‘ഇന്ന് രാഷ്ട്രീയമായിരിക്കുക / ജീവിക്കുക എന്നാൽ’ എന്നത് കോഴിക്കോട്ട് നടന്ന മാ@100 (മന്ദാകിനി അനുസ്മരണ) പരിപാടിയുടെ കാതലായ പ്രമേയമായിരുന്നു. ഭാവനാസമ്പന്നമായ ഈ ആശയം ഇന്നലത്തെ രാഷ്ട്രീയത്തിൽനിന്ന് വേർപെട്ടുകൊണ്ട്, അതേസമയം, അതോടുള്ള ഒരു സ്നേഹസ്പർശമായി തോന്നി. രാഷ്ട്രീയമായ അർഥത്തിൽ ഒരു ഇവന്റ് (event) ആയി അതിനെ കാണാം. ‘മാ’യുടെ ജന്മശതാബ്ദിയുടെ പശ്ചാത്തലത്തിൽ, അറുപതുകളിലെയും എഴുപതുകളിലെയും കേരളത്തിലെ തീക്ഷ്ണ രാഷ്ട്രീയമണ്ഡലത്തിൽ നിലകൊണ്ടവരുടെ കൂടിച്ചേരൽ, പുറമെ നിന്നുകണ്ട എന്നെ പോലെയുള്ളവർക്കും ജിജ്ഞാസാഭരിതമായിരുന്നു.
രാഷ്ട്രീയമായി ഏറ്റവും ഉണർവ്വോടെ മനുഷ്യർ ജീവിക്കുന്ന ഭൂമികയാണ് കേരളം. എത്ര അരാഷ്ടീയമെന്ന് പറയുമ്പോഴും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അങ്ങനെയാണ്. നവോത്ഥാന ചിന്തകളും മാർക്സിസത്തിലൂന്നിയ കമ്മ്യൂണിസ്റ്റ് ആശയങ്ങളും വിപ്ലവപ്രസ്ഥാനങ്ങളിലൂടെ മലയാളികളുടെ ബൗദ്ധികമണ്ഡലത്തിൽ ആഴ്ന്നു കിടക്കുന്നു. അവഗണിക്കാനാവാത്ത വിധം നമ്മുടെ ചിന്താമണ്ഡലത്തെ മാർക്സിസം സ്വാധീനിച്ചതിന്റെ ഗുണങ്ങളുണ്ട്.
എന്നാൽ, നക്സലൈറ്റ് പ്രസ്ഥാനത്തിനുശേഷം സാംസ്കാരികവേദിയുടെ തുടർച്ചയായി കേരളത്തിൽ രൂപപ്പെട്ട ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് ഇതൊരു വെല്ലുവിളിയോ ഭാരമോ ആയി അനുഭവപ്പെട്ടിട്ടുണ്ട്.
എന്താണ് രാഷ്ട്രീയം എന്നത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കേണ്ടതാണല്ലോ. പല നിലകളിൽ നിന്നുകൊണ്ട് ആളുകൾ തങ്ങളുടെ അവസ്ഥ തിരിച്ചറിയുകയും സ്വയം ആവിഷ്കരിക്കുകയും ചെയ്യുന്നത് പല തരത്തിലാവുമല്ലോ. സ്ത്രീകളുടെ അവസ്ഥ തിരിച്ചറിഞ്ഞ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ വൈവിദ്ധ്യമാർന്ന രീതികളിലാണ് ലോകത്തെല്ലാം ഉയർന്നുവന്നത്. വർഗ്ഗസമരം മാത്രമല്ല തങ്ങളുടെ വിമോചനത്തിനുവേണ്ടത് എന്ന് തിരിച്ചറിയുമ്പോൾ തന്നെ, ലിംഗപരമായ അടിച്ചമർത്തലിനെതിരെയുള്ള സമരം കൂടി അതോട് കൂട്ടിച്ചേർക്കുന്ന കാഴ്ചപ്പാടിനാണ് കേരളത്തിൽ പ്രാമുഖ്യമുണ്ടായത്.
