കൂടാതെ മറ്റു ചെറുപാർട്ടികളായ മനിതനേയ മക്കൾ കക്ഷി, കൊങ്ങുനാട് മക്കൾ ദേശീയ കക്ഷി, തമിഴക വാഴ്വുരിമൈ കക്ഷി എന്നിവരുൾപ്പെട്ടതാണ് നിലവിലുള്ള മുന്നണി സംവിധാനം.

സർക്കാർ പരിപാടികൾ നടപ്പാക്കുന്നതിനുള്ള കാലതാമസം, കുടുംബാധിപത്യം, സ്വജനപക്ഷപാതം, സ്റ്റാലിന്റെ മരുമകൻ ശബരീശനുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കാൻ കാലാവധി തീരും മുൻപ് സാധിച്ചില്ലെങ്കിൽ പാർട്ടിക്ക് അതൊരു തിരിച്ചടിയാകാനിടയുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ, ലഹരിവസ്തുക്കളുടെ വർധിച്ചു വരുന്ന ഉപഭോഗം സർക്കാർ ജോലിക്കായി കൈക്കൂലി നൽകുന്ന കേസുകളുടെ എണ്ണത്തിലുള്ള വർദ്ധനവ്, തൊഴിലവസരങ്ങളുടെ കുറവ്, വൈദ്യുതിനിരക്കും സ്വത്തു നികുതിയും കൂട്ടിയത്, വിലക്കയറ്റം, സാമുദായിക സംഘർഷങ്ങൾ, സ്റ്റാലിനെയും മകൻ ഉദയനിധിയെയും കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ ഒക്കെ ജനങ്ങൾക്കിടയിൽ ഡി എം കെ വിരുദ്ധ വികാരം ഉണ്ടാക്കിയിട്ടുണ്ട്. ടി വി കെ പോലുള്ള പാർട്ടികളിൽ പ്രതീക്ഷ വെയ്ക്കുന്ന യുവജനങ്ങളും ഡി എം കെയുടെ അനായേസവിജയത്തിന് വിലങ്ങു തടിയാണ്.

എന്നാൽ അടിത്തട്ടിൽ ദൃശ്യമാകുന്ന ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലികൾ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷനിര ഇനിയും രൂപപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. അതാണ് ഡി എം കെയുടെ ആത്മവിശ്വാസവും.

Comments