സർഗ്ഗാത്മക ആവിഷ്കാരങ്ങളിലൂടെ സ്ത്രീകളെ സ്വതന്ത്രരായി അഴിച്ചുവിട്ടവർ പോലും രാഷ്ട്രീയ ചിന്തയിൽ സാമ്പത്തിക അടിത്തറയാണ് പ്രധാനമെന്ന് കരുതുന്നതായി കാണാം.
സർഗ്ഗാത്മക ആവിഷ്കാരങ്ങളിലൂടെ സ്ത്രീകളെ സ്വതന്ത്രരായി അഴിച്ചുവിട്ടവർ പോലും രാഷ്ട്രീയ ചിന്തയിൽ സാമ്പത്തിക അടിത്തറയാണ് പ്രധാനമെന്ന് കരുതുന്നതായി കാണാം. ചിന്താപരമായി ഇതിൽനിന്ന് ഒരു മാറ്റം കാണാനാവുന്നത് അംബേദ്കറെ പിന്തുടരുന്ന ആദിവാസി, ദലിത് രാഷ്ട്രീയത്തിലാണ്. ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ ഭൗതിക സാഹചര്യങ്ങൾക്കുള്ള ചരിത്രപരമായ പങ്ക് വിശദമാക്കി എന്ന വലിയൊരു രാഷ്ട്രീയമാനമാണ് മാർക്സിസം തുറന്നിട്ടത്. കല, സാഹിത്യം, ഭാഷ തുടങ്ങി മനുഷ്യർ വ്യാപരിക്കുന്ന പല മേഖലകളേയും ചരിത്രപരവും ഭൗതികവുമായി വ്യാഖ്യാനിക്കാൻ മാർക്സിസം ശ്രമിക്കുന്നുണ്ട്. എന്നാൽ, സ്ത്രീകൾ ഏർപ്പെടുന്ന പല ദൈനംദിന വ്യവഹാരങ്ങളും രാഷ്ട്രീയമണ്ഡലത്തിന് പുറത്ത് നിലകൊണ്ടു. അതുകൊണ്ടുതന്നെ ഇത്തരം വ്യവഹാരമേഖലകളെ കൂടി രാഷ്ട്രീയമായും സമൂർത്തമായും വ്യാഖ്യാനിക്കാനുള്ള ഉത്തരവാദിത്വം ഫെമിനിസത്തിനും അതിനുശേഷമുണ്ടായ നിരവധി പ്രസ്ഥാനങ്ങൾക്കും ഉണ്ടായി.
കരുതൽ, സ്നേഹം, ശിശുപരിപാലനം, ശുശ്രൂഷകൾ എന്നിങ്ങനെ സ്ത്രീകൾ കൂടുതലായി വ്യാപരിക്കുന്ന ജീവിതചര്യകൾ രാഷ്ട്രീയത്തിന് പുറത്തായതിന്, ‘ആധികാരികം’ എന്ന് കരുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിറസാന്നിദ്ധ്യം, കാരണമാണ്. രാഷ്ടീയപ്രസ്ഥാനങ്ങളിലെ ആൺ ബോധം ഉരുത്തിരിയുന്നത് രാഷ്ട്രീയം ആണുങ്ങളുടെ വിഹാരമേഖലയായതുകൊണ്ടു തന്നെയാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്ക് കടക്കാൻ ആൺ രാഷ്ട്രീയത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനും ഇതോട് കൈകോർത്തുകൊണ്ടും സംവദിച്ചുകൊണ്ടും ഇടക്ക് പരിഭവിച്ചുകൊണ്ടും മാത്രമേ നിലനിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ. കുലസ്ത്രീയേയും കുടുംബത്തേയും മാതൃകയാക്കാൻ വ്യവസ്ഥാപിത മാർക്സിസവും ഫെമിനിസവും കൂട്ടാക്കുകയില്ലെങ്കിലും അതിനപ്പുറത്തേക്ക് നോക്കാൻ കേരളത്തിൽ ഈ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇറോട്ടിക്സിന്റെ ഇക്കണോമി തൊടാൻ ധൈര്യപ്പെട്ടിട്ടില്ല.

പുരുഷാധിപത്യത്തിൽ സ്ത്രീക്ക് ലൈംഗികസേവനം ഒരു അനിവാര്യതയാണ് എന്നും അത് മറനീക്കി പുറത്തുവരുന്ന സന്ദർഭമാണ് ലൈംഗിക തൊഴിൽ എന്നും ഉറക്കെ പറയാൻ ഇവിടുത്തെ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിൽ ലൈംഗികത്തൊഴിലാളികൾ സംഘടിച്ചപ്പോൾ, അവരുമായി ക്രിയാത്മകമായി സംവദിക്കാൻ ഇവിടുത്തെ പ്രസ്ഥാനങ്ങൾക്ക് കഴിയാതെപോയത് അതുകൊണ്ടാണ്. സൈദ്ധാന്തികമായ കടന്നാക്രമണങ്ങളും നിശ്ശബ്ദതയും കൊണ്ട് അതിനെ നേരിടാൻ നോക്കുന്നത് അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് സാന്നിദ്ധ്യം കൊണ്ടുതന്നെ ഒരു പാട് കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിന്, കേന്ദ്ര ഗവൺമെൻ്റ് അംഗീകരിച്ചിട്ടുപോലും ലൈംഗിക തൊഴിലാളികളെ അംഗീകരിക്കാൻ കഴിയാത്തത് അതുകൊണ്ടാണ്. ‘മാ’യെ ഓർക്കുമ്പോൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ്, ഫെമിനിസ്റ്റ് ലെഗസിയും അവയുടെ പ്രതിസന്ധികളും ഓർക്കാതെ പറ്റില്ലല്ലോ.
ഇന്ന് രാഷ്ട്രീയമായിരിക്കുക എന്നാൽ എന്താണ് എന്ന ആലോചനയുണ്ടാകുന്നത്, നൊസ്റ്റാൾജിയക്കപ്പുറം ഈ സന്ധിയിലാണ്. പഴയ തീവ്ര കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നുവരുടെയും അവരുടെ സുഹൃത്തുക്കളുടെയും കൂട്ടായ്മയിൽ മായുടെ ജന്മശതാബ്ദിക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ രാഷ്ടീയത്തെ പറ്റി ഒരു പുനർചിന്തനം ആവശ്യമായി വരുന്നു. ഇതിലേക്ക് ശ്രദ്ധയാകർഷിച്ച പല ഘടകങ്ങളുണ്ട്.
ഏതാണ്ട് കഴിഞ്ഞ അര നൂറ്റാണ്ടിൽ കേരളത്തിന്റെ രാഷ്ടീയമണ്ഡലത്തിലും ചിന്തയിലുമുണ്ടായ മാറ്റങ്ങൾ, ഫെമിനിസ്റ്റ്, ആദിവാസി, ദലിത്, ക്വിയർ, ലൈംഗികത്തൊഴിലാളി പ്രസ്ഥാനങ്ങൾ രാഷ്ട്രീയ ചിന്തയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ, ഇതിന്റെ സംഘാടനത്തിലും പ്രക്രിയയിലും ആശയങ്ങളിലും പ്രതിഫലിക്കുന്നുണ്ടാകും എന്ന പ്രതീക്ഷയാണൊന്ന്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഒരു സ്ത്രീനേതാവിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നു എന്നതുതന്നെ ഒരു മാറ്റത്തിന്റെ സൂചകമാണ്.
‘മാ’യെ പ്പറ്റി ഓർക്കുമ്പോൾ ഒരു വിപ്ലവ പാർട്ടി പ്രവർത്തക എന്നതിലുപരി, സ്നേഹവും മറ്റു മാനവികമൂല്യങ്ങളും ജീവിതാഭിമുഖ്യവും കലയും സർഗാത്മകതയും ഒക്കെയാണ് എല്ലാവരും ഓർത്തെടുക്കുന്നത്. എന്നാൽ, രാഷ്ട്രീയം ഒട്ടും കുറച്ച് കാണുന്നുമില്ല. ഓരോ ഘട്ടത്തിലും വ്യത്യസ്ത അഭിപ്രായങ്ങളും ചെറിയ തർക്കങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും ‘മാ’യുടെ സ്നേഹം എല്ലാറ്റിനെയും കടന്ന് ഒരു രാഷ്ട്രീയരൂപമായി മാറുന്നു. രാഷ്ട്രീയത്തിന്റെ നിർവ്വചനത്തിന് തന്നെ രൂപാന്തരം സംഭവിക്കുന്നു.
‘മാ’യുടെ സ്നേഹം കുടുംബത്തിനതീതമായിരുന്നു എന്നതാണ് എല്ലാവരും ഓർത്തെടുക്കുന്ന കാര്യം. കുടുംബത്തെ ഭേദിച്ച് നിൽക്കുന്ന, കരുത്തുള്ള ഒരു മാതൃത്വത്തെയാണ് കെ. ജി. എസ് ഉൾപ്പെടെയുള്ളവർ ഓർക്കുന്നത്. കുടുംബത്തിലേക്ക് ഒതുക്കുന്ന സ്നേഹം സ്ത്രീയെ തന്നെ ഒതുക്കുന്നത്തിന്റെ ഭാഗമാണെന്ന് ഫെമിനിസ്റ്റുകൾ തിരിച്ചറിഞ്ഞതാണല്ലോ. കുടുംബം / സമൂഹം എന്നീ വേർതിരിവ് മറികടക്കാനാണല്ലോ ഫെമിനിസം തുടക്കം മുതൽ ശ്രമിച്ചത്. ‘മാ’യുടെ മകൾ അജിത, കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായി സ്വാഭാവികമായി എത്തുകയാണ്. അജിതയുടെ മകൾ ഗാർഗ്ഗി ഫെമിനിസത്തിന്റെ ചുരുങ്ങിയ അതിരുകൾ ഭേദിച്ച് ക്വിയർ പ്രസ്ഥാനത്തോട് ചേർന്ന് നിൽക്കുന്നു. ലൈംഗിക തൊഴിലാളി പ്രസ്ഥാനത്തോട് സംവദിക്കാനും ഗാർഗ്ഗിക്ക് ഭയമില്ല. മൂന്ന് തലമുറകളിലെ ഈ സ്ത്രീകൾ കേരള രാഷ്ട്രീയചിന്തയുടെ ഭാവതലങ്ങളെ സ്പർശിച്ച് നിൽക്കുന്നു. ഒരാൾ തന്റെ അസാന്നിദ്ധ്യം കൊണ്ടും മറ്റു രണ്ടു പേർ സാന്നിദ്ധ്യം കൊണ്ടും കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള രാഷ്ട്രീയക്കാരുടെ ഒത്തുചേരലിൽ കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുമ്പോൾ രാഷ്ട്രീയം ഒരു പുതിയ രാശിയിലേക്കുള്ള അതിന്റെ സംക്രമണം കുറിക്കുകയാണ്. പുതിയ സാദ്ധ്യതകൾ തുറക്കപ്പെടുകയാണ്. ‘ഇന്ന് രാഷ്ട്രീയമായിരിക്കുക’ എന്നാൽ ഇന്നലെയുടെ ഉറപ്പുകളിൽ നിന്നുള്ള വിടുതൽ കൂടിയാണ്. അതുകൊണ്ടാവാം സ്നേഹത്തെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും സഖിത്വത്തെ കുറിച്ചും ഈ രാഷ്ട്രീയ കൂടിച്ചേരലിൽ ആവർത്തിച്ചാവർത്തിച്ച് കേട്ടത്.
മാർക്സിസത്തിന്റെ ഉൾക്കാഴ്ചകളെ ശ്രദ്ധാപൂർവ്വം ഉൾക്കൊള്ളുമ്പോൾ തന്നെ, അതൊരു ഭാരമാകാതെ പുതിയ ചിന്തകളുടെ ഭാഗമാകണം. മാർക്സ് തന്നെ മാറ്റത്തെ ഉയർത്തി പിടിച്ചിരുന്നല്ലോ.
‘ഇന്ന് രാഷ്ട്രീയമായി ജീവിക്കുക’ എന്നതിന് പല കോണുകളിൽ നിന്നുള്ള വീക്ഷണങ്ങൾ അവിടെ കേൾക്കാനായി. മൂർത്തമായ തലത്തിൽ
ഭരണകൂടത്തിന്റെ നയതന്ത്രപരമായ
വിള്ളലുകളിലൂടെ സ്ത്രീകളെ പിന്നോട്ട് തള്ളുന്ന, ജനാധിപത്യത്തെയും മതേതരത്വത്തെയും അപചയപ്പെടുത്തുന്ന, അവസ്ഥയോടുള്ള
പ്രതിരോധം (എം. സുൽഫത്ത്) മുതൽ സൂക്ഷ്മ തലത്തിൽ ദിനം തോറും
സ്നേഹിച്ച് കൈ കോർത്ത് നിർമ്മിച്ച് എടുക്കുന്ന കണ്ണിചേർക്കൽ രാഷ്ട്രീയം വരെ സംസാരിച്ചു കേട്ടു.
മാർക്സിസത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ തീവ്രവിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ കടന്നുപോന്ന രാഷ്ട്രീയ വൈയക്തികാനുഭവങ്ങൾ പിൽക്കാലത്തുണ്ടായ, അവരുടെയും മറ്റുള്ളവരുടെയും രാഷ്ട്രീയ ഇടപെടലുകളും അനുഭവങ്ങളുമായി
ഇഴ ചേർന്നുണ്ടായ ബോദ്ധ്യങ്ങളാണ് ഉരുത്തിരിയുന്നത്. മാർക്സിസത്തിന്റെ ഉൾക്കാഴ്ചകളെ ശ്രദ്ധാപൂർവ്വം ഉൾക്കൊള്ളുമ്പോൾ തന്നെ, അതൊരു ഭാരമാകാതെ പുതിയ ചിന്തകളുടെ ഭാഗമാകണം. മാർക്സ് തന്നെ മാറ്റത്തെ ഉയർത്തി പിടിച്ചിരുന്നല്ലോ. അതിലേക്കുള്ള വഴി തുറക്കുന്നതായിരുന്നു മാളവികയുടെയും ഗീതാനന്ദന്റെയും ബി. രാജീവന്റെയും പ്രഭാഷണങ്ങൾ.
മൂലധനവും അതിനെതിരെയുള്ള തൊഴിലാളിവർഗ്ഗ സമരവും മാത്രമല്ല, സാമൂഹ്യമാറ്റത്തിനുള്ള ചാലക ശക്തിയായി മാറുന്നതെന്ന് മാർക്സിന്റെ പിൽക്കാല കൃതികളെ അടിസ്ഥാനപ്പെടുത്തി ബി. രാജീവൻ വിശദീകരിച്ചു. സമൂഹം ഘട്ടംഘട്ടമായി മാറുക എന്നതിനേക്കാൾ ഗോത്രസമൂഹമാതൃകയിലുള്ള ജനാധിപത്യ സോഷ്യലിസ്റ്റ് സംഘാടനങ്ങളുടെ അതിജീവനവും പിൽക്കാലത്ത് മാർക്സ് ശ്രദ്ധിക്കുകയുയുണ്ടായി.
സമയപരിമിതി മൂലമാകാം, മാർക്സിനു പുറത്ത് കടക്കാൻ ബി. രാജീവന് ഈ പ്രഭാഷണത്തിൽ കഴിഞ്ഞില്ല. രാഷ്ട്രീയ സിദ്ധാന്തങ്ങൾ പൊതുവെ, ഇന്റർസെക്ഷണൽ എന്ന ആശയം ഉയർത്തുമ്പോൾ പോലും വർഗ്ഗസമരത്തിലേക്ക് ചുരുക്കാനുള്ള പ്രവണത മുന്നിൽ നിൽക്കുന്നു എന്ന് മാളവിക ബിന്നിയും എം. ഗീതാനന്ദനും കാണുന്നു. ഇന്ത്യയിലെ സാമൂഹ്യസംഘാടനങ്ങളെ കുറിച്ച് അംബേദ്കറിന് കൂടുതൽ ധാരണയുണ്ടായിരുന്നു എന്നും അവർ പറയുന്നുണ്ട്.

രാഷ്ടീയജീവിതം മാത്രം ജീവിച്ച ഗീത രാമസ്വാമി, ചുരുങ്ങിയ വാക്കുകളിലൂടെയും ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളിലൂടെയും, ‘ഇന്ന് രാഷ്ട്രീയമായി ജീവിക്കുക എന്നാൽ’ എന്താണെന്ന് പറഞ്ഞതൊക്കെയും ശ്രദ്ധേയമായി തോന്നി. സാധാരണയായി കേൾക്കാറുള്ള, ലക്ഷ്യം മുൻ നിർത്തിയ, അടിത്തറയിലൂന്നിയ രാഷ്ട്രീയ സിദ്ധാന്തങ്ങൾക്കുപകരം വിപ്ലവത്തിനുമുമ്പ് ദൈനം ദിന ജീവിതത്തിലെ രാഷ്ട്രീയ ഇടപെടലുകൾ തന്നെയാണ് വിപ്ലവത്തെ അർത്ഥവത്താക്കുന്നത്, എന്നാണ് അവർ പറഞ്ഞത്. ആർത്തവത്തോട് അനുബന്ധിച്ചുള്ള കടുത്ത ആചാരങ്ങളെ തിരസ്കരിച്ചുകൊണ്ടാണ് അവർ പ്രതിഷേധങ്ങൾ തുടങ്ങിയത്. കുടുംബത്തിൽ നിന്ന് തുടങ്ങുമ്പോൾ സ്നേഹിക്കുന്നവരെ എതിർക്കേണ്ടിവരുന്നത്
ഏറ്റവും കഠിനമാണ്. നിലനിൽപ്പ് തന്നെ രാഷ്ട്രീയപ്രവർത്തനമായിരിക്കുന്ന ദലിത് ജീവിതസ്ഥിതി തിരിച്ചറിയുകയും, ‘രാഷ്ട്രീയമായിരിക്കലാ’ണ്. ഭരണകൂടത്തിന്റെ ശക്തി പോലെ തന്നെയോ ചിലപ്പോൾ അതിലധികമായോ സാമൂഹ്യമായ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അടിച്ചമർത്തലുകൾക്ക് കാരണമാകുന്നതും അവർ നിരീക്ഷിക്കുന്നു.
സ്റ്റേറ്റിന്റെ ആനുകൂല്യങ്ങൾ വ്യവസ്ഥകളിലൂടെ ആർജ്ജിച്ചെടുക്കുകയും സ്റ്റേറ്റിനെ പ്രതിരോധിക്കുകയും ചെയ്യേണ്ടിവരുന്ന ആത്മസംഘർഷത്തെ മറികടക്കാൻ അംബേദ്കറെ മാതൃകയായി കാണാൻ കഴിയുമെന്നും അവർ പറഞ്ഞു. ഹിംസാത്മകമായ ഭരണകൂടങ്ങളോട് പ്രതികരിക്കാൻ സ്നേഹത്തിന്റെ ശൃംഖല തീർക്കലാണ് രാഷ്ട്രീയജീവിതം എന്നാണ് അവർ ജീവിച്ചറിയുന്നത്.

ഈ കൂടിച്ചേരലിലൂടെ, ഇടപെട്ടവരുടെ ഭാഷണങ്ങളിലൂടെ, ഇന്നലെകളുടെ രാഷ്ട്രീയത്തിന്റെ ഒരു സൂക്ഷ്മപരിണാമം അനാവൃതമാകുന്നുണ്ട്. വിവിധ നിലപാടുകൾ വ്യക്തമാണെങ്കിലും അദൃശ്യമായ ഇഴചേരലുമുണ്ട്. ‘മാ’യിൽ നിന്ന് തുടങ്ങിയ സ്ത്രീകളുടെ പ്രകടമായ സാന്നിദ്ധ്യവും ശബ്ദവും ഇന്നത്തെ രാഷ്ട്രീയത്തെ വേറെ തരത്തിൽ വരച്ചിടുന്നു. മാറ്റങ്ങളോട് തുറന്നിരിക്കുന്നതും ചുറ്റുമുള്ള വേദനകൾ അറിയുന്നതും അപരരുമായി കൈകൾ
കോർത്ത് ആനന്ദനൃത്തം ചെയ്യുന്നതും രാഷ്ട്രീയമാകുന്നുണ്ട് എന്ന് ‘മാ’യുടെ ഓർമ്മയിൽ നാമറിയുന്നു.